Wednesday, August 3, 2011

പ്രതിമ നന്ന്, പക്ഷേ തലയില്ല!

ആഗസ്ത് ഒന്നിന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ചിരസ്മരണീയമാകാന്‍ പോകുന്നത് ലോക്പാല്‍ബില്‍ എന്ന അത്ഭുത പ്രസവം മൂലമായിരിക്കുമത്രേ. ഗവണ്‍മെന്റ് പക്ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ധാരണ ഇതാണ്. പാര്‍ലമെന്റിലെ ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷങ്ങള്‍ക്കും അണ്ണാഹസാരെയെപ്പോലെ വെളിയിലുള്ള പ്രതിപക്ഷത്തിനും മറ്റൊരു സങ്കല്‍പ്പമാണ് ആ ബില്ലിനെക്കുറിച്ചുള്ളത്. അത് ചാപിള്ള ആയിരിക്കും, മല പ്രസവിക്കുന്ന എലിയായിരിക്കും, പല്ലില്ലാത്ത പുലിയായിരിക്കും എന്നൊക്കെ. എനിക്ക് തോന്നിയ മറ്റൊരു ഭാവന, ഈ ബില്ല് തലയുടഞ്ഞ പ്രതിമയായിരിക്കും എന്നാണ്. തല വേണമോ വേണ്ടയോ എന്നതിനെപ്പറ്റിയാണ് വിവാദം. രാഷ്ട്രത്തിന്റെ തലവന്‍ രാഷ്ട്രപതിയാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ശരിയായ രാഷ്ട്രശിരസ്സ് ഭരണനേതാവായ പ്രധാനമന്ത്രിതന്നെ. സര്‍വമേഖലകളില്‍നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ലോക്പാല്‍ ബില്‍ ഉണ്ടാക്കുമെന്ന ഒരു തീരുമാനം എടുത്തു-പ്രത്യക്ഷത്തില്‍ എങ്കിലും. പക്ഷേ, ഹസാരെയുടെ പൗരസമിതിയുടെ കരടുമായി യോജിപ്പില്ലാതെ സമിതി യോഗം അലസിപ്പോയപ്പോള്‍ , തങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍ ആത്മാര്‍ഥതക്കുറവുള്ളവരല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ബില്‍ ഈ സമ്മേളനത്തില്‍തന്നെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

കപടനാടകത്തിലെ വിവിധ രംഗങ്ങളാണ് ഇവയെല്ലാം. ബില്‍ പാസാക്കാതെ ഉരുട്ടിയുരുട്ടിക്കൊണ്ടുപോകാം. വനിതാസംവരണബില്‍ ഉരുട്ടിയുരുട്ടി ഒടുവില്‍ എന്തായി? ഈ സമ്മേളനത്തിലും അത് അരങ്ങ് കാണില്ല. പാസായാലും വിശേഷമില്ല. കാരണം ഈ ബില്ലിന് പല്ലില്ല. പല്ലില്ലാത്തതിനാല്‍ കടിക്കില്ല, വെറുതെ കുരയ്ക്കും. അഴിമതിക്കാരുടെ നേരെ കുരച്ചുകുരച്ച് ഒടുക്കം വാലാട്ടി അവരുടെ കാല്‍ക്കല്‍ കിടന്നുരുളും. അവരെ കടിക്കുന്ന ഒരു നിയമമൃഗത്തെയും കേന്ദ്രം വളര്‍ത്തുകയില്ല. അത് അവരുടെ മനസ്സിന്റെ അടിത്തട്ടിലെ നിശ്ചയമാണ്. ദയാനിധി മാരനും രാജയും എത്ര കാലമായി വന്‍കിട കമ്പനികള്‍ക്കും വ്യവസായികള്‍ക്കും അനുകൂലങ്ങളായ ഇളവുകള്‍ അനുവദിക്കാന്‍ ശ്രമം തുടങ്ങിയിട്ട്? അഞ്ചുപത്തുകൊല്ലമെങ്കിലുമായി. അപ്പോഴെല്ലാം നമ്മുടെ പ്രധാന-ധന-ആഭ്യന്തരമന്ത്രിമാര്‍ അഴിമതിക്കാരെന്ന് പറഞ്ഞ് കുരച്ച് ബഹളം കൂട്ടാന്‍ മറന്നില്ല. കടി ഒഴിവാക്കാനാണ് കുര കടുപ്പത്തില്‍ ഉയര്‍ത്തുന്നത്. അഴിമതിക്കാരോട് ദയയോടുകൂടി പെരുമാറുക എന്നതാണ് മൊത്തത്തില്‍ കേന്ദ്രനയം. മാരന് ദയാനിധി എന്നാണല്ലോ മറുപേര്. അദ്ദേഹത്തിന്റെ ദയ അഴിമതിക്കാരോടുള്ള ദയയാണ്. കേന്ദ്രത്തിനും ഈ നാമം നന്നായിണങ്ങും. കേന്ദ്രമന്ത്രിസഭ മുഴുവന്‍ ദയാനിധിമാരാല്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ കക്ഷിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുവാന്‍ മേലെനിന്ന് പ്രണബ്മുഖര്‍ജിയെ അയച്ചില്ലേ?

കരുണാനിധിയുടെ മകള്‍ കനിമൊഴിയടക്കം കക്ഷിയില്‍പ്പെടുന്ന പ്രമുഖര്‍ പലരും തിഹാര്‍ ജയിലിലേക്കോ ആ വഴിയിലൂടെയോ സഞ്ചാരം തുടങ്ങിയതിനുശേഷമാണ് ഈ സംഭാഷണം നടന്നത്. നടന്നതൊന്നും വലിയ അഴിമതിയല്ല ഇക്കൂട്ടര്‍ക്ക്. ഇതിലും വമ്പിച്ച അഴിമതിക്കാരാകാന്‍ അവര്‍ കാത്തിരിക്കുകയാണ്. ദൈവത്തിന്റെ പര്യായമാണ് "ദയാനിധി". മലയാളിക്ക് ദയാലു, കരുണാവാരിധി എന്നൊക്കെയുള്ള ഈശ്വര പര്യായങ്ങള്‍ സുപരിചിതങ്ങളാണ്. പക്ഷേ ദയാനിധി എന്ന വാക്ക് അത്ര പരിചിതമല്ല. കുമാരനാശാന്‍ "കൃപാനിധി" എന്ന് പ്രയോഗിച്ചിട്ടുണ്ട്-കരുണയില്‍ . ശ്രീനാരായണന്‍ "ദയാസിന്ധു" എന്നൊക്കെയേ പ്രയോഗിച്ചിട്ടുള്ളൂ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കേണ്ട ബിരുദമായിരുന്നു ദയാനിധി. ഇത്രമാത്രം കള്ളപ്പണക്കാര്‍ക്കും കൊള്ളയടിക്കാര്‍ക്കും ദയ ചൊരിഞ്ഞുകൊടുത്ത ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല. നെഹ്റുവും മറ്റും പരമ ക്രൂരന്മാരായ പ്രധാനമന്ത്രിമാര്‍ . അവിഹിതമാര്‍ഗശങ്കയുടെ കണിക ഉയര്‍ന്നുകണ്ടപ്പോള്‍ ബഹുമാന്യനായ അള്ളടി കൃഷ്ണസ്വാമി അയ്യര്‍ പുറത്തുപോകേണ്ടിവന്നു. സിങ്ജിക്ക് കിട്ടിയ പേര് "അഴിമതി രഹിതന്‍" എന്നാണ്. ഈ പേര് വളര്‍ത്തിക്കൊണ്ടുവന്നത് അഴിമതി രാജാക്കന്മാരുടെ ഒരു കൗശലമല്ലേ എന്നാണെന്റെ സംശയം. കേന്ദ്രമന്ത്രിമാരുടെ തലവന്‍ അഴിമതിരഹിതന്‍ എന്ന പ്രശസ്തി നേടിയെങ്കില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭ അഴിമതിചെയ്യില്ലെന്ന് ജനങ്ങള്‍ കരുതിക്കൂടായ്കയില്ല. ഈ മൂടുപടം സൃഷ്ടിക്കാന്‍ മന്‍മോഹന്‍സിങ് അഴിമതിക്ക് അതീതനാണ് എന്ന് പത്രക്കാരും സര്‍വരും നിരന്തരം പാടിപ്പുകഴ്ത്തി. വീട്ടുകാരന്‍ കടുത്ത സസ്യഭുക്കാണെന്ന് നാട്ടിലെങ്ങും പേര് നിറഞ്ഞാല്‍ പെട്ടെന്ന് ജനങ്ങള്‍ ആ വീട്ടില്‍ മാംസഭുക്കുകള്‍ ഉണ്ടാവില്ലെന്ന് കരുതിയതുപോലെയായി സിങ്ങിന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ അഴിമതിരാഹിത്യം.

