Sunday, December 5, 2010

വിത്തുബില്ലിന്റെ തനിനിറം

സസ്യങ്ങളുടെ ജീവനെ ഉണക്കി സൂക്ഷിച്ചുവെച്ചിരിക്കുന്ന അത്ഭുത പ്രതിഭാസങ്ങളാണ് വിത്തുകളെന്ന് പ്രസിദ്ധ നോവലിസ്റ്റ് ആനന്ദ് എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ വിത്തുകളുടെ മുളയ്ക്കലിലും വിതയ്ക്കലിലും വളരലിലുംകൂടി മനുഷ്യന്‍ നേടിയെടുക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല ഒരു ജനതയുടെ സംസ്കാരം കൂടിയാണ്. എന്നാല്‍ അടുത്തകാലത്തായി ഈ ആശയത്തില്‍നിന്നും നാം ഏറെ പുറകോട്ടുപോയിരിക്കുന്നു. ഭക്ഷണംപോലെതന്നെ വിത്തുകളും ഇന്ന് മുതലാളിത്ത ആധിപത്യ വ്യവസ്ഥയിലെ പ്രധാന കണ്ണികളാണ്. അനാദികാലംമുതല്‍ വിത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും സൂക്ഷിപ്പുകാരനുമായ കര്‍ഷകന് വിത്തിലുള്ള അവകാശംപോലും നഷ്ടമായിക്കൊണ്ടിരിക്കുന്നു. വിളയിറക്കുന്ന കര്‍ഷകനില്‍നിന്നും വിത്തുകള്‍ അടര്‍ത്തിമാറ്റി ആഗോള വിപണിയിലെത്തിക്കാന്‍ പര്യാപ്തമായ നിയമനിര്‍മ്മാണം നടത്താന്‍ കുത്തകകള്‍ ബൂര്‍ഷ്വാഭരണകൂടങ്ങളെ നിര്‍ബന്ധിച്ചുവരുന്നു. സാമ്രാജ്യത്വ പ്രീണനം അടിസ്ഥാന പ്രമാണമാക്കി ഭരണം കയ്യാളുന്ന യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ രൂപംകൊടുത്ത 2010ലെ പരിഷ്കരിച്ച വിത്തു ബില്ല് ഇതിന് ഒരപവാദമല്ല. ഇന്ത്യയില്‍ വിത്തിന്റെ ജാതകക്കുറിപ്പ് തയ്യാറാക്കുന്ന ഈ ബില്ല് ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ കോര്‍പ്പറേറ്റ് ആധിപത്യം ഏറെക്കുറെ പൂര്‍ണ്ണമാക്കും. ഇന്ത്യയില്‍ നിലവിലിരുന്ന 1966ലെ വിത്തു നിയമത്തില്‍ കുത്തകകള്‍ക്കുവേണ്ടി കാതലായ മാറ്റം വരുത്തിയാണ് 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പുതിയൊരു വിത്തു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അത്യന്തം പ്രതിലോമകരവും കര്‍ഷകവിരുദ്ധവുമായ പ്രസ്തുത ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. കമ്മിറ്റി നിര്‍ദ്ദേശിച്ച ചില ഭേദഗതികളും കൃഷിമന്ത്രി മുന്നോട്ടുവെച്ച ഏതാനു നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായി പരിഷ്കരിച്ച ബില്ലിന്റെ മൂന്നാമത് പതിപ്പാണ് രാജ്യസഭയുടെ പരിഗണനയ്ക്കുവരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പുതിയ ബില്ല് അതിന്റെ ആദ്യ രൂപത്തെ അപേക്ഷിച്ച് കുടുതല്‍ ജനവിരുദ്ധവും പ്രതിലോമകരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഒരു ദശകംമുമ്പ് മേരി കരാസ് എന്ന ശാസ്ത്രചിന്തക വിത്തു നിയന്തിക്കുന്നവര്‍ ലോകം നിയന്ത്രിക്കും എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഈ അഭിപ്രായത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന ഒരു ബില്ലാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ വിത്തുബില്ല് ഇന്ത്യന്‍ വിത്തു വിപണി നിയന്ത്രിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. വിത്തു വിപണനരംഗത്ത് ലോകത്ത് നാലാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കോര്‍പ്പറേറ്റുകള്‍ക്കുപുറമെ വലുതും ചെറുതുമായ നാന്നൂറിലധികം വിത്തു വിപണന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞവര്‍ഷം ഇവയുടെ മൊത്തം വിറ്റുവരവ് ഏകദേശം 4900 കോടി രൂപ ആയിരുന്നു. 13 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്ന വിത്തു വിപണന ശൃംഖല ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ്. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ ഗുണമേന്മയുള്ള വിത്തിന്റെ പങ്ക് ഏറെ വലുതാണ്. വിത്തിന്റെ ഗുണമേന്മകൊണ്ടുമാത്രം കാര്‍ഷികോല്‍പാദനത്തില്‍ 20-25 ശതമാനം വര്‍ദ്ധനവുണ്ടാക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യന്‍ വിത്തുവിപണി പൂര്‍ണ്ണമായും കര്‍ഷക കേന്ദ്രീകൃതമായിരുന്നു. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നുകഴിഞ്ഞു. ഇന്ത്യയിലെ കര്‍ഷകര്‍ കൃഷിക്ക് ഉപയോഗിക്കുന്ന വിത്തുകളില്‍ 30 ശതമാനമെങ്കിലും വിത്തു വിപണന കമ്പനികളുടെ സംഭാവനയാണ്. ബി ടി പരുത്തി പോലെ ജനിതക വ്യതിയാനം വരുത്തിയ വിത്തുകളില്‍ കര്‍ഷക ബാഹ്യ ഏജന്‍സികളുടെ പങ്ക് അതി വിപുലമാണ്. വിഷലിപ്ത വിളകളേയും അന്തകവിത്തുകളേയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ വിത്തു വിപണനരംഗത്ത് പൊതുമേഖല ശക്തവും സജീവവുമാണ്. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്തി ഇന്ത്യന്‍ വിത്തു വിപണി സ്വകാര്യ കുത്തകകളുടേയും കോര്‍പ്പറേറ്റുകളുടേയും കാല്‍ക്കീഴിലാക്കുക എന്ന നിഗൂഢ ലക്ഷ്യമാണ് ബില്ലിനുള്ളത്.

പാരമ്പര്യ വിത്തുകളുടെ ചാവടിയന്തിരം

വിത്തുബില്ലിലെ ഒരു പ്രധാന വ്യവസ്ഥ കൃഷിക്കാരന്‍ ഉപയോഗിക്കുന്ന വിത്തൊഴിച്ച് രജിസ്റ്റര്‍ ചെയ്യാത്ത (ബ്രാന്‍ഡഡ് അല്ലാത്ത) ഒരിനം വിത്തും വില്‍ക്കാന്‍ അയാള്‍ക്ക് അവകാശമില്ലെന്നുള്ളതാണ്. പാരമ്പര്യവിത്തുകള്‍ സമാഹരിക്കാനും കൈമാറ്റം ചെയ്യാനും സൂക്ഷിച്ചുവെയ്ക്കാനും കൃഷിക്കാരന് അവകാശമുണ്ടെങ്കിലും പൊതു കമ്പോളത്തില്‍ അവ വില്‍ക്കുന്നതിന് കര്‍ഷകര്‍ക്ക് അധികാരമില്ല. രജിസ്റ്റര്‍ ചെയ്യാത്ത വിത്തുകള്‍ വില്‍ക്കുന്ന കൃഷിക്കാരന് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ഇത് നാടന്‍ കൃഷിക്കാരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം. രജിസ്ട്രേഷന്‍ നിബന്ധന വിത്തിനു മാത്രമല്ല, തൈകള്‍, ഗ്രാഫ്റ്റ്, ക്ളോണ്‍, കമ്പുകള്‍, ലേറ്റര്‍, കട്ടിംഗ്സ്, ഭ്രൂണം, കിഴങ്ങ്, കൃത്രിമവിത്ത്, ടിഷ്യുകള്‍ച്ചര്‍ ചെടികള്‍ തുടങ്ങിയ എല്ലാവിധ നടീല്‍ വസ്തുക്കള്‍ക്കും ബാധകമാണ്. രജിസ്റ്റര്‍ ചെയ്യുന്ന