Tuesday, August 2, 2011

ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പഠനറിപ്പോര്‍ട്ട്

രാജ്യത്ത് അഭൂതപൂര്‍വമായ വ്യാവസായിക വളര്‍ച്ച ഉണ്ടായെന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. വ്യാവസായിക നിക്ഷേപങ്ങള്‍, പ്രതിശീര്‍ഷ വരുമാനം, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി തോത് എന്നിവയിലെ വളര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യം പുരോഗമിക്കുന്നതായി ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ സാധൂകരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതല്ലെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യാക്കാരായ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ സാമ്പത്തിക വികസനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇവര്‍ അളവുകോലാക്കിയത് ചൈനയെയാണ്. വ്യാവസായിക വളര്‍ച്ച നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ, ചൈനയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ചൈനയില്‍ വ്യാവസായിക വളര്‍ച്ചയുടെ ആക്കം അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് ഇന്ത്യയിലെ വ്യാവസായിക വളര്‍ച്ച ആരംഭിക്കുന്നത്. എന്നാല്‍ ആദ്യപാദത്തില്‍ ചൈന 15 വര്‍ഷം കൊണ്ട് നേടിയ വ്യാവസായിക വളര്‍ച്ച കേവലം അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് നേടാനായി. സാങ്കേതികമായി ഇതിന്റെ പ്രതിഫലനമാണ് വ്യാവസായിക വളര്‍ച്ചാ സൂചികയിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദന സൂചികയിലും തെളിഞ്ഞ് കാണുന്നത്. എന്നാല്‍ ഈ സൂചകങ്ങളൊന്നും രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുമ്പോഴും ആഭ്യന്തര ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ആഭ്യന്തര ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ അവികസിത രാഷ്ട്രങ്ങളായ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഏറെ പിന്നിലാണ്. ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 33 ശതമാനം മാത്രമാണ് ആഭ്യന്തര ഉപഭോഗം. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയയില്‍ 59 ശതമാനവും, എറിട്രിയയില്‍ 63 ശതമാനവുമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആഭ്യന്തര ഉപഭോഗ തോത് ഇന്ത്യയെക്കാള്‍ വളരെ കൂടുതലാണ്.

കണക്കുകളും വസ്തുതകളും ഇതാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക സര്‍വേ സ്ഥാപനങ്ങള്‍ തെറ്റായ വസ്തുകള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു പരിധിവരെ ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഐക്യരാഷ്ട്ര സംഘടനയും ശ്രമിക്കുന്നില്ല അഥവാ ഇതൊക്കെ അറിഞ്ഞിട്ടും അത് മറച്ച് വയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ ലക്ഷ്യങ്ങള്‍ നേടി എന്ന് ലോകജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാകാമിതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാജ്യത്തെ ഗ്രസിച്ച പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം നല്‍കുന്നില്ല. നെഹ്രുവിയന്‍ സാമ്പത്തിക നയങ്ങളില്‍ നിന്നും വളരെ ഗതി മാറിയാണ് അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരായ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സഞ്ചരിക്കുന്നത്. നിലവിലുള്ള യു പി എ സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള സാമ്പത്തിക നടപടികളാണ് കൈക്കൊള്ളുന്നത്. എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ എന്ന് അറിയപ്പെടുന്ന വികസിത രാജ്യങ്ങള്‍ അവരുടെ നാട്ടിലെ നിര്‍ദ്ധനരായ ജനങ്ങളുടെ ക്ഷേമത്തിനും വിശിഷ്യാ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി കോര്‍പ്പറേറ്റുകളെ കൊണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന പേരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗത്തിന്റെ വികസനത്തിനായി കോര്‍പ്പറേറ്റുകള്‍ ചെലവാക്കുന്ന തുക നികുതിയില്‍ നിന്നും ഒഴിവാക്കുന്ന രീതികളും അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളിലുണ്ട്. എന്നാല്‍ ഇന്ത്യയിലും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഒഴിവാക്കുന്ന രീതികള്‍ നിലവിലുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി ചെലവാക്കിയതിനല്ല മറിച്ച് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷണത്തിനാണ് നികുതി ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അനാരോഗ്യകരമായ നയങ്ങളാണ് ഇന്ത്യയിലെ സാമൂഹ്യ അപചയത്തിനുള്ള കാരണങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ പട്ടിണിപാവങ്ങളായ ജനങ്ങളില്‍ 75 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. 1973ലെ കണക്കുകള്‍ പ്രകാരം 56.4 ശതമാനം ഗ്രാമീണരാണ് കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്നത്. 2010 ആയപ്പോള്‍ ദരിദ്രരുടെ എണ്ണം 63 ശതമാനമായി വര്‍ധിച്ചു.

