Tuesday, March 1, 2011

മനുവിന്റെ പെണ്ണ്

മനുസ്‌മൃതി അഞ്ചാം അധ്യായത്തില്‍ വിവരിക്കുന്നത് സ്‌ത്രീധര്‍മത്തെപ്പറ്റിയാണ്. മനു സ്‌ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്; സ്‌ത്രീയുടെ വ്യക്തിത്വംതന്നെ നശിപ്പിക്കുന്നു മനു. 'ബാല്യമായിരുന്നാലും യൌവനമായിരുന്നാലും വാര്‍ധക്യമായിരുന്നാലും സ്‌ത്രീകള്‍ തങ്ങളുടെ വീടുകളില്‍പ്പോലും തങ്ങളുടെ മനോഗതത്തെ അനുസരിച്ച് ഒരു കാര്യത്തെയും ചെയ്യരുത്' (5:147)

കൌടില്യനും സ്‌ത്രീക്ക് സ്വാതന്ത്രം നിഷേധിച്ചു. ഈ ചിന്താഗതി-തത്വശാസ്‌ത്രം-മനുവിനും കൌടില്യനും മാത്രം ഉണ്ടായിരുന്ന ഒന്നല്ല. ഇതാ നമ്മുടെ എഴുത്തച്ഛന്‍ തന്നെ ഇതാവര്‍ത്തിക്കുന്നു.

'സ്വാതന്ത്ര്യം നാരിമാര്‍ക്കില്ലെന്നല്ലോ ചൊല്ലിടുന്നു
താതന്താന്‍ രക്ഷിക്കേണം കൌമാര വയസ്സിങ്കല്‍
ഭര്‍ത്താവു രക്ഷിക്കേണം യൌവന വയസ്സിങ്കല്‍ പു
ത്രന്താന്‍ രക്ഷിക്കേണം വാര്‍ധക്യ വയസ്സിങ്കല്‍'

(അധ്യാത്മ രാമായണം)

ഇതിന്നര്‍ഥമിതാണ്. ഇവരെല്ലാം കാലഘട്ടത്തിന്റെ വക്താക്കള്‍ മാത്രമാണ്. ഇത് മനസ്സിലാക്കാന്‍ അന്നത്തെ സമൂഹത്തിന്റെ സ്ഥിതി മനസ്സിലാക്കണം. ചരിത്രം അറിയണം. അപ്പോള്‍ ഇവിടെ യഥാര്‍ഥത്തില്‍ സ്‌ത്രീയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയല്ല അന്വേഷിക്കേണ്ടത്, ഇവര്‍ പറയുന്ന സ്‌ത്രീ ആരായിരുന്നു എന്നാണ്. മനുവിനെ ഉദ്ധരിക്കുന്നവര്‍ ശ്രദ്ധിക്കാത്ത വലിയൊരു കാര്യമാണത്.

വര്‍ഗവിഭജനം എന്നു കേള്‍ക്കുമ്പോള്‍ ഇന്നും ചങ്കിടിക്കുന്ന ചിലരുണ്ട്. എന്നാല്‍ സമൂഹം എങ്ങനെ വിഭജിക്കപ്പെട്ടിരുന്നു എന്ന് ഇന്ന് ഏത് ചരിത്ര പുസ്‌തകം നോക്കിയാലും കാണാന്‍ കഴിയും. അതില്‍ അടിയില്‍ കിടക്കുന്നവരെ അന്ത്യജര്‍ എന്നാണ് വിളിച്ചിരുന്നത്. അവരെ സമൂഹത്തിനുപുറത്താണ് നിര്‍ത്തിയിരുന്നത്. അകത്ത് അവര്‍ക്ക് ഒരിക്കലും പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ക്ക് അസ്‌തിത്വംതന്നെ ഉണ്ടായിരുന്നില്ല; അവരെ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ല. നമ്മുടെ ചരിത്ര പുസ്‌തകങ്ങളില്‍ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും മാത്രമാണുള്ളതെന്ന് വിലപിക്കുന്ന ചരിത്രകാരന്മാരുണ്ട് നമുക്ക്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചതിന് പുസ്‌തകാനുഭവമില്ല!

മാര്‍ക്സ് രേഖപ്പെടുത്തിവച്ച, നമുടെ ചരിത്ര പണ്ഡിതന്മാരുടെ ദൃഷ്ടിയില്‍പ്പെടാന്‍ ഭാഗ്യം കിട്ടാത്ത ഒരു അടിസ്ഥാനവസ്‌തുതയുണ്ട് അതിന്. 'ഓരോ യുഗത്തിലും ഭരിക്കുന്ന വര്‍ഗത്തിന്റെ ആശയങ്ങളാണ് ഭരിക്കുന്ന ആശയങ്ങള്‍. അതായത്, സമുദായത്തിന്റെ ഭരിക്കുന്ന ഭൌതികശക്തിയായ വര്‍ഗം അതേ സമയംതന്നെ അതിന്റെ ഭരിക്കുന്ന ബുദ്ധിപരമായ ശക്തിയുമാണ്. ഭൌതികോല്‍പ്പാദനത്തിന്റെ ഉപാധികള്‍ കൈവശമുള്ള വര്‍ഗം അതേസമയം മാനസികോല്‍പ്പാദനത്തിന്റെ ഉപാധികളേയും നിയന്ത്രിക്കുന്നു.

അങ്ങനെ സാമാന്യമായി പറഞ്ഞാല്‍ മാനസികോല്‍പ്പാദനത്തിന്റെ ഉപാധികള്‍ കൈവശമില്ലാത്തവരുടെ ആശയങ്ങള്‍ ഈ നിയന്ത്രണത്തിന് വിധേയമാണ്. ഭരിക്കുന്ന ആശയങ്ങള്‍ ആധിപത്യം വഹിക്കുന്ന ഭൌതികബന്ധങ്ങളുടെ ആശയപരമായ പ്രകടരൂപമല്ലാതെ, ആശയങ്ങളെന്ന നിലയില്‍ ഗ്രഹിക്കപ്പെടുന്ന ഭൌതിക ബന്ധങ്ങളല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട്, ഒരു വര്‍ഗത്തെ ഭരിക്കുന്ന വര്‍ഗമാക്കുന്ന ബന്ധങ്ങളുടെ പ്രകടരൂപമാണ്, ആ വര്‍ഗത്തിന്റെ ആധിപത്യത്തിന്റെ ആശയങ്ങളാണ്, ഭരിക്കുന്ന ആശയങ്ങള്‍. ഭരിക്കുന്ന വര്‍ഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് മറ്റ് പലതിന്റെയും കൂട്ടത്തില്‍ ബോധവുമുണ്ട്. അതുകൊണ്ട് അവര്‍ ചിന്തിക്കുന്നു. ആ നിലയ്ക്ക് ഒരു വര്‍ഗമെന്ന നിലയില്‍ അവര്‍ ഭരിക്കുകയും ആ കാലഘട്ടത്തിന്റെ വ്യാപ്തിയും ദിങ്മുഖവും നിര്‍ണയിക്കുകയും ചെയ്യുന്നിടത്തോളം അവരത് അതിന്റെ മുഴുവന്‍ വ്യാപ്തിയിലും നിര്‍വഹിക്കുന്നു. അതുകൊണ്ടവര്‍ ചിന്തകന്മാരും ആശയങ്ങളുടെ ഉല്‍പ്പാദകരും എന്ന നിലയ്ക്കും ഭരിക്കുന്നു. അവരുടെ കാലഘട്ടത്തിലെ ആശയങ്ങളുടെ ഉല്‍പ്പാദനത്തെയും വിതരണത്തേയും അവര്‍ ക്രമീകരിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ആശയങ്ങള്‍ ആ കാലഘട്ടത്തിലെ ഭരിക്കുന്ന ആശയങ്ങളായിത്തീരുന്നു.

(മാര്‍ക്സ്-ഏംഗല്‍സ്, തെരഞ്ഞെടുത്ത കൃതികള്‍: വാള്യം ഒന്ന്).

ഇതിനോടൊപ്പം മനസ്സിലാക്കാനുള്ള ഒരു കാര്യം ഓരോ ഘട്ടത്തിലും നിലനിന്ന ഭരണവര്‍ഗത്തിന്റെ ആശയങ്ങള്‍ക്കെതിരായ ചിന്താഗതി ഒരിക്കലും വച്ചുപൊറുപ്പിച്ചിരുന്നില്ല എന്നതാണ്. ഇതിന് ഉദാഹരണങ്ങള്‍ക്ക് പഞ്ഞമില്ല. ഇന്ത്യയില്‍ നിരീശ്വരവാദത്തിന് സംഭവിച്ച ഗതി നോക്കിയാല്‍ മതി. ഇന്നതിന്റെ തെളിവായി കിട്ടിയിട്ടുള്ളത്, അവയെ എതിര്‍ക്കാന്‍ എതിരാളികള്‍ ഉദ്ധരിച്ചുചേര്‍ത്തിട്ടുള്ള അവരുടെ ഗ്രന്ഥങ്ങളിലെ ഭാഗങ്ങളാണ്. അപ്പോള്‍ മനുവും കൌടില്യനും പറയുന്ന സ്‌ത്രീ ഭരണവര്‍ഗത്തിലെ-പ്രമാണി വര്‍ഗത്തിലെ സ്‌ത്രീകളെപ്പറ്റിയാണ്. ആ സ്‌ത്രീകള്‍ക്കാണ് സ്വാതന്ത്ര്യം നിഷേധിച്ചത്; അവരെ അന്തഃപുരങ്ങളിലാണ് തളച്ചിട്ടത്. അവര്‍ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു. ബഹുഭൂരിപക്ഷം അവരുടെ വലയത്തിനുപുറത്തായിരുന്നു. അവരുടെ നിയമങ്ങള്‍ അവര്‍ക്ക് ബാധകവുമായിരുന്നു.


*****


ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഗവിഭജനം എന്നു കേള്‍ക്കുമ്പോള്‍ ഇന്നും ചങ്കിടിക്കുന്ന ചിലരുണ്ട്. എന്നാല്‍ സമൂഹം എങ്ങനെ വിഭജിക്കപ്പെട്ടിരുന്നു എന്ന് ഇന്ന് ഏത് ചരിത്ര പുസ്‌തകം നോക്കിയാലും കാണാന്‍ കഴിയും. അതില്‍ അടിയില്‍ കിടക്കുന്നവരെ അന്ത്യജര്‍ എന്നാണ് വിളിച്ചിരുന്നത്. അവരെ സമൂഹത്തിനുപുറത്താണ് നിര്‍ത്തിയിരുന്നത്. അകത്ത് അവര്‍ക്ക് ഒരിക്കലും പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ക്ക് അസ്‌തിത്വംതന്നെ ഉണ്ടായിരുന്നില്ല; അവരെ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ല. നമ്മുടെ ചരിത്ര പുസ്‌തകങ്ങളില്‍ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും മാത്രമാണുള്ളതെന്ന് വിലപിക്കുന്ന ചരിത്രകാരന്മാരുണ്ട് നമുക്ക്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചതിന് പുസ്‌തകാനുഭവമില്ല!