Thursday, August 11, 2011

ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വ്യക്തം

1991ല്‍ കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് പാമൊലിന്‍ സംഭവങ്ങളുടെ തുടക്കം. അതുവരെ ദീപാവലിയും ദസറയുമെല്ലാം ഉത്തരേന്ത്യയിലും കര്‍ണാടകത്തിലുമൊക്കെയാണ് വലിയ ഉത്സവങ്ങളെങ്കില്‍ ഇത്തവണ കേരളത്തില്‍ ഓണംപോലെയാകട്ടെ ദസറയും ദീപാവലിയുമെന്ന് അക്കൊല്ലം കരുണാകരനും മുസ്തഫയും ഉമ്മന്‍ചാണ്ടിയുമെല്ലാം ചേര്‍ന്ന് തീരുമാനിക്കുന്നു. ദസറ ഓണംപോലെ പൊലിപ്പിക്കണമെങ്കില്‍ പാമൊലിന്‍ കൂടാതെ കഴിയില്ല. ടെന്‍ഡര്‍ വിളിച്ച് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ അടുത്ത കൊല്ലത്തെ ദസറയ്ക്കേ ചരക്ക് എത്തൂ. അങ്ങനെയാണ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി കരുണാകരന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് കത്തയക്കുന്നത്.
ദസറയും ദീപാവലിയും പ്രമാണിച്ച് പാമൊലിന്‍ നേരിട്ട് ഇറക്കുമതിചെയ്യാന്‍ (എസ്ടിസി മുഖേനയല്ലാതെ) സംസ്ഥാനത്തിന് അനുമതി നല്‍കണമെന്നാണ് അഭ്യര്‍ഥന. സോപാധിക അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കരുണാകരന് കത്തയച്ചത് നവംബര്‍ ആറിന്. അപ്പോഴേക്കും ദസറയും ദീപാവലിയും കഴിഞ്ഞുപോയിരുന്നു. രണ്ടും കേരളജനത ഉള്ള പാമൊലിന്‍കൊണ്ട് ഓണംപോലെയാക്കുകയുംചെയ്തു. ദസറയും ദീപാവലിയും പിന്നിട്ട് ആഴ്ചകള്‍ക്കുശേഷം നവംബര്‍ 26നാണ് കേന്ദ്രസര്‍ക്കാര്‍ പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന് സര്‍ക്കുലര്‍ അയച്ചത്. കേന്ദ്ര നിര്‍ദേശങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ട് നവംബര്‍ 27ന് ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ മന്ത്രിസഭായോഗത്തില്‍ അസാധാരണ ഇനമായി പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതി തേടുന്നു. മുഖ്യമന്ത്രിയുടെയും ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അംഗീകാരത്തോടെയാണ് അത് ക്യാബിനറ്റിലെത്തുന്നത്. ആഗോള ടെന്‍ഡര്‍ വിളിക്കാതെയും 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കാന്‍ സമ്മതിച്ചുകൊണ്ടും പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കാനാണ് മുസ്തഫ, ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അംഗീകാരത്തോടെ മന്ത്രിസഭയില്‍ അസാധാരണ അജന്‍ഡ കൊണ്ടുവന്നതും പാസാക്കിയെടുത്തതും. മന്ത്രിസഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത് ഡിസംബര്‍ രണ്ടിനാണ്. ഉത്തരവ് പുറത്തുവരുംമുമ്പുതന്നെ നവംബര്‍ 29ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. മാത്രമല്ല ടെന്‍ഡര്‍ വിളിക്കാതെ തന്നെ പി ആന്‍ഡ് ഇ ലിമിറ്റഡിന്റെ സഹസ്ഥാപനമായ മദ്രാസിലെ മാലാ എക്സ്പോര്‍ട്ട് കോര്‍പറേഷനെ ഇറക്കുമതിയുടെ കൈകാര്യകര്‍ത്താക്കളാക്കുന്നതിനും കരാര്‍ ഒപ്പിട്ടു. ടണ്ണിന് 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ ഇറക്കുമതി ചെയ്യാന്‍ 1992 ജനുവരി 24ന് കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായിരുന്നു ഇറക്കുമതി. 1992 മാര്‍ച്ച് പത്തിന് ഈ കൊടിയ അഴിമതി നിയമസഭയില്‍ തുറന്നുകാണിച്ചു. മന്ത്രിസഭാ കുറിപ്പുകളടക്കം പ്രസക്ത രേഖകളെല്ലാം സഭയില്‍ ഹാജരാക്കിക്കൊണ്ടായിരുന്നു അത്. നിയമസഭയ്ക്കകത്തും പുറത്തും കോടതികളിലുമായി ഈ നഗ്നമായ അഴിമതിക്കെതിരെ പോരാട്ടം തുടരുകയാണ്. എസ്ടിസി മുഖേന ഇറക്കുമതിചെയ്യാന്‍ തയ്യാറായില്ല, എസ്ടിസി ഇറക്കുമതിചെയ്യുന്ന നിരക്ക് ശരാശരി 392.25 ഡോളറായിരിക്കെ കേരള ഗവണ്‍മെന്റ് 405 ഡോളര്‍ നിരക്ക് അംഗീകരിച്ചു, 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കി, കരാര്‍ ഒപ്പിട്ട് രണ്ടുമാസം കഴിഞ്ഞാണ് വില നിശ്ചയിച്ചത്, പാമൊലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയില്ല, ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചു, വില നിശ്ചയിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാഞ്ഞതുപോലെ ഇറക്കുമതിയുടെ കൈകാര്യകര്‍ത്താക്കളെ നിശ്ചയിച്ചതും ടെന്‍ഡര്‍ വിളിക്കാതെയാണ് - ഇതെല്ലാം കാരണം സംസ്ഥാന സര്‍ക്കാരിന് അന്നത്തെ നിരക്കില്‍ 232 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

