Tuesday, July 19, 2011

മാധ്യമവഷളത്തരം അതിരുകടക്കുമ്പോള്‍

നൂറ്റിഅറുപത്തിയെട്ട് വര്‍ഷത്തിന്റെ പാരമ്പര്യമുള്ള ഞായറാഴ്ചപ്പത്രം"ന്യൂസ് ഓഫ് ദ വേള്‍ഡ്" ചരിത്രത്താളുകളിലേക്ക് മടങ്ങിയ വാര്‍ത്ത ലോകമാധ്യമങ്ങള്‍ ഇപ്പോഴും ആഘോഷിച്ചുതീര്‍ന്നിട്ടില്ല. വഷളന്‍വാര്‍ത്തകളുടെ വര്‍ണക്കാഴ്ചകള്‍കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുക വഴി പ്രചാരവും ലാഭവും കൊയ്തുകൂട്ടിയ ഈ ടാബ്ലോയ്ഡ് ചരിത്രത്തിലേക്ക് മടങ്ങുമ്പോള്‍ മാധ്യമലോകവും വായനക്കാരും പുതിയ പാഠങ്ങള്‍ തേടാന്‍ നിര്‍ബ്ബന്ധിതമാകുകയാണ്. വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിലെ അധാര്‍മികത, വാര്‍ത്തകളുടെ വ്യാപാരവല്‍ക്കരണം, ലാഭക്കൊയ്ത്തിനായുള്ള മരണപ്പാച്ചിലില്‍ നാണംകെട്ടുപോകുന്ന ജനാധിപത്യത്തിന്റെ നാലാംതൂണ് തുടങ്ങിയവയെപ്പറ്റിയെല്ലാമുള്ള ചര്‍ച്ചകള്‍ സജീവമാക്കേണ്ടിയിരിക്കുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടാനും തുടര്‍ന്ന് ബ്രിട്ടനിലെ വിശ്രുതചാനലായ ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്ങ് (ബിസ്കൈബി)കൈപ്പിടിയിലൊതുക്കാനുമുള്ള ശ്രമത്തില്‍ നിന്ന് മര്‍ഡോക്ക് പിന്തിരിയാനും ഇടയായ സാഹചര്യങ്ങളിലേക്ക് പോകുന്നതിനു മുമ്പ് മര്‍ഡോക്ക് ആരാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പദ്ധതി എന്താണെന്നുമൊക്കെ അറിയുന്നത് കൗതുകകരമായിരിക്കും.

