Tuesday, August 9, 2011

ചെറുകിട വ്യാപാരികള്‍ വഴിയാധാരമാവും

ധനകാര്യമന്ത്രിയായും പ്രധാനമന്ത്രിയായും ഡോ മന്‍മോഹന്‍സിംഗ് തുടര്‍ന്നുവരുന്ന പുത്തന്‍ സാമ്പത്തിക നയം രാജ്യത്തെ ചെറുകിട വ്യാപാരരംഗത്തും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഉല്‍പ്പാദകന് ആദായകരമായ വില ലഭിക്കാനും ഉപഭോക്താവിന് ന്യായമായ വിലയ്ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുമാണ് ആഗോള കുത്തക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനസൗകര്യം ഒരുക്കുന്നതെന്നാണ് വിശദീകരണം. അതിന് രാജ്യത്തെ ചെറുകിട വ്യാപാരരംഗത്ത് അന്‍പത്തിഒന്ന് ശതമാനം ഉടമാവകാശം നല്‍കി പ്രവര്‍ത്തിക്കാനുള്ള സൗകര്യം വിദേശ കുത്തകകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

വ്യാപാരരംഗത്ത് ഇന്ന് പ്രധാനമായും മൂന്ന് മേഖലകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്-പൊതുമേഖല, സ്വകാര്യമേഖല, സഹകരണമേഖല. ഇതില്‍ പൊതുമേഖലയുടെ പ്രവര്‍ത്തനം പ്രധാനമായും ഭക്ഷ്യരംഗത്താണ്. കൃഷിക്കാര്‍ക്ക് ഒരു ന്യായമായ വില ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള ചുമതല ഫുഡ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതുപോലെ ഒരു ലെവി ചുമത്തി സ്വകാര്യ-സഹകരണ മില്ലുകളില്‍ നിന്നും പഞ്ചസാര സംഭരിച്ച് ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ഭക്ഷ്യധാന്യത്തിന്റെയും പഞ്ചസാരയുടെയും വിതരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. റേഷന്‍കടകള്‍ വഴി അത് വിതരണം ചെയ്യുന്നു. ഇന്ന് ഈ സംവിധാനം തികഞ്ഞ അവഗണനയിലാണ്. കാലപഴക്കം വന്ന സംഭരണശാലകളാണ് ഇന്നും ഫുഡ് കോര്‍പ്പറേഷന്റെ കൈയ്യിലുള്ളത്. ഇത് തന്നെ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാനുള്ള ആലോചനകള്‍ കൂറെക്കാലമായി നടന്നുവരുന്നു. സംഭരണത്തിന്റെ അശാസ്ത്രീയതകൊണ്ടും അപര്യാപ്തതകൊണ്ടും ഭക്ഷ്യസംഭരണശാലകളില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയാണ്. റേഷന്‍കടകള്‍ വഴിയുള്ള പഞ്ചസാരയുടെ വിതരണം കുറച്ചുകൊണ്ടുവരുന്നു. ചുരുക്കത്തില്‍ കൃഷിക്കാരന് ആദായകരമായ വില ലഭിക്കാനും ഉപഭോക്താവിന് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുകയും ചെയ്യുന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്ത് ആരംഭിച്ച പൊതുവിതരണ സംവിധാനം കാലോചിതമായി പരിഷ്‌കരിക്കാനുള്ള നടപടികളല്ല മറിച്ച് ഈ രംഗത്ത് നിന്നും ക്രമേണ ഒഴിഞ്ഞുപോകാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ബി പി എല്‍ - എ പി എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യവിതരണം സാര്‍വത്രികമാക്കണമെന്നാണ് പൊതുവിതരണ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതികളെല്ലാം തന്നെ ശുപാര്‍ശ ചെയ്തത്. എന്നു മാത്രമല്ല ഭക്ഷ്യഎണ്ണ, പയര്‍വര്‍ഗങ്ങള്‍, പലവ്യജ്ഞനങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി പൊതുവിതരണ സംവിധാനം വിപുലവും ശക്തവുമാക്കണമെന്നാണ് ഈ സമിതികളുടെയെല്ലാം നിര്‍ദേശം. അതേസമയം ഈ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കി, ഭക്ഷ്യധാന്യവിതരണം സ്വകാര്യമേഖലക്കും വിദേശ കുത്തകകള്‍ക്കും വിട്ടുകൊടുക്കാനുള്ള ശ്രമമാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ നടത്തിവരുന്നത്.