അഴിമതിക്കൂട്ടാനില്ലാതെ അവര്‍ക്ക് കഞ്ഞി കഴിക്കാന്‍പോലും ആവില്ല. മാംസക്കറി കഴിക്കില്ലെങ്കിലും അതിന്റെ മണം ചിലര്‍ക്ക് വളരെ ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് സിങ്. അതുകൊണ്ട് ആ സസ്യാഹാരക്കാരന്‍ തനിക്ക് ചുറ്റും അഴിമതിയുടെ മണം പരത്തുന്ന സഹപ്രവര്‍ത്തകരെക്കൊണ്ട് നിറച്ചു. പ്രധാനമന്ത്രി ഒടുവില്‍ (അല്ല, ആദ്യത്തിലോ?) നടത്തിയ പത്രാധിപന്മാരുമായുള്ള കാഴ്ചയില്‍ വളരെ സമര്‍ഥമായി തനിക്ക് അഴിമതിയോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കിയിരുന്നു. നമുക്കത് ഒന്നു കൂട്ടിവായിക്കാന്‍ നോക്കാം. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലില്‍പ്പെടുത്തുന്നതിന് തനിക്ക് ഒരു വിരോധവുമില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം, ശ്വാസം മാറുന്നതിനുമുമ്പേ, പറഞ്ഞു. പക്ഷേ മന്ത്രിസഭ അതിനെതിരാണെന്ന്. എന്നുമുതലാണ് ഇദ്ദേഹം സഹപ്രവര്‍ത്തകരെ സ്വാഭിപ്രായം മാറ്റുന്നേടത്തോളം ആദരിച്ചുതുടങ്ങിയത്? ആണവകരാര്‍ സംബന്ധിച്ചും മറ്റും ഈ സഹപ്രവര്‍ത്തക ബഹുമാനം നാം കണ്ടിരുന്നില്ല. തങ്ങളെപ്പോലെ സിങ്ങും സ്വല്‍പ്പം അഴിമതി ചെയ്യണമെന്ന് പറഞ്ഞാല്‍ അദ്ദേഹം ചെയ്യുമോ? പ്രധാനമന്ത്രിയെ അഴിമതി നിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് അദ്ദേഹത്തിനും ഇഷ്ടമല്ല എന്ന് ചുരുക്കം. പത്രാധിപന്മാരോട് അന്ന് പ്രധാനമന്ത്രി അഴിമതിവിമര്‍ശനം അധികം വേണ്ടെന്ന് പറഞ്ഞതിനുള്ള ഒരു കാരണം അത്യന്തം ബാലിശമായിപ്പോയി.

