Thursday, May 26, 2011

അമേരിക്കയുടെ കടബാധ്യത

സ്റ്റേറ്റിന്റെ ആകെ ചെലവ് അതിന്റെ വരുമാനത്തേക്കാള്‍ കൂടിയാല്‍ ആ സ്ഥിതിയെ ഫിസ്‌ക്കല്‍ കമ്മി എന്ന് വിളിക്കാം. കമ്മി നികത്താന്‍ സ്റ്റേറ്റ് വായ്പകളെടുക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം വായ്പകളെടുക്കുന്നതിന് ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും സ്റ്റാറ്റിയൂട്ടറി പരിധിയാണ്. സ്റ്റേറ്റിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് ഇതൊരു പേടിസ്വപ്നമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഭരണകൂടം ഈ പേടിസ്വപ്നം മൂലം അസ്വസ്ഥത കാട്ടിത്തുടങ്ങി. മെയ് 16 ന് അമേരിക്കയുടെ ഫെഡറല്‍ വായ്പകളുണ്ടാക്കിയ ബാധ്യത 14.3 ട്രില്യണ്‍ ഡോളര്‍ എത്തി. ഇത് ഏതാണ്ട് അമേരിക്കയുടെ ആകെ ജി ഡി പിയുടെ തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. വിശദമായ കണക്കുകള്‍ ഇപ്പോള്‍ വിദഗ്ദ്ധ പരിശോധനയിലാണ്. ബാധ്യത പരിധി കവിയാന്‍ പോകുന്നതുകൊണ്ട് ചില കടുത്ത നടപടികള്‍ പ്രസിഡന്റ് ഒബാമ എടുത്തേക്കും. അതിലൊന്ന് ഫെഡറല്‍ പെന്‍ഷന്‍ ഫണ്ടിന് നീക്കിവയ്ക്കുന്ന തുക വെട്ടിച്ചുരുക്കുകയാണ്. സാമൂഹ്യസുരക്ഷാ ഫണ്ടിനും തുക വെട്ടിച്ചുരുക്കിയേക്കും. ഈ നടപടികളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാവിഷയമാണ്.