മര്‍ഡോക്കില്‍ നിന്ന് മാധ്യമചക്രവര്‍ത്തിയിലേക്ക്

ആസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് അവിടെ അഡലെയ്ഡില്‍ 1979ലായിരുന്നു തുടക്കം. "80കളുടെ മധ്യത്തോടെ ഇംഗ്ളണ്ടിലേക്ക് കുടിയേറി. പിന്നീട് അമേരിക്കയില്‍ ചേക്കേറിയ മര്‍ഡോക്ക് അവിടെ മാധ്യമസ്ഥാപനം ആരംഭിക്കുന്നതിനുള്ള നിയമപരമായ ഉപാധിയെന്ന നിലിയില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. അത് പിന്നീട് വിസ്മയകരമായ മാധ്യമചരിത്രം സ്യഷ്ടിച്ചതാണ് അനുഭവം. ന്യൂസ് കോര്‍പറേഷന്‍ എന്ന മാധ്യമസമുച്ചയ ത്തിന് രൂപം നല്‍കി മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ രൂപങ്ങളും എല്ലാ രീതിശാസ്ത്രങ്ങളും അദ്ദേഹം പരീക്ഷിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള മര്‍ഡോക്ക് കൈവച്ച മാധ്യമമേഖലകളിലെല്ലാം വിസ്മയകരമായ വിജയം കൊയ്തു. പത്രങ്ങള്‍ , മാസികകള്‍ , പുസ്തകങ്ങള്‍ , ടിവി ചാനലുകള്‍ , ഉപഗ്രഹടിവി റിലേ സ്റ്റേഷനുകള്‍ , ചലച്ചിത്ര നിര്‍മാണ കമ്പനികള്‍ , കേബിള്‍ പ്രോഗ്രാമിങ്ങ്, വെബ്സൈറ്റുകള്‍ തുടങ്ങി പരമ്പരാഗതവും നവീനവുമായ എല്ലാ മാധ്യമങ്ങളും മര്‍ഡോക്കിന്റെ കൈകളിലൂടെ ലാഭത്തിന്റെ ഉയരങ്ങള്‍ കീഴടക്കി മുന്നേറി. ലോകത്തെ എല്ലാ വന്‍കരകളിലുമായി 152 രാജ്യങ്ങളില്‍ പത്രങ്ങളും 60തോളം പ്രസിദ്ധീകരണങ്ങളും, അമേരിക്കയില്‍ മാത്രം 25 ടിവി റിലേ സ്റ്റേഷനുകള്‍ എന്നിവയൊക്കെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ന്യൂസ് കോര്‍പറേഷന്റെ സ്ഥാപനങ്ങളാണ്. ഇവയിലെല്ലാമായി 51,000 ജീവനക്കാര്‍ . മൊത്തം ആസ്തി 5400 കോടി ഡോളര്‍(2,40,328 കോടി രൂപ). 3300 കോടി ഡോളര്‍(1,46,900 കോടി രൂപ) വരുമാനം. ഇതില്‍ 250 കോടി ഡോളര്‍(11,130 കോടി രൂപ) അറ്റാദായം. ഇത്തരത്തില്‍ ഒരു ലക്ഷം കോടി മുതല്‍ രണ്ട് ലക്ഷം കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ള അമേരിക്കയിലെ ആറേഴ് രാജ്യാന്തര മാധ്യമസ്ഥാപനങ്ങളാണ് ലോകത്തെ മാധ്യമസംവിധാനമാകെ നിയന്ത്രിക്കുന്നത്. ഇവയിലെ ഭീമന്‍തന്നെയാണ് മര്‍ഡോക്ക്. കേവലം രണ്ട് പതിറ്റാണ്ട്കൊണ്ട് മര്‍ഡോക്ക് മാധ്യമസാമ്രാജ്യത്തിന്റെ അധിപനായെന്നു മാത്രമല്ല, അതുപയോഗിച്ച് രാഷ്ട്രീയ-ഭരണ രംഗങ്ങളാകെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തനായി വളരുകയുമായിരുന്നു.

അമേരിക്കയിലെതന്നെ മറ്റൊരു രാജ്യാന്തര മാധ്യമസ്ഥാപനമായ "വിയാകോ"മിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സംനര്‍ എം റെഡ്സ്റ്റണ്‍ പറഞ്ഞത് "മര്‍ഡോക്കിന്റെ പിറകിലെ കീശയിലാണ് വാഷിങ്ങ്ടണ്‍"(Murdoch seems to have Washington in his back pocket) എന്നാണ്. ആഗോളവ്യാപകമായി മാധ്യമവല വിരിച്ച് മര്‍ഡോക്ക് ലോകംതന്നെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയാണെന്നുംMurdoch is trying to conquer the world)- റെഡ്സ്റ്റണ്‍ പറയുന്നുണ്ട്.(Global Media-The Corporate Missionaries of Capitalism: Edward S Herman and Robert W McChesney). ഇങ്ങനെ ലോകം മുഴുവന്‍ തന്റെ കൈവെള്ളയിലിട്ട് അമ്മാനമാടാന്‍ കോപ്പുകൂട്ടുന്ന മര്‍ഡോക്ക് മാധ്യമസാമ്രാജ്യം കെട്ടിപ്പടുത്തത് മാധ്യമപ്രവര്‍ത്തനത്തിന്റെ അംഗീക്യതമാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളുമൊക്കെ ലംഘിച്ചുകൊണ്ടാണ്. നിയമം ലംഘിച്ച് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്വകാര്യതയിലെ വിചിത്രവിശേഷങ്ങള്‍ കൊണ്ട് നടത്തുന്ന വഷളന്‍ മാധ്യമപ്രവര്‍ത്തനം, അതിലൂടെ കോടികള്‍ കൊയ്തുകൂട്ടുന്ന ലാഭക്കണ്ണ്-ഇതെല്ലാമാണ് മര്‍ഡോക്കിന്റെ തത്വശാസ്ത്രം. വാര്‍ത്തകള്‍ വായിക്കുകയും കാഴ്ചകള്‍ കാണുകയും ചെയ്യുന്ന മനുഷ്യരെയാകെ വിഭ്രാമകമായ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതി. ഈ പൈങ്കിളി പത്രപ്രവര്‍ത്തനത്തിലൂടെ മുതലാളിത്ത-സാമ്രാജ്യത്വ അജണ്ടകളും വ്യാജബോധനിര്‍മിതിയും രൂപപ്പെടുത്തുന്ന ക്യത്യമായ പദ്ധതി. മാധ്യമചിന്തകരൊക്കെ മര്‍ഡോക്കിനെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. ഇത്തരമൊരു ചരിത്രവും പ്രവര്‍ത്തന പദ്ധതിയും കൈമുതലായുള്ള മര്‍ഡോക്ക് അമേരിക്കയില്‍ സ്ഥാപിച്ചെടുത്ത രാഷ്ട്രീയ-ഭരണ സ്വാധീനം ബ്രിട്ടനിലും സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു നാളുകളായി. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്റെ ഇംഗ്ളണ്ടിലെ സ്ഥാപനമാണ് "ന്യൂസ് ഇന്റര്‍നാഷണല്‍". ടൈംസ്, സണ്‍ഡേ ടൈംസ്, സണ്‍ എന്നിവയും ഇതിന്റെ അനുബന്ധസ്ഥാപനങ്ങളായി ഇംഗ്ളണ്ടിലുണ്ട്.

