Saturday, August 13, 2011

"അറബി പ്പെണ്‍കൊടി"കള്‍ അങ്കം കുറിക്കുമ്പോള്‍

അറബ് ലോകത്തെ പിടിച്ചുകുലുക്കുന്ന "മുല്ലപ്പൂങ്കാറ്റി"ന്റെ അനുരണനങ്ങള്‍ അറബ് ദേശങ്ങളിലൊട്ടാകെ പടരുകയാണ്. ഇത് കേവലം രാഷ്ട്രീയ അധികാരങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളില്‍ ഒതുങ്ങുന്നില്ല. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും അവസര- സ്ഥിതിസമത്വങ്ങളിലേക്കുമൊക്കെ ഇത് വ്യാപിക്കുകയാണ്. സൗദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്ന ശ്രദ്ധേയവും നിശ്ശബ്ദവുമായ ഒരു പ്രക്ഷോഭം ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രക്ഷോഭകരുടെ ആവശ്യം ഒറ്റനോട്ടത്തില്‍ വളരെ ലളിതമാണ്. യോഗ്യരായ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ വാഹനമോടിക്കാനുള്ള അധികാരം ലഭ്യമാവണം. എന്നാല്‍ സൗദി അധികൃതരെ സംബന്ധിച്ച് പ്രശ്നം വളരെ ലളിതമായി പരിഹരിക്കാവുന്ന ഒന്നല്ല. ഒരുപക്ഷേ പുരുഷന്മാര്‍ക്കിടയില്‍ നൂറ് ശതമാനം "ഡ്രൈവിങ് ലിറ്ററസി" അഥവാ വാഹനമോടിക്കാന്‍ പരിജ്ഞാനമുള്ള ഒരു സമൂഹം സ്ത്രീകള്‍ക്ക് ഇത് നിഷേധിക്കുന്നത് ശാസ്ത്രീയമായ കാരണങ്ങളാലല്ല, മറിച്ച് മതപരമായ കാരണങ്ങളാലാണ്.

നിയമം ലംഘിച്ച് പൊതുനിരത്തില്‍ കാറോടിക്കുന്ന സ്വന്തം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ചില സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അറബി പെണ്‍കൊടികള്‍ അങ്കം കുറിച്ചത്. ഇത്തരം ചില വാര്‍ത്തകള്‍ വര്‍ത്തമാന പത്രങ്ങളും ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് സൗദി സമൂഹത്തില്‍ വലിയ സംവാദങ്ങള്‍ക്ക് വിഷയമായി. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ശക്തമായ വാദ-പ്രതിവാദങ്ങള്‍ നടക്കുമ്പോഴും നഗരങ്ങളിലെ പൊതുനിരത്തില്‍ കാറോടിക്കുന്ന വനിതകള്‍ വാര്‍ത്തയാവുന്നു. സ്ത്രീകളുടെ പുതിയ ആവശ്യത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്ന റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ദഅ്വ ഗ്രൂപ്പ് (മത പണ്ഡിതരുടെ സംഘം) തങ്ങളുടെ എതിര്‍പ്പിന്റെ അടിസ്ഥാന കാരണമായി പറയുന്നത് നൂറ്റാണ്ടുകളായി രാജ്യത്തും സൗദി സമൂഹത്തിലും നിലനില്‍ക്കുന്ന മതപരമായ കീഴ്വഴക്കമാണ്. സ്ത്രീകളുടെ പുതിയ ആവശ്യത്തെ നിരുത്സാഹപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്‍ വിശദീകരിച്ച് വിപുലമായ പ്രചാരണങ്ങള്‍ തന്നെ ഇത്തരം മത പണ്ഡിത ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്. അപ്പോഴും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വനിതകളുടെ കൂട്ടായ്മയില്‍ നടക്കുന്ന women 2 drive campaign ശക്തമായിത്തന്നെ നടക്കുന്നു.

