Thursday, August 4, 2011

സമ്മേളനം മുന്നില്‍കണ്ട് മാധ്യമ ഇടപെടല്‍

സിപിഐ എം സമ്മേളനങ്ങള്‍ അടുത്തപ്പോള്‍ കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എം വിരുദ്ധ പ്രചാരവേലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആഗസ്ത് മൂന്നിന് മലയാള മനോരമയും മാതൃഭൂമിയും മുന്‍പേജില്‍ വന്‍പ്രാധാന്യത്തോടെ കൊടുത്ത പാര്‍ടി സംബന്ധമായ വാര്‍ത്തകള്‍ സിപിഐ എം ഒരു പാര്‍ടിയല്ലെന്നും വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കയാണെന്നും ഉള്ള പ്രതീതി സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബഹുജനപിന്തുണയുള്ള പാര്‍ടിയെന്ന നിലയ്ക്ക് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിപുലമായി വായിക്കപ്പെടും. പാര്‍ടിയോടൊപ്പം നില്‍ക്കുന്നവരും പാര്‍ടി ശത്രുക്കളും സിപിഐ എം പോലുള്ള ഒരു ഇടതുപക്ഷ പാര്‍ടിയുടെ പ്രസക്തിയില്‍ താല്‍പ്പര്യമുള്ളവരും അതീവതാല്‍പ്പര്യത്തോടെ ഈ വാര്‍ത്തകള്‍ വായിക്കും. അത് മനസ്സിലാക്കി സിപിഐ എമ്മിനെക്കുറിച്ച് കഥകള്‍ സൃഷ്ടിക്കാന്‍ വലതുപക്ഷ മാധ്യമ മാനേജ്മെന്റുകള്‍ അതിരുവിട്ട ഔത്സുക്യം കാണിക്കുകയാണ്.

പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം വി എസിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അച്ചടക്കലംഘനത്തിന് പരാതി നല്‍കി എന്നതാണ് ബുധനാഴ്ച വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. മലയാള മനോരമ വാര്‍ത്ത നല്‍കിയതിങ്ങനെ: "വി എസിന്റെ പുതിയ കലാപനീക്കങ്ങള്‍ കടുത്ത അച്ചടക്കലംഘനമാണെന്ന പരാതിയാണ് സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പാര്‍ടി മുമ്പ് നല്‍കിയ അന്ത്യശാസനങ്ങള്‍ ലംഘിച്ചുള്ള അച്യുതാനന്ദന്റെ നീക്കങ്ങള്‍ ഉടന്‍ പരിശോധിക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യം." സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മനോരമയോടും മാതൃഭൂമിയോടും മത്സരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ "മാധ്യമം" പത്രത്തില്‍ തലക്കെട്ടുതന്നെ "വിഎസിന്റെ "ലംഘനം": നേതൃത്വം കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കി" എന്നാണ്. സംസ്ഥാനനേതൃത്വം പരാതി "നല്‍കി"യെന്ന് മാത്രമല്ല ആ പരാതിയുടെ "ഉള്ളടക്ക"വും വാര്‍ത്തയില്‍ നിറയുന്നു.

പാര്‍ടി നടപടിക്രമമനുസരിച്ച് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാന കമ്മിറ്റി കേന്ദ്ര കമ്മിറ്റിയെയോ പിബിയെയോ ബന്ധപ്പെടുമെന്ന് പാര്‍ടിയുടെ മേല്‍ -കീഴ് ബന്ധം അറിയാവുന്നവരെല്ലാം മനസ്സിലാക്കുന്ന കാര്യമാണ്. എന്നാല്‍ , ഇവിടെ പരാമര്‍ശവിധേയമായ വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ല. വാര്‍ത്തകളില്‍ പരാമര്‍ശിച്ച രീതിയില്‍ ഒരു കാര്യവും സംസ്ഥാന കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയറ്റോ അഖിലേന്ത്യാനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ഇല്ലാത്തൊരു കാര്യം വ്യത്യസ്ത മാധ്യമങ്ങളിലെ ലേഖകന്മാരുടെ ഭാവനയില്‍ ഒരുപോലെ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമുണ്ടാകില്ല. സിപിഐ എം വിരുദ്ധ വാര്‍ത്ത നല്‍കുന്നതിലുള്ള ഐക്യമാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രകടമാകുന്നത്. ഒരു കള്ളവാര്‍ത്ത ഒന്നിലധികം മാധ്യമങ്ങളില്‍ ഒരുപോലെ വന്നാല്‍ അതിന് വിശ്വാസ്യത വര്‍ധിക്കുമെന്ന ധാരണയിലാണ് ഈ തന്ത്രം തുടരെ പ്രയോഗിക്കപ്പെടുന്നത്.