വ്യാപാരരംഗത്ത് സ്വകാര്യമേഖലയ്ക്ക് വന്‍കിട മൊത്തവ്യാപാര കടകള്‍ മുതല്‍ വീട് വീടാന്തരം കയറി ഇറങ്ങിയുള്ള വില്‍പ്പനയും വഴിയോര കച്ചവടങ്ങളും ഉണ്ട്. ചെറുകിട വ്യാപാരരംഗത്ത് തൊഴിലെടുക്കുന്നത് വലിയൊരു ജനവിഭാഗമാണ്. 2009-10 ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് തൊഴിലെടുക്കുന്നവരില്‍ അന്‍പത്തിഒന്ന് ശതമാനം പേരും സ്വയംതൊഴില്‍ കണ്ടെത്തിയവരാണ്. വേതനം പറ്റുന്ന തൊഴിലാളികള്‍ വെറും പതിനാറ് ശതമാനം മാത്രമാണ്. ഇവര്‍ സംഘടിത തൊഴില്‍മേഖലയില്‍ പണിയെടുക്കുന്നവരാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ശമ്പളം പറ്റുന്ന തൊഴിലാളികളുടെ എണ്ണം 1.74 ദശലക്ഷം വീതം വര്‍ധിക്കുന്നുണ്ട്. അതേസമയം വര്‍ഷംതോറും പതിനഞ്ച് ദശലക്ഷം വീതം ജനസംഖ്യയില്‍ വര്‍ധനവ് ഉണ്ടാവുന്നുണ്ട്. സ്ഥിരം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും തൊഴില്‍മേഖലയില്‍ കുറഞ്ഞുവരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. വലിയൊരു ജനവിഭാഗം കൂലിപ്പണിയോ സ്വയംതൊഴിലായി ചെറുകിട വ്യാപാരമോ വ്യാപാരശാലകളില്‍ തൊഴിലെടുത്തോ കഴിഞ്ഞുപൊവുകയാണ്.

രാജ്യത്ത് പതിമൂന്ന് ദശലക്ഷം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് അടിസ്ഥാന സ്ഥിതിവിവരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് (ഐ ആര്‍ എസ്-2011) വെളിപ്പെടുത്തുന്നത്. ഈ ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരും സ്വയംതൊഴിലായി വ്യാപാരം ചെയ്യുന്നവരും വഴിയോര വാണിഭം നടത്തുന്നവരുമായി രാജ്യത്ത് 25.5 ദശലക്ഷം ആളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്നത് ചെറുകിട വ്യാപാരമേഖലയിലാണ്. ഇത് രാജ്യത്തെ മൊത്തം തൊഴിലെടുക്കുന്നവരുടെ പതിനൊന്ന് ശതമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരമേഖലയില്‍ കൈവയ്ക്കുന്നതിന് മുമ്പ് ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഇന്നത്തെ സ്ഥിതി എന്താണെന്ന് പഠിക്കണം. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് എന്ത് മാറ്റം വരുത്താനാവുമെന്ന് പരിശോധിക്കുകയാണ് വേണ്ടത്. വിദേശകുത്തകകളെ അനിയന്ത്രിതമായി ചെറുകിട വ്യാപാരരംഗത്തേക്ക് കടത്തിവിടാനുള്ള പരിശ്രമം ഈ മേഖലയില്‍ പണിയെടുക്കുന്ന വലിയൊരു ജനവിഭാഗത്തെ തൊഴിലില്ലാത്തവരാക്കും. രാജ്യത്ത് ചെറുകിട വ്യാപാരമേഖലയില്‍ വിദേശ പങ്കാളിത്തത്തെക്കുറിച്ച് പഠിച്ച പാര്‍ലമെന്റ് സമിതി 2009 ജൂണ്‍ എട്ടിന് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പലവ്യജ്ഞനങ്ങള്‍, പഴങ്ങള്‍, പച്ചക്കറി തുടങ്ങിയ രംഗങ്ങളില്‍ ഒരു കാരണവശാലും വിദേശ വ്യാപാരികള്‍ക്ക് അനുമതി നല്‍കരുതെന്ന് പാര്‍ലമെന്റ് സമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം പാടെ അവഗണിച്ചാണ് വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ചെറുകിട വ്യാപാരരംഗത്ത് വിദേശപങ്കാളിത്തം കൊണ്ടുവരുമ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭിക്കുമെന്ന വാദം പൊള്ളയാണ്. കുത്തക വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം തന്നെ കൃഷിക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പരമാവധി വില കുറച്ച് വാങ്ങാനാണ് പരിശ്രമിക്കുന്നത്. അതോടൊപ്പം അവരുടെ ലക്ഷ്യം പരമാവധി ലാഭമാണ്. അതുകൊണ്ട് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഏറ്റവും കൂടുതല്‍ ലാഭത്തില്‍ വില്‍ക്കാനാണ് അവര്‍ ശ്രമിക്കുക.

