14-16 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ദണ്ഡ നീതിയെപ്പറ്റി വി ആര് പരമേശ്വരന്‍പിള്ള (ജീവിതകാലം മുഴുവന്‍ പ്രാചീന ലിഖിതങ്ങള്‍ പഠിക്കാന്‍ വിനിയോഗിച്ച പണ്ഡിതനാണ് അദ്ദേഹം) എഴുതിയപ്പോള്‍ അന്ന് നീതിയുടെ പേരില്‍ നടപ്പാക്കിയിരുന്ന ക്രൂരതകളിലെ വേദനയാണ് പകര്‍ന്നുതന്നത്.
അദ്ദേഹം എഴുതി:
"നാട്ടുകാരായ ഭരണാധിപന്മാരും വിദേശികളായ ഭരണാധിപന്മാരും നടത്തിവന്ന നീതിനിര്‍വഹണരീതി അറിയുമ്പോള്‍ ആരുടെ ഹൃദയവും അത്യധികം വേദനപ്പെടാതിരിക്കയില്ല. ന്യായത്തിന്റെ പേരില്‍ നടത്തിവന്ന ക്രൂരകൃത്യങ്ങള്‍ അനന്തമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ ജാതിക്കും സ്ഥാനമുണ്ടായിരുന്നു. മനുസ്മൃതി, വ്യവഹാരമാല മുതലായവയിലെ വിധികളെയാണ് പ്രാസ്വിപാകന്മാര് പിന്തുടര്ന്നിരുന്നത്.''
വിധികര്‍ത്താക്കള്‍ മുഴുവന്‍ ബ്രാഹ്മണര്‍. അല്ലെങ്കില്‍ അവരുടെ ഹിതംമാത്രം നടപ്പിലാക്കാന്‍ ബദ്ധശ്രദ്ധരായ രാജാക്കന്മാരോ പ്രഭുക്കന്മാരോ.
അവരൊഴികെയുള്ള സാധാരണക്കാരുടെ താല്‍പ്പര്യങ്ങളോ സത്യാവസ്ഥയോ പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് ചുരുക്കം. അന്നത്തെ വിധികള്‍ പരിശോധിച്ചാല്‍ കാണാവുന്ന യാഥാര്‍ഥ്യമാണിത്.
എത്രതന്നെ വലിയ കുറ്റംചെയ്താലും ഈ വിധികര്‍ത്താക്കളുടെ വംശക്കാരെ തൊടാന്‍പോലും നോക്കിയില്ല എന്നത് അന്നത്തെ അവസ്ഥയുടെ ഭീകരമുഖമാണ് കാട്ടിത്തരുന്നത്. ബാര്‍ബോസ കേരളത്തിലെ ശിക്ഷാസമ്പ്രദായങ്ങളെപ്പറ്റി പറയുന്നതിതാണ്:
"പരമ്പരാഗതമായി ആചരിച്ചുവരുന്ന നീതിന്യായ വ്യവസ്ഥകളനുസരിച്ചാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷകള്‍ നല്‍കിയിരുന്നത്. അതിന് പ്രത്യേക ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരേ കുറ്റംതന്നെ വ്യത്യസ്ത മതക്കാരും ജാതിക്കാരും ചെയ്യുന്നതായാല്‍ ശിക്ഷകളുടെ രൂപത്തിന് വ്യത്യാസം വരും. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാള്‍ കളവുകുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഉടന്‍ വധശിക്ഷ ലഭിക്കുകയായി. അവന്റെ ശിരസ് അറുത്ത് കഴുവിന്മേല്‍ പുറംചേര്ത്ത് കുത്തിനിര്‍ത്തി കൈകാലുകള്‍ നാലുകുറ്റികളിന്മേല് വലിച്ച് അകത്തിക്കെട്ടിയിട്ട് തല കഴുവിന്റെ തലയ്ക്കല്‍ കുത്തിനിര്‍ത്തുകയാണ് പതിവ്. ക്രിസ്ത്യാനിയാണ് കുറ്റക്കാരനെങ്കില്‍ കുത്തിക്കൊല്ലുകയാണ് പതിവ്, കഴിവേറ്റില്ല. കണ്ടെടുക്കുന്ന കളവുമുതലിനവകാശി ഉടമസ്ഥനല്ല; കാര്യക്കാരനാണ്. കളവു മുതല്‍ കിട്ടിയിട്ടും കള്ളനെ കിട്ടിയില്ലെങ്കില്‍ ആ മുതല്‍ കുറേക്കാലം സൂക്ഷിച്ചുവെക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ കള്ളനെ പിടിച്ചു ശിക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ കളവുമുതലിന്റെ മുക്കാല്‍ഭാഗം ഉടമസ്ഥന് ഏല്‍പ്പിച്ചുകൊടുക്കും. കാല്‍ഭാഗം കാര്യക്കാരനും എടുക്കും. കള്ളന് കുറ്റം സമ്മതിക്കാതെ വരികയാണെങ്കില്‍ തടവില്‍ പാര്‍പ്പിച്ച് ഭേദ്യംചെയ്യും. എന്നിട്ടും കുറ്റം സമ്മതിക്കാത്ത പക്ഷം അന്യായക്കാരനെ വരുത്തും. പ്രതിയെ വിട്ടയക്കണോ അതോ സത്യപരീക്ഷ നടത്തണോ എന്ന് തീരുമാനിക്കേണ്ടത് അന്യായക്കാരനാണ്. സത്യപരീക്ഷ നടത്താനാണ് അയാളാവശ്യപ്പെടുന്നതെങ്കില് കുറ്റവാളിയെ കുളിപ്പിച്ച് പ്രധാന ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുപോകുന്നു. ക്ഷേത്രനടയില്‍വെച്ചാണ് സത്യപരീക്ഷ നടത്തുക.''
