ആന്‍ഡേഴ്സ് ബേയ്റിങ് ബ്രെയ്‌വിക് ലണ്ടനില്‍ ജനിച്ചത് മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ വര്‍ഷമാണ്, റോണള്‍ഡ് റെയ്ഗന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരുവര്‍ഷം മുന്‍പും.
ടെലിവിഷനുകളിലൂടെ സീരിയല്‍വല്‍ക്കരിക്കപ്പെട്ട ആദ്യ യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും കുവൈറ്റിലേക്ക് പടനയിക്കുമ്പോള്‍ അയാള്‍ക്ക് 11വയസായിരുന്നു. അമേരിക്കന്‍ പട്ടാളം ആ യുദ്ധത്തിനിട്ട ഓമനപ്പേര് ഓപ്പറേഷന്‍ ഡെസേട്ട് സ്റ്റോം എന്നും.
1980കള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അടയാളപ്പെടുത്തപ്പെട്ടത് തീവ്രമായ നവയാഥാസ്ഥിതികത്വത്തിന്റെ ഉയര്‍ച്ചയാലും, ട്രേഡ് യൂണിയനുകള്‍ക്ക് മേലുള്ള ആക്രമണങ്ങളാലുമാണ്. റെയ്ഗന്‍ വിമാനട്രാഫിക് കണ്ട്രോളര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; താച്ചര്‍ ബ്രിട്ടനിലെ ഖനിത്തൊഴിലാളികളുമായി പോരുതുറന്നു; റൂപ്പര്‍ട്ട് മര്‍ഡോക്ക് വാപ്പിംഗിലെ പത്രപ്രവര്‍ത്തകയൂണിയനുകളെ നശിപ്പിച്ചു. മുതലാളിത്തത്തിന്റെ അഭൗമമായ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്ന "ക്ഷേമപ്പണംപിടുങ്ങി"കളായ ഫെമിനിസ്റ്റുകളും കറുത്തവര്‍ഗ്ഗക്കാരും ഗേ-ലെസ്ബിയന്‍ സമൂഹങ്ങള്‍ക്കുമെതിരേ നടന്ന "സാംസ്കാരിക യുദ്ധങ്ങളു"ടെയും കാലമായിരുന്നു അത്.
ഇക്കാലയളവില്‍ "ഓപ്പറേഷന്‍ ഡെസേട്ട് സ്റ്റോം" വന്‍ വിജയം നേടിയ ഒരു വീഡിയോ ഗെയിം ആയി മാറിയിരുന്നു, അമേരിക്ക അതിന്റെ "ഭീകരവിരുദ്ധ യുദ്ധം" ആരംഭിക്കുമ്പോഴേക്ക് സദ്ദാം ഹുസൈന്‍ തല്‍ക്കാലത്തേക്കെങ്കിലും അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായി. അക്കാലത്ത് ആന്‍ഡേഴ്സ് ബ്രെയ്‌വിക് അവന്റെ ഏകാന്ത കൗമാരം വേള്‍ഡ് ഒഫ് വാര്‍ക്രാഫ്റ്റെന്ന യുദ്ധ വിഡിയോഗെയിമില്‍ ചെലവഴിക്കുകയും പിന്നീട് ബിരുദം നേടി, അമേരിക്കന്‍ ഇസ്ലാം വിരുദ്ധനും "മുഹമ്മദിന്റെ സത്യം: ഏറ്റവും അസഹിഷ്ണുവായ മതത്തിന്റെ ഉപജ്ഞാതാവ്" അടക്കമുള്ള പുസ്തകങ്ങളുടെ കര്‍ത്താവുമായ റോബര്‍ട്ട് സ്പെന്‍സറുടെ രചനകളിലേക്ക് തിരിയുകയും ചെയ്തു.
2001ല്‍ അമേരിക്കന്‍ ഇരട്ട ഗോപുരങ്ങള്‍ തീനാളങ്ങളായി തകര്‍ന്നടിയുകയും ജോര്‍ജ് ഡബിള്‍യൂ ബുഷ് ഇസ്ലാമിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അഫ്ഘാനിസ്ഥാനിലെ യുദ്ധത്തിനു പുറമേ മധ്യേപൂര്‍വേഷ്യയിലും അമേരിക്ക പടയ്ക്കിറങ്ങി - ഇത്തവണ ഇറാക്കില്‍.
