Wednesday, August 24, 2011

എനിക്കിങ്ങനെയുള്ള ഒരു ‘അണ്ണാ’ആകേണ്ട...

നാമിപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് വിപ്ലവം എങ്കില്‍ അത് സമീപകാലത്തരങ്ങേറിയവയിൽ ഏറെ അസുഖകരവും മനസ്സിലാക്കാനാവത്തതുമാണെന്നത് പറയാതെ വയ്യ. ജന്‍ ലോക്‍പാല്‍ ബില്ലിനെക്കുറിച്ച് നിങ്ങള്‍ക്കിപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളുണ്ടോ, അവയ്ക്കെല്ലാം ലഭിച്ചേക്കാവുന്ന ഉത്തരങ്ങള്‍ ഇവയായിരിക്കും : കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കുക — 1. വന്ദേ മാതരം 2. ഭാരത് മാതാ കി ജയ് 3. ഇന്ത്യ ഈസ് അണ്ണാ, അണ്ണാ ഈസ് ഇന്ത്യ 4. ജയ് ഹിന്ദ്.

തികച്ചും വ്യത്യസ്തമായ കാരണങ്ങളാലും, തികച്ചും വ്യത്യസ്തമായ മാര്‍ഗങ്ങളിൽക്കൂടിയും ആണെങ്കിലും മാവോയിസ്റ്റുകളും ജന്‍ ലോക്‍പാല്‍ ബില്ലും ലക്ഷ്യമിടുന്ന കാര്യത്തില്‍ ഒരു സമാനതയുണ്ട് - അവര്‍ രണ്ടു പേരും ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഒന്ന് പ്രവര്‍ത്തിക്കുന്നതു താഴേത്തട്ടില്‍ നിന്ന് മുകളിലേക്ക്, ദരിദ്രരില്‍ ദരിദ്രരായ ആദിവാസി സൈന്യം നടത്തുന്ന ഒരു സായുധവിപ്ലവത്തിന്റെ മാര്‍ഗത്തിലൂടെ. മറ്റേത്, മുകളില്‍ നിന്ന് താഴേക്ക്, പുത്തനായി പടച്ചുണ്ടാക്കിയ ഒരു വിശുദ്ധന്റെയും, നഗരവാസികള്‍ക്ക് ഭൂരിപക്ഷമുള്ള, ജീവിതസൗകര്യങ്ങള്‍ക്ക് ഒട്ടും മുട്ടില്ലാത്തവര്‍ അടങ്ങുന്ന സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള രക്തരഹിതമായൊരു ഗാന്ധിയന്‍ ഭരണ അട്ടിമറിയിലൂടെ. (ഇക്കാര്യത്തിൽ, സ്വയം അട്ടിമറിയ്ക്കപ്പെടാ‍ൻ വേണ്ടതെല്ലാം സർക്കാർ തങ്ങളാലാവും വിധം ചെയ്യുന്നുണ്ട്.)

2011 ഏപ്രിലില്‍, അണ്ണാ ഹസാരെയുടെ ആദ്യത്തെ “മരണം വരെ നിരാഹാര”സമരം കുറച്ച് ദിവസം പിന്നിട്ടു കഴിഞ്ഞ സമയത്ത്, സ്വന്തം വിശ്വാസ്യതക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് പുറത്ത് വന്ന വമ്പന്‍ കുംഭകോണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാനായി സര്‍ക്കാര്‍ അണ്ണാ ഹസാരെ ടീമിനെ (സിവില്‍ സൊസൈറ്റി ഗ്രൂപ്പുകാര്‍ തെരഞ്ഞെടുത്ത ബ്രാന്‍ഡ് നാമമാണിത്), പുതിയ അഴിമതി വിരുദ്ധ നിയമത്തിനായുള്ള സംയുക്ത കരട് രൂപീകരണ സമിതിയില്‍ അംഗമാകുവാന്‍ ക്ഷണിച്ചു. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഈ ശ്രമം ഉപേക്ഷിക്കുകയും തങ്ങളുടെ തന്നെ ഒരു ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ആ ബില്ലാകട്ടെ ഗൌരവമായി എടുക്കാന്‍ കഴിയാത്തവണ്ണം പിഴവുകളുള്ളതും.