സമ്പത്തിന്റെ അസന്തുലിതമായ വിതരണം, ഉയര്‍ന്ന ജനസംഖ്യാ വര്‍ധന (ദാരിദ്ര്യത്തിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത്- എമിലി ഡര്‍ക്കിം), നിരക്ഷരതാ, ജാതിവ്യവസ്ഥ, മതപരമായ അന്ധവിശ്വാസങ്ങള്‍ , പോഷകാഹാര കുറവ്, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ ഘടകങ്ങളാണ് ദാരിദ്ര്യം വര്‍ധിക്കാനുള്ള മുഖ്യകാരണങ്ങള്‍. നഗരവാസികളായ ജനങ്ങള്‍ക്കിടയിലും ദരിദ്രരുടെ എണ്ണം ഗുരുതരമായി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അഭാവം, കാര്യക്ഷമമല്ലാത്ത പൊതുവിതരണ സമ്പ്രദായം, നിലവാരമില്ലാത്ത ജീവിത സാഹചര്യങ്ങള്‍, പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ആരോഗ്യ സ്ഥിതി, ഇതിന്റെ ഫലമായുള്ള ചികിത്സാ ചെലവ് തുടങ്ങിയ ഘടകങ്ങളാണ് നഗരങ്ങളില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കാനുള്ള പ്രേരകങ്ങള്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതിനായി രാജ്യം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ പലതും യഥാര്‍ഥ ഫലപ്രാപ്തിയിലെത്തിയില്ല. അവയില്‍ ഭൂരിഭാഗവും ദീര്‍ഘ വീക്ഷണത്തോടെ ആവിഷ്‌കരിച്ചതോ നടപ്പാക്കിയതോ അല്ല. ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരുടെ ജീവിത ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ സ്‌മോള്‍ ഫാര്‍മേഴ്‌സ് ഡെവലപ്പമെന്റ് സ്‌കീം, ഡ്രോട്ട് ഏരിയ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം, മിനിമം നീഡ്‌സ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ വേണ്ട വിധത്തില്‍ ലക്ഷ്യ പ്രാപ്തിയിലെത്തിയില്ല.

