Monday, May 9, 2011

ഫാസിസ്റ്റ് യുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കല്‍

നീണ്ടകാലമായി നിര്‍വീര്യനും മരണസമയത്ത് നിരായുധനുമായിരുന്ന അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പ്രദര്‍ശനപരമായ പ്രതികാരഹത്യയെ ഒരാഗോള ഉത്സവമായി സാമ്രാജ്യത്വ ശക്തികള്‍ ആഘോഷിക്കുമ്പോഴാണ് ലോകത്തെങ്ങുമുള്ള സമാധാനപ്രേമികള്‍ ഇന്ന് വേറൊരു വിജയത്തിന്റെ ഓര്‍മ പുതുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് അച്ചുതണ്ടിന്മേല്‍ നേടിയ ഐതിഹാസികമായ സൈനിക വിജയം. റഷ്യന്‍ സമയമനുസരിച്ച് 1945 മെയ് ഒമ്പതിനാണ് ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍വച്ച് നാല്‍പ്പത്തയ്യായിരത്തോളം നാസി പട്ടാളം ചെമ്പടയ്ക്കുമുന്നില്‍ ആയുധംവച്ച് ഔദ്യോഗികമായി അടിയറവു പറഞ്ഞത്.

ദിവസങ്ങള്‍ക്കുമുമ്പ് സോവിയറ്റ് പോരാളികള്‍ ജര്‍മന്‍ പാര്‍ലമെന്റിന്റെ ആസ്ഥാനമായ റിച്സ്റ്റാഗിനു മുകളില്‍ ചെങ്കൊടി ഉയര്‍ത്തിയെങ്കിലും സോവിയറ്റ് സര്‍വസൈന്യാധിപനായിരുന്ന സ്റ്റാലിന്റെ ആഗ്രഹപ്രകാരമാണ് നാസികള്‍ ഔപചാരികമായി കീഴടങ്ങിയ മെയ് ഒമ്പത് സോഷ്യലിസ്റ്റ് രാജ്യങ്ങളും കമ്യൂണിസ്റ്റ്പാര്‍ടികളും ഫാസിസത്തിനെതിരായ വിജയ ദിവസമായി പിറ്റേ വര്‍ഷംമുതല്‍ ആചരിക്കാന്‍ തുടങ്ങിയത്. ഇന്നും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ഭാഗമായ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും ആ പതിവ് തുടരുന്നു. ആ പൈതൃകം പിന്‍പറ്റുന്നു. തൊഴിലാളികള്‍ , ജനാധിപത്യ സമാധാന ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഫാസിസത്തിനെതിരെ നേടിയ ഈ ഉജ്വലവിജയം ഇന്ത്യ അടക്കമുള്ള നിരവധി കൊളോണിയല്‍ രാജ്യങ്ങളുടെ വിമോചനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുകയും യൂറോപ്പില്‍ നിരവധി ജനകീയ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ജന്മംകൊടുക്കുകയുംചെയ്തു.

ഈ വിജയം നേടുന്നതിന് സോവിയറ്റ് ജനത നല്‍കിയ വില വലുതായിരുന്നു. മൂന്നുകോടിയോളം സോവിയറ്റ് പട്ടാളക്കാരും പൗരന്മാരുമാണ് യുദ്ധത്തില്‍ മരിച്ചത്. ഫാസിസത്തിനെതിരെ നേടിയ സൈനിക വിജയത്തില്‍ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം വഹിച്ച പങ്ക് ഇടിച്ചുകാണിക്കാനുള്ള ശ്രമം സോവിയറ്റ് ചേരിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് പിന്തിരിപ്പന്‍ ശക്തികള്‍ ആരംഭിച്ചു. പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഈ ശ്രമങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്നത് ഫാസിസവും കമ്യൂണിസവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ഏകാധിപത്യ വ്യവസ്ഥകളാണെന്ന പ്രചാരണത്തിലും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുന്നതിലുമാണ്. കഴിഞ്ഞവര്‍ഷാവസാനം ഹംഗറി, റുമേനിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ലിത്വാനിയ, ലാത്വിയ എന്നീ ആറു രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ യൂറോപ്യന്‍ കമീഷന് സമര്‍പ്പിച്ച സംയുക്ത അഭ്യര്‍ഥനയില്‍ , യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ ചെയ്തെന്ന് ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ പരസ്യമായി നിഷേധിക്കുന്നതോ ചെറുതാക്കിക്കാണിക്കുന്നതോ നിയമപരമായി ശിക്ഷാര്‍ഹമാക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം യൂറോപ്യന്‍കമീഷന്‍ ഇനിയും പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല.