തുടര്‍ന്ന്, ആഗസ്റ്റ് 16ന്, തന്റെ രണ്ടാമത്തെ “മരണം വരെ നിരാഹാരം” തുടങ്ങുന്നതിന്റെ അന്ന്, അണ്ണാ ഹസാരെ നിരാഹാരമാരംഭിക്കുകയോ എന്തെങ്കിലും നിയമം ലംഘിക്കുകയോ ചെയ്യുംമുന്‍പെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ജന്‍ ലോക്‍പാല്‍ ബില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സമരം പൊടുന്നനെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരവുമായി ഒട്ടിച്ചേര്‍ന്നു. ഈ “രണ്ടാം സ്വാതന്ത്യ സമരം” തുടങ്ങി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. കുശാഗ്രതയോടെ, അദ്ദേഹം ജയില്‍ വിടുവാന്‍ വിസമ്മതിച്ചു. ഒരു പൊതു സ്ഥലത്ത് നിരാഹാരം നടത്തുവാനുള്ള അവകാശത്തിനായി അദ്ദേഹം തീഹാര്‍ ജയിലിലില്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍, ജനക്കൂട്ടവും ടെലിവിഷന്‍ വാനുകളും പുറത്ത് നില്‍ക്കെ, ഹസാരെ സംഘം ജയിലിനകത്തേക്കും പുറത്തേക്കും ഓടിനടക്കുകയും ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതിനായുള്ള അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. ( മറ്റേത് വ്യക്തിക്കാണ് ഇത്തരമൊരു സൌകര്യം ലഭിക്കുക?) ഇതിനിടയില്‍ ഡല്‍ഹി മുനിസിപ്പല്‍ കമ്മീഷനിലെ 250 ജീവനക്കാര്‍, 15 ട്രക്കുകളുടെയും 6 മണ്ണുമാന്തികളുടെയും സഹായത്തോടെ, രാപ്പകലില്ലാതെ ജോലി ചെയ്ത് ചെളിപ്പരുവത്തിലുള്ള രാം ലീലാ മൈതാനത്തെ വാരാന്തക്കാഴ്ചക്കായി ഒരുക്കിയെടുക്കുകയായിരുന്നു. അങ്ങിനെ, മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തിന്റെ കൺ‌മുന്നില്‍, ക്രെയിനില്‍ ഘടിപ്പിച്ച ക്യാമറകളുടെ സാന്നിദ്ധ്യത്തില്‍, ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാരുടെ പരിചരണത്തില്‍, ഏവരാലും പരിസേവിതനായ അണ്ണാഹസാരെയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. “കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു” എന്നാണ് ടിവി അവതാരകര്‍ നമ്മോട് പറയുന്നത്.

അണ്ണാ ഹസാരെയുടെ വഴികള്‍ ഗാന്ധിയന്‍ ആയിരിക്കാം, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ പക്ഷേ തീര്‍ച്ചയായും അല്ല. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ജന്‍ ലോക്പാല്‍ ബില്‍ എന്നത് ഒരു കഠിനമായ (ഡ്രാക്കോണിയന്‍) അഴിമതിവിരുദ്ധ നിയമമാണ്. താഴെ തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍, നീതിപീഠം, പാര്‍ലിമെന്റ് അംഗങ്ങള്‍, ബ്യൂറോക്രസി എന്നിവയെയെല്ലാം മേല്‍ പൊലീസിംഗിനു അധികാരമുള്ള, ആയിരക്കണക്കിനു ജീവനക്കാരുള്ള, ഒരു ഭരണസംവിധാനത്തെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പാനല്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണിത്. ലോക്‌ പാലിന് അന്വേഷണം, നിരീക്ഷണം, ശിക്ഷ എന്നിവയ്ക്കുള്ള അധികാരമുണ്ടായിരിക്കും. സ്വന്തമായി ജയിലറകള്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍, അത് തികച്ചും സ്വതന്ത്രമായൊരു ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. ഇന്ന് നമുക്കു നിലവിലുള്ള ചീര്‍ത്ത, ഉത്തരവാദിത്തമില്ലാത്ത, അഴിമതിനിറഞ്ഞ ഒന്നിനെതിരെ.ഒന്നിനു പകരം രണ്ട് പ്രഭുവാഴ്ചകള്‍.

