Monday, December 6, 2010

തഞ്ചാവൂര്‍ക്ഷേത്രം: കല്ലില്‍കൊത്തിവെച്ച ജീവിതസമരം

കാര്‍ഷികസംസ്കൃതിയുടെ മഹത്തായ വിളനിലവും കര്‍ണാടിക് സംഗീതത്തിന്റെയും നൃത്തോപാസനയുടേയും കേന്ദ്രബിന്ദുവുമായി കണക്കാക്കുന്ന തഞ്ചാവൂരിലെ ക്ഷേത്രം ആയിരം സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ചരിത്രത്തിന്റെ ശേഷിപ്പുകളില്‍ ഏറ്റവും പ്രധാനമാണ് കാവേരീതീരത്തെ തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രം. ഇതിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ സെപ്തംബര്‍ 22 മുതല്‍ 26 വരെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആഘോഷത്തില്‍ ക്ഷേത്രത്തിന്റെ ചരിത്രം പുനര്‍ജനിച്ചു. 1000 ഭരതനാട്യക്കാര്‍ നൃത്തം ചെയ്ത് ആഘോഷത്തിന് മാറ്റുകൂട്ടി. 1987ല്‍ ഐക്യരാഷ്ട്രസഭ തഞ്ചാവൂര്‍ ക്ഷേത്രത്തെ ലോകപാരമ്പര്യ ചിഹ്നമായി പ്രഖ്യാപിച്ചിരുന്നു.

മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചരിത്രമാണ് തഞ്ചാവൂര്‍ ക്ഷേത്രത്തിനുള്ളത്. ഒരു ക്ഷേത്രത്തിന്റെ ചരിത്രം മാത്രമല്ല. നാടിന്റെ ചരിത്രം കൂടിയാണ് അത്. നിര്‍മാണകാലം മുതല്‍ ചോളഭരണകാലത്തിന്റെ അവസാനം വരെയും. അതിനുശേഷം തഞ്ചാവൂരിനെ കീഴടക്കിയവരുടേയും ചരിത്രം കല്ലിലും തൂണുകളിലും ചുമരുകളിലും കൊത്തിവച്ച് വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കി എന്നതാണ് തഞ്ചാവൂര്‍ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

രാജരാജചോഴന്റെ ആധിപത്യത്തിനു കീഴില്‍ നാല് ക്ഷേത്രങ്ങളാണുള്ളത്. നാലും വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ നിര്‍മിച്ചതാണെങ്കിലും രാജരാജചോഴന്‍ ഒന്നാമനെ പിന്‍പറ്റി ചുമരുകളിലും തൂണുകളിലും ചരിത്രം പഴംതമിഴില്‍ എഴുതിവച്ചിട്ടുണ്ട്. വിവിധ ചരിത്ര ഗവേഷകരുടെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് പൂര്‍ണമായി ഇവ വായിച്ചെടുക്കാന്‍ കഴിഞ്ഞത്.

ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവഹാരങ്ങളുടെയും സമരങ്ങളുടേയും ചരിത്രമാണ് തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ ചുമരുകളിലുള്ളത്. ജര്‍മന്‍ ചരിത്രഗവേഷകനും പണ്ഡിതനുമായ ഹൂള്‍ട്സ് ആണ് 1886ല്‍ തഞ്ചാവൂര്‍ ക്ഷേത്രം രാജരാജചോഴന്‍ ഒന്നാമന്‍ നിര്‍മിച്ചതാണെന്ന് ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ വായിച്ച് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിനുചുറ്റുമുള്ള കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങളുടെയും ജീവിതസമരത്തിന്റെയും കര്‍ഷകപ്രക്ഷോഭം, ജാതീയത, അയിത്തം അനാചാരങ്ങള്‍ എന്നിവയുടെയും ചരിത്രമാണ് കല്ലില്‍ കൊത്തിവച്ചിട്ടുള്ളത്.

അടിമത്വത്തിനെതിരെയും ചെയ്യുന്ന തൊഴിലിന് ന്യായമായ കൂലി ചോദിച്ചും നടന്ന സമരങ്ങളുടെ ഉജ്വല അധ്യായവും ലിഖിതങ്ങളില്‍നിന്ന് മനസിലാക്കാന്‍ കഴിയും. ജാതിയും അയിത്തവും അനാചാരങ്ങളും ദേവദാസി സമ്പ്രദായവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ രാജാവെന്ന നിലയില്‍ രാജരാജചോഴന്‍ ഒന്നാമനും പിന്തുടര്‍ച്ചവകാശികളും പ്രശംസ അര്‍ഹിക്കുന്നു.

