Sunday, August 28, 2011

ചരിത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കുക

കഴിഞ്ഞയാഴ്ച അന്തരിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ പ്രൊഫ. ആര്‍ എസ് ശര്‍മ ഒന്നരപ്പതിറ്റാണ്ടു മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്. രാംശരണ്‍ ശര്‍മയെന്ന പ്രതിഭയുടെ ധിഷണാ മണ്ഡലങ്ങളിലേക്ക് കണ്‍തുറക്കുന്ന ഈ അഭിമുഖം നടത്തിയത് പ്രമുഖ ചരിത്രകാരനും ആര്‍ക്കിയോളജിസ്റ്റും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. പി ജെ ചെറിയാന്‍ .

വടക്കേയിന്ത്യയില്‍ പൊതുവിലും ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്ന താങ്കളുടെ സംസ്ഥാനമായ ബിഹാറില്‍ പ്രത്യേകിച്ചും കമ്യൂണിസത്തിന് നടുനിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ആദ്യ ചോദ്യത്തോട് കനമുള്ള ഒരു മൂളലയായിരുന്നു ആദ്യപ്രതികരണം. അതിന്റെ കാരണം ഒരു ബ്രാഹ്മണനില്‍ നിന്നേ അറിയാനാവൂ എന്ന ഉത്തരത്തിന് അകമ്പടിയായി ഒരുപൊട്ടിച്ചിരിയും. ഞാനിപ്പോള്‍ ഒരു ബ്രാഹ്മണന്റെ കാല്‍പാദത്തില്‍ത്തന്നെയാണല്ലോ എന്നു പറഞ്ഞപ്പോള്‍ അതാസ്വദിച്ചെന്നോണം വീണ്ടും ഉറക്കെച്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു, "ബ്രാഹ്മണ്യത്തെയാണ് ബ്രാഹ്മണനെയല്ല താന്‍ ഉദ്ദ്യേശിച്ചത്. ബ്രാഹ്മണ്യം ഇരവല്‍ക്കരിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കിയാലേ ഈ ചോദ്യത്തിന്റെ മറുപടി കിട്ടൂ. വ്യവസായവല്‍ക്കരണം നടപ്പിലാക്കാതെ പോയത്, ജാതിരാഷ്ട്രീയത്തിന്റെ അതിപ്രസരം, കര്‍ഷകപ്രസ്ഥാനങ്ങളുടെ ഏകോപനമില്ലായ്മ, ബംഗാളിലെപ്പോലെ- ഒരുപരിധിവരെ കേരളത്തിലെപ്പോലെയും- Critical മധ്യവര്‍ഗമില്ലാതെപോയത് തുടങ്ങിയ കാരണങ്ങള്‍ ഇടതുരാഷ്ട്രീയത്തെ വടക്ക് അപ്രസക്തമാക്കിയിട്ടുണ്ടാകാമെന്ന് വിശദീകരണം.

താങ്കള്‍ ചരിത്ര വിദ്യാര്‍ഥിയായത് എങ്ങനെയാണ്.

* ഏതുവിദ്യാര്‍ഥിക്കും ഏതെങ്കിലും ഒരുവിഷയത്തില്‍ തോന്നാവുന്ന ഒരു സാധാരണ കൗതുകം മാത്രമേ എനിക്കും ആദ്യം തോന്നിയുള്ളൂ. 1920കളിലും 30കളുടെ ആദ്യവര്‍ഷങ്ങളിലുമാണ് സ്കൂള്‍ വിദ്യാഭ്യാസം. അക്കാലത്ത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചരിത്രത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. 1937ല്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നപ്പോള്‍ ചരിത്രകൗതുകം കൂടുതല്‍ സ്പഷ്ടമായി. അന്നത്തെ ചരിത്രപാഠങ്ങളുടെ മുഖ്യയിനമായ യുദ്ധകാരണങ്ങള്‍ , ഗതി, ഫലങ്ങള്‍ തുടങ്ങിയവ പഠിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. മറിച്ച് ആധുനിക ഇന്ത്യയുടെ ആവിര്‍ഭാവം ഇഷ്ടവിഷയമായി. താല്‍പ്പര്യമുള്ള മറ്റൊന്ന് ഇന്ത്യാചരിത്രത്തിലെ കാലവിഭജനമാണ്. സാമൂഹ്യഘടനയെ അടിസ്ഥാനമാക്കിയുള്ള ചരിത്രം പഠിച്ചപ്പോള്‍ അത് ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കാന്‍ പോരുന്നതായി മനസ്സിലായി. ഇത് ചരിത്രപഠനത്തില്‍ വലിയ പ്രേരണയായി.