ബിസ്കൈബിയില്‍ കണ്ണുനട്ട്

ലണ്ടന്‍ ആസ്ഥാനമായ ബിസ്കൈബി ഇംഗ്ളണ്ടിലും അയര്‍ലണ്ടിലും വ്യാപിച്ചുകിടക്കുന്ന ഒരു കോടി വരിക്കാരുള്ള ഏറ്റവും വലിയ പേ ടിവി ശംഖലയാണ്. 1990ല്‍ സ്കൈ ടെലിവിഷനും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററിങ്ങ് കോര്‍പറേഷനും സംയോജിപ്പിച്ച് രൂപം നല്‍കിയ ബിസ്കൈബി ചാനലിന്റെ 39.10 ശതമാനം ഓഹരികളും ഇപ്പോള്‍ത്തന്നെ മര്‍ഡോക്കിന്റെ കൈവശമാണ്. എന്നാല്‍ ബ്രിട്ടനിലെ ഏറ്റവും പോപ്പുലറായ ബിസ്കൈബിയുടെ ഓഹരികള്‍ മുഴുവനായും സ്വന്തമാക്കിയാലേ അമേരിക്കന്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളിലുണ്ടാക്കിയ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്വാധീനം ഇംഗ്ളണ്ടിലും ഉണ്ടാക്കാന്‍ കഴിയൂ എന്ന് മര്‍ഡോക്ക് മനസ്സിലാക്കി. ഇവിടെ നിന്നാണ് ബിസ്കൈബിയുടെ ശേഷിക്കുന്ന 60.90 ശതമാനം ഓഹരി കൂടി കൈപ്പിടിയിലാക്കാന്‍ മര്‍ഡോക്ക് ശ്രമം തുടങ്ങിയത്. 2010 ജൂണില്‍ ബിസ്കൈബിയുടെ ഓഹരി ഒന്നിന് 800 പെന്‍സ് (575 രൂപ) പ്രകാരം മര്‍ഡോക്കിന് നല്‍കാമെന്നായിരുന്നു ബിസ്കൈബി പറഞ്ഞത്. എന്നാല്‍ 700പെന്‍സ്(500രൂപ) നിരക്കില്‍ എടുക്കാനേ മര്‍ഡോക്ക് തയ്യാറായുള്ളൂ. ബിസ്കൈബിയെ സ്വന്തം വരുതിയിലാക്കാന്‍ മര്‍ഡോക്ക് യൂറോപ്യന്‍ യൂണിയനെ സമീപിച്ച് ഓഹരി താന്‍ തീരുമാനിച്ച വിലയ്ക്കുതന്നെ വാങ്ങാനുള്ള നിയമപരമായ അവകാശം തരപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നേരത്തെ എടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ബിസിനസ് സെക്രട്ടറി വിന്‍സ് കേബിളിനെ മാറ്റി. തുടര്‍ന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജെര്‍മി ഹണ്ട് 2011 മാര്‍ച്ച് 3ന് ഓഹരി വാങ്ങല്‍ മര്‍ഡോക്ക് ആഗ്രഹിച്ചതനുസരിച്ച് നടപ്പാക്കാന്‍ അനുവാദം നല്‍കി. പക്ഷെ, 2011 ജൂലൈ ആയതോടെ മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വഴി നടത്തിയ അധമമാധ്യമപ്രവര്‍ത്തനത്തെപ്പപറ്റി വ്യാപകമായ ആക്ഷേപങ്ങളും പരാതികളും പ്രവഹിക്കാന്‍ തുടങ്ങി. ഇത് ബിസ്കൈബിയുടെ ഓഹരിമൂല്യം കുത്തനെ ഇടിയാനും ഇടയാക്കി. ജര്‍മി ഹണ്ടിന് ഒന്നര ലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത്. ഇതേ തുടര്‍ടന്ന് ബിസ്കൈബിയുടെ മുഴുവന്‍ ഓഹരികളും മര്‍ഡോക്കിനു നല്‍കാനുള്ള തീരുമാനം ഹണ്ട് തന്നെ മരവിപ്പിക്കാന്‍ നിര്‍ബന്ധിതനായി.

