Wednesday, March 2, 2011

യുഡിഎഫിന്റെ പൂഴിക്കടകന്‍

ആയോധനമുറകളില്‍ പരാജയപ്പെട്ടവരുടെ അവസാനത്തെ അടവാണ് പൂഴിക്കടകന്‍. ശത്രുവിന്റെ കണ്ണില്‍ മണ്ണുവാരിയെറിഞ്ഞ് ഓടിരക്ഷപ്പെടുന്ന അധാര്‍മികമായ അടവാണിതെന്നാണ് കേട്ടിട്ടുള്ളത്. സാമാന്യമര്യാദയും അന്തസ്സുമുള്ളവര്‍ സ്വീകരിക്കുന്ന മാര്‍ഗമല്ല ഇത്. ഭീരുക്കള്‍ ഉപയോഗിക്കുന്നതാണ്. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത് ഈ മാര്‍ഗമാണ്. വരുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കണമെന്ന് കൂട്ടായി തീരുമാനമെടുത്തു. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒന്നാണ് മുഖ്യമന്ത്രി വി എസിന്റെ മകനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍. രോഗശയ്യയില്‍ കിടക്കുന്ന ഒരു വ്യവസായ പ്രമുഖനെ ഇതിലേക്ക് വലിച്ചിഴച്ചത് ഖേദകരമാണ്.

കെ പി പി നമ്പ്യാര്‍ എഴുതിയ ഒരു പുസ്തകത്തിലെ ചില വരികളാണ് ഇപ്പോള്‍ യുഡിഎഫ് ഉപകരണമാക്കുന്നത്. ഈ പുസ്തകം വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി പ്രസില്‍ അച്ചടിച്ചതാണ്. വിപണിയില്‍ ഒരു കോപ്പിപോലും വിറ്റഴിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഒരു വാരികയില്‍ പുസ്തകത്തിന്റെ അവലോകനമെന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ വന്നിരുന്നു. അരുണ്‍കുമാര്‍ ഇതിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തതാണ്. ഈ കേസ് ആരോപണം പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കിയതുമാണ്. ആരോപണം ഉണ്ടാക്കിയിരുന്ന ഭാഗം ഒഴിവാക്കി പുസ്തകം പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്‍വലിച്ച ഒരു പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചടിച്ച ഒരു പുസ്തകത്തിലെ മേല്‍പ്പറഞ്ഞ ഭാഗങ്ങള്‍ ഇതേവരെ പുറത്തുവരാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രി വി എസിന്റെ യശസ്സിനെ കളങ്കപ്പെടുത്താന്‍ ഇത്തരത്തിലുള്ള വൃത്തികെട്ട പ്രചാരവേലകൊണ്ടൊന്നും കഴിയുകയില്ലെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയേണ്ടതാണ്.

യുഡിഎഫ് നേതാക്കള്‍ക്കെതിരെ തുടരെതുടരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഈ ഗണത്തില്‍പ്പെട്ടതല്ല. വ്യക്തമായ തെളിവുകളുള്ളതാണ്. അത് വെളിപ്പെടുത്തിയതാകട്ടെ സ്വന്തം പാര്‍ടിയില്‍പ്പെട്ടവരുമാണ്. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന പെണ്‍കുട്ടി ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഏതാനും വര്‍ഷംമുമ്പാണെങ്കിലും ജനങ്ങള്‍ മറന്നിട്ടില്ല. റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കി സ്വാധീനിച്ചാണ് ആദ്യത്തെ മൊഴി മാറ്റിയതെന്ന സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ വ്യാജമൊഴി മുദ്രക്കടലാസില്‍ എഴുതി നോട്ടറി പബ്ളിക്കായ വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കി കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാകുകയായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവും മനസ്സാക്ഷി സൂക്ഷിപ്പുകാരനും വലംകൈയുമായിരുന്ന റൌഫാണ്.

റൌഫിന്റെ വാര്‍ത്താസമ്മേളനം പൂര്‍ണമായി സംപ്രേഷണം ചെയ്തത് ലീഗിന്റെ മറ്റൊരു നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യാവിഷന്‍ ചാനലാണ്. മുനീര്‍ ഇപ്പോഴും ലീഗ് നേതാവും ചാനല്‍ ചെയര്‍മാനുമാണ്. കുഞ്ഞാലിക്കുട്ടിതന്നൊണ് തനിക്കെതിരെ വധഭീഷണിയുണ്ടെന്നും താന്‍ മന്ത്രിയായിരുന്ന കാലത്ത് ബന്ധുവായ റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്നും തുറന്നുപറഞ്ഞത്. ആരോപണമൊന്നും ഇടതുപക്ഷം കെട്ടിച്ചമച്ചതല്ലെന്ന് വ്യക്തം.