വിത്തുകള്‍ ബീജാങ്കുരണക്ഷമത, ഭൌതികശുദ്ധി, ജനിതകശുദ്ധി, ആരോഗ്യാവസ്ഥ എന്നിവ സംബന്ധിച്ച് ഒരു മിനിമം നിലവാരമെങ്കിലും പുലര്‍ത്തിയിരിക്കണം എന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത് പരിശോധിക്കാനുള്ള ബാധ്യത കേന്ദ്ര വിത്ത് കമ്മിറ്റിക്കാണ്. വിത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പായി വിളയുടെ കാര്‍ഷികമികവ് തിട്ടപ്പെടുത്താന്‍ ബഹുസ്ഥാനീയ പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ച് തെളിവുസഹിതം കേന്ദ്ര വിത്തുകമ്മിറ്റിക്ക് കൈമാറേണ്ടതാണ്. വേണ്ടത്ര വിഭവശേഷിയോ ശാസ്ത്രീയ പരിജ്ഞാനമോ ഇല്ലാത്ത സാധാരണ കര്‍ഷകന് ഇതെങ്ങനെ സാധ്യമാകും? സംഘനിര്‍ധാരണംവഴിയോ സങ്കരണംവഴിയോ പ്രാകൃതിക വികിരണം ഹേതുവായോ കര്‍ഷകന്‍ ഉരുത്തിരിച്ചെടുക്കുന്ന പുതിയ ജനുസ്സുകള്‍ക്ക് രജിസ്ട്രേഷനുള്ള അര്‍ഹത നഷ്ടപ്പെടുത്തുന്ന നിയമമാണിത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് ചെറുകിട നഴ്സറികളെ ബില്ല് അത്യന്തം ദോഷകരമായി ബാധിക്കും. വയറ്റുപ്പിഴപ്പിനുവേണ്ടി നഴ്സറി നടത്തുന്ന ചെറുകിടക്കാരന് ബില്ല് അനുശാസിക്കുന്ന വിധത്തിലുള്ള നിബന്ധനകള്‍ പാലിക്കുക എളുപ്പമായിരിക്കുകയില്ല. കേരളത്തിലെ തോട്ടകൃഷിക്കാരും ഉദ്യോന പുഷ്പഫല കര്‍ഷകരും വികസിപ്പിച്ചെടുത്ത എണ്ണമറ്റ വിത്തുകളും സസ്യജനുസ്സുകളും കാറ്റലോഗ്ചെയ്ത് സൂക്ഷിക്കുക ദുഷ്കരമാണ്. വടക്കന്‍ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ നൂറ്റാണ്ടുകളായി കൃഷിചെയ്തുപോരുന്ന കരിമുണ്ട, കല്ലുവള്ളി, ബാലന്‍കോട്ട തുടങ്ങിയ കുരുമുളകിനങ്ങള്‍, വയനാട്ടിലെ സ്വര്‍ണ്ണഛവികലര്‍ന്ന വയനാടന്‍ മഞ്ഞള്‍, ഇടുക്കിയിലെ അള്ളാനി ഏലം, വെള്ളായണി വരിക്ക, ഏറനാട്ടിലെ കര്‍ഷകന്റെ മനംനിറയ്ക്കുന്ന 'കുഞ്ഞൂഞ്ഞ്' എന്ന നെല്‍വിത്ത് എന്നിങ്ങനെ എത്രയോ സസ്യ ജനുസ്സുകളാണ് ജനിതകശാസ്ത്രത്തിന് പിടികൊടുക്കാതെ നമ്മുടെ കൃഷിയിടങ്ങളെ ഹരിതാഭമാക്കിയത്? ഇവയെയൊക്കെ ശാസ്ത്രത്തിന്റെ മുഴക്കോലുകൊണ്ട് അളന്നു തിട്ടപ്പെടുത്താന്‍ തുടങ്ങിയാല്‍ നാം എവിടെ എത്തും? സുതാര്യത ഇല്ലാത്ത നിര്‍ബന്ധ രജിസ്ട്രേഷന്‍ ഗുണത്തേക്കാളധികം ദോഷമാണ് വരുത്തിവെയ്ക്കുക. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് മെച്ചപ്പെട്ട വിത്തിനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്ന വ്യക്തി അവയുടെ ഉത്ഭവത്തെക്കുറിച്ചോ, ഉടമസ്ഥാവകാശത്തെക്കുറിച്ചോ യാതൊരുവിധ സത്യപ്രസ്താവനയും നടത്തേണ്ടതില്ല. ഇത് വ്യാജ രജിസ്ട്രേഷന് ഊര്‍ജ്ജം പകരുന്നു. അതേസമയം വ്യാജപ്രസ്താവം വഴി രജിസ്ട്രേഷന്‍ തരപ്പെടുത്തുന്ന വ്യക്തിയേയോ സ്ഥാപനത്തേയോ ശിക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല.... ഇത്തരം നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നത്?