ചരിത്രത്തിന്റെ തുടക്കം

തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് എ ഡി 985 മുതല്‍ 1014 വരെ ഭരിച്ച ചോഴ രാജവംശത്തിലെ ഏറ്റവും ശക്തനായ രാജരാജചോഴന്‍ ഒന്നാമന്റെ കാലം മുതലാണ്. ഇദ്ദേഹമാണ് തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മിച്ചത്. 1006ല്‍ നിര്‍മാണം തുടങ്ങിയ ക്ഷേത്രം പൂര്‍ത്തിയായത് 1010ലാണ്. 200 ഗ്രാമങ്ങളില്‍ നിന്നായി അടിമകളായികൊണ്ടുവന്ന 1000ത്തിലധികം തൊഴിലാളികളാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രാജരാജചോഴന്‍ ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. യൂറോപ്പിലെ ലീഡന്‍ പുരാവസ്തു പ്രദര്‍ശനശാലയില്‍ ശിലാലിഖിതം, ഓലയില്‍ എഴുതിയ രേഖകള്‍, കല്ലില്‍ കൊത്തിയ ചരിത്രം എന്നിവയുണ്ട്. ഇതില്‍ നിന്ന് തഞ്ചാവൂര്‍ ക്ഷേത്രം ആദ്യം രാജരാജേശ്വരം എന്നും മധുരയിലെ നായ്ക്കര്‍മാര്‍ ഭരിച്ച കാലത്ത് പെരുവുടയാര്‍ ക്ഷേത്രം എന്നും 17, 18 നുറ്റാണ്ടുകളില്‍ മറാത്തര്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബൃഹദീശ്വരര്‍ ക്ഷേത്രമെന്നും അറിയപ്പെട്ടു.

പിന്നീട് അധികാരത്തിലെത്തിയ രാജേന്ദ്രചോഴന്‍ ഗംഗാനദീതീരം വരെ ആക്രമിച്ച് കീഴടക്കിയതിന്റെ ഓര്‍മക്കായി 'ഗംഗൈകൊണ്ടചോളപുരം' എന്ന തലസ്ഥാനം തന്നെ നിര്‍മിച്ചു. ഇവിടെയും മനോഹരമായ ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. തഞ്ചാവൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ദാരാസുരം എന്ന സ്ഥലത്ത് രാജരാജന്‍ രണ്ടാമന്‍ ഐരാവതാശ്വരര്‍ ക്ഷേത്രം നിര്‍മിച്ചു. കുലോത്തുംഗന്‍ മൂന്നാമന്‍ കമ്പരേശ്വരര്‍ ക്ഷേത്രം തിരുഭുവനം എന്ന സ്ഥലത്ത് നിര്‍മിച്ചു. ഈ ക്ഷേത്രങ്ങളിലെല്ലാം നിര്‍മാണം നടത്തിയ ശില്‍പികളടക്കമുള്ളവരുടെ പേരുകളും ദേവദാസികളുടെ എണ്ണവും ക്ഷേത്രത്തിന്റെ വരുമാനവും അന്നത്തെ സാമ്പത്തിക-സാമൂഹ്യ സ്ഥിതിയും ക്ഷേത്രമതിലുകളിലും ചുമരുകളിലും കൊത്തിവച്ചിരുക്കുന്നു.

അതിശയിപ്പിക്കുന്ന ശില്‍പ്പകലാവൈഭവം

ക്ഷേത്രത്തിന്റെ ശില്‍പ്പകലാശൈലി അതുവരെ ഇന്ത്യന്‍ ശില്‍പ്പകലയില്‍ ഇല്ലാതിരുന്ന സങ്കേതങ്ങളും രീതിയും ഉപയോഗിച്ചുള്ളതായിരുന്നു. ചേര-ചോള-പാണ്ഡ്യ കാലങ്ങളുടെ ആകെത്തുകയായ ശില്‍പ്പകലാശൈലിയായ പല്ലവകലയുടെ സ്വാധീനം തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിലും കാണാന്‍ കഴിയും.