2001 മുതല്‍ക്കിങ്ങോട്ട്, തുടര്‍ന്ന് വന്ന ബ്രിട്ടിഷ് സര്‍ക്കാരുകളുടെ സഹായത്തോടെ അമേരിക്ക ഇസ്ലാമിക ജനസംഖ്യ അധികമായുള്ള നാല് രാജ്യങ്ങളിലെങ്കിലും (പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ഇറാക്ക്, ലിബിയ എന്നിവിടങ്ങളില്‍) യുദ്ധമോ പട്ടാള ആക്രമണമോ നടത്തിയിട്ടുണ്ട്. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് തുരത്താന്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന വലതുപക്ഷ ഇസ്രയേലി സര്‍ക്കാരുകളെ അമേരിക്കയും ബ്രിട്ടനും പിന്തുണച്ചുകൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 2008ലെ ഗാസാ ബോംബിംഗില്‍ ആയിരത്തിലധികം വരുന്ന നിരപരാധികളെ കൊലചെയ്തപ്പോഴും അവര്‍ നിശ്ചേഷ്ടരായി നോക്കി നില്‍ക്കുകയായിരുന്നു.
ഈ സമയത്തെല്ലാം ബുഷും ബ്ലെയറും റെയ്ഗന്റെയും താച്ചറുടെയും നവലിബറല്‍ നയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു: തൊഴിലിനെ അട്ടിമറിക്കല്‍, ധനികര്‍ക്ക് ടാക്സ് ഇളവുകള്‍ നല്‍കല്‍, സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍, എല്ലാറ്റിനുമുപരി, "നിങ്ങള്‍ ഒന്നുകില്‍ ഞങ്ങളുടെ കൂടെ അല്ലെങ്കില്‍ അവരുടെ കൂടെ" എന്ന സര്‍വനാശകമായ വാചാടോപത്തിലൂടെ സ്വതന്ത്രവ്യാപാരത്തെയും ഇംഗ്ലിഷ് സര്‍വാധിപത്യത്തെയും പാശ്ചാത്യലോകത്തിന്റെ വര്‍ദ്ധിച്ച പട്ടാളവല്‍ക്കരണത്തെയും സംബന്ധിച്ച സ്വന്തം നിലപാടുകളെ ന്യായീകരിക്കല്‍. യഥാര്‍ത്ഥവും സാംസ്കാരികവുമായ ഈ യുദ്ധത്തെ അമേരിക്കന്‍ വലതുപക്ഷ ബുദ്ധിജീവി ബെഞ്ചമിന്‍ ബാര്‍ബര്‍ വിശേഷിപ്പിച്ചത് "ജിഹാദ് വേഴ്സസ് മക്‌വേള്‍ഡ് " എന്നാണ്.
*
ആന്‍ഡേഴ്സ് ബ്രെയ്‌വിക് ഏതു വിധത്തില്‍ നോക്കിയാലും ഈ ലോകത്തിന്റെ കുഞ്ഞാണ്. ഒരു വിവരസാങ്കേതിക വ്യാപാരവിദഗ്ധനായി തീരാമായിരുന്നവന്‍; പ്രതീതിയുദ്ധങ്ങളുടെ പ്രണേതാവ്; ലോകചരിത്രത്തില്‍ ഇസ്ലാമിന്റെ പങ്കിനെപ്പറ്റി അശിക്ഷിതനായ ഒരു സാമ്രാജ്യത്വ ചരിത്രകാരന്‍; ആദ്യം വെടിവയ്ക്കുകയും പിന്നീട് മാത്രം ചോദ്യം ചോദിക്കുകയും ചെയ്യുന്നവന്‍. അയാളുടെ ഇസ്ലാംവിരുദ്ധതയും സാമ്രാജ്യവാദവും പച്ചയായ പകര്‍ത്തിവയ്പ്പാണ് - ഇസ്ലാമിനോടും മാര്‍ക്സിസ്റ്റ് ബഹുസാംസ്കാരികതയോടുമുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതികരണങ്ങള്‍ കണ്ടുശീലിക്കുകയും അതൊരു മാതൃകയായെടുത്ത് നോര്‍വേയേയും യൂറോപ്പിനെയും തന്റെ ഭാവനാകല്പിതമായ അന്ധകാരയുഗത്തില്‍ നിന്ന് കരകേറ്റാമെന്ന് ചിന്തിക്കുകയും ചെയ്തതാണ് അയാള്‍.
