Thursday, August 18, 2011

കോടതി വിധിയും ദേവപ്രശ്നവും

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധിക്കെതിരെ ഇങ്ങ് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നത്തില്‍ ഒരു വിധി വന്നിരിക്കുന്നു. സുപ്രീംകോടതിക്കെതിരായ വിധിയായിട്ടും അതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗമായ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ അനന്തരവന്‍ രാമവര്‍മ കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ "ബി" നിലവറ തുറക്കരുത്; കാരണം അതിന്റെ മേല്‍ കാണുന്ന സര്‍പ്പചിഹ്നം സൂചിപ്പിക്കുന്നത് തുറക്കരുതെന്നാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ദേവപ്രശ്നത്തിലൂടെ പത്മനാഭഹിതം മനസ്സിലാക്കിയിട്ടുവേണം എന്നും കോടതിയില്‍ ആവശ്യപ്പെട്ടു. രാമവര്‍മയുടെ ഈ ആവശ്യം, സുപ്രീംകോടതി ഇതേവരെ പരിഗണിച്ചിട്ടില്ല. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സി വി ആനന്ദബോസിന്റെ നേതൃത്വത്തില്‍ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിക്കുകയും ക്ഷേത്രനിലവറകളിലെ നിധിശേഖരം സംബന്ധിച്ച് വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കാനും മൂല്യനിര്‍ണയം നടത്തി കോടതിയെ അറിയിക്കാനും ആവശ്യപ്പെടുകയുമാണ് സുപ്രീംകോടതി ചെയ്തത്. കമ്മിറ്റിയാകട്ടെ സുപ്രീംകോടതി അര്‍പ്പിച്ച വിശ്വാസ പ്രകാരം ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം നിലവറ തുറന്ന് കണക്കെടുക്കുന്നതിന്റെ തീയതി ദുരൂഹസാഹചര്യത്തില്‍ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. അങ്ങനെയിരിക്കെയാണ് സുപ്രീംകോടതിയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ ക്ഷേത്രത്തില്‍ ദേവപ്രശ്നം നടക്കുന്നത്.

ഭരണാധികാരി എന്ന അര്‍ഥത്തില്‍ ക്ഷേത്ര ഭരണാധികാരം കൈയാളാന്‍ ഒരര്‍ഹതയുമില്ലെന്ന് ഉന്നത നീതിപീഠങ്ങള്‍ വിധിച്ച മാര്‍ത്താണ്ഡവര്‍മയാണ് ദേവപ്രശ്നത്തിന് നേതൃത്വം നല്‍കിയത്. പ്രശ്നംവയ്പുകാര്‍ ആരായിരിക്കണമെന്ന് നിശ്ചയിച്ചതും അവരെ ചെന്നുകണ്ട് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തതും മാര്‍ത്താണ്ഡവര്‍മയുടെ കുടുംബംതന്നെ. നിമിത്തങ്ങള്‍ നോക്കി ഫലപ്രവചനം നടത്തുന്നവര്‍ എന്നും ദൈവജ്ഞര്‍ എന്നും പറഞ്ഞാണ് പ്രശ്നക്കാരെ വരുത്തിയത്. വളരെ ആഘോഷപൂര്‍വം നടന്ന ദേവപ്രശ്നത്തിന്റെ ഫലശ്രുതിയെന്താണ്- രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാല്. ബി നിലവറ തുറക്കരുത്, നിധിശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തരുത്, നിലവറ തുറന്നാല്‍ തുറക്കുന്നവര്‍ ആരായാലും വിഷം തീണ്ടി മരിക്കും, തുറക്കുന്നവരുടെ വംശമേ നശിക്കും, വീഡിയോഗ്രാഫി നടത്തരുത്- എന്നൊക്കെയാണ് ദേവപ്രശ്നക്കാരുടെ വിധി. അതായത്, സുപ്രീംകോടതി വിധി തള്ളി സ്വയം "അപ്പീലധികാരം" ഉപയോഗിച്ച് പ്രശ്നവിധി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് വിശ്വാസികളുടെ താല്‍പ്പര്യം, അതായത് പ്രശ്നവിധി സുപ്രീംകോടതിയെ അറിയിക്കുമെന്നാണ്. വിശ്വാസികളുടെ താല്‍പ്പര്യമാണോ അതോ മാര്‍ത്താണ്ഡവര്‍മയുടെ താല്‍പ്പര്യമാണോ പ്രശ്നവിധിയെന്നറിയാതെ ഏത് താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സുപ്രീംകോടതിയെ അറിയിക്കുക?

