Wednesday, October 13, 2010

പിന്നേം നളചരിതം

നിഷാദവും കുണ്ഡിനപുരവും മലപ്പുറത്താണോന്ന് ഒരു ശങ്ക. എന്നാലും ഈയിടെ നളചരിതം കളി അവിടെ തകര്‍ത്തു.

ചെണ്ടയും മദ്ദളവും കലാമണ്ഡലത്തില്‍നിന്ന് വരാന്‍ വൈകിയതിനാല്‍ പറയച്ചെണ്ട കൊട്ടി പശ്ചാത്തലം കൊഴുപ്പിച്ചു.

കുണ്ഡിനപുരിയില്‍ തുണിക്കച്ചോടമായിരുന്നു ദമയന്തിക്ക്. ഒരു മീറ്ററിന് മറ്റൊരു മീറ്റര്‍ ഫ്രീ കൊടുത്ത് കച്ചോടം കസറി.

സില്‍ക്കിന്റെ കുപ്പായത്തിന് തുണിയെടുക്കാന്‍ വന്നതാണ് നളന്‍. മുറിമീശക്കാരന്‍.

ഒന്നേ നോക്കിയൊള്ളു.. ന്തൊരു ചേല്..!

പെരുത്തുകയറി ദമയന്തിക്ക്. കാല്‍നഖംകൊണ്ട് ഒരു വരവരച്ച് തല്‍ക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചു.

പീടികേല് നളന്‍ കയറിയതോടെ അന്തരീക്ഷം സുഗന്ധപൂരിതമായി. ദമയന്തിക്ക് പിന്നേം ഒരു നാണം വന്നു. കുപ്പായത്തിന്റെ അളവും ചോദിച്ച് ദമയന്തി തിരിഞ്ഞുനിന്നപ്പോള്‍ പീടിക സാമ്യമകന്നോരുദ്യാനമായി. നന്ദനവനമായി.

തുണീം വാങ്ങി നളന്‍ കടയില്‍നിന്നിറങ്ങിപ്പോയെങ്കിലും ദമയന്തിയുടെ മനസ്സില്‍നിന്നിറങ്ങിപ്പോയില്ല.

നളനും ണ്ടായി ലേശം പ്രശ്നം. ദര്‍ഭമുനകൊണ്ട് പുള്ളിക്കാരനും തിരിഞ്ഞുനോക്കി ഒരു മൂന്നുവട്ടം.

നിഷാദ ഹൌസില്‍ തിരിച്ചെത്തിയ നളന് നിദ്ര വന്നില്ല. ദമയന്തിക്കും തഥൈവ. നെയ്ച്ചോറും കോഴിച്ചാപ്സും മൂന്നുവട്ടം പൂശിയിട്ടും ഉറങ്ങിയതില്ല ഇരുവരും തെല്ലും. തിരിഞ്ഞും മറിഞ്ഞും യൌവനം പാഴാകുമല്ലോ എന്നു കരുതിയപ്പോള്‍ ഏകോപനസമിതിയില്‍ നിന്നും ഹംസം വന്നു.

നളന്‍ കാലു പിടിച്ചു.

'പ്രിയ മാനസാ നീ പോയ് വരേണം
പ്രിയയോടെന്‍ വാര്‍ത്തകള്‍ ചൊല്‍വാന്‍..'

ഹംസം തുണിപ്പീടികയിലെത്തി. കച്ചോടത്തിന്റെ തിരക്കിലാണ് ദമയന്തി. കണ്ണുവെട്ടിച്ചേ പറ്റു. ഹംസം ഒരു ചുരിദാറുമെടുത്ത് പുറത്തേക്ക് ചാടി. 'എന്റെ ചുരിദാര്‍' എന്ന് വിളിച്ചു ദമയന്തി പുറത്തേക്ക്. ഹംസം പിന്നേം ചാടി. അടുത്തത് ദമയന്തി.

അങ്ങനെ ഒന്നിടവിട്ട് ചാടി. തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ കളി തുടര്‍ന്നു.

ഹംസം കളിയാക്കി.

'അംഗനമാര്‍ മൌലേ ബാലേ
ആശയെന്തയിതേ
എങ്ങനെ പിടിക്കുന്നു,
നീ ഗഗനചാരിയാമെന്നെ..'

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഹംസം ചുരിദാര്‍ തിരിച്ചുകൊടുത്ത് ചമ്പ താളത്തില്‍ പന്തുവരാളിയില്‍ ആടി.