ചരിത്രപരമായി നോക്കിയാല്‍ ഫാഷിസം അമേരിക്കന്‍ മണ്ണില്‍ അത്ര വ്യാപകമായി പടര്‍ന്നിട്ടില്ല. എന്നിരുന്നിട്ടും 9/11നു ശേഷം ഇസ്ലാമോഫോബിയയുടെയും നവലിബറലിസത്തിന്റെയും സംബന്ധത്തില്‍ വളരുന്ന അമേരിക്കയുടെ ചിന്താരീതിയില്‍ യൂറോപ്പിന്റെ തീവ്രവലതു പാരമ്പര്യത്തിന്റെ വേരുകള്‍ സ്പഷ്ടമാണ്. യൂറോപ്യന്‍ യാഥാസ്ഥിതികരും ബ്രിട്ടന്റെ ഡേവിഡ് കാമറൂണ്‍, ഫ്രാന്‍സിന്റെ നിക്കോളാസ് സര്‍ക്കോസി, ജര്‍മ്മനിയുടെ ഏയ്ഞ്ചെലാ മെര്‍ക്കല്‍ തുടങ്ങിയ മധ്യപാതാനുഭാവികളായ രാഷ്ട്രീയക്കാര്‍ പോലും അതിനു വെള്ളവും പോഷണവും നല്‍കുന്നുണ്ട്.
ബ്രെയ്‌വിക്കിന്റെ അറസ്റ്റിനു ശേഷം നാം മനസിലാക്കുന്നത്, അയാള്‍ ഒരു "എതിര്‍ ജിഹാദി"ന് ആന്ത്രാക്സിനെ ആയുധമാക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നാണ്, ഒരു ചിത്രകഥാപുസ്തകത്തില്‍ നിന്നുള്ള 9/11ന്റെ ഉപകഥ പോലെ. നവലിബറല്‍ മുതലാളിത്തത്തിന്റെയും അതിന്റെ ഇസ്ലാംവിരുദ്ധ യുദ്ധത്തിന്റെയും യുക്തികള്‍ അയാളുടെ ഭ്രമചിന്തകളില്‍ എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്നും നമുക്കു തിരിച്ചറിയാം.
വിജയ് പ്രസാദിനെപ്പോലുള്ള നിരീക്ഷകര്‍ സൂചിപ്പിച്ചതു പോലെ, ബ്രെയ്‌വിക് വെടിവച്ചു വീഴ്‌ത്തിയ വര്‍ക്കേഴ്സ് യൂത്ത് ലീഗ് ക്യാമ്പിലെ യുവതീയുവാക്കളും ചരിത്രത്തിന്റെ സന്തതികള്‍ തന്നെയാണ് പലവിധത്തിലും - പക്ഷേ അത് തികച്ചും വ്യത്യസ്തമായ മറ്റൊരു ചരിത്രത്തിന്റെയാണെന്ന് മാത്രം. വര്‍ക്കേഴ്സ് യൂത്ത് ലീഗിന്റെ വേരുകള്‍ നോര്‍വേയുടെ ജനാധിപത്യസോഷ്യലിസത്തിന്റെ ചരിത്രത്തിലാണ്; ആ സംഘം തൊഴിലാളിയനുകൂലവും, നോര്‍വേയുടെ ഭൂരിപക്ഷജനസംഖ്യയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബഹുവംശീയവും, യൂറോപ്യന്‍ ജനാധിപത്യസോഷ്യലിസ്റ്റ് പുരോഗതിയെ പ്രതിനിധാനം ചെയ്യുന്നതുമാണ്.