എല്ലാ കാര്യങ്ങളും രാജകുടുംബവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി ആദ്യംമുതലേ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ രാജാക്കന്മാരില്ലെന്നും റൂളറെന്ന് ഗവണ്‍മെന്റിനെയല്ലാതെ മറ്റാരെയും വിശേഷിപ്പിക്കാന്‍ പാടില്ലെന്നതും മുഖ്യമന്ത്രിക്കറിയില്ലേ. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ജനങ്ങളുടെ ക്ഷേത്രമാണ്, വിശ്വാസികളുടെ ക്ഷേത്രമാണ്. അതിന്റെയോ ക്ഷേത്രസ്വത്തുക്കളുടെയോ അവകാശം പാരമ്പര്യ ചടങ്ങുകളുമായി ബന്ധപ്പെട്ടല്ലാതെ ആര്‍ക്കുമില്ല. മാര്‍ത്താണ്ഡവര്‍മ മുമ്പും ഇപ്പോഴും റൂളറല്ല. അതിനാല്‍ ക്ഷേത്ര ഭരണാധികാരവകാശമില്ല എന്ന് തിരുവനന്തപുരം സബ് കോടതിമുതല്‍ എല്ലാ കോടതികളും വിധിച്ചതാണ്. അങ്ങനെയല്ലെന്നും "റൂളര്‍" എന്ന വിശേഷണം തനിക്കുചേരുമെന്നും കുടുംബസ്വത്താണെന്നും അവകാശപ്പെട്ട് മാര്‍ത്താണ്ഡവര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രഭരണാവകാശമില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുകയാണ്. അത് അംഗീകരിച്ചുകൊണ്ടാണ് ക്ഷേത്രത്തിലെ സമ്പത്ത് പരിശോധിച്ച് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. അതു നടന്നുകൊണ്ടിരിക്കെ തങ്ങളുടെ താല്‍പ്പര്യാര്‍ഥം തങ്ങള്‍ക്കിഷ്ടമുള്ള പ്രശ്നക്കാരെകൊണ്ടുവന്ന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവരെക്കൊണ്ട് പറയിക്കുന്നത് ഗൂഢാലോചനയും ഭരണഘടനാവിരുദ്ധവുമായ നടപടിയല്ലെങ്കില്‍ മറ്റെന്താണ്. ഏതാനും ജ്യോത്സ്യന്മാരെ ഉപയോഗിച്ച് സുപ്രീംകോടതിയെയും നിയമസംവിധാനത്തെയും ജനാധിപത്യക്രമത്തെയും വിരട്ടാന്‍ ശ്രമിക്കുകയാണ്. അതിന് ഭരണാധികാരികളും മാധ്യമങ്ങളില്‍ ഭൂരിപക്ഷവും കൂട്ടുനില്‍ക്കുകയാണെന്നതാണ് ഖേദകരം.

തിരുവിതാംകൂറിന്റെ ഭരണം പഴയ രാജകുടുംബത്തെതന്നെ ഏല്‍പ്പിക്കണമെന്നും രാജകുടുംബത്തിന് രാജാധികാരമില്ലാത്തതിനാല്‍ ശ്രീപത്മനാഭന് അതൃപ്തിയുണ്ടെന്നും പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സമസ്ത അവകാശങ്ങളും മേല്‍പ്പറഞ്ഞ കുടുംബത്തിനാണെന്നും ദേവപ്രശ്നക്കാര്‍ പറഞ്ഞില്ലെന്നത് ജനാധിപത്യത്തിന്റെ മഹാഭാഗ്യം. നിലവറകള്‍ തുറക്കണമെന്നും പരിശോധിച്ച് ശരിയായി രേഖപ്പെടുത്തണമെന്നും മൂല്യനിര്‍ണയം നടത്തണമെന്നും പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നും പടമെടുത്ത് സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചത് പഴയ ചരിത്രമെല്ലാം പരിശോധിച്ചാണ്. ക്ഷേത്രനിലവറകളിലെ നിധിശേഖരത്തില്‍ അല്‍പ്പാല്‍പ്പം പുറത്തേക്ക് കടത്തി സ്വന്തമാക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണല്ലോ കേസുകളുടെ തുടക്കം. നിലവറകളില്‍ ആസിഡ് കൊണ്ടുവച്ച് സ്വര്‍ണം ലയിപ്പിച്ച് ലായനി പുറത്തേക്ക് കൊണ്ടുപോയെന്നുവരെ ആരോപണങ്ങളുയര്‍ന്നതാണ്. ക്ഷേത്രത്തിനകത്ത് പത്തേക്കറോളം സ്ഥലത്ത് ശിവസേനക്കാരെ പാര്‍പ്പിച്ച് ചെല്ലും ചെലവും കൊടുത്ത് എതിരഭിപ്രായക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതികളുയര്‍ന്നതാണ്. ക്രിമിനല്‍ കേസില്‍ പ്രതികളായവരുള്‍പ്പെടെ നിക്ഷിപ്ത താല്‍പ്പര്യ സംരക്ഷണത്തിന് ക്ഷേത്രപരിസരം താവളമാക്കുന്നത് ക്ഷേത്രപരിശുദ്ധിക്ക് അനുയോജ്യമാണോ എന്നുപോലും പരിശോധിക്കപ്പെടുന്നില്ല. ക്ഷേത്രം ഗുരുവായൂര്‍ ഭരണസമിതിപോലെ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാകണം എന്ന കോടതി തീര്‍പ്പിനെ അട്ടിമറിക്കാന്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.