ഇന്ത്യയുടെ പ്രാചീന ചരിത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടായ സാഹചര്യമെന്താണ്.

* സാമൂഹ്യഘടനയുടെയും ജാതിവ്യവസ്ഥയുടെയൂം ചരിത്രം പഠിക്കാന്‍ തുടങ്ങിയതാണ് എനിക്ക് പ്രാചീനചരിത്രത്തില്‍ താല്‍പ്പര്യം വളരാന്‍ കാരണം. ചരിത്രരചനയില്‍ വൈദഗ്ധ്യമുള്ള വ്യക്തിയല്ലെങ്കിലും ഭുവേന്ദ്രനാഥ് ദത്ത് എന്നെ ഇക്കാര്യത്തില്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. നവീനാശയങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം വിവേകാനന്ദന്റെ ഇളയ സഹോദരനാണ്. ഒരുതരം തീവ്രവാദി. 1944ല്‍ പ്രസിദ്ധീകരിച്ച Studies in Hindu Social Polity എന്ന ഗ്രന്ഥം എനിക്ക് വഴികാട്ടി. പ്രാചീനകാലത്തെ സാമ്പത്തികഘടനയും അതിന്റെ വിശദാംശങ്ങളുമായി എന്റെ ആദ്യകാല അന്വേഷണ വിഷയങ്ങള്‍ . ചരിത്രപഠനത്തിന്റെ പൊതുലക്ഷ്യങ്ങളില്‍ ഒന്ന് സാമൂഹ്യമാറ്റവുമായി ബന്ധപ്പെട്ടതാണ്. സമൂഹം, സമ്പത്ത്, സംസ്കാരം തുടങ്ങിയവ നൂറ്റാണ്ടുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ സസൂക്ഷ്മം പഠിക്കുമ്പോള്‍ നമുക്ക് ഒരുതരം ആത്മവിശ്വാസം കൈവരും. ഈ ആത്മവിശ്വാസത്തിന്റെ ആവശ്യകത എല്ലാക്കാലത്തും, പ്രത്യേകിച്ച് വര്‍ത്തമാനകാലത്ത്, പ്രസക്തം. സമൂഹം പണ്ടുമുതലേ മാറിക്കൊണ്ടിരുന്നു. ഇനിയുമത് മാറിക്കൊണ്ടിരിക്കും. ഏതായാലും സാമൂഹ്യമാറ്റത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് എന്റെ ചരിത്രപഠനത്തെ സ്വാധീനിച്ചത്. സാമൂഹ്യമാറ്റത്തിന് ആത്മവിശ്വാസം പകരും എന്നതിലുപരി ചരിത്രം സാമൂഹ്യമാറ്റത്തിന്റെ പടവാളാകും എന്നു പറയുന്നത് ശരിയല്ല. ചരിത്രപഠനംകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുന്നില്ല. അതിന് മറ്റുമാര്‍ഗങ്ങള്‍ തന്നെ വേണ്ടിവരും. എന്നാല്‍ , ചരിത്രപഠനം പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ നമുക്ക് ബോധ്യപ്പെടുത്തും. പ്രശ്നങ്ങളുടെ ബഹുമുഖതലങ്ങളെ പ്രകാശമാനമാക്കും.