തഞ്ചാവൂര്‍ ക്ഷേത്രം, ഗംഗൈകൊണ്ടചോളപുരം ക്ഷേത്രം, ഐരാവതാശ്വരര്‍ ക്ഷേത്രം, കമ്പരേശ്വരര്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രത്തിന്റെയും മുഖമണ്ഡപം വിമാനം ടവര്‍ രൂപത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. കൊടുങ്കാറ്റ്, വരള്‍ച്ച, മഴ എന്നിവയടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ളതാണ് ഇത്. ഒരു ടവറിന്റെ ഉയരം 200 അടിയാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ശിഖരത്തിന് 81 ടണ്‍ ഭാരമാണുള്ളത്. ഭീമാകാരമായ നന്തിയുടെ ശില്‍പവും ക്ഷേത്രത്തിലുണ്ട്. തൂണുകളിലും ചുമരുകളിലും വേദങ്ങള്‍ പുരാണങ്ങള്‍ഉപനിഷത്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കഥകളുടെ ചിത്രീകരണം കാണാന്‍ കഴിയും. ശിവതാണ്ഡവമടക്കമുള്ള നൃത്തരൂപങ്ങളും കൊത്തിവച്ചിരിക്കുന്നു. ഭരതനാട്യമടക്കമുള്ള നൃത്തരൂപങ്ങളുടെ മാതൃകയായി കണക്കാക്കുന്ന നൃത്തം ചെയ്യുന്ന നടരാജവിഗ്രഹം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടകളിലൊന്നാണ്. നൃത്തമണ്ഡപത്തിലും കലയുടെ കമനീയത അതിശയിപ്പിക്കുന്നതാണ്.

ക്ഷേത്രാധികാരം

രാജരാജചോഴനും സഹോദരിയുമാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് പണം ചെലവാക്കിയതെന്ന് ലിഖിതങ്ങളിലുണ്ട്. നിര്‍മാണച്ചെലവിലേക്ക് സംഭാവന നല്‍കിയവരുടെ പേരുകളും കൊത്തിയിരിക്കുന്നു. ക്ഷേത്രത്തിന്റെ അധികാരം ചോഴരാജാക്കന്‍മാര്‍ക്കുതന്നെയായിരുന്നു. ക്ഷേത്രത്തിന്റെ അധികാരം മനുഷ്യരുടെ ജീവിതത്തിലും അധീശ്വത്വം സ്ഥാപിച്ചിരുന്നു.

ക്ഷേത്രത്തിന്റെ പരിധിയില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ടായിരുന്നു. 55 ഗ്രാമങ്ങളിലെ ഭൂമി ക്ഷേത്രത്തിന് സ്വന്തമാണ്. ഇവിടെനിന്നുള്ള വരുമാനം ക്ഷേത്രത്തിലേക്കായിരുന്നു. ഇവിടത്തെ മനുഷ്യര്‍ ക്ഷേത്രാധികാരത്തിന് കീഴ്പ്പെട്ട്് വേണം ജീവിക്കാന്‍. അഞ്ച് ഗ്രാമങ്ങള്‍ 1000 ഏക്കറിലധികം നിലം ഉള്ളവയായിരുന്നു. ബാക്കിയുള്ളവ 500 ഏക്കറില്‍ താഴെയുള്ള നിലമുള്ളവയായിരുന്നു. ഗ്രാമങ്ങളിലെ നിലങ്ങള്‍ നോക്കിനടത്താന്‍ പാട്ടത്തിന് നല്‍കിയിരുന്നു.

ഭൂമിയുടെ അവകാശികളാവാനും ഗ്രാമങ്ങളുടെ ഭരണം നടത്താനും ആളുകളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിരുന്നത്. ആളുകളുടെ പേരുകള്‍ ഓലയില്‍ എഴുതി കുടത്തിലിട്ട് എടുത്താണ് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഈ സമ്പ്രദായം 'കുടവോല' എന്നറിയപ്പെട്ടു. 'മഹാസഭ'യിലേക്കുള്ള പ്രതിനിധികളേയും ഇത്തരത്തില്‍ തെരഞ്ഞെടുത്തു. ഈ സഭയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്. ബ്രാഹ്മണര്‍ താമസിച്ചിരുന്ന സ്ഥലത്താണ് 'കുടവോല' നറുക്കെടുപ്പ് നടത്തിയിരുന്നത്. സാധാരണക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അവകാശമില്ലായിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതകള്‍ നിശ്ചിയിച്ചിരുന്നതായി ക്ഷേത്രചുമരുകളിലെ ലിഖിതങ്ങളില്‍ നിന്ന് മനസിലാക്കാം. 33 വയസ് തികഞ്ഞിരിക്കണം. കാല്‍ ഭാഗമെങ്കിലും വേലികെട്ടി തിരിച്ച സ്ഥലം സ്വന്തമായിട്ടുണ്ടാവണം. വീടുണ്ടായിരിക്കണം. വേദം അറിഞ്ഞവരായിരിക്കണം. മന്ത്രോച്ചാരണം അറിഞ്ഞിരിക്കണം. വേദമറിയാത്തവര്‍ക്ക് മുഴുവന്‍ സ്ഥലവും വേലികെട്ടിയ സ്വന്തമായി വീടുണ്ടാകണം. ഇക്കാര്യങ്ങളില്‍ നിന്നുതന്നെ സാധാരണക്കാര്‍ അവഗണിക്കപ്പെട്ടുവെന്ന് മനസിലാക്കാന്‍ കഴിയും.

രാജരാജചോഴന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ രാജാവാണെന്ന് ലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തെക്കന്‍ആര്‍ക്കാട്ടില്‍ 'രാജരാജചതുര്‍വേദിമംഗലം' എന്ന സ്ഥലത്ത് 'വേദമീമാംസ' വിദ്യാലയം സ്ഥാപിച്ചിരുന്നു. 340 ബ്രാഹ്മണ വിദ്യാര്‍ഥികളും 14 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു. ഒരു ദിവസം ഒരു കലം നാല് മരക്കാല്‍ നെല്ലായിരുന്നു അധ്യാപകര്‍ക്ക് കൂലി. സവര്‍ണര്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസം നല്‍കിയിരുന്നത്. സാധാരണക്കാരായവര്‍ക്ക് എഴുത്തുംവായനയും അന്യമായിരുന്നു.

അവസാനകാലത്തെ ചോഴരാജാക്കന്മാരുടെ കാലമായപ്പോഴേക്കും ഭാഷയില്‍ ഉത്തരേന്ത്യന്‍ സ്വാധീനം കടന്നുകൂടി. ഉത്തരേന്ത്യയില്‍നിന്നും വന്നവര്‍ക്ക് രാജാക്കന്മാര്‍ വാരിക്കോരി ആനൂകൂല്യം നല്‍കിയതായി രേഖകള്‍ പറയുന്നു. കാവേരീതീരത്ത് 1000 ഗ്രാമങ്ങളാണ് ഉത്തരേന്ത്യയില്‍നിന്നും തഞ്ചാവൂരിലെത്തിയവര്‍ക്ക് നല്‍കിയത്. ഇതിനെ 'ദേവദാന'മെന്നാണ് വിളിച്ചിരുന്നത്. അകരം, അഗ്രഹാരം, പട്ടവൃദ്ധിനിലം, ബ്രഹ്മദേയം, ബ്രാഹ്മണകുടിയിരിപ്പുകള്‍ എന്നീ പേരുകളിലും വീതിച്ച് നല്‍കിയിരുന്നു.

ജാതിസമ്പ്രദായം കടുത്തതായിരുന്നുവെന്ന് ചരിത്രം പറയുന്നു. ദേവദാനത്തിലെ ബ്രാഹ്മണരൊഴികെയുള്ളവരെ ശിവദ്രോഹി, ബ്രാഹ്മണദ്രോഹി എന്നാണ് വിളിച്ചിരുന്നത്. ഈ വിഭാഗങ്ങളില്‍ ഒന്നിന് ബ്രാഹ്മണര്‍ക്ക് കുട പിടിക്കലായിരുന്നു ജോലി. രണ്ടാമത്തെ വിഭാഗത്തിന് ബ്രാഹ്മണരുടെ ചെരിപ്പ് കൈകളില്‍ കൊണ്ടു നടക്കലായിരുന്നുജോലി.