കുറ്റവാളി മുസ്ളിം ആണെങ്കില്‍ തിളച്ച എണ്ണയില്‍ മുക്കുന്നതിന് പകരം പഴുപ്പിച്ച ഇരുമ്പ് നക്കിക്കും. നാക്ക് പൊള്ളിയാല്‍ കൊല്ലും; ഇല്ലെങ്കില്‍ വിട്ടയക്കും. മോഷണത്തിനും വ്യഭിചാരത്തിനും കൊലപാതകത്തിനും കുറ്റവാളിയുടെ തലവെട്ടിയിരുന്നു. കള്ളസാക്ഷി പറയുന്നവര്‍ക്കും മരണശിക്ഷ നല്‍കിയിരുന്നു.
ഒരു പാക്ക് മോഷ്ടിച്ചതിന് ഒരാളെ വധിച്ചു എന്ന് ഇബന്ബതൂത്ത രേഖപ്പെടുത്തി. മൂന്ന് തേങ്ങ മോഷ്ടിച്ചവനെ കഴുവേറ്റിയെന്ന് ബര്‍ത്തലോമ്യോയും രേഖപ്പെടുത്തിയിട്ടുണ്ട്. തേങ്ങയുടെ ഉടമസ്ഥന് ശൂദ്രനായിരുന്നു. മോഷ്ടാവ് ഈഴവനും. ശൂദ്രന് പരാതിപ്പെട്ടു. ആറ് വൈദികര്‍ സ്മൃതികളും ധര്‍മസൂത്രങ്ങളും സസൂക്ഷ്മം പരിശോധിച്ച് വിധികല്പ്പിച്ചു; തൂക്കിലേറ്റാന്‍.
ചില്ലറ മോഷണങ്ങള്‍ക്കുള്ള ശിക്ഷ അടിയാണ്. മുക്കാലിയില്‍ കെട്ടിയുള്ള അടി-കരക്കുടിശ്ശിക, ആട്മോഷണം, കോഴി മോഷണം മുതലായവക്ക് ശിക്ഷ നടപ്പാക്കുന്നത് പൊതുസ്ഥലത്ത് വെച്ചോ നാല്ക്കവലകളില് വെച്ചോ. കുറ്റത്തിന്റെ സ്വഭാവം നോക്കിയാണ് അടി-ഏറിയും കുറഞ്ഞുമിരിക്കും.
നേരത്തെ പൊതുജനങ്ങളെ അറിയിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. കുറ്റവാളിയെ ഒരു മുക്കാലിയില്‍ പുറംതിരിച്ച് കെട്ടിയശേഷം ഇതിന് പ്രത്യേകം പരിശീലനം നേടിയവരാണ് അടിശിക്ഷ നടപ്പാക്കുന്നത്. മുതുകിലാണ് അടി വീഴുന്നത്. ഓരോ അടിക്കും തൊലി പൊളിയും.കുറ്റവാളി തളര്‍ന്നുവീഴുമ്പോള്‍ കെട്ടഴിച്ചു കുറച്ച് വിശ്രമം കൊടുക്കും, വീണ്ടും തുടരും. അടി കൂടാനോ കുറയാനോ പാടില്ല. അത് നോക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട്.
കഠിനമായ കുറ്റങ്ങള്‍ക്ക് ആനക്കാലില്‍ കെട്ടിവലിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഏത് അവയവം കൊണ്ടാണോ കുറ്റം ചെയ്തത് ആ അവയവം നശിപ്പിക്കുകയായിരുന്നു മറ്റൊരു ശിക്ഷാക്രമം. നാക്ക്, മൂക്ക്, ചെവി, വിരല്‍ എന്നിവ ഛേദിച്ചുകളയല്‍ അസാധാരണമായിരുന്നില്ല. നില്‍ക്കാനോ ഇരിക്കാനോ കഴിയാത്തവിധം ഇടുങ്ങിയ അഴിക്കൂട്ടില്‍ ആണ് തടവുകാരെ അടച്ചിരുന്നത്.