ഡി ഡി കൊസാംബിയും അദ്ദേഹത്തിന്റെ ചരിത്രരചനയുമായുള്ള അങ്ങയുടെ ബന്ധം, സ്വാധീനം

* ഡി ഡി കൊസാംബി സത്യത്തില്‍ എനിക്ക് നേരിട്ട് പ്രചോദനമായിട്ടില്ല. കാരണം ഞാന്‍ അദ്ദേഹത്തിനുമുമ്പ് എഴുതിത്തുടങ്ങി. എന്റെ തീസിസ്- ശൂദ്രന്മാരെക്കുറിച്ചുള്ള പഠനം- അദ്ദേഹത്തിന്റെ ഇന്ത്യാചരിത്രത്തിനുംമുമ്പ് എഴുതപ്പെട്ടതാണ്. മാര്‍ക്സിസം എനിക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, ഞാന്‍ ഒരിക്കലും മാര്‍ക്സിന്റെ കൃതികള്‍ ആഴത്തില്‍ പഠിച്ചിട്ടില്ല. കൊസാംബിയുടെ പിന്‍തുടര്‍ച്ചക്കാരനായി ഞാന്‍ പൊതുവില്‍ അറിയപ്പെടുന്നത് ഇന്ത്യന്‍ ഫ്യൂഡലിസം എന്ന കൃതിയുമായി ബന്ധപ്പെട്ടാണ്. പക്ഷേ, ഇവിടെയും കൊസാംബിയെ വായിച്ചറിയുംമുമ്പാണ് ഫ്യൂഡലിസത്തെപ്പറ്റിയുള്ള ആദ്യലേഖനം ഞാന്‍ എഴുതിയത്. ഇത് പ്രസിദ്ധീകൃതമായത് 1958ലെ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഓറിയന്റിന്റെ ആദ്യലക്കത്തിലാണ്.

ഫ്യൂഡലിസത്തെപ്പറ്റിയുള്ള കൊസാംബിയുടെ പല നിഗമനങ്ങളും താങ്കള്‍ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

* ശരിയാണ്. അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന് ഒട്ടനവധി നവീന ആശയങ്ങളും സങ്കല്‍പ്പനങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം അവയെ വേണ്ടരീതില്‍ വികസിപ്പിക്കുകയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമ്പന്നമാക്കുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന്റെ ലക്ഷ്യവും ആയിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആശയങ്ങളില്‍ ഒന്നായിരുന്നു ഉല്‍പ്പാദകശക്തികളുടെ വികാസത്തില്‍ ഇരുമ്പിന്റെ പങ്ക്. ഇത് ഞാന്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനപ്പുറം പ്രത്യേകിച്ചൊരു സ്വാധീനം അദ്ദേഹം എന്നില്‍ ഉണ്ടാക്കിയതായി തോന്നുന്നില്ല.

ഇന്ത്യയുടെ പ്രാചീനചരിത്രം പുനഃസൃഷ്ടിക്കുന്നതില്‍ ചരിത്രാധിഷ്ഠിത ഭൗതികവാദത്തെ എങ്ങനെയൊക്കെയാണ് താങ്കള്‍ ഉപയോഗപ്പെടുത്തിയത്.

