Saturday, August 27, 2011

കേരളീയ നവോഥാനത്തിന്റെ സത്യവും മിഥ്യയും

ഈ വര്‍ഷത്തെ സി അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുവാന്‍ എനിക്കവസരമുണ്ടായി. 'കേരളീയ നവോഥാനം : സത്യവും മിഥ്യയും' എന്നതായിരുന്നു വിഷയം. വിഷയത്തിലേക്ക് കടക്കേണ്ടിവന്നപ്പോഴാണ് വല്ലാത്തൊരാത്മവിചാരണയ്ക്കു മുന്നില്‍ സ്വയം പ്രതിഷ്ഠിക്കേണ്ടിവന്നത്.

നാമൊക്കെ എത്രമാത്രം മാറിപ്പോയിരിക്കുന്നു. ആത്മവഞ്ചന കൂടാതെ പ്രഭാഷണ വേദിയില്‍പ്പോലും നില്‍ക്കാന്‍ കഴിയാതെ വന്നാലോ!

സി അച്യുതമേനോനെപ്പോലുള്ളവര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു സാംസ്‌കാരിക പ്രതിസന്ധിക്കു മുന്നിലാണ് അകപ്പെട്ടുപോയിരിക്കുന്നത് എന്ന് ബോധ്യപ്പെടുകയായിരുന്നു.

കേരളീയ നവോഥാനം പരിപൂര്‍ണമായും തലതിരിച്ചിടപ്പെട്ട സാമൂഹിക-സാംസ്‌കാരിക സാഹചര്യമാണ് ഇന്നു കേരളത്തിലുള്ളത്. പല പകല്‍കൊണ്ട് നാം നേടിയ യുക്തിമാര്‍ഗങ്ങളൊക്കെ ഒറ്റരാത്രികൊണ്ട് പിന്നിലേയ്ക്കാക്കുവാന്‍ പുനരുത്ഥാന ശക്തികള്‍ക്കു കഴിഞ്ഞിരിക്കുന്നു. അതിനോടൊക്കെ കുറ്റകരമായ മൗനം പാലിക്കുകവഴി കേരളീയ നവോത്ഥാനത്തിന്റെ സത്യത്തോട് നീതിപുലര്‍ത്താന്‍ കഴിയാത്തവരായി എന്നെപ്പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാറിപ്പോവുകയും ചെയ്തിരിക്കുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയും നിധിനിക്ഷേപവും എത്രയെത്ര അസംബന്ധ ചര്‍ച്ചകള്‍ക്കും പ്രസ്താവങ്ങള്‍ക്കുമാണ് അടുത്തകാലത്ത് വഴിതുറന്നത്. പൊതു പൗരസമൂഹത്തില്‍ യുക്തിചിന്തയുടെ കണികപോലും ശേഷിക്കുന്നില്ലെന്നു തോന്നിക്കുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു. കോടതിവിധികള്‍ക്കും മീതെ ജ്യോതിഷികളുടെ വിധി പ്രസ്താവങ്ങള്‍ വന്നു. അന്ധകാരയുഗങ്ങളില്‍പ്പോലും കേട്ടിട്ടില്ലാത്ത വിധത്തില്‍ അസംബന്ധങ്ങള്‍ നിരത്തി ദൈവജ്ഞര്‍ പ്രശ്‌നചാര്‍ത്തുകള്‍ കുറിച്ചു.

അതിലൊക്കെ വലിയ തമാശയായി എനിക്കനുഭവപ്പെട്ടത് മറ്റൊരു കാര്യമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അഭൂതപൂര്‍വമായി വര്‍ധിച്ചു. കാരണം ഒന്നുമാത്രമാണ്. ശ്രീപത്മനാഭന് സ്വത്തു വര്‍ധിച്ചിരിക്കുന്നു!

ധനമില്ലെങ്കില്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത ഈ കാലം തീര്‍ച്ചയായും മുതലാളിത്തത്തിന്റെ വിജയകാലം തന്നെ!

