Thursday, December 9, 2010

പൊളിഞ്ഞുപോയ രാഹുല്‍ മിഷന്‍

ബിഹാറിലെ തെരഞ്ഞെടുപ്പുഫലം ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുമാണ്. ഭാവിയിലേക്ക് കോണ്‍ഗ്രസ് കരുതിവച്ച തുരുപ്പുചീട്ട് രാഹുല്‍ഗാന്ധിയുടെ പ്രഭാവം മിഥ്യയാണെന്ന് ദയനീയ തോല്‍വിയിലൂടെ തെളിഞ്ഞു. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസിന് അടിതെറ്റി. സോണിയഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ബിഹാറില്‍ പ്രചാരണത്തിന് പോയിരുന്നു. അവിടങ്ങളിലും സ്ഥിതി മറിച്ചല്ല. 243 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാലുസീറ്റുമാത്രം. 2000ല്‍ തനിച്ച് മത്സരിച്ചപ്പോള്‍പ്പോലും കോണ്‍ഗ്രസിന് 29 സീറ്റു ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ടു സീറ്റുമാത്രമാണ് കോണ്‍ഗ്രസിനു കിട്ടിയത്. ആ പ്രകടനം നിലനിര്‍ത്താന്‍പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞില്ല.

ബിഹാറിലെ 17 ജില്ലയിലായി 22 മണ്ഡലത്തില്‍ രാഹുല്‍ പ്രചാരണം നടത്തി. എന്നാല്‍, ജയിച്ചത് ഒരു മണ്ഡലത്തില്‍മാത്രം. രാഹുല്‍ പ്രചാരണം നടത്താത്ത മൂന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ഭാഗല്‍പുര്‍ ജില്ലയിലെ കഹല്‍ഗാവില്‍ മാത്രമാണ് ജയിച്ചത്. ഓരോ ദിവസവും രണ്ടും മൂന്നും പൊതുയോഗങ്ങളില്‍ അദ്ദേഹം സംസാരിച്ചു. രാഹുല്‍ കാര്യമായി പ്രചാരണം നടത്തിയ സിംറി ബക്ത്യാര്‍പുര്‍ മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ചൌധരി മെഹ്ബൂബ് കൈസര്‍ 18,000 വോട്ടിന് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ സിറ്റിങ്് സീറ്റായിരുന്ന കോര്‍ഹയില്‍ സുനിതാദേവി തോറ്റത് 52,000 വോട്ടിനാണ്. സ്പീക്കര്‍ മീരാകുമാറിന്റെ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട സസാരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആറാം സ്ഥാനക്കാരനായി. ഒബ്ര, മാജ്ഹി എന്നിവിടങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്. സോണിയഗാന്ധി പ്രചാരണം നടത്തിയ ഇടങ്ങളിലും പാര്‍ടിക്ക് വിജയിക്കാനായില്ല. നാലിടത്ത് പ്രചാരണം നടത്തിയതില്‍ കിഷന്‍ഗഞ്ചില്‍മാത്രമാണ് ജയിച്ചത്. ബക്സര്‍, ബാവുവ, മോതിഹരി എന്നിവടങ്ങളില്‍ ദയനീയമായി തോറ്റു. കോണ്‍ഗ്രസിന് എംപിയുള്ള കിഷന്‍ഗഞ്ചില്‍ ജയിച്ചത് 264 വോട്ടിനാണ്. രാഹുലും സോണിയയും പ്രധാനമന്ത്രിയും കാടിളക്കി പ്രചാരണം നടത്തിയിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.

