'സംപാസയോ? പിടികിട്ടുന്നില്ലല്ലോ' എന്ന വായനക്കാരുടെ ആത്മഗതം എനിക്ക് കേള്‍ക്കാം. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വിഷയമാണ് അത്. നമ്മുടെ ജനാധിപത്യരാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രവര്‍ത്തനരഹിതമായി സ്തംഭിച്ചുനില്‍ക്കുകയാണല്ലോ. പ്രതിപക്ഷങ്ങള്‍ ഏകോപിച്ച് ഉയര്‍ത്തിയ ആവശ്യത്തെ തൃണവല്‍ഗണിക്കുന്ന ഒരു ഗവണ്‍മെന്റ് 'ദശാബ്ദങ്ങളിലെ അഴിമതി' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ധനദുര്‍വിനിയോഗപരിപാടി പരിശോധിക്കാന്‍ പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ അനുവാദം നല്‍കാതെ സഭാസ്തംഭനം തുടരാനുള്ള സാഹചര്യം നിലനിര്‍ത്തിയിരിക്കയാണ്. ഇവര്‍ ആവശ്യപ്പെടുന്നതും ഗവണ്‍മെന്റ് തടഞ്ഞുനിര്‍ത്തുന്നതും ആയ കമ്മിറ്റിയാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി. അതിന്റെ മലയാളം സംയുക്ത പാര്‍ലമെന്റ് സമിതി എന്ന്. അതിന്റെ ചുരുക്കമാണ് സംപാസ. ജെപിസി എന്ന് ഇംഗ്ളീഷില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് സംപാ സമിതി ആയിക്കൂടാ?
ഈ സഭാദ്വയസമിതി ഇപ്പോഴത്തെ 'രാജ'കീയമായ (ഒന്നേമുക്കാല്‍ ലക്ഷം കോടിയോളം രൂപ ഗവണ്‍മെന്റിന് നഷ്ടം വരുത്തിയ വാര്‍ത്താവിനിമയ മന്ത്രി രാജയുടെ സര്‍വഥാ 'രാജ'കീയമായ ധനദുര്‍വിനിയോഗം) അഴിമതി അന്വേഷിക്കാന്‍ സംപാസ മതിയോ എന്ന് സംശയിക്കേണ്ടിവരുമ്പോഴാണ് അത് പറ്റില്ലെന്നും പാടില്ലെന്നും യുപിഎ ഗവണ്‍മെന്റ് ശാഠ്യബുദ്ധിയോടെ വാദിക്കുന്നത്. ഇതിനുമുമ്പ് വന്ന ഒരു ജെപിസി ബൊഫോഴ്സ് തോക്കിടപാടിലെ അഴിമതി അന്വേഷണത്തിനായിരുന്നു. സമ്മതിക്കില്ലെന്ന് ആദ്യം ഭരണകൂടം വാശിപിടിച്ചെങ്കിലും പിന്നെ അയഞ്ഞു. മഹാവീര്‍ ത്യാഗി ആയിരുന്നു അധ്യക്ഷന്‍. ആ കമ്മിറ്റിക്ക് അഴിമതി ഉണ്ടെന്നല്ലാതെ, അതിലെ അപഹരിക്കപ്പെട്ട ധനം എങ്ങോട്ടുപോയെന്ന് അറിഞ്ഞുകൂടെന്ന് ഒടുവില്‍ പ്രസ്താവം ഉണ്ടായി. അഴിമതിയുണ്ടെന്നതുകൊണ്ടാണ് അത് എങ്ങോട്ടുപോയെന്ന് കണ്ടുപിടിക്കാന്‍ സമിതിയെ നിയമിച്ചത്. പിന്നെ ബിജെപിയുടെ ഭരണകാലത്ത് 'തെഹല്‍ക' ഭരണനേതൃത്വത്തിന്റെ അഴിമതി പുറത്തുകൊണ്ടുവന്നു. ബിജെപി അന്ന് ജെപിസി അനുവദിച്ചില്ല. ഇന്ന് പ്രതിപക്ഷമാകയാല്‍ അതിനുവേണ്ടി വാദിക്കുന്നു. ഇതിന് ഒരു പൂര്‍വാപര വൈരുധ്യവുമില്ല. ഉണ്ടെന്ന് പറയുന്നവര്‍ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ മനോഭാവമായിരിക്കില്ല എന്ന് മറന്നുകളയുന്നു. അതുപറഞ്ഞ്, ഭരണപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും ഘടകകക്ഷികളും ജെപിസി അനുവദിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല. ജെപിസിക്ക് അപ്പുറത്ത് ഒരു അന്വേഷണസമിതിയും ഇല്ലാത്തതുകൊണ്ട് ജെപിസികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കയാണ്.