ന്യൂസ് ഓഫ് ദ വേള്‍ഡ്

1843ല്‍ ജോണ്‍ ബ്രൗണ്‍ ബെല്‍ സ്ഥാപിച്ച ന്യൂസ് ഓഫ് ദ വേള്‍ഡ് 1969 ലാണ് മര്‍ഡോക്ക് വാങ്ങുന്നത്. 1984ല്‍ ഇത് ടാബ്ളോയ്ഡാക്കി പ്രസിദ്ധീകരിച്ചു തുടങ്ങി. ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡിന് 26 ലക്ഷം കോപ്പി പ്രചാരവും 76 ലക്ഷം വാനക്കാരുമുണ്ടായിരുന്നു. പ്രശസ്തരുടെയടക്കം ലൈംഗിക അപവാദ കഥകളും സദാചാരവിരുദ്ധ വാര്‍ത്തകളുംകൊണ്ട് സമ്പന്നമായിരുന്നു ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ഓരോ ലക്കവും.

അതൂകൊണ്ട് പത്രത്തെ പലരും "ന്യൂസ് ഓഫ് ദ സ്ക്രൂസ്" എന്നും "സ്ക്രൂസ് ഓഫ് ദ വേള്‍ഡ്" എന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നു. ചലച്ചിത്ര-ടിവി രംഗങ്ങളിലെ പ്രശസ്തരെ പലരേയും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായ ക്രിമിനലുകളായി പത്രം ചിത്രീകരിച്ചു. ഇതിന്റെ വീഡിയോ ഫോട്ടോ തെളിവുകള്‍ ശേഖരിക്കാന്‍ പത്രത്തിലെ ജേണലിസ്റ്റുകളെ ഉപയോഗിച്ച് പലരുടെയും ഫോണ്‍ ചോര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് നടി സിയന്ന മില്ലര്‍ , നടന്‍ സ്റ്റീവ് കോഗന്‍ , ടിവി അവതാരകന്‍ ക്രിസ് ടാറന്റ്, ഫുട്ബോള്‍ ഏജന്റ് സ്കൈ ആന്‍ഡ്രൂ തുടങ്ങിയവര്‍ കേസുമായി രംഗത്തെത്തി. ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്റെ ഫോണ്‍ ചോര്‍ത്തിയ വിഷയം കൂടുതല്‍ കോളിളക്കം സൃഷ്ടിച്ചു. ഇതേപ്പറ്റി നടത്തിയ അന്വേഷണമാണ് പത്രത്തിന്റെ ഞെട്ടിക്കുന്ന ഫോണ്‍ ചോര്‍ത്തലുകളുടെ ചുരുളഴിച്ചത്. മില്ലി ഡൗളര്‍ എന്ന പതിമൂന്നുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെപ്പറ്റിയും വീട്ടുകാരില്‍ വ്യാമോഹം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ടു. ഈ കാര്യങ്ങളെപ്പറ്റി ഗാര്‍ഡിയന്‍ പത്രം പരമ്പരകള്‍ തന്നെ എഴുതി. പ്രതിഷേധം ശക്തിപ്പെട്ടപ്പോള്‍ എഡിറ്റര്‍ ഇയാന്‍ എഡ്മന്‍ഡ്സണെ മാനേജ്മെന്റ് പുറത്താക്കി. കേസില്‍ കുടുങ്ങി രാജകുടുംബം സ്പെഷല്‍ റിപ്പോര്‍ട്ടര്‍ ക്ലൈവ്് ഗോഡ്മാന്‍ , പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്ലെന്‍ മള്‍കെയര്‍ തുടങ്ങിയവര്‍ ജയിലിലായി. രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ എഡിറ്റര്‍ റബേക്ക ബ്രൂക്സ് പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നതായി സ്ഥിരീകരിക്കപ്പെട്ടു. (റബേക്ക ബ്രൂക്സിനും പിന്നീട് രാജിവയ്ക്കേണ്ടി വന്നു)ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ ഭേദമെന്യേ ന്യൂസ് ഓഫ് ദ വേള്‍ഡിനും മര്‍ഡോക്കിനും എതിരെ ബ്രിട്ടനില്‍ ജനവികാരം രൂക്ഷമായി. ഇതിനൊപ്പം ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് മോട്ടോര്‍ കമ്പനി, വെര്‍ജിന്‍ ഹോളിഡെയ്സ്, വോഡഫോണ്‍ , ഡോയിഷ് ടെലികോം, ഫ്രാന്‍സ് ടെലികോം, ഈസി ജെറ്റ് തുങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ പരസ്യം പിന്‍വലിച്ചു. ഇങ്ങനെ നില്‍ക്കക്കള്ളിയില്ലെന്നു വന്നതോടെയാണ് ജൂലൈ 10ന് ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടിയത്. ബിസ്കൈബി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ പ്രസിദ്ധീകരണം തടസ്സമാകുമെന്ന് മനസ്സിലാക്കിയാണ് പത്രം പൂട്ടിയത്. എന്നിട്ടും ജനരോഷം അടങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ബിസ്കൈബി ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് ഒടുവില്‍ മര്‍ഡോക്ക് പിന്‍മാറിയത്. മര്‍ഡോക്ക് പിന്‍മാറിയെങ്കിലും ഇദ്ദേഹത്തിന്റെ അധമമായ മാധ്യമശൈലി ന്യൂസ് കോര്‍പറേഷന്റെ തന്നെ മറ്റ് പത്രങ്ങള്‍ അനുകരിച്ചുകൂടെന്നില്ല.വ്യാജനിര്‍മിതമായ വാര്‍ത്തകളുടെ പെരുമഴ പെയ്യിച്ച് സാമ്പത്തികമായും രാഷ്ട്രീയമായും ലാഭക്കൊയ്ത്തു നടത്തുന്ന മലയാളത്തിലെ മുഖ്യധാരാ മാധ്യമപ്രവണതകളെ വിശകലനം ചെയ്യാനും വിചാരണ ചെയ്യാനുമുള്ള സന്ദര്‍ഭമാണ് ഇതിലൂടെ മലയാളിക്ക് ലഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഈ സംഭവത്തെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയുമോ എന്നതാണ് സംവാദം ആവശ്യപ്പെടുന്ന വിഷയം.

