ഇത് സൊമാലിയ: (2008)
അയിഷ ഇബ്രാഹിം ദുഹുലോ എന്നാണ് അവളുടെ പേര്. പതിമൂന്നുകാരി. അവളെ കൊല്ലാന്‍ കൊണ്ടുവരികയാണ്. കുഴിയില്‍ കഴുത്തറ്റം മൂടി തല കല്ലെറിഞ്ഞ് തകര്‍ത്താണ് കൊല. കാഴ്ച കാണാന്‍ ആയിരത്തോളം പേര് എത്തിയിട്ടുണ്ട്. അയിഷയെ നാലുപേര്‍ വലിച്ചിഴച്ചു. അവള് പ്രാണനുവേണ്ടി നിലവിളിച്ചു. ആരും ആ ശബ്ദം കേട്ടില്ല. അവളെ കുഴിയിലേക്ക് എറിഞ്ഞു. കഴുത്തുവരെ മൂടി. അമ്പതുപേര്‍ ചുറ്റുംനിന്ന് തുരുതുരാ കല്ലെറിഞ്ഞു. ലോഹപാത്രംപോലെ തല ചുളുങ്ങി. പൊട്ടി ചോര ചീറ്റി. അവളുടെ ശബ്ദം നിലച്ചു. കല്ലേറ് നിര്‍ത്തി അവര്‍ കുഴിക്കടുത്തുചെന്നു. അവളെ വലിച്ച് പുറത്തിട്ടു. പാവം ചത്തിട്ടില്ല, പിടയ്ക്കുന്നു. അവളെ വീണ്ടും കുഴിയിലേക്കെറിഞ്ഞു. ഏറുതുടര്ന്നു. അവസാനചലനവും ആ കുഞ്ഞില്‍നിന്നും വേര്‍പെടുംവരെ. അവള് ചെയ്ത കുറ്റം? ബലാത്സംഗത്തിന് വിധേയയായി എന്നത്!. മൂന്നുപേര്‍ ചേര്‍ന്ന് അവളെ കടിച്ചുകീറിയപ്പോള്‍ ആ പാവം കുഞ്ഞിന് രക്ഷപ്പെടാനായില്ല.
ഇത് പാകിസ്താന് (2009)
സാമിയ സര്‍വാര്‍ എന്നാണ് അവളുടെ പേര്. ഇരുപത്തൊമ്പതുകാരി. സമ്പന്നകുടുംബത്തിലാണ് ജനനം. അച്ഛന് ഗുലാം സര്‍വാര്‍, പെഷവാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ്. അമ്മ ഡോക്ടര്‍. സാമിയയെ നല്ല നിലയില്‍ വിവാഹം കഴിച്ചു. അമ്മായിയുടെ മകനായിരുന്നു ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍. ദാമ്പത്യത്തിന്റെ രാശിചക്രം മാറിത്തുടങ്ങി. സാമിയയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചു. വീട്ടില്നിന്നിറങ്ങിപ്പോകാന് പറഞ്ഞു. മര്‍ദനം സഹിക്കാതെയായപ്പോള്‍ സാമിയ വീട്ടില്‍ വിവരം അറിയിച്ചു. അച്ഛന് വന്നു. ബന്ധം അവസാനിപ്പിച്ചു, അനൌപചാരികമായി. സാമിയയെ വീട്ടില്‍ കൊണ്ടുവന്നു. സാമിയയോട് അച്ഛന് ഒരു കാര്യം മാത്രം പറഞ്ഞു. പുനര്‍വിവാഹം ഉണ്ടാവില്ല. അവള് സമ്മതിച്ചു.
പക്ഷേ, ആര്‍മി ഓഫീസറായ നാദിറെ സാമിയ കണ്ടത് മറ്റൊരു വഴിത്തിരിവായി. അവര്‍ക്ക് പരസ്പരം ഇഷ്ടമായി. വിവാഹത്തിന് സാമിയയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഒരു രാത്രി സാമിയ നാദിറിനൊപ്പം ഇറങ്ങിപ്പോയി. വീട്ടില്‍ ഭൂകമ്പം. ബന്ധുക്കള്‍ സാമിയയുടെ ജീവനുവേണ്ടി പാഞ്ഞു. സാമിയ ഒരു അഭിഭാഷകയുടെ വീട്ടില്‍ ഇതിനകം അഭയം തേടി. ബന്ധുക്കള്‍ ഈ സ്ഥലം കണ്ടെത്തി. അച്ഛനും അമ്മയും സാമിയയെ വിട്ടുതരണം എന്ന് അഭിഭാഷകയോട് ആവശ്യപ്പെട്ടു. സാമിയ അഭിഭാഷകയുടെ കാലുപിടിച്ചു. 'എന്നെ പറഞ്ഞയക്കരുത്. അവര്‍ കൊന്നുകളയും'. അഭിഭാഷക സാമിയയെ വിട്ടുകൊടുത്തില്ല. ഭീഷണികള്‍ പലതും പ്രയോഗിച്ചു. അഭിഭാഷക വഴങ്ങിയില്ല.
