ശ്രദ്ധ പിടിച്ചുപറ്റുന്ന ശരീരപ്രകൃതി. ആറടിയില്‍ കൂടുതല്‍ ഉയരം. മെലിഞ്ഞതുകൊണ്ട് പൊക്കക്കൂടുതല്‍ തോന്നിക്കുന്നു. തീക്ഷ്ണവും തുളഞ്ഞുകയറുന്നതുമായ കഴുകന്‍കണ്ണ്. കൊക്കുപോലെ മൂക്ക്. ഉന്തിനില്‍ക്കുന്ന ചതുരാകൃതിയായ താടിയെല്ല്. കൈകള്‍ മിക്കപ്പോഴും മഷിയും രാസപദാര്‍ഥവും പുരണ്ട് വൃത്തികേട്. ലോലമായ ദര്‍ശനോപകരണങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അതീവ മൃദുലത. ഒരു കിറുക്കിന്റെ പരിധിയില്‍ അറിവ് അസാധാരണമാംവിധം സൂക്ഷ്മവും വിജ്ഞാനംപോലെ അജ്ഞതയും. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഈ മനുഷ്യന് അറിയില്ല. ഭൂമി ചന്ദ്രനുചുറ്റും കറങ്ങിയാലും തന്റെ പ്രവര്‍ത്തനത്തെ അതു ബാധിക്കില്ലെന്നാണ് ഇയാളുടെ ഭാഷ്യം. ഇതാണ് ഷെര്‍ലക് ഹോംസ്. എവിടെയൊക്കെയോ കണ്ടുമുട്ടിയ ഒരാളായി ലോകമെമ്പാടുമുള്ള വായനക്കാര്‍ കരുതുന്ന കഥാപാത്രം. ആര്‍തര്‍ കൊനാന്‍ ഡോയല്‍ സൃഷ്ടിച്ച് ഇറക്കിവിട്ട ഇയാള്‍ പിന്നെ എഴുത്തുകാരനെയും മറികടന്ന് വളര്‍ന്നു.
അപസര്‍പ്പകസാഹിത്യം ജനപ്രിയമാകുന്നത് ഡോയലിന്റെ ഹോംസ് പരമ്പരകളോടെ. ആദ്യ കൃതി 'എ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്' 1887ല്‍ പുറത്തുവന്നു. അമ്പതില്‍പ്പരം ഭാഷയിലേക്ക് ഹോംസ് പരമ്പരകള്‍ വിവര്‍ത്തനംചെയ്തു. നാടകം, സിനിമ, സീരിയല്‍, കാര്‍ട്ടൂണ്‍, കോമിക്, പരസ്യം എല്ലാറ്റിലും ഹോംസ് കടന്നുവന്നു. ഡോയല്‍ ലോകത്തിലെ വിലയേറിയ സാഹിത്യകാരനായി.
ആര്‍തര്‍ ഇഗ്നേഷ്യസ് കൊനാന്‍ ഡോയല്‍ മരിച്ച് 80 വര്‍ഷം കഴിഞ്ഞു. 1859 മെയ് 22ന് എഡിന്‍ബറോയില്‍ ജനനം. ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യം. 1930 ജൂലൈ ഏഴിനു മരണം.
മറ്റു സാഹിത്യരൂപങ്ങളേക്കാള്‍ താഴെയായി കരുതപ്പെട്ടിരുന്ന ആകാംക്ഷാഭരിതമായ നിമിഷത്തിലേക്ക് ശ്വാസഗതിപോലും മറന്ന് വായനക്കാരന്‍ കടന്നുകയറുന്നു. ശാസ്ത്രീയത, യുക്ത്യാധിഷ്ഠിത ചിന്ത, സത്യസന്ധത, രഹസ്യങ്ങളെ കൈകാര്യംചെയ്യുന്ന രീതി, മനുഷ്യബന്ധങ്ങളോടു പുലര്‍ത്തേണ്ട നീതി, യാഥാര്‍ഥ്യമെന്നുതോന്നിക്കുന്ന രംഗാവിഷ്കരണം തുടങ്ങി പലതും അപസര്‍പ്പക സാഹിത്യത്തിലേക്ക് കോനാന്‍ ഡോയല്‍ പ്രവേശിപ്പിച്ചു. അതിനെ ജീവസ്സുറ്റതാക്കി. 'അപസര്‍പ്പകത്വം ഒരു ശരിയായ ശാസ്ത്രമാണ്. അല്ലെങ്കില്‍ എല്ലാ ശാസ്ത്രവുംപോലെ തണുത്തതും നിര്‍വികാരവുമായ രീതിയില്‍ത്തന്നെ അതിനെ കൈകാര്യം ചെയ്യണ'മെന്ന് ഡോയല്‍.