2009ല്‍ ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റമാണ് ബിഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. സംഘടനാ അടിത്തറ ശക്തമാക്കാതെ തന്റെ പ്രതിഛായയുടെ കരുത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു രാഹുലിന്റെ ധാരണ. എന്നാല്‍, ബിഹാറിലെ പൊള്ളുന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തിനുമുമ്പില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ പാളി. ചെറുപ്പക്കാര്‍ക്ക് അമ്പതോളം സീറ്റു നല്‍കിയെങ്കിലും ആ തന്ത്രവും വിജയിച്ചില്ല. പല മുതിര്‍ന്ന നേതാക്കള്‍ക്കും സീറ്റു കിട്ടിയില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിനൊപ്പംനിന്ന പല നേതാക്കളും നിഷ്ക്രിയരാകാന്‍ ഇതു കാരണമായി. എങ്ങനെയെങ്കിലും കൂടുതല്‍ സീറ്റു നേടാന്‍ ഗുണ്ടകളെയും ക്രിമനലുകളെയും കൂട്ടുപിടിക്കാന്‍പോലും രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് തയ്യാറായി. പൂര്‍ണിയയിലെ സിപിഐ എം നേതാവ് അജിത് സിങ്ങിനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പപ്പുയാദവിന്റെ ഭാര്യ രഞ്ജിത രഞ്ജന് ബിഹാറിഗഞ്ചിലും കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന ആനന്ദ് മോഹന്‍സിങ്ങിന്റെ ഭാര്യ ലവ്ലി ആനന്ദിന് ആലംപുരിലും രാബ്റി ദേവിയുടെ സഹോദരനും മുന്‍ എംപിയുമായ സാധുയാദവിന് ഗോപാല്‍ഗഞ്ചിലും സീറ്റു നല്‍കി. മൂന്നു പേരും പരാജയപ്പെട്ടു.

കോണ്‍ഗ്രസ് എന്നും ജയിച്ചത് സവര്‍ണ-ദളിത്-മുസ്ളിം സമവാക്യത്തിലായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കാന്‍ തുനിഞ്ഞ നിതീഷ്കുമാറിനോടുള്ള സവര്‍ണരുടെ എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. ഐക്യജനതാദളിന്റെ സവര്‍ണ നേതാവ് ലല്ലന്‍ സിങ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പ്രത്യേക ഹെലികോപ്റ്റര്‍തന്നെ ഇറക്കിയിട്ടും സവര്‍ണരുടെ വോട്ട് ലഭിച്ചില്ല. മുസ്ളിങ്ങളുടെ വോട്ടും ലഭിച്ചില്ല. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് തീര്‍ത്തും വ്യക്തമാക്കുന്നതാണ് ബിഹാറിലെ ജനവിധി. സോണിയഗാന്ധിക്കും ഇത് അംഗീകരിക്കേണ്ടിവന്നു. പാര്‍ടിയെ പുനഃസംഘടിപ്പിക്കാനാണ് തനിച്ച് മത്സരിച്ചതെന്നുപറഞ്ഞ സോണിയ അതിന് ഇനിയും വര്‍ഷങ്ങളെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ മാത്രമല്ല കോണ്‍ഗ്രസ് തകരുന്നത്. വന്‍ തിരിച്ചുവരവ് നടത്തിയെന്ന് അവര്‍ അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലും പിന്നോട്ടുപോവുകയാണ്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയമായ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. സോണിയഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലെ കാര്യംമാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 18 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 14 സീറ്റിലും കോണ്‍ഗ്രസ് വിമതനായ റായ്ബറേലി എംഎല്‍എ അഖിലേഷ് സിങ്ങിന്റെ സ്ഥാനാര്‍ഥികളാണ് ജയിച്ചത്. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. പഞ്ചായത്ത് സമിതികളിലേക്ക് സോണിയാഗാന്ധിയുടെ പ്രത്യേക പ്രതിനിധി കിഷോരിലാല്‍ ശര്‍മ നിര്‍ത്തിയ 70 ശതമാനം സ്ഥാനാര്‍ഥികളും തോറ്റു. റായ്ബറേലിയിലെങ്ങും സോണിയാവിരുദ്ധ വികാരമാണ് ദൃശ്യമായത്. യുപിഎ അധ്യക്ഷയുടെ മണ്ഡലമായിട്ടും സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയായി റായ്ബറേലി തുടരുകയാണ്. ദിവസം നാലു മണിക്കൂര്‍ മാത്രമാണ് ഇവിടെ വൈദ്യുതി ലഭിക്കുന്നത്. സോണിയഗാന്ധി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇനിയും നടപ്പായിട്ടില്ല. റായ്ബറേലിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചുകൊണ്ട് കാട്ടിയത് ഈ അവഗണനയ്ക്കെതിരായ പ്രതിഷേധമാണ്.