അന്ധവിശ്വാസത്തെയാണ് അതിനായി പൂഴിക്കടകന്‍ അടവായി പുറത്തെടുത്തിരിക്കുന്നത്. സുപ്രീംകോടതി വിധി "റദ്ദാക്കി"ക്കൊണ്ട് ദേവപ്രശ്നക്കാരെകൊണ്ട് നടത്തിച്ചിരിക്കുന്ന വിധിയാണല്ലോ വിഷയം. വിധിക്ക് പൂര്‍വകാല പ്രാബല്യമുണ്ടാകുമോ? ഒറ്റക്കല്‍ മണ്ഡപത്തിന് സ്വര്‍ണം പൂശുന്നതിന് 2002 ഡിസംബര്‍ 18ന് നിലവറ തുറന്ന് സ്വര്‍ണം എടുത്തത് ദേവപ്രശ്നംവച്ചിട്ടാണോ? അല്ലെന്ന് കോടതിയില്‍ ക്ഷേത്രഭരണാധികാരികള്‍തന്നെ വ്യക്തമാക്കിയതാണ്. നിലവറ തുറന്ന് അതിനകത്തെ വസ്തുവകകളുടെ ഫോട്ടോ ഔദ്യോഗികമായി എടുത്ത് സൂക്ഷിക്കുന്നതില്‍ പിശകില്ല. അത് പാരമ്പര്യാചാരത്തിന് വിരുദ്ധമല്ല, ഭക്തര്‍ ക്ഷേത്രത്തിനകത്ത് ക്യാമറ കൊണ്ടുവരുന്നതാണ് നിരോധിതം എന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. 2007 ആഗസ്ത് മൂന്നിന് രണ്ടു മണിക്ക് നിലവറ തുറക്കുകയുണ്ടായി. അന്ന് മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശാനുസരണം ആല്‍ബമുണ്ടാക്കാനെന്ന പേരില്‍ നിലവറകള്‍ തുറന്ന് സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ആ സംഭവത്തിനുശേഷം നാലുമാസം കഴിഞ്ഞാണ് സബ് കോടതി വിധി വന്നത്. പത്മനാഭസ്വാമി ക്ഷേത്രം പഴയ രാജകുടുംബത്തിന്റെ വകയല്ലെന്നും ഭക്തജനങ്ങളുടെ പൊതുസ്വത്താണെന്നുമാണ് വിധി. ആ വിധിയാണ് മേല്‍ക്കോടതികളെല്ലാം അംഗീകരിച്ചത്.