ഇതെഴുതുമ്പോള്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന ദൃശ്യവും വാര്‍ത്തയും ജിദ്ദ സ്വദേശിയായ അല്‍ഷരീഫ ലാന എന്ന വനിതയുടെതാണ്. തെരുവുകളില്‍ ഏറെ തിരക്കുള്ള ഒരു സായാഹ്നത്തില്‍ ജിദ്ദയിലെ അല്‍ ഷാത്തിയ സ്ട്രീറ്റിലൂടെ തന്റെ പിതാവിന്റെ ഫ്ളാറ്റിലേക്ക് കാറോടിച്ചു പോവുന്ന ഷരീഫയെ കൗതുകപൂര്‍വം പിന്തുടര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയതിങ്ങനെ "ഒരു വ്യാഴവട്ടക്കാലമായി വിദേശത്തായിരുന്ന ഞാന്‍ അവിടെ യഥേഷ്ടം കാറോടിച്ചിട്ടുണ്ട്. എന്റെ ആവശ്യങ്ങള്‍ക്ക് സ്വയം കാറോടിച്ച് പോവുന്ന ശീലം എന്റെ ജീവിതത്തിന്റെ ഭാഗമായത് അവിടെവച്ചാണ്. എനിക്ക് നിഷ്പ്രയാസം ചെയ്യാവുന്ന ഒരു "സംഗതി"ക്ക് മറ്റൊരാളുടെ സമയവും സൗകര്യവും കാത്തുനില്‍ക്കുന്നത് തന്നെ ഏറെ അസ്വസ്ഥയാക്കുന്നു. അതുകൊണ്ടു തന്നെ "വിമന്‍ ടു ഡ്രൈവ്" ക്യാമ്പയിനിനോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു".

ഈ പ്രക്ഷോഭത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളെയും അവരുടെ വാദങ്ങളെയും ഈ വനിത പരസ്യമായി ഖണ്ഡിക്കുന്നു. "ആരാണ് വാഹനം ഓടിക്കുന്നതെന്ന് ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ഓടിക്കുന്നത് പുരുഷനോ, സ്ത്രീയോ എന്നതിലല്ല ഡ്രൈവിങ്ങിലെ പരിജ്ഞാനം മാത്രമാണ് കാര്യം". പ്രതീക്ഷാപൂര്‍വമായ അവരുടെ വാക്കുകള്‍ ഉപസംഹരിക്കുന്നതിങ്ങനെ: "സൗദി അറേബ്യയിലെ നിരത്തുകളും ട്രാഫിക് സംവിധാനങ്ങളും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. ഒരു ചെറു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാവുമെന്നും സമീപ ഭാവിയില്‍ തന്നെ അറേബ്യന്‍ റോഡുകള്‍ സ്ത്രീകള്‍ക്കായി തുറക്കപ്പെടുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു".

സ്ത്രീകളുടെ ഡ്രൈവിങ്ങിനെ ഇസ്ലാമികമായ വിധിവിലക്കുകളിലൂടെയും കീഴ്വഴക്കങ്ങളിലൂടെയും തടയണമെന്നാവശ്യപ്പെടുന്ന ദഅ്വ ഗ്രൂപ്പിന്റെയും അവരെ ശക്തമായി പിന്തുണയ്ക്കുന്നവരുടെയും ആശങ്ക സ്ത്രീകള്‍ വാഹനമോടിക്കുന്നതിലൂടെ സംഭവിച്ചേക്കാവുന്ന റോഡപകടങ്ങളല്ല. വിശ്വാസപരമായോ ആചാരപരമായോ രൂപപ്പെട്ട "സാമൂഹ്യ ധാരണകള്‍" പൊളിച്ചെഴുതുന്നതിലുള്ള വൈമനസ്യമാണ്. ഈ സാമൂഹ്യ ധാരണകള്‍ അറേബ്യയില്‍ മാത്രമല്ല അതിനേക്കാള്‍ മാരകമായി നമ്മുടെ "പ്രബുദ്ധ" സമൂഹത്തിലും നിലനില്‍ക്കുന്നു. നമ്മുടെ നാട്ടില്‍നിന്ന് തുടര്‍ച്ചയായി കേട്ടുകൊണ്ടുരിക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുടെ കഥകള്‍ അതിന്റെ ശക്തമായ തെളിവുകളാണ്. സ്ത്രീവിരുദ്ധമായ സാമൂഹ്യഘടന സൃഷ്ടിക്കുന്നതില്‍ ചരിത്രപരമായി തന്നെ പുരാണ അറബികളും പ്രാചീന ഭാരതീയരും ക്രൂരമായ രീതികള്‍ അവലംബിച്ചിരുന്നുവെന്നത് വസ്തുതയാണ്. അറബികള്‍ക്കിടയില്‍ പെണ്‍കുരുന്നുകള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ വിധിക്കപ്പെട്ടവരായിരുന്നുവെങ്കില്‍ , നമ്മുടെ സഹോദരിമാരുടെ "മോക്ഷം" തീയിലേക്ക് എടുത്തെറിയപ്പെട്ട് എരിഞ്ഞടങ്ങുന്നതിലൂടെയായിരുന്നുവല്ലോ!