*
കെ വി സുധാകരന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നൂറ്റിഅറുപത്തിയെട്ട് വര്‍ഷത്തിന്റെ പാരമ്പര്യമുള്ള ഞായറാഴ്ചപ്പത്രം"ന്യൂസ് ഓഫ് ദ വേള്‍ഡ്" ചരിത്രത്താളുകളിലേക്ക് മടങ്ങിയ വാര്‍ത്ത ലോകമാധ്യമങ്ങള്‍ ഇപ്പോഴും ആഘോഷിച്ചുതീര്‍ന്നിട്ടില്ല. വഷളന്‍വാര്‍ത്തകളുടെ വര്‍ണക്കാഴ്ചകള്‍കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുക വഴി പ്രചാരവും ലാഭവും കൊയ്തുകൂട്ടിയ ഈ ടാബ്ലോയ്ഡ് ചരിത്രത്തിലേക്ക് മടങ്ങുമ്പോള്‍ മാധ്യമലോകവും വായനക്കാരും പുതിയ പാഠങ്ങള്‍ തേടാന്‍ നിര്‍ബ്ബന്ധിതമാകുകയാണ്. വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിലെ അധാര്‍മികത, വാര്‍ത്തകളുടെ വ്യാപാരവല്‍ക്കരണം, ലാഭക്കൊയ്ത്തിനായുള്ള മരണപ്പാച്ചിലില്‍ നാണംകെട്ടുപോകുന്ന ജനാധിപത്യത്തിന്റെ നാലാംതൂണ് തുടങ്ങിയവയെപ്പറ്റിയെല്ലാമുള്ള ചര്‍ച്ചകള്‍ സജീവമാക്കേണ്ടിയിരിക്കുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടാനും തുടര്‍ന്ന് ബ്രിട്ടനിലെ വിശ്രുതചാനലായ ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്ങ് (ബിസ്കൈബി)കൈപ്പിടിയിലൊതുക്കാനുമുള്ള ശ്രമത്തില്‍ നിന്ന് മര്‍ഡോക്ക് പിന്തിരിയാനും ഇടയായ സാഹചര്യങ്ങളിലേക്ക് പോകുന്നതിനു മുമ്പ് മര്‍ഡോക്ക് ആരാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പദ്ധതി എന്താണെന്നുമൊക്കെ അറിയുന്നത് കൗതുകകരമായിരിക്കും.