Thursday, December 9, 2010

മൂന്നാം കേരള പഠനകോണ്‍ഗ്രസിന്റെ പ്രാധാന്യം

1957 നവംബര്‍ 1ന് ഐക്യകേരള പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം കേരള സംസ്ഥാനം വികസിക്കേണ്ട ദിശയെന്തെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയിരുന്നു.

മികച്ച വന സമ്പത്തും വിലയേറിയ നിരവധി ധാതുദ്രവ്യങ്ങളും പരന്നു കിടക്കുന്ന ഒട്ടേറെ ജലാശയങ്ങളും ദീര്‍ഘവും വിശാലവുമായ കടലും ഉള്‍പ്പെട്ടതും ഇന്ത്യയുടെ ആകെ വികസനത്തിന് സംഭാവന ചെയ്യാവുന്ന വിധം വ്യവസായവല്‍ക്കരണത്തിന് സഹായകമാകുന്ന ഭൌതിക സമ്പത്തുകളുമുള്ള സംസ്ഥാനമാണ് കേരളമെന്നത് 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടി. അത് വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ തടസ്സം നില്‍ക്കുന്നത് ജന്മി മേധാവിത്വവും വിദേശ മുതലാളിമാരുടെ മേധാവിത്വവും കുത്തക മുതലാളിമാരുടെ കൊള്ളലാഭമെടുക്കലും ആണെന്ന് രേഖ വ്യക്തമാക്കി.

അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന ജന്മിത്വം അവസാനിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനനയമാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ചത്. അന്നു തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയാസൂത്രണം സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടായിരുന്നുവെന്ന് രേഖയില്‍നിന്ന് വ്യക്തമാണ്. "വിജയകരമായ പ്ളാനിംഗിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത മറ്റൊരുപാധി ജനങ്ങളുടെ സഹകരണമാണ്. പ്ളാന്‍ രൂപീകരിക്കുന്നതിലും നടപ്പില്‍ വരുത്തുന്നതിലും ജനങ്ങളെ - വിശേഷിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ എല്ലാ നിലവാരത്തിലും സജീവമായും ഫലപ്രദമായും പങ്കെടുപ്പിക്കാതെ, പ്ളാനിങ് സാധ്യമല്ല'' എന്ന് രേഖ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലും അതിന്റെ ഭാഗമായി അധികാരത്തില്‍ വരാന്‍ കഴിഞ്ഞാല്‍ അതും വിശാലമായൊരു സമരനിര കെട്ടിപ്പടുക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ ജനങ്ങള്‍ക്കായി ആശ്വാസ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്ന ദ്വിമുഖ സമീപനത്തില്‍ ഊന്നിനിന്നുകൊണ്ട് അംഗീകരിക്കപ്പെട്ട ആ രേഖയില്‍ തന്നെ "ഇതേവരെ എന്ന പോലെയും അതിലും കൂടുതലായും നമുക്ക് യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കാം'' എന്ന് ആഹ്വാനം ചെയ്തിരുന്നു.

കേരളത്തില്‍ പൊതുമേഖലയില്‍ വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കണം. ഖനിജങ്ങള്‍ അതേപടി കയറ്റുമതി ചെയ്യാതെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റണം. ജലസേചന - വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ കൊണ്ടുവരണം. തുറമുഖങ്ങള്‍ വികസിപ്പിക്കണം. കപ്പല്‍നിര്‍മ്മാണശാല ആരംഭിക്കണം. റെയില്‍വെ വികസിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയും നവീകരിക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോളേജുകള്‍ ആരംഭിക്കണം. പ്രാദേശിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കണം. വൈദ്യസഹായരംഗത്ത് ഗ്രാമങ്ങളില്‍ കൂടുതല്‍ സംവിധാനമേര്‍പ്പെടുത്തണം.

സമഗ്രമായ കാര്‍ഷിക പരിഷ്കരണം നടപ്പാക്കി ജന്മിത്വം അവസാനിപ്പിക്കണം. കാര്‍ഷിക കടം നല്‍കുന്നതിന് കൂടുതല്‍ പണം നീക്കിവെക്കണം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തറവില ലഭ്യമാക്കണം തുടങ്ങി സമഗ്രമായ ഒരു സമീപനമാണ് ആ രേഖയില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്നാണ് കേരള രൂപീകരണവും 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അധികാരാരോഹണവും നടന്നത്. 1956ല്‍ അംഗീകരിച്ച രേഖ കൂടുതല്‍ സമഗ്രമാക്കിക്കൊണ്ടുള്ളതായിരുന്നു നയപ്രഖ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം.