* ഈ പ്രശ്നം എന്റെ Material Culture and Social Formation in Ancient India എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചരിത്രാധിഷ്ഠിത ഭൗതികവാദത്തിലെ ഒരു പ്രധാന അംശം ഉല്‍പ്പാദനോപാധികള്‍ ആരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഭൂമി, വനം, മറ്റു വിഭവങ്ങള്‍ , മൃഗങ്ങള്‍ , തൊഴില്‍ശക്തി തുടങ്ങിയവയാണ്. ഇവയ്ക്കുമേല്‍ നിയന്ത്രണമുള്ള വര്‍ഗം അഥവാ വിഭാഗം തങ്ങളുടെ അധീശ്വത്വം സ്ഥാപിക്കുകയും അതു നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ വിഭവങ്ങളുടെ മേല്‍ മാത്രമല്ല, ഉല്‍പ്പാദനക്രമത്തെയും അവര്‍ സ്വാധീനിക്കുന്നു, നിയന്ത്രിക്കുന്നു. എന്നാല്‍ , ആദ്യകാല പഠനങ്ങളില്‍ ഞാന്‍ ഊന്നിയത് മിച്ചവിതരണം സംബന്ധിച്ച കാര്യങ്ങളിലാണ്. ബുദ്ധന്റെ കാലത്ത് ആറ് അഞ്ച് നൂറ്റാണ്ടുകളില്‍ ഭൂമിയുടെ വിതരണം ഏറെക്കുറെ സന്തുലിതമായിരുന്നു. എന്നാല്‍ , മിച്ചവിതരണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. മിച്ചവിതരണത്തില്‍ എങ്ങനെ ഇത്രയും അസമമായ അവസ്ഥ രൂപാന്തരപ്പെട്ടു എന്നതായിരുന്നു എന്റെ അന്വേഷണത്തിന്റെ കാതല്‍ . അതായത് ഒരു കര്‍ഷകന്‍ ഉപജീവനത്തിന് ആവശ്യമായ അളവ് കഴിഞ്ഞുള്ളത്-ഉല്‍പ്പാദനമിച്ചം-എങ്ങനെയാണ് വിയോഗിച്ചത് എന്ന്. കര്‍ഷകന്‍ നികുതി അടച്ചിതും പ്രമാണിവിഭാഗങ്ങള്‍ക്ക് കപ്പം കൊടുത്തതും പുരോഹിതന് പൂജാദ്രവ്യങ്ങള്‍ കാഴ്ചവതും ഉല്‍പ്പാദനമിച്ചത്തില്‍നിന്നാണ്. അസമമായ മിച്ചവിതരണം എങ്ങനെ നിലനിന്നുവെന്നും അവ നിലനിര്‍ത്തപ്പെടാന്‍ ഉപരിവിഭാഗങ്ങള്‍ - പ്രത്യേകിച്ച് ബ്രാഹ്മണനും ക്ഷത്രിയനും - എന്തെല്ലാം തന്ത്രങ്ങള്‍ മെനഞ്ഞെടുത്തുവെന്നും അന്വേഷിച്ചു. ഉപരിവിഭാഗങ്ങളുടെ "ശ്രേഷ്ഠത"യുടെ ഭൗതികമാനങ്ങളും അന്വേഷണിച്ചു. ബുദ്ധന്റെ കാലത്ത് വൈശ്യര്‍ കര്‍ഷകവിഭാഗത്തോട് തുലനം ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. അവരായിരുന്നു മുഖ്യ ഉല്‍പ്പാദകര്‍ . പ്രധാന നികുതിദായകരും (ശൂദ്രരുടെ അംഗസംഖ്യ അക്കാലത്ത് വളരെ വലുതായിരുന്നില്ല. പില്‍ക്കാലത്ത് അവര്‍ ഗണ്യവിഭാഗമായി മാറുന്നുണ്ട്). ക്ഷത്രിയരാകട്ടെ പ്രധാനമായും യോദ്ധാക്കളോ ഭരണരംഗത്തുള്ളവരോ ആയിരുന്നു. ബ്രാഹ്മണര്‍ മുഖ്യമായും സൈദ്ധാന്തികരും മതകാര്യങ്ങളും വായനയും പഠനവും മറ്റുമായി സമയം ചെലവഴിച്ചവരുമായിരുന്നു. ഇത്തരം വിഭജനം പൊതുവേ തൊഴിലടിസ്ഥാനത്തിലായിരുന്നുവെങ്കില്‍കൂടി, മേല്‍ത്തട്ടുകാര്‍ അവരുടെ താല്‍പ്പര്യത്തിനനുഗുണമായി രൂപപ്പെടുത്തിയതായിരുന്നു എന്നതിലാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്. ഉല്‍പ്പാദന പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാതെ അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി വളരെ സമര്‍ഥമായ ആശയപ്രചാരണങ്ങളിലൂടെയും സങ്കീര്‍ണമായ സമൂഹബന്ധങ്ങളിലൂടെയും ഈ അവസ്ഥ അരക്കിട്ടുറപ്പിച്ചു. ഇതു വെളിച്ചത്തുകൊണ്ടുവരുന്ന പഠനങ്ങള്‍ക്ക്, ചരിത്രാധിഷ്ഠിത ഭൗതികവാദം എനിക്ക് വലിയ പ്രേരണയായി.