കര്‍ഷകര്‍ ഉള്‍പ്പടെയുള്ള നിര്‍ദ്ധന ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പാക്കാത്തതാണ് ഈ പദ്ധതികള്‍ ഫലംകാണാത്തതിനുള്ള മുഖ്യകാരണം. കൃഷിയില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ വരുമാനത്തില്‍ 67 പൈസ ഉല്‍പ്പാദന ചെലവാണ്. ബാക്കിയുള്ള 33 പൈസയിലാണ് കര്‍ഷകന്‍ കുടംബം പുലര്‍ത്തേണ്ടത്. കുടംബം പുലര്‍ത്താന്‍ നീക്കിവെയ്ക്കുന്ന 33 പൈസയില്‍ 29 പൈസയും ചികിത്സ ചെലവിനായി ഉപയോഗിക്കുന്നു. ബാക്കിയുള്ള നാല് പൈസയാണ് കര്‍ഷകന്റെ ജീവിതവൃത്തിക്കും കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെ മറ്റുള്ള സാമൂഹ്യ ആവശ്യത്തിനുമായി ഉപയോഗിക്കുന്നത്. ഈ സ്ഥിതിയില്‍ ആഹാരത്തിനുള്ള തുകയിലാണ് കര്‍ഷകര്‍ ഉള്‍പ്പടെയുള്ള നിര്‍ദ്ധനരായ ജനങ്ങള്‍ കുറവ് വരുത്തുന്നത്. ഇത് ഇവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 39 ശതമാനം ജനങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളാണ് പകര്‍ച്ചവ്യാധികള്‍ അനിയന്ത്രിതമായി പടരുന്നതിനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി സംവിധാനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജനനി സുരക്ഷാ യോജന. എന്നാല്‍ ജനനി സുരക്ഷാ യോജന ഉള്‍പ്പടെയുള്ള ആരോഗ്യ പദ്ധതികള്‍ കാര്യക്ഷമാമായി നടപ്പാക്കുന്നു എന്ന പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും രാജ്യത്ത് മാതൃമരണ നിരക്ക് അനുദിനം വര്‍ധിക്കുന്നു. 2010ലെ കണക്കുകള്‍ പ്രകാരം മാതൃമരണ നിരക്ക് 19 ശതമാനമാണ്. അവികസിത രാജ്യങ്ങളില്‍ പോലും മാതൃമരണ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. കുട്ടികളുടെ മരണനിരക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ശിശുമരണ നിരക്ക് കേവലം 11 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 17.2 ശതമാനവും. കുട്ടികളുടേയും ഗര്‍ഭിണികളുടേയും ആരോഗ്യ പരിപാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭിക്കാറില്ല.

സാമൂഹ്യമായ ബാധ്യതകള്‍ കൂടുമ്പോള്‍ പോഷകഗുണങ്ങള്‍ കുറഞ്ഞ ആഹാര പദാര്‍ഥങ്ങളെയാണ് ആഹാരത്തിനായി പാവപ്പെട്ട ജനങ്ങള്‍ ആശ്രയിക്കുന്നത്. കൂടാതെ സ്വന്തമായി കൃഷി ചെയ്‌തെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ അന്യരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പനങ്ങളുടെ ലാഭത്തില്‍ 53 ശതമാനവും കയറ്റുമതി ഇടനിലക്കാരാണ് നേടുന്നത്. എന്നാലിന്ന് ഈ സ്ഥിതിയും മാറി. യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പുത്തന്‍ സാമ്പത്തിക ക്രമങ്ങളില്‍ വന്‍കിട ബഹുരാഷ്ട്ര കുത്തകളാണ് കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. കൃഷിയിടങ്ങളിലെത്തി മൊത്ത വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കൊള്ളലാഭത്തിന് വില്‍ക്കുന്നത് ബഹുരാഷ്ട്ര കുത്തക റീട്ടെയില്‍ ഭീമന്‍മാരാണ്. ഇവര്‍ക്ക് അനിയന്ത്രിതമായി ലൈസന്‍സ് നല്‍കുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ വഞ്ചിക്കുന്നത് ഒരു രാജ്യത്തിന്റെ ഭൂരിഭാഗം വരുന്ന പട്ടിണിപാവങ്ങളെയാണ്. കേവലം സാമ്പത്തിക മേഖലയിലെ മൂല്യച്യുതി എന്നതിലപ്പുറം ഒരു സംസ്‌കാരത്തിന്റെ അപചയത്തിലേയ്ക്കാണ് ഈ നിലപാടുകള്‍ നയിക്കുന്നതെന്നത് കാലം തെളിയിച്ച യാഥാര്‍ഥ്യം.

*
കെ ആര്‍ ഹരി ജനയുഗം 01 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്ത് അഭൂതപൂര്‍വമായ വ്യാവസായിക വളര്‍ച്ച ഉണ്ടായെന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. വ്യാവസായിക നിക്ഷേപങ്ങള്‍, പ്രതിശീര്‍ഷ വരുമാനം, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി തോത് എന്നിവയിലെ വളര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യം പുരോഗമിക്കുന്നതായി ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ സാധൂകരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതല്ലെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യാക്കാരായ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നു.