ജീവിതസംഭവങ്ങള്‍, അതിനനുസൃതമായ സന്ദര്‍ഭങ്ങള്‍, അതിനെ മികവുറ്റതാക്കുന്ന കഥാപാത്രങ്ങള്‍, ഉചിതവും വൈഭവംനിറഞ്ഞതുമായ സംഭാഷണങ്ങള്‍, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പശ്ചാത്തലങ്ങള്‍, കനത്ത മൂടല്‍മഞ്ഞ് തൂങ്ങിനില്‍ക്കുന്ന തെരുവുകള്‍, നിശ്ചല ജലത്തിലെ തെരുവുവിളക്കിന്റെ പ്രതിഫലനംമൂലം മിന്നല്‍പ്പിണര്‍പോലെ തെംസ് നദി, "മണിക്കൂറിനോ ദിവസത്തിനോ വാടകയ്ക്ക് ബോട്ട് നല്‍കുമെന്ന് ബോര്‍ഡുവച്ച ജെട്ടി, കെട്ടിങ്ങള്‍ ഇങ്ങനെ യാഥാര്‍ഥ്യത്തിന്റെ ലോകം. വ്യക്തിത്വ സവിശേഷതയും കുടുംബാന്തരീക്ഷവും വര്‍ണനാതീതം. പുഞ്ചിരി, ദേഷ്യം, വെറുപ്പ്, കൈകാല്‍ ചലനം എന്തിന് ചിലപ്പോള്‍ മുടിനാരിഴയുടെ അനക്കംപോലും പരിഗണിക്കുന്നു. മനസ്സിന്റെ പ്രതികരണം മുറുമുറുപ്പായും ചെവികൂര്‍പ്പിക്കലായും മാറുന്നു. ആതിഥ്യമര്യാദ, കുട്ടികളോടും പ്രായമായവരോടുമുള്ള പെരുമാറ്റം, സുഹൃത്തുക്കള്‍ക്കിടയിലെ വിശ്വസ്തത, ശത്രുക്കള്‍ക്കിടയിലെ വെറുപ്പും വെല്ലുവിളിയും നിറഞ്ഞ അനുഭവങ്ങള്‍. ഇവയെല്ലാം ഹോംസ് പരമ്പരകളെ സമ്പന്നമാക്കുന്നു.
ഷെര്‍ലക് ഹോംസിനെയും ഡോ. വാട്സന്‍ എന്ന സഹായിയെയും രൂപപ്പെടുത്തുന്നതില്‍ അനന്യസാധാരണ പ്രതിഭയാണ് ഡോയല്‍ പ്രകടിപ്പിച്ചത്.
കഥാപാത്ര രൂപീകരണത്തിലെ സൂക്ഷ്മതയാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെയാണ് ഹോംസ് നമുക്കിടയിലെവിടെയോ ജീവിച്ചുവെന്ന തോന്നലുളവാക്കുന്നത്. അമാനുഷികതയുടെ സ്പര്‍ശമില്ലാതെ യുക്തിയുടെയും ശാസ്ത്രീയതയുടെയും ചുവടുപിടിച്ചു നീങ്ങുന്ന കുറ്റാന്വേഷകന്‍. ശാന്തന്‍, ക്രമശീലന്‍, ചിലപ്പോള്‍ രാസപരീക്ഷണശാലയില്‍, ഇടയ്ക്ക് നഗരത്തിലെ ഏറ്റവും താണതലത്തില്‍. ദിവസങ്ങളോളം പ്രഭാതംമുതല്‍ പ്രദോഷംവരെ ഇരുപ്പുമുറിയിലെ സോഫയില്‍ ചലനമില്ലാതെ ഇരുപ്പ്. ശരീരാവയവശാസ്ത്രത്തില്‍ പരിജ്ഞാനം, രസതന്ത്രജ്ഞന്‍, സ്വന്തം പ്രൊഫസര്‍മാരെപ്പോലും അമ്പരപ്പിക്കുന്ന പാണ്ഡിത്യം, ചിലപ്പോള്‍ വിഷാദമൂകന്‍.