1917 ലെ രണ്ടാം ലിബര്‍ട്ടി ബോണ്ട് നിയമമാണ് ആദ്യമായി ഫെഡറല്‍ പൊതുക്കടത്തിന് പരിധി നിര്‍ണയിച്ചത്. 1920 കളിലും 1930 കളിലും പരിധി കാലാനുസൃതമായി ഉയര്‍ത്തിയത് ഒന്നാം ലോക മഹായുദ്ധത്തിന്റെയും ആഗോള വ്യാപാര-സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലുമാണ്. 1980 കളില്‍ പ്രസിഡന്റ് റീഗന്റെയും പിന്നീട് ബുഷിന്റെയും ഭരണകാലത്ത് ഫെഡറല്‍ കടം വര്‍ധിച്ചുകൊണ്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തും കടം ജി ഡി പിയോടെത്തിനിന്നു. എന്നാലിടവിട്ടിടവിട്ട് അത് ചിലയവസരങ്ങളില്‍ കുറയാന്‍ കാരണം ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറച്ചപ്പോഴായിരുന്നു. മിച്ച ബജറ്റുകളുണ്ടായപ്പോള്‍ മാത്രം. എന്നാല്‍ 2008 കാലത്ത് ഉണ്ടായ ഫൈനാന്‍ഷ്യല്‍ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും വീണ്ടും ഫെഡറല്‍ ബാധ്യതകളെ ഉയര്‍ത്തി. തകര്‍ച്ച നേരിട്ട ഫൈനാന്‍ഷ്യല്‍-പണമിടപാട് സ്ഥാപനങ്ങളെ രക്ഷിച്ച് കരകയറ്റാന്‍ ഫെഡറല്‍ ബജറ്റില്‍ നിന്നാണ് വാരിക്കോരി പണമിറക്കിയത്. ഫെഡറല്‍ ഭരണകൂടത്തിന്റെ ബാധ്യതകള്‍ക്ക് പുറമെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുടെ ബാധ്യതകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബാധ്യതകളും കൂടികൂട്ടിയാല്‍ ആകെ ബാധ്യതകള്‍ അമേരിക്കന്‍ ജി ഡി പിയുടെ ഇരട്ടി (200%) ആകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഫെഡറല്‍ ബാധ്യതകള്‍ വര്‍ധിക്കുന്നതിന് ഭരണകൂടം കാലാകാലങ്ങളിലെടുത്ത നയപരിപാടികള്‍ കാരണമായിട്ടുണ്ട്. കമ്മി ബജറ്റുകള്‍ ഉണ്ടാകുന്നത് ചെലവുകള്‍ കൂടിയിട്ടാവാം, അല്ലെങ്കില്‍ നികുതി-നികുതിയേതര വരുമാനം പോരാത്തതുകൊണ്ടാകാം. വോട്ടുകള്‍ പ്രതീക്ഷിച്ച് നികുതി നിരക്കു കുറയ്ക്കുന്ന നടപടിയുണ്ടായിട്ടുണ്ട്. ബുഷിന്റെ ഭരണകാലത്ത് ഇത് പതിവായിരുന്നു. പ്രതിരോധ വകുപ്പിന്റെ ചെലവുകള്‍ മറ്റൊരു കാരണമാണ്. ഒസാമയെ വേട്ടയാടാനും മധ്യഏഷ്യയിലും ആഫ്രിക്കയിലും ''ജനാധിപത്യസംരക്ഷണത്തിന്റെ പേരില്‍'' യുദ്ധയിടപെടലുകള്‍ നടത്തുന്നതിനും കടമെടുത്ത് ചെലവുകള്‍ അമേരിക്ക നടത്തുകയാണ്. സാമ്പത്തിക ഉത്തേജന പാക്കേജിനും 2008-2010 കാലത്ത് വളരെയേറെ പണം ചെലവാക്കി. കണക്കുകള്‍ പരിശോധിച്ചാല്‍ സാമൂഹ്യസുരക്ഷയ്ക്ക് ചെലവാക്കിയ തുകയല്ല ഫെഡറല്‍ ബാധ്യതകള്‍ ഉയര്‍ത്താന്‍ കാരണം എന്ന് വ്യക്തം.

ഫെഡറല്‍ ബാധ്യതകള്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ ഏറെയാണ്. അമേരിക്കന്‍ കറന്‍സിയായ ഡോളറാണ് ഏറ്റവും വലിയ വിപത്ത് നേരിടുന്നത്. പല രാജ്യങ്ങളും അവരുടെ ആഭ്യന്തര കറന്‍സികള്‍ ഡോളറിന്റെ മൂല്യവുമായി ബന്ധിച്ചിരിക്കുകയാണ്. ലോക വിപണിയിലെ സ്വര്‍ണലോഹത്തിന്റെ വിലയും അമേരിക്കന്‍ ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെഡറല്‍ ബാധ്യതകള്‍ പണപ്പെരുപ്പം, വിലനിലവാരം, പലിശനിരക്കുകള്‍, സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍, വരുമാന വിതരണം എന്നിവയെ നേരിട്ട് ബാധിക്കുന്നു. പ്രത്യുദ്പാദന മൂലധനത്തിനെയും നിക്ഷേപ പ്രവര്‍ത്തനങ്ങളെയും ഫെഡറല്‍ ബാധ്യതകളുടെ അമിത വളര്‍ച്ച സാരമായി ബാധിക്കും. ആഭ്യന്തര മിച്ച സമ്പാദ്യം തളരും. പലിശനിരക്കുകള്‍ അമിതമായി ഉയരും. ഫിസ്‌ക്കല്‍ മാനേജ്‌മെന്റ് പ്രതിസന്ധിയിലാകും.