കേസിലെ ഒരു കക്ഷി ആല്‍ബം തയ്യാറാക്കാനെന്ന പേരില്‍ നിലവറ തുറക്കുകയും നിധിശേഖരത്തിന്റെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തപ്പോള്‍ "ദേവഹിതം" അറിഞ്ഞതായി അറിവില്ല. ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ബി നിലവറ തുറക്കാന്‍ സന്ദര്‍ഭമെത്തിയപ്പോള്‍ കോടതിയുടെ സമ്മതമില്ലാതെ ഇഷ്ടക്കാരെക്കൊണ്ടുവന്ന് പ്രശ്നം വയ്പിച്ചു. അതിന് ഏതാനും ദിവസംമുമ്പ്, അതായത് ജൂലൈ 14ന് മാര്‍ത്താണ്ഡവര്‍മയ്ക്കുംകൂടി വേണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചില ആവശ്യങ്ങളുന്നയിച്ചു. ക്ഷേത്രത്തിന്റെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം ട്രസ്റ്റി എന്ന നിലയിലും പഴയ രാജഭരണത്തിന്റെ പിന്തുടര്‍ച്ചാവകാശി എന്ന നിലയിലും മാര്‍ത്താണ്ഡവര്‍മയില്‍ നിക്ഷിപ്തമാണെന്ന അവകാശവാദം സത്യവാങ്മൂലത്തില്‍ ഒരിക്കല്‍കൂടി ഉന്നയിക്കുന്നു. നിലവറകളിലെ നിധിശേഖരത്തില്‍ ചരിത്രപ്രാധാന്യവും പുരാവസ്തുപ്രാധാന്യവും കലാമൂല്യവുമുള്ളതുമായ വസ്തുക്കള്‍ പ്രത്യേകമായി സംരക്ഷിക്കുകയും ശേഷിച്ചവ വിറ്റ് പണമാക്കി മാറ്റുകയോ അതുപയോഗിച്ച് സ്ഥാവരവസ്തുക്കള്‍ ക്ഷേത്രത്തിനുവേണ്ടി വാങ്ങുകയോ ചെയ്യാന്‍ അനുവദിക്കണമെന്നും അതിന് മാര്‍ത്താണ്ഡവര്‍മയ്ക്ക് അധികാരം നല്‍കണമെന്നുമാണ് കേസ് നിര്‍ണായക ഘട്ടത്തിലെത്തിയ സന്ദര്‍ഭത്തില്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാവുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കോടതി വിധികള്‍ - എല്ലാ കോടതികളും ഐകകണ്ഠ്യേന അംഗീകരിച്ച വിധി- അട്ടിമറിക്കാന്‍ തല്‍പ്പരകക്ഷികള്‍ സര്‍വവിധേനയും ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ക്ഷേത്രത്തിനും സ്വത്തുക്കള്‍ക്കും വിശ്വാസത്തിന്റെയും ജ്യോതിഷത്തിന്റെയും തീര്‍പ്പുകളാണ് ബാധകം, നിയമം ബാധകമല്ല എന്ന അപകടകരമായ അവകാശവാദം ഉയര്‍ന്നുവന്നിരിക്കുന്നു. അന്ധവിശ്വാസങ്ങളും നാടുവാഴിത്ത സംസ്കാരവും വീണ്ടും ശക്തമായി സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സുപ്രീംകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ, കോടതി നിര്‍ദേശപ്രകാരവും മേല്‍നോട്ടത്തിലും നടപടി പുരോഗമിക്കെ "ദേവപ്രശ്നം" നടത്തിയത് ദുരുപദിഷ്ടമാണ്, അതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന് വഴങ്ങുന്നത് ജനാധിപത്യസംവിധാനത്തിന് ദൂരവ്യാപകമായ ദോഷങ്ങളുളവാക്കും. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സംസ്ഥാനസര്‍ക്കാര്‍ നിയമത്തിന്റെ വഴിക്കല്ല, അന്ധവിശ്വാസം ആയുധമാക്കി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ നടത്തുന്ന അവകാശവാദത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.


*****


വി എസ് അച്യുതാനന്ദന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാവുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കോടതി വിധികള്‍ - എല്ലാ കോടതികളും ഐകകണ്ഠ്യേന അംഗീകരിച്ച വിധി- അട്ടിമറിക്കാന്‍ തല്‍പ്പരകക്ഷികള്‍ സര്‍വവിധേനയും ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ക്ഷേത്രത്തിനും സ്വത്തുക്കള്‍ക്കും വിശ്വാസത്തിന്റെയും ജ്യോതിഷത്തിന്റെയും തീര്‍പ്പുകളാണ് ബാധകം, നിയമം ബാധകമല്ല എന്ന അപകടകരമായ അവകാശവാദം ഉയര്‍ന്നുവന്നിരിക്കുന്നു. അന്ധവിശ്വാസങ്ങളും നാടുവാഴിത്ത സംസ്കാരവും വീണ്ടും ശക്തമായി സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സുപ്രീംകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ, കോടതി നിര്‍ദേശപ്രകാരവും മേല്‍നോട്ടത്തിലും നടപടി പുരോഗമിക്കെ "ദേവപ്രശ്നം" നടത്തിയത് ദുരുപദിഷ്ടമാണ്, അതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന് വഴങ്ങുന്നത് ജനാധിപത്യസംവിധാനത്തിന് ദൂരവ്യാപകമായ ദോഷങ്ങളുളവാക്കും. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സംസ്ഥാനസര്‍ക്കാര്‍ നിയമത്തിന്റെ വഴിക്കല്ല, അന്ധവിശ്വാസം ആയുധമാക്കി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ നടത്തുന്ന അവകാശവാദത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

R.Sajan said...

അന്ധ വിശ്വാസം പ്രചരിപ്പിക്കരുതെന്ന ഭരണ ഘടന വ്യവസ്ഥക്ക് വിരുദ്ധമായി, കോടതി നടപടിയില്‍ ഇരിക്കുന്ന കാര്യത്തില്‍ ഇങ്ങനെ ഇടപെട്ട രാജാവിനെതിരെ അലക്ഷ്യം ചാര്‍ത്താവുന്നതാണ്.
മുമ്പേ അറ തുറന്ന കാര്യം അവര്‍ തന്നെ തിരുവനന്തപുരം കോടതിയില്‍ സമ്മതിച്ച സ്ഥിതിക്ക് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും നടപടി ആകാം.