ഗവണ്‍മെന്റ് ജെപിസി വഴി സത്യം പുറത്താവുമോയെന്ന് ഭയക്കുന്നുണ്ടെന്ന് നിരന്തരനിഷേധംകൊണ്ട് തെളിഞ്ഞുവരികയാണ്. കുറ്റം ചെയ്തിരിക്കുന്നുവെന്ന് ജെപിസി രൂപീകരിക്കുന്നതിനുമുമ്പുതന്നെ അവര്‍ സമ്മതിച്ചതുപോലെയുണ്ട് ഇപ്പോഴത്തെ പാര്‍ലമെന്റ് സ്തംഭനം. ഈ തടസ്സനയംകൊണ്ട് എന്താണവര്‍ നേടാമെന്ന് കരുതുന്നത്? ഒന്നും നേടാനില്ല. നേടുന്നുണ്ടെങ്കില്‍, അത് അവിശ്വാസവും കളവുനടന്നിട്ടുണ്ടെന്ന ഉറപ്പിക്കലും മാത്രമാണ്. സമിതി രൂപീകരിച്ച് അന്തിമാവസ്ഥ നിഷ്ഫലമായാല്‍പ്പോലും ഗവണ്‍മെന്റിന് മുറിവേല്‍ക്കില്ല. പക്ഷേ, നിഷേധിക്കുന്ന നയം ആത്യന്തികമായി അവരെ കുരിശിലേറ്റുകതന്നെ ചെയ്യും.
സ്പെക്ട്രം അഴിമതിയുടെ അന്വേഷണത്തിന് സംപാസ വേണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് നേതൃത്വവും കൂട്ടുകക്ഷികളും തുക വലുതായതുകൊണ്ട് വലിയ സമിതിവേണ്ട, ചെറുതുമതി എന്നാണോ വാദിക്കുന്നത്. തുക ഭീമമാകയാല്‍ അന്വേഷണസമിതിയും അതിഭീമമാകണം. പ്രണബ് മുഖര്‍ജി ബുദ്ധിമാനാണ് താനെന്ന് തെളിയിക്കാന്‍ വാദിച്ച് വാദിച്ച് ഒടുവില്‍ സ്വയം വിഡ്ഢിയായി അഭിഷേകംചെയ്യപ്പെട്ടു. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും കേമനായ ഭരണഘടനാവിശുദ്ധനാണ് താന്‍ എന്ന് വരുത്തുന്നതിനാണോ ജെപിസി ഒന്നുമതിയല്ലോ രണ്ടെന്തിനാണ് എന്ന ചോദ്യവുമായി ആള്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതുകേട്ട് സര്‍വ എംപിമാരും അന്തംവിട്ടിരിക്കണം. ഒന്നുതന്നെ ആയിട്ടില്ല. അപ്പോഴാണ് ധനകാര്യസചിവന്‍ ചോദിക്കുന്നത്. രണ്ടെണ്ണം എന്തിനെന്ന്. ഏതാണ് ആദ്യത്തെ ജെപിസി? ധനമന്ത്രി പറയുന്നത്, പിഎസിയും ജെപിസി ആണെന്നാണ്. പിഎസി എന്ന പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയില്‍ ഇരുസഭകളില്‍നിന്നും അംഗങ്ങളുള്ളതുകൊണ്ട് അതിന് ജെപിസിയുടെ സ്ഥാനം കിട്ടില്ല. സംപാ സമിതിക്ക് വലിയ അധികാരങ്ങളുണ്ട്- പ്രധാനമന്ത്രിയെ ചോദ്യംചെയ്യാന്‍പോലും. രാജയുടെ അഴിമതിയില്‍ പ്രധാനമന്ത്രിയും ചോദ്യം ചെയ്യപ്പെടേണ്ടിവന്നേക്കാം. പിഎസിക്ക് പ്രധാനമന്ത്രിയെ സാക്ഷിയായി വിളിപ്പിക്കാനാവില്ല, ഈ കേസില്‍ അത് വേണ്ടിവന്നേക്കും. അത്തരം അധികാരപ്രശ്നങ്ങള്‍ മൂലമാണ് ജെപിസിതന്നെ വേണമെന്നു പറയുന്നത്.