ഇത് ഫലപ്രദമാകുമോ ഇല്ലയോ എന്നത് അഴിമതി എന്നതിനെ നമ്മള്‍ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഴിമതി എന്നത് ഒരു നിയമപ്രശ്നം മാത്രമാണോ, സാമ്പത്തിക തിരിമറിയും കൈക്കൂലിയും മാത്രമാണോ, അതോ അത് വളരെച്ചെറിയൊരു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന പെരുകുന്ന അസമത്വമുള്ള ഒരു സമൂഹത്തിലെ വിനിമയോപാധിയാണോ ? തെരുവുകച്ചവടം നിരോധിക്കപ്പെട്ടതും ഷോപ്പിംഗ് മാളുകള്‍ നിറഞ്ഞതുമായ ഒരു നഗരം സങ്കല്‍പ്പിക്കുക. റോന്തുപോലീസുകാരനും മുനിസിപ്പല്‍ ജീവനക്കാരനും കൈക്കൂലി നല്‍കി നിയമം ലംഘിച്ച് ഒരു തെരുവുകച്ചവടക്കാരി ഷോപ്പിംഗ് മാളുകളില്‍ നിന്ന് സാധനം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായി തന്റെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് കരുതുക. അതത്ര വലിയൊരു പാതകമാണോ? ഭാവിയിലിനി അവള്‍ ലോക്പാല്‍ പ്രതിനിധികള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടി വരുമോ? ജനത്തിനു വണങ്ങാന്‍ പുതിയൊരു അധികാരകേന്ദ്രത്തെക്കൂടി ഉണ്ടാക്കലാണോ അതോ സാമൂഹ്യഘടനയിലെ അസമത്വങ്ങളെ സംബോധന ചെയ്യുക എന്നതാണോ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ?

അതേസമയം, അണ്ണാ വിപ്ലവത്തിന്റെ രംഗവിതാനവും സംവിധാനവും ആക്രാമക ദേശീയതയും പതാകവീശലുമെല്ലാം കടമെടുക്കപ്പെട്ടിട്ടുള്ളത് സംവരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നും ലോകകപ്പ് വിജയാഘോഷങ്ങളില്‍ നിന്നും ആണവപരീക്ഷണ കൊണ്ടാട്ടങ്ങളില്‍ നിന്നുമൊക്കെയാണ്. നമ്മളീ നിരാഹാരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ 'യഥാര്‍ഥ ഇന്ത്യക്കാരന്‍' അല്ലെന്നാണ്‌ അവര്‍ നമ്മളോട് സൂചിപ്പിക്കുന്നത്. പ്രക്ഷേപണയോഗ്യമായ വേറൊരു വാര്‍ത്തയും രാജ്യത്തില്ലെന്ന് നമ്മുടെ 24-മണിക്കൂര്‍ ചാനലുകള്‍ തീരുമാനിച്ചു കഴിഞ്ഞു.