ഒടുവില്‍ അഭിഭാഷകക്ക് സാമിയയുടെ അമ്മയുടെ ഫോണ്‍ വന്നു. 'ഇത് ഒരമ്മയുടെ വേദനയാണ്. ഞാന്‍ എന്റെ മകളെ ഒന്നുകണ്ടോട്ടെ. നിങ്ങളുടെ സാന്നിധ്യത്തില്‍ മതി. ഒന്നുകാണണം. അത്രമാത്രം' അഭിഭാഷക സമ്മതിച്ചു. മകളെ കാണാന്‍ അമ്മ വന്നു. തനിച്ചല്ല. ഒരു വാടകക്കൊലയാളിയുമായി. മുറിയില്‍ കടന്ന ഉടന്‍ അയാളുടെ തോക്ക് ഗര്‍ജിച്ചു. സാമിയയുടെ തലയോട്ടില്‍നിന്ന് തലച്ചോര്‍ ചാടുന്നത് അഭിഭാഷക നിസ്സഹായയായി നോക്കി നിന്നു.
ഇത് ഇന്ത്യ, ഉത്തര്‍പ്രദേശ് (2011)
ആരതി എന്നാണ് അവളുടെ പേര്. ദളിത് യുവതി. ആരതിയെ ആരൊക്കെയോ ചേര്‍ന്ന് ബലാത്സംഗം ചെയ്തുകൊന്നു. ജഡം ഇഷ്ടികക്കളത്തിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തു. അസ്വഭാവികമായി ഒന്നും കണ്ടില്ല. മരണകാരണം അവ്യക്തം. നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങി. ജഡം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനെടുത്തു. ഇപ്പോള്‍ കാരണം കണ്ടു. കഴുത്തില്‍ തുണി മുറുക്കി ബലാത്സംഗം.
ഐടിക്ക് സമാന്തരമാണ് ഇന്ത്യയില്‍ ബലാത്സംഗം. രണ്ടും വളരുന്നു. മണിക്കൂറില്‍ 18 സ്ത്രീകളാണ് പല രീതിയില്‍ ഇന്ത്യയില്‍ മാനഭംഗത്തിനിരയാവുന്നത്. നല്ല വളര്‍ച്ചാനിരക്കുമുണ്ട്. 2005ല്‍ 18,359 ബലാത്സംഗം. 2009ല്‍ 22,000. 2005ല്‍ 15,750 തട്ടിക്കൊണ്ടുപോകല്‍. 2009ല്‍ 26,000. 2005ല്‍ 6786 സ്ത്രീധനമരണം. 2009ല്‍ 8,383. 2005ല്‍ 34,000 ലൈംഗിക പീഡനം 2009ല്‍ 39000. ഇത് രേഖപ്പെടുത്തിയ കണക്കാണ്. ഇന്ത്യ തിളങ്ങുന്നു!!