സിബിഐയും കേന്ദ്ര വിജിലന്‍സ് കമീഷനും ഒന്നുംപോരാ ഈ ബ്രഹ്മാണ്ഡതുല്യമായ അഴിമതിയില്‍ തീര്‍പ്പുണ്ടാക്കാന്‍. സംസ്ഥാനങ്ങളിലെ കുറ്റം അന്വേഷിക്കാന്‍പോലും പ്രാഗത്ഭ്യമില്ലാത്ത ഒരു ഏജന്‍സിയാണ് സിബിഐ എന്ന് പല തവണ തെളിയിച്ചതാണ്. ഇപ്പോള്‍ സുപ്രീംകോടതിയും കഴിവുകേടിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയല്ലോ. വിജിലന്‍സ് കമീഷന്റെ ഇപ്പോഴത്തെ ഡയറക്ടറായി നിയമിതനായ കേരളീയനായ തോമസ് നേരത്തെ വാര്‍ത്താവിനിമയവകുപ്പിലെ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെവച്ചുകൊണ്ട് വാര്‍ത്താവിനിമയവകുപ്പിനെതിരെ അന്വേഷണം നടത്താനാവില്ലല്ലോ.
ഒരൊറ്റ അന്വേഷണസ്ഥാപനത്തിനുമാത്രമേ ഈ ഭയങ്കരപ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂ. രാവണനെ വധിക്കാന്‍ രാമന്‍ വേണം. അത് അനിവാര്യതയാകുന്നതുപോലെയാണ് സ്പെക്ട്രം കുംഭകോണത്തിന്റെ ചുരുളഴിക്കാന്‍ ജെപിസിതന്നെ വേണമെന്ന വാദം. ഈ തര്‍ക്കകലാപത്തിനിടയില്‍ നഷ്ടപ്പെടുന്നത് പാര്‍ലമെന്റിന്റെ ചൈതന്യമാണ്. പാര്‍ലമെന്റിന്റെ അവിഭാജ്യഘടകങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും. പക്ഷേ, പാര്‍ലമെന്റുകൊണ്ട് കാര്യം നേടേണ്ട ഉത്തരവാദിത്തമുള്ള കക്ഷി പ്രതിപക്ഷമല്ല, ഭരണപക്ഷമാണ്. പാര്‍ലമെന്റ് നിയമനിര്‍മാണസഭയാണല്ലോ. നിയമങ്ങള്‍ നിര്‍മിക്കേണ്ട ആവശ്യം ഭരണപക്ഷത്തിന്റേതാണ്. ആ ജോലി സ്വയം നഷ്ടപ്പെടുത്തുന്ന നടപടിയായിപ്പോയി ഭരണപക്ഷത്തിന്റെ സ്തംഭനവാദം. സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷത്തേക്കാള്‍ കടപ്പാടുള്ളത് ഭരണകര്‍ത്താക്കള്‍ക്കാണ്. ജനങ്ങളോടുള്ള കര്‍ത്തവ്യം വിസ്മരിച്ച് എതിര്‍പക്ഷത്തിന്റെ ശൈലി അവര്‍ അനുകരിച്ചാല്‍, എല്ലാം കാണുന്ന ജനതയുടെ തൃതീയനേത്രം അവരെ പ്രതിപക്ഷത്ത് ഇരുത്തിക്കൂടായ്കയില്ല. പാര്‍ലമെന്റ് സ്തംഭനം ഭരണപക്ഷത്തിന് ആത്മഹത്യക്ക് തുല്യമാണ്. ഇതൊന്നും ചിന്തിക്കാതെയോ അറിയാതെയോ ജനങ്ങളോടുള്ള കടപ്പാട് പ്രതിപക്ഷവുമായുള്ള മത്സരത്തില്‍ മറന്നുപോയ ഒരു ഭരണപക്ഷം രാജ്യത്ത് ഭരണത്തിന്റെ കടമകള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ സ്വയം നിഷേധിച്ചിരിക്കയാണ്. ഇത്തരക്കാരെ ഭരണച്ചുമതല ഏല്‍പ്പിച്ചത് തെറ്റായിപ്പോയി എന്ന് അവരില്‍ തോന്നലുണ്ടാക്കാന്‍ ഭരണപക്ഷം കിണഞ്ഞുശ്രമിക്കുകയാണെന്ന് തോന്നിപ്പോകുന്നു.