ഈ കാര്യങ്ങള്‍ ആദ്യം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയത് എജിയും പിന്നീട് സിഎജിയുമാണ് - 1993 മാര്‍ച്ച് 31ന്റെ റിപ്പോര്‍ട്ടില്‍ . ഇതേത്തുടര്‍ന്ന് ഇന്നത്തെ കെപിസിസി വക്താവ് കൂടിയായ എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തി. 1996 മാര്‍ച്ച് 19ന് പിയുസി സമര്‍പ്പിച്ച മുപ്പത്തെട്ടാമത് റിപ്പോര്‍ട്ടില്‍ നാല് കാര്യങ്ങള്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. 1) നാണ്യ വിനിമയത്തിലെ അന്തരം പരിഹരിക്കുന്നതിനും മറ്റുമായി 15 ശതമാനം സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചത് വിലപേശല്‍ കൂടാതെയാണ്. പാമൊലിന്റെ വില ഡോളറായി നല്‍കേണ്ടതുമില്ലായിരുന്നു. 2) ഹാന്‍ഡ്ലിങ് ഏജന്റായി പി ആന്‍ഡ് ഇ കമ്പനിയുടെ സഹകമ്പനിയായ മാല എക്സ്പോര്‍ട്ട് കോര്‍പറേഷനെ നിശ്ചയിച്ചത് ടെന്‍ഡര്‍ വിളിക്കാതെയാണ് - അത് ചട്ടവിരുദ്ധമാണ്. 3) കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതുവഴി നാലുകോടി രൂപയുടെ നഷ്ടമുണ്ടാക്കി. 4) ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കില്‍ കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനാവുമായിരുന്നു. സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടിന്റെയും കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ പിയുസി കണ്ടെത്തലിന്റെയും പശ്ചാത്തലത്തിലാണ് 1997 മാര്‍ച്ച് 21ന് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. 2001 മാര്‍ച്ച് 23ന് സംഭവകാലത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ , ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍ , പി ആന്‍ഡ് ഇ കമ്പനി ഡയറക്ടര്‍മാരായ വി സദാശിവന്‍ , ശിവരാമകൃഷ്ണന്‍ , ഭക്ഷ്യവകുപ്പ് സെക്രട്ടറി പി ജെ തോമസ് എന്നിവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വിജിലന്‍സ് കോടതി കേസ് ഫയലില്‍ സ്വീകരിച്ചതോടെ നീണ്ട നിയമയുദ്ധങ്ങളുടെ തുടക്കമായി. കെ കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരന്തരം റിട്ടും അപ്പീലുമായി പോയതിനെത്തുടര്‍ന്ന് കേസ് ഇതേവരെ നീണ്ടു. മുന്‍ ലോക്സഭാംഗമെന്ന നിലയില്‍ത്തന്നെ പ്രതിചേര്‍ക്കാന്‍ ലോക്സഭയുടെ അനുമതി വേണമെന്ന് വാദിച്ചാണ് കരുണാകരന്‍ ആദ്യം സ്റ്റേ നേടിയത്. 2003ല്‍ ഞാന്‍ കേസില്‍ കക്ഷിചേരുകയും ലോക്സഭയുടെ അനുമതി വേണ്ടെന്ന വിധി സുപ്രീംകോടതിയില്‍നിന്ന് സമ്പാദിക്കുകയുംചെയ്തു. തിരുവനന്തപുരത്ത് വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് വിചാരണ ആരംഭിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത് നീക്കാന്‍ ഈ ലേഖകന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. കെ കരുണാകരന്‍ നിര്യാതനായതിനാല്‍ സ്റ്റേ സ്വാഭാവികമായി ഇല്ലാതാവുകയും വിചാരണ ആരംഭിക്കുകയുംചെയ്തു.