‘നിരാഹാരം’ എന്നുപറഞ്ഞാല്‍ അത് സംശയത്തിന്റെ പുറത്ത് കൊല്ലാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുന്ന AFSPA-ക്കെതിരെ പത്തു കൊല്ലത്തിലധികം കാലം ഇറോം ഷര്‍മ്മിള നടത്തിയ നിരാഹാരസമരം എന്ന് തീര്‍ച്ചയായും അര്‍ത്ഥമില്ല (അവരെയിപ്പോള്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയാണ്‌). ആണവ നിലയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിനു ഗ്രാമവാസികള്‍ കൂടങ്കുളത്ത് ഈ സമയത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന റിലേ നിരാഹാരസമരവും 'നിരാഹാര'മല്ലത്രെ. ‘ജനം’ എന്നതിന് ഇറോം ഷര്‍മ്മിളയുടെ നിരാഹാരസമരത്തെ പിന്തുണയ്ക്കുന്ന മണിപ്പൂരികള്‍ എന്ന് അര്‍ത്ഥമില്ല. കലിംഗനഗറിലും, നിയാംഗിരിയിലും, ബസ്തറിലും, ജയ്താപൂരിലും ആയുധധാരികളായ പോലീസുകാരെയും ഖനിമാഫിയകളെയും നേരിട്ടുകൊണ്ടിരിക്കുന്ന ആയിരങ്ങള്‍ എന്നും അതിനര്‍ത്ഥമില്ല. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലെ ഇരകളെയോ, നര്‍മ്മദ താഴ്വരയിലെ അണക്കെട്ടുകള്‍ മൂലം കുടിയൊഴിക്കപ്പെട്ടവരെയോ നാം 'ജനം' എന്നുദ്ദേശിക്കുന്നില്ല. ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പോരാടുന്ന നോയ്ഡയിലെയൊ പൂനെയിലെയൊ ഹരിയാനയിലെയോ രാജ്യത്തെ മറ്റെവിടെയെങ്കിലുമോ ഉള്ള കര്‍ഷകരെ നാം ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

"ജനം" എന്നതിന്റെ ഒരേ ഒരു അര്‍ത്ഥം തന്റെ ജന ലോക് പാല്‍ ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും പാസാക്കുകയും ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കും എന്ന് ഒരു എഴുപത്തിനാലുകാരന്‍ ഭീഷണിപ്പെടുത്തുന്ന കാഴ്ച കാണാനെത്തിയ പ്രേക്ഷകര്‍ മാത്രമാണ്. ക്രിസ്തു വിശന്നവരെ ഊട്ടുന്നതിനായി മത്സ്യത്തെയും അപ്പത്തെയും ഇരട്ടിപ്പിച്ച പോലെ, ടിവി ചാനലുകൾ ജാലവിദ്യയാല്‍ ദശലക്ഷക്കണക്കിനാക്കി എണ്ണം പെരുക്കിക്കാണിക്കുന്ന പതിനായിരങ്ങളാണ് "ജനം". “ഇന്ത്യയെന്നാല്‍ അണ്ണാ ആണ്‌.” എന്ന് 'നൂറുകോടി ശബ്ദങ്ങള്‍ സംസാരിച്ചുകഴിഞ്ഞു' എന്ന് ചാനലുകള്‍ നമ്മോടു പറയുന്നു.

ശരിക്കും ആരാണീ പുതിയ വിശുദ്ധന്‍, ഈ പുതിയ ജനശബ്ദം ? അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യത്തിലും ഇയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി നമ്മള്‍ കേട്ടിട്ടില്ല. അയാളുടെ ചുറ്റുവട്ടത്തെ കര്‍ഷക ആത്മഹത്യകളെപ്പറ്റിയോ അല്പമകലത്തുള്ള 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടി'നെപ്പറ്റിയോ ഒന്നും. സിംഗൂരിനെപ്പറ്റിയോ നന്ദിഗ്രാമിനെപ്പറ്റിയോ ലാല്‍ഗറിനെപ്പറ്റിയോ പൊസ്കോയെപ്പറ്റിയോ പ്രത്യേകസാമ്പത്തികമേഖലപ്രശ്നങ്ങളെപ്പറ്റിയോ ഒന്നും. മധ്യേന്ത്യയിലെ കാടുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെപ്പറ്റിയും ഇയാളെന്തെങ്കിലും കാഴ്ചപ്പാടുപങ്കുവച്ചതായി നമുക്കറിവില്ല.

