Sunday, August 7, 2011

ഹിന്ദി ബെല്‍റ്റില്‍ ഇടതുപക്ഷമുണ്ടോ?

കേന്ദ്രസര്‍ക്കാറിന്റെ വാര്‍ഷിക വ്യാവസായിക സ്ഥിതിവിവരകണക്കുകള്‍ പറയുന്നത് സംഘടിത നിര്‍മ്മാണ മേഖലില്‍ ഉല്‍പ്പാദന മൂല്യവര്‍ദ്ധനവിലെ കൂലിവിഹിതം അതിഭീമമായി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ്. മുല്യവര്‍ദ്ധനവിന്റെ 20.5 ശതമാനമായിരുന്നു 1991 -92ല്‍ കൂലിക്കായി ചിലവഴിക്കപ്പെട്ട പണം. അത് 2001-02ലെത്തുമ്പോള്‍ 15 ശതമാനമായും 2007-08ല്‍ 9.2 ശതമാനമായും കുറഞ്ഞതായി വ്യാവസായിക സര്‍വെ സാക്ഷ്യപ്പെടുത്തുന്നു. ഒന്നര ദശാബ്ദം കൊണ്ട് കൂലിചെലവ്, ഉല്‍പ്പാദന മൂല്യവര്‍ദ്ധനവിന്റെ അനുപാതമെടുത്താല്‍ നേര്‍പകുതിയിലും താഴെയെത്തി. പക്ഷേ ലാഭത്തിന്റെ ഗതി നേരെ തിരിച്ചാണ്. 1991-92 ല്‍ മൂല്യവര്‍ദ്ധനവിലെ ലാഭത്തിന്റെ വിഹിതം 14.5 ശതമാനമായിരുന്നത് 2001-02 ല്‍ 19 ഉം 2007ല്‍ 53.8 ഉം ശതമാനമായാണ് കുതിച്ചത്.

CMIE (സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ എക്കണോമി) യുടെ പഠനം പറയുന്നത്, കൂലിക്കായി മാറ്റിവയ്ക്കപ്പെട്ട വിഹിതത്തിന്റെ 44% വരുന്ന തുകയായിരുന്നു 2001-02-ല്‍ കോര്‍പ്പറേറ്റ് മൊത്തലാഭം എന്നാണ്. 2008 ആയപ്പോള്‍ അത് 4 ഇരട്ടി ഉയര്‍ന്ന് 176% ആയിട്ടുണ്ടത്രെ! ഇത് സംഘടിതമേഖലയുടെ തൊഴിലാളി ചൂഷണത്തിന്റെ ആധികാരിക കണക്കാണ്. അസംഘടിത മേഖലയുടെ കഥയെന്താവുമെന്ന് ഊഹിക്കാം! ഈ വിധത്തില്‍ മൂലധനവും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ചിക്കുമ്പോള്‍ കടുത്തചൂഷണത്തിനെതിരായി ശക്തമായ പ്രത്യാക്രമണവും പ്രതിരോധവും ഉയര്‍ന്നുവരുക സ്വാഭാവികമാണ്....

അതെങ്ങനെ ശക്തിപ്പെടുത്തണമെന്നുള്ള ചോദ്യം ഇടതുപക്ഷം അഭിസംബോധന ചെയ്യണം...

ഭീകരമായ മൂലധനചൂഷണത്തിനെതിരായി ഉയരുന്ന പോരാട്ടങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വരാറില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഒഴിച്ച് ഇടതുപക്ഷത്തിന്റെ നേരിയ സാന്നിദ്ധ്യംപോലും അവര്‍ കാണാറില്ല. തമിഴ്നാട്ടിലും, ആന്ധ്രയിലും അല്‍പ്പംചില ചലനങ്ങള്‍ ഉണ്ടെന്ന് അവര്‍ സമ്മതിക്കും. പക്ഷേ ഹിന്ദി ബെല്‍റ്റില്‍, ഇടതുപക്ഷമേയില്ലെന്ന് അവര്‍ സ്ഥാപിക്കും.. അവിടെ NGOകളും ജാതിസംഘടനകളും മാത്രമെ ഉള്ളൂ...