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടു

സ്ത്രീത്വം ചവിട്ടിമെതിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു ചോഴവംശത്തിന്റേതെന്ന് കല്ലില്‍ കൊത്തിവച്ച അക്ഷരങ്ങള്‍ പറയുന്നു. സ്ത്രീകളെ സുഖഭോഗ വസ്തുവായി മാത്രമാണ് കണ്ടിരുന്നത്. ക്രൂരമായ സമ്പ്രദായങ്ങള്‍ അനുഷ്ഠിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടു. ദേവദാസികള്‍, അടിമകളായ സ്ത്രീകള്‍ (വേശ്യകള്‍), സംഗീത തല്‍പ്പരരായ സ്ത്രീകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ക്ഷേത്രത്തില്‍ താമസിച്ചിരുന്നു.

സ്ത്രീകളെ അടിമകളെന്ന നിലയില്‍ വില്‍ക്കുകയും ചെയ്തിരുന്നതായി രേഖകള്‍ പറയുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാര്‍ സതി സമ്പ്രദായം( ഭര്‍ത്താവിനെ തീയിടുമ്പോള്‍ അതില്‍ കിടന്ന് മരിക്കുക) അനുഷ്ഠിക്കണം. ഈ ആചാരം നിര്‍ബന്ധമാക്കിയിരുന്നു. സവര്‍ണ കുടുംബങ്ങളില്‍ പിറന്ന സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ജാക്കറ്റ് ധരിക്കാന്‍ പാടില്ല. ക്ഷേത്രത്തില്‍ ദേവദാസികളായ 400 സ്ത്രീകള്‍ ഉണ്ടായിരുന്നു. രാജാവും പരിവാരങ്ങളും ക്ഷേത്രത്തില്‍ വരുമ്പോഴും ഉത്സവകാലങ്ങളിലും ഭരതനാട്യമടക്കമുള്ള നൃത്തങ്ങളിലൂടെ സദസ്സിനെ ആനന്ദകരമായ അനുഭൂതിയിലേക്ക് നയിക്കുകയെന്നതാണ് ഇവരുടെ തൊഴില്‍. ക്ഷേത്രത്തിനകത്ത് ഇതിനായി നാട്യമണ്ഡപം തന്നെ നിര്‍മിച്ചിട്ടുണ്ട്.

400 ദേവദാസികള്‍ക്ക് ഒരു വര്‍ഷം 12406 കലം നെല്ലായിരുന്നു കൂലിയായി നല്‍കിയിരുന്നത് . അടിമപ്പെണ്ണുങ്ങളുടെ സ്ഥിതിയാണ് വളരെ ദയനീയമായിരുന്നത്. ക്ഷേത്രത്തിലെത്തുന്ന പ്രമാണിമാരുടെ ഇംഗിതത്തിന് വഴങ്ങേണ്ടിവരുന്ന ദുരന്തം സ്ഥിരമായി അനുഭവിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. തൂപ്പുകാരായ സ്ത്രീകളുടെ നിലയും പരിതാപകരമായിരുന്നുവെന്ന് ജെ സി ഘോഷ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തുന്നു. വേശ്യകളെ കച്ചവടവല്‍ക്കരിക്കാന്‍ 'വേശിയ ദര്‍ശനം പുണ്ണിയം പാപനാശം' (വേശ്യകളെ ദര്‍ശിച്ചാല്‍ പാപം ഇല്ലാതായി പുണ്യം കിട്ടും) എന്ന ശ്ളോകംതന്നെ സവര്‍ണര്‍ ഉണ്ടാക്കി. അതിന്റെ അടിസ്ഥാനത്തില്‍ വേശ്യാവൃത്തിക്ക് ഔദ്യോഗികമായ പരിവേഷം നല്‍കി. ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നത് തെറ്റായിരുന്നില്ല എന്നും ചരിത്രം പറയുന്നു.