ആലുവാപ്പുഴയ്ക്കക്കരെയുള്ള പൊന്നമ്പലത്തെയും ഇക്കരെയുള്ള കല്ലമ്പലത്തെയും കുറിച്ച് വിശ്വാസഭക്തിയെ പരിഹസിച്ച് പാട്ടെഴുതിയ വയലാര്‍ രാമവര്‍മ്മയെ ഓര്‍ക്കാതെ വയ്യ. കല്ലിനെ തൊഴുന്നവരേ, ഈ കല്‍പ്പണിക്കാരെ മറക്കരുതേ എന്നെഴുതിയതും വയലാറാണ്. ആ ചിന്തകള്‍ക്കൊക്കെ പിന്നിലുണ്ടായിരുന്നത് കേരളീയ നവോഥാനത്തിന്റെ സത്യമായിരുന്നു. യുക്തിചിന്തയായിരുന്നു ആ സത്യത്തിന്റെ അടിസ്ഥാനബലം.

കേരളീയ നവോഥാനത്തിന്റെ മുന്‍നിര നായകനായി നാം കണക്കാക്കിപ്പോരുന്ന ശ്രീനാരായണഗുരു സന്യാസികള്‍ക്കിടയിലെ യുക്തിവാദിയായിരുന്നു. ദൈവംപോലും തുണയില്ലാത്ത പതിത ജനകോടികള്‍ക്കുവേണ്ടി അരുവിപ്പുറത്ത് പുഴയില്‍ നിന്നൊരു വെറും കല്ലെടുത്തു പ്രതിഷ്ഠിച്ചുകൊണ്ട് 'ഇത് അധഃസ്ഥിതരുടെ ദൈവമാണ്' എന്ന് ഗുരു പ്രഖ്യാപിക്കുന്നിടത്ത് നവോഥാന യുക്തിചിന്തയുടെ ധീരതയും മനുഷ്യസ്‌നേഹവുമുണ്ട്. അടിസ്ഥാന മനുഷ്യന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ ദൈവത്തെക്കൊണ്ട് ലോകത്തിന് യാതൊരു ആവശ്യവുമില്ല എന്നതാണ് ആ യുക്തിചിന്തയുടെ കാതല്‍. സമ്പന്ന സവര്‍ണക്കും രാജപ്രഭുക്കള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും മാത്രം ദര്‍ശനം നല്‍കുന്ന ഉപരിവര്‍ഗദൈവങ്ങള്‍ മഹാക്ഷേത്രങ്ങളില്‍ പാല്‍പ്പായസം കുടിച്ച് കൊഴുത്തപ്പോള്‍ അരുവിയിലെ വെറും ശിലയെ പ്രതീകാത്മകദൈവമാക്കുകയായിരുന്നു ഗുരു.

ആ യുക്തിചിന്തയില്‍ നിന്നാണ് നവോഥാനത്തിന്റെ സാംസ്‌കാരിക ശക്തികള്‍ മുഴുവന്‍ പിറവികൊണ്ടത്. പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ സ്വാതന്ത്ര്യമുള്ള പൊതുവഴിയില്‍ കൂടി അടിസ്ഥാന മനുഷ്യന് നടക്കാനവകാശമില്ലെന്നു പ്രഖ്യാപിച്ച അസംബന്ധ യുക്തിയെയാണ് പിന്നീട് അയ്യങ്കാളി ചോദ്യം ചെയ്തത്. സവര്‍ണപ്രമാണിമാര്‍ക്കു മാത്രം സഞ്ചരിക്കാനവകാശമുണ്ടായിരുന്ന വഴികളില്‍ സ്വന്തം വില്ലുവണ്ടിയില്‍ ധീരമായി സഞ്ചരിക്കുക മാത്രമല്ല, തടയാന്‍വന്ന മാടമ്പിമാരെയും സില്‍ബന്തികളെയും കയ്യൂക്കുകൊണ്ടും നെഞ്ചൂക്കുകൊണ്ടും നേരിടുകയും ചെയ്തു അയ്യങ്കാളി. അതിന്റെ തുടര്‍ച്ചയാണ് പൊതുപൗരസമൂഹം പിന്നീട് ഏറ്റെടുത്ത വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും.

