Tuesday, March 1, 2011

കുത്തക പക്ഷം

ദരിദ്രരെ പാടേ വിസ്‌മരിച്ച് സ്വദേശ, വിദേശ കുത്തകകള്‍ക്ക് ആഹ്ളാദം പകരുന്ന പ്രഖ്യാപനങ്ങളുടെ ധാരാളിത്തവുമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ്. വിദേശനിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുമെന്നും സബ്‌സിഡി വെട്ടിക്കുറയ്ക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും പ്രഖ്യാപിക്കുന്ന ബജറ്റ് നവ ഉദാരവല്‍ക്കരണനയം കൂടുതല്‍ തീവ്രമായി നടപ്പാക്കുമെന്നു വിളംബരം ചെയ്യുന്നു.

രൂക്ഷമായ വിലക്കയറ്റം തടയാന്‍ ഒരു നടപടിയും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഇല്ലെന്നു മാത്രമല്ല വിലക്കയറ്റം രൂക്ഷമാക്കുന്ന നിരവധി നിര്‍ദേശങ്ങളുമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റംസ്, എക്സൈസ് തീരുവകള്‍ കുറയ്ക്കാന്‍ മുഖര്‍ജി തയ്യാറായില്ല. വിലക്കയറ്റത്തിനു പ്രധാന കാരണമായ ഊഹക്കച്ചവടവും അവധിവ്യാപാരവും തടയാനുള്ള നടപടിയില്ല.

ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സബ്‌സിഡിയില്‍ 20,533 കോടിരൂപ വെട്ടിക്കുറവു വരുത്തി. പ്രത്യക്ഷനികുതി ഇനത്തില്‍ 11,500 കോടിയുടെ ഇളവുകള്‍ നല്‍കിയത് കോര്‍പറേറ്റുകള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍, പരോക്ഷനികുതി ഇനത്തില്‍ 11,300 കോടിരൂപ പിരിച്ചെടുക്കുന്നത് സാധാരണ ജനങ്ങളെയാണ് ബാധിക്കുക.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവല്‍ക്കരണനയം ശക്തമായി നടപ്പാക്കുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിന്റെ ഭാഗമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം കാരണം മാറ്റിവച്ച ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്ന ബില്ലും പെന്‍ഷന്‍ ഫണ്ട് ബില്ലും സര്‍ക്കാര്‍ കൊണ്ടുവരും. വിദേശനിക്ഷേപ നയം കൂടുതല്‍ ഉദാരവല്‍ക്കരിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നേരിട്ട് ധനസ്ഥാപനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാം.

അടുത്ത സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 40,000 കോടിരൂപ സമാഹരിക്കും. നടപ്പു സാമ്പത്തികവര്‍ഷം സമാഹരിച്ചത് 22,144 കോടിരൂപയാണ്. പൊതുമേഖലാ കമ്പനികളില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകുമെന്ന ഉറപ്പാണ് ധനമന്ത്രി നല്‍കുന്നത്.

1,64,153 കോടിയില്‍ നിന്ന് 1,43,570 കോടി രൂപയായാണ് സബ്‌സിഡി വെട്ടിക്കുറച്ചിട്ടുള്ളത്. രാസവള സബ്‌സിഡി 5000 കോടിയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി 15,000 കോടിയും കുറച്ചു. ഭക്ഷ്യസബ്‌സിഡിയിലും 27 കോടിയുടെ കുറവുവരുത്തിയിട്ടുണ്ട്. സബ്‌സിഡി പണമായി നല്‍കാനുള്ള പദ്ധതി ധനമന്ത്രി മുന്നോട്ടുവച്ചു. മണ്ണെണ്ണ, വളം എന്നിവയ്ക്കുള്ള സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ടു പണമായി നല്‍കുമെന്നും മുഖര്‍ജി പ്രഖ്യാപിച്ചു.

ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്ക്ക് കഴിഞ്ഞവര്‍ഷം 17,454 കോടിരൂപയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഈവര്‍ഷം അത് 16,315 കോടി രൂപയായി കുറച്ചു. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് 7000 കോടിയുടെ കുറവാണ് വരുത്തിയത്. 2011-12 വര്‍ഷത്തേക്കുള്ള പ്രതീക്ഷിത ചെലവ് 12,57,729 കോടി രൂപയാണ്. പ്രതീക്ഷിത നികുതി വരുമാനമാകട്ടെ 9,32,440 കോടി രൂപയും. വരുമാനവും ചെലവും തമ്മിലുള്ള 3.4 ലക്ഷം കോടി രൂപയുടെ അന്തരം പരിഹരിക്കാന്‍ കടം വാങ്ങുമെന്നാണ് ബജറ്റില്‍ പറയുന്നത്.


******

വി ബി പരമേശ്വരന്‍, കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദരിദ്രരെ പാടേ വിസ്‌മരിച്ച് സ്വദേശ, വിദേശ കുത്തകകള്‍ക്ക് ആഹ്ളാദം പകരുന്ന പ്രഖ്യാപനങ്ങളുടെ ധാരാളിത്തവുമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ്. വിദേശനിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുമെന്നും സബ്‌സിഡി വെട്ടിക്കുറയ്ക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും പ്രഖ്യാപിക്കുന്ന ബജറ്റ് നവ ഉദാരവല്‍ക്കരണനയം കൂടുതല്‍ തീവ്രമായി നടപ്പാക്കുമെന്നു വിളംബരം ചെയ്യുന്നു.