മുമ്പ് ഉത്തേജകമരുന്നിന്റെ പിടിയിലായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്നത് അസഹ്യമായതാണ് പ്രശ്നം. നിഷ്ക്രിയത്വത്തെ വെറുക്കുന്നു. സ്വന്തമായി പ്രത്യേക തൊഴില്‍ തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. തന്റെ പ്രതിഭയ്ക്കുതകുന്ന വേദി കണ്ടെത്തി ജോലിചെയ്യുന്നതുതന്നെ ഹോംസിന് ആനന്ദം. ഹോംസ്-വാട്സണ്‍ കൂട്ടുകെട്ടാണ് കഥകളെ നിയന്ത്രിക്കുന്നത്.
അടര്‍ന്നുവീണ് ഭൂമിയുമായി ഇഴുകിച്ചേരേണ്ടി വന്ന ഇലയെപ്പോലെ ലണ്ടന്‍ നഗരവുമായി ഡോ. വാട്സന് ഇടപഴകേണ്ടതായിവരുന്നു. വാടകമുറിയില്‍ ഹോംസുമായി ഒരുമിച്ചു താമസിക്കുന്നു. കഥയിലുടനീളം വായനക്കാരന്‍ ഡോ. വാട്സനിലൂടെ ഹോംസുമായി സംവദിക്കുകയാണ്.
ഹോംസ്കൃതികളില്‍ വായനക്കാരനായി പലതുമുണ്ട്. പ്രകൃതിയുടെ ശക്തികളുടെ മുന്നില്‍ മനുഷ്യമോഹങ്ങളും യത്നങ്ങളും നിസ്സാരമാണ്. പ്രകൃതിയെ വ്യാഖ്യാനിക്കാന്‍ പ്രകൃതിയെപ്പോലെ വിശാലമായ ആശയം വേണം. അസാധ്യതകളെയെല്ലാം ഒഴിവാക്കി സാധ്യതയുണ്ടെന്നു തോന്നുന്നവയെ തെരയുക. അപ്പോള്‍ അവശേഷിക്കുന്ന യാഥാര്‍ഥ്യത്തെ കാണാം. ഒറ്റപ്പെട്ട മനുഷ്യന്‍ ഉത്തരം കണ്ടുപിടിക്കാനാവാത്ത കടങ്കഥയാണ്. സമൂഹമനുഷ്യന്‍ അങ്കഗണിത യാഥാര്‍ഥ്യവും. ഏതെങ്കിലും ഒരു മനുഷ്യന്‍ എന്തുചെയ്യുന്നുവെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാല്‍ സമൂഹം എന്താണ് ചെയ്യുന്നതെന്ന് കണിശമായി പറയാം. സമയത്തിന് ഹോംസ്കൃതിയിലെ പ്രാധാന്യം പ്രത്യേകം പറയണം. പിന്നിടുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാകുമ്പോള്‍, നൂറ്റാണ്ടുകളുടെ അത്രയും പ്രാമുഖ്യം സെക്കന്‍ഡിന്റെ ഒരംശത്തിനുമുണ്ട്.
ഏറ്റവും ബുദ്ധിമാനായ ചിന്തകനും ചിലപ്പോള്‍ യുക്തിശാസ്ത്രത്തിന്റെ അതിപ്രസരംമൂലം അബദ്ധം പിണഞ്ഞേക്കാം. ഏതൊരാള്‍ക്കും ചിലപ്പോള്‍ അന്യരുടെ സഹായം ആവശ്യമായും വരാം. ശാസ്ത്രീയത, യുക്തിചിന്ത, സൃഷ്ടിപരത തുടങ്ങിയവയിലൂടെ സാഹിത്യമേഖലയില്‍ കുറ്റാന്വേഷണ കഥകള്‍ക്കുള്ള സ്ഥാനം കോനാന്‍ ഡോയല്‍ അരക്കിട്ടുറപ്പിക്കുന്നു. സഹൃദയമനസ്സില്‍ കോനാന്‍ ഡോയലും ഹോംസ് പരമ്പരയും ജീവിക്കുകതന്നെയാണ്.