അതാണോസത്യം?

അല്ലെന്ന് മാത്രമല്ല, സി.ഐ.ടി.യു.വിന്റെ അനുഭാവം മറിച്ചാണ്താനും. ശ്രദ്ധേയമായ നിരവധിസമരങ്ങള്‍ ഹിന്ദിബെല്‍റ്റില്‍ നടക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം പരിമിതമായിട്ടാണെങ്കിലും ഇടതുപക്ഷനേതൃത്വത്തില്‍ തൊഴിലാളി - കര്‍ഷകജനമുന്നേറ്റങ്ങളുണ്ട്.. അതില്‍ ജമ്മുകാശ്മീര്‍ പോലും ഉള്‍പ്പെടുന്നുണ്ട്. ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനു മെതിരെ കഴിഞ്ഞ രണ്ട് ദശാബ്ദമായി CITU നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളാണ്, ഒരു സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റുവല്‍ക്കരണമെന്ന ഭരണകൂടലക്ഷ്യത്തെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. ഈ സമരങ്ങളാണ് ഇന്ന് INTUC അടക്കമുള്ള ദേശീയതൊഴിലാളി സംഘടനകളെ അണിനിരത്തിയുള്ള ആദ്യദേശീയ പണിമുടക്കിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്ന വര്‍ഗ്ഗസമരമായി ഈ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങള്‍ വികസിക്കുന്നകാലം വിദൂരമല്ല.

ഇതൊന്നും സമരങ്ങളല്ലേ?