പുതിയ സംഭവവികാസങ്ങളുടെ തുടക്കം ഈ ഘട്ടത്തിലാണ്. പാമൊലിന്‍ കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കിയതുപോലെ തന്നെയും സാക്ഷി മാത്രമാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതി ടി എച്ച് മുസ്തഫ വിടുതല്‍ഹര്‍ജി ഫയല്‍ചെയ്തു. കോണ്‍ഗ്രസ് നേതാവായ മുസ്തഫ പറഞ്ഞത് കേസിനാസ്പദമായ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കേ തനിക്കുമുള്ളൂ എന്നാണ്. ക്യാബിനറ്റില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായി പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി ചോദിക്കുന്ന നോട്ട് തയ്യാറാക്കിയ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവും കാര്യങ്ങളെല്ലാം അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണെന്ന് വിടുതല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ തുടരന്വേഷണം ആവശ്യപ്പെട്ടതും പ്രത്യേക കോടതി അനുമതി നല്‍കിയതും. അന്നത്തെ ധനമന്ത്രിയുടെ പങ്ക് കൂടി അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അതായത് ജൂണ്‍ 14ന് മുമ്പ്. എന്നാല്‍ , രണ്ടുമാസം തികയുംമുമ്പ് മെയ് 13ന് വൈകിട്ട് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചുവെന്നും ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രിയാകാന്‍ പോകുന്നതെന്നും മനസിലാക്കിയാണ് ഈ ധൃതി കാട്ടിയത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ താന്‍ അധികാരമേറ്റെടുക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സമര്‍പ്പിച്ചതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്.

അന്നത്തെ ധനമന്ത്രിയുടെ പങ്ക് അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചതെങ്കിലും അതേക്കുറിച്ച് മൗനം പാലിച്ച് അരിയെത്ര, പയറഞ്ഞാഴി മറുപടിയാണ് വിജിലന്‍സ് എസ്പി സമര്‍പ്പിച്ചത്. കൂടുതല്‍ പ്രതികളെ ചേര്‍ക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് കാര്യമൊന്നുമില്ലെന്ന വിചിത്രവാദവും എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആ റിപ്പോര്‍ട്ട് അപ്പടി തള്ളിക്കൊണ്ട് വിജിലന്‍സ് പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി പാമൊലിന്‍ ഇറക്കുമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് നിസ്സംശയം വ്യക്തമാക്കുന്നു. ഒന്നാംപ്രതി കെ കരുണാകരന്റെയും രണ്ടാംപ്രതി ടി എച്ച് മുസ്തഫയുടെയും പങ്കാളിത്തത്തിന്റെ അത്രതന്നെ പങ്ക് ഉമ്മന്‍ചാണ്ടിക്കുമുണ്ടെന്നാണ് പുനര്‍തുടരന്വേഷണത്തിനുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം ഇടപാടുകളില്‍ ധനവകുപ്പിനും ധനമന്ത്രിക്കുമാണ് കൂടുതല്‍ ജാഗ്രത വേണ്ടതെന്നതിനാല്‍ ഒന്നും രണ്ടും പ്രതികളേക്കാള്‍ അല്‍പ്പംകൂടി ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുണ്ടെന്ന് വ്യക്തമാണ്.