ഇനി കേരളം: (2011)
സൌമ്യ എന്നാണ് അവളുടെ പേര്. ഇരുപത്തിമൂന്നുകാരി. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വനിതാ കംപാര്‍ട്മെന്റിലെ യാത്രക്കാരി. വള്ളത്തോള്‍ നഗറിനടുത്തുവച്ച് ബലാത്സംഗത്തിനിരയായി. ട്രെയിനില്‍നിന്ന് പുറത്തു ചാടി. അക്രമിയും ഒപ്പം ചാടി. ട്രാക്കില്‍വച്ച് വീണ്ടും ആക്രമിച്ചു. കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പമാണ് ലോകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈശ്വരന്പോലും വിവരത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കാലം. മൈക്രോസോഫ്റ്റിന്റെ പ്രവര്ത്തനമുദ്രാവാക്യം ബില്‍ഗേറ്റ്സ് ചിട്ടപ്പെടുത്തിയത് ഐ എ വൈ എഫ്(information at your finger tip) എന്നാണ്. വിവരം വിരല്‍ത്തുമ്പില്‍. അതുകൊണ്ടാണ് തോമസ് ഫ്രീഡ്മാന് 'ഗൂഗിള്‍ ഈസ് ഗോഡ്' എന്നു പറഞ്ഞത്. പക്ഷേ, സാങ്കേതികത നല്ല മനുഷ്യനെ സൃഷ്ടിക്കില്ല. ധര്‍മവും നീതിയും നാട്ടുമര്യാദകളും ജനിക്കുന്നത് സാങ്കേതികവിപ്ളവത്തില്നിന്നല്ല. അവയ്ക്ക് നല്ല വിദഗ്ധരെ, ബിസിനസുകാരെ, നയതന്ത്രജ്ഞരെ ഉണ്ടാക്കാന്‍ കഴിയും. കംപ്യൂട്ടര്‍ ചിപ്പുകള്‍ ലോകത്തെ ഒരു മുത്തുമാലയായി കോര്ത്തെടുക്കുമ്പോഴും എഡ്മണ്ട് ബര്‍ക്കിന്റെ പ്രേതം മനുഷ്യന്റെ ബോധമണ്ഡലത്തില്‍ സവാരിക്കിറങ്ങുന്നു.
തത്വചിന്തകനും നയതന്ത്രജ്ഞനും വാഗ്മിയുമായ ബര്ക്കിന് സ്ത്രീ, വികാസം പ്രാപിക്കാത്ത മൃഗമായിരുന്നു. 18-ാം നൂറ്റാണ്ടിലെ ബര്‍ക്കിന്റെ ഈ പുച്ഛം 21-ാം നൂറ്റാണ്ടിന്റെ തീന്മേശയിലും വിളമ്പുന്നവരുണ്ട്. അവര്‍ സ്ത്രീയെ അവളുടെ ശരീരത്തില്‍ കെട്ടിയിടുന്നു. അവളുടെ ജീവിതകാലം ശരീരത്തിന്റെ ഋതുഭേദങ്ങള്‍ അനുസരിച്ച് പകുത്തുവയ്ക്കുന്നു. യൌവനം ദൌര്ബല്യങ്ങളുടേത്, ഗര്‍ഭകാലം നിസ്സഹായതയുടേത്, മധ്യവയസ്സ് സൌന്ദര്യത്തിന്റെ കൊഴിഞ്ഞുപോക്ക്, വാര്‍ധക്യം അനാഥത്വം... ശരീരത്തിന്റെ അച്ചുതണ്ടില്‍ കറങ്ങിത്തിരിഞ്ഞവള് അസ്തമയ കടപ്പുറത്ത് ചായുന്നു. നിഴലുകള്‍ വീഴുന്ന സ്വന്തം ശരീരത്തെ നോക്കി നെടുവീര്‍പ്പിടേണ്ട, അതൊരു വിഭവമായികാണാന് അഡ്റിയാന്‍ റിച്ച് ആഹ്വാനം ചെയ്യുന്നു. പിന്‍വാതിലും അറപ്പുരവാതിലും മാത്രം സ്ത്രീക്ക് നീക്കിവച്ചവര്‍ ഇന്നുമുണ്ട് ധാരാളം. പാതിചാരിയ വാതിലും പടിഞ്ഞാറ്റിയിലെ ഗദ്ഗദവും അവള്‍ക്ക് ഒസ്യത്തായി എഴുതിവച്ചവര്‍.
സ്വയം ചോദിക്കാന്‍പോലും ഭയക്കുന്ന ചോദ്യം ഇടയ്ക്കിടയ്ക്ക് സ്ത്രീയുടെ മനസ്സില്‍ തേട്ടി വരുമെന്ന് ബെറ്റി ഫ്രീഡ്മാന്. കടയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍, കിടക്ക വിരിക്കുമ്പോള്‍, ഭര്‍ത്താവുമൊന്നിച്ച് കിടക്കുമ്പോള്‍.. അപ്പോഴെല്ലാം ഈ ചോദ്യം മൌനമായി മുഴങ്ങുന്നുണ്ട്. ഇതാണോ ജീവിതം? ഭര്‍ത്താവിനും കുട്ടികള്‍ക്കും മാത്രം നീക്കിവച്ച ജീവിതത്തിന്റെ ബാക്കി അവള്‍ക്ക് സ്വന്തമായി കിട്ടുമ്പോഴും ഈ ചോദ്യം ആവര്‍ത്തിക്കും. ഇതാണോ ജീവിതം? അപാരമായ ശൂന്യതയുടെ നടുവിലേക്ക് ഈ ചോദ്യം സ്ത്രീയെ എറിയുന്നു. കത്താത്ത തീയിലേക്കുള്ള മരിക്കാത്ത ഉടന്തടിച്ചാട്ടം. സര്‍ഗാത്മകതയുടെ സതിയനുഷ്ഠാനം. തോല്‍ക്കുന്നത് മനുഷ്യരാശി മുഴുവനുമാണ്.