1957-59ലെ കമ്യൂണിസ്റ്റ് ഭരണവും തുടര്‍ന്ന് 1967-69ലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള മുന്നണി ഭരണവും തുടര്‍ന്ന് എണ്‍പതുകളിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണവുമൊക്കെ കേരളത്തിന്റെ വികസനരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി. ആ മാറ്റങ്ങളെ സംബന്ധിച്ച് ഇ എം എസ് 1994ല്‍ നടന്ന ഒന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ താഴെ പറയും പ്രകാരം വ്യക്തമാക്കി: "ഞങ്ങളുടെ സിദ്ധാന്തങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ആഴത്തിലുള്ള മുദ്രപതിപ്പിച്ചിരിക്കുന്നു. ഭൂപരിഷ്കാരം, ബഹുജന സംഘടനകളുടെ വളര്‍ച്ച, വിദ്യാഭ്യാസത്തിന്റെ വ്യാപനം, മെച്ചപ്പെട്ട ആരോഗ്യനില ഇതൊക്കെ കേരളത്തിന്റെ മുഖഛായ ഗണ്യമായി മാറ്റിയിരിക്കുന്നു. ഇത് പണ്ഡിതന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ വികസന മാതൃകയെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. ആ മാതൃകക്ക് ക്രിയാത്മകമായ വശങ്ങളുണ്ട്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ നല്‍കിയ ഊന്നല്‍ സംസ്ഥാനത്ത് സ്വതന്ത്രമായ തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിന് വഴി തെളിച്ചു; അധ്വാനിക്കുന്ന ജനങ്ങളുടെ വിവിധ വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനം ഉയര്‍ന്നുവരുന്നതിനും ഇത് സഹായിച്ചു. ഈ നേട്ടങ്ങളെപ്പറ്റി എനിക്കഭിമാനമുണ്ട്. എന്നാല്‍ കേരളത്തിലെ സമകാലീന സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മകവശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്ന് പറയേണ്ടിയിരിക്കുന്നു'' എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള വികസന മാതൃകയുടെ ദൌര്‍ബല്യത്തെക്കുറിച്ച് ഇ എം എസ് തുടര്‍ന്നു പറഞ്ഞു. "തൊഴില്‍, ഉല്‍പാദനമേഖലകളിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്കു തന്നെ ആപത്തായിരിക്കും''.

ആഗോള - ദേശീയ തലങ്ങളില്‍ ഘടനാപരമായി നടന്നുകൊണ്ടിരിക്കുന്ന നയംമാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് "ഇന്നത്തെ ദേശീയനയങ്ങളില്‍ മാറ്റംവരാതെ സംസ്ഥാനത്ത് ഒന്നും ചെയ്യാനാവില്ലെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല'' എന്ന് ഇ എം എസ് വ്യക്തമാക്കി. ആഗോള - ദേശീയ ഘടനകള്‍ അടിച്ചേല്‍പ്പിച്ച പരിമിതികള്‍ക്കകത്തു നിന്നു കൊണ്ടു തന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗം കണ്ടെത്താന്‍ കഴിയും. അതിന് ഒരു രാഷ്ട്രീയ പാര്‍ടിക്കോ രാഷ്ട്രീയ പാര്‍ടികള്‍ക്ക് മാത്രമായോ കഴിയില്ല. പണ്ഡിതന്മാരും വിവിധ ശാസ്ത്ര വിജ്ഞാനശാഖകളിലെ വിദഗ്ദ്ധന്മാരും ഇതില്‍ സുപ്രധാനമായ പങ്കു വഹിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് ഒന്നാം പഠന കോണ്‍ഗ്രസിന്റെ ഭാഗമായി ഇ എം എസ് മുന്നോട്ടുവെച്ച കാഴ്ചപ്പാട്.

ബഹുജനങ്ങളെയാകെ വികസന പ്രവര്‍ത്തനത്തില്‍ അണിനിരത്താനുതകുന്ന വിധം ആസൂത്രണ സംവിധാനത്തെയാകെ പൊളിച്ചെഴുതുന്ന ജനകീയാസൂത്രണ പ്രസ്ഥാനം രൂപംകൊണ്ടത് ഒന്നാം പഠന കോണ്‍ഗ്രസ് ചര്‍ച്ചകളുടെ അനന്തര ഫലമായിട്ടായിരുന്നു. തുടര്‍ന്ന് രൂപംകൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും ജനകീയാസൂത്രണ പ്രവര്‍ത്തനത്തിന്റെയുമൊക്കെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് 2005ല്‍ രണ്ടാമത് പഠന കോണ്‍ഗ്രസ് നടന്നത്.

വികസനത്തിന് ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച അനുപേക്ഷണീയമാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പം മൂന്നു കാര്യങ്ങള്‍ കൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. സാമ്പത്തിക നീതിയുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ കാര്യം. തൊഴിലാളികള്‍ക്ക് തൊഴിലവകാശങ്ങളും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കണം. ആദിവാസികള്‍, പട്ടികജാതിക്കാര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങി വികസന പ്രക്രിയയില്‍നിന്നൊറ്റപ്പെട്ടു നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. സാമ്പത്തിക വളര്‍ച്ച നീതിപൂര്‍വ്വകമാക്കണം.

