Sunday, July 10, 2011

തെക്കന്‍സുഡാന്‍ രക്തനദിയുടെ ഗാനം

ലോക രാജ്യങ്ങള്‍ക്ക് ഒരു കുഞ്ഞനിയത്തി കൂടി പിറന്നിരിക്കുന്നു. തെക്കന്‍ സുഡാന്‍ . ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിലെ 193 ാമത്തെ രാജ്യവും ആഫ്രിക്കയിലെ 54 ാമത്തെ അംഗ രാജ്യവുമാണ് തെക്കന്‍ സുഡാന്‍ . പുതിയ തലസ്ഥാനമായ ജുബയില്‍ ആഘോഷങ്ങള്‍ ശനിയാഴ്ച വെളുക്കുവോളം നീണ്ടു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തു നില്‍ക്കാതെ ജനങ്ങള്‍ ആഘോഷം തുടങ്ങി. തെരുവുളെല്ലാം രാത്രി മുഴുവന്‍ പുതിയ ദേശീയഗാനവും പാടി പുതിയ രാജ്യത്തിന്റെ വരവാഘോഷിച്ചു. തെക്കന്‍ സുഡാന്‍ നിലവില്‍ വന്നതായി വെള്ളിയാഴ്ച സുഡാന്റെ പ്രസിഡന്‍ഷ്യല്‍ അലയന്‍സ് മന്ത്രി ബക്രി ഹസന്‍ സലെയുടെ പ്രഖ്യാപനമുണ്ടായി. ഡ്രമ്മുകളും സംഗീതോപകരണങ്ങളുമായി തെരുവിലേക്കിറങ്ങിയ ജനങ്ങള്‍ക്കൊപ്പം നിയമപാലകരും പട്ടാളക്കാരും വരെ അണിചേര്‍ന്നു.


പേപ്പര്‍കൊടികളും വിളക്കുകളുമായി അവര്‍ പുതിയ മണ്ണിന്റെ ഉദയം വിളംബരപ്പെടുത്തി. തെക്കന്‍സുഡാന്റെ രൂപീകരണത്തിനായി മണ്ണില്‍ ചോരചിന്തിവീണവരുടെ അപദാനങ്ങള്‍ വാഴ്ത്തി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊടുവില്‍ ഒരു രാജ്യത്തിന്റെ കൂടി പതാക ഇനി സ്ഥാനം പിടിക്കും 1956 വരെ ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ഈജിപ്തിന്റെയും നുകത്തിന്‍ കീഴിലായിരുന്നു സുഡാന്‍ . സ്വതന്ത്രമായെങ്കിലും ആഭ്യന്തര കലാപത്തിലേക്കാണ് രാജ്യം നീങ്ങിയത്. ബ്രിട്ടീഷാധിപത്യത്തിന്റെ കെടുതികളില്‍നിന്നും സാങ്കേതികമായി മോചിരായെന്നതൊഴിച്ചാല്‍ കുഴപ്പങ്ങളും കലാപങ്ങളും എന്നും സുഡാനെ കലുഷിതമാക്കിയിരുന്നു. 1960 മുതലാണ് സുഡാനില്‍ ആഭ്യന്തരകുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രക്ത രൂക്ഷിതമായിരുന്നു പിന്നീടിങ്ങോട്ടുള്ള നാള്‍വഴികള്‍ . 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഭരണനേതൃത്വത്തിനെതിരെ തിരിഞ്ഞ ജനങ്ങളില്‍ ഒരുവിഭാഗം തെരുവുകളിലേക്കിറങ്ങി.
ആയിരങ്ങളാണ് തെരുവില്‍ മരിച്ചുവീണത്്. 2005 ല്‍ ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സല്‍വ കിര്‍ മയാര്‍ഡിറ്റിന്റെ കീഴില്‍ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ് ആദ്യം സമരവും പിന്നെ കലാപവുമാരംഭിച്ചു. 2005 ലെ ഉടമ്പടിപ്രകാരമാണിപ്പോള്‍ സുഡാന്‍ പുതിയ രാഷ്ട്രമായത്. 2011 ജനുവരിയില്‍ ഒപ്പിട്ട റഫറണ്ടത്തിലാണ് സൗത്ത് സുഡാനെന്ന പുതിയ രാജ്യത്തിനുള്ള തീരുമാനമായത്. ഹിതപരിശോധനയില്‍ ഭൂരിപക്ഷവും പുതിയ രാജ്യത്തിനനുകൂലമായി വിധിയെഴുതി. റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന്‍ എന്നാണ് മുഴുവന്‍ പേര്. ജുബായാണ് തലസ്ഥാനം. ഐക്യരാഷ്ട്രസഭയുടെ 2006ലെ കണക്കുപ്രകാരം 7.5-9.5 കോടി ജനസംഖ്യയുണ്ട്. 619,745 ചതുരശ്ര അടിയാണ് ഭൂവിസ്തൃതി. ഇംഗ്ലീഷും അറബിയുമാണ് ഔദ്യോഗികഭാഷകള്‍ . പരമ്പരാഗത ഗോത്രവര്‍ഗ്ഗങ്ങളും ക്രിസ്തുമതവുമാണ് പ്രധാനം.

എണ്ണയും പ്രകൃതിവാതകവും ഈ രാജ്യത്തിന്റെ പ്രധാന സമ്പത്താണ്. ലോകത്തെ അവികസിതരാജ്യങ്ങളിലൊന്നായ സൗത്ത് സുഡാനില്‍ 13 വയസിനു താഴെ വിദ്യാലയത്തില്‍പ്പോകുന്ന കുട്ടികള്‍ കുറവാണ്. 84 ശതമാനം സ്ത്രീകളും നിരക്ഷരര്‍ . ചതുപ്പുനിലവും പുല്‍ത്തകിടിയും നിറഞ്ഞ സൗത്ത് സുഡാന്റെ ഭൂവിഭാഗത്തില്‍ നിത്യഹരിത വനവും വൈറ്റ്നൈലിന്റെ സാന്നിധ്യവുമുണ്ട്. ചോര ചിന്തിയ നാള്‍വഴികളിലൂടെ കടന്നുവന്ന ഈ ജനതക്ക് എന്തും സഹിക്കാനുള്ള കരുത്തുണ്ട്. വെടിയൊച്ചകളും രക്തനദികളും ഇവരെ ഭയപ്പെടുത്തുന്നില്ല. ഇനിയും അസ്തമിച്ചിട്ടില്ലാത്ത ശുഭാപ്തിവിശ്വാസത്തിന്റെ കരുത്തില്‍ ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ ചിറകുവിരിക്കുമോ?

*
കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോക രാജ്യങ്ങള്‍ക്ക് ഒരു കുഞ്ഞനിയത്തി കൂടി പിറന്നിരിക്കുന്നു. തെക്കന്‍ സുഡാന്‍ . ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിലെ 193 ാമത്തെ രാജ്യവും ആഫ്രിക്കയിലെ 54 ാമത്തെ അംഗ രാജ്യവുമാണ് തെക്കന്‍ സുഡാന്‍ .

ദിവാരേട്ടN said...

"619,745 ചതുരശ്ര അടിയാണ് ഭൂവിസ്തൃതി."

ഇത് ശരി തന്നെയാണോ, അതോ typing mistake ആണോ?