Friday, October 5, 2012

പെന്‍ഷനും ചൂതാട്ടത്തിന്

രാജ്യത്തെ ജനങ്ങളുടെ ജീവിതസമ്പാദ്യം ചൂതാട്ടക്കാര്‍ക്ക് തീറെഴുതുന്ന വിധത്തില്‍, പെന്‍ഷന്‍- ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 26 ശതമാനമായിരുന്ന വിദേശനിക്ഷേപ പരിധിയാണ് 49 ശതമാനമായി ഉയര്‍ത്തുന്നത്. പെന്‍ഷന്‍ മേഖലയില്‍ നിലവില്‍ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. കോര്‍പറേറ്റ് അനുകൂല പരിഷ്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ധനസ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം സര്‍ക്കാരെടുത്തത്. ഇന്‍ഷുറന്‍സ്- പെന്‍ഷന്‍ ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം അപ്പാടെ തള്ളിയാണ് കേന്ദ്ര തീരുമാനം.

സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെ എതിര്‍ത്തിരുന്നു. വിദേശനിക്ഷേപ പരിധി ഉയര്‍ത്തണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി അവരുടെ നിര്‍ദേശം തള്ളുകയാണെന്നും മന്ത്രിസഭാതീരുമാനങ്ങള്‍ അറിയിച്ച ധനമന്ത്രി പി ചിദംബരം പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ടികളുമായി ഈ വിഷയത്തില്‍ കൂടിയാലോചനകള്‍ തുടരും. പാര്‍ലമെന്റില്‍ ഭേദഗതികള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമാണ്. അതിന് വിദേശനിക്ഷേപ പരിധി ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. വിപണിയെ തൃപ്തിപ്പെടുത്തുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രിസഭാതീരുമാനങ്ങളോട് വിപണി എങ്ങനെ പ്രതികരിക്കുന്നുവെന്നത് തങ്ങള്‍ക്ക് ബാധകമല്ല. പുതിയ ഭേദഗതികള്‍ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ചിദംബരം പറഞ്ഞു.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചു കൊണ്ടാണ് സാമ്പത്തികപരിഷ്കരണം തീവ്രമാക്കുന്നതിനു രണ്ടാം യുപിഎ സര്‍ക്കാര്‍ തുടക്കമിട്ടത്. ഇതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി സഖ്യം വിട്ടിരുന്നു. ഈ വിഷയത്തില്‍ രാജ്യമാകെ പ്രക്ഷോഭം കത്തിജ്വലിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 49 ശതമാനം വരെ ഓഹരിവിറ്റ് മൂലധനസമാഹരണത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍ ഘടന എടുത്തുകളയാനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഐആര്‍ഡിഎയാകും ഭാവിയില്‍ ഏജന്റുമാരുടെ കമീഷന്‍ ഘടനയും പെരുമാറ്റച്ചട്ടവും നിശ്ചയിക്കുക. കമീഷന് ഏര്‍പ്പെടുത്തിയിരുന്ന നിശ്ചിത പരിധി നിരക്കും എടുത്തുകളഞ്ഞു. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി എത്രയാകുമോ അത്ര തന്നെയാകും പെന്‍ഷന്‍രംഗത്തുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)}ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

പിഎഫ്ആര്‍ഡിഎയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഉപദേശക സമിതിക്ക് രൂപം നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ഉപാധികളോടെ 25 ശതമാനം തുക വരെ പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മിനിമം റിട്ടേണ്‍ താല്‍പ്പര്യപ്പെടുന്നവരെ അത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും. അവധിവ്യാപാര മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനമേകുന്ന വിധത്തില്‍ അവധിവ്യാപാര നിയന്ത്രണനിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു. അവധിവ്യാപാര മേഖലയിലെ റെഗുലേറ്റര്‍ എന്ന നിലയില്‍ അവധിവ്യാപാര കമീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതി. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവധിവ്യാപാര പട്ടികയിലേക്ക് സ്വന്തം നിലയില്‍ കൊണ്ടുവരാനും മറ്റും കമീഷന് സ്വാതന്ത്ര്യമുണ്ടാകും. കമ്പനി നിയമത്തില്‍ ഭേദഗതികള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. മത്സര നിയമത്തിലും ഭേദഗതി കൊണ്ടുവരും.

*
എം പ്രശാന്ത് ദേശാഭിമാനി 05 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...