പിന്നെ, ഇന്ത്യയിലുണ്ടായ ഹിമാലയന്‍ അഴിമതിയുടെ സത്യം കണ്ടെത്താന്‍ സംപാസ ആണ് ഏറ്റവും പറ്റിയതെന്ന് പാര്‍ലമെന്റിലെ ആര് ചൂണ്ടിക്കാണിച്ചാലും അത് സ്വീകരിക്കേണ്ട കടമ ഭരണത്തിലുള്ളവര്‍ക്ക് ഉണ്ട്. പക്ഷേ, ജനങ്ങളോട് കടപ്പാടുള്ള ഭരണപക്ഷം ആരോടും കടപ്പാടില്ലാത്ത ഒരു നിരുത്തരവാദസംഘത്തെപ്പോലെ പെരുമാറിയാല്‍ കൂലി വരമ്പത്ത് കൊടുക്കേണ്ടിവരുമെന്ന് അവരെ ഓര്‍മപ്പെടുത്തിക്കൊള്ളട്ടെ!
സ്പെക്ട്രം അഴിമതിയില്‍ സത്യാവസ്ഥ എന്തെന്ന് അറിയേണ്ട ചുമതല പ്രതിപക്ഷത്തിന്റേതു മാത്രമാണെന്ന് തോന്നിപ്പോകും യുപിഎ ഗവണ്‍മെന്റിന്റെ അഭ്യാസങ്ങള്‍ കണ്ടാല്‍. ഈ ബുദ്ധിശൂന്യമായ നിലപാടുമൂലമാണ് കളവില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ഊഹിക്കാന്‍ അവസരം ഉണ്ടാകുന്നത്. രാഷ്ട്രത്തിന്റെ അഥവാ ജനതയുടെ ധനമാണ് ഏതോ വമ്പന്‍ കുബേരന്മാരുടെ പണപ്പെട്ടിയിലേക്ക് എത്തിയിരിക്കുന്നത്. ജെപിസിയെന്നല്ല, അതിനപ്പുറത്തും സത്യസ്ഥാപനത്തിന് വല്ല ദിവ്യ സംഘവുമുണ്ടെങ്കില്‍ അതും യാഥാര്‍ഥ്യം കണ്ടുപിടിക്കാന്‍ വരട്ടെ എന്ന് പറയാനുള്ള ധീരത കോണ്‍ഗ്രസിനും കൂട്ടുകാര്‍ക്കും ഉണ്ടാവേണ്ടതായിരുന്നു. പകരം സത്യത്തെ ഭയപ്പെടുന്നവരെപ്പോലെ 'അന്വേഷണം വേണ്ടേ വേണ്ട' എന്ന് നിലവിളിക്കുന്ന ഒരു മുന്നണിയുടെ ദയനീയമായ രൂപമാണ് നമ്മുടെ മുന്നില്‍ അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പെരുംകളവിന്റെ കളിയാട്ടത്തിന് യവനിക പിടിച്ചുകൊടുത്ത രാജയെ രാജിയില്‍നിന്ന് രക്ഷിക്കാന്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ആകാവുന്ന കാലത്തിന്റെ പരമാവധിയോളം ശ്രമിച്ചല്ലോ. എന്നിട്ടെന്തായി? രാജയുടെ അലംഘനീയമായ പുറത്തുപോക്ക് ഒടുവില്‍ നടന്നു. അത്രയും നടന്നുകഴിഞ്ഞ നിലയ്ക്ക് ഇനി അന്വേഷണകാര്യത്തില്‍ ദുര്‍വാശി പിടിക്കുന്നത് ഗവണ്‍മെന്റിന് ഭൂഷണമല്ല. ഇക്കാര്യത്തിലും അവസാനം കീഴടങ്ങേണ്ടിവരും. കീഴടങ്ങില്ല എന്ന് വീമ്പിളക്കി ഗതികെട്ട് കീഴടങ്ങേണ്ടി വരുന്നതിലും എത്ര അന്തസ്സുള്ളതാണ് നേരത്തേതന്നെ സമ്മതംമൂളുന്നത്. ആനയെ വിറ്റ മുതലാളി പിന്നെ ആനയുടെ തോട്ടി കൊടുക്കാന്‍ മടിക്കുന്നതുകൊണ്ട് എന്തു ഫലം? നാണംകെടുകയല്ലാതെ!
ഒരു കാലത്ത് സത്യസന്ധരായ മഹാനേതാക്കളുടെ ധീരസംഘടനയെന്ന് പുകള്‍പെറ്റ കോണ്‍ഗ്രസ് ഇന്ന് എന്തും കട്ടുതിന്നുന്ന മൂഷികന്മാര്‍ക്കൊപ്പം മാളങ്ങളില്‍ ഒളിച്ചുകഴിയേണ്ടിവന്നതോര്‍ക്കാന്‍ വയ്യ. പരലോകത്തെങ്ങോ കഴിയുന്ന ഗാന്ധിജിയും നെഹ്റുവും പട്ടേലും ആസാദും മറ്റും സ്വര്‍ഗത്തില്‍ ഹൃദയംപൊട്ടി മരിക്കാമെങ്കില്‍, ഈ സംഭവംകണ്ട് ഹൃദയം നുറുങ്ങി വീണുകിടക്കുന്നുണ്ടാവുമെന്ന് പഴയ കോണ്‍ഗ്രസിന്റെ അപദാനങ്ങള്‍ നിശ്ചയമുള്ള ഞങ്ങളെപ്പോലുള്ളവര്‍ക്ക് തോന്നിപ്പോകുന്നു.