അന്യരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഊനം തട്ടുമത്രേ! നാം ചിരിച്ചാല്‍ , അദ്ദേഹത്തെപ്പോലെ വളര്‍ന്ന താടിയില്ലാത്തതുകൊണ്ട്, എല്ലാവരും കാണും. സ്ത്രീകള്‍ ചിരിക്കാനാകാതെ കുഴങ്ങും. അഴിമതിയെ വിമര്‍ശിക്കാതെ പുറമെ പ്രതിച്ഛായ ഉണ്ടാക്കാനല്ല, അഴിമതിയില്ലാതാക്കി പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. അതിന് നേതൃത്വം നല്‍കേണ്ട ആള്‍ അഴിമതിയെ താലോലിക്കുന്ന വര്‍ത്തമാനം പറയാന്‍ പാടുണ്ടോ?. അഴിമതി ഉണ്ടെങ്കില്‍ വിമര്‍ശനം ഉയരും. അത് സ്വാഭാവികമാണ്. അത് തടയാനാവില്ല. അഴിമതിയും തടയാനാവില്ല എന്നാകാം അഴിമതിക്കാരും കൂടെ സിങ്ങും ചിന്തിക്കുന്നത്. സമൂഹവും രാഷ്ട്രവും നിലനില്‍ക്കണമെങ്കില്‍ അഴിമതി കുറയ്ക്കുകയെങ്കിലും വേണം. അത് രാഷ്ട്രജീവിതത്തിന്റെ അനിവാര്യതയാണ്. അഴിമതി എന്നത് രാഷ്ട്രത്തിന്റെ രോഗമാണ്. കുഷ്ഠം പിടിപെട്ടാല്‍ അത് ശമിപ്പിക്കാനാണ് നോക്കേണ്ടത്, മൂടിവയ്ക്കാനല്ല. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്, ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തരുതെന്നതാണ്. ഇത്തരം വികലമായ മനോഭാവം ഉള്ള ഒരാളെ അഴിമതിരഹിതന്‍ എന്ന് വിളിക്കുന്നത് വെറും തമാശയാണ്. നാരായണഗുരു മദ്യത്തെപ്പറ്റി, അത് തൊട്ടവരെല്ലാം നാറും എന്ന് പറഞ്ഞു. അതുപോലെ അഴിമതിയെ തൊട്ടവരെല്ലാം നാറും. മദ്യം ഉണ്ടാക്കുന്നവര്‍ മാത്രമല്ല, അത് കുടിക്കുന്നവനും വില്‍ക്കുന്നവരും എല്ലാം നാറുന്നവരാണ്. എങ്കില്‍ അഴിമതിയെ വില്‍പ്പനച്ചരക്കാക്കിയ പ്രധാനമന്ത്രിയെ "നാറാത്തവന്‍" എന്ന് വിളിക്കാന്‍ പറ്റുമോ?

മറ്റൊരു നോട്ടത്തില്‍ ലോക്പാല്‍ബില്ലില്‍നിന്ന് ഇന്നത്തെ പ്രധാനമന്ത്രി ഒഴിവായത് വേറൊരു ഗൂഢകാരണത്താലാകാം. അടുത്ത പ്രധാനമന്ത്രിയായി വേഷം കെട്ടി പരിശീലിക്കുന്ന രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയെ ബില്ലിന്റെ പിടിത്തത്തില്‍പ്പെടുത്തരുതെന്ന് പറഞ്ഞല്ലോ. രണ്ടും കൂട്ടിവായിച്ചാല്‍ തെളിയുക, രാഹുല്‍ഗാന്ധിയെ ഈ കുരുക്കില്‍പ്പെടുത്താതിരിക്കാന്‍ എത്ര വീക്ഷണത്തോടെ സോണിയയും കോണ്‍ഗ്രസ് നേതാക്കളും നടപ്പിലാക്കുന്ന തന്ത്രമാണിത് എന്ന്. നമ്മുടെ പ്രധാനമന്ത്രിമാര്‍ തങ്ങള്‍ അഴിമതി ചെയ്യാത്തവരാണെങ്കിലും മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം നിയമത്തിന്റെ ശിക്ഷകള്‍ ഏതും നേരിടാന്‍ തയ്യാറാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാന്‍ വേണ്ട ആത്മവിശ്വാസവും ആദര്‍ശനിഷ്ഠയും ഇല്ലാത്തവരായി തീര്‍ന്നിരിക്കുകയാണോ? എന്തൊരു