മതവും രാഷ്ട്രീയവും രണ്ട് വിഭിന്ന മണ്ഡലങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ മതകാര്യങ്ങളിലും ആചാരങ്ങളിലും ഇടപെടാന്‍ പാടില്ലാത്തതുപോലെതന്നെ മതാചാര്യന്മാര് രാഷ്ട്രീയകാര്യത്തില്‍ ഇടപെട്ടുകൂടാ. എന്നാല്‍, പണ്ട് മുതലേ മതപുരോഹിതന്മാര് രാഷ്ട്രീയാധികാരത്തിന്റെ മുകളില്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഭാവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും കിരീടധാരണം നടത്തുന്നതിന് മതപുരോഹിതന്മാരോ സന്യാസിമാരോ നിയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഒരു സെക്യുലര്‍ ജനാധിപത്യത്തില്‍ മതപുരോഹിതന്മാര് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടാ എന്നത് കേവലമര്യാദയുടെ ഭാഗമാണ്. മതനേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളായിക്കൂടെന്നില്ല. അത് വ്യക്തിപരമായ അടിസ്ഥാനത്തിലേ ആകാന്‍ പാടുള്ളൂ. മതനേതാവ് എന്ന നിലയിലോ മതങ്ങള്‍ക്ക് വേണ്ടിയോ അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സെക്യുലറിസത്തെ വളരെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്.
ഒരു ജനാധിപത്യ റിപ്പബ്ളിക്കില്‍ മതാനുയായികള്‍ക്കും നിരീശ്വര വാദികള്‍ക്കും മതനിഷേധികള്‍ക്കും തുല്യമായ സ്ഥാനവും തുല്യമായ അവകാശവും പദവിയുമാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാംവിഭാഗത്തിലെ 19-ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശം മേല്‍പ്പറഞ്ഞവര്‍ക്കെല്ലാം തുല്യമാണ്. നമ്മുടെ നാട്ടില്‍ മതപുരോഹിതന്മാര്ക്കുള്ള സ്വാധീനം മറ്റ് പല ജനാധിപത്യരാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. മതപുരോഹിതന്മാരെ മതാനുയായികള്‍ വളരെ പ്രത്യക്ഷമായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മതപരമായ കാര്യങ്ങളില്‍ അവര്‍ക്ക് അനുയായികളുടെമേലുള്ള മേധാവിത്വം എല്ലായിടത്തും ദൃശ്യമാണ്്. ആ സ്വാധീനമുപയോഗിച്ച് അനുയായികളെക്കൊണ്ട് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതോ പ്രേരിപ്പിക്കുന്നതോ പില്ക്കാലത്ത് അപകടകരമായിത്തീരാന് ഇടയുണ്ട്. മതനേതാക്കളിലും മതപുരോഹിതന്മാരിലും പലരും സ്ഥാപിതതാല്പ്പര്യങ്ങളുള്ളവരാകാം. അപ്രകാരമുള്ള താല്‍പ്പര്യങ്ങള്‍ പലപ്പോഴും രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാകാറുണ്ട്. എല്ലാമതനേതാക്കന്മാരും ശാസ്ത്രീയമായ വികാസത്തെ ഭയപ്പെടുന്നവരും എതിര്‍ക്കുന്നവരുമാണ്.
പലപ്പോഴും ശാസ്ത്രവും മതവും പരസ്പരം പോരടിക്കുന്നവയാണ്. ശാസ്ത്രീയമായ പുരോഗതി രാജ്യത്തിലെ പൌരന്മാര്ക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. ഉദാഹരണത്തിന് ജനന നിയന്ത്രണം, വ്യക്തിനിയമ പരിഷ്കരണം എന്നിത്യാദി കാര്യങ്ങളില്‍ ജനങ്ങളുടെ അഥവാ പൌരന്റെ ഉന്നമനത്തിനുവേണ്ടി രാഷ്ട്രീയനേതൃത്വം പലപ്പോഴും നിലപാടുകള്‍ മാറ്റേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മതങ്ങള്‍ അവയെ എതിര്‍ക്കുന്നു. മതനേതാക്കന്മാരെ ഭയന്നുകഴിയുന്ന ചില രാഷ്ട്രീയനേതാക്കന്മാരെങ്കിലും മേല്‍പ്രകാരമുള്ള പുരോഗമനപരിഷ്കാരങ്ങള് നടപ്പാക്കാന്‍ മടിക്കും. എപ്പോഴൊക്കെ മതം രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ അപ്പോഴൊക്കെ ജനങ്ങള്‍ക്ക് നാശം മാത്രമേ സംഭവിച്ചിട്ടുള്ളു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനം നടന്ന കാലത്തും അതിനുശേഷവും ഇന്ത്യന്‍ ജനത അനുഭവിക്കുന്ന പലയാതനകളും ഇതിനുദാഹരണങ്ങളാണ്. മതങ്ങള്‍ എപ്പോഴും യാഥാസ്ഥിതികത്വത്തില്‍ നിലനില്ക്കാന് ബാധ്യതപ്പെട്ടവരാണ്. രാഷ്ട്രീയമാകട്ടെ എപ്പോഴും ജനങ്ങളുടെ ഉന്നമനത്തിനും മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടവരും. അതുകൊണ്ട് ഇവ രണ്ടും വിരുദ്ധങ്ങളായി മാത്രമേ നില്ക്കുകയുള്ളൂ.