(എ ജി ശ്രീലേഖ )
II
ഷെഹ്റസാദ്, അഗതാക്രിസ്റ്റി
ആയിരത്തൊന്ന് രാവുകളില്‍ ഷെഹ്റസാദ് പറയുന്ന 'മൂന്ന് ആപ്പിളുകള്‍' കഥയാണ് കുറ്റാന്വേഷണ കഥയുടെ ആദ്യ മാതൃക. കഥയിങ്ങനെ: ടൈഗ്രിസ് നദിയില്‍നിന്ന് മീന്‍പിടിത്തക്കാരന് വലിയൊരു പെട്ടി കിട്ടി. ‘അയാള്‍ അബാസിദിലെ ഖലീഫ ഹറൂണ്‍ അല്‍ റഷീദിന് വിറ്റു. തുറന്നുനോക്കിയ ഖലീഫ കണ്ടത് സുന്ദരിയായ യുവതിയുടെ വെട്ടിമുറിച്ച ജഡം. മൂന്നുദിവസത്തിനകം കുറ്റം തെളിയിക്കാനും കൊലയാളിയെ പിടികൂടാനും മന്ത്രി ജാഫര്‍ ഇബിന്‍ യഹ്യയോട് കല്‍പ്പിച്ചു. ദൌത്യം പരാജയപ്പെട്ടാല്‍ ജാഫറിനെ തൂക്കിക്കൊല്ലും. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് കഥ പരിണമിക്കുന്നത്.
കേസ് തെളിയിക്കാനുള്ള അതിയായ വ്യഗ്രത അന്വേഷകനില്ലെന്നതാണ് ഷെര്‍ലക് ഹോംസ്, ഹെര്‍കുല്‍ പൈറേറ്റ് തുടങ്ങിയ പില്‍ക്കാല ഡിക്ടറ്റീവുകളില്‍നിന്ന് ജാഫറിനുള്ള വ്യത്യാസം. കൊലയാളി നടത്തുന്ന കുറ്റസമ്മതത്തിലൂടെയാണ് നിഗൂഢത നീങ്ങുന്നത്. മൂന്നുദിവസത്തിനകം കൊല തെളിഞ്ഞില്ലെങ്കില്‍ ജാഫര്‍ തൂക്കിലേറ്റപ്പെടും. എന്നാല്‍ തന്റെ ജീവന്‍ രക്ഷിക്കാനെങ്കിലും കിട്ടിയ തുമ്പുവച്ച് അയാള്‍ കേസ് തെളിയിക്കുന്നു.
മിങ് വംശകാലത്ത് (18-ാം ശതകം) ചൈനയില്‍ എഴുതപ്പെട്ട 'ബാവോ ഗോങ്', 'ഡി ഗോങ്' എന്നിവയാണ് കുറ്റാന്വേഷണ കഥാചരിത്രത്തില്‍ തുടര്‍ന്നുള്ള പേരുകള്‍. ചൈനീസ് പണ്ഡിതനായ ഡച്ചുകാരന്‍ റോബര്‍ട്ട് വാന്‍ ഗുലിക് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. പിന്നീട് അദ്ദേഹം സ്വന്തമായി പരമ്പരകള്‍ ചെയ്തു. ചൈനീസ് കൃതികളിലെ ബാവോയെയോ, ഡി യെയോ പോലുള്ള ന്യായാധിപന്മാരോ അത്തരം പദവിയിലുള്ളവരോ ആയിരുന്നു കുറ്റാന്വേഷകര്‍.
ചൈനയില്‍ മിങ്, മഞ്ച് വംശകാലത്താണ് കഥ നടക്കുന്നതെങ്കിലും ഇതിലെ ചരിത്രപുരുഷന്മാര്‍ സോങ്, ടോങ് രാജവംശകാലത്ത് ജീവിച്ചവരാകണം. ഈ നോവലുകള്‍ പല കാര്യങ്ങളിലും പാശ്ചാത്യമട്ടിലുള്ള കുറ്റാന്വേഷണ നോവലുകളില്‍നിന്നു വ്യത്യസ്തമാണെന്ന് വാന്‍ഗുലിക് നിരീക്ഷിക്കുന്നു.
. ഇതിലെ കുറ്റാന്വേഷകര്‍ പ്രാദേശിക മജിസ്ട്രേട്ടുമാരും പരസ്പരബന്ധമില്ലാത്ത ഒന്നിലേറെ കേസുകള്‍ ഒരേസമയം കൈകാര്യംചെയ്യുന്നവരുമാണ്.
. കുറ്റവാളിയെയും കൃത്യത്തെയും വളരെ ശ്രദ്ധാപൂര്‍വം കഥാരംഭത്തില്‍ത്തന്നെ അവതരിപ്പിക്കും.
. കഥ തത്ത്വചിന്തയിലേക്കും ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങളിലേക്കും കടന്ന് ബൃഹത്രൂപം ആര്‍ജിക്കും.
. നൂറുകണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഇവരെ പ്രധാന കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
വോള്‍ട്ടയറുടെ 'സാദിഗ്' (1748), സ്റ്റീന്‍ സ്റ്റീന്‍സണ്‍ ബ്ളിച്ചറുടെ 'ദി റെക്ടര്‍ ഓഫ് വെയില്‍ബേ' (1829) തുടങ്ങിയ കൃതികള്‍ ഈ ഗണത്തിലുള്ളതെങ്കിലും 1841ല്‍ പ്രസിദ്ധീകരിച്ച എഡ്ഗാര്‍ അലന്‍ പോയുടെ 'റൂമോര്‍ഗിലെ കൊലപാതകങ്ങള്‍' പ്രസിദ്ധമായതോടെ പാശ്ചാത്യലോകത്ത് കുറ്റാന്വേഷണ നോവലുകള്‍ക്ക് സ്വീകാര്യത ലഭിച്ചു.അലന്‍ പോയാണ് കുറ്റാന്വേഷണ നോവലിന്റെ പിതാവെന്നറിയപ്പെടുന്നത്.
കഥയെഴുത്തിലെ നാല് രാജ്ഞിമാരുടെ കാലമാണ് കുറ്റാന്വേഷണ നോവലിന്റെ സുവര്‍ണകാലം- അഗതാക്രിസ്റ്റി, ഡൊറോത്തി എല്‍ സയേര്‍സ്, എന്‍ഗായിയോ മാര്‍ഷ്, മാര്‍ഗറി അലിങ്കം. ന്യൂസിലന്‍ഡുകാരിയായ മാര്‍ഷ് ഒഴികെ മൂന്നുപേരും ബ്രിട്ടീഷുകാരികളാണ്. ആധുനികകാലത്ത് കുറ്റാന്വേഷണ നോവലുകള്‍ ഏറ്റവും പ്രചാരമാര്‍ജിച്ചതും അപസര്‍പ്പക കഥ, ഗൂഢകഥ തുടങ്ങിയ ഉള്‍പ്പിരിവുകള്‍ വന്നതും സ്വകാര്യ ഡിക്ടറ്റീവുകള്‍ രംഗപ്രവേശംചെയ്തതും എല്ലാം ഇംഗ്ളണ്ടില്‍ത്തന്നെ.
(എ സുരേഷ് )
*
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Subscribe to:
Post Comments (Atom)
1 comment:
ശ്രദ്ധ പിടിച്ചുപറ്റുന്ന ശരീരപ്രകൃതി. ആറടിയില്‍ കൂടുതല്‍ ഉയരം. മെലിഞ്ഞതുകൊണ്ട് പൊക്കക്കൂടുതല്‍ തോന്നിക്കുന്നു. തീക്ഷ്ണവും തുളഞ്ഞുകയറുന്നതുമായ കഴുകന്‍കണ്ണ്. കൊക്കുപോലെ മൂക്ക്. ഉന്തിനില്‍ക്കുന്ന ചതുരാകൃതിയായ താടിയെല്ല്. കൈകള്‍ മിക്കപ്പോഴും മഷിയും രാസപദാര്‍ഥവും പുരണ്ട് വൃത്തികേട്. ലോലമായ ദര്‍ശനോപകരണങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അതീവ മൃദുലത. ഒരു കിറുക്കിന്റെ പരിധിയില്‍ അറിവ് അസാധാരണമാംവിധം സൂക്ഷ്മവും വിജ്ഞാനംപോലെ അജ്ഞതയും. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഈ മനുഷ്യന് അറിയില്ല. ഭൂമി ചന്ദ്രനുചുറ്റും കറങ്ങിയാലും തന്റെ പ്രവര്‍ത്തനത്തെ അതു ബാധിക്കില്ലെന്നാണ് ഇയാളുടെ ഭാഷ്യം. ഇതാണ് ഷെര്‍ലക് ഹോംസ്. എവിടെയൊക്കെയോ കണ്ടുമുട്ടിയ ഒരാളായി ലോകമെമ്പാടുമുള്ള വായനക്കാര്‍ കരുതുന്ന കഥാപാത്രം. ആര്‍തര്‍ കൊനാന്‍ ഡോയല്‍ സൃഷ്ടിച്ച് ഇറക്കിവിട്ട ഇയാള്‍ പിന്നെ എഴുത്തുകാരനെയും മറികടന്ന് വളര്‍ന്നു.
Post a Comment