Friday, October 1, 2010

രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.

ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

*
ജി. പി. രാമചന്ദ്രന്‍

8 comments:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

ചിത്രഭാനു Chithrabhanu said...

വിധിയെ തുടർന്ന് ഇതുവരെ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല എന്നത് മാത്രമാണ് പ്രധനം. വിധി തമാശതന്നെ. എന്നാൽ മറ്റൊരു വിധി അതേതു രീതിയിലായാലും അക്രമത്തിനേ വഴിവക്കൂ. താൽക്കാലിക സമാധാനമാണോ ആത്യന്തിക പരിഹാരമാണോ വേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരമില്ല.

RANJI said...

നാളെ അമേരിക്കക്കാരന്‍ ഇന്ത്യയില്‍ അധിനിവേശം സ്ഥാപിച്ചു
A.K.G center ഇടിച്ചു നിരത്തി അതിന്റെ അസ്ഥിവാരത്തിന് മുകളില്‍
ഒരു ചെറു വൈറ്റ് ഹൌസ് പണിഞ്ഞാല്‍ അടുത്ത തലമുറയ്ക്ക് ശക്തിയുണ്ടെങ്കില്‍
അതുവീന്ടെടുത്തു ഒരു A.K.G Center തന്നെ നിര്‍മിക്കും യാതൊരു തര്‍ക്കവും ഇല്ല .
മന്ഗോളിയക്കാരനായ് ബാബര്‍ ഭാരതത്തെ ആക്രമിച്ചു കിഴ്പെടുത്തി ഒരു സംസ്കാരത്തിന്
മേല്‍ കടന്നുകയരിയതിന്റെ സ്മാരകം ഇടിച്ചു നിരതിയെങ്കില്‍ ആത്മാഭിമാനമുള്ള
ഒരു ജന സമുഹത്തിന്റെ പ്രതികരണം മാത്രമാകുന്നു അത് .കോടതി വിധി പഞ്ചായത്ത്
തീര്‍പ്പിനോടുപമിക്കുന്ന താങ്കളുടെ അനുചര സമുഹം തെരുവുകളില്‍ അണികളോട്
ആഹ്വാനം ചെയ്യുന്നതിന്റെ ഒരു ഫോട്ടോ കോപ്പി മാത്രം അതില്‍ ആര്‍ക്കും അതിശയം ഇല്ല .
കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇടതുപക്ഷം പണ്ടേ മിടുക്കന്മാരാണെന്ന് തെളിയിച്ചവര്‍
തന്നെ .

ചിത്രഭാനു Chithrabhanu said...

Don't take it in the context of left parties. If you dig more there will be ruins of budha temple even. Then will you be happy to see a budha temple over there? It this is the case most of the south indian temples are made after abolishing budha or jaina temples.

ബി.എം. said...

1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്‌ജിദ്‌ പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്‍റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള്‍ ഒഴുക്കികഴിഞ്ഞിരിക്കുന്നു.

paarppidam said...

മതവിശ്വാസം ഹനിക്കപ്പെടുന്നു എന്ന വികാരത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശനങ്ങള്‍ എന്തെന്നതിനു അഭ്യസ്ഥവിദ്യരും സാംസ്കാരിക സമ്പന്നരും എന്ന് പറയപ്പെടുന്ന കേരള സമൂഹത്തില്‍ ചേകന്നൂര്‍ മൌലവിയുടെ കൊലപാതകവും, അദ്യാപകന്റെ കൈവെട്ട് കേസും വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ മതമെന്നും രാമനെന്നും കേട്ടാല്‍ ഉറഞ്ഞു തുള്ളുന്ന ഒരു സമൂഹത്തില്‍ എന്തൊക്കെ നടക്കും എന്ന് ബാബറിയുടെ തകര്‍ച്ച വ്യക്തമാക്കുന്നു. ചരിത്ര സ്മാരകത്തിന്റെ തകര്‍ച്ചയെ ഒരു നിലക്കു ന്യായീകരിക്കുന്നില്ല.

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം പ്രത്യേകിച്ച് കേരളത്തില്‍ “ഹനിക്കപ്പെട്ട പ്രതീതി പടച്ചുണ്ടാക്കി” പ്രശ്നങ്ങള്‍ പലപ്പോഴും പടച്ചുണ്ടാക്കുന്നത് ഇവിടത്തെ ചില ബുജികള്‍ ആണ്. ഇരയെ പറ്റിയും സ്വത്വത്തെ പറ്റിയും അവര്‍ വാതൊരാതെ എഴുതും പറയും. സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും വര്‍ഗ്ഗീയത വ്യാഖ്യാനിച്ച് “പീഠന/അവഹേളന പ്രതീതി” ഉല്പാദിപ്പിക്കും. ഈ “ഹനിക്കപ്പെട്ട പ്രതീതി ഉല്പാദനക്കാരും“ ന്യൂനപക്ഷ പ്രീണന പുരോഗമന പ്രസ്ഥാനക്കാരും രാഷ്ടീയക്കാരും കൂടിചേര്‍ന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറത്ത് മദനിയുമായി കൂട്ടുകൂടി എന്തൊക്കെ കാണിച്ചു?

ഇത്തരം “പ്രതീതിനിര്‍മ്മിതിക്കാര്‍“ ആണ് പലപ്പോഴും വര്‍ഗ്ഗീയ തീവ്രവാദികളേക്കാള്‍ കുഴപ്പക്കാര്‍. നിരുപദ്രവം+പുരോഗ്മനപരം+ജ്നാധിപത്യ+ന്യൂനപക്ഷ സംരക്ഷണം എന്ന രീതിയില്‍ ഇവര്‍ കാണിക്കുന്നത് പലതും ചുമ്മ ഉടായ്പുകള്‍ ആണ്.

ഒരു കലാപമുണ്ടാകാത്തതിലും അവിടെ ആയിരങ്ങള്‍ ചുട്ടെരിക്കപ്പെടാത്തതിലും നിരാശരായ പലരും ഉണ്ടായേക്കാം. പ്രസംഗം,ലേഖനം, പുസ്തകം എന്നിങ്ങനെ എത്രയോ സാധയ്തകള്‍ ഈ വിധിയിലൂടെ ഇല്ലാതായി കഴിഞ്ഞു. മറ്റു കേസുകളില്‍ നിന്നും വിഭിന്നമായത് ഇന്ദിരാഗന്ധി വധത്തിന്റെ പ്രതികളുടെ ശിക്ഷയിലും ഒന്ന് വായിച്ചാല്‍ കണ്ടെത്തിയേക്കാം.

Anonymous said...

പഞ്ചായത്‌ ഇലക്ഷന്‍ അടുത്തു വരുന്നു, ഇതിനിടയില്‍ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചു വോട്ടു ചോദിക്കാന്‍ കഴിയില്ല ഇതൊരു പിടിവള്ളി ആയിരുന്നു പക്ഷെ ഇന്ത്യയില്‍ എവിടെയും കലാപം ഉണ്ടായില്ല അപ്പോള്‍ പിന്നെ ഹിന്ദുവിനെയും മുസ്ളീമിനെയും തമ്മില്‍ അടിപ്പിച്ചു ചോരകുടിക്കന്‍ രാമ ചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിനു കഴിഞ്ഞില്ല

ബീ ജേ പികും ഇടതിനും ഇനി ഒരു അജണ്ട ഇല്ല, ആണവ കരാര്‍ ക്ളച്ചു പിടിച്ചില്ല, തെരുവില്‍ രക്തം ചിന്താത്തതു കൊണ്ടുള്ള വിഷമം ഇനി നോക്കുകയാണു ഒരു മുസ്ളീമിനെ എങ്കിലും ഇളക്കി വിടാന്‍ പറ്റുമോ?

ശ്രീരാമന്‍ ജനിച്ചത്‌ ഈ പള്ളിയുടെ കീഴില്‍ ആണെന്നു ഒരു ജഡ്ജും പറഞ്ഞില്ല ആദ്യം വിധി വായിച്ചു മനസ്സിലാക്കുക, ജസ്റ്റീസ്‌ ഖാണ്റ്റെ വിധി എങ്കിലും വായിക്കുക, ഒരു കാര്യം സത്യം പള്ളി ഉണ്ടായിരുന്നെങ്കില്‍ ഈ വിധി ഇങ്ങിനെ വരില്ല സ്റ്റാറ്റസ്‌ കോ തുടരും അതായത്‌ പള്ളി അവിടെ നില്‍ക്കും, എന്നും ബീ ജേ പിക്കു അജണ്ട ആയി, പക്ഷെ പള്ളി പോയി, ആരുടെ കയ്യിലും രേഖകള്‍ ഇല്ല,

വിധിയില്‍ പറയുന്നു ഈ പള്ളിയില്‍ ഒരിക്കലും നമാസ്‌ നടന്നിട്ടില്ല, നമാസ്‌ നടത്തുന്നതിനു മുന്‍പ്‌ കാല്‍ കഴുകാല്‍ ഉള്ള വെള്ളം വയ്ക്കുന്ന സ്ഥലം ഇവിടെ (ളൂസ്‌) ഇല്ലായിരുന്നു

അതു കൊണ്ട്‌ പണ്ടു മുതലേ അയോധ്യയിലെ മുസ്ളീങ്ങള്‍ ഇവിടെ നമാസ്‌ നടത്തിയിട്ടില്ല, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍ ഈ പള്ളിയുടെ ഡോമിണ്റ്റെ ശരിക്കു കീഴില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചു അതു പിന്നെ അവിടെ നിന്നു മാറ്റിയിട്ടേ ഇല്ല, വിഗ്രഹം ഇരിക്കുന്ന ഇടം മുസ്ളീം പള്ളി ആകാന്‍ പറ്റില്ല, ഇതാണൂ ഈ സ്റ്റ്രക്ചര്‍ ഒരു പള്ളി അല്ല എന്നു ജസ്റ്റീസ്‌ ഖാന്‍ വിധിക്കാന്‍ കാരണം , (പള്ളി അല്ലെങ്കില്‍ പിന്നെ തള്ളി ഇട്ടവരും രക്ഷപെടൂം അതു വേരെ കാര്യം),

പള്ളി അല്ലെങ്കില്‍ പിന്നെ മുസ്ളീങ്ങള്‍ക്കില്ലാത്ത വിഷമം രാമ ചന്ദ്രനു എന്തിനു?, ഇക്ബാലിനു ഇല്ലാത്ത വിഷമം രാമചന്ദ്രനു എന്തിനു? അപ്പോള്‍ ചോര കുടിക്കാന്‍ ഇരുന്ന ഇടത്‌ ഡ്റാക്കുളക്കു ചോര കിട്ടിയില്ല അത്റയെ ഉള്ളു കാര്യം.

ജനശക്തി said...

ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധി അവാര്‍ഡുകളിലൂടെ കേന്ദ്രസര്‍ക്കാരിനു പോലും സമ്മതിക്കേണ്ടി വന്നതാണ്. അത് ചര്‍ച്ച ചെയ്യാന്‍ മടി പ്രതിപക്ഷ സംഘടനകള്‍ക്കാണ്. ബാക്കി സമയം കിട്ടിയാല്‍.