ദൗര്‍ഭാഗ്യം! ഇന്ത്യയുടെ യാതനാകാലമാണോ ഇത്? അഴിമതിയെപ്പറ്റി പ്രേമവചനങ്ങള്‍ നാണമെന്യേ വിളിച്ചുപറയുന്ന ഈ നേതാക്കളില്‍നിന്ന് അടുത്തൊന്നും നമുക്ക് മോചനമില്ലെന്നോ? അഴിമതിയില്‍ നാടിനെ മുക്കാനാണ് സിങ്ങും കൂട്ടുകാരും ഉദ്ദേശിക്കുന്നതെങ്കില്‍ ഈജിപ്തിലും ലിബിയയിലും പല തെക്കേഅമേരിക്കന്‍ നാടുകളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ജനങ്ങള്‍ ആകെ ഇളകി തെരുവിലിറങ്ങി ദുര്‍ഭരണവീരന്മാരെ ചവിട്ടിപ്പുറത്താക്കുന്നത് നമുക്ക് കാണേണ്ടിവന്നേക്കാം. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന വിനോദം ആത്മഹത്യാപരമാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കിയാല്‍ നന്ന്-അവര്‍ക്കും നാടിനും. ആഗസ്ത് 15നുശേഷം സ്വാതന്ത്ര്യത്തിന്റെ ഒരു നവലോകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകഴിയാം നമുക്ക്.

*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 03 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗസ്ത് ഒന്നിന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ചിരസ്മരണീയമാകാന്‍ പോകുന്നത് ലോക്പാല്‍ബില്‍ എന്ന അത്ഭുത പ്രസവം മൂലമായിരിക്കുമത്രേ. ഗവണ്‍മെന്റ് പക്ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ധാരണ ഇതാണ്. പാര്‍ലമെന്റിലെ ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷങ്ങള്‍ക്കും അണ്ണാഹസാരെയെപ്പോലെ വെളിയിലുള്ള പ്രതിപക്ഷത്തിനും മറ്റൊരു സങ്കല്‍പ്പമാണ് ആ ബില്ലിനെക്കുറിച്ചുള്ളത്. അത് ചാപിള്ള ആയിരിക്കും, മല പ്രസവിക്കുന്ന എലിയായിരിക്കും, പല്ലില്ലാത്ത പുലിയായിരിക്കും എന്നൊക്കെ. എനിക്ക് തോന്നിയ മറ്റൊരു ഭാവന, ഈ ബില്ല് തലയുടഞ്ഞ പ്രതിമയായിരിക്കും എന്നാണ്. തല വേണമോ വേണ്ടയോ എന്നതിനെപ്പറ്റിയാണ് വിവാദം. രാഷ്ട്രത്തിന്റെ തലവന്‍ രാഷ്ട്രപതിയാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ശരിയായ രാഷ്ട്രശിരസ്സ് ഭരണനേതാവായ പ്രധാനമന്ത്രിതന്നെ. സര്‍വമേഖലകളില്‍നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ലോക്പാല്‍ ബില്‍ ഉണ്ടാക്കുമെന്ന ഒരു തീരുമാനം എടുത്തു-പ്രത്യക്ഷത്തില്‍ എങ്കിലും. പക്ഷേ, ഹസാരെയുടെ പൗരസമിതിയുടെ കരടുമായി യോജിപ്പില്ലാതെ സമിതി യോഗം അലസിപ്പോയപ്പോള്‍ , തങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍ ആത്മാര്‍ഥതക്കുറവുള്ളവരല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ബില്‍ ഈ സമ്മേളനത്തില്‍തന്നെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.