ചരിത്രാധിഷ്ഠിത ഭൗതികവാദം ഇപ്പോഴും ഒരു വിലപ്പെട്ട വിശകലനോപാധിയായി കരുതുന്നുണ്ടോ? പ്രത്യേകിച്ച അടുത്തകാലത്ത് മാര്‍ക്സിസം ഒരുരാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ക്കുശേഷവും

* സംശയം വേണ്ട. ഇത് വിലപ്പെട്ട വിശകലനോപാധി തന്നെയാണ്. ഇത് അടിവരയിട്ട് പറയുമ്പോള്‍ തന്നെ മാര്‍ക്സിസത്തിനുണ്ടായ ഒരുപ്രധാന പരിമിതിയോ പ്രശ്നമോ എന്റെ പഠനാനുഭവത്തില്‍നിന്ന് ചൂണ്ടിക്കാട്ടാം. ബുദ്ധിമതത്തിന്റെ ആവിര്‍ഭാവമാണ് ഞാന്‍ പ്രധാനമായും "The Material Culture and Social Formation in Ancient India"- യില്‍ പ്രതിപാദിക്കുന്നത്. ബുദ്ധമത രൂപീകരണവും മൃഗങ്ങളെ കൊല്ലാന്‍ പാടില്ല, അഹിംസ തുടങ്ങിയ ബൗദ്ധസിദ്ധാന്തങ്ങളും അതിന്റെ ഭൗതിക പശ്ചാത്തലവുമാണ് ഞാന്‍ അന്വേഷിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടനയുടെ ആവശ്യങ്ങളാണ് ബുദ്ധനെ ഇത്തരത്തിലുള്ള ആശയപ്രചാരകനാക്കുന്നത് എന്ന് യഥാര്‍ഥ വസ്തുതയും തെളിവും ആധികാരിക ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി ഞാന്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇന്ത്യാചരിത്രത്തിലെ പല മതങ്ങളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവം ഭൗതികാവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെടുത്തി കാണാനാകും. എന്നാല്‍ , ഈ സാമൂഹ്യ മതപ്രസ്ഥാനങ്ങള്‍ തിരിച്ച് ഭൗതികാവസ്ഥയെ എങ്ങനെ തുടര്‍ന്നും സ്വാധീനിക്കുന്നുവെന്നത് മാര്‍ക്സിയന്‍ പഠനങ്ങളുടെ ഭാഗമായി നടന്നുകാണുന്നില്ല. അതുകൊണ്ട് അടുത്ത ഘട്ടത്തില്‍ ഇനി ഉണ്ടാകേണ്ടത് ഭൗതിക അടിത്തറയെയും ഉപരിതലത്തെയും നിരന്തരം പരസ്പരബന്ധിതമായി നിലനിര്‍ത്തിയുള്ള അന്വേഷണ പഠനങ്ങളാണ്. മറ്റൊരു ഉദാഹരണം വഴി ഇത് ഒന്നുകൂടി വ്യക്തമാക്കാം. ആദിമ ബുദ്ധഗ്രന്ഥമായ "ശുത്തനിപാത"ത്തില്‍ പശുക്കളെ ഇങ്ങനെയാണ് വിവരിക്കുന്നത്. "പശുക്കള്‍ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കളാണ്. കാരണം സസ്യങ്ങളുടെ നിലനില്‍പ്പ് അവയുടെ ബന്ധിതമാണ്. അവ ഭക്ഷണം നല്‍കുന്നു അവ സൗന്ദര്യം നല്‍കുന്നു സന്തോഷവും.... (പിന്നെ ഒട്ടനവധി പ്രയോജനങ്ങള്‍ വേറെയും). വേദ കാലത്ത് വൈദികജനതയും അവൈദിക ഗോത്രവര്‍ഗങ്ങളും പശുക്കളെ ധാരാളമായി കൊന്നുതിന്നിരുന്ന ഒരു സാഹചര്യത്തില്‍ ഇത് കാലിസമ്പത്തിനെ നിലനിര്‍ത്തുന്ന തരത്തിലുള്ള പുരോഗമന ആശയമായിരുന്നു എന്നതിന് സംശയമില്ല. വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് കാലിസമ്പത്ത് അനിവാര്യമായ സാഹചര്യത്തില്‍ പശുക്കളുടെ പുണ്യപരിവേഷം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധിയായിരുന്നു. എന്നാല്‍ , പില്‍ക്കാലത്ത് മതപരിരക്ഷയാല്‍ ക്രമാതീതമായി ഉയര്‍ന്ന പശുക്കളുടെ എണ്ണം ഒരു സാമ്പത്തികബാധ്യതയാകുന്നുണ്ട്. കെ എന്‍ രാജിന്റെ പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതായത് ഒരു ഘട്ടത്തില്‍ സാമ്പത്തികമായോ മറ്റുതരത്തിലോ ഒരു പ്രയോജനവുമില്ലാത്ത കാലിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റുകയെന്നത് പവിത്രവും മതാനുഷ്ഠാനപ്രധാനവുമായ ഒരു പ്രവണതയായി മാറുന്നു. അങ്ങനെ ഒരിക്കല്‍ പുരോഗമനപരമായിരുന്ന ഒരാശയം പില്‍ക്കാലത്ത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ജീര്‍ണാനുഷ്ഠാനമായി മാറി. ഒരു പ്രത്യേക ഭൗതികാവസ്ഥയില്‍നിന്നും ഉടലെടുക്കുന്ന പുരോഗമനാശയങ്ങള്‍ മതപരവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളെ സൃഷ്ടിക്കുകയും ഈ കാഴ്ചപ്പാടുകള്‍ തുടര്‍ന്ന് സ്വതന്ത്രമായി നിലനിന്നുകൊണ്ട് ഭൗതികസാഹചര്യങ്ങളില്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. ഈ പ്രക്രിയകളെ വിടാതെ പിന്തുടര്‍ന്നുള്ള പഠനങ്ങളാണ് ഇന്നാവശ്യം.

കൊസാംബിയും താങ്കളും റോമിലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും ബിപന്‍ ചന്ദ്രയും കെ എന്‍ പണിക്കരും എം ജി എസ് നാരായണനുമൊക്കെ മേധാവിത്വം പുലര്‍ത്തുന്ന ഇന്ത്യന്‍ ചരിത്രരചനാമണ്ഡലത്തില്‍ പ്രായേണ എളുപ്പമായാണ് വര്‍ഗീയവല്‍ക്കരണം നടന്നത്.