സാമ്പത്തികവ്യവസ്ഥയുടെ വളര്‍ച്ച കേന്ദ്രസ്ഥാനത്ത് പുരുഷനെ പ്രതിഷ്ഠിച്ചു. വ്യാപാരവും വ്യവസായവും ജീവിതത്തെ കഴുത്തറപ്പന്‍ മത്സരമാക്കി. അതോടെ ആക്രമണോത്സുകത പുരുഷലക്ഷണമായി. സ്ത്രീയെ തഞ്ചത്തില്‍ പിന്നിലേക്കു തള്ളി. അവിടെത്തന്നെ ഉറപ്പിച്ചുനിര്‍ത്താന്‍ ലക്ഷണമൊത്ത ആശയലോകവും പണിതു. മതങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം ഇതിന് ബലമുള്ള തൂണുകള്‍ നല്കി. കടത്തിറക്കിയ പെണ്ണില്‍ ബ്രഹ്മര്‍ഷിക്ക് മോഹമുദിച്ചപ്പോള് അത് ഇതിഹാസകാരന്റെ പിറവിക്കുള്ള ഉല്കൃഷ്ടപ്രവൃത്തിയായി. മധുമാസരാത്രിയില്‍ ഗോപികമാര്‍ക്കൊപ്പം ഒരേസമയം ഭഗവാന് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഓമനത്തമുള്ള രതിഭാവത്തിന്റെ കൃഷ്ണലീലയായി. പരകായ പ്രവേശം നടത്തി ശങ്കരാചാര്യര്‍ പരസ്ത്രീയെ പ്രാപിച്ചപ്പോള്‍ അത് ലൈംഗികതയുടെ ജ്ഞാനസമ്പാദനമായി. എന്നാല്‍, ജമദഗ്നിയുടെ ഭാര്യ രേണുക ക്ഷത്രിയരാജാവിനെ ഒരു നിമിഷം ഇഷ്ടത്തോടെ നോക്കിയപ്പോള്‍ മാപ്പില്ലാത്ത പാപമായി. മകന് പരശുരാമനോട് അമ്മയുടെ തലയെടുക്കാന്‍ ജമദഗ്നി ആജ്ഞാപിച്ചു. മാറിവരുന്ന കാലത്തിന്റെ ധര്‍മവും ധര്‍മസങ്കടവുമാണ് ഈ മിത്തുകളില്‍.
ഹൈന്ദവപുരാണത്തില്‍ മാത്രമല്ല, ക്രൈസ്തവവിശ്വാസത്തിലുമുണ്ട് ഇത്തരം വെളിപാടുകള്‍. സ്ത്രീയുടെ തല പുരുഷന്റേതാണെന്ന് സെയിന്റ് പോള്‍. സ്ത്രീ വിപത്തിന്റെ നാരായവേരാണെന്ന് സെയിന്റ് ജെറോം. സ്ത്രീ പാമ്പിനെപ്പോലെ ചീറ്റുമെന്ന് സെയിന്റ് ബെര്‍നാഡ്. ആദ്യസ്ത്രീ സംസാരിച്ചത് പാപത്തിനു കാരണമെന്ന് സെയിന്റ് ജോണ്‍ ക്രിസോസ്റ്റം. സ്ത്രീയെ ഇനിയും സംസാരിക്കാന്‍ അനുവദിച്ചാല്‍ പുരുഷന് വീണ്ടുംനാശം വരുമെന്ന് സെയിന്റ് അംബ്രോസ്. എന്നാല്‍, കര്‍ത്താവിന്റെ മാംസത്തില്‍ ഇരുമ്പാണികള്‍ തറയുമ്പോള്‍ ശിഷ്യന്മാര് നാഥനില്ലാത്ത ആട്ടിന്‍പറ്റംപോലെ ചിതറിപ്പോയി. പക്ഷേ, അമ്മ സാക്ഷി. പെറ്റ വയറ് പിടയ്ക്കും. മൂടുപടമില്ലാത്ത സങ്കടക്കടല്‍ ഇരമ്പി. മൈക്കലേഞ്ജലോ മനുഷ്യപുത്രനെ ഇറക്കിക്കിടത്തിയതും അമ്മയുടെ മടിത്തട്ടില്‍. കര്‍ത്താവ് പുനരുദ്ധരിച്ചതിനും സ്ത്രീകള്‍ സാക്ഷി.