ഹിമാചല്‍പ്രദേശിലെ ചമ്പജില്ലയില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍, ജില്ലാപരിഷത്തിലേക്ക് ജയിച്ചു കയറിയ നിരവധി വനിതകളുടെ കൂട്ടത്തില്‍ ഒരാളാണ് സുദേഷ് ടാക്കൂര്‍.. ഒരു നിഷ്കളങ്കയായ കോളേജ്കുമാരിയെന്നു തോന്നിപ്പിക്കുന്ന ഈ പെണ്‍കുട്ടിയുടെ വിജയത്തിന്, ഉത്തരേന്ത്യയിലെ ഇടതുപക്ഷത്തിന്റെ സമരസാധ്യതകളെകുറിച്ചുള്ള ചര്‍ച്ചയില്‍ എന്താണ് പ്രസക്തി എന്നല്ലേ? അവര്‍ മല്‍സരിച്ചതും വിജയിച്ചതും സി.പി.ഐ.എം. സ്ഥാനാര്‍ത്ഥി ആയിട്ടാണ്. ചമ്പജില്ലയിലെ സി.ഐ.ടി.യൂ. ജില്ലാ സെക്രട്ടറികൂടിയാണ് ഈ പെണ്‍കുട്ടി. ഈ ജില്ലയിലെ ചമേര ജലവൈദ്യുതപദ്ധതിയില്‍ നടന്ന ഐതിഹാസികതൊഴിലാളിസമരത്തിന്റെ നായിക ആയിരുന്നു അവര്‍. വളരെ പഴയ ഫ്യൂഡല്‍കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പോരാട്ടമായിരുന്നു അത്. വൈദ്യുതിപദ്ധതിയുടെ ജോലി പുരോഗമിക്കുമ്പോള്‍, മിനിമം കൂലിക്കും സംഘടന രൂപീകരിക്കാനും ഉള്ള ആവശ്യം ഉയര്‍ന്നു. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സമരത്തെ സര്‍ക്കാരും മാനേജ്മെന്റും നേരിട്ടത് പ്രകൃതമായ രീതിയിലാണ്. കോടതി ഉത്തരവ് സമ്പാദിച്ച്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് പണിതുടരാനാണ് കോണ്‍ട്രാക്ടര്‍മാര്‍ ശ്രമിച്ചത്. സമരം ചെയ്തവരെ മുഴുവന്‍ പിരിച്ചുവിടുകയും പദ്ധതിപ്രദേശത്ത് കടക്കുന്നത് നിരോധിക്കുകയും മാത്രമല്ല, കുടിയേറ്റക്കാരായ ഈ തൊഴിലാളികളെ ബലംപ്രയോഗിച്ച് ട്രക്കുകളില്‍ കുത്തിനിറച്ച് അതിര്‍ത്തിയില്‍ കൊണ്ട് തള്ളുകയും ചെയ്തു. ഗുണ്ടകളെയും പോലീസിനെയും അണിനിരത്തി തൊഴിലാളിനേതാക്കളെയും അവരുടെ കുടുംബങ്ങളേയും നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാല്‍ പ്രാകൃതമായ ഈ മര്‍ദ്ദനരീതികള്‍ക്കുമുമ്പില്‍ പതറാതെ തൊഴിലാളികളെ മുഴുവന്‍ ഐക്യത്തോടെ പോരാട്ടവീഥിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സി.ഐ.ടി.യു.വിന് സാധിച്ചു. കര്‍ഷകരായ പ്രാദേശിക ജനസമൂഹത്തിന്റെ പിന്‍തുണയോടെ, കിസാന്‍ സഭയുടെ സഹായത്തോടെ, കൂലിയോ കിടക്കാനിടംപോലുമില്ലാത്ത കുടിയേറ്റതൊഴിലാളികളെ സംഘടന സംരക്ഷിച്ചു. അതിനിടയില്‍ സി.ഐ.ടി.യു. യൂണിയന്റെ അവിടത്തെ ജനറല്‍ സെക്രട്ടറിയേയും മറ്റൊരു തൊഴിലാളിയേയും മാനേജ്മെന്റ് ഗുണ്ടകള്‍ വകവരുത്തി... പക്ഷേ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും, പിരിച്ചുവിട്ടവരെ മുഴുവന്‍ തിരിച്ചെടുത്തുകൊണ്ട്, സംഘടനാസ്വാതന്ത്ര്യം അനുവദിച്ചു നല്‍കാനും മാനേജ്മെന്റ് നിര്‍ബന്ധിതരായി. ത്യാഗനിര്‍ഭരമായ ഈ സമരതീയില്‍ നിന്നാണ് സുദേഷ് ഠാക്കൂര്‍ എന്ന തൊഴിലാളി പ്രവര്‍ത്തക, ജില്ലാപരിഷത്തിലേക്ക് - നാടിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അവര്‍, ജനങ്ങളുടെ നൂറുനൂറു പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ നേതാവായി മാറുകയായിരുന്നു. തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ തെളിമയാര്‍ന്ന ആശയപ്രപഞ്ചം ഒരു ജനതക്ക് സ്വീകാര്യമാവുന്നതിന്, പോരാട്ടങ്ങളുടെ അഗ്നിനാളങ്ങളില്‍ അത് സ്ഫുടം ചെയ്തെടുക്കേണ്ടിവരുമെന്ന പാഠമാണ് സുദേഷ് ഠാക്കൂറിന്റെ അനുഭവചിത്രം പറഞ്ഞുതരുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഹിമാചലില്‍, സ്വതന്ത്രരായി നിന്ന് മല്‍സരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച നിരവധി സി.ഐ.ടി.യു. വനിതാനേതാക്കളുണ്ട്. അംഗന്‍വാടിവര്‍ക്കേഴ്സ് യൂണിയന്റെയും മറ്റും പ്രഗല്‍ഭരായ സാരഥികള്‍.

രാജസ്ഥാനില്‍ ഗര്‍സാനയില്‍ വെള്ളത്തിനും, വൈദ്യുതിക്കും വേണ്ടി നടന്ന കിസാന്‍സഭ നയിച്ച കര്‍ഷകസമരം ഉജ്ജ്വലമായ മറ്റൊരനുഭവപാഠമാണ്. ഈ സമരത്തിലും സി.ഐ.ടി.യു. സജീവമായി മുന്‍നിരയിലുണ്ടായിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ ജയിലില്‍ അടച്ചിട്ടാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. പക്ഷേ വമ്പിച്ച ജനരോഷത്തിനു മുമ്പില്‍ ഭരണകൂടത്തിന് കീഴടങ്ങേണ്ടിവന്നു. സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാര്‍ ജയിലില്‍ വന്നാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. അതിനുശേഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പോരാട്ടം പ്രതിഫലിച്ചതാവട്ടെ, 3 സി.പി.ഐ.എം. എം.എല്‍. ഏ മാരെ ഗര്‍സാനയില്‍ നിന്ന് തെരഞ്ഞെടുത്തതുകൊണ്ടാണ്.