സാമ്പത്തിക വളര്‍ച്ച സ്ഥായിയായിരിക്കണമെന്നതാണ് അടുത്ത കാര്യം. പരിസ്ഥിതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമീപനമാണ് പഠന കോണ്‍ഗ്രസ് അംഗീകരിച്ചത്. ലിംഗപരമായ സമത്വം ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം വളര്‍ച്ചയുണ്ടാകേണ്ടത് എന്നതാണ് മൂന്നാമത്തെ കാര്യം.

സാമ്പത്തിക വളര്‍ച്ചയ്ക്ക് നിക്ഷേപം ആവശ്യമാണ്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു തന്നെ വിദേശ മൂലധനം, കോര്‍പ്പറേറ്റ് സ്വകാര്യമൂലധനം ഇവ കൊണ്ടുവരാന്‍ ശ്രമിക്കണം. ഇടത്തരം - ചെറുകിട നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പ്രവാസി സമ്പാദ്യത്തെ മുതല്‍മുടക്കാക്കി മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

കൃഷി, വ്യവസായം, ഐടി, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍, കലാകായിക രംഗം, ജനകീയാസൂത്രണം തുടങ്ങി സമസ്ത മേഖലകളെയുംകുറിച്ചുള്ള സമഗ്രമായൊരു വികസനരേഖ തയ്യാറാക്കുന്നതിന് രണ്ടാമത് പഠന കോണ്‍ഗ്രസ്സിന് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികക്ക് അടിസ്ഥാനമായി മാറിയത്.

2006 മുതല്‍ 2016 വരെ ഒരു പതിറ്റാണ്ടു കാലത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് രണ്ടാമത് പഠന കോണ്‍ഗ്രസ് അംഗീകരിച്ചത്. അത് നടപ്പിലാക്കിയതിന്റെ നാല് - നാലര വര്‍ഷത്തെ പ്രായോഗികാനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അതിന്റെ കൂടെ അടിസ്ഥാനത്തില്‍ നേടിയ നേട്ടങ്ങളെന്ത്, ഉയര്‍ന്നു വന്ന പുതിയ പ്രശ്നങ്ങളെന്ത്, അവയ്ക്കുള്ള പരിഹാരമെന്ത്, തിരുത്തപ്പെടേണ്ട നിഗമനങ്ങള്‍ ഉണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ തിരുത്തണം ഇത്യാദി കാര്യങ്ങളാണ് 2011 ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് ചേരുന്ന മൂന്നാമത് പഠന കോണ്‍ഗ്രസ് ചര്‍ച്ചക്കു വിധേയമാക്കുന്നത്. നവംബര്‍ 16, 17 തീയതികളില്‍ നടന്ന ശില്‍പശാല അതിനുവേണ്ട കരടുരേഖയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ വിദേശ പ്രതിനിധികളെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് എണ്‍പതോളം ചര്‍ച്ചാ സമ്മേളനങ്ങള്‍ നടക്കും. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ വികസനരേഖയ്ക്ക് അന്തിമ രൂപം നല്‍കിക്കൊണ്ടായിരിക്കും പഠന കോണ്‍ഗ്രസ് സമാപിക്കുക.

*
കെ എ വേണുഗോപാലന്‍ കടപ്പാട്: ചിന്ത വാരിക 10 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1957 നവംബര്‍ 1ന് ഐക്യകേരള പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം കേരള സംസ്ഥാനം വികസിക്കേണ്ട ദിശയെന്തെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയിരുന്നു.

മികച്ച വന സമ്പത്തും വിലയേറിയ നിരവധി ധാതുദ്രവ്യങ്ങളും പരന്നു കിടക്കുന്ന ഒട്ടേറെ ജലാശയങ്ങളും ദീര്‍ഘവും വിശാലവുമായ കടലും ഉള്‍പ്പെട്ടതും ഇന്ത്യയുടെ ആകെ വികസനത്തിന് സംഭാവന ചെയ്യാവുന്ന വിധം വ്യവസായവല്‍ക്കരണത്തിന് സഹായകമാകുന്ന ഭൌതിക സമ്പത്തുകളുമുള്ള സംസ്ഥാനമാണ് കേരളമെന്നത് 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടി. അത് വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ തടസ്സം നില്‍ക്കുന്നത് ജന്മി മേധാവിത്വവും വിദേശ മുതലാളിമാരുടെ മേധാവിത്വവും കുത്തക മുതലാളിമാരുടെ കൊള്ളലാഭമെടുക്കലും ആണെന്ന് രേഖ വ്യക്തമാക്കി.