മറ്റൊരു വിഷയം ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതാണ്. ഇടമലയാര്‍ അണക്കെട്ടിലുണ്ടായ ചോര്‍ച്ചയും നിര്‍മാണത്തിലെ ക്രമക്കേടും അന്നത്തെ നിയമസഭാകമ്മിറ്റിയാണ് അന്വേഷിച്ചത്. അതിന്റെ കണ്‍വീനര്‍ ലീഗ് നേതാവ് സീതി ഹാജിയായിരുന്നു. ഇന്നത്തെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അംഗമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണമാണ് സഭാ കമ്മിറ്റി ശുപാര്‍ശചെയ്തത്. ജസ്‌റ്റിസ് സുകുമാരനെ അന്വേഷണ കമീഷനായി നിയമിച്ചു. കമീഷന്‍ പിള്ളയും മറ്റു ചിലരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടു. വിചാരണയ്ക്ക് പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി. ആ കോടതി, പിള്ളയെയും കൂട്ടാളികളെയും അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് പ്രതിപക്ഷനേതാവായിരുന്ന വി എസ് സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്.
ഇതില്‍ വ്യക്തിവിരോധമല്ല; സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹവും പ്രതിബദ്ധതയുമാണ് തിരിച്ചറിയേണ്ടത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ വി എസിന് അധികാരമില്ലെന്ന് പിള്ളയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളി. പ്രത്യേക കോടതി അഞ്ചുവര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചത് സുപ്രീംകോടതി ഒരുവര്‍ഷമാക്കി ചുരുക്കി.

ശിഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ സ്വീകരിക്കാന്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയത് താന്‍ കണ്ടുനിന്നു എന്ന വിവരം കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവും മുന്‍മന്ത്രിയുമായ കെ സുധാകരന്‍ വെളിപ്പെടുത്തിയത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 21 ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ ബാറുടമകളില്‍ ഒരാള്‍, സുധാകരന്‍ സാക്ഷിയല്ല- ഇടനിലക്കാരനായിരുന്നു എന്ന് പരസ്യമായി പറഞ്ഞു. കൈക്കൂലി നല്‍കുന്നതും കുറ്റകൃത്യമാണ്. ഒരുവ്യക്തി ഗുരുതരമായ കുറ്റകൃത്യം ചെയ്തതായി വെളിപ്പെടുത്തിയാല്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിലും വ്യക്തിവിദ്വേഷത്തിന്റെ പ്രശ്നമുദിക്കുന്നില്ല.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടതും എല്‍ഡിഎഫിലുള്ള ആരുമല്ല. എഐസിസി അംഗമായ ടി എച്ച് മുസ്‌തഫയാണ്. അടൂര്‍ പ്രകാശിനെതിരെ ആരോപണമുന്നയിച്ചത് കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്‌ദുള്‍ റഹ്‌മാനാണ്. റേഷന്‍ മൊത്തവ്യാപാരം അനുവദിക്കുന്നതിന് ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ റഹ്‌മാന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുസ്ളിംലീഗ് നേതാവായ എം കെ മുനീര്‍ പൊതുമരാമത്തുമന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയെക്കുറിച്ച് വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കുകയാണ്.

ഇതിലൊന്നും രാഷ്ട്രീയലക്ഷ്യം നേടാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വഴിവിട്ട രീതിയില്‍ എന്തെങ്കിലും ചെയ്തതായി ആരോപണമുന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണം നിലനില്‍ക്കെയാണ് കേരളത്തിലും യുഡിഎഫ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി സ്വാഭാവികമായും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമെതിരെ കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ ശരിയായ രീതിയില്‍ പ്രതികരിക്കുമെന്നതില്‍ സംശയമില്ല. ഏപ്രില്‍ പതിമൂന്നിന് ജനങ്ങള്‍ രേഖപ്പെടുത്തുന്ന ആ തീര്‍പ്പില്‍ മാറ്റം വരുത്താന്‍ ഒരു പൂഴിക്കടകന്‍കൊണ്ടും യുഡിഎഫിന് കഴിയില്ല.


*****


ദേശാഭിമാനി മുഖപ്രസംഗം, 02-03-2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആയോധനമുറകളില്‍ പരാജയപ്പെട്ടവരുടെ അവസാനത്തെ അടവാണ് പൂഴിക്കടകന്‍. ശത്രുവിന്റെ കണ്ണില്‍ മണ്ണുവാരിയെറിഞ്ഞ് ഓടിരക്ഷപ്പെടുന്ന അധാര്‍മികമായ അടവാണിതെന്നാണ് കേട്ടിട്ടുള്ളത്. സാമാന്യമര്യാദയും അന്തസ്സുമുള്ളവര്‍ സ്വീകരിക്കുന്ന മാര്‍ഗമല്ല ഇത്. ഭീരുക്കള്‍ ഉപയോഗിക്കുന്നതാണ്. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത് ഈ മാര്‍ഗമാണ്. വരുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കണമെന്ന് കൂട്ടായി തീരുമാനമെടുത്തു. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒന്നാണ് മുഖ്യമന്ത്രി വി എസിന്റെ മകനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍. രോഗശയ്യയില്‍ കിടക്കുന്ന ഒരു വ്യവസായ പ്രമുഖനെ ഇതിലേക്ക് വലിച്ചിഴച്ചത് ഖേദകരമാണ്.