യൂ.പി.യിലെ ഫിറോസാബാദിലെ ഗ്ളാസ് വ്യവസായ തൊഴിലാളികളുടെ പോരാട്ടം അഭിമാനകരമായ വേറൊരു അനുഭവമാണ്. മിനിമം കൂലിക്കും, യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശത്തിനുമായിട്ടാണ് രണ്ടുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ സമരം ചെയ്തത്. ഈ പോരാട്ടം വിജയിച്ചുവെന്ന് മാത്രമല്ല തുടര്‍ന്ന് നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ CPIM പ്രതിനിധികള്‍ 2-ാം സ്ഥാനക്കാരായിമാറി. മധ്യപ്രദേശിലെ ഷിഫോര്‍ ജില്ലയില്‍ രണ്ട്പഞ്ചായത്തുകളില്‍ CPIM - CITU നേതാക്കളെതെരഞ്ഞെടുത്തതും, അവിടെ തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്തി നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് കാണേണ്ടത്. CITU അവിടെ സംഘടന രൂപീകരിച്ചിട്ട് രണ്ടുവര്‍ഷംപോലുമായിരുന്നില്ല! ഇത്തരം നിരവധി അനുഭവങ്ങളുണ്ട്. അതെല്ലാം ഒന്നൊന്നായി ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ഈ കാര്യങ്ങളെല്ലാം തെളിയിക്കുന്നത് എവിടെ ഇടതുപക്ഷം പോരാട്ട ഭൂമിയിലുണ്ടോ, അവിടെ സാധാരണജനങ്ങള്‍ ഇടതുപക്ഷത്തെ ഹൃദയപൂര്‍വം സ്വീകരിക്കുന്നുവെന്നാണ്. കോണ്‍ഗ്രസിനും ബി.ജെ.പി ക്കും; എസ്.പിക്കും ബി.എസ്.പി.ക്കുമൊക്കെ എതിരെയുള്ള രാഷ്ട്രീയ ചേരിയായി അവര്‍ ഇടതുപക്ഷത്തെ സ്വീകരിക്കുന്നുവെന്നാണ്. അതില്‍ ഇടതുപക്ഷത്തിന് ഫലപ്രദമായി ഇടപെടാന്‍ ആവുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഈ ചെറുകുറിപ്പില്‍ ശ്രമിക്കുന്നില്ല.

അംഗന്‍വാടി ജീവനക്കാരുടെ സമരങ്ങള്‍

2011 ഫെബ്രുവരി 18നായിരുന്നു, 120 ദിവസം നീണ്ടുപോയ രാജസ്ഥാനിലെ ചുരുജില്ലയില്‍ അംഗന്‍വാടി സ്വകാര്യവല്‍ക്കരണത്തിനെതിരെ നടന്ന പോരാട്ടം പര്യവസാനിച്ചത്. രാജ്ഗാര്‍ ICDS പ്രോജക്ടാണ് സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 4മാസം നീണ്ട സമരത്തെതുടര്‍ന്ന്, സ്വകാര്യവല്‍ക്കരണ തീരുമാനം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. 2008 ലാണ് അവിടെ അംഗന്‍വാടി യൂണിയന്‍ രൂപീകരിച്ചത്. അതേ ജില്ലയില്‍തന്നെ മറ്റൊരു പ്രോജക്ടിലെ സ്വകാര്യവല്‍ക്കരണം ജീവനക്കാര്‍ സമരം നടത്തി പിന്‍വലിപ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. അന്ന് ആ സമരം തകര്‍ക്കാന്‍ സംസ്ഥാനമന്ത്രിതന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. സമരം വിജയിച്ചാല്‍ അംഗന്‍വാടി സ്വകാര്യവല്‍ക്കരണം എന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് അന്ന് മന്ത്രി വിലപിച്ചത്.

അംഗന്‍വാടി ജീവനക്കാര്‍ 120 ദിവസം നീളുന്ന സമരം നടത്തുകയോ എന്നു സംശയിക്കുന്നവരുണ്ട്. ഒരു ഭരണസംവിധാനത്തിന്റെ മുഴുവന്‍ എതിര്‍പ്പും നേരിട്ട്, അധികാരികളുടെ ഭീഷണികള്‍ക്കു നടുവില്‍, പേലീസ്കേസും അറസ്റും ഒക്കെ നേരിട്ട് സ്ത്രീകള്‍ നടത്തിയ ഈ സമരം വിജയിച്ചത് ത്രസിപ്പിക്കുന്ന അനുഭവമാണ്. CITUവിന്റെ വേറെ ഘടക സംഘടനകളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഔപചാരിക സാന്നിധ്യവുംപോലും ഈ ജില്ലയില്‍ ഉണ്ടായിരുന്നില്ല. ICDS സ്വകാര്യവല്‍ക്കരണത്തിനെതിരെ പഞ്ചാബില്‍ 3 മാസവും ഹിമാചലില്‍ 112 ദിവസവും നീണ്ടുനിന്ന സമരം നടന്നു. ഗ്രാമീണരായ സ്ത്രീകള്‍, സാമൂഹികമായ നിരവധി വേലികെട്ടുകള്‍ക്കുള്ളിലാണ് ഇപ്പോഴും ഉള്ളതെന്ന് ഓര്‍ക്കുക. പുറത്തിറങ്ങുന്നതുപോലും 'നിഷിദ്ധ' മാക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുവരുന്ന ഈ സ്ത്രീകള്‍ ചുവന്നകൊടിയും പിടിച്ച് പ്രക്ഷോഭകാരികളായി ഭരണകൂടത്തോടും പൊതുസമൂഹത്തോടും മല്ലടിച്ച്... 3ഉം 4ഉം മാസം തെരുവില്‍...

യു.പി.യിലും ഹരിയാനയിലും ഉച്ചഭക്ഷണപരിപാടിയുടെ നടത്തിപ്പുകാരായ തൊഴിലാളികള്‍ ഇടപെട്ട് അംഗന്‍വാടി സ്വകാര്യവല്‍ക്കരണം തടഞ്ഞതിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്. CITU സംഘടനാരൂപീകരണ കണ്‍വന്‍ഷനില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഏറ്റെടുത്ത സമരമാണ് ഹരിയാനയില്‍ വിജയം കണ്ടത്.