'ഇന്നലെ വന്ന മുറിമീശക്കാരനെ നീ കണ്ടുവോ ദമയന്തി'

'കണ്ട് കൊതി തീരുംമുമ്പ് അവന്‍ ഇറങ്ങിപ്പോയി ഹംസമേ'' '

കടയില്‍ നിന്നല്ലേ ഇറങ്ങിയത് കരളില്‍നിന്നല്ലല്ലോ'

ആ ഗന്ധം, ആ രൂപം, ആ ശബ്ദം.. എങ്ങനെ ഞാന്‍ മറക്കേണ്ടൂ.. ദേവകന്യകള്‍ പോലും മോഹിച്ചുപോകുന്ന മോഹനാംഗന്‍..

അതോടെ വിരഹവേദന ബാധിച്ച് ദമയന്തി 'ഊണിന്നാസ്ഥ കുറഞ്ഞു' എന്ന പദം ആടി.

ഹംസം ദമയന്തിയോട് ചേര്‍ന്നിരുന്നു.

'നീ മനസ്സില്‍ താലോലിക്കുന്നവന്‍ നിന്നെ കാണാന്‍ ഉടുത്തൊരുങ്ങി വരും. മൊഞ്ചുള്ളവന്‍. സ്വയംവരത്തിനൊരുങ്ങൂ

ദമയന്തീ.'

ഒരു സ്വപ്നക്കീറായി ഹംസം പറന്നു.

ഖത്തര്‍ എയര്‍വെയ്സ് വിമാനംപോലെ ഹംസം മേഘങ്ങള്‍ക്കിടയിലൊളിച്ചു.

ലൊക്കേഷനില്‍ അസ്വസ്ഥനായി ഉലാത്തുന്ന നളന്റെ മുന്നില്‍ ഹംസം എത്തി.

'പറയൂ, ഫലിച്ചോ നിന്റെ ദൌത്യം ?'

ഹംസത്തിന് ചിരി വന്നു.

'ഏത് ദൌത്യമാണ് ഈ ഹംസത്തിന്റെ കൈയില്‍നിന്ന് പാളിപ്പോയത് ?'

വിസ്തരിക്കാതെ ഹംസമേ. ഇടനെഞ്ചിടറുന്നു. പറയൂ, അവള്‍ കുണ്ഡിനപുരിയിലെ കരിങ്കുവളപ്പൂ എന്തുപറഞ്ഞു.

'നീലോല്‍പ്പലമിഴി പറഞ്ഞത്...'.. എന്ന് പറഞ്ഞ് ഹംസം പറയാതെ നിന്നു.

'ഹൃദയം നിലയ്ക്കുന്നു, പരിതോഷം ഏറുന്നു. പറയൂ പതംഗമേ...'

ചെണ്ട, മദ്ദളം, ചേങ്കില എന്നിവ ഒന്നിച്ചു മുഴങ്ങി. ആട്ടവിളക്കിലെ തീ പകര്‍ന്നാടി.

'ഞാന്‍ ചെല്ലുമ്പോള്‍ കുണ്ഡിനപുരിയിലെ ആ മറിമാന്‍കണ്ണി ഏകയായി വിലപിക്കുകയാണ്. '

'മുല്ലമൊട്ട് കരയുന്നുവെന്നോ! എന്തിനാ ആ പങ്കജവല്ലി വിലപിച്ചത് ?'

'അവളുടെ ഹൃദയം ആരോ കവര്‍ന്നെന്ന്.'

'ആരവന്‍?'

'കൊണ്ടുപോയ ചോരന്‍ നീ, നീചസുന്ദരന്‍ നീ. തവാന്തികേ വരാന്‍ തവമനം കേഴുന്നു.

'ഇറങ്ങിവരുമോ അവള്‍ ?'

'എന്തുമുപേക്ഷിച്ച്'

'സ്ഥാനമാനങ്ങള്‍?'

'അതിലാര്‍ത്തിയില്ല,'

കാരണം?

'പിടിച്ചതിലും വലുത് അളയിലുണ്ട് '

അത്യാഹ്ളാദംപൂണ്ട നളന്‍ ഹംസത്തിനെ അത്താഴത്തിന് ക്ഷണിച്ചു. ബിരിയാണി തിന്ന് ഹംസം കൈ മണത്തു. ഏലക്കയും ഗ്രാമ്പൂവും വെള്ളുള്ളിയും ചേര്‍ന്ന മണം. നിര്‍ണായക ഭക്ഷണമായി അത്. കേരള രാഷ്ട്രീയത്തിന്റെ ഗതി തിരിച്ച ബിരിയാണിയായി അതെന്ന് നിരീക്ഷകര്‍ വിലയിരുത്തി.കൈയൊന്നാഞ്ഞുവലിച്ച് ഹംസം പറഞ്ഞു.