വലിയൊരു ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിലുള്ള നുണവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. കേരളത്തിലെ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തണമെന്ന് പാര്‍ടി ശത്രുക്കളാകെ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഇടതുപക്ഷത്തെ തകര്‍ക്കുന്നതിന് ആദ്യം ഉന്നംവയ്ക്കേണ്ടത് സിപിഐ എമ്മിനെയാണെന്നുള്ള ശരിയായ തിരിച്ചറിവോടെയാണ് പാര്‍ടി ശത്രുക്കള്‍ കരുക്കള്‍ നീക്കുന്നത്.

പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ രണ്ട് സംസ്ഥാനങ്ങളില്‍ ആദ്യഘട്ടമെന്ന നിലയ്ക്ക് ഇക്കൂട്ടര്‍ കേന്ദ്രീകരിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് നേടിയ "വിജയത്തോടടുത്ത പരാജയം" സ്വാഭാവികമായും ഇക്കൂട്ടരില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. പടിഞ്ഞാറന്‍ ബംഗാളില്‍ അമേരിക്കന്‍ സാമ്രാജ്യത്വമടക്കം ഇടതുപക്ഷവിരുദ്ധനീക്കങ്ങളില്‍ പ്രത്യക്ഷപങ്കുവഹിച്ചു. ഒരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടിയെ വിഭാഗീയത പിറകോട്ടടിപ്പിക്കും, നാശത്തിലേക്ക് നയിക്കും എന്നത് മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമല്ല മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ക്കും അറിയാം. കേരളത്തിലെ പാര്‍ടിക്ക് വിഭാഗീയതയുടേതായ ദുരന്തം അനുഭവിക്കേണ്ടിവന്നു എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. വിഭാഗീയത അവസാനിപ്പിക്കുന്നതിന് പാര്‍ടി അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നേതൃത്വം നല്‍കി എന്നത് വസ്തുതയാണെങ്കിലും കേരളത്തിലെ പാര്‍ടിയാകെ ഒന്നായി നീങ്ങിയതിലൂടെയാണ് അത് പൂര്‍ണവിജയത്തിലെത്തിയത്. വിഭാഗീയത ഉണ്ടായ സ്ഥലങ്ങളില്‍ പാര്‍ടിക്കുണ്ടായ പിറകോട്ടടി പാര്‍ടി സഖാക്കളെ ഇരുത്തി ചിന്തിപ്പിക്കുകയും വിഭാഗീയത അവസാനിപ്പിക്കണമെന്ന ശരിയായ ചിന്ത വ്യാപകമാകുകയും ചെയ്തു. അഖിലേന്ത്യാ നേതൃത്വത്തിന്റെ മര്‍ഗനിര്‍ദേശത്തോടെ കേരളത്തില്‍ സംസ്ഥാന കമ്മിറ്റിയും പാര്‍ടിയാകെയും ഒന്നിച്ചുനീങ്ങിയതിന്റെ ഫലമായി വിഭാഗീയത നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ പാര്‍ടിയാകെ നല്ല ആത്മവിശ്വാസത്തോടെയാണ് സമ്മേളനങ്ങളിലേക്ക് നീങ്ങുന്നത്. ഏതെങ്കിലും ഒരിടത്തുപോലും വിഭാഗീയത പ്രധാന വിഷയമായി ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നില്ല. മാതൃകാപരമായ ഐക്യമാണ് പാര്‍ടിയില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ഏതാനും മാധ്യമങ്ങള്‍ ശകുനിവേഷം കെട്ടിയാടിയതുകൊണ്ട് വിഭാഗീയത കത്തിപ്പടരും എന്ന് വ്യാമോഹിക്കേണ്ടതില്ല.