ഉത്തരേന്ത്യയിലെ അതിവിശാലമായ ഭൂപ്രദേശങ്ങളില്‍, ഇങ്ങനെ അവിടെവിടെയായി കുറെ ഇടതുപക്ഷനിറമുള്ള പോരാട്ടങ്ങള്‍ നടക്കുന്നുണ്ടെന്ന് പക്ഷേ ലോകം അറിയുന്നില്ല. സംഘടിതവും അസംഘടിതവുമായ വ്യവസായ മേഖലകളിലും, ഗ്രാമീണ കൃഷിയിടങ്ങളിലും, വന്‍കിടക്കാരുടെ പാടങ്ങളിലുമൊക്കെ ഈ പോരാട്ടങ്ങള്‍ മൊട്ടിമുളയ്ക്കുന്നുണ്ട്. പലപ്പോഴും കടുത്ത ചെറുത്തുനില്‍പ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്നവയാണ് ഈ സമരങ്ങള്‍.. പല സമരങ്ങളും ഇടതുപക്ഷനേതൃത്വത്തിലല്ല നടക്കുന്നതെങ്കിലും, അവരുടെ സാന്നിദ്ധ്യം ഉള്ളിടങ്ങളില്‍ ഈ പോരാട്ടങ്ങള്‍ സദ്ഫലങ്ങളുണ്ടാക്കി വിജയിക്കുന്നുണ്ടന്നെതാണ് എടുത്തുപറയേണ്ട കാര്യം. അത്തരം അവസരങ്ങളില്‍ രാഷ്ട്രീയ ശക്തിയായി മാറാനുള്ള വന്‍സാധ്യതയാണ് ഇടതുപക്ഷത്തിനുള്ളതെന്ന്, ഇതിനോടകം വിശദീകരിക്കപ്പെട്ടുവല്ലോ.. പോരാട്ടങ്ങളിലൂടെയേ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരുകയുള്ളൂ. പ്രതിരോധസമരങ്ങളെ പ്രത്യാക്രമണ സമരങ്ങളായി പരിവര്‍ത്തനപ്പെടുത്തുകയാണ് ഇടതു - തൊഴിലാളി സംഘടനകളുടെ മുന്നിലെ വെല്ലുവിളി സ്വാഭാവിക സമരങ്ങള്‍ക്ക് ബോധപൂര്‍വമുള്ള തുടര്‍ച്ചയും ഉയര്‍ച്ചയും പ്രദാനം ചെയ്യേണ്ടതുണ്ട്. മഹാഭൂരിപക്ഷവും ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ ജീവിക്കുന്ന ഇന്ത്യയില്‍ കടുത്തചൂഷണത്തിന്റെ പ്രാകൃതവും, ആധുനികവുമായ ചങ്ങലകളെ അറുത്തെറിയുകയെന്ന കടമയാണ് ഇടതുപക്ഷത്തിനുള്ളത്. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള ജനസമൂഹങ്ങളുടെ അഖിലേന്ത്യാപോരാട്ടങ്ങള്‍ ശ്രദ്ധേയമായ അളവില്‍ ജനങ്ങളെ അണിനിരത്തുന്നതില്‍ വിജയിക്കുന്നുണ്ട്. സി.ഐ.ടി.യൂ; കിസാന്‍സഭ, അംഗന്‍വാടിവര്‍ക്കേഴ്സ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ വന്‍പിച്ച പ്രതികരണമുണ്ടാക്കുന്നതായാണ് അനുഭവം. ഉത്തരേന്ത്യയിലെ വൈവിധ്യങ്ങള്‍ക്കും വൈപുല്യങ്ങള്‍ക്കും അനുസരിച്ച് ഈ പ്രതിരോധങ്ങളെയും, നിലവിളികളേയും - വിമോചനപോരാട്ടങ്ങളായി വളര്‍ത്തിയെടുക്കുകയെന്ന ബൃഹത്തായ കടമ, ഇടതുപക്ഷത്തിനുണ്ട്.

*
A.R. സിന്ധു (സി.ഐ.ടി.യു. സെന്റര്‍, ന്യൂഡല്‍ഹി - അഖിലേന്ത്യാ, അംഗന്‍വാടിവര്‍ക്കേഴ്സ് യൂണിയന്‍ ജോ: സെക്രട്ടറിയാണ് )
മലയാള രൂപാന്തരം : അജയന്‍
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭീകരമായ മൂലധനചൂഷണത്തിനെതിരായി ഉയരുന്ന പോരാട്ടങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വരാറില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഒഴിച്ച് ഇടതുപക്ഷത്തിന്റെ നേരിയ സാന്നിദ്ധ്യംപോലും അവര്‍ കാണാറില്ല. തമിഴ്നാട്ടിലും, ആന്ധ്രയിലും അല്‍പ്പംചില ചലനങ്ങള്‍ ഉണ്ടെന്ന് അവര്‍ സമ്മതിക്കും. പക്ഷേ ഹിന്ദി ബെല്‍റ്റില്‍, ഇടതുപക്ഷമേയില്ലെന്ന് അവര്‍ സ്ഥാപിക്കും.. അവിടെ NGOകളും ജാതിസംഘടനകളും മാത്രമെ ഉള്ളൂ...

അതാണോസത്യം?