വില്‍പന വിത്തുകള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ ബില്ല് പാരമ്പര്യ വിത്തുകളേയും വെറുതെ വിടുന്നില്ല. ഇന്ത്യയില്‍ ഇന്ന് നിലവിലിരിക്കുന്ന വിത്തുകളില്‍ ഏതാണ്ട് 60 ശതമാനത്തോളം പാരമ്പര്യവിത്തുകളോ അവയുടെ വകഭേദങ്ങളോ ആണ്. കൃഷിക്കാര്‍ തലമുറ തലമുറകളായി വികസിപ്പിച്ചു സംരക്ഷിച്ചുവരുന്ന പാരമ്പര്യ വിളകളിലും വിത്തുകളിലുമാണ് ജൈവ വൈവിധ്യത്തിന്റെ അക്ഷയഖനികള്‍ നമുക്ക് കണ്ടെത്താനാവുക. പാരമ്പര്യ വിത്തുകള്‍ രജിസ്റ്റര്‍ചെയ്തു സൂക്ഷിക്കാന്‍ നിയമം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതാര് നിര്‍വഹിക്കും എന്നതിനെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. യഥാര്‍ത്ഥത്തില്‍ പാരമ്പര്യ വിത്തുകളുടെ അവകാശികള്‍ കര്‍ഷക സമൂഹമാണ്. ഒന്നോ രണ്ടോ വ്യക്തികളല്ല. നമ്മുടെ ഹരിത പാരമ്പര്യത്തിന്റെ തുടര്‍ കണ്ണികളായ ഇത്തരം വിത്തുകളില്‍ ജനിതക രൂപാന്തരണംവരുത്തി പുതിയ ലേബലില്‍ പുതുവസ്ത്രം ചാര്‍ത്തി ഏതെങ്കിലും കമ്പനി രംഗത്ത് അവതരിപ്പിച്ചുകൂടെന്നില്ല. ഇത്തരം അപൂര്‍വ ജനുസ്സുകളെ സംരക്ഷിക്കുന്നതിനെക്കുറിച്ചോ കാറ്റലോഗ് ചെയ്യുന്നതിനെക്കുറിച്ചോ ബില്ല് നിശ്ശബ്ദമാണ്. വിത്തുബില്‍ നിയമമായാല്‍ പ്രാദേശിക സമൂഹം വികസിപ്പിച്ചെടുത്ത രണ്ടുലക്ഷത്തില്‍പ്പരം പാരമ്പര്യ വിത്തുകളില്‍ ഏറിയകൂറും നമുക്ക് നഷ്ടമാകും. എത്രയോ കാലമായി നമ്മുടെ നെല്‍വയലുകളില്‍ വിസ്മയം വിതച്ച ഉമയും ജ്യോതിയും ഭാരതിയുമൊക്കെ വിസ്മൃതിയിലാണ്ടുപോകുന്നത് നിശ്ശബ്ദം നോക്കിനില്‍ക്കാനേ നമുക്കിനി കഴിയൂ.

അടിയന്തിരാവസ്ഥയുടെ ഉണര്‍ത്തുപാട്ട്

അടിയന്തിരാവസ്ഥയുടെ ഉണര്‍ത്തുപാട്ടാണ് ബില്ലില്‍ ഉടനീളം മുഴങ്ങി കേള്‍ക്കുന്നത്. കോര്‍പ്പറേറ്റ് നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത കൃഷിക്കാരെ ശിക്ഷിക്കാനും ജയിലിലടയ്ക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അനധികൃത വിത്തുകള്‍ തേടിപ്പിടിച്ച് കേസാക്കുന്ന ജോലി ഒരു കൂട്ടം വിത്തു പരിശോധകരെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇവര്‍ക്ക് വാറന്റില്ലാതെ ഏതു കൃഷിയിടത്തിലും കയറി അനധികൃത വിത്ത് പിടിച്ചെടുക്കാം. കര്‍ഷകരെ ഭയപ്പെടുത്തി കീശവീര്‍പ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ നിയമം ചാകരയൊരുക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്തരം പരിശോധനകള്‍? ഇത്തരം ഒരു നിയമം ഇല്ലാതിരുന്നതുകൊണ്ട് എന്തു ദോഷമായിരുന്നു ഇന്നാട്ടിലെ കൃഷിക്ക് സംഭവിച്ചത്? അനഭ്യസ്തവിദ്യരായ ചെറുകിട കൃഷിക്കാരേയും നഴ്സറി ഉടമകളേയും പീഡിപ്പിച്ച് കാര്‍ഷിക വൃത്തിയില്‍നിന്നും പിന്തിരിപ്പിക്കാന്‍ മാത്രമേ ഈ ബില്ല് ഉപകരിക്കൂ.

