Tuesday, August 23, 2011

മാര്‍പാപ്പയുടെ മാഡ്രിഡ് പ്രസംഗം

കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിലുള്ള ലോകയുവജന സമ്മേളനത്തിന് സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് കഴിഞ്ഞ ദിവസങ്ങളില്‍ ആതിഥ്യം വഹിച്ചു. സമ്മേളനത്തിന്റെ സമാപന ചടങ്ങുകളില്‍ 25 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 15,000 വൈദികരും 1000 ബിഷപ്പുമാരും 100 കര്‍ദ്ദിനാള്‍മാരും അതില്‍ പങ്കെടുത്തുവെന്നത് കത്തോലിക്കാസഭ ഈ യുവജന സമ്മേളനത്തിനു കല്‍പിച്ച പ്രാധാന്യത്തിന്റെ നിദര്‍ശനമാണ്. സഭയുടെ പരമാധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മൂന്നു ദിവസങ്ങളിലായി നാലുതവണയാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ യുവാക്കളെ അഭിസംബോധന ചെയ്തത്. സഭയുടെ ഏറ്റവും വലിയ ഇടയന്‍ വിശ്വാസത്തിന്റെ അടിത്തറയെപ്പറ്റി പുത്തന്‍ തലമുറയെ ഉദ്‌ബോധിപ്പിക്കാന്‍ ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. തന്റെ പ്രസംഗങ്ങളില്‍ പ്രാധാന്യത്തോടെ മാര്‍പാപ്പ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളാണ്. അര്‍ഥശങ്കയ്ക്ക് പഴുതില്ലാത്ത വിധം കമ്പോള വ്യവസ്ഥയുടെ മനുഷ്യത്വഹീനമായ നിലപാടുകളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി. വര്‍ത്തമാനകാല ജീവിതം നേരിടുന്ന ഗൗരവമേറിയ സാമ്പത്തിക-സാമൂഹിക-ധാര്‍മിക പ്രതിസന്ധികളില്‍ കത്തോലിക്കാസഭ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കാനാണ് അതിലൂടെ അഭിവന്ദ്യനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ശ്രമിച്ചത്.

കമ്പോളമാണ് സര്‍വം എന്നു വിശ്വസിക്കുന്ന ആധുനിക മുതലാളിത്തത്തിന്റെ സമീപനങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കത്തോലിക്കാസഭയുടെ നിലപാടെന്ന് മാഡ്രിഡ് സമ്മേളനം വിളിച്ചറിയിക്കുകയായിരുന്നു. ലോകമാകെ അനാവരണം ചെയ്യപ്പെടുന്ന മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഭ കൈക്കൊള്ളുന്ന ഈ നിലപാടിന് സവിശേഷമായ അര്‍ഥമുണ്ട്. സ്വതന്ത്രലോകത്തിന്റെ കഥ പറഞ്ഞുകൊണ്ട് അമേരിക്ക അടക്കമുള്ള മുതലാളിത്ത കോയ്മകള്‍ നടത്തിപ്പോന്ന കരുനീക്കങ്ങളോട് വത്തിക്കാന്‍ ചേര്‍ന്നുനിന്നത് ഏറെ പഴയ കാലത്തല്ല. അതിന്റെ സ്വാധീനങ്ങളും വിരലടയാളങ്ങളും സഭയുടെ ചിന്താ മണ്ഡലങ്ങളില്‍ പതിഞ്ഞുകിടപ്പുണ്ട്. ചിലപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സഭയുടെ നിലപാടുകളില്‍ ഭാവിയിലും പ്രതിധ്വനിച്ചുകൂടെന്നില്ല. എന്നാലും മാറ്റത്തിന്റെ കാറ്റ് സഭയുടെ ചിന്താഗതികളെയും സ്വാധീനിക്കുന്നതിന്റെ ഗുണപരമായ ദിശ തീര്‍ച്ചയായും കാണാതിരുന്നുകൂടാ.

മാനവരാശി ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന നൈതിക സങ്കല്‍പങ്ങളെല്ലാം കോര്‍പറേറ്റ് ലാഭമോഹത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമരുകയാണ്. ഈ യാഥാര്‍ഥ്യം ഇന്നത്തെ ലോകത്തെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാമൂഹിക ശക്തിക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരുഭാഗത്ത് ഏതാനും പേര്‍ അളവറ്റ സമ്പത്തിന്റെ അധിപരാകുമ്പോള്‍ മഹാഭൂരിപക്ഷം ജനങ്ങളും വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും തടവറയിലാണ്. മനുഷ്യോചിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ആട്ടിയകറ്റപ്പെടുന്ന ജനകോടികളുടെ നെടുവീര്‍പ്പില്‍ നിന്ന് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ രൂപംകൊള്ളുന്നത് ഇന്നത്തെ ലോകം കാണുന്നുണ്ട്. മൂലധനത്തിന്റെ അതിരില്ലാത്ത ആര്‍ത്തിക്കു മുമ്പില്‍ ധര്‍മ്മ ചിന്തകളെല്ലാം തലകുനിച്ചുനില്‍ക്കുന്ന സ്ഥിതിവിശേഷം ഭാവിയുടെ പാതയില്‍ നിഴല്‍ പരത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ വിശകലനം ചെയ്യേണ്ടത്.

യേശുവിനെ ക്രൂശിക്കുവാനും ബറാബസിനെ വിട്ടയയ്ക്കുവാനും ആക്രോശിച്ചവരുടെ പിന്‍ഗാമികള്‍ ഇന്ന് ശക്തി ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് ആഗോളവല്‍ക്കരണത്തിന്റെ കുടക്കീഴിലാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള 'പരീശന്‍മാരുടെയും ശാസ്ത്രികളുടെയും' വംശ പരമ്പരകള്‍ക്ക് ഇന്ന് ആഗോള മൂലധന ശക്തികളുടെ മുഖച്ഛായയാണ്. അവരാണ് മാനവ സ്‌നേഹത്തിന്റെ എല്ലാ ആലയങ്ങളേയും അശുദ്ധമാക്കാന്‍ ശ്രമിക്കുന്നത്. അവരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കാനായിരിക്കും ഇന്നു തിരിച്ചു വന്നാല്‍ യേശുക്രിസ്തു പറയുക. വിമോചന ദൈവശാസ്ത്രത്തിന്റെ സൈദ്ധാന്തിക വഴികാട്ടികള്‍ പറഞ്ഞ ഈ വാദഗതികള്‍ ഏറ്റുപറയുവാന്‍ സഭയിലെ വിശാല വിഭാഗങ്ങള്‍ സന്നദ്ധമാകുന്ന അനുഭവങ്ങള്‍ ഇന്ന് ഏറെയാണ്. പുതിയ സഹസ്രാബ്ദത്തിലെ സഭാ ദൗത്യത്തെപ്പറ്റി അഗാധമായി ചിന്തിക്കാന്‍ മുന്‍കൈയെടുത്ത പണ്ഡിത ശ്രേഷ്ഠനാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 'സത്യത്തില്‍ സ്‌നേഹം' എന്ന പേരില്‍ അദ്ദേഹം പുറപ്പെടുവിച്ച ചാക്രിക ലേഖനം ഈ വഴിക്കുള്ള ശ്രദ്ധേയമായ ചുവടുപ്പായിരുന്നു. ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിനെ നിശിതമായി വിമര്‍ശിച്ച ചാക്രിക ലേഖനം കൃസ്തീയ ധാര്‍മികത കമ്പോള മേധാവിത്വത്തിന് കീഴ്‌പ്പെട്ടുകൂടെന്ന് ഉദ്‌ഘോഷിച്ചു. പണത്തിന്റെ പിന്നാലെ പായുന്നവര്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന മുറിവുകളെപ്പറ്റിയും അദ്ദേഹം പലപ്പോഴും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മാഡ്രിഡില്‍ യുവജനങ്ങളോടു സംസാരിച്ചപ്പോള്‍ തന്റെ ചാക്രിക ലേഖനത്തിലെ നിലപാടുകളെ ഒന്നുകൂടി ഊന്നിപ്പറയുകയായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ലാഭത്തിനു വേണ്ടിയുള്ള ലക്കു തെറ്റിയ യാത്രയില്‍ ഞെരിഞ്ഞമരുന്ന മൂല്യങ്ങളെപ്പറ്റി അദ്ദേഹം യുവാക്കള്‍ക്ക് പറഞ്ഞുകൊടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളും അവരെ നയിക്കുന്ന സഭാനേതൃ സംവിധാനങ്ങളും ഈ ഉദ്‌ബോധനങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളും എന്ന ചോദ്യവും മാഡ്രിഡ് സമ്മേളനം മുന്‍വയ്ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങി വിപുലമായ പ്രവര്‍ത്തന മേഖലകളിലാണ് സഭ ഇടപെടുന്നത്. ആ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്ത ചരിത്രവും സഭയ്ക്കു അവകാശപ്പെട്ടതാണ്. എന്നാല്‍ ലാഭത്തിന്റെയും പണത്തിന്റെയും താല്‍പര്യങ്ങള്‍ വിശ്വാസ മൂല്യങ്ങള്‍ക്കുമേല്‍ നിഴല്‍വീഴ്ത്തുന്നതായുള്ള പരിദേവനങ്ങളും അടുത്തകാലത്തായി സഭാ വൃത്തങ്ങള്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ആത്മപരിശോധനയിലൂടെ നേര്‍വഴി തേടാനുള്ള ആഹ്വാനമാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മാഡ്രിഡ് പ്രസംഗം. കത്തോലിക്കാസഭയുടെ സംഘടനാ ചട്ടക്കൂടിന് പുറത്തുള്ളവരും ആ പ്രസംഗത്തെ വിലയിരുത്തുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ലാഭത്തിനല്ല; മനുഷ്യനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടതെന്ന് സഭയുടെ വലിയ ഇടയന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തെ ചരിത്രപരമായ സത്യപ്രഖ്യാപനമെന്ന് വിശേഷിപ്പിക്കാന്‍ ഇടതുപക്ഷക്കാര്‍ക്ക് തെല്ലും മടിയില്ല. ആ സത്യത്തിന്റെ അടിത്തറയിലൂന്നി പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ ആരായാനും ഇടതുപക്ഷം സദാ സന്നദ്ധമായിരിക്കും.