എങ്കിലും, ഏതിനും പുള്ളി രാജ് താക്കറേയുടെ "മറാത്തി മാനൂമാരുടെ അപരവിരോധ"ത്തെ പിന്തുണയ്ക്കുന്നുണ്ട്. മുസ്ലീം വംശഹത്യയ്ക്ക് മേല്‍നോട്ടം വഹിച്ച ഗുജറാത്ത് മുഖ്യമന്ത്രിയുടെ 'വികസനമാതൃക'യെ പുകഴ്ത്തിയിട്ടുമുണ്ട് (പൊതുപ്രതിഷേധത്തെത്തുടര്‍ന്ന് അണ്ണാ ആ പ്രസ്താവന പിന്‍‌വലിച്ചു, എങ്കിലും അഭിനന്ദനം പിന്‍‌വലിച്ചതായി കാണുന്നില്ല).

ബഹളങ്ങള്‍ക്കിടയിലും പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ട പണി ചെയ്യാന്‍ സ്വബോധമുള്ള ജേർണലിസ്റ്റുകള്‍ തയ്യാറായി. അതുകൊണ്ട് നമുക്ക് അണ്ണായുടെ പഴയ ആര്‍ എസ് എസ് ബന്ധത്തെപ്പറ്റിയറിയാം. അണ്ണയുടെ റാലേഗാവ് സിദ്ധിയെപ്പറ്റി പഠിച്ച മുകുള്‍ ശര്‍മ്മയില്‍ നിന്ന് നാം അതിനെപ്പറ്റി കേട്ടിട്ടുണ്ട്, 25 വര്‍ഷമായി ഒരു ഗ്രാമപഞ്ചായത്തോ സഹകരണസംഘം തെരഞ്ഞെടുപ്പോ നടക്കാത്ത ഗ്രാമ്യസമൂഹത്തിന്റെ കഥകള്‍. നമുക്കറിയാം, "ഹരിജന"ത്തെപ്രതി അണ്ണായ്ക്കുള്ള മനോഭാവമെന്തെന്ന് : "എല്ലാ ഗ്രാമത്തിലും ഒരു ചമാറും [ചെരുപ്പുകുത്തി] സുനാറും [തട്ടാന്‍], കുമ്ഹാറും [കുശവന്‍] അതുപോലുള്ളവരും വേണം എന്നത് മഹാത്മാഗാന്ധിയുടെ ദര്‍ശനമായിരുന്നു. അവരെല്ലാം അവരവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലു ചെയ്യുമ്പോള്‍ ഒരു ഗ്രാമം സ്വയം പര്യാപ്തമായിക്കോളും. റാലേഗാവ് സിദ്ധിയില്‍ ഞങ്ങളിതാണ് നടപ്പിലാക്കുന്നത്." അണ്ണായുടെ കൂട്ടത്തിലുള്ളവര്‍ സം‌വരണ വിരുദ്ധ("മെറിറ്റനുകൂല") സംഘമായ യൂത്ത് ഫോര്‍ ഇക്വാളിറ്റി പോലുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ ?