നാസി പട്ടാള ഭീകരതയുടെ ആദ്യത്തെ ഇരയായ ചെക് റിപ്പബ്ലിക്കാണ് കമ്യൂണിസ്റ്റ് വിരുദ്ധ ഭ്രാന്തിന്റെ ആദ്യലക്ഷണങ്ങള്‍ കാണിച്ചത്. നാലുവര്‍ഷം മുമ്പ് അവിടത്തെ ഭരണകക്ഷി ചെക് യുവ കമ്യൂണിസ്റ്റ് സംഘടനകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ ഫെബ്രുവരിയിലാണ് ഒരു പ്രാദേശിക കോടതി എടുത്തുകളഞ്ഞത്. ഒരുപടി കൂടി കടന്ന് ആദ്യം ഹംഗറിയും പിന്നീട് ഹോളണ്ടും കമ്യൂണിസ്റ്റ് കൊടിയും അരിവാള്‍ ചുറ്റിക അടയാളവും പുറത്തെടുക്കുന്നതുതന്നെ നിരോധിച്ചു. ഹംഗറിയിലെ കമ്യൂണിസ്റ്റ് നേതാവും ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായ അറ്റിലാ വജനായിയെ ചുവന്ന നക്ഷത്രമുള്ള ഒരു ബാഡ്ജ് ധരിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്ത് ജയിലടയ്ക്കുകയുണ്ടായി. യൂറോപ്പിലെ മനുഷ്യാവകാശ സംരക്ഷണ കോടതിയുടെ ഇടപെടലാണ് അദ്ദേഹത്തെ തടവില്‍വിന്ന് മോചിപ്പിച്ചത്. ഇതിലും ലജ്ജാകരമാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന കുപ്രസിദ്ധരായ ഫാസിസ്റ്റ്, നാസി കുറ്റവാളികളുടെ മുന്‍കാല പ്രാബല്യത്തോടെയുള്ള പുനരധിവാസവും മഹത്വവല്‍ക്കരണവും ഇവരുടെ മൗനാനുവാദത്തോടെ കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്കുമേല്‍ നടക്കുന്ന നവനാസി അതിക്രമങ്ങളും. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാത്രമല്ല ചരിത്രത്തോടുള്ള ഈ അവഹേളനം നടക്കുന്നത്. ഇറ്റലിയില്‍ ബര്‍ലുസ്കോണിയും നാസി അനുകൂലികളായ നാഷണല്‍ അലയന്‍സുമായി തുറന്ന സഖ്യത്തിലാണ്. ലിബിയക്കുമേലുള്ള നാറ്റോ ആക്രമണത്തിന്റെ അമരക്കാരനായ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോവിസ്കിയുടെ രാഷ്ട്രീയ തോഴനാണ് ലാവെന്‍ എന്ന കുടിയേറ്റവിരുദ്ധ നവനാസി നേതാവ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഷ്യയില്‍ നടക്കുന്ന പൊതുജന അഭിപ്രായ സര്‍വേകളിലെല്ലാം ഫാസിസ്റ്റ്വിരുദ്ധ യുദ്ധത്തിന് നേതൃത്വം നല്‍കിയ സ്റ്റാലിന്‍ ഒരു വന്‍ തിരിച്ചുവരവു നടത്തുമ്പോഴും ക്രെംലിനിലെ മുസോളിയത്തില്‍നിന്ന് ലെനിന്റെ മൃതദേഹം മാറ്റി മറവുചെയ്യാനുള്ള ശ്രമത്തിലാണ് റഷ്യയുടെ പാശ്ചാത്യ അനുഭാവിയായ പ്രസിഡന്റ് മെദ്വദേവും രാജ്യത്തെ വംശീയ വെറിയന്മാരും. എല്ലാ നിരോധനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടുകൊണ്ടാണ് യൂറോപ്പിലെ ജനാധിപത്യ ഇടതുപക്ഷ കക്ഷികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് അമേരിക്കയെയും യൂറോപ്പിന്റെ മിക്ക ഭാഗത്തെയും ഗ്രസിച്ച സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ഇവിടങ്ങളിലെ സമ്പദ് വ്യവസ്ഥകള്‍ ഇനിയും കരകയറിയിട്ടില്ല. സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തൊഴിലാളികളുടെ ശമ്പളവും സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും സര്‍ക്കാര്‍ നല്‍കിവന്ന അടിസ്ഥാനസേവനങ്ങളുടെ ചാര്‍ജ് വര്‍ധിപ്പിക്കുകയുംചെയ്തു. കുതിച്ചുയര്‍ന്ന വിദ്യാഭ്യാസച്ചെലവിനെതിരെ ബ്രിട്ടനിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂറ്റന്‍ സംയുക്ത പ്രകടനങ്ങള്‍ , അമേരിക്കയിലെ വിന്‍സ്കോന്‍സില്‍ സംസ്ഥാനത്തെ പൊതുമേഖലാ ജോലിക്കാര്‍ വേതന വ്യവസ്ഥകളില്‍ വരുത്തിയ മാറ്റത്തിനെതിരെ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന സമരങ്ങള്‍ , പോര്‍ച്ചുഗലിലും അയര്‍ലന്‍ഡിലും ഗ്രീസിലും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ തൊഴിലാളി- വിദ്യാര്‍ഥി സമര പരമ്പരകളും ജര്‍മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ മുന്നേറ്റവും ഒരു രാഷ്ട്രീയ വഴിത്തിരിവിന്റെ നാന്ദി കുറിക്കുന്നുണ്ട്. ഒപ്പം ഒസാമയുടെ കൊലപാതകത്തില്‍ ആനന്ദനൃത്തം ചവിട്ടുന്ന അമേരിക്കയിലെ ടീ പാര്‍ടി എന്ന തീവ്രവലതുപക്ഷ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വലിയ തിരിച്ചുപോക്കിനെയാണ്.