ലോകത്തില്‍ മതാധിഷ്ഠിതമായ രാജ്യങ്ങളും മതേതരത്വം പുലര്‍ത്തുന്ന രാജ്യങ്ങളും കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് ബോധ്യമാകും. പക്ഷേ മതത്തിന്റെ നേതാക്കന്മാര്ക്ക് രാഷ്ട്രീയാധികാരത്തില്‍ എപ്പോഴും കണ്ണുണ്ടാകുന്നത് സാധാരണമാണ്. അധികാരത്തിലേക്ക് കയറാന്‍ അവര്‍ മതത്തെയാണ് ഉപയോഗിക്കുന്നത്. ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് മാത്രമല്ല വര്‍ഗീയലഹളകള്‍ക്ക് തന്നെ കാരണമാകും. അതുകൊണ്ട് മതങ്ങളെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. മറിച്ച് പല രാഷ്ട്രീയതീരുമാനങ്ങളും മതസ്ഥാപനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ എടുക്കേണ്ടിവരും.
ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി വന്നപ്പോള്‍ ഫ്രഞ്ചുകാരനായ ഒരു ചിന്തകന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തു. നെഹ്റുവിനോട് അദ്ദേഹം ചോദിച്ചു, "നിങ്ങള്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നം എന്തായിരിക്കും?'' നെഹ്റു പറഞ്ഞ മറുപടി സ്മരണീയമാണ്: "വളരെയധികം മതങ്ങളുള്ള ഭാരതത്തില്‍ മതനിരപേക്ഷമായ സമൂഹം കെട്ടിപ്പടുക്കുക എന്നുള്ളതാണ് എനിക്കുമുന്നിലുള്ള ഏറ്റവും ദുഷ്കരമായ ജോലി.'' അദ്ദേഹമാകട്ടെ മതങ്ങളെ സംബന്ധിച്ചിട്ടുള്ള യാതൊരു ചടങ്ങുകളിലോ യോഗങ്ങളിലോ ഒരിക്കലും സംബന്ധിച്ചിരുന്നില്ല. പലരും ശ്രമിച്ചുനോക്കിയിട്ടും അദ്ദേഹം അതിന് വഴിപ്പെട്ടില്ല. ഭക്രാനംഗല്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നുകൊണ്ട് ആയിരമായിരം ഏക്കര്‍ തരിശുഭൂമി കൃഷിസ്ഥലങ്ങളായി മാറുന്ന സാധ്യത കണ്ടപ്പോള്‍ "ഇവിടമാണ് യഥാര്‍ഥത്തിലുള്ള ആരാധനാസ്ഥലമെന്ന്'' നെഹ്റു പറഞ്ഞു. 2000 വര്‍ഷം മുമ്പ് ഇത് മനസ്സിലാക്കിയ യേശുക്രിസ്തു ലോകത്തോടു പറഞ്ഞത് 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും' എന്നത്രെ. അതിന്റെ ആധുനിക പരാവര്‍ത്തനമാണ് മതവും രാഷ്ട്രീയവും വ്യക്തമായും രണ്ട് മേഖലകളാണ് എന്നുള്ളത്.
*
ജസ്റ്റിസ് കെ ടി തോമസ് കടപ്പാട്: ദേശാഭിമാനി ദിനപത്രം 08 ഡിസംബര്‍ 2010
Thursday, December 9, 2010
മതവും രാഷ്ട്രീയവും ഭിന്ന മണ്ഡലങ്ങള്‍
Subscribe to:
Post Comments (Atom)
2 comments:
മതവും രാഷ്ട്രീയവും രണ്ട് വിഭിന്ന മണ്ഡലങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ മതകാര്യങ്ങളിലും ആചാരങ്ങളിലും ഇടപെടാന്‍ പാടില്ലാത്തതുപോലെതന്നെ മതാചാര്യന്മാര് രാഷ്ട്രീയകാര്യത്തില്‍ ഇടപെട്ടുകൂടാ. എന്നാല്‍, പണ്ട് മുതലേ മതപുരോഹിതന്മാര് രാഷ്ട്രീയാധികാരത്തിന്റെ മുകളില്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഭാവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും കിരീടധാരണം നടത്തുന്നതിന് മതപുരോഹിതന്മാരോ സന്യാസിമാരോ നിയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഒരു സെക്യുലര്‍ ജനാധിപത്യത്തില്‍ മതപുരോഹിതന്മാര് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടാ എന്നത് കേവലമര്യാദയുടെ ഭാഗമാണ്. മതനേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളായിക്കൂടെന്നില്ല. അത് വ്യക്തിപരമായ അടിസ്ഥാനത്തിലേ ആകാന്‍ പാടുള്ളൂ. മതനേതാവ് എന്ന നിലയിലോ മതങ്ങള്‍ക്ക് വേണ്ടിയോ അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സെക്യുലറിസത്തെ വളരെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്.
തോമസ് ഇത് പറഞത് നന്നായി ..ഇനി സഭയുടെ സ്വത് തട്ടിയെടുക്കാന്‍ ട്രസ്റ്റ് വേണമെന്ന് പറഞ്ഞു വരില്ലല്ലോ ...
Post a Comment