സഹകരണമേഖലയ്ക്ക് സംഭരണ-വിതരണരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് രാജ്യത്തെ സഹകരണപ്രസ്ഥാനം തെളിയിച്ചിട്ടുണ്ട്. ക്ഷീരവ്യവസായത്തില്‍ സംഭരണ-വിതരണ-സംസ്‌കരണങ്ങളില്‍ എന്ത് ചെയ്യാനാവുമെന്ന് ഗുജറാത്തില്‍ ഡോ വി കുര്യന്‍ നേതൃത്വം നല്‍കിയ ആനന്ദ് സഹകരണപ്രസ്ഥാനം തെളിയിച്ചു. പാല്‍ വിതരണത്തിലും സംഭരണത്തിലും മെച്ചപ്പെട്ട മാതൃകയാണ് ആനന്ദ്. അവരുടെ അതിവിപുലമായ വിതരണശൃംഖല രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ അധികംവരുന്ന പാല്‍ ഐസ്‌ക്രീം, ചോക്ക്‌ളേറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളായും മാറ്റുന്നു. ഈ രീതിയില്‍ മറ്റ് പല സംസ്ഥാനങ്ങളിലും ക്ഷീരവ്യവസായം ആരംഭിച്ചെങ്കിലും ഗുജറാത്തിലെപോലെ വിജയിച്ചില്ല. രാജ്യത്ത് ഒട്ടാകെ ഗുജറാത്ത് മാതൃക നടപ്പാക്കി ശാസ്ത്രീയമായ രീതിയില്‍ പാലില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ ക്ഷീരവ്യവസായരംഗത്ത് എത്രയോ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാവും. ക്ഷീരകര്‍ഷകന് ആദായകരമായ വില ലഭിക്കാനും ഉപഭോക്താവിന് ന്യായമായ വിലയ്ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. ഇതിനുള്ള ഇച്ഛാശക്തി കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ കാണിക്കണം. എന്നാല്‍ ഇപ്പോള്‍ ശ്രമിക്കുന്നത് അമുല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ആഗോള കുത്തക വാണിജ്യ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചെറുകിട വ്യാപാരരംഗത്ത് വ്യാപകമാക്കാനാണ്.