ഫെഡറല്‍ ബാധ്യതകള്‍ക്ക് മറ്റൊരു മാനം കൂടിയുണ്ട്, അതുണ്ടാക്കിയേക്കാവുന്ന വിപത്ത് ഭയാനകമാണ്. ഫെഡറല്‍ ബാധ്യതകളുടെയടിസ്ഥാനം ഫെഡറല്‍ ബോണ്ടുകളാണ്. സാധാരണയായി ഈ ബോണ്ടുകള്‍ അമേരിക്കയിലെ തന്നെയുള്ള ധനകാര്യ സ്ഥാപനങ്ങളാണ് വാങ്ങുക. ഫെഡറല്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും ഇത് വാങ്ങും. എന്നാല്‍ കുറെനാളുകളായി പല വിദേശ രാജ്യങ്ങളും അവരുടെ വിദേശ നാണ്യമിച്ചം അമേരിക്കന്‍ ഫെഡറല്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2011 ജനുവരി ആദ്യം ഇത്തരത്തില്‍ മാത്രം 4.45 ട്രില്യണ്‍ ഡോളര്‍ ബാധ്യത നിലവിലുണ്ടായിരുന്നു. ഏത് സമയത്തും അവയുടെ തിരിച്ചടവ് ആവശ്യപ്പെടാം. ഫെഡറല്‍ ബോണ്ടുകളുടെ 26% ചൈനയുടെ കൈയ്യിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചൈന ആവശ്യപ്പെട്ടാല്‍ പണം തിരിച്ച് നല്‍കേണ്ട ബാധ്യത അമേരിക്കന്‍ ഭരണകൂടത്തിനാണ്. ചൈന കഴിഞ്ഞാല്‍ അടുത്ത് നില്‍ക്കുന്നത് ജപ്പാനാണ് (19.6%). അമേരിക്കക്ക് ഔദ്യോഗിക സ്വര്‍ണശേഖരമുണ്ട്. ഏതാണ്ട് 275 ദശലക്ഷം ഔണ്‍സ്, അതിന്റെ മൂല്യം 11.6 ദശലക്ഷം ഡോളര്‍ മാത്രമേ വരുകയുള്ളൂ. പ്രസിഡന്റ് ലിണ്ടന്‍ ജോണ്‍സന്റെ കാലത്താണ് ഡോളറിന്റെ സ്വര്‍ണബന്ധം പൂര്‍ണമായും ഉപേക്ഷിച്ചത്.

അന്ന് മുതല്‍ അമേരിക്കന്‍ ഡോളര്‍ പുര്‍ണമായി നഗ്നമാണ്, അതായത് ഡോളറിന്റെ മൂല്യനിര്‍ണയത്തിന് ഒരു തരത്തിലുമുള്ള കരുതല്‍ ശേഖരവുമില്ല. എന്നാല്‍ അമേരിക്കയുടെ വിദേശ വ്യാപാരത്തില്‍ നിന്നും സ്വരൂപിക്കുന്ന വിദേശനാണ്യശേഖരം ഏതാണ്ട് 133 ബില്യണ്‍ ഡോളര്‍ വരും. ഇതിനു പുറമെയാണ് 65 ബില്യണ്‍ ഡോളര്‍ വരുന്ന സ്റ്റാറ്റജിക്ക് പെട്രോളിയം റിസര്‍വ്. എന്നാല്‍ ഇവയൊക്കെയുണ്ടായാലും ജി ഡി പിയെക്കാള്‍ വലുതായ ഫെഡറല്‍ കടബാധ്യതകള്‍ വലിയ വിപത്താണ് വരുത്തിവയ്ക്കുക.

അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ സെമൂര്‍ ഡ്രസ്റ്റ് സ്ഥാപിച്ച ഒരു ഇലക്‌ട്രോണിക് ബില്‍ ബോര്‍ഡുണ്ട്. അതില്‍ ആകെ ഫെഡറല്‍ ബാധ്യത, പ്രതിശീര്‍ഷ വ്യക്തി-കുടുംബ പങ്ക് എന്നിവ അപ്പോളപ്പോള്‍ വരുന്ന വ്യതിയാനങ്ങളോടെ ആര്‍ക്കും കാണാന്‍ കഴിയും. അമേരിക്കയില്‍ മാത്രമല്ല പൊതുക്കടം ജി ഡി പിയുടെ അത്ര എത്തുന്നത്. ജി ഡി പിയേക്കാള്‍ ഉയര്‍ന്ന പൊതുക്കടം ഉള്ള രാജ്യങ്ങള്‍ ജപ്പാന്‍ (204%), ഗ്രീസ്, ഇറ്റലി (130%) എന്നിവയാണ്. ഫ്രാന്‍സ് (99%), പോര്‍ത്തുഗല്‍ (97%), ഐര്‍ലാണ്ട് (93%), യു കെ (94%) എന്നിവയും തൊട്ടടുത്ത് തന്നെ.

ഏതായാലും പ്രസിഡന്റ് ഒബാമ ഫെഡറല്‍ ബാധ്യതയുടെ പരിധി ഉയര്‍ത്താന്‍ യു എസ് കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിരിക്കയാണ്. ഇതനുവദിച്ചില്ലെങ്കില്‍ സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, സാമൂഹ്യസുരക്ഷയ്ക്ക് നീക്കിവയ്ക്കാനുള്ള തുക എന്നിവയില്‍ വന്‍പിച്ച വെട്ടിക്കുറവ് ചെയ്യേണ്ടിവരും. പലിശയടവുകള്‍ക്കും വിഘാതം ഉണ്ടാക്കും. ഇപ്പറഞ്ഞതൊക്കെ ഇന്ത്യയ്ക്കും അപായസൂചനകളായി എടുക്കാവുന്നതാണ്.


*****


മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍, കടപ്പാട് :ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്റ്റേറ്റിന്റെ ആകെ ചെലവ് അതിന്റെ വരുമാനത്തേക്കാള്‍ കൂടിയാല്‍ ആ സ്ഥിതിയെ ഫിസ്‌ക്കല്‍ കമ്മി എന്ന് വിളിക്കാം. കമ്മി നികത്താന്‍ സ്റ്റേറ്റ് വായ്പകളെടുക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം വായ്പകളെടുക്കുന്നതിന് ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും സ്റ്റാറ്റിയൂട്ടറി പരിധിയാണ്. സ്റ്റേറ്റിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് ഇതൊരു പേടിസ്വപ്നമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഭരണകൂടം ഈ പേടിസ്വപ്നം മൂലം അസ്വസ്ഥത കാട്ടിത്തുടങ്ങി. മെയ് 16 ന് അമേരിക്കയുടെ ഫെഡറല്‍ വായ്പകളുണ്ടാക്കിയ ബാധ്യത 14.3 ട്രില്യണ്‍ ഡോളര്‍ എത്തി. ഇത് ഏതാണ്ട് അമേരിക്കയുടെ ആകെ ജി ഡി പിയുടെ തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. വിശദമായ കണക്കുകള്‍ ഇപ്പോള്‍ വിദഗ്ദ്ധ പരിശോധനയിലാണ്. ബാധ്യത പരിധി കവിയാന്‍ പോകുന്നതുകൊണ്ട് ചില കടുത്ത നടപടികള്‍ പ്രസിഡന്റ് ഒബാമ എടുത്തേക്കും. അതിലൊന്ന് ഫെഡറല്‍ പെന്‍ഷന്‍ ഫണ്ടിന് നീക്കിവയ്ക്കുന്ന തുക വെട്ടിച്ചുരുക്കുകയാണ്. സാമൂഹ്യസുരക്ഷാ ഫണ്ടിനും തുക വെട്ടിച്ചുരുക്കിയേക്കും. ഈ നടപടികളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാവിഷയമാണ്.