ഒരു കലാരൂപത്തെ ഉപാസിച്ചതിന്റെ പേരില്‍ ഒരു ജന്മം മുഴുവന്‍ അലയേണ്ടിവന്ന ഞെരളത്തു രാമപ്പൊതുവാള്‍ . അദ്ദേഹത്തിന്റെ പുത്രനും പാട്ടുകാരന് എന്ന അര്‍ഥത്തില്‍ പാണന്എന്നറിയപ്പെടുന്നതില് അഭിമാനിക്കുന്ന കൊട്ടിപ്പാട്ടുകാരനുമായ ഞെരളത്ത് ഹരിഗോവിന്ദന് . സംഗീതത്തില്‍ അനിഷേധ്യമായ പൈതൃകത്തുടര്‍ച്ച അംഗീകരിച്ചു കിട്ടിയിട്ടും ജീവിതത്തില്‍ ഞെരളത്തനുഭവിച്ചതിനേക്കാള് വലിയ വേദനകളെയാണ് ഈ യുവാവിന് നേരിടേണ്ടിവന്നത്. കലയെ രക്ഷിക്കേണ്ടത് മറ്റാരേക്കാളുംമുമ്പ് കലാപ്രവര്‍ത്തകരുടെ ധര്‍മമാണ് എന്ന് അടിയുറച്ചു വിശ്വസിച്ച്, പാടുന്നതിനൊപ്പം ചിലതൊക്കെ പറയാന്‍കൂടി നിര്‍ബന്ധിതനായ ഹരിഗോവിന്ദന് , താന്‍ വിധേയനായ ദുര്ഘടജീവിതത്തെ അനാവരണം ചെയ്യുകയാണീ അഭിമുഖത്തില്‍ . പാടിത്തുടങ്ങിയാല്‍ മറ്റെല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാറുള്ള, ഹൃദയം തുറപ്പിക്കാറുള്ള കേരളത്തിന്റെ കൊട്ടിപ്പാട്ടുകാരന്‍ ...
? തന്റെ പാട്ടിനുപോയിരുന്ന ശാന്തനായ ഒരു സംഗീതസന്ന്യാസി തന്നെയായിരുന്നു അച്ഛന് . സംഗീതത്തിലൊഴികെ മറ്റെല്ലാ കാര്യത്തിലും വലിയ ബഹളക്കാരനും അഹങ്കാരിയുമായിട്ടാണ് മകന് വിലയിരുത്തപ്പെടുന്നത്. നിഷേധിക്കുമോ
= അച്ഛന് ജീവിച്ചകാലം, ഇടപഴകിയ വ്യക്തികള്‍ , കണ്ട സ്വപ്നങ്ങള്‍ , പാടേണ്ടിവന്ന പാട്ടുകള്‍ ഇവയൊന്നുമല്ല മകന്റേത്. അച്ഛന് കഷ്ടപ്പെട്ടതുപോലെ ഓച്ഛാനിച്ചുനിന്ന് കഷ്ടപ്പാടും ദാരിദ്ര്യവുമായി അലയുന്ന ഒരു വിധേയനായി അച്ഛന്റെ തനിപ്പകര്‍പ്പാകണം മകന് എന്ന കാഴ്ചപ്പാട് ബാലിശമാണ്. ഞാന്‍ വല്ലാതെ വേഗത്തില്‍ പോയ്ക്കൊണ്ടിരിക്കുന്നതായി പലരും വെറുതെ ഭയക്കുന്നു. ഇപ്പോഴത്തെ രണ്ടു തലമുറകള്‍ തമ്മില്‍ മുമ്പത്തെ രണ്ടു തലമുറകള്‍ തമ്മിലുള്ളതിനേക്കാള്‍ എത്രയോ വലിയ അന്തരമാണുള്ളത്! മാധ്യമങ്ങള്‍ , സാങ്കേതികവിദ്യകള്‍ ,ഭഭരണസംവിധാനത്തിലെ പ്രാദേശികവല്‍ക്കരണം എല്ലാം അതിവേഗം മാറ്റപ്പെട്ട 15 വര്‍ഷക്കാലത്തിനുള്ളിലാണ് ഞാന്‍ കലാരംഗത്തു സജീവമായത്. മാത്രമല്ല, ഞെരളത്ത് രാമപ്പൊതുവാള്ക്ക് 60 വയസുള്ളപ്പോള്‍ ജനിച്ച ഞാന്‍ അദ്ദേഹത്തിന്റെ ഏറ്റവും ഊര്‍ജിതമായ പ്രവര്‍ത്തന കാലത്തുനിന്ന് എത്രയകലെയാണ് എന്ന സത്യവും മറക്കരുത്. വൃദ്ധനായ ഞെരളത്തിനെ മാത്രമേ ഈ താരതമ്യക്കാര്‍ കണ്ടിട്ടുള്ളൂ, വിലയിരുത്തിയിട്ടുള്ളൂ. യുവാവായിരുന്ന ഞെരളത്ത് എന്നേക്കാള്‍ എത്രയോ വലിയ പോരാളിയായിരുന്നതിനാലാണ് ഇടയ്ക്ക കൊട്ടിപ്പാടുക മാത്രം ചെയ്യുന്ന ഒരു പൊതുവാളായിത്തീര്ന്നത് എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് മലയാളി സോപാനസംഗീതമെന്നൊരു ഗാനശാഖയെ പ്രണയിച്ചത്.
? അതെ. താങ്കള്‍ ആരോടാണ് പോരടിക്കുന്നത്
= നിശബ്ദതയെ നാദംകൊണ്ടു ഭേദിച്ച് വീണ്ടും നിശബ്ദതയുടെ സൗന്ദര്യം കാട്ടിക്കൊടുക്കുന്ന വ്യാപാരമാണ് എനിക്കു പാട്ട്. ഈ ധ്യാനത്തിനിടെ ഞാന്‍ വ്യക്തികളോടു യുദ്ധം ചെയ്യാറില്ല. അടിസ്ഥാനപരമായി സാധുക്കളായ അവര്‍ എനിക്കൊരു വിഷയവുമല്ല. കലാരംഗത്ത് സംഘം ചേര്‍ന്നു നടത്തുന്ന മനുഷ്യത്വരഹിതവും സ്വാര്‍ഥവുമായ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ . അതിനിയും തുടരും. അപശ്രുതികളെ ഇല്ലാതാക്കിയാലേ ഗാനം ദിവ്യമാകൂ. സമീപനങ്ങളെ ഉദാഹരിക്കാന്‍ ചില സംഭവങ്ങള്‍ ഉദ്ധരിക്കേണ്ടിവരുമ്പോള് വ്യക്തികളെ പേരെടുത്തു പറയേണ്ടിവരും. അതിനെ വ്യക്തികള്‍ തമ്മിലുള്ള അടിപിടിയായി ചിത്രീകരിക്കുന്നത് വിഷയത്തെ ചെറുതാക്കലാണ്, വിവരക്കേടാണ്.
? താങ്കള്‍ എപ്പോഴും ഒരു പരാതിക്കാരനാണ്. എന്താണ് താങ്കളുടെ പ്രശ്നം
= നിങ്ങളിപ്പോഴും കാര്യങ്ങളെ വ്യക്തിനിഷ്ഠമായി കാണുന്നു.ഭഭൗതികമോ ആത്മീയമോ ആയ സൗന്ദര്യത്തെയുണ്ടാക്കാന് ഓരോരുത്തരും നടത്തുന്ന പാഴ്ശ്രമങ്ങളുടെ കാലയളവാണ് എന്റെ കണ്ണിലെ ജീവിതം. അപ്രാപ്യമായ പൂര്‍ണതയ്ക്കായിട്ടാണ് ഭാവനാശാലിയായ ഓരോ കലാകാരനും കലാകാരിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആകയാല്‍ അപൂര്‍ണത തോന്നിക്കുന്നിടത്തൊക്കെ ഞാന്‍ നിരാശനായിപ്പോവുകയാണ്. അടിസ്ഥാന അറിവിനായി നടത്തുന്ന അലക്ഷ്യമായ ഭിക്ഷാടനത്തിലൂടെയാണ് ഞാനെന്റെ കണ്ഠത്തിന്റെ വിശപ്പടക്കാനുദ്ദേശിക്കുന്നത്. എന്റെ അമ്മ നായര്സ്ത്രീയാകയാല് വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ സോപാനത്തില്‍ കൊട്ടിപ്പാടാന്‍ എന്നെ അനുവദിക്കുകയില്ല. ഈ സാമുദായിക സമീപനം ഒരു സംസ്കാര ശൂന്യതയല്ലെ? കഴിവുള്ള ഒരുകൂട്ടം കലാപ്രവര്‍ത്തകരെ അപമാനിക്കലാണ് ഇത് എന്ന സന്ദേശ പ്രചാരണമാണ് ഞാന്‍ നടത്തുന്നത്. എന്നെ അവിടെ പാടിക്കണം എന്നു ഞാന്‍ ഒരിക്കലും ആവശ്യപ്പെടില്ല. ക്ഷേത്രസോപാനത്തില്‍ പാടിയാല്‍ മാത്രമേ ദൈവം കേള്‍ക്കൂ, അനുഗ്രഹിക്കൂ, ഇഷ്ടപ്പെടൂ തുടങ്ങിയ മണ്ടന്‍ വിശ്വാസങ്ങളൊന്നും എനിക്കില്ല. ഗുരുവായൂരമ്പലത്തിനകത്തു പാടിയാലേ ഗുരുവായൂരപ്പന് കേള്‍ക്കൂ എന്നു വിശ്വസിക്കുന്ന ഗന്ധര്‍വഗായകരുടെ വ്യക്തിദുഃഖമല്ല എന്റേത്. മട്ടന്നൂരിന്റെ ഗുരുനാഥനായ സദനം വാസുദേവനെ 53 വര്‍ഷം ഇപ്രകാരം ജാതിയുടെ പേരില്‍ തിരുമാന്ധാംകുന്ന് ക്ഷേത്രമുറ്റത്ത് കൊട്ടാനനുവദിക്കാതെ ജാതിക്കോമരങ്ങള്‍ വിലക്കി. എന്നാല്‍ ഏറാന്തോട്ടില് വിനയകുമാര്‍ എന്ന ധീരനായ എന്റെ നാട്ടുകാരന്റെ തീരുമാനപ്രകാരം 2011 ഏപ്രില്‍ 19ന് സദനം വാസുദേവന്‍ അവിടെ കൊട്ടിയത് എന്റെ ധര്‍മസമരങ്ങളുടെ ഫലമായി ഞാന്‍ ആശ്വസിക്കുന്നു.
സമുദായപ്പേരിലകറ്റപ്പെട്ട പലരെയും ഈ ചെറിയ ആയുസ്സില്‍ കേരളത്തിനു സ്വീകാര്യരാക്കാന്‍ എനിക്കുഭഭാഗ്യമുണ്ടായി. തമ്മില്‍ തോല്‍പ്പിക്കാന്‍ മാത്രം നടത്തുന്ന ഗിന്നസ് പ്രകടനം കലാരംഗത്തെ മോശമായ പ്രവണതയാണെന്ന് വിളിച്ചുപറയുന്നത് എന്റെ വ്യക്തിലാഭത്തിനാണോ? എന്നെ സെക്രട്ടറിയാക്കിയില്ല, അക്കാദമി അവാര്‍ഡ് തന്നില്ല എന്നിങ്ങനെ ഞാന്‍ എനിക്ക് തുടങ്ങിയ വിഷയങ്ങളവതരിപ്പിക്കുന്ന മഹാന്മാര് ഉള്ള നാടല്ലെ ഇത്! നാടിനായുള്ള എന്റെഭഭിക്ഷാടനത്തിന്റെ ഭാഗമായി ഞാന്‍ നടത്തുന്ന യാചനയെയാണ് നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്.
? ഇത്രയും ആത്മവിശ്വാസമുള്ള താങ്കള്‍ പിന്നെന്തിന് സര്‍ക്കാറുകളെ കുറ്റപ്പെടുത്തി? അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നില്ലേ
= (ചിരി) സര്‍ക്കാര്‍ പലതും ചെയ്യാമെന്നു പറഞ്ഞ് എന്റെ വിലപ്പെട്ട 12 വര്‍ഷം കളഞ്ഞതിനു മാത്രമാണ് ഞാന്‍ പരാതിപ്പെട്ടത്. എല്ലാ രേഖകളും എന്റെ കൈയിലുണ്ട്. അങ്ങനെ വഞ്ചിച്ചവരുടെ മുഖംമൂടി വലിച്ചുകീറാന്‍ എനിക്കവകാശമുണ്ട്. 60/70 വര്‍ഷം കലകളെ ഉപാസിച്ചവര്‍ക്ക് വെറും 600 രൂപ മാസപെന്‍ഷന്‍ നല്കി അപമാനിക്കുന്ന സര്ക്കാറുകളോടാണല്ലോ ഇതൊക്കെ പറഞ്ഞു സമയം കളഞ്ഞത് എന്ന കുറ്റബോധം മാത്രമേ എനിക്കുള്ളൂ. വെള്ളവും വായുവും ഭക്ഷണവും പോലെ പരിചരിക്കപ്പെടേണ്ടവരാണ് കലയും കലാപ്രവര്‍ത്തകരും എന്ന തിരിച്ചറിവ് സര്ക്കാറുകളിലുണ്ടാക്കണം. കലാപ്രവര്‍ത്തകരുടെ തന്നെ സമീപനങ്ങള്‍ അതിനൊക്കെ തടസ്സമാവുന്നു. അവസരങ്ങള്‍ക്കും പുരസ്കാരങ്ങള്‍ക്കുമായി അനര്‍ഹരുടെ പാദസേവ ചെയ്യുന്ന കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് പൊതു ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കാനുള്ള തന്റേടമില്ല. അവിടെ എന്നെപ്പോലുള്ളവര്‍ സ്വാഭാവികമായും ഒറ്റപ്പെടുമല്ലോ. എന്റേതല്ലാത്ത ആവശ്യങ്ങള്‍ക്കായി ഞാന്‍ നിലകൊള്ളുമ്പോള്‍ തോറ്റു പോകാം. പക്ഷേ അനവധി പേര്‍ക്കു ജയിക്കാനാണെന്റെ തോല്‍വി. പ്രമുഖരോടൊപ്പം നിന്നുള്ള ലാമിനേറ്റ് ചെയ്ത ചിത്രങ്ങള്‍ സ്വീകരണമുറിയില്‍ വയ്ക്കുന്ന അല്പത്തംപോലും ചെയ്യാത്ത എന്നെ പബ്ലിസിറ്റി മോഹിയായി കാണുന്നതില്‍ സഹതപിക്കാനേ കഴിയൂ.
? അച്ഛന്റെ ഇടയ്ക്ക വിറ്റ മകന് എന്ന ചീത്തപ്പേര് ചെറുതല്ല.
= (വീണ്ടും ചിരി) ലോകത്തിലെ വാദ്യപ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതിയോടെ അച്ഛന്റെ ഇടയ്ക്ക വിഗ്രഹസമാനം ആദരിക്കപ്പെട്ടുള്ള കല്യാണിപ്പാറയിലെ ഞെരളത്ത് കലാശ്രമം താങ്കളും കണ്ടതല്ലെ? കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു കിട്ടിയ തുഞ്ചന്‍ പറമ്പിലേതുപോലെ, കലാശ്രമം കാണാന്‍ ടിക്കറ്റുവച്ച് പണപ്പിരിവുമില്ല! ശാസ്ത്രജ്ഞര്‍ക്ക് കടിച്ചുതൂങ്ങാനല്ല സഹൃദയര്‍ക്ക് കാവലാകുവാനാണ് എന്റെ ശ്രമം. വ്യാപാരപ്പേരില് അതിനെ ഇകഴ്ത്തിയവര്‍ സ്വജീവിതത്തില്‍ വ്യാപാരമുക്തരാണോ എന്ന് സ്വയം ഓര്‍ക്കാവുന്നതാണ്.
? ഞെരളത്ത് കലാശ്രമം, കേരളകലാലോകത്തിനിപ്പോഴും അവിശ്വസനീയമാണ്. എന്താണതിന്റെ ബലം
= ആത്മബലം. അവശേഷിക്കുന്ന അന്‍പതില്‍താഴെ വരുന്ന സോപാനഗായകരുടെ ആലാപനങ്ങള്‍ വീഡിയോ രൂപത്തില്‍ ചിത്രീകരിച്ചു സൂക്ഷിക്കുന്നതുമുതലുള്ള പദ്ധതികള്‍ക്ക് പണം വേണമായിരുന്നു. ഞെരളത്തിന്റെ ഇടയ്ക്ക വിറ്റാണെങ്കിലും ഇതിനൊക്കെയുള്ള പണം കണ്ടെത്തേണ്ടുന്ന ഗതികേടിലാണ് ഞാനെന്നു പറഞ്ഞ വേദനയെ തിരിച്ചറിഞ്ഞവര്‍ പണം തന്നു സഹായിക്കാന്‍ തയ്യാറായി. സര്‍ക്കാറുകളും ക്ഷേത്രങ്ങളും രാഷ്ട്രീയ സാംസ്കാരിക നായകരും പ്രസ്താവനകളിലൂടെ വഞ്ചിച്ചപ്പോള്‍ ഞാന്‍ എന്റെ വഴി നോക്കി. സുകുമാര്‍ അഴീക്കോട് ആദ്യം വിഷയത്തിലിടപെട്ട് പിന്നെ തടിയൂരി. ഇടത്തുപുറത്ത് കല്യാണിയമ്മഭഭൂമി തന്നു. ഇടയ്ക്കയിടുന്ന അതേ തോളില്‍ ഞാനും സഹോദരങ്ങളും അക്ഷരാര്‍ഥത്തില്‍ കല്ലും മണ്ണും മരവും ചുമന്ന് കലാശ്രമം ഉണ്ടാക്കി. പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നവര്‍ ഇപ്പോഴും സഹായിക്കുന്നു. ഇവിടുത്തെ പത്മശ്രീ ജേതാക്കളായ വാദ്യക്കാര്‍ വീടു വയ്ക്കാനും കാറു വാങ്ങാനും കള്ളു കുടിക്കാനും ചെലവാക്കിയതിന്റെ നാലില്‍ ഒരംശം കലാശ്രമ നിര്‍മാണത്തിനു ചെലവായിട്ടില്ല. ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്നതാണെന്നര്ഥം. എം എ ബേബിയോടുപോലും കലാശ്രമ നിര്‍മാണത്തിനുള്ള സംഭാവന ചോദിച്ചിട്ടുണ്ട്! അദ്ദേഹം അത് ആരോഗ്യകരമായി എടുത്തിട്ടേയുള്ളൂ. പെരുവനം കുട്ടന്മാരാരുള്പ്പെടെയുള്ളവരോട് വാദ്യപ്പുരയിലേക്ക് ഒരു ചെണ്ട ചോദിച്ചിട്ട് മറുപടിപോലും അയച്ചില്ല. സംഭാവനകളുടെ വരവവസാനിച്ചപ്പോള് വീടിന്റെ ആധാരവും ഭാര്യയുടെ കെട്ടുതാലിയും പണയംവെച്ച് കലാശ്രമം പണിചെയ്തു. 14 പൊതു പരിപാടികള്‍ ഒരു വര്‍ഷത്തിനകം നടത്തി. മുപ്പതില്പരം സോപാനഗായകര്‍ ഇവിടെ വന്നു പാടി. നാല്പതോളം ഗായകരെ വീഡിയോ ചിത്രീകരണം നടത്തി. സോപാനസംഗീതം എന്ന സൈറ്റിലൂടെ അവരെയെല്ലാം ലോകത്തിനു മുന്നിലെത്തിച്ചു. 12 വര്‍ഷം ഞെരളത്തിന്റെ സ്മാരകത്തിന്റെ പേരില്‍ യോഗം ചേരുകയും പ്രസ്താവനയിറക്കുകയും ചെയ്തവര്‍ ഇപ്പോള്‍ പുറത്തുനിന്നു കല്ലെറിയുന്നു. കൂടെ കൂട്ടുന്നില്ലെന്നു പരാതി പറയുന്നു. ദ്രോഹിക്കുന്നു. സത്യം തിരിച്ചറിഞ്ഞവര്‍ നന്നായി സഹായിക്കുന്നു. പൂന്താനവും ഇ എം എസും നന്തനാരും ജീവിച്ചത് ഞെരളത്ത് ജീവിച്ചതിന്റെ 10 കി. മീറ്റര്‍ പരിധിയിലാണ്. അവരുടെയൊക്കെ പേരില്‍ പലതും ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരെല്ലാം ഞെരളത്ത് കലാശ്രമത്തിലേക്ക് സ്നേഹപൂര്‍വം കടന്നുവരുന്ന നാളുകള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. ആരോടും പരിഭവമില്ലാതെ.
? ആരും പ്രതീക്ഷിക്കാത്ത വേദികളില്‍ താങ്കള്‍ കൊട്ടിപ്പാടുന്നു. എന്താണിതിന്റെ പൊളിറ്റിക്സ്
= മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന സമ്മേളനത്തില്‍ , സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ , യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ , കോണ്‍ഗ്രസ് ജനശ്രീ മിഷന്റെ സംസ്ഥാന സംഗമത്തില്‍ , കരുവാരക്കുണ്ടിലെ ക്രിസ്ത്യന്‍ ദേവാലയ അള്‍ത്താരയില്‍ , കെ ജെ ബേബിയുടെകൂടെ നെടുങ്കയം കാട്ടില്‍ ആദിവാസികള്‍ക്കൊപ്പം, ഷാര്‍ജയിലെ മരുഭൂമിയില്‍ , കോഴിക്കോട്ടും പെരിന്തല്‍മണ്ണയിലും റോഡിനു നടുവില്‍ , മലപ്പുറം കലക്ടറേറ്റ് പടിയില്‍ , പനച്ചിക്കാട്ടെ സംഗീതോത്സവ വേദിയില്‍ , ഗുരുവായൂര്‍ മണിഗ്രാമത്തിലെ ക്ഷേത്ര സോപാനത്തില്‍ , മീന്മുട്ടി റിസോര്‍ട്ടിലെ ഏറുമാടത്തില്‍ , ഷാര്‍ജയില്‍വച്ച് കുരീപ്പുഴ ശ്രീകുമാര്‍ അഷ്ടപദി പാടിയ കള്ളുകുടി സഭയില്‍ ,അടയാളങ്ങളുടെ ക്യാമറയ്ക്കു മുമ്പില്‍ , കോഴിക്കോട് കടല്‍ത്തീരത്ത്, ചാലക്കുടിയിലെ പുഴക്കരയില്‍ , ബോസ് കൃഷ്ണമാചാരിയുടെ വീട്ടു കോലായില്‍ , പൂന്താനം ഇല്ലത്തെ തിരുമാന്ധാംകുന്നിലമ്മ പ്രതിഷ്ഠക്കു മുമ്പില്‍ , ശാന്തിനികേതന്‍ യാത്രയിലെ തീവണ്ടിയില്‍ ...എനിക്കെല്ലാം ഒരേയിടം. ഒറ്റ ലക്ഷ്യം. കാണുന്നവരുടെ കണ്ണിലാണ് ഹിന്ദു, മുസ്ലിം, പുഴ, റോഡ്, കാട് എന്നീ ഭേദങ്ങള്‍ .
?താങ്കളുടേത് യഥാര്‍ഥ സോപാനസംഗീതമല്ലെന്ന് ആക്ഷേപമുണ്ട്.
= ഞാന്‍ ക്ഷേത്ര സോപാനത്തിലെ പാട്ടുകാരനല്ല. പ്രപഞ്ചത്തെയാകെ ശ്രീകോവിലായിക്കണ്ട് നടക്കുന്ന കൊട്ടിപ്പാട്ടുകാരനായ പാണനായി എന്നെ കണ്ടാല്‍ മതി. കേരളത്തില്‍ ആകെ അവശേഷിക്കുന്ന അന്‍പതോളം സോപാന ഗായകരില്‍ ആരും തമ്മില്‍ തമ്മില്‍ സമാനതകളില്ല. ഓരോരുത്തര്‍ക്കും സ്വന്തം ശൈലിയുണ്ട്. ഈ വൈവിധ്യതയില്‍ സൗന്ദര്യം കാണുകയാണ് വേണ്ടത്. ശാസ്ത്രജ്ഞന്മാര് ഇത്രകാലം പരിചരിച്ചിട്ടും ഈ സംഗീതത്തിന്റെ ഗതിയെന്തായിരുന്നു എന്ന് എല്ലാവര്ക്കും അറിയാമല്ലൊ (ചിരി). അഷ്ടപദി പാടലാണ് സോപാനസംഗീതം എന്നുവരെ തെറ്റിദ്ധരിച്ചവരുടെ ലേഖനങ്ങളും പഠനങ്ങളുമാണ് ഈ രംഗത്ത് ഉണ്ടായിരുന്നത്! ക്ഷേത്രത്തില്‍ പ്രസന്ന പൂജാസമയത്തും മറ്റും നടയടച്ചു തുറക്കുംവരെ ഒരു ടൈംഫില്ലര് ആയി പാടിവന്ന ഒരു ഗാനശാഖയാണ് സോപാനസംഗീതം. നടതുറക്കുംവരെ ഭക്തരുടെ(!) ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് തിരിയാതിരിക്കാനാണ് അത്തരമൊരു ഗായകനെ നിശ്ചയിക്കുന്നത്. ആളുകളുടെ എല്ലാ വിധത്തിലുമുള്ള അശ്രദ്ധകളെ ഇല്ലാതാക്കലാണല്ലോ എല്ലാ കലാരൂപങ്ങളുടെയും ലക്ഷ്യം. മനസിനും ശരീരത്തിനും കാലുഷ്യമുണ്ടാക്കലല്ല ശാന്തി പകരലാണ് കലാരൂപങ്ങള്‍ക്കു സാധിക്കേണ്ടത്. സ്വാഭാവികമായി മ്യൂസിക് കേള്‍ക്കല്‍ തന്നെയാണ് തെറാപ്പി. അതിനായി ക്ലിനിക് നടത്തുന്നവരും തട്ടിപ്പുകാരാണ്. ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന 90 ശതമാനം ആളുകളുടെയും വിവിധ സംഗീതരൂപങ്ങളെ പരിഗണിയ്ക്കാതെ സോപാനസംഗീതമാണ് കേരള സംഗീതം എന്നു പറഞ്ഞ മണ്ടന്മാരെ നാം ഇനിയും ഏറ്റു പറയരുത്. കേരളത്തിലെ മുഴുവന്‍ ഗാനരീതികളുടെയും ആകെത്തുകയാണ് കേരള സംഗീതം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാലം ശക്തിപ്പെട്ടാലേ കര്‍ണാടകസംഗീതത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് സംഗീത അക്കാദമികളെ രക്ഷിക്കാനാവൂ. കേരളീയ സംഗീതത്തിനാവട്ടെ ആദ്യ പരിഗണന. കേരള കലാമണ്ഡലം ഉണ്ടായിട്ടും നാടന്‍ എന്നുപറഞ്ഞ് കലകളെ എസ്സി-എസ്ടിപോലെ വേറെ കുറെ കലകള്‍ക്കായി അക്കാദമിയുണ്ടാക്കിയ മണ്ടത്തരം അപ്പോഴേ തിരിച്ചറിയൂ.സ്വന്തം ഗാനരീതികളില്‍ മലയാളിക്ക് അഭിമാനമുണ്ടാകട്ടെ ആദ്യം. അത്തരമൊരു പാഠ്യപദ്ധതി ഞാന്‍ നിര്‍മിച്ചുവരുന്നുണ്ട്.
? കേരളത്തിന്റെ കലാസ്വാദനത്തെക്കുറിച്ച്
= ഇവിടെ കൂടുതലും കലാരൂപങ്ങളല്ല, അതവതരിപ്പിക്കുന്ന വ്യക്തികളാണ് ആസ്വദിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും. കലാകാരന് നിലനില്ക്കാന് കലയെ നിലനിര്‍ത്തുകയെന്ന വിപരീത ദിശയിലാണ് കാര്യങ്ങള്‍ . കേട്ടതു കേള്‍ക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. അവിടെ ഒരു ഓര്‍ത്തെടുക്കലാണ് നടക്കുന്നത്. ഭാവനാശാലികളേക്കാള് പാരമ്പര്യം പറഞ്ഞും ജാതി പറഞ്ഞും സിനിമയുടെയോ ടിവി ചാനലിന്റെയോ വിലാസം പറഞ്ഞും നിലകൊള്ളുന്നവരെയാണ് മലയാളി ആസ്വദിക്കുന്നത്. കലാരൂപങ്ങളെക്കുറിച്ച് ലേഖനമെഴുതി കാശു വാങ്ങുന്നവര്‍ പോലും ഒരു കഥകളി ടിക്കറ്റെടുത്ത് കാണാന്‍ തയ്യാറാവാത്ത നാടാണിത്. കള്ളു കുടിക്കാനും സ്വര്‍ണം വാങ്ങാനും ആനയെ കെട്ടിയിട്ട് തല്ലാനും പടക്കം കത്തിക്കാനും കാശുകളയുന്നവര്‍ കലാരൂപങ്ങള്‍ക്കായി അത്ര പ്രാധാന്യം നല്‍കുന്നില്ല. കേരളീയരായ കലാപ്രവര്‍ത്തകരുടെ ഗതികേടുകളെ ചൂഷണം ചെയ്താണ് ഒരുകൂട്ടം ആളുകള്‍ ജീവിക്കുന്നത്. ഭരണാധികാരികള്‍ ഇടപെട്ടില്ലെങ്കില്‍ കലാമണ്ഡലത്തില്‍ അഡ്മിഷന് കറയുന്നതിനെക്കുറിച്ച് വിലപിച്ചിട്ടു കാര്യമില്ല.
? 35 വയസിനിടക്ക് ഒരു സോപാനഗായകന് തനിച്ചാണ് ഇതൊക്കെ ചെയ്തത് എന്ന് വിശ്വസിയ്ക്കാനാവുന്നില്ല.
= എന്റെ ജീവിതമാകെ ഒരു സിനിമാക്കഥപോലെ എനിക്കുതന്നെ അവിശ്വസനീയം! പാട്ടു പഠിയ്ക്കാത്ത ഞാന്‍ അച്ഛന് മരിച്ച് മൂന്നാം മാസം മുതല്‍ പാടാന്‍ പോയി വിദേശ അരങ്ങുകളില്‍ വരെ സോപാനസംഗീതത്തെ എത്തിക്കുന്നു. പലരും വ്യക്തിലാഭത്തിനായി വണങ്ങാറുള്ള കപടബിംബങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നു. പലര്‍ക്കും ഇതിന്റെയൊക്കെ രഹസ്യം അന്വേഷിക്കലാണ് പണി. അല്ലാതെ ഞാന്‍ പറയുന്ന വിഷയങ്ങളെ പരിഗണിക്കലല്ല. കലയില്‍ നിന്നു കിട്ടുന്ന പണവും സ്വാധീനവുംകൊണ്ട് സ്വര്ണച്ചെയിനുണ്ടാക്കിയിടലും ആര്ഭാടവീടും കാറും ഉണ്ടാക്കി പുരസ്കാരങ്ങള്‍ക്കും റെക്കോഡുകള്‍ക്കുമായി തെണ്ടിത്തിരിയലുമല്ല കല അനുഗ്രഹിച്ചു കിട്ടിയവന്റെ ധര്‍മം.
കലകൊണ്ട് മനുഷ്യത്വ പ്രചാരണം നടത്തണം, ആളുകള്‍ക്ക് ആശ്വാസം നല്‍കണം, അതിന്റെ സ്വസ്ഥമായ നിലനില്പിനായി പോരാടണം, സമാന മേഖലകളിലുള്ളവര്‍ക്കായി ശബ്ദിക്കണം. അതിനായി രസീതുബുക്കും നോട്ടീസുമായി ഇറങ്ങലല്ല ആദ്യം വേണ്ടത്. സ്വന്തം വരുമാനവും അധ്വാനവും ലാഭങ്ങളും ത്യജിക്കണം. ജ്ഞാനപീഠം കിട്ടിയവര്‍ സ്വന്തം ഗ്രാമത്തില്‍ ഒരു ബസ്റ്റോപ്പുണ്ടാക്കാനോ കുടിവെള്ള പദ്ധതിക്കോ സ്വന്തം പണം ചെലവഴിച്ച അനുഭവം നമുക്കുണ്ടോ? ഇതൊന്നും സര്‍ക്കാറിന്റെ മാത്രം ചുമതലയല്ല. ഞാനതൊക്കെ നിര്‍വഹിക്കാന്‍ നിശബ്ദമായി ശ്രമിക്കുന്നു. വലിയ കാര്യം ചെയ്യുന്നു എന്ന ധാരണയില്ല. മനുഷ്യനായിപ്പിറന്നാല്‍ ചെയ്യേണ്ടുന്ന ധര്‍മങ്ങളില്‍ ചിലതെങ്കിലും ചെയ്യുക മാത്രമാണ് ഞാന്‍ . മണ്ണില്‍ ഇന്നേവരെ ചെരിപ്പിടാതൊന്നു ചവിട്ടുക പോലും ചെയ്തിട്ടില്ലാത്തവര്‍ മണ്ണിനെക്കുറിച്ചു നാണമില്ലാതെ ചിലയ്ക്കുന്നതു കേട്ടാല്‍ എനിക്കു സഹിക്കില്ല. ശത്രു സമ്പാദ്യത്തിന്റെ വഴി ഇതൊക്കെയാണ്(ഉറക്കെ ചിരി). എതിര്‍പ്പുകളെ തമാശയായി തള്ളിക്കളയുന്നു. ഇന്നെനിക്കു ലാഭങ്ങളില്ലെങ്കിലും എന്റെ അധ്വാനം ഞാന്‍ മരിച്ചാലും നിലനില്ക്കും. അങ്ങനെ പൂര്‍വികര്‍ പലതും ചെയ്തതു വച്ചാണല്ലോ ഇന്നു പല സാംസ്കാരിക നാട്യക്കാരും ഇമി വാങ്ങുന്നത്!
? ഒരു വ്യക്തിയോ സംഘടനയോ ഒരു പ്രസ്താവനകൊണ്ടെങ്കിലും താങ്കളെ പിന്തുണച്ചു കണ്ടിട്ടില്ല.
= എല്ലാവര്ക്കും സ്വന്തം ഭദ്രതയും ചെളി പറ്റാത്ത വെള്ളക്കുപ്പായവുമാണ് പ്രധാനം. ഏറെ ചെളിവാരിയെറിയപ്പെട്ട എന്റെ കുപ്പായം നാളെയുടെ കലാസംസ്കൃതിയ്ക്കുടുക്കാനായി ഞാന്‍തന്നെ അലക്കിത്തേക്കുകയാണ്. തരം നോക്കി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ഭീരുക്കളുടെ പിന്തുണപോലും എനിക്കൊരു ഭാരമാകും. കലാകാരന് എന്ന പദം തന്നെ വിധേയത്വങ്ങളില്ലാത്ത സ്വാതന്ത്ര്യവും ധീരതയുമാണ്. ഹരിഗോവിന്ദന് പാടിയാല്‍ മതി, വലിയ കാര്യങ്ങള്‍ പറയാനും എഴുതാനും ഞങ്ങള്‍ ചിലരുണ്ട് എന്ന കരാറുകാരുടെ പ്രതീക്ഷക്കു വിപരീതമായ എന്റെ സഞ്ചാരമാണ് പലര്‍ക്കും എന്നോടടുക്കാനുള്ള തടസ്സം. പിന്നെ ഞാന്‍ ചിലതു പറയുന്നത് മറ്റാരുടെയെങ്കിലും ബലം കണ്ടിട്ടല്ലല്ലോ. ഇന്നെന്റെ കൂടെ നില്ക്കാന് കഴിവുള്ളവര്‍ പലരും ദ്രോഹിച്ചിട്ടുണ്ട്. പലരും അതു കണ്ട് മൗനവും പാലിച്ചു. ആകയാല്‍ ഞാന്‍ മരിച്ചാല്‍ എന്റെ ദേഹത്തു റീത്തുവയ്ക്കാന്‍ ആരേയും അനുവദിക്കരുതെന്ന് ഭാര്യയെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.
? എന്താണ് സ്വപ്നം
= എപ്പോള്‍ വേണമെങ്കിലും ഒരു പരിത്യാഗത്തിലൂടെ ഇതെല്ലാം വിട്ടുപോകാനുള്ള മനസ്സാണ് എന്റേത്. ഇവയൊന്നും എന്റേതാണെന്നോ ഞാന്‍ ചെയ്തെന്നോ കരുതാറില്ല. എന്റെ ശരീരം കേവലം ഇതിനൊക്കെ ഉപാധിയായതാണ്. കള്ളുകുടിക്കാതെ തന്നെ തന്റെ പ്രവൃത്തി ലഹരിയായിക്കരുതുന്നവരുള്ള കേരളം...സ്വന്തം കര്മമേഖലകൊണ്ട് അവനവനും വീട്ടുകാര്‍ക്കും മാത്രം ഉപകാരമുണ്ടാക്കിയവരെയാണ് നാം ഇന്ന് മഹാന്മാര് എന്നു വിളിക്കുന്നത്. അവരുടെ പ്രവൃത്തികൊണ്ട് നാടിനെന്തു ഗുണമുണ്ടായി എന്നതിന്റെ അടിസ്ഥാനത്തില്‍ മഹാന്മാരെ നിശ്ചയിക്കുന്ന ഒരു കാലം. ഗുരുകുല സമ്പ്രദായത്തിലൂടെ ലക്ഷ്യം നടപ്പാക്കുന്ന ഭാരതീയ വിദ്യാഭ്യാസ പദ്ധതിയുടെ ശക്തമായ തിരിച്ചുവരവ്...ആവശ്യങ്ങള്‍ കുറയുന്ന മലയാളി... പണം വിനിമയോപാധിയായതിലെ ദോഷങ്ങള്‍ മനസിലാക്കി തിരുത്താന്‍ തയ്യാറാവുന്ന സ്വയംപര്യാപ്തമായ രാഷ്ട്രം...പ്ലാസ്റ്റിക് മാലിന്യത്തെ ചെകുത്താനായി കാണുന്ന മനുഷ്യവംശം...ഓരോരുത്തരും സ്വയം ദൈവികശക്തികളായി ഉറച്ചു വിശ്വസിക്കുന്ന കാലം...കല ആരേയും തോല്‍പ്പിക്കാനും മിറകടക്കാനുമായി ഉപയോഗിക്കാനുള്ളതല്ല എന്ന വാദം ശക്തിപ്പെടുന്ന കാലം...എല്ലാ തലത്തിലും രണ്ടാം സ്വാതന്ത്ര്യസമരം അടിയന്തരമായി യുവാക്കളിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ നവോത്ഥാനകാലം...