കാര്‍ഷിക കലാപത്തിന്റെ ഉജ്വലഅധ്യായം

കാവേരിതീരം (തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകള്‍ അടങ്ങിയ പഴയ തഞ്ചാവൂര്‍) തമിഴ്നാടിന്റെ നെല്ലറയായി ഇന്നും അറിയപ്പെടുന്നു. കേരളത്തില്‍ നിന്ന് ഉത്ഭവിച്ച് കര്‍ണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിലെ നാഗപട്ടണത്തെത്തി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന കാവേരിയുടെ സമ്പല്‍സമൃദ്ധമായ ഭൂമിയില്‍ ഒരു സംസ്കാരം തന്നെ വളര്‍ന്നുവന്നിരുന്നു. തഞ്ചാവൂരിനെ കൂടാതെ കുംഭകോണത്തും നൂറുകണക്കിന് ക്ഷേത്രങ്ങളാണ് നിര്‍മിക്കപ്പെട്ടത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കലയും സാഹിത്യവും വളര്‍ന്നു. എന്നാല്‍ അതേസമയം ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ അസ്വസ്ഥരായ ജനവിഭാഗങ്ങള്‍ രാജവാഴ്ചക്കെതിരെ നിശബ്ദം പോരാടി. ചില പേരാട്ടങ്ങള്‍ കലാപങ്ങളായി മാറുകയും ചെയ്തു.

ഗ്രാമങ്ങളില്‍ നിന്നുള്ള നെല്ലും അരിയും ധാന്യങ്ങളും ക്ഷേത്രത്തിലേക്ക് നല്‍കണമായിരുന്നു. വിവിധ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ക്ഷേത്രത്തിന് ഉണ്ടായിരുന്നു. പുറമെ ഖജനാവിലേക്ക് പണം ഉണ്ടാക്കാന്‍ നാടെങ്ങും മദ്യഷാപ്പുകള്‍ തുറന്നു. മദ്യഷാപ്പുകളിലൂടെ ക്ഷേത്രത്തിന് വരുമാനം വര്‍ധിച്ചപ്പോള്‍ സാധാരണക്കാര്‍ മദ്യപാനികളായി ജീവിതം തുലച്ചതായും ക്ഷേത്രമതിലുകളിലെ അക്ഷരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്ഷേത്രത്തിന്റെ അധികാരപരിധിയിലുള്ള ഗ്രാമങ്ങളിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം ദുരന്തം നിറഞ്ഞതായിരുന്നു. ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ സിംഹഭാഗവും ക്ഷേത്രത്തിന് നല്‍കിയശേഷം പട്ടിണികിടക്കേണ്ട ഗതികേടിലായിരുന്നു കര്‍ഷകര്‍. ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ച തോതില്‍ ഉല്‍പാദനം നടത്താത്ത കര്‍ഷകരില്‍ നിന്ന് ഭൂമി കണ്ടുകെട്ടി. മാത്രമല്ല കര്‍ഷകര്‍ നാടുവിടണമെന്ന ശാസനയും ഉണ്ടായിരുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് കര്‍ഷകരാണ് നാടുവിട്ടത്. കര്‍ഷകരില്‍നിന്ന് നിലം എടുക്കുന്ന ഈ സമ്പ്രാദയത്തെ 'രാജരാജപെരുവിലൈ' എന്നാണ് വിളിച്ചിരുന്നത്.

വിവിധതരത്തിലുള്ള 400ല്‍പരം നികുതികള്‍ കര്‍ഷകരുടെ മേല്‍ ചുമത്തിയതായി കാണുന്നു. നിലപടി നികുതി, വെള്ളക്കരം, ജലസേചനനികുതി, വുരവ്, രാത്രിനികുതി, വീട്ട്നികുതി, കടമനികുതി, വിവാഹനികുതി, യുദ്ധനികുതി, തച്ച്നികുതി, തറിനികുതി, പശുനികുതി, ആട്നികുതി, നിലംതരിശിട്ടാല്‍ നികുതി എന്നിങ്ങനെ കര്‍ഷകന് സഹിക്കാന്‍ കഴിയാത്ത നികുതികളായിരുന്നു ചുമത്തിയിരുന്നത്. പ്രകൃതിക്ഷോഭങ്ങളും വരള്‍ച്ചയും മഴയും കൊടുങ്കാറ്റും മുഖേന കൃഷിനാശം സംഭവിച്ചാലും നികുതി നല്‍കുന്നതില്‍ നിന്ന് കര്‍ഷകനെ ഒഴിവാക്കിയിരുന്നില്ല.