ജനപ്രിയ ഇടതുപക്ഷക്കാരനെന്ന പ്രതിച്ഛായ ഉപയോഗിച്ച് അമേരിക്കന്‍ ജനതയുടെ യുദ്ധവിരുദ്ധ വികാരം മുതലെടുത്ത് വൈറ്റ്ഹൗസിലെത്തിയ ഒബാമ എന്ന അമേരിക്കയിലെ ആദ്യത്തെ കറുത്ത വംശക്കാരനായ പ്രസിഡന്റ് തന്റെ മുന്‍ഗാമിയായ ജോര്‍ജ്ബുഷിന്റെ തീവ്ര വലതുപക്ഷ ഭാഷയിലാണ് ഇന്ന് സംസാരിക്കുന്നത്. പകപോക്കല്‍ നീതിനിര്‍വഹണമെന്ന് അവകാശപ്പെടുന്ന ഒബാമ അമേരിക്കയ്ക്ക് ലോകത്തെവിടെയും ഒരു നിയമവും ബാധകമല്ലെന്ന ബുഷിന്റെ അതേ ഭ്രമകല്‍പ്പനയുടെ അടിമയാണിന്ന്. ഇതിനകം ലക്ഷക്കണക്കിന് ജീവനെടുത്ത ബുഷിന്റെ ഭീകരതക്കെതിരായ യുദ്ധം താന്‍ തുടരുമെന്നാണ് ഒബാമ വീമ്പിളക്കുന്നത്. സാമ്രാജ്യത്വ യുദ്ധവെറിക്ക് പുറകിലെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ഫാസിസത്തിന്റെ സര്‍വലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ജര്‍മനിയിലെ നാസി തെരഞ്ഞെടുപ്പ് വിജയം വംശവിദ്വേഷത്തിന്റെ മാത്രം ഫലമായിരുന്നില്ല. ആഗോള മുതലാളിത്തം നേരിട്ട വമ്പിച്ച സാമ്പത്തികത്തകര്‍ച്ചയുടെ ഉല്‍പ്പന്നംകൂടിയായിരുന്നു. ബാങ്കിങ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനത്തിന്റെ വളര്‍ച്ചയായിരുന്നു യൂറോപ്യന്‍ ഫാസിസത്തിന്റെ സാമ്പത്തിക പശ്ചാത്തലം. ഏറെക്കുറെ സമാനമായ അനിയന്ത്രിത ആഗോള മൂലധനവ്യാപനത്തിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആധുനിക മുതലാളിത്തം അതിന്റെ അതിജീവനത്തിന് പ്രാകൃത മൂലധന സഞ്ചയത്തിന്റെ നികൃഷ്ട രീതികളെ ആശ്രയിക്കാന്‍ മടിക്കാത്ത ഒരു ഘട്ടത്തില്‍ ഫാസിസവുമായുള്ള അതിന്റെ അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതാകുകയാണ.്