ക്ഷീരവ്യവസായരംഗത്ത് ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച മാതൃക കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും നടപ്പിലാക്കാനാവും. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായ സംഭരണശാലകളുടെ അപര്യാപ്തത മൂലം വര്‍ഷംതോറും വന്‍തോതില്‍ നശിക്കുകയാണ്. കൃഷിക്കാരന് ആദായകരമായ ഒരു വില നല്‍കി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് ഉപോല്‍പ്പന്നങ്ങളായി വിപണിയിലെത്തിക്കാന്‍ സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം. ഇത് വിജയകരമായി നടത്താന്‍ കഴിഞ്ഞാല്‍ കാര്‍ഷികരംഗത്ത് തൊഴിലും വരുമാനവും വര്‍ധിക്കും. എന്നാല്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളായ കേന്ദ്ര ഭരണാധികാരികള്‍ ആഗോള കുത്തകകള്‍ക്ക് ഇന്ത്യന്‍ ചെറുകിട വ്യാപാരത്തില്‍ അന്‍പത്തിഒന്ന് ശതമാനം ഓഹരി പങ്കാളിത്തം നല്‍കി, വിപണി പിടിച്ചെടുക്കുന്നതിന് അനുമതി നല്‍കുകയാണ്. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ചുമതലപ്പടുത്തിയ കേന്ദ്ര സെക്രട്ടറിമാരുടെ സമിതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി അവരുടെ റിപ്പോര്‍ട്ട് നല്‍കികഴിഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ രാജ്യത്തെ നിലവിലുള്ള ചെറുകിട വ്യാപാരരംഗം തകിടം മറിയും. ക്രമേണ ഉല്‍പ്പാദകനായ കൃഷിക്കാരന് അവരുടെ ഉല്‍പ്പന്നത്തിന് വില ലഭിക്കാതെ വരും. ഉപഭോക്താവിന് ന്യായവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുകയും ഇല്ല. ഉല്‍പ്പാദന-സംഭരണ-വിതരണ-വിപണന രംഗങ്ങളില്‍ ഇപ്പോള്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവും. ഈ പ്രക്രിയയിലൂടെ സംഭവിക്കുന്നത് ആഗോള കുത്തകകള്‍ കൂടുതല്‍ സമ്പന്നരാവുന്ന സ്ഥിതിയാണ്. ഈ യാഥാര്‍ഥ്യം കാണാതെ കുത്തകകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയാണ് രാജ്യത്തെ മാധ്യമരാജാക്കന്‍മാര്‍. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും വിപണിയും തകരുകയും അതിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരന്റെ ജീവിതം വഴിമുട്ടുകയും ചെയ്യുന്ന ദയനീയ അവസ്ഥ ഒരു മാധ്യമങ്ങളും കാണുന്നില്ല. ഈ നയത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന് മറയിടാനാണ് അവര്‍ ശ്രമിക്കുന്നത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 09 ആഗസ്റ്റ് 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ധനകാര്യമന്ത്രിയായും പ്രധാനമന്ത്രിയായും ഡോ മന്‍മോഹന്‍സിംഗ് തുടര്‍ന്നുവരുന്ന പുത്തന്‍ സാമ്പത്തിക നയം രാജ്യത്തെ ചെറുകിട വ്യാപാരരംഗത്തും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഉല്‍പ്പാദകന് ആദായകരമായ വില ലഭിക്കാനും ഉപഭോക്താവിന് ന്യായമായ വിലയ്ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുമാണ് ആഗോള കുത്തക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനസൗകര്യം ഒരുക്കുന്നതെന്നാണ് വിശദീകരണം. അതിന് രാജ്യത്തെ ചെറുകിട വ്യാപാരരംഗത്ത് അന്‍പത്തിഒന്ന് ശതമാനം ഉടമാവകാശം നല്‍കി പ്രവര്‍ത്തിക്കാനുള്ള സൗകര്യം വിദേശ കുത്തകകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ചുമട്ടുകാരൻ said...

ആരാ ഇത് ഇപ്പോ വായിക്കണ്ടേ.... ചുമട്ടുകാരാ... നാട്ടില്‍ മുറുക്കാന്‍ വില്‍ക്കണ ചെറുകിട വ്യാവാരികള്‍ പോലും ഇത് വായിക്കില്ലാ... രണ്ടു രൂപക്ക് ബിപിഎല്ല്‌ അരി കിട്ടിയില്ലേ പട്ടിണി കിടന്ന് ചാവാനിടയുള്ള വ്യാവാരികള്ക്കും രാജ്യത്തെ പ്രധാന പ്രശ്നം ചുമട്ടുകൂലിയാ... സഹജീവികള്‌ ടാറ്റായും അംബാനിയും .... ജിഹ്വ മലയാളീന്റെ സുപ്രഭാതം..... പഷ്ട്... പഷ്ട്.... കൂടുതല്‍ പറയാന്‍ സമയമില്ലാ... തല്‍ക്കാലം ഞാനെന്റെ ചുമടുമായിപ്പോകട്ടെ..... പണി കഴിഞ്ഞ് അംബാനീന്റെ കടേല്‌ കേറി അരി മേടിക്കണം... യേത് റിലേന്‍സ് ഫ്രെഷേയ്.......