വിജയ് പ്രസാദ് പറയുന്നതനുസരിച്ച്, ഉദാഹരണത്തിനു, നോര്‍വേയുടെ പകുതിയോളം ജനത ഫലസ്തീന്‍ അതിക്രമത്തെ സാംസ്കാരികവും അക്കാദമികവുമായ ബഹിഷ്കരണത്തിലൂടെ എതിര്‍ക്കുന്നവരാണ്, നോര്‍വീജിയന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷനാകട്ടെ നിരവധി ഇസ്രയേലി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുമുണ്ട്. വര്‍ക്കേഴ്സ് യൂത്ത് ലീഗിന്റെ നേതാവ് എസ്കീല്‍ പീഡെസണ്‍ ഈ വെടിവയ്പ്പിനു ഏതാനും ദിവസം മുന്‍പ് ഇസ്രയേലിനെതിരേ കൂടുതല്‍ ശക്തമായ നടപടികളെടുക്കേണ്ടതുണ്ടെന്ന് ഒരു ടാബ്ലോയിഡിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു എന്നതും പ്രസാദ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഒരു തോക്കെടുത്ത് പുരോഗമനേച്ഛുക്കളായ ഈ നിഷ്കളങ്കരെ വെടിവച്ചിടുമ്പോള്‍ ബ്രെയ്‌വിക് നടപ്പില്‍വരുത്തിയത് അയാളുടെ തന്നെ പ്രായമുള്ള വലതുപക്ഷ മാതാപിതാക്കളുടെ നിയമങ്ങളാണ്. ഉന്മൂലനാശയങ്ങളെ ഓണ്‍ലൈന്‍ ആയി പാക്കേജ് ചെയ്യുകയും ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ് മുതല്‍ ഇന്ത്യയില്‍ ഹൈന്ദവ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സ്വയംസേവകസംഘം വരെയുള്ള ഭൂഗോളത്തിലെ എല്ലാ വലതുപക്ഷ തുരുത്തുകളെയും വലക്കണ്ണിയില്‍ ഒന്നിച്ച് ചേര്‍ക്കുകയും ചെയ്തയാളെന്ന നിലക്ക്, ഒരു പക്ഷേ, ലോകത്തിലെ വ്യവസായ സംരംഭകനായ ആദ്യത്തെ ഫാസിസ്റ്റായിരിക്കണം ബ്രെയ്‌വിക്ക്.
ഓസ്ലോ തെരുവുകളില്‍ ബ്രെയ്‌വിക്കിന്റെ രാഷ്ട്രീയത്തിനെതിരേ അണിനിരന്ന ഒരുലക്ഷത്തിയന്‍പതിനായിരം നോര്‍വീജിയന്‍ പൗരരും സെപ്തംബര്‍ 3നു United Against Fascism ന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ ഒത്തുകൂടാനിരിക്കുന്നവരും നമ്മുടെ എല്ലാവരുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.
നമുക്കും വേണം ഒരു തെരുവ് പ്രകടനം, ഇവിടെ, ഇപ്പോള്‍, മുതലാളിത്ത വംശീയവെറിയ്ക്കെതിരേ. ഇനിയിതുപോലുള്ള കോപ്പിയടിക്കാര്‍ വേണ്ട. ഈ ലോകം നമ്മുടേതാണ് - ഉരുവപ്പെടുത്താനും വിജയിക്കാനും.
*
സോഷ്യലിസ്റ്റ് വര്‍ക്കറില്‍ തിഥീ ഭട്ടാചാര്യ, ബില്‍ മുള്ളെന്‍ എന്നിവര്‍ എഴുതിയ The world that created Breivik എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍
മലയാളം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്
Friday, August 5, 2011
Subscribe to:
Post Comments (Atom)
2 comments:
ഓസ്ലോ തെരുവുകളില്‍ ബ്രെയ്‌വിക്കിന്റെ രാഷ്ട്രീയത്തിനെതിരേ അണിനിരന്ന ഒരുലക്ഷത്തിയന്‍പതിനായിരം നോര്‍വീജിയന്‍ പൗരരും സെപ്തംബര്‍ 3നു United Against Fascism ന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ ഒത്തുകൂടാനിരിക്കുന്നവരും നമ്മുടെ എല്ലാവരുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.
നമുക്കും വേണം ഒരു തെരുവ് പ്രകടനം, ഇവിടെ, ഇപ്പോള്‍, മുതലാളിത്ത വംശീയവെറിയ്ക്കെതിരേ. ഇനിയിതുപോലുള്ള കോപ്പിയടിക്കാര്‍ വേണ്ട. ഈ ലോകം നമ്മുടേതാണ് - ഉരുവപ്പെടുത്താനും വിജയിക്കാനും.
ഓസ്ലോ നല്‍കുന്ന വിപത്‌സന്ദേശങ്ങള്‍
Post a Comment