പ്രത്യേക കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ പരിശോധിക്കും മുമ്പ് രണ്ട് കാര്യങ്ങള്‍കൂടി ഓര്‍ക്കുന്നത് പ്രസക്തമാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പാമൊലിന്‍ ഇടപാടില്‍ നഗ്നമായ അഴിമതി നടന്നുവെന്ന് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ എം എം ഹസ്സന്‍കൂടി അംഗമായ മന്ത്രിസഭയാണ് ആ തീരുമാനമെടുത്തത്. പാമൊലിന്‍ ഇടപാടിനെപ്പറ്റി എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് കരുണാകരനെ രക്ഷിക്കാനെന്നപോലെ ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറയുകയുംചെയ്തു. കരുണാകരന്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ട് ഡിഐസിയുമായി പോയ സന്ദര്‍ഭത്തില്‍ പാമൊലിന്‍ കേസ് പിന്‍വലിച്ചത് കരുണാകരനെ രക്ഷിക്കാനല്ല, മറിച്ച് അന്വേഷണം തന്നിലേക്ക് നീണ്ടേക്കാമെന്ന ഭയം കാരണമല്ലേ? റിപ്പോര്‍ട്ട് ധനവകുപ്പ് അറിയാതെ ധനമന്ത്രിയെക്കൊണ്ട് ക്യാബിനറ്റ് റൂമില്‍വച്ച് ടി എച്ച് മുസ്തഫ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഹസ്സന്‍ കഴിഞ്ഞ ദിവസം പത്രക്കാരെ അറിയിക്കുകയുണ്ടായി.

ഇത് ഗൂഢാലോചനയായിരിക്കെ 2005ല്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടിയും ഹസ്സനും ഉള്‍പ്പെട്ട മന്ത്രിസഭ തീരുമാനിച്ചതിന്റെ ന്യായമെന്താണ്? പ്രത്യേക കോടതി വിധി വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ പാമൊലിന്‍കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതിന്റെ അര്‍ഥം പിടികിട്ടുക. വിധിന്യായത്തിലെ ഒരുഭാഗം ചുവടെ ചേര്‍ക്കുന്നു.

"നവംബര്‍ 27ന് നാലാംപ്രതി തയ്യാറാക്കിയ കുറിപ്പില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളും അന്നത്തെ ധനമന്ത്രിയും രണ്ട് കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിതാണ്. പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന പാമോയില്‍ ഇറക്കുമതി ചെയ്യാമോ? മുകളില്‍ പറഞ്ഞ ഏജന്റിന് 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കാമോ? നാലാംപ്രതിയുടെ പ്രസ്തുത നോട്ട് 27-11-1991-ല്‍ അന്നത്തെ ധനമന്ത്രി (23-ാം സാക്ഷി) കണ്ടിരുന്നു. എന്നാല്‍ , അദ്ദേഹം നാലാംപ്രതി തയ്യാറാക്കിയ പ്രസ്തുത നോട്ടില്‍ ഒരു എതിരഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല. പ്രസ്തുത നോട്ട് അസാധാരണ ഇനമായി ക്യാബിനറ്റില്‍ വയ്ക്കാനുള്ള അനുമതിമാത്രമാണ് താന്‍ നല്‍കുന്നതെന്നും അദ്ദേഹം രേഖപ്പെടുത്തിയില്ല. മറിച്ച് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിനും അവര്‍ക്ക് സര്‍വീസ് ചാര്‍ജ് നല്‍കുന്നതിനുമുള്ള നിര്‍ദേശം അംഗീകരിക്കുകയാണ് 23-ാം സാക്ഷി ചെയ്തത്".

പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് മന്ത്രിസഭ നവംബര്‍ 27ന് തീരുമാനമെടുത്തുവെങ്കിലും വില നിശ്ചയിച്ചത് ജനുവരി 24നാണ്. കരാര്‍ നടപ്പായത് ഫെബ്രുവരി അവസാനവും. ഈ ഇടപാടിലെ അഴിമതി സംബന്ധിച്ച് ഡിസംബറില്‍ത്തന്നെ നിരവധി പത്ര റിപ്പോര്‍ട്ടുകള്‍ വന്നു. എന്നിട്ടും ധനമന്ത്രി ഉറക്കം നടിച്ചു. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള ധനവകുപ്പ് സെക്രട്ടറി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത് പാമൊലിന്‍ കരാര്‍ ചട്ടവിരുദ്ധമാണെന്ന് 1992 ജനുവരി പത്തിന് മുമ്പുതന്നെ ധനവകുപ്പ് കണ്ടെത്തുകയും ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ്. 1992 ജനുവരി പത്തു മുതല്‍ ഫെബ്രുവരി 29 വരെ ആ ഫയല്‍ ഉമ്മന്‍ചാണ്ടിയുടെ വകുപ്പിലാണ് കിടന്നത്. ഇറക്കുമതി നടന്നത് ആ ദിവസങ്ങളിലാണുതാനും. ഇവിടെയാണ് മുസ്തഫയും സഖറിയ മാത്യുവും പറയുന്നതിലെ കഴമ്പ്. രാജന്‍കേസില്‍ , രാജന്‍ കസ്റ്റഡിയിലായിരുന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞത് വിശ്വസനീയമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോള്‍ കരുണാകരനെ രാജിവയ്പിക്കാന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. പഞ്ചസാര ഇറക്കുമതി സംഭവത്തില്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ എ കെ ആന്റണി രാജിവച്ചതിനെ ആദര്‍ശധീരതയായി കൊണ്ടാടിയ നേതാവാണ് ഉമ്മന്‍ചാണ്ടി. കര്‍ണാടകത്തിലെ ഖനന ഇടപാടില്‍ യെദ്യൂരപ്പയ്ക്ക് പങ്കുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത്.

പാമൊലിന്‍ അഴിമതി അന്നത്തെ ധനമന്ത്രിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയാല്‍ വിജിലന്‍സ് വകുപ്പ് തന്റെ സഹപ്രവര്‍ത്തകന് നല്‍കി മുഖ്യമന്ത്രിയെന്ന നിലയില്‍ ഉപരി ഭരണം നടത്തിയാല്‍ മതിയത്രേ! ഒരു വകുപ്പ് മന്ത്രിയുടെ കാര്യത്തിലാണിത്തരം നിരീക്ഷണമെങ്കില്‍ വകുപ്പ് മാറ്റി നല്‍കാമെന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാല്‍ , എല്ലാ വകുപ്പിന്റെയും മേല്‍നോട്ടച്ചുമതലയുള്ള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അതെങ്ങനെയാണ് ശരിയാവുക. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ചുമതല മുഖ്യമന്ത്രിക്കാണെന്ന് ആര്‍ക്കാണറിയാത്തത്. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരാണ് വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയല്ലാതെ ഉമ്മന്‍ചാണ്ടിക്ക് വേറെ വഴിയില്ല. അനുയായികളെക്കൊണ്ട് സമ്മര്‍ദം ചെലുത്തിച്ച് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നത് ലജ്ജാകരമാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 11 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1991ല്‍ കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് പാമൊലിന്‍ സംഭവങ്ങളുടെ തുടക്കം. അതുവരെ ദീപാവലിയും ദസറയുമെല്ലാം ഉത്തരേന്ത്യയിലും കര്‍ണാടകത്തിലുമൊക്കെയാണ് വലിയ ഉത്സവങ്ങളെങ്കില്‍ ഇത്തവണ കേരളത്തില്‍ ഓണംപോലെയാകട്ടെ ദസറയും ദീപാവലിയുമെന്ന് അക്കൊല്ലം കരുണാകരനും മുസ്തഫയും ഉമ്മന്‍ചാണ്ടിയുമെല്ലാം ചേര്‍ന്ന് തീരുമാനിക്കുന്നു.