Tuesday, June 19, 2012

ഇടതുപക്ഷ തകര്‍ച്ച ആഗോളവല്‍ക്കരണ താല്‍പ്പര്യം

പിറവത്ത് പരാജയപ്പെട്ടെങ്കില്‍, മുഖ്യമന്ത്രിസ്ഥാനം തെറിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിചെയ്ത കടുംകൈയാണ് നെയ്യാറ്റിന്‍കരയിലെ "ആയാറാം, ഗയാറാം". കേരളത്തില്‍ ഇതിനുമുമ്പ് പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്ന കടുംകൈ, അത്തരം ക്രിയകള്‍ക്ക് സര്‍വഥായോഗ്യനായ മന്ത്രിപദവിയുള്ള കാര്‍മികനെ ഒത്തുകിട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടി സന്തോഷപൂര്‍വം ചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് കാലുമാറ്റവാര്‍ത്ത കേട്ട് കേരളം ഞെട്ടി. സെല്‍വരാജ് രാജിവച്ചു എന്ന്പ്രഖ്യാപിച്ചപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു, ""യുഡിഎഫിലേക്ക് പോകാനാണോ രാജി"". അഭിനയശേഷി അപ്പോള്‍ പുറത്തുചാടി. കൈകൂപ്പി തൊഴുത്, ""യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യചെയ്യുന്നതല്ലേ"" എന്നാണ് സെല്‍വരാജ് തിരിച്ചുചോദിച്ചത്. താമസിയാതെ സെല്‍വരാജിന് കോണ്‍ഗ്രസ് ഷാളും ടിക്കറ്റും കിട്ടി. ആത്മഹത്യ നടന്നില്ല. ഒരു മര്യാദയും ഇല്ലാതെ ശത്രുപാളയത്തിലേക്ക് ചേക്കേറി.

തന്നെയും കുടുംബത്തെയും വധിക്കുമെന്ന ഭീഷണിയുണ്ടായെന്നും ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നുമായി പിന്നത്തെ ന്യായം. ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് വിജയിച്ചിരിക്കുന്നു. കാലുമാറ്റക്കാരന്‍ വേഷംമാറി നിയമസഭയില്‍ കയറി ഇരിക്കുന്നു. ധാര്‍മികതയുടെ മേല്‍ അധാര്‍മികത നേടിയ വിജയമാണിതെന്ന് കോണ്‍ഗ്രസ് പ്രമുഖര്‍തന്നെ പ്രതികരിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ എല്ലാ ബൂര്‍ഷ്വാ മാധ്യമങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ച ഒരു തെരഞ്ഞെടുപ്പും മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. ഭീകരമായ ആക്രമണം ഇടതുപക്ഷത്തിനുനേരെയും പ്രത്യേകിച്ച് സിപഐ എമ്മിനു നേരെയും ഉണ്ടായി. എല്ലാത്തരം കടന്നാക്രമണങ്ങളെയും ചെറുത്താണ് എല്‍ഡിഎഫ് പൊരുതിയത്. കാലുമാറ്റരാഷ്ട്രീയവും കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടവും ഉണ്ടാക്കിയ അപമാനത്തില്‍ രക്ഷനേടാന്‍ വഴിയില്ലാതെ ഉഴലുമ്പോഴാണ് മെയ് നാലിന് ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവം യുഡിഎഫിന് കിട്ടിയത്. അത്യന്തം നിഷ്ഠുരമായ ആ കൊലപാതകത്തെ എല്ലാവരും ഒരുപോലെ അപലപിച്ചു. കൊലയ്ക്കും ഗൂഢാലോചനയ്ക്കും നേതൃത്വം കൊടുത്തവര്‍ ആരായാലും കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ സിപിഐ എമ്മിന്റെ മുന്‍കാല പ്രവര്‍ത്തകനാണെന്നതുകൊണ്ടുതന്നെ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ഇവിടെ കേരള മുഖ്യനും മുമ്പും പിമ്പും നോക്കാതെ പഴി സിപിഐ എമ്മില്‍ ചാരി. അതിനിടയില്‍ സിപിഐ എം സെക്രട്ടറി പിണറായി വിജയന്‍ ഖണ്ഡിതമായി പറഞ്ഞു; സിപിഐ എമ്മിന് ഈ വധത്തില്‍ ഒരു പങ്കുമില്ല. ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പാര്‍ടി അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ അരുംകൊല നടക്കില്ലെന്നും പാര്‍ടിയില്‍നിന്ന് പുറത്തുപോയവരെ ഉന്മൂലനംചെയ്യുകയോ ശാരീരികമായി വകവരുത്തുകയോ പാര്‍ടിയുടെ നയമല്ലെന്നും വ്യക്തമാക്കി. പാര്‍ടിയുടെ നയസമീപനങ്ങള്‍ ഭംഗിയായി തമസ്കരിക്കാനും യുഡിഎഫിനുവേണ്ടി കുഴലൂത്ത് നടത്താനും പത്രമര്യാദകള്‍ കാറ്റില്‍ പറത്തി വാര്‍ത്തകളും അപസര്‍പ്പക കഥകളും ഒഴുകി. സിപിഐ എമ്മിനും എല്‍ഡിഎഫിനും എതിരായി വാര്‍ത്തകള്‍ കുത്തിനിറച്ചു. ജനമനസ്സിലേക്ക് സിപിഐ എം വിരോധം അടിച്ചുകയറ്റണം; തെറ്റിദ്ധാരണയുടെ പുകപരത്തി വോട്ടുമറിക്കണം- ഇതിനായി വലതുപക്ഷമാധ്യമങ്ങള്‍ മത്സരിച്ചു. ഈ കുത്തകമാധ്യമങ്ങളുടെ പ്രചാരണത്തിന്റെ രീതി കണക്കിലെടുത്താല്‍ നെയ്യാറ്റിന്‍കരയില്‍ ഒറ്റവോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടുമെന്ന് തോന്നുമായിരുന്നില്ല. എന്നാല്‍, പ്രതിസന്ധികളെയെല്ലാം മറികടന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന്റെ അടിത്തറ നിലനിര്‍ത്തി എന്നത് പലരെയും അത്ഭുതപ്പെടുത്തുകയാണുണ്ടായത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 17,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എണ്ണായിരത്തോളമായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ആ മണ്ഡലത്തിലാണ് യുഡിഎഫിന് 6334 വോട്ടിന്റെ ഭൂരിപക്ഷംമാത്രം ലഭിച്ചത്. ഈ നേട്ടം യുഡിഎഫ് നേടിയത് എങ്ങനെയാണ്. ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിച്ചു.

തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ കാറ്റില്‍പറത്തി വാഗ്ദാനപ്പെരുമഴ പെയ്യിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയപ്പോള്‍ അതിനെ മറികടന്നത് ജാതി-മതശക്തികളുമായുള്ള ചങ്ങാത്തംകൊണ്ടായിരുന്നു. നെയ്യാറ്റിന്‍കരയിലും യുഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരത്തെ പ്രതിരോധിക്കാന്‍ ജാതി-മതശക്തികളെ ഉപയോഗപ്പെടുത്തി. അതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ വിജയം അവകാശപ്പെട്ട് ജാതി-മത സംഘടനകള്‍ നടത്തിയ പത്രസമ്മേളനം. കാലുമാറ്റവും മണ്ണെണ്ണയുടെ ദൗര്‍ലഭ്യവും പെട്രോളിയം വിലവര്‍ധനയും സംസ്ഥാന സര്‍ക്കാരിന്റെ നെറികേടുകളെയെല്ലാം തിരിച്ചറിഞ്ഞ് ജനം വോട്ട് ചെയ്യുന്ന ജനാധിപത്യപരമായ രീതിയെ അട്ടിമറിച്ച് ജാതി-മതവികാരം ഇളക്കിവിട്ട് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള നിലയിലേക്ക് കേരള രാഷ്ട്രീയത്തെ യുഡിഎഫ് കൊണ്ടെത്തിച്ചു. രാഷ്ട്രീയവല്‍ക്കരണത്തിനു പകരം ജാതി- മത സമുദായവല്‍ക്കരണത്തിലേക്ക് കേരളം നയിക്കപ്പെടുന്നുവെന്ന ആപല്‍ക്കരമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. യഥാര്‍ഥവിപ്ലവകാരികള്‍ എന്ന് അഭിമാനിക്കുന്നവര്‍ ഇതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തി കണ്ടില്ലെന്നതും വിസ്മയകരമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്ടിലെ ജനങ്ങള്‍ തങ്ങളുടെ അഭിമാനം പണയപ്പെടുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് വോട്ടിങ് നില. എല്‍ഡിഎഫ് ഭരിക്കുന്ന അതിയന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിനേറ്റ ആഘാതമാണ്. എന്നാല്‍, മര്യാദകളുടെ അതിര്‍വരമ്പ് ലംഘിച്ച് യുഡിഎഫ് ഭരണസ്വാധീനം ഉപയോഗിച്ച് വോട്ടുപിടിത്തം നടത്തിയിട്ടും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടില്ല. വര്‍ഗീയ പിന്തിരിപ്പന്‍ശക്തികളും തീവ്രവാദികളും രാജ്യത്തെ കാര്‍ന്നുതിന്നാന്‍ കഴുകന്‍കണ്ണുമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, മതേതര മൂല്യങ്ങള്‍ സംരക്ഷിച്ച് വര്‍ഗീയ തീവ്രവാദികള്‍ക്കെതിരെ ജീവന്‍ നല്‍കി പൊരുതുന്ന പാരമ്പര്യമുള്ള സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അധികാര ദുര്‍വിനിയോഗം നടത്തി തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ആത്മഹത്യാപരമാണ്.