കൊക്കക്കോളയും ലേമാന്‍ ബ്രദേഴ്സും അടക്കമുള്ള കുറേ കമ്പനികളുടെ സമൃദ്ധമായ സംഭാവനയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപിടി എന്‍‌ജി‌ഓകള്‍ കൊണ്ടുനടത്തുന്നവരാണ്‌ അണ്ണായജ്ഞം കൈകാര്യം ചെയ്യുന്നത്. അണ്ണാ സംഘത്തിലെ മുഖ്യരായ അരവിന്ദ് ഖെജ്റീവാളും മനീഷ് ശിശോദിയയും നടത്തുന്ന 'കബീർ ' കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ 400,000 ഡോളര്‍ ഫണ്ട് വാങ്ങിയിട്ടുണ്ട്. അഴിമതിവിരുദ്ധ ഇന്‍ഡ്യാ യജ്ഞത്തിന്റെ (india against corruption) സംഭാവനാദാതാക്കളായി അലൂമിനിയം പ്ലാന്റ് നടത്തിപ്പുകാരും തുറമുഖംപണി കമ്പനികളും സെസ്സ് നിര്‍മാണക്കാരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമൊക്കെയുണ്ട്; ഇവരാകട്ടെ ആയിരക്കണക്കിനു കോടികളുടെ സാമ്രാജ്യങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരും. അതില്‍ ചിലരാകട്ടെ ഇപ്പോള്‍ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി അന്വേഷണം നേരിടുന്നവരുമാണ്. ഇവരെല്ലാം എന്തേ ഇത്ര ആവേശത്തില്‍ ?

ഓര്‍ക്കുന്നുണ്ടോ? ജന്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടിയുള്ള യജ്ഞം ചൂടുപിടിച്ചത് വിക്കിലീക്സിന്റെയും 2ജി സ്പെക്ട്രമടക്കമുള്ള കുറേ നാണംകെട്ട കുംഭകോണങ്ങളുടെയും വെളിച്ചപ്പെടലിന്റെ കാലത്തായിരുന്നു. പ്രധാന കോര്‍പ്പറേറ്റുകള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്നെ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയുമൊക്കെ കുറേ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട, ആയിരക്കണക്കിനു കോടികളുടെ പൊതുമുതല്‍ ഊറ്റിയ കുംഭകോണങ്ങളായിരുന്നു അവ. അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ്‌ ജേര്‍ണലിസ്റ്റ് - ലോബിയിസ്റ്റ് കൂട്ടങ്ങള്‍ നാണം കെട്ടത്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ തലപ്പത്തെ ചില പ്രധാനികള്‍ ജയിലിലാവുമെന്ന സ്ഥിതിവരെ എത്തിയിരുന്നു ഒരിടയ്ക്ക്. ഒരു " അഴിമതിവിരുദ്ധ" ബഹുജന പ്രക്ഷോഭത്തിനു എത്ര അനുയോജ്യമായ സമയം ‌. അല്ല, അങ്ങനെ ആയിരുന്നോ?

സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്‌. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

അങ്ങനെ, മറ്റുള്ള എല്ലാവരെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, 'സര്‍ക്കാര്‍തലത്തിലെ അഴിമതിയെയും ദുഷിച്ച രാഷ്ടീയക്കാരെയും' ആക്രമിക്കുന്ന ഒരു പ്രചരണപരിപാടി മുന്നോട്ട് വെച്ചുകൊണ്ട്, ഇവര്‍ സമര്‍ത്ഥമായി കുടുക്കില്‍ നിന്ന് സ്വയം ഊരിയെടുത്തിരിക്കുകയാണ്‌. സര്‍ക്കാരിനെ മാത്രം ഭീകരരൂപിയാക്കി പ്രതിഷ്ഠിക്കുന്നതിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും സര്‍ക്കാരിനെ പിന്‍‌വലിക്കാനും രണ്ടാംവട്ട പരിഷ്കാരങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും പൊതുവിഭവങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും മേല്‍ കൂടുതല്‍ അവകാശത്തിനും ശബ്ദമുയര്‍ത്താനുള്ള ഒരു നിലപാടുതറയാണ്‌ ഇവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് - ഇതാണ്‌ കൂടുതല്‍ വഷളായ കാര്യം. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് അഴിമതി എന്നത് നിയമവിധേയമാകുകയും ഉപജാപ കൂലി (Lobbying Fee) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.