ചരിത്രം സ്ത്രീയെക്കുറിച്ച് എഴുതിയത് ചാട്ടവാറുകൊണ്ടാണ്. 'ആയനിയൂണി'ന് മലര് വറുക്കുന്നതുപോലും അറിയാതെ പോയ യുവതികള്‍. ആര്‍പ്പും കോപ്പുമായി വരന് വന്നണയുമ്പോള്‍ മാത്രം തന്റെ വിവാഹമറിയുന്ന കന്യക. കുലമഹിമ, ഗോത്രപ്രഭാവം, സ്ത്രീധനത്തുക എന്നീ ദിവ്യായുധങ്ങള്കൊണ്ട് എത്രയെത്ര വ്യക്തിത്വത്തെ തേജോവധം ചെയ്തു.'ഈ കശാപ്പുശാലയില്‍ നിഹനിക്കപ്പെടുന്ന ജീവാത്മാക്കളുടെ ദീനരോദനം വേദോച്ചാരണത്തിന്റെ നിര്ഘോഷത്തില് ലയിച്ചുപോകുമ്പോള് അലിവൂറുന്ന ഹൃദയങ്ങളെക്കുറിച്ച് വി ടി ഭട്ടതിരിപ്പാട് എത്ര വിലപിച്ചു.
1850കളില്‍ ലോകം സ്ത്രീയെക്കുറിച്ച് ഒരുപാട് എഴുതിക്കൂട്ടി. നോവലുകള്‍, കഥകള്‍, കവിതകള്‍, പ്രസംഗങ്ങള്‍.. എല്ലാം വിദഗ്ധമായ ധൃതരാഷ്ട്രാലിംഗനങ്ങള്. അടക്കം, ഒതുക്കം, വിനയം എല്ലാം നിര്‍ണയിക്കപ്പെട്ടു. സമാന്തരമായി സൌന്ദര്യകച്ചവടവും മുന്നേറി. അമേരിക്കയായിരുന്നു മുന്നില്‍. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം സ്ത്രീ സൌന്ദര്യത്തിന്റെ കറിക്കൂട്ടൊരുക്കി. 1930കളില്‍ ഒരു മാഗസിന് കണ്ടെത്തി ശരാശരി അമേരിക്കക്കാരിക്ക് 16 ചതുരശ്ര അടി ചര്‍മമുണ്ട്. ബ്യൂട്ടിപാര്‍ലറുകള്‍ 40,000. സൌന്ദര്യവസ്തുക്കളുടെ ബിസിനസ് 200 കോടി ഡോളര്‍. പക്ഷേ, പോരാ. സ്ത്രീ വഴിയരികിലെ വെള്ളിത്തിരയില്ലാത്ത സിനിമാപ്രദര്ശനമായി. അവളുടെ ശരീരം തര്‍ക്കഭൂമിയും അധിനിവേശ പ്രദേശങ്ങളുമായി. പുരുഷന്റെ നോട്ടത്തില്‍നിന്നും ഒളിച്ചു കടത്തേണ്ട കള്ളക്കടത്തു സാധനമായി അത്.
വിശക്കുന്ന കാമത്തിന്റെ വെറിപിടിച്ച ആര്‍ത്തിക്ക് താളം പിടിക്കാന്‍ വഴിയരികില്‍ കെട്ടിയ ചെണ്ടയല്ല സ്ത്രീ. ആണിന്റെ അധികാരഗര്‍വിന് മേച്ചില്‍പ്പുറങ്ങള്‍ തിരിച്ചറിയാനുള്ള സര്വേക്കല്ലുകളല്ല അവര്‍. സ്വന്തം ശരീരത്തില്‍, സ്വന്തം സ്വപ്നങ്ങളില്‍ സ്ത്രീ അധികാരം സ്ഥാപിക്കുക. കാലപ്രവാഹത്തില്‍ മുറിഞ്ഞുപോയ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കുക. മറക്കുടകള്‍ വീണ്ടും പറിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഒരു രക്തസാക്ഷിത്വവും അനാഥമാവില്ല. നമുക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ് ഓരോ വിശുദ്ധബലിയും. ബലിമൃഗങ്ങള്‍ സമൂഹത്തെ മൌനമായി വിചാരണ ചെയ്യുന്ന സ്പന്ദിക്കുന്ന മുഹൂര്‍ത്തം.. ഐവര്‍മഠത്തിലെ കനലുകള്‍ക്ക് ഒരുപാട് പറയാനുണ്ട്. സൌമ്യക്ക് വേണ്ടി സ്വന്തം നെഞ്ചിന്‍കൂടില്‍ നമ്മള് ഒരുക്കിയ ചിത സ്വാതന്ത്ര്യത്തിലേക്കുള്ള വഴിവിളക്കുകൂടിയാവട്ടെ.
*
എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Wednesday, February 16, 2011
Subscribe to:
Post Comments (Atom)
6 comments:
അയിഷ ഇബ്രാഹിം ദുഹുലോ എന്നാണ് അവളുടെ പേര്. പതിമൂന്നുകാരി. അവളെ കൊല്ലാന്‍ കൊണ്ടുവരികയാണ്. കുഴിയില്‍ കഴുത്തറ്റം മൂടി തല കല്ലെറിഞ്ഞ് തകര്‍ത്താണ് കൊല. കാഴ്ച കാണാന്‍ ആയിരത്തോളം പേര് എത്തിയിട്ടുണ്ട്. അയിഷയെ നാലുപേര്‍ വലിച്ചിഴച്ചു. അവള് പ്രാണനുവേണ്ടി നിലവിളിച്ചു. ആരും ആ ശബ്ദം കേട്ടില്ല. അവളെ കുഴിയിലേക്ക് എറിഞ്ഞു. കഴുത്തുവരെ മൂടി. അമ്പതുപേര്‍ ചുറ്റുംനിന്ന് തുരുതുരാ കല്ലെറിഞ്ഞു. ലോഹപാത്രംപോലെ തല ചുളുങ്ങി. പൊട്ടി ചോര ചീറ്റി. അവളുടെ ശബ്ദം നിലച്ചു. കല്ലേറ് നിര്‍ത്തി അവര്‍ കുഴിക്കടുത്തുചെന്നു. അവളെ വലിച്ച് പുറത്തിട്ടു. പാവം ചത്തിട്ടില്ല, പിടയ്ക്കുന്നു. അവളെ വീണ്ടും കുഴിയിലേക്കെറിഞ്ഞു. ഏറുതുടര്ന്നു. അവസാനചലനവും ആ കുഞ്ഞില്‍നിന്നും വേര്‍പെടുംവരെ. അവള് ചെയ്ത കുറ്റം? ബലാത്സംഗത്തിന് വിധേയയായി എന്നത്!. മൂന്നുപേര്‍ ചേര്‍ന്ന് അവളെ കടിച്ചുകീറിയപ്പോള്‍ ആ പാവം കുഞ്ഞിന് രക്ഷപ്പെടാനായില്ല.
വിശക്കുന്ന കാമത്തിന്റെ വെറിപിടിച്ച ആര്‍ത്തിക്ക് താളം പിടിക്കാന്‍ വഴിയരികില്‍ കെട്ടിയ ചെണ്ടയല്ല സ്ത്രീ. ആണിന്റെ അധികാരഗര്‍വിന് മേച്ചില്‍പ്പുറങ്ങള്‍ തിരിച്ചറിയാനുള്ള സര്വേക്കല്ലുകളല്ല അവര്‍. സ്വന്തം ശരീരത്തില്‍, സ്വന്തം സ്വപ്നങ്ങളില്‍ സ്ത്രീ അധികാരം സ്ഥാപിക്കുക. കാലപ്രവാഹത്തില്‍ മുറിഞ്ഞുപോയ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കുക. മറക്കുടകള്‍ വീണ്ടും പറിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഒരു രക്തസാക്ഷിത്വവും അനാഥമാവില്ല.
Thought provoking!
അച്ചായോ.... നന്നായി
Prostitution should be made legal.
You Said IT...ഇന്നും മിഡിലീസ്റ്റും ഒരു പരിധിവരെ ഇന്ത്യൻ റുറൽ സ്ഥലങ്ങളും സ്ത്രീകളെ ഒരു മറയ്ക്ക്കുൽളീൽ തളച്ചിടുന്നു...
ചില യൂറോപ്യൻ രാജ്യങ്ങളിലെ പോലെ വ്യഭിചാരം നിയമവിധേയമാക്കണം...
touching...........
Post a Comment