Thursday, July 21, 2011

ഭരണപക്ഷം പ്രതിരോധത്തിലായ സമ്മേളനം

ഐക്യ ജനാധിപത്യമുന്നണി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്-ലീഗ്-മാണി മുന്നണിയുടെ നയവൈകല്യങ്ങളും ജനവിരുദ്ധനയങ്ങളും കേവലം രണ്ട് മാസം കൊണ്ടുതന്നെ തുറന്നുകാട്ടപ്പെടാന്‍ പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനം ഉപകരിച്ചു. യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളും ഈ സമ്മേളനത്തിലുണ്ടായി. ധനവിനിയോഗബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് സമയത്ത് 62 യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് സഭയില്‍ ഉണ്ടായിരുന്നത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ ചട്ടവിരുദ്ധമായി ധനമന്ത്രിയെ വീണ്ടും സംസാരിക്കാന്‍ ക്ഷണിക്കുകയും അരമണിക്കൂര്‍ നീട്ടിക്കൊടുക്കുകയുമാണ് സ്പീക്കര്‍ ചെയ്തത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ്ങില്‍ ഭഭരണപക്ഷം കൃത്രിമം കാട്ടുകയും ചെയ്തു. എന്നിട്ടും 67 വോട്ട് മാത്രമാണ് ബില്ലിന് അനുകൂലമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. വാസ്തവത്തില്‍ ധനവിനിയോഗബില്‍ പരാജയപ്പെടുകയായിരുന്നു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷമുണ്ടെന്ന് വരുത്തി ബില്‍ പാസായതായി പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുകയുമായിരുന്നു സ്പീക്കര്‍ . യുഡിഎഫ് സര്‍ക്കാരിന് ധാര്‍മികമായോ ഭരണഘടനാപരമായോ മുന്നോട്ടുപോകാന്‍ അവകാശമില്ലെന്നാണ് ഒന്നാംസമ്മേളനത്തിന്റെ ഒടുവിലത്തെ അജന്‍ഡ തെളിയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഈ പതനത്തില്‍ എത്തിച്ചത് യുഡിഎഫിനകത്ത് