Sunday, March 11, 2012

മാഫിയാ അഴിഞ്ഞാട്ടം മുതലാളിത്ത സൃഷ്ടി

രാജ്യത്തിന്റെമേല്‍ പിടിമുറുക്കുന്ന സമാന്തര സര്‍ക്കാരിനെപ്പറ്റി കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച ഒരു കമ്മിഷന്‍ പരാമര്‍ശിച്ചത് ഏകദേശം രണ്ട് ദശാബ്ദം മുമ്പാണ്. കേന്ദ്ര-ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന എന്‍ എന്‍ വോറയായിരുന്നു ആ കമ്മിഷനെ നയിച്ചത്. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേലാളന്മാരും അധോലോകവും കൈകോര്‍ത്തു പിടിക്കുന്നതാണ് ഈ സമാന്തര സര്‍ക്കാര്‍ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പലരുടേയും നെറ്റിചുളിഞ്ഞു. ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനമേറിയപ്പോള്‍ ഈ സമാന്തരസര്‍ക്കാര്‍ സംവിധാനം കൂടുതല്‍ ഭീകരമായ രൂപഭാവങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. നേരും നെറിയുമില്ലാത്ത ചീത്തപ്പണത്തിന്റെ തണലില്‍ ശക്തിയാര്‍ജിക്കുന്ന മാഫിയ ഭീകരന്‍മാരാണ് പലസ്ഥലങ്ങളിലും ഇന്ന് സമാന്തര സര്‍ക്കാരിന്റെ തലവന്മാര്‍. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടാളികള്‍ ആവശ്യാനുസരണം അവരുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധവും സ്ഥാപിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം മാഫിയാസംഘങ്ങളുടെ ചവിട്ടടിയില്‍ നീതിമാന്മാരുടെ ജീവിതം ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞു. ആ പരമ്പരയിലെ അവസാനത്തെ പേരാണ് മധ്യപ്രദേശിലെ ഐ പി എസ് ഓഫീസറായ നരേന്ദ്ര കുമാര്‍ നൗഹാറിന്റേത്.

മധ്യപ്രദേശിലെ ചമ്പല്‍ മേഖല അടച്ചുവാഴുന്ന അനധികൃത ഖനിമാഫിയയാണ് ട്രാക്ടര്‍ ഓടിച്ചുകയറ്റി ആ ഉയര്‍ന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മധ്യപ്രദേശിലെതന്നെ കുമാരി ജില്ലയില്‍ പത്രപ്രവര്‍ത്തകനായ ചന്ദ്രികാറായിയും ഭാര്യയും രണ്ടു മക്കളും ക്രൂരമായി കൊലചെയ്യപ്പെട്ടത്. കണ്ണില്‍ ചോരയില്ലാത്ത ആ കൊലപാതകത്തിന്റെ പുറകിലും ഖനിമാഫിയതന്നെയായിരുന്നു. മധ്യപ്രദേശില്‍ ഭരണം കയ്യാളുന്ന ബി ജെ പി ഗവണ്‍മെന്റിന് ഈ മാഫിയ ശക്തികളുമായുള്ള ബന്ധം രഹസ്യമല്ല. മാഫിയാ സമ്പര്‍ക്കത്തിന്റെ കാര്യം വരുമ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാകുന്നു. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകത്തിലും മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മാഫിയാവാഴ്ച അനുദിനം ശക്തിപ്പെടുകയാണ്. ആന്ധ്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും ഉത്തരാഞ്ചലിലും ഒറീസയിലും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മാഫിയാരാഷ്ട്രീയ ഇഴുകിച്ചേരല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കൊച്ചു സംസ്ഥാനമായ ഗോവയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഖനി മാഫിയ നടത്തിയ അഴിഞ്ഞാട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചരണ വിഷയം. അനധികൃത ഖനനം അവസാനിപ്പിക്കുമെന്ന ഗോവ ബി ജെ പിയുടെ വാഗ്ദാനം അഖിലേന്ത്യാ ബി ജെ പിയുടെ മാഫിയാ ബന്ധത്തിന്റെ പാറമേല്‍തട്ടി തകര്‍ന്നുപോകാനാണ് സാധ്യത. മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലും ഇന്ത്യയില്‍ ആകെത്തന്നെയും പ്രകൃതി സമ്പത്തുകളുടെ മേലാണ് ധനാര്‍ത്തി പൂണ്ട മാഫിയാ ശക്തികള്‍ കണ്ണുവെയ്ക്കുന്നത്. പതിനായിരക്കണക്കിന് ഹെക്ടര്‍ വനഭൂമി ഇത്തരക്കാര്‍ വെട്ടിവെളുപ്പിച്ച് ഖനികളാക്കി മാറ്റിക്കഴിഞ്ഞു. അവിടെനിന്നു കുഴിച്ചെടുത്ത സമ്പത്തിന്റെ ബലത്തിലാണ് കര്‍ണാടകത്തിലും മറ്റും രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള പണം ഒഴുകിവന്നത്. വികസനത്തിന്റെ കള്ളവര്‍ത്തമാനം പറഞ്ഞുകൊണ്ട് പ്രകൃതിയെ ചവുട്ടിമെതിക്കുന്ന ഈ കറുത്ത ശക്തികള്‍ ആദിവാസികള്‍ അടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവന് പുല്ലുവിലപോലും കല്‍പ്പിക്കാറില്ല. ഈ പരിഷ്‌കൃത കൊള്ളക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ എല്ലായിടത്തും വേട്ടയാടപ്പെടുകയാണ്. അവര്‍ക്കെതിരായി സമരരംഗത്തുവന്ന വത്സ ജേക്കബ് എന്ന മലയാളി കന്യാസ്ത്രീയുടെ ദുരന്തകഥ മറക്കാറായിട്ടില്ല. ശങ്കര്‍ ഗുഹാ മിയോഗിയെന്ന തൊഴിലാളി പ്രവര്‍ത്തകനെ വകവരുത്തിയതും ഇതേ ശക്തികളായിരുന്നു. ഒറീസയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പോസ്‌കോ വിരുദ്ധസമരം നടത്തുന്ന പട്ടിണിപ്പാവങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ പിന്‍ബലമുള്ള മാഫിയാതമ്പുരാക്കള്‍ തന്നെയാണ്.

സ്ഥിതിഗതികളില്‍ താരതമ്യേന മെച്ചമായ കേരളത്തില്‍പോലും മാഫിയാ അഴിഞ്ഞാട്ടങ്ങളുടെ വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കേണ്ടിവരുന്നു. മണല്‍-മദ്യ മാഫിയകള്‍ ഔദ്യോഗിക ഒത്താശയോടുകൂടി തങ്ങള്‍ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരേയും പത്രപ്രവര്‍ത്തകരേയും സമരം ചെയ്യുന്ന ജനങ്ങളേയും ആക്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ ഉണ്ടാവുന്നു. ഇതിനെയെല്ലാം ആര്‍ക്കോ സംഭവിക്കുന്ന കൈത്തെറ്റുകള്‍ പോലെ കാണുന്നവരുണ്ട്. മാഫിയാവല്‍ക്കരണത്തിന്റെ പുറകിലുള്ള സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയത്തിലെ പെരുകിവരുന്ന അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും സമൂഹത്തിലെ മാഫിയാ തേര്‍വാഴ്ചയും പരസ്പരം ബന്ധപ്പെട്ടവയാണ്. മുതലാളിത്തവ്യവസ്ഥയുടെ കടിഞ്ഞാണില്ലാത്ത വളര്‍ച്ചയുടെ ഉപോല്‍പന്നങ്ങളാണ് ഇവയെല്ലാം. വികസനത്തിനു വഴിതെളിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രകൃതിഹത്യയും മനുഷ്യഹത്യയും എന്ന് അവര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ പ്രകൃതിക്കും മനുഷ്യനും ഭാവിക്കും എല്ലാം മീതെ ലാഭത്തിന്റെ കോട്ടപണിയാന്‍ ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈ സത്യം പലപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു.

ഗവണ്‍മെന്റുകള്‍ ബൂര്‍ഷ്വാസിയുടെ മാനേജിംഗ് കമ്മിറ്റികളായി മാറുന്ന അവസ്ഥയെക്കുറിച്ച് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രതിപാദിക്കുന്നുണ്ട്. ഭരണക്കാര്‍ പണപ്രഭുക്കളുടെ കാര്യസ്ഥപ്പണി ചെയ്യുമ്പോള്‍ അതിന്റെ തണലില്‍ മാഫിയകള്‍ തഴച്ചുവളര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. സമൂഹം മഹത്തരമായി കാണുന്ന എല്ലാറ്റിനേയും കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നവര്‍ ആത്യന്തിക വിജയം തങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നുണ്ടാവും. താല്‍ക്കാലികമായി കാറ്റ് ഇവര്‍ക്ക് അനുകൂലമായിരിക്കാം. പക്ഷേ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിതത്തിന്റെ അടിത്തറയായ പ്രകൃതിയേയും തരിമ്പും മാനിക്കാത്ത ഇക്കൂട്ടര്‍ക്ക് അന്തിമവിജയം ഉണ്ടാവാന്‍ പോകുന്നില്ല. രാജ്യങ്ങള്‍തോറും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജനങ്ങള്‍ വാള്‍സ്ട്രീറ്റ് മുതല്‍ ന്യൂഡല്‍ഹിവരെ ഇതാണ് വിളിച്ചുപറയുന്നത്. നീതിയുടെ പക്ഷം ചേരുന്ന ഉദ്യോഗസ്ഥരേയും സാമാന്യ മനുഷ്യരേയും ചതച്ചരച്ച് കൊല്ലുന്നവര്‍ക്ക് നാണംകെട്ട ഭരണക്കാരുടെ പിന്തുണ താല്‍ക്കാലികമായി കിട്ടിയെന്നുവരും. അത്തരം ഭരണക്കാരും അവരുടെ കുടക്കീഴില്‍ വളരുന്ന മാഫിയാ വിഷപ്പാമ്പുകളും ഒന്നറിയുക, എല്ലാ അനീതികളുടേയും മുന്‍പില്‍ എല്ലാക്കാലവും ജനങ്ങള്‍ തലതാഴ്ത്തിയിരിക്കില്ല. ആ ജനകീയ നിശ്ചയത്തിന് ശബ്ദവും ശക്തിയും നല്‍കലാണ് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കര്‍ത്തവ്യം. ആ കര്‍ത്തവ്യനിര്‍വഹണത്തിന് നേരുംനെറിയുമുള്ളവരെല്ലാം സജ്ജമാകണമെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം വിളിച്ചറിയിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം ൧൧ മാര്‍ച്ച് ൨൦൧൨

1 comment:

വര്‍ക്കേഴ്സ് ഫോറം said...