ഈ പറഞ്ഞ ശിക്ഷകളൊക്കെ ശൂദ്രന്മാര്ക്കും അടിയാന്മാര്ക്കുമായിരുന്നു. പ്രഭുക്കന്മാരെയും ബ്രാഹ്മണരെയും അടിശിക്ഷക്കോ തടവുശിക്ഷക്കോ വിധേയരാക്കിയിരുന്നില്ല. ഉയര്‍ന്ന ജാതിക്കാര്‍ ധര്‍മവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഭ്രഷ്ട് കല്‍പ്പിക്കും. അത്രമാത്രം.
എന്ത് കുറ്റം ചെയ്താലും ബ്രാഹ്മണനെ പീഡിപ്പിക്കാന്‍ പാടില്ല. രാജാവിന് അയാളെ തൊടാന്‍ അധികാരമില്ല. പരമാവധി ചെയ്യാവുന്നത് തന്റെ രാജ്യത്തുനിന്നും പുറത്താക്കല്‍ മാത്രമാണ്. ബ്രാഹ്മണരെ ശിക്ഷിക്കാനുള്ള അധികാരം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കാണ്.
സമുദായം അയാളെ മറ്റുള്ളവരുമായി കൂടിക്കഴിയുന്നതിനെ വിലക്കുമായിരുന്നു. ഒരേ കുറ്റത്തിന് അന്ന് വിധിച്ചിരുന്ന ശിക്ഷ നോക്കുക. ഒരു ശൂദ്രന് ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാല്‍ അയാളെ നപുംസകമാക്കി വിടണമെന്ന് വിധി. വൈശ്യന് ബ്രാഹ്മണസ്ത്രീയെ പ്രാപിച്ചാല്‍ അവനെ ഒരു വര്‍ഷം കാരാഗൃഹത്തില്‍ പാര്‍പ്പിക്കും. അതിന്ശേഷം അവന്റെ സര്‍വസ്വവും കണ്ടുകെട്ടും. അതേ കുറ്റം ക്ഷത്രിയന് ചെയ്താല്‍ ആയിരം പണം പിഴനല്‍കണം, പിന്നെ കഴുതമൂത്രം തലയില്‍ പുരട്ടി മുണ്ഡനം ചെയ്യും.
"14-ാം നൂറ്റാണ്ടിലെ വേണാട്ടില്നിന്നു ലഭിക്കുന്ന ചില രേഖകളില്‍ പുറത്തുനിന്ന് കുടിയിരുത്തിയ ബ്രാഹ്മണരെ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഊരായ്മയും സംബന്ധവും ഒഴിവാക്കി പുറത്താക്കിയതായി പറയുന്നുണ്ട്. ബ്രാഹ്മണരെ ക്ഷേത്രങ്ങളുടെ മാനേജ്മെന്റിനായി കൊണ്ടുവന്നു കുടിയിരുത്തുമ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങളായിരുന്നു ഊരായ്മ'' (ഡോ. കെ എന്‍ ഗണേശ്, കേരളത്തിന്റെ ഇന്നലെകള്‍).
കേട്ടാല്‍ ആരും ഞെട്ടിപ്പോകും വേലുത്തമ്പിയുടെ നടപടി എന്നാണ് "തിരുവിതാംകൂര്‍ ചരിത്ര''ത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഞെട്ടിക്കുന്ന കുറെ സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുമുണ്ട്.