*****


ജനയുഗം മുഖപ്രസംഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കമ്പോളമാണ് സര്‍വം എന്നു വിശ്വസിക്കുന്ന ആധുനിക മുതലാളിത്തത്തിന്റെ സമീപനങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കത്തോലിക്കാസഭയുടെ നിലപാടെന്ന് മാഡ്രിഡ് സമ്മേളനം വിളിച്ചറിയിക്കുകയായിരുന്നു. ലോകമാകെ അനാവരണം ചെയ്യപ്പെടുന്ന മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഭ കൈക്കൊള്ളുന്ന ഈ നിലപാടിന് സവിശേഷമായ അര്‍ഥമുണ്ട്. സ്വതന്ത്രലോകത്തിന്റെ കഥ പറഞ്ഞുകൊണ്ട് അമേരിക്ക അടക്കമുള്ള മുതലാളിത്ത കോയ്മകള്‍ നടത്തിപ്പോന്ന കരുനീക്കങ്ങളോട് വത്തിക്കാന്‍ ചേര്‍ന്നുനിന്നത് ഏറെ പഴയ കാലത്തല്ല. അതിന്റെ സ്വാധീനങ്ങളും വിരലടയാളങ്ങളും സഭയുടെ ചിന്താ മണ്ഡലങ്ങളില്‍ പതിഞ്ഞുകിടപ്പുണ്ട്. ചിലപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സഭയുടെ നിലപാടുകളില്‍ ഭാവിയിലും പ്രതിധ്വനിച്ചുകൂടെന്നില്ല. എന്നാലും മാറ്റത്തിന്റെ കാറ്റ് സഭയുടെ ചിന്താഗതികളെയും സ്വാധീനിക്കുന്നതിന്റെ ഗുണപരമായ ദിശ തീര്‍ച്ചയായും കാണാതിരുന്നുകൂടാ.

r s kurup said...

It is a welcome change