1966ലെ വിത്തു നിയമത്തില്‍ കാതലായ മാറ്റം വരുത്തിയാണ് പുതിയ നിയമം കരുപ്പിടിപ്പിച്ചിരിക്കുന്നത്. ഇത് സ്വകാര്യ കുത്തകകളുടെ വിപണി പ്രവേശം സരളീകരിക്കുന്നതിനുവേണ്ടിയാണ്. വിത്തു നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് വിത്തിന്റെ വില നിയന്ത്രിക്കാന്‍ പ്രയോജനപ്പെടുന്നില്ല എന്നതുതന്നെയാണ്. പെട്രോള്‍ വില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത യുപിഎ സര്‍ക്കാര്‍ വിത്തുവിപണന രംഗത്തും അതേ പാത പിന്തുടരുകയാണ്. നീതീകരിക്കാനാവാത്തവിധം വിത്തു വില ഉയരുന്നത് തടയാനുതകുന്ന ഒരു വ്യവസ്ഥയും വിത്തു ബില്ലിലില്ല. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഊറ്റിയെടുക്കുന്നതിനുവേണ്ടിയാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശംപോലും സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നു. ബി ടി പരുത്തി വിത്തിന്റെ വില മൊണ്‍സാന്റോ അമിതമായി ഉയര്‍ത്തിയപ്പോള്‍ അത് പകുതിയാക്കി കുറയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. കാര്‍ഷികോല്‍പന്നങ്ങളുടെ വാങ്ങല്‍ വിലയും താങ്ങുവിലയും നിശ്ചയിക്കുന്ന ഭരണകൂടത്തിന് ഉല്‍പാദന പ്രക്രിയയിലെ പ്രധാന ഘടകമായ വിത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നൊഴിഞ്ഞു മാറാനാകുമോ? കമ്പോളത്തില്‍ ഇടപെട്ട് വിത്തുവില നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകാത്തതുകൊണ്ടാണ് തോന്നിയ വിലയ്ക്ക് വിത്തു വിപണനം ചെയ്യാന്‍ സ്വകാര്യ കുത്തകകള്‍ ധൈര്യം കാണിക്കുന്നത്. 400 ഗ്രാം വരുന്ന ഒരു പായ്ക്കറ്റ് തക്കാളി വിത്തിന് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 475 രൂപ മുതല്‍ 76,000 രൂപവരെയാണ് വില ഈടാക്കിയിരുന്നത് എന്ന് പത്രവാര്‍ത്തയുണ്ടായിരുന്നു. ഈ പ്രവണത അനുസ്യൂതമായി തുടര്‍ന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അസ്ഥിവാരംതന്നെ തകരും.