ഈ കുംഭകോണ രാജാവിനെ പിടിച്ചുകെട്ടി കുഴിച്ചുമൂടിയില്ലെങ്കില്‍ അടുത്തുതന്നെ ഇതിനെയും വലുപ്പത്തിലും കടുപ്പത്തിലും തോല്‍പ്പിക്കുന്ന അതുല്യമോഷണങ്ങള്‍ ഇനിയും സംഭവിക്കാനിടയുണ്ട്. ഭാവിയുടെ ഭദ്രതയെ സ്പര്‍ശിക്കുന്ന ഇത്തരം ചിന്തകളെക്കൊണ്ട് വിഷമം തോന്നാത്ത ഒരു മനസ്സാണ് ഇന്നത്തെ യുപിഎ ഭരണത്തിനുള്ളത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. 'ഇന്ന് ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണം, നാളത്തെ കാര്യം അന്നുള്ളവര്‍ നോക്കട്ടെ' എന്ന ഏറ്റവും ചീത്തയായ മനഃസ്ഥിതിയാണ് ഇവര്‍ക്കുള്ളതെന്ന് നാം മനസിലാക്കുന്നു. ഇപ്പോള്‍ തുടര്‍ന്നുവരുന്ന ഭരണസ്തംഭനത്തിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകാനാണ് ഈ ഗവണ്‍മെന്റ് (എന്നു പറയാമോ?) തീരുമാനിക്കുന്നതെങ്കില്‍ സ്വാതന്ത്യ്രാനന്തരമുള്ള ഇന്ത്യ കണ്ട ഏറ്റവും കളങ്കിതമായ ഭരണകൂടം ഇതായിരിക്കും. നല്ലവഴിക്ക് ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്ക് ചീത്ത വഴിക്കേ അവിടെ സ്ഥാനം പിടിക്കാന്‍ കഴിയുകയുള്ളൂ. ചരിത്രദേവത ലജ്ജിക്കില്ലേ ഇത്തരക്കാരുടെ നിഴല്‍ ആ സന്നിധാനത്തെ മലീമസമാക്കിക്കൊണ്ടിരിക്കുമ്പോള്‍? ഇവര്‍ ചരിത്രമല്ല, 'എതിര്‍ചരിത്ര'മാണ് സൃഷ്ടിക്കുന്നത്.
*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 09 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:
'സംപാസയോ? പിടികിട്ടുന്നില്ലല്ലോ' എന്ന വായനക്കാരുടെ ആത്മഗതം എനിക്ക് കേള്‍ക്കാം. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വിഷയമാണ് അത്. നമ്മുടെ ജനാധിപത്യരാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രവര്‍ത്തനരഹിതമായി സ്തംഭിച്ചുനില്‍ക്കുകയാണല്ലോ. പ്രതിപക്ഷങ്ങള്‍ ഏകോപിച്ച് ഉയര്‍ത്തിയ ആവശ്യത്തെ തൃണവല്‍ഗണിക്കുന്ന ഒരു ഗവണ്‍മെന്റ് 'ദശാബ്ദങ്ങളിലെ അഴിമതി' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ധനദുര്‍വിനിയോഗപരിപാടി പരിശോധിക്കാന്‍ പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ അനുവാദം നല്‍കാതെ സഭാസ്തംഭനം തുടരാനുള്ള സാഹചര്യം നിലനിര്‍ത്തിയിരിക്കയാണ്. ഇവര്‍ ആവശ്യപ്പെടുന്നതും ഗവണ്‍മെന്റ് തടഞ്ഞുനിര്‍ത്തുന്നതും ആയ കമ്മിറ്റിയാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി. അതിന്റെ മലയാളം സംയുക്ത പാര്‍ലമെന്റ് സമിതി എന്ന്. അതിന്റെ ചുരുക്കമാണ് സംപാസ. ജെപിസി എന്ന് ഇംഗ്ളീഷില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് സംപാ സമിതി ആയിക്കൂടാ?
Post a Comment