നോക്കുക:
"ഏതെല്ലാം തരത്തിലുള്ള ശിക്ഷകളായിരുന്നു അഴിമതി തെളിയിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥന്മാര്ക്ക് ഈ കഠിന ചിത്തനായ ദളവ നല്‍കിയിരുന്നതെന്ന് വിവരിക്കുക പ്രയാസംതന്നെ. ചിലതുമാത്രം ഇവിടെ സൂചിപ്പിക്കാം. സര്‍ക്കാര്‍ പണാപഹരണത്തിന് നല്‍കിയിരുന്ന ശിക്ഷ ദീര്‍ഘകാല തടങ്കലായിരുന്നു. ചിലപ്പോള്‍ വധശിക്ഷയും നല്‍കും; കൂടാതെ കുറ്റകൃത്യത്തിന്റെ അളവ് വ്യത്യാസം നോക്കാതെ കുറ്റവാളിയുടെ കുടുംബസ്വത്ത് മുഴുവന്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിച്ചിരുന്നവരുടെ വലതുകൈയോ വലതുകൈയിലെ വിരലോ മുറിച്ചുകളഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നവരെ പൊതുനിരത്തിലോ കമ്പോളങ്ങളിലോ വെച്ച് പുറത്തുചാട്ടകൊണ്ടടിക്കുകയായിരുന്നു പതിവ്. കള്ളസാക്ഷി പറയുകയോ കള്ളസത്യം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് കൊടുത്തിരുന്ന ശിക്ഷ മൂക്കും ചെവിയും ഛേദിക്കുകയെന്നതാണ്. കൃഷിക്കാരെ ദ്രോഹിക്കുന്നവര്‍ക്ക് ദേഹദണ്ഡനശിക്ഷയാണ്. അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരുടെ പേരില്‍ തെളിയുന്ന ഏത് കേസിനും ശരീരദണ്ഡനവും സ്വത്ത് കണ്ടുകെട്ടലും സര്‍വസാധാരണമായിരുന്നു. മനുസ്മൃതിയിലും മുസ്ളിം നിയമങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന ദളവ നീതിന്യായ നിര്‍വഹണം നടത്തിയിരുന്നത് ഇവക്കനുസൃതമായിട്ടായിരുന്നു. കള്ളന്മാര്ക്കും കൊള്ളക്കാര്ക്കുമിതുപോലെതന്നെ ഏറ്റവും കഠിന ശിക്ഷകളാണ് നല്‍കിയിരുന്നത്. പോക്കറ്റടി, പൂട്ടുകള്‍ തുറന്നുള്ള മോഷണം എന്നിവയ്ക്ക് കുറ്റക്കാരുടെ കൈയോ അഥവാ വിരലോ മുറിച്ചുകളയുകയായിരുന്നു ചെയ്തിരുന്നത്. സ്ത്രീകളെ അപമാനിക്കുകയോ, ബലാല്‍സംഗം നടത്തുകയോ ചെയ്യുന്നവര്‍ വധശിഷക്ക് വിധേയരായിരുന്നു. ഫലമൂലാദികള്‍ കളവുനടത്തുന്നവര്ക്ക് ലഭിച്ചിരുന്ന ശിക്ഷ ദേഹദണ്ഡനം, ചില പ്രത്യേക അംഗഛേദം, ശൂലത്തില്‍ തറയ്ക്കല്‍ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളിലുള്ള വൃക്ഷങ്ങളില്‍ ആണിയടിച്ചു നിര്‍ത്തല്‍ എന്നിവ.
ഇത്തരം ക്രൂരവും ഭയാനകവുമായ ശിക്ഷാനടപടികള്‍കൊണ്ട് ഭീകരമായ ഒരു ഭരണസംവിധാനം അദ്ദേഹം സൃഷ്ടിക്കുകയും അതിന്റെ ഫലമായി സര്ക്കാരുദ്യോഗസ്ഥന്മാരോ, ജനങ്ങള്‍ തന്നെയോ, കുറ്റകൃത്യങ്ങള്‍ ചെയ്യുക എന്നത് കേള്‍ക്കാനില്ലാത്ത കാര്യമായിത്തീര്‍ന്നു. ഉദ്യോഗസ്ഥന്മാരുടെയും തെമ്മാടികളുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ദളവയുടെ പൊക്കമേറിയതും കരുത്തുറ്റതുമായ പ്രൌഢരൂപം ഒരു പേടിസ്വപ്നംപോലെ എപ്പോഴും തങ്ങിനിന്നു.''
കാന്റര്‍ വിഷര്‍ 1723ല്‍ ചൂണ്ടിക്കാട്ടി; ജാതി ഭ്രഷ്ടരും ഗുരുത്വമുള്ള തെറ്റുകള്‍ ചെയ്തവരുമായ നായന്മാരെയും ചോകന്മാരെയും മറ്റും രാജാക്കന്മാര് അടിമകളാക്കിയിരുന്നു!
*****
ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി വാരിക
Tuesday, February 15, 2011
നീതിയുടെ പേരില്‍ ക്രൂരതകള്‍
Subscribe to:
Post Comments (Atom)
1 comment:
14-16 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ദണ്ഡ നീതിയെപ്പറ്റി വി ആര് പരമേശ്വരന്‍പിള്ള (ജീവിതകാലം മുഴുവന്‍ പ്രാചീന ലിഖിതങ്ങള്‍ പഠിക്കാന്‍ വിനിയോഗിച്ച പണ്ഡിതനാണ് അദ്ദേഹം) എഴുതിയപ്പോള്‍ അന്ന് നീതിയുടെ പേരില്‍ നടപ്പാക്കിയിരുന്ന ക്രൂരതകളിലെ വേദനയാണ് പകര്‍ന്നുതന്നത്.
Post a Comment