ഔപചാരികമായി മുതലാളിത്തം പിന്‍തുടരുന്ന തെരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ പ്രക്രിയകള്‍പോലും ധനമൂലധനത്തിന്റെയും ഇടത്തട്ടുകാര്‍ ഭരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെയും കീഴില്‍ നിരര്‍ഥകമാകുന്ന കാഴ്ചയാണ് നമ്മള്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എവിടെയും കടന്നുകയറി കാണാവുന്ന വിഭവങ്ങളെല്ലാം വെട്ടിപ്പിടിക്കുക, പ്രകൃതിയെ നശിപ്പിച്ച് ജനങ്ങളെയും ജന്തുജാലങ്ങളെയും ആട്ടിയിറക്കി വന്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ഏതുവിധേനയും ലാഭംകൊയ്യുക, ഈ ലാഭം വന്‍തോതില്‍ ഊഹക്കച്ചവടത്തിലിറക്കുക. വികസിത മുതലാളിത്തത്തിന് സഹജമല്ലെന്ന് കരുതിയിരുന്ന ഈ പ്രാകൃത അധിനിവേശരീതി ഫാസിസത്തിലേക്കുള്ള ചൂണ്ടുപലകതന്നെയാണ്. ഊര്‍ജസ്രോതസ്സുകള്‍മാത്രം തേടിയുള്ള സാമ്രാജ്യത്വ യുദ്ധങ്ങളല്ല അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലിബിയയിലും സുഡാനിലുമെല്ലാം നടക്കുന്നത്. രാജ്യങ്ങളെതന്നെ ബോംബിട്ട് നശിപ്പിച്ച് അവയുടെ "പുനര്‍നിര്‍മാണ"മെന്ന പേരില്‍ ആഗോള ധനമൂലധനവ്യാപനം സാധ്യമാക്കുക എന്നതാണ് സമകാലിക സാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫാസിസം അതിന്റെ പ്രത്യേക ഇരകളായി തെരഞ്ഞെടുത്തത് ജൂതന്മാരെയും തൊഴിലാളി വര്‍ഗത്തെയുമായിരുന്നെങ്കില്‍ ഇന്ന് സാമ്രാജ്യത്വത്തിന്റെ ശത്രുക്കള്‍ എല്ലാ അധിനിവേശവിരുദ്ധ ശക്തികളുമാണ്.

ചരിത്രം ഒരിക്കലും അതുപടി ആവര്‍ത്തിക്കില്ലെന്ന് നമുക്കറിയാം. ഫാസിസവും അതുവഴി എവിടെയും പുനരവതരിക്കില്ല. ഇന്ത്യയില്‍തന്നെ മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന ഭരണ കോണ്‍ഗ്രസും മുസ്ലിംവിരുദ്ധത മുഖമുദ്രയായ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയും പങ്കിടുന്ന സാമ്രാജ്യത്വാനുകൂല വിദേശ സാമ്പത്തിക നയങ്ങള്‍ നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ മുന്നില്‍ അതിസങ്കീര്‍ണമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് നേരിടണമെങ്കില്‍ ഫാസിസമെന്ന മനുഷ്യസംസ്കാരത്തെതന്നെ വിഴുങ്ങാനൊരുങ്ങിയ ഭീകരജന്തുവിന്റെ ജനനവും വളര്‍ച്ചയും പുതിയ തലമുറ അറിഞ്ഞേ മതിയാകൂ. അല്ലാത്തപക്ഷം പഴയ വിപത്ത് പുതിയ രൂപത്തില്‍ അവതരിക്കുമ്പോള്‍ നമുക്ക് അതിനെ തിരിച്ചറിയാന്‍കൂടി കഴിഞ്ഞെന്നുവരില്ല. അറുപത്താറുവര്‍ഷം മുമ്പ് ഫാസിസത്തിനെതിരായ വിജയത്തിന്റെ ഉജ്വല നിമിഷത്തിലും ജര്‍മന്‍ നാടകകൃത്തും കവിയും കമ്യൂണിസ്റ്റ് പോരാളിയുമായ ബ്രഹ്ത് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത് ഇത്തരമൊരു രണ്ടാം വരവിനെക്കുറിച്ചായിരുന്നു.

"ഈ വിഷക്കനി വിളഞ്ഞ മണ്ണ് ഇന്നും ഊഷരമാണ്
ഈ ജന്തുവിനെപ്പെറ്റ കൊടിച്ചിപ്പട്ടി
അതേ ഗര്‍ഭപാത്രവും പേറി കാമാര്‍ത്തയായി
ഇണയെ അന്വേഷിച്ച് ഇപ്പോഴും ഇറങ്ങിനടപ്പുണ്ട്."

*****

എന്‍ മാധവന്‍കുട്ടി, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...