ഇത്തരം മാധ്യമങ്ങളുടെ ഉള്ളിലിരിപ്പ് അവ രംഗത്തിറക്കിയ ഒരാളുടെ നാക്കിലൂടെ പുറത്തുവന്നു: "കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മാര്‍ക്സിസം-ലെനിനിസം പുനഃസ്ഥാപിക്കാനുള്ള ഒരു സമരമുന്നണിയാണ് ഈ അടുത്ത പാര്‍ടി സമ്മേളനത്തോടെ വരാന്‍ പോകുന്നത്." കുഞ്ഞനന്തന്‍നായരെപ്പോലുള്ളവരെ പാര്‍ടിക്കെതിരെ രംഗത്തിറക്കിയാല്‍ വിലപ്പോകില്ലെന്ന് ഇത്തരം മാധ്യമങ്ങള്‍ കാണണം. അദ്ദേഹത്തെ പാര്‍ടി സ്ഥാപകരില്‍ ഒരാളായി ചിത്രീകരിക്കാന്‍ ശ്രമിക്കേണ്ടതില്ല. അത് അപഹാസ്യമാകും. ചെറുപ്പകാലത്തുതന്നെ പാര്‍ടി കേന്ദ്രത്തില്‍ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് അദ്ദേഹം ബ്ലിറ്റ്സിന്റെ കോളം എഴുത്തുകാരനായിരുന്നു. സിപിഐ എമ്മുമായി ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. പിന്നീടൊരുഘട്ടത്തില്‍ പാര്‍ടിയോടൊപ്പം നിന്നു. അതിനിടയ്ക്ക് കുറച്ചുമാസം എകെജി സെന്ററില്‍ ഉണ്ടായി. കുഞ്ഞനന്തന്‍നായരെ ബാല്യകാലംമുതല്‍ അറിയാവുന്ന സ. ഇ കെ നായനാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെ എ കെ ജി സെന്ററില്‍നിന്ന് പറഞ്ഞുവിട്ടു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കുഞ്ഞനന്തന്‍നായരുടെ അഭിമുഖം ദീപിക പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിങ്ങനെയാണ്-"1946 മുതല്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം വോട്ടുചെയ്തുവന്നയാളാണ് ഞാന്‍ . എന്നാല്‍ , ഇത്തവണ ആദ്യമായി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്യും. എന്റെ സ്വാധീനത്തിലുള്ള വോട്ടുകള്‍ ചെയ്യിക്കുകയും ചെയ്യും. കാരണം ഇപ്പോഴുള്ളത് കപട കമ്യൂണിസ്റ്റുകളാണ്. കമ്യൂണിസ്റ്റ് പാര്‍ടിയെ അപേക്ഷിച്ച് കോണ്‍ഗ്രസാണ് ഇപ്പോള്‍ തമ്മില്‍ ഭേദം. പാര്‍ടിയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റാണ് പ്രകാശ് കാരാട്ട്." ഇത്തരത്തിലുള്ള കള്ളനാണയങ്ങളെ രംഗത്തിറക്കി സിപിഐ എമ്മില്‍ പ്രശ്നങ്ങളുണ്ടാക്കാമെന്ന് വ്യാമോഹിക്കരുത്.