കമ്പനികള്‍ കൃഷിക്കാര്‍ക്ക് വിതരണംചെയ്യുന്ന വിത്തുകള്‍ മോശപ്പെട്ടവയോ പ്രതീക്ഷിത നിലവാരം പുലര്‍ത്താത്തവയോ ആണെങ്കില്‍ അത് പരിശോധിക്കാന്‍ ഒരു ദേശീയ നഷ്ടപരിഹാര കമ്മറ്റിയെ നിയമിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഗ്രാമീണകര്‍ഷകന് ഈ വ്യവസ്ഥ പ്രയോജനപ്പെടണമെന്നില്ല. നഷ്ടക്കണക്കും പരാതിഫോറവുമായി ദല്‍ഹിയിലെ കൊമ്പന്‍ സ്രാവുകളെ സമീപിക്കാന്‍ അക്ഷരാഭ്യാസംപോലുമില്ലാത്ത എത്ര ഗ്രാമീണ കര്‍ഷകര്‍ തയ്യാറാകും? ഇതിനുപകരം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ പ്രാദേശിക (ജില്ല)തല നഷ്ടപരിഹാരക്കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബില്ലില്‍ നിര്‍ദ്ദേശിക്കണമായിരുന്നു. കമ്പനികള്‍ കൃഷിക്കാര്‍ക്കു നല്‍കുന്ന വിത്തുകളുടെ ഗുണമേന്മ ആര് പരിശോധിക്കും എന്നതിനെക്കുറിച്ചും ബില്ലില്‍ വ്യക്തതയില്ല. വിത്തുഗുണം നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കുതന്നെ വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള പരീക്ഷണ ലാബുകളില്‍ കമ്പനിയുടെ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥരും ഗവേഷകരും നടത്തുന്ന പരിശോധനകളിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ സത്യസന്ധവും വിശ്വസനീയവുമാകുമെന്ന് ആര്‍ക്ക് ഉറച്ചുപറയാനാകും? യഥാര്‍ത്ഥത്തില്‍ ഇത്തരം പരിശോധനകള്‍ നടത്തേണ്ടത് പൊതു ഉടമയിലുള്ള വിത്തുപരിശോധനാ ലാബറട്ടറികളിലാണ്. എന്നാല്‍ പുതിയ നിയമം ഇതില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി സ്വകാര്യ വിത്തു പരിശോധനാ ലാബറട്ടറികള്‍ക്ക് സര്‍ക്കാര്‍ ക്ളീന്‍ചിറ്റ് നല്‍കിയിരിക്കുന്നു. വിവിധ ഇനം വിത്തുകളുടെ കാര്‍ഷിക മികവ് തിട്ടപ്പെടുത്താനുള്ള കൃഷി പരീക്ഷണങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യുട്ടിലോ കാര്‍ഷിക സര്‍വ്വകലാശാലകളിലോ ഗവണ്‍മെന്റ് ഉടമയിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലോ ആസൂത്രണംചെയ്യാനായിരുന്നു പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ ശുപാര്‍ശ കണക്കിലെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. പുതിയ ബില്ലിലെ വ്യവസ്ഥ അനുസരിച്ച് കൃഷി പരീക്ഷണം നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഏത് സ്വകാര്യ ഗവേഷണ സ്ഥാപനത്തിലും പരീക്ഷണം നടത്താന്‍ കമ്പനിക്ക് സ്വാതന്ത്യ്രമുണ്ട്. ശാസ്ത്രീയതയെ അപഹസിക്കുന്ന ഇത്തരം വ്യവസ്ഥകള്‍ ബില്ലില്‍ തിരുകിക്കയറ്റിയിരിക്കുന്നത് ആരെ രക്ഷിക്കാനാണ്?

കര്‍ഷകന് ജയില്‍, കമ്പനിക്ക് പൂച്ചെണ്ട്

ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഗുണമേന്മയില്ലാത്തതോ തരംതാണതോ ആയ വിത്തോ നടീല്‍ വസ്തുക്കളോ വില്‍പന നടത്തുന്ന കമ്പനിക്ക് ചുമത്താവുന്ന പരമാവധി പിഴ വെറും ഇരുപത്തിഅയ്യായിരം രൂപ മാത്രമാണ്. കോടികളുടെ ആസ്തിയുള്ള ഭീമന്‍ കമ്പനികള്‍ക്ക് ഇത് എത്രയോ നിസ്സാരമായ തുക? പ്രസിദ്ധ കൃഷി ശാസ്ത്രജ്ഞനായ ഡോ. എം എസ് സ്വാമിനാഥന്‍ കമ്പനികളില്‍നിന്നും ഈടാക്കേണ്ട പിഴ കുറഞ്ഞത് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെടുകയുണ്ടായി. 1966ലെ വിത്തു നിയമത്തില്‍ ഗുണനിലവാരത്തില്‍ വീഴ്ചവരുത്തുന്ന കമ്പനിയില്‍നിന്നും 500 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥചെയ്തിരുന്നു. 1966ലെ 500 രൂപയുടെ വര്‍ത്തമാനകാല മൂല്യം ഏകദേശം 80,000 രൂപയാണ്. പത്തുലക്ഷം രൂപ പിഴയും മൂന്നുമാസത്തെ തടവുശിക്ഷയും ചുമത്താനായിരുന്നു പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ഏറ്റവും ചുരുങ്ങിയ ഒരു തുക മാത്രം പിഴയായി ഈടാക്കിയാല്‍ മതി എന്ന് ഗവണ്‍മെന്റ് നിശ്ചയിച്ചത് കര്‍ഷകക്ഷേമത്തിനുവേണ്ടിയോ കുത്തകകളെ പ്രീതിപ്പെടുത്താനോ? വ്യവസ്ഥകള്‍ പാലിക്കാത്ത കര്‍ഷകനെ ജയിലിലടയ്ക്കാന്‍ വ്യഗ്രത കാട്ടുന്ന ഭരണകൂടം എന്തുകൊണ്ട് അതേ നടപടി കുത്തകകള്‍ക്കെതിരെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല? ഇന്ത്യന്‍ ഭരണകൂടം കോര്‍പറോക്രസിയുടെ കൈപ്പിടിയിലാണ് എന്നുള്ളതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവുവേണം?