നികുതി അടയ്ക്കാന്‍ സാധിക്കാതെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പലരും നാട്വിട്ടുപോയി. രാജവാഴ്ചയുടെ തെറ്റിനെതിരെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ കാര്‍ഷിക കലാപം ഉണ്ടായി. ചെറുകിട കര്‍ഷകര്‍ സ്വമേധയാ തെരുവിലിറങ്ങി. അതിശക്തമായ പ്രക്ഷോഭമാണ് ഓരോഗ്രാമങ്ങളിലും നടന്നത്. കലാപകാരികള്‍ നിരവധി ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികളായ കര്‍ഷകര്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ട് തകര്‍ത്തുതരിപ്പണമാക്കി. ചുറ്റ്പട്ട്, പാഗനേരി അടക്കമുള്ള 24 ഗ്രാമങ്ങളില്‍ നിരവധി കര്‍ഷകര്‍ രക്തരൂക്ഷിതമായ സമരമാണ് ചെയ്തത്. രാജാവിന്റെ പട്ടാളവുമായി ഏറ്റുമുട്ടി പലരും രക്തസാക്ഷികളായി. കര്‍ഷകരുടെ രക്തസാക്ഷിത്വം പ്രക്ഷോഭത്തിന്റെ വീര്യം കൂട്ടി. രാജേന്ദ്രചോഴന്‍ എന്ന രാജാവിന്റെ മകന്‍ ആദിരാജേന്ദ്രനെ 1070ല്‍ കലാപകാരികളായ കര്‍ഷകര്‍ കൊലചെയ്തു. കര്‍ഷകരുടെ വിപ്ളവകരമായ മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കാന്‍ രാജവാഴ്ചക്കായില്ല. ഇതിന്റെ ഫലമായി പല നികുതികളും കുറയ്ക്കാന്‍ രാജഭരണം നിര്‍ബന്ധിതമായി. കുലോത്തുംഗ ചോഴന്‍ ഒന്നാമന്റെ കാലത്ത് കര്‍ഷകരുടെ മേലുള്ള ചുങ്കം മുഴുവനും റദ്ദാക്കി. അതിനാല്‍ കുലോത്തുംഗചോളന്‍ 'ചുങ്കം തകര്‍ത്ത ചോഴന്‍' എന്നറിയപ്പെട്ടു.

'ദേവദാന' നിലത്തില്‍ കൃഷി ചെയ്തിരുന്ന സവര്‍ണരായ കര്‍ഷകരില്‍ നിന്ന് നിലം കണ്ടുകെട്ടിയപ്പോള്‍ പ്രതിഷേധിക്കാന്‍ നാല് പേര്‍ ശരീരത്തില്‍ തീകൊളുത്തി മരിച്ചു. ക്ഷേത്രഭരണത്തിനും ചോഴഭരണാധികാരികള്‍ക്കുമെതിരെ പ്രതിഷേധിക്കാനായിരുന്നു ഈ ആത്മാഹൂതി. ആത്മഹത്യ ചെയ്ത നാല് പേരും ത്രിശൂല ജോലിക്കാരായ കര്‍ഷകരായിരുന്നുവെന്നും രേഖകളില്‍ പറയുന്നു. സമരത്തില്‍ ബ്രാഹ്മണരില്‍ ഒരു വിഭാഗം, കച്ചവടക്കാര്‍ എന്നിവരും പങ്കെടുത്തിരുന്നു. സമരം ചെയ്താല്‍ 20,000 കാശ് പിഴയടക്കണമെന്ന് കുലോത്തുംഗന്‍ നിയമം കൊണ്ടുവന്നുവെങ്കിലും കാര്‍ഷിക കലാപത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പകരം അത് അതിശക്തമായി തുടരുകയാണ് ചെയ്തതെന്ന് മതില്‍കെട്ടുകളിലെ ചരിത്രം പറയുന്നു.