കാഞ്ഞങ്ങാട്ട് മാധ്യമങ്ങളോട് വി എസ് സംസാരിച്ചതില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാണിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്നാമത്തേത് പാര്‍ടി വിരുദ്ധ പ്രകടനങ്ങള്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടില്ല. രണ്ടാമത്തേത് പാര്‍ടി വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ടി അംഗങ്ങളുടെ കാര്യത്തില്‍ സംഘടനാപരമായി തീരുമാനമെടുക്കണം എന്ന് നിര്‍ദേശിച്ചത് പാര്‍ടി സംസ്ഥാന കമ്മിറ്റിയാണ്. വി എസ് സംസാരിച്ചത് റിപ്പോര്‍ട്ടുചെയ്തുവന്നപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പം ദൂരീകരിക്കാന്‍തന്നെയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. അത് പ്രസ്താവനയാണെങ്കിലും വി എസ് കൂടി പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനമാണ്.

അല്‍പനേരത്തേക്കോ ദിവസത്തേക്കോ ആശയക്കുഴപ്പമുണ്ടാക്കുക എന്നതിനപ്പുറമുള്ള ദൗത്യമൊന്നും വ്യാജ വാര്‍ത്തകള്‍ക്കില്ല എന്ന് വലതുപക്ഷ മാധ്യമങ്ങള്‍ മനസ്സിലാക്കണം. കൃത്രിമവാര്‍ത്തകൊടുത്തും ചിലത് പെരുപ്പിച്ചും മറ്റുചിലത് തമസ്കരിച്ചും സങ്കല്‍പകഥകളെഴുതിയും സിപിഐ എമ്മിനെ തകര്‍ത്തുകളയാം; വിഭാഗീയതയ്ക്ക് തീകൊളുത്താം എന്ന ചിന്ത അസ്ഥാനത്താണ്. ഇത്തരം കഥകളിലും അപവാദ പ്രചാരണങ്ങളിലുമല്ല ഈ പാര്‍ട്ടിയുടെ മഹത്തായ ലക്ഷ്യങ്ങളിലാണ്; കരുത്തുറ്റ ഇടപെടലുകളിലാണ്; ത്യാഗനിര്‍ഭരമായ പോരാട്ടത്തിലാണ് ഇന്നാട്ടിലെ ജനലക്ഷങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ആ വിശ്വാസത്തിന് പോറലേല്‍പ്പിക്കാന്‍ വ്യാജവാര്‍ത്തകളുടെ വെടിമരുന്ന് പോര.

*
പിണറായി വിജയന്‍ ദേശാഭിമാനി 04 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം സമ്മേളനങ്ങള്‍ അടുത്തപ്പോള്‍ കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എം വിരുദ്ധ പ്രചാരവേലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആഗസ്ത് മൂന്നിന് മലയാള മനോരമയും മാതൃഭൂമിയും മുന്‍പേജില്‍ വന്‍പ്രാധാന്യത്തോടെ കൊടുത്ത പാര്‍ടി സംബന്ധമായ വാര്‍ത്തകള്‍ സിപിഐ എം ഒരു പാര്‍ടിയല്ലെന്നും വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കയാണെന്നും ഉള്ള പ്രതീതി സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബഹുജനപിന്തുണയുള്ള പാര്‍ടിയെന്ന നിലയ്ക്ക് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിപുലമായി വായിക്കപ്പെടും. പാര്‍ടിയോടൊപ്പം നില്‍ക്കുന്നവരും പാര്‍ടി ശത്രുക്കളും സിപിഐ എം പോലുള്ള ഒരു ഇടതുപക്ഷ പാര്‍ടിയുടെ പ്രസക്തിയില്‍ താല്‍പ്പര്യമുള്ളവരും അതീവതാല്‍പ്പര്യത്തോടെ ഈ വാര്‍ത്തകള്‍ വായിക്കും. അത് മനസ്സിലാക്കി സിപിഐ എമ്മിനെക്കുറിച്ച് കഥകള്‍ സൃഷ്ടിക്കാന്‍ വലതുപക്ഷ മാധ്യമ മാനേജ്മെന്റുകള്‍ അതിരുവിട്ട ഔത്സുക്യം കാണിക്കുകയാണ്.