അറബ് ലോകത്ത് ഇസ്ലാമിക നവോത്ഥാനം സ്ത്രീകള്‍ അന്നുവരെ അനുഭവിച്ച അരക്ഷിതാവസ്ഥക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കി. നമ്മുടെ സാമൂഹ്യ പരിഷ്കര്‍ത്താക്കളും എണ്ണമറ്റ നവോത്ഥാന നായകന്മാരും നമ്മുടെ സമൂഹത്തെയും വലിയ തോതില്‍ മാറ്റിയെടുത്തു. അപ്പോഴും പരമ്പരാഗതമായി നമ്മള്‍ തലമുറകള്‍ക്ക് പകരുന്ന പൊതുബോധത്തില്‍ സ്ത്രീയെക്കുറിച്ചുള്ള ധാരണയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നില്ല. എന്നാല്‍ "സ്ത്രീ ശാക്തീകരണം" എന്ന പദം വളരെ അപൂര്‍വമായി ഉപയോഗിക്കുന്ന അറബ് സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ അത്യന്തം ഗുരുതരമല്ല. നമ്മുടെ സമൂഹം കരുതുന്നതുപോലെ കുടുംബത്തിനകത്തെ പെണ്‍കുട്ടികളുടെ എണ്ണക്കൂടുതലില്‍ അറബികള്‍ അസ്വസ്ഥരല്ല. മറിച്ച്അഭിമാനികളും സന്തുഷ്ടരുമാണ്. അറബികള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ പ്രിയപ്പെട്ടവരും നമ്മുടെ പൊതുസമൂഹത്തില്‍ പെണ്‍കുട്ടികള്‍ അപ്രിയരുമായി തീരുന്നതിലെ സാമ്പത്തിക ഘടകത്തെക്കുറിച്ച് വിസ്മരിക്കുന്നില്ല.

അറബി ചെറുക്കന് പെണ്ണ് തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ച് സ്വന്തമാക്കേണ്ടുന്ന "അമൂല്യനിധി"യാണെങ്കില്‍ നമ്മുടെ സമൂഹം ഇപ്പോഴും പെണ്ണിനെ "കുടുംബം തുലയ്ക്കുന്നവളാ"യിട്ടാണ് പൊതുവെ പരിഗണിക്കുന്നത്. വളരെ സൂക്ഷ്മമായി അറേബ്യയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥയെ അടുത്തുനിന്ന് നിരീക്ഷിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന ചില വസ്തുതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടുംബ ജീവിതത്തിലും സമൂഹത്തിലും സ്ത്രീ അങ്ങേയറ്റം ആദരിക്കപ്പെടുന്നു. പക്ഷേ രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളില്‍ സ്ത്രീ തീര്‍ത്തും മാറ്റിനിര്‍ത്തപ്പെടുന്നു. ഇത് രണ്ടും സാധ്യമാക്കുന്നത് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ ധാരണകള്‍ മൂലമാണ്. സമൂഹം ആദരിക്കുന്ന അറേബ്യന്‍ സ്ത്രീ എന്ന പ്രയോഗത്തിന് ലളിതമായ ചില വിശദീകരണങ്ങള്‍ വേണ്ടിവരും. ഭരണനിര്‍വഹണ കാര്യാലയങ്ങളിലോ ആശുപത്രികളിലോ ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലൊ സാധാരണ മാര്‍ക്കറ്റില്‍ പോലുമോ എന്നുവേണ്ട പൊതു ഇടങ്ങളിലൊരിടത്തും പുരുഷനു പിറകില്‍ തന്റെ "ഊഴം" കാത്ത് നില്ക്കുന്ന അറേബ്യന്‍ സ്ത്രീകളെ നമുക്ക് കാണാന്‍ കഴിയില്ല. എയര്‍ലൈന്‍സ് ഓഫീസുകളിലും എയര്‍പോര്‍ട്ടിലും പുരുഷനെ അസൂയപ്പെടുത്തുന്ന പരിഗണനയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നത്. നിയമപാലകരോട് ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്ന അറബിപ്പെണ്ണ് നമുക്ക് അപൂര്‍വമായ കാഴ്ചയല്ല. നോക്കുകൊണ്ടോ വാക്കുകൊണ്ടോ സ്പര്‍ശം കൊണ്ടോ പൊതുഇടങ്ങളില്‍ വച്ച് സ്ത്രീകളെ പീഡിപ്പിക്കാന്‍ പൊതുവെ പുരുഷന്മാര്‍ ധൈര്യം കാണിക്കാറില്ല. അപൂര്‍വമായി അങ്ങനെ സംഭവിച്ചാല്‍ പ്രതികരിക്കുന്ന പെണ്ണിനെ സ്വഭാവഹത്യ ചെയ്യുന്നതിനോ, സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനോ അറേബ്യന്‍ സമൂഹം ഒരിക്കലും ശ്രമിക്കാറില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്ത്രീയെ വിശ്വാസത്തിലെടുക്കുകയും പുരുഷനെതിരെ കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയുമാണ് രീതി. ഇത് സ്ത്രീകള്‍ക്ക് അറേബ്യന്‍ സമൂഹം നല്കുന്ന ആദരവാണ്. ഇങ്ങനെ ആദരിക്കപ്പെടുമ്പോഴും ഭരണ-രാഷ്ട്രീയ മണ്ഡലങ്ങളിലും പുരുഷന് ആധിപത്യമുള്ള തൊഴില്‍ മേഖലയിലും സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്നത് വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല. തലമുറകളായി കൈമാറുന്ന സാമൂഹ്യ ധാരണകളുടെ പിന്‍ബലത്തില്‍ കൂടിയാണ്.

വിശ്വാസത്തിന്റെ പേരില്‍ മാത്രം നിരോധിക്കപ്പെട്ടിരുന്ന പല ആധുനിക സംവിധാനങ്ങളും ഇന്ന് അറബികളുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ഉദാഹരണമായി ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ്-ഇന്‍ഷൂറന്‍സ് സംരംഭങ്ങള്‍ . വിശ്വാസത്തെ സ്വയം ഉയര്‍ത്തിപ്പിടിക്കുമ്പോഴും അറേബ്യന്‍ തെരുവുകളില്‍ അറബി പെണ്‍കൊടികള്‍ അങ്കം കുറിക്കുന്നത് തങ്ങളെ ചുറ്റിവരിയാന്‍ ശ്രമിക്കുന്ന സമൂഹത്തിന്റെ പൊതുബോധത്തിനെതിരായിട്ടായിരിക്കാം. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന എല്ലാ ആക്രമണങ്ങളെയും പീഡനങ്ങളെയും സാധൂകരിക്കുന്നത് സമൂഹം വച്ചുപുലര്‍ത്തുന്ന സ്ത്രീവിരുദ്ധമായ ധാരണകള്‍കൊണ്ടാണ്. ഈ ധാരണകള്‍ തിരുത്തപ്പെടാത്തിടത്തോളം കാലം നിയമത്തെക്കുറിച്ചും നിയമത്തിന്റെ പഴുതുകളെക്കുറിച്ചും നിയമം നിര്‍മിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും നാം പരിഭവിച്ചിട്ട് കാര്യമില്ല. സ്ത്രീവിരുദ്ധമായ ഈ പൊതുബോധം നാമറിയാതെ നമ്മില്‍ കുടിയിരിക്കുമ്പോള്‍ നാം ചില സംശയങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടേയിരിക്കും. അപ്പോഴാണ് നൂറില്‍പരം പുരുഷന്മാരുമായി കിടക്ക പങ്കിടുമ്പോള്‍ പറവൂരിലെ പെണ്‍കുട്ടി എന്തുകൊണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്ന് നാം സ്വയം ചോദിക്കുന്നത്.