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പ്രഖ്യാപിച്ച ഗുരുവിന്റെ യുക്തിയെ കുറെക്കൂടി വികസിപ്പിച്ചുകൊണ്ട്, 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് അസന്നിദ്ധമായി പ്രഖ്യാപിക്കുവാന്‍ ധൈര്യം കാട്ടി പിന്നീട് സഹോദരന്‍ അയ്യപ്പന്‍. (അയ്യങ്കാളിയുടെയും സഹോദരന്‍ അയ്യപ്പന്റെയും ജന്മദിനങ്ങള്‍ ഓഗസ്റ്റ് മാസത്തിലാണെന്നും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു).

കേരളീയ പൊതുബോധമണ്ഡലത്തെയൊന്നാകെ ഉഴുതുമറിച്ച മനുഷ്യസ്‌നേഹാധിഷ്ഠിതമായ ഈ യുക്തിചിന്തയാണ് നവോത്ഥാനാനന്തര മലയാള സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തെ പുരോഗമനോന്മുഖമാക്കി മാറ്റിപ്പണിഞ്ഞത്. ആ വഴിയിലാണ് പൊന്‍കുന്നം വര്‍ക്കി പള്ളിയെയും പട്ടക്കാരെയും നേരിട്ടത്. വൈക്കം മുഹമ്മദ് ബഷീര്‍ പൊന്‍കുരിശു തോമയെക്കൊണ്ട് പള്ളിയിലെ കുരിശു മോഷ്ടിച്ചത്. പള്ളിക്കെന്തിനാണ് പൊന്‍കുരിശ്? എന്ന് ഒരു ബഷീറിനും ഇന്ന് ചോദിക്കാനാവുകയില്ല.

'കാണ്ന്ന മനുസന്‍മാരെ വിശ്വസിക്കാത്തോരെങ്ങനാടോ കാണാത്ത പടച്ചോനെ വിശ്വസിക്കുന്നത്?' എന്ന് ഇടശ്ശേരിയുടെ അബൂബക്കര്‍ക്ക് ഇന്ന് ചോദിക്കാന്‍ കഴിയുകയില്ല. 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന് ഒരു നാടകത്തിന് ഇനിയാരും പേരിടുകയില്ല.

എന്തിന്, ജീവിതകാലം മുഴുവന്‍ തനിക്ക് യാതൊരു പ്രയോജനവും ചെയ്യാതിരുന്ന ഭഗവതിയുടെ മുഖത്ത് ഒരിക്കല്‍കൂടി വെളിച്ചപ്പാടിനെക്കൊണ്ട് കാര്‍ക്കിച്ച് തുപ്പിക്കുവാന്‍ എം ടി വാസുദേവന്‍ നായര്‍ക്കും ഇനി സാധ്യമാവുകയില്ല. ആത്മവിചാരണയുടെ ഭാഷയില്‍ എം ടി ഒരിക്കല്‍ അതു തുറന്നു പറയുകയും ചെയ്തുവല്ലോ.

ഇതാണ് കേരളീയ നവോത്ഥാനത്തിന്റെ മിഥ്യാകാലം. നവോത്ഥാനചിന്തയുടെ അപാരമായ മനുഷ്യസ്‌നേഹം കൊളുത്തിവെച്ച യുക്തിയുടെ വെളിച്ചങ്ങളെയെല്ലാം ഇരുട്ടിന്റെ ശക്തികള്‍ കെടുത്തിക്കളഞ്ഞിരിക്കുന്നു.

ജ്യോതിഷികളുടെ പ്രശ്‌നവിധി ഭയന്ന്, രാജദാസ്യം രുചിച്ച്, ധനമുള്ള ദൈവങ്ങള്‍ക്ക് പാല്‍പ്പായസം നേദിച്ച് പുനരുത്ഥാന മന്ത്രവാദികള്‍ നവോത്ഥാന ചരിത്രത്തെ പിന്നോട്ടുവലിക്കുകയാണ്.

ചരിത്രബോധമുള്ള മനുഷ്യസ്‌നേഹികള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ മിണ്ടാതിരിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്.

*****

വൃത്താന്തം/ആലങ്കോട് ലീലാകൃഷ്ണന്‍, കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ChethuVasu said...

സത്യം ! ഇത് യുക്തിചിന്തയുടെ പതനോത്തോടൊപ്പം സംഖ്യാധിഷ്ടിത ജനാധിപത്യത്തിന്റെ വിജയം കൂടി ആണെന്ന് മറക്കരുത് ..!
-വാസു