* ചരിത്രകാരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതരംഗത്തെ തടയാനാകില്ല. യഥാര്‍ഥത്തില്‍ അത് ചരിത്രകാരന്മാര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ ലക്ഷ്യവുമല്ല. പക്ഷേ, സമൂഹത്തിലെ ഒരു പ്രബുദ്ധവിഭാഗം എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാം. ചരിത്രം ഉപയോഗിച്ച് പോരാടാം എന്ന അഭിപ്രായവും എനിക്കില്ല. ചരിത്രത്തേക്കാള്‍ മറ്റായുധങ്ങളാകാം ഫലപ്രദം. വര്‍ഗീയവാദികള്‍ ചരിത്രത്തെ ആയുധമാക്കുന്നുണ്ട്. ബാബറി മസ്ജിദ് സ്ഥിതിചെയ്തിടത്ത് ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്നത് തെളിയിക്കപ്പെട്ട ഒരു ചരിത്രസത്യമാണ്. പക്ഷേ, എന്തുണ്ടായി. ഇവിടെ എത്രയോ ചെറിയ ഒരു ന്യൂനപക്ഷമാണ് ചരിത്രം വായിച്ചുപഠിക്കുന്നത്. വടക്കേഇന്ത്യയില്‍ വര്‍ഗീയത വ്യാപകമായി പ്രചരിപ്പിച്ചതില്‍ ഹിന്ദിഭാഷാ പത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ചില ഇംഗ്ലീഷ് പത്രങ്ങളും പിന്നിലായിരുന്നില്ല. ഓരോ ദിവസവും പുറത്തുകൊണ്ടുവരുന്ന അസത്യപ്രചാരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മാരകവിഷം കലര്‍ത്തി. ഇവയെ നേരിടാന്‍ ചരിത്രകാരന്മാര്‍ക്ക് എങ്ങനെ കഴിയും.

ഏറെ വിവാദവിഷയമായ അങ്ങയുടെ Ancient India-NCERT ഇന്ന് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവാദപശ്ചാത്തലത്തിലും അല്ലാതെയും ഈ പുസ്തകം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ

* വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ഒരു പുനഃപരിശോധന ആവശ്യമായി വരുന്നില്ല. കാരണം ഏറിയപങ്ക് വിവാദങ്ങളും വസ്തുനിഷ്ഠമായ തെളിവുകളെയോ വസ്തുതകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. അതുകൊണ്ടുതന്നെ തെളിവുകളുടെയും ആധികാരികഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഈ പുസ്തകം പുനഃപരിശോധിക്കേണ്ടതില്ല. ഉദാഹരണത്തിന് ലഭ്യമായ തെളിവുകള്‍ വച്ച് രാമന്‍ അയോധ്യ ഭരിച്ചിരുന്നില്ല എന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബിസി ഏഴാം നൂറ്റാണ്ടുമുതലേ അയോധ്യാ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുള്ളൂ എന്ന സൂചനകളാണ് ലഭ്യമായിട്ടുള്ളത്. രാമന്റെ കാലം ബിസി രണ്ടായിരമോ ആയിരത്തി എണ്ണൂറോ ആയിരുന്നുവെന്ന് കരുതിയാല്‍പ്പോലും ജനശൂന്യമായ ഒരുസ്ഥലത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് തീര്‍ച്ചപ്പെടുത്തേണ്ടിവരും. എന്നാല്‍ , ചില ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആ പുസ്തകത്തിന്റെ പുതുക്കിയ പതിപ്പില്‍ നടത്തിയിട്ടുണ്ട്.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 28 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞയാഴ്ച അന്തരിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ പ്രൊഫ. ആര്‍ എസ് ശര്‍മ ഒന്നരപ്പതിറ്റാണ്ടു മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്. രാംശരണ്‍ ശര്‍മയെന്ന പ്രതിഭയുടെ ധിഷണാ മണ്ഡലങ്ങളിലേക്ക് കണ്‍തുറക്കുന്ന ഈ അഭിമുഖം നടത്തിയത് പ്രമുഖ ചരിത്രകാരനും ആര്‍ക്കിയോളജിസ്റ്റും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. പി ജെ ചെറിയാന്‍ .