'ഇനി തിരുമണം'

നളന് മനസിലായില്ല.

'ജ്ജ് മലയാളത്തീ പറയടാ'

'ഓന്റെ നിക്കാഹ്, സ്വയംവരം'

കുണ്ഡിനപുരി സ്വയംവരത്തിനൊരുങ്ങി. വീഥികള്‍ പുഷ്പാലംകൃതം, ശബളകമ്പളം. ട്യൂബ്ലൈറ്റുകള്‍ പെട്രോമാക്സുകള്‍. ഉച്ചഭാഷിണിയില്‍ പുലരുംവരെ കെസ് പാട്ട്, വാതില്‍ തുറ പാട്ട്... 'മങ്കതങ്കും മണിയറയില്‍ മണവാളന്‍ കതകടച്ചു...'

മൈലാഞ്ചിക്കൈകള്‍ താളമിട്ടു. കുപ്പിവളകള്‍ പുന്നാരം ചൊല്ലി. സുറുമയിട്ട മിഴികളില്‍ ഓളംതല്ലി. ഏഴാം സുബര്‍ക്കത്തീന്നൊരു കോള് വരുന്നു...

ചെക്കനും കൂട്ടരും കല്യാണപ്പന്തലിലെത്തി. പരികര്‍മികള്‍, പുജാരികള്‍ റെഡി. ഹൈക്കമാന്‍ഡില്‍നിന്ന് ക്ഷണിതാക്കളെത്തി.

ക്ഷണിക്കാതെ വരുന്നവര്‍ക്കും അത്താഴപ്പഷ്ണി മാറ്റാന്‍ ഒരില മാറ്റിവച്ചു.

കൊട്ട്, കുരവ, ആര്‍പ്പ്, സിന്ദാബാദ് വിളികള്‍ക്കിടയില്‍ പെണ്ണിറങ്ങി.

നളന്‍ ഞെട്ടിപ്പോയി.

സ്വയംവരം മറിച്ചിട്ടപോലെ!.

ഒന്നല്ല, ഒരേപോലെ പെണ്ണ് നാല്.

ഒന്നിനും വ്യത്യാസമില്ല.

'ദ് ന്തൊരു പുകില്...!

നളന്‍ പിന്നെ അമാന്തിച്ചില്ല. നാലിനും മാലയിട്ട് മുന്നണിയിലെടുത്തു.

ആകാശത്തുനിന്നും ആദര്‍ശശാലികള്‍ അശ്രുക്കള്‍ പൊഴിച്ചു.

ഈ നാലു പെണ്ണുങ്ങള്‍ കാലദേശവ്യത്യാസമനുസരിച്ച് അലി, അബ്ദുള്ളക്കുട്ടി, ശിവരാമന്‍, മനോജ് എന്നീ പേരുകളില്‍ ആസേതുഹിമാചലം അറിയപ്പെട്ടു.

*****

വരരുചി, കടപ്പാട് : ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നളന്‍ ഞെട്ടിപ്പോയി.

സ്വയംവരം മറിച്ചിട്ടപോലെ!.

ഒന്നല്ല, ഒരേപോലെ പെണ്ണ് നാല്.

ഒന്നിനും വ്യത്യാസമില്ല.

'ദ് ന്തൊരു പുകില്...!

നളന്‍ പിന്നെ അമാന്തിച്ചില്ല. നാലിനും മാലയിട്ട് മുന്നണിയിലെടുത്തു.

ആകാശത്തുനിന്നും ആദര്‍ശശാലികള്‍ അശ്രുക്കള്‍ പൊഴിച്ചു.

Baiju Elikkattoor said...

"ഈ നാലു പെണ്ണുങ്ങള്‍ കാലദേശവ്യത്യാസമനുസരിച്ച് അലി, അബ്ദുള്ളക്കുട്ടി, ശിവരാമന്‍, മനോജ് എന്നീ പേരുകളില്‍ ആസേതുഹിമാചലം അറിയപ്പെട്ടു."


ഇനി ആരൊക്കെ ആണവോ......?!!!!

chithrakaran:ചിത്രകാരന്‍ said...

ദേശാഭിമാനിയില്‍ ഇത്തരം നളചരിതം എഴുതുന്ന/കളിക്കുന്ന ശ്ശി കളികംബക്കാരും, കലാകാരന്മാരും ഉണ്ടെന്ന് തന്യേണോ നിരീക്കണ്ടത് ?
തൊഴിലാളികളുടെ പേരിലുള്ള പാര്‍ട്ടിയുടെ അവസ്ഥ ലജ്ജാകരം :)