*
ഡോ. പി വി പ്രഭാകരന്‍ കടപ്പാട്: ചിന്ത വാരിക 03 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സസ്യങ്ങളുടെ ജീവനെ ഉണക്കി സൂക്ഷിച്ചുവെച്ചിരിക്കുന്ന അത്ഭുത പ്രതിഭാസങ്ങളാണ് വിത്തുകളെന്ന് പ്രസിദ്ധ നോവലിസ്റ്റ് ആനന്ദ് എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ വിത്തുകളുടെ മുളയ്ക്കലിലും വിതയ്ക്കലിലും വളരലിലുംകൂടി മനുഷ്യന്‍ നേടിയെടുക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല ഒരു ജനതയുടെ സംസ്കാരം കൂടിയാണ്. എന്നാല്‍ അടുത്തകാലത്തായി ഈ ആശയത്തില്‍നിന്നും നാം ഏറെ പുറകോട്ടുപോയിരിക്കുന്നു. ഭക്ഷണംപോലെതന്നെ വിത്തുകളും ഇന്ന് മുതലാളിത്ത ആധിപത്യ വ്യവസ്ഥയിലെ പ്രധാന കണ്ണികളാണ്. അനാദികാലംമുതല്‍ വിത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും സൂക്ഷിപ്പുകാരനുമായ കര്‍ഷകന് വിത്തിലുള്ള അവകാശംപോലും നഷ്ടമായിക്കൊണ്ടിരിക്കുന്നു. വിളയിറക്കുന്ന കര്‍ഷകനില്‍നിന്നും വിത്തുകള്‍ അടര്‍ത്തിമാറ്റി ആഗോള വിപണിയിലെത്തിക്കാന്‍ പര്യാപ്തമായ നിയമനിര്‍മ്മാണം നടത്താന്‍ കുത്തകകള്‍ ബൂര്‍ഷ്വാഭരണകൂടങ്ങളെ നിര്‍ബന്ധിച്ചുവരുന്നു. സാമ്രാജ്യത്വ പ്രീണനം അടിസ്ഥാന പ്രമാണമാക്കി ഭരണം കയ്യാളുന്ന യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ രൂപംകൊടുത്ത 2010ലെ പരിഷ്കരിച്ച വിത്തു ബില്ല് ഇതിന് ഒരപവാദമല്ല. ഇന്ത്യയില്‍ വിത്തിന്റെ ജാതകക്കുറിപ്പ് തയ്യാറാക്കുന്ന ഈ ബില്ല് ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ കോര്‍പ്പറേറ്റ് ആധിപത്യം ഏറെക്കുറെ പൂര്‍ണ്ണമാക്കും. ഇന്ത്യയില്‍ നിലവിലിരുന്ന 1966ലെ വിത്തു നിയമത്തില്‍ കുത്തകകള്‍ക്കുവേണ്ടി കാതലായ മാറ്റം വരുത്തിയാണ് 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പുതിയൊരു വിത്തു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അത്യന്തം പ്രതിലോമകരവും കര്‍ഷകവിരുദ്ധവുമായ പ്രസ്തുത ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. കമ്മിറ്റി നിര്‍ദ്ദേശിച്ച ചില ഭേദഗതികളും കൃഷിമന്ത്രി മുന്നോട്ടുവെച്ച ഏതാനു നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായി പരിഷ്കരിച്ച ബില്ലിന്റെ മൂന്നാമത് പതിപ്പാണ് രാജ്യസഭയുടെ പരിഗണനയ്ക്കുവരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പുതിയ ബില്ല് അതിന്റെ ആദ്യ രൂപത്തെ അപേക്ഷിച്ച് കുടുതല്‍ ജനവിരുദ്ധവും പ്രതിലോമകരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.