കഴിഞ്ഞ മാസം ഇട്ട ജില്ലയിലെ നിഥൌലികനാലിലും ലക്കിംപുര്‍ ഖേരി ജില്ലയിലെ സദറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. ബിഎസ്പി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നിട്ടുപോലും അതിന്റെ ഗുണം വോട്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. രണ്ടിടത്തും സമാജ്വാദി പാര്‍ടിയാണ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത്. മുലായവുമായി തെറ്റിപ്പിരിഞ്ഞ മുന്‍ ബിജെപി നേതാവ് കല്യാസിങ് പാര്‍ലമെന്റില്‍ പ്രതിനിധാനംചെയ്യുന്ന നിഥൌലിയില്‍ കോണ്‍ഗ്രസിന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എട്ടു മാസംമുമ്പുമാത്രം രൂപംകൊണ്ട കല്യാസിങ്ങിന്റെ ജനക്രാന്തി പാര്‍ടിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. ലക്കിംപുരില്‍ സ്ഥലം എംപിയായ സഫര്‍ അലി നഖ്വിയുടെ മകന്‍ സൈഫ് അലി നഖ്വിയാണ് ദയനീയ പരാജയമേറ്റുവാങ്ങിയത്. രാഹുലിന്റെ അടുത്ത അനുയായിയും പെട്രോളിയം സഹമന്ത്രിയുമായ ജിതിന്‍ പ്രസാദയുടെ മണ്ഡലമായി ലക്കിംപുര്‍ ഖേരി ജില്ലയിലെ ദൌരാഹ്ഡയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുസ്ളിം ഡോക്ടര്‍മാരും മറ്റും ചേര്‍ന്ന് രൂപീകരിച്ച പീസ് പാര്‍ടിയാണ് ഇവിടെ രണ്ടാംസ്ഥാനത്തെത്തിയത്. നാലുമാസംമുമ്പ് ദൊമരിയാഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അയോധ്യയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശ്വാസത്തെ ആധാരമാക്കി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ കോണ്‍ഗ്രസ് സ്വാഗതംചെയ്തത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ച മുസ്ളിംവോട്ട് നഷ്ടമാക്കിയതായി ഉപതെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നു. അതായത്, ബിഎസ്പിയുടെ അഭാവത്തിലും സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയായിപ്പോലും മാറാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍.

വടക്കേ ഇന്ത്യയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന പ്രചാരണം വെറും പൊള്ളയാണെന്ന് ബിഹാര്‍-ഉത്തര്‍പ്രദേശ് ഫലങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ ഉത്തര്‍പ്രദേശിലെ പ്രധാന മുഖമായി ഇനി അവതരിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ മുന്‍നിര്‍ത്തി മത്സരിച്ച് തോറ്റാല്‍ പഴി മുഴുവന്‍ അദ്ദേഹം ഏറ്റെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു. ഇതാണ് മുഖ്യപ്രചാരകന്‍ എന്ന സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചതിനു പിന്നില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയെ മുന്‍നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുക. അവരെ സഹായിക്കാനായി നാലോ അഞ്ചോ സീനിയര്‍ നേതാക്കളെയും അനുവദിക്കും. അങ്ങനെ രാഹുലിന്റെ 'മിഷന്‍ 2012' ഉത്തര്‍പ്രദേശില്‍ അകാലചരമമടയുകയാണ്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 08 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബിഹാറിലെ തെരഞ്ഞെടുപ്പുഫലം ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുമാണ്. ഭാവിയിലേക്ക് കോണ്‍ഗ്രസ് കരുതിവച്ച തുരുപ്പുചീട്ട് രാഹുല്‍ഗാന്ധിയുടെ പ്രഭാവം മിഥ്യയാണെന്ന് ദയനീയ തോല്‍വിയിലൂടെ തെളിഞ്ഞു. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസിന് അടിതെറ്റി. സോണിയഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ബിഹാറില്‍ പ്രചാരണത്തിന് പോയിരുന്നു. അവിടങ്ങളിലും സ്ഥിതി മറിച്ചല്ല. 243 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാലുസീറ്റുമാത്രം. 2000ല്‍ തനിച്ച് മത്സരിച്ചപ്പോള്‍പ്പോലും കോണ്‍ഗ്രസിന് 29 സീറ്റു ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ടു സീറ്റുമാത്രമാണ് കോണ്‍ഗ്രസിനു കിട്ടിയത്. ആ പ്രകടനം നിലനിര്‍ത്താന്‍പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞില്ല.