ഇതൊക്കെയാണെന്റെ സ്വപ്നം. നിങ്ങള്‍ പരിഹസിച്ചു ചിരിക്കാവുന്ന ഇത്തരം സ്വപ്നങ്ങള്മൂലം ശത്രു സമ്പാദനമാവും മരണംവരെ എന്റെ വിധി.
? കുടുംബം ഇതിനൊക്കെ കൂടെയുണ്ടോ
=ഭാര്യ മായ എന്റെ ലക്ഷ്യപൂര്‍ത്തിക്കായി ഏറെ സഹിക്കുന്നു. നമുക്കു തൊട്ടു മുമ്പുള്ള തലമുറകള്‍ നമുക്കായി ജീവിച്ചു കഴിഞ്ഞു. ഇനി നാം ജീവിക്കുന്നത് അടുത്ത തലമുറയ്ക്കു വേണ്ടിയാണെന്ന വാസ്തവം കലയിലൂടെ പ്രചരിപ്പിക്കണം. കാര്യസാധ്യത്തിനായി വഞ്ചനവരെ ചെയ്യുന്നവരെ കരുതിയിരിക്കാനും ശത്രുവിനെപ്പോലും സ്നേഹിക്കാനും മകള്‍ ശ്രീലക്ഷ്മിക്ക് പരിശീലനം നല്കിവരുന്നു.സ്വന്തം ഗ്രാമമെങ്കിലും ഒരു മാവേലിക്കാലത്തേയ്ക്കു കൊണ്ടുവരലാകണം അവളുടെ സ്വപ്നവും പ്രവര്‍ത്തനവും. ഒന്നിനും ആരുടെയും നന്ദിയും സര്‍ട്ടിഫിക്കറ്റും കാത്തുനില്ക്കരുതെന്നവളും ബോധ്യപ്പെടണം. ഉള്ളവനും ഇല്ലാത്തവനുമല്ല, എല്ലാമുണ്ടായിട്ടും ഒന്നും വേണ്ടാത്തവനായി (ഇത് ലോക വര്‍ഗവിഭജനത്തില്‍ ശ്രദ്ധിക്കാതെ പോയ ഒരു കൂട്ടരാണ്) മറ്റെല്ലാവരേയും തന്റെ മുമ്പേ നടക്കാനനുവദിച്ചവനാണ് എന്റെ പിതാവ്. അദ്ദേഹം സ്വീകരിച്ച പൂന്താനപാഠങ്ങള് അവളും പിന്തുടരുമായിരിക്കും.
*
ജയകൃഷ്ണ സതി ദേശാഭിമാനി വാരിക 02 ഒക്ടോബര്‍ 2011
Thursday, October 6, 2011
Subscribe to:
Post Comments (Atom)
2 comments:
ഒരു കലാരൂപത്തെ ഉപാസിച്ചതിന്റെ പേരില്‍ ഒരു ജന്മം മുഴുവന്‍ അലയേണ്ടിവന്ന ഞെരളത്തു രാമപ്പൊതുവാള്‍ . അദ്ദേഹത്തിന്റെ പുത്രനും പാട്ടുകാരന് എന്ന അര്‍ഥത്തില്‍ പാണന്എന്നറിയപ്പെടുന്നതില് അഭിമാനിക്കുന്ന കൊട്ടിപ്പാട്ടുകാരനുമായ ഞെരളത്ത് ഹരിഗോവിന്ദന് . സംഗീതത്തില്‍ അനിഷേധ്യമായ പൈതൃകത്തുടര്‍ച്ച അംഗീകരിച്ചു കിട്ടിയിട്ടും ജീവിതത്തില്‍ ഞെരളത്തനുഭവിച്ചതിനേക്കാള് വലിയ വേദനകളെയാണ് ഈ യുവാവിന് നേരിടേണ്ടിവന്നത്. കലയെ രക്ഷിക്കേണ്ടത് മറ്റാരേക്കാളുംമുമ്പ് കലാപ്രവര്‍ത്തകരുടെ ധര്‍മമാണ് എന്ന് അടിയുറച്ചു വിശ്വസിച്ച്, പാടുന്നതിനൊപ്പം ചിലതൊക്കെ പറയാന്‍കൂടി നിര്‍ബന്ധിതനായ ഹരിഗോവിന്ദന് , താന്‍ വിധേയനായ ദുര്ഘടജീവിതത്തെ അനാവരണം ചെയ്യുകയാണീ അഭിമുഖത്തില്‍ . പാടിത്തുടങ്ങിയാല്‍ മറ്റെല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാറുള്ള, ഹൃദയം തുറപ്പിക്കാറുള്ള കേരളത്തിന്റെ കൊട്ടിപ്പാട്ടുകാരന്‍ ...
വളരെ നന്നായി.
Post a Comment