ദിവസേനം 20 രൂപ വരുമാനത്തില്‍ ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക് അവരെ ദരിദ്രരാക്കുകയും രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു കൂട്ടം നയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുക വഴി എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?

അങ്ങേയറ്റം ഭയാനകമായ ഈ പ്രതിസന്ധി രൂപമെടുത്തിട്ടുള്ളത് ജനങ്ങളെ പ്രതിനിധീകരിക്കാത്ത കോടീശ്വര രാഷ്ട്രീയക്കാരും ക്രിമിനലുകളും നിറഞ്ഞ നിയമനിര്‍മാണസഭകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ പരാജയത്തിലൂടെയാണ് ; ഇതില്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ ഒറ്റ ജനാധിപത്യസ്ഥാപനവും ഇല്ല. പതാകവീശല്‍ കണ്ട് വിഡ്ഡികളാകരുത്. അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ നടത്തുന്ന ഏതൊരു യുദ്ധത്തെയും പോലെ മാരകമായതും മാടമ്പിഭരണത്തിലേക്ക് ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ളതുമായ ഒരു യുദ്ധമാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നഷ്ടപ്പെടാന്‍ നമുക്കു വളരെ വളരെ കൂടുതലുണ്ടെന്ന് മാത്രം.


*
Linkഅരുന്ധതി റോയ് ദി ഹിന്ദു ദിനപ്പത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്‌. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

അങ്ങനെ, മറ്റുള്ള എല്ലാവരെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, 'സര്‍ക്കാര്‍തലത്തിലെ അഴിമതിയെയും ദുഷിച്ച രാഷ്ടീയക്കാരെയും' ആക്രമിക്കുന്ന ഒരു പ്രചരണപരിപാടി മുന്നോട്ട് വെച്ചുകൊണ്ട്, ഇവര്‍ സമര്‍ത്ഥമായി കുടുക്കില്‍ നിന്ന് സ്വയം ഊരിയെടുത്തിരിക്കുകയാണ്‌. സര്‍ക്കാരിനെ മാത്രം ഭീകരരൂപിയാക്കി പ്രതിഷ്ഠിക്കുന്നതിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും സര്‍ക്കാരിനെ പിന്‍‌വലിക്കാനും രണ്ടാംവട്ട പരിഷ്കാരങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും പൊതുവിഭവങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും മേല്‍ കൂടുതല്‍ അവകാശത്തിനും ശബ്ദമുയര്‍ത്താനുള്ള ഒരു നിലപാടുതറയാണ്‌ ഇവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് - ഇതാണ്‌ കൂടുതല്‍ വഷളായ കാര്യം. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് അഴിമതി എന്നത് നിയമവിധേയമാകുകയും ഉപജാപ കൂലി (Lobbying Fee) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.

അവര്‍ണന്‍ said...

തൊലി പുറമെയുള്ള ചികിത്സയാണ് അഴിമതി നിര്‍മാര്‍ജന നിയമ നിര്‍മാണം. മാറേണ്ടത് രാജ്യത്തെ സിംഹഭാഗവും അധികാരവും ധനവും കയ്യാളുന്ന സവര്‍ണരുടെ നീതി ബോധമാണ്. ദൈവത്തിനു കൈകൂലി കൊടുത്തു മോക്ഷം വാങ്ങാം എന്ന് ബ്രാഹ്മണ്യം ഇന്നാട്ടുകാരെ പഠിപ്പിച്ചു കഴിഞ്ഞു. കൈകൂലി ഭാരതീയന്റെ ദിനേനയുള്ള ചര്യകളില്‍ ഇടം തേടിയത് അങ്ങിനെയാണ്. അഴിമതി ഇന്ത്യയില്‍ നിയമ വിധേയമാക്കിയ ബ്രാഹ്മണ്യത്തിന്റെ കൂട്ടി കൊടുപ്പുകാരന്‍ ആണ് അണ്ണാ ഹസാരയും പട്ടിണി ഗുരു രാം ദേവും.