നമ്മുടെ രോഗാതുരമായ മനസ്സിനെ കൃത്യമായി വായിച്ചതുകൊണ്ടാണ് ഒരു മാധ്യമത്തിന് കാക്കനാട്ടേക്കുള്ള യാത്രയില്‍ ഒരു ചായ കുടിക്കാന്‍ തോന്നിയ തസ്നി ബാനുവിനെയും സുഹൃത്തിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ തോന്നിയത്. നിസ്സഹായയായ ഒരു പെണ്‍കുട്ടി വികലാംഗനായ ഒരു ക്രിമിനലിനാല്‍ ട്രെയിനില്‍ വച്ച് ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ "ശുഭയാത്ര"യെന്ന പ്രിന്റഡ് അക്ഷരങ്ങളിലേക്ക് കണ്ണയച്ച് ആലസ്യത്തിലേക്ക് സ്വയം വഴുതി വീഴാന്‍ ഒരു "മലയാളി സമൂഹ"ത്തിന് കഴിഞ്ഞത് ഈ സ്ത്രീവിരുദ്ധ ധാരണയുടെ സ്വാധീനം കൊണ്ടല്ലാതെ മറ്റെന്താണ്. ഇത്തരം ആലസ്യങ്ങളില്‍നിന്ന് നാം ഞെട്ടിയുണരുന്നത് ദൃശ്യമാധ്യമങ്ങളൊരുക്കുന്ന ഭീകരമായ കാഴ്ചകള്‍ കണ്ടാണ്. അപ്പോള്‍ മാത്രം നമ്മുടെ പ്രതികരണ ശേഷി വാനോളമുയരുന്നു. പിന്നെ സായുധരായ പൊലീസുകാര്‍ക്കിടയില്‍ കൈയാമം വയ്ക്കപ്പെട്ട് കോടതിയിലേക്ക് നടക്കുന്ന വികലാംഗന്‍ ക്രിമിനലിനെതിരെയും മകളെ പീഡിപ്പിച്ച പറവൂരിലെ അച്ഛനെതിരെയും മലയാളി ചാടി വീഴുന്നു. നമ്മുടെ പ്രതികരണ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയും ഉത്തേജിപ്പിക്കാന്‍ പോലും ദൃശ്യമാധ്യമങ്ങളൊരുക്കുന്ന ചില "പവര്‍ എക്സ്ട്രാ" ദൃശ്യങ്ങള്‍ വേണ്ടിവരുന്നുവെന്നതുതന്നെ സ്ത്രീവിരുദ്ധമായ പൊതുധാരണകള്‍ നമ്മുടെ സമൂഹത്തിന്റെ സാമാന്യ ബോധമായി മാറിയതു കൊണ്ടാണ്.


*****


അസീസ് തുവ്വൂര്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അറബ് ലോകത്തെ പിടിച്ചുകുലുക്കുന്ന "മുല്ലപ്പൂങ്കാറ്റി"ന്റെ അനുരണനങ്ങള്‍ അറബ് ദേശങ്ങളിലൊട്ടാകെ പടരുകയാണ്. ഇത് കേവലം രാഷ്ട്രീയ അധികാരങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളില്‍ ഒതുങ്ങുന്നില്ല. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും അവസര- സ്ഥിതിസമത്വങ്ങളിലേക്കുമൊക്കെ ഇത് വ്യാപിക്കുകയാണ്. സൗദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്ന ശ്രദ്ധേയവും നിശ്ശബ്ദവുമായ ഒരു പ്രക്ഷോഭം ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രക്ഷോഭകരുടെ ആവശ്യം ഒറ്റനോട്ടത്തില്‍ വളരെ ലളിതമാണ്. യോഗ്യരായ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ വാഹനമോടിക്കാനുള്ള അധികാരം ലഭ്യമാവണം. എന്നാല്‍ സൗദി അധികൃതരെ സംബന്ധിച്ച് പ്രശ്നം വളരെ ലളിതമായി പരിഹരിക്കാവുന്ന ഒന്നല്ല. ഒരുപക്ഷേ പുരുഷന്മാര്‍ക്കിടയില്‍ നൂറ് ശതമാനം "ഡ്രൈവിങ് ലിറ്ററസി" അഥവാ വാഹനമോടിക്കാന്‍ പരിജ്ഞാനമുള്ള ഒരു സമൂഹം സ്ത്രീകള്‍ക്ക് ഇത് നിഷേധിക്കുന്നത് ശാസ്ത്രീയമായ കാരണങ്ങളാലല്ല, മറിച്ച് മതപരമായ കാരണങ്ങളാലാണ്.