കള്ളക്കേസുകള്‍ എടുത്ത് നേതാക്കളെ ജയിലിലടച്ചും ന്യായമായ അവകാശസമരങ്ങള്‍ നടത്തുന്ന ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും തല്ലിച്ചതച്ചും കോണ്‍ഗ്രസ് അധികകാലം മുന്നോട്ട് പോകില്ല. അത്യന്തം ഭീകരമായ കോണ്‍ഗ്രസ് വാഴ്ചയെ നേരിട്ട് വളര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏത് പ്രതിസന്ധിയെ നേരിടാനും കഴിവുണ്ട്. അഖിലേന്ത്യാതലത്തിലും കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയാണ്. ഇന്ത്യയിലൊട്ടാകെ 26 നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഉള്‍പ്പെടെ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസ് കരകയറിയത്. ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് ബിജെപിയും കോണ്‍ഗ്രസും പരിശ്രമിക്കുന്നത്. എന്നാല്‍, ഇതിനെതിരായി നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ദുര്‍ബലമാക്കിയാല്‍ ഇത്തരം നയങ്ങള്‍ നടപ്പാക്കാമെന്ന് ആഗോളവല്‍ക്കരണനയങ്ങളെ പിന്തുണയ്ക്കുന്ന ശക്തികള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട്, അവരുടെ മാധ്യമങ്ങളെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന പരിശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് രാജ്യത്തെ സ്നേഹിക്കുന്നവരുടെ കടമയാണ്.

*
പി കെ ശ്രീമതി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിറവത്ത് പരാജയപ്പെട്ടെങ്കില്‍, മുഖ്യമന്ത്രിസ്ഥാനം തെറിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിചെയ്ത കടുംകൈയാണ് നെയ്യാറ്റിന്‍കരയിലെ "ആയാറാം, ഗയാറാം". കേരളത്തില്‍ ഇതിനുമുമ്പ് പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്ന കടുംകൈ, അത്തരം ക്രിയകള്‍ക്ക് സര്‍വഥായോഗ്യനായ മന്ത്രിപദവിയുള്ള കാര്‍മികനെ ഒത്തുകിട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടി സന്തോഷപൂര്‍വം ചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് കാലുമാറ്റവാര്‍ത്ത കേട്ട് കേരളം ഞെട്ടി. സെല്‍വരാജ് രാജിവച്ചു എന്ന്പ്രഖ്യാപിച്ചപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു, ""യുഡിഎഫിലേക്ക് പോകാനാണോ രാജി"". അഭിനയശേഷി അപ്പോള്‍ പുറത്തുചാടി. കൈകൂപ്പി തൊഴുത്, ""യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യചെയ്യുന്നതല്ലേ"" എന്നാണ് സെല്‍വരാജ് തിരിച്ചുചോദിച്ചത്. താമസിയാതെ സെല്‍വരാജിന് കോണ്‍ഗ്രസ് ഷാളും ടിക്കറ്റും കിട്ടി. ആത്മഹത്യ നടന്നില്ല. ഒരു മര്യാദയും ഇല്ലാതെ ശത്രുപാളയത്തിലേക്ക് ചേക്കേറി.