ക്ഷേത്ര ജീവനക്കാരുടെ പ്രക്ഷോഭം

കൂലിയും ഭക്ഷണവും ഇല്ലാതെ പണിയെടുക്കേണ്ടിവന്ന ക്ഷേത്രത്തിലെ ജീവനക്കാരുടെ പ്രക്ഷോഭവും രക്തരൂക്ഷിതമായിരുന്നു. വരുമാനം ഉണ്ടായിട്ടും മതിയായ ശമ്പളം നല്‍കാതെ ജീവനക്കാരെ പട്ടിണിക്കിട്ടതിനെതിരെയായിരുന്നു അവര്‍ പ്രക്ഷോഭം നടത്തിയത്. ക്ഷേത്രത്തിനകത്തെ നാടകകലാകാരന്മാര്‍, നൃത്തക്കാര്‍, വിവിധ വാദ്യങ്ങള്‍ വായിക്കുന്നവര്‍, സംഗീതജ്ഞര്‍ എന്നിവരുടെയെല്ലാം ജീവിതം വഴിമുട്ടിയിരുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് കൂട്ടിലടച്ചിട്ട കിളികളെപോലെ പണിയെടുക്കേണ്ടിവന്നിരുന്നവരാണിവര്‍. നേരാംവണ്ണം ഭക്ഷണംപോലും കിട്ടിയിരുന്നില്ലത്രേ. പരാതി പറയാന്‍ അവകാശമുണ്ടായിരുന്നില്ല. പറഞ്ഞാല്‍ തന്നെ കടുത്ത ശിക്ഷ കിട്ടുമായിരുന്നു. കോവില്‍സഭ ജീവനക്കാര്‍ നടത്തിയ സമരം ദീര്‍ഘനാള്‍ തുടര്‍ന്നു. 'ചതുനി മാണിക്കം' എന്ന നാടക കലാകാരന്‍ ക്ഷേത്ര ഗോപുരത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

നാല് ക്ഷേത്രങ്ങളിലേയും മതില്‍കെട്ട്, ചുറ്റുമതില്‍, തൂണുകള്‍, മണ്ഡപങ്ങള്‍, ക്ഷേത്രഗോപുരങ്ങള്‍, നൃത്തമണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചരിത്രം കൊത്തിവച്ചിട്ടുണ്ട്. പഴംതമിഴിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാംസ്കാരിക മുന്നേറ്റം മാത്രമല്ല പ്രക്ഷോഭങ്ങളും കല്ലില്‍ കൊത്തിയ അക്ഷരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന പ്രത്യേകതയാണ് തഞ്ചാവൂരിലെ ശിവ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ തഞ്ചാവൂര്‍ ക്ഷേത്രം ആരാധനാകേന്ദ്രം മാത്രമല്ല കലാപങ്ങളുടെയും വിപ്ളവകാരികളുടേയും ചരിത്രമുറങ്ങുന്ന കേന്ദ്രം കൂടിയാണ്.

*
ഇ എന്‍ അജയകുമാര്‍ കടപ്പാട്: ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവഹാരങ്ങളുടെയും സമരങ്ങളുടേയും ചരിത്രമാണ് തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ ചുമരുകളിലുള്ളത്. ജര്‍മന്‍ ചരിത്രഗവേഷകനും പണ്ഡിതനുമായ ഹൂള്‍ട്സ് ആണ് 1886ല്‍ തഞ്ചാവൂര്‍ ക്ഷേത്രം രാജരാജചോഴന്‍ ഒന്നാമന്‍ നിര്‍മിച്ചതാണെന്ന് ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ വായിച്ച് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിനുചുറ്റുമുള്ള കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങളുടെയും ജീവിതസമരത്തിന്റെയും കര്‍ഷകപ്രക്ഷോഭം, ജാതീയത, അയിത്തം അനാചാരങ്ങള്‍ എന്നിവയുടെയും ചരിത്രമാണ് കല്ലില്‍ കൊത്തിവച്ചിട്ടുള്ളത്.

അടിമത്വത്തിനെതിരെയും ചെയ്യുന്ന തൊഴിലിന് ന്യായമായ കൂലി ചോദിച്ചും നടന്ന സമരങ്ങളുടെ ഉജ്വല അധ്യായവും ലിഖിതങ്ങളില്‍നിന്ന് മനസിലാക്കാന്‍ കഴിയും

ശ്രീ said...

നന്നായി.

തഞ്ചാവൂര്‍ ക്ഷേത്രത്തെ കുറിച്ച് ഒരിയ്ക്കല്‍ ഞാനുമൊരു പോസ്റ്റ് ഇട്ടിരുന്നു.

വര്‍ക്കേഴ്സ് ഫോറം said...

ശ്രീയുടെ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ കണ്ടതായിരുന്നു. വായനയ്ക്കും ഈ ഓര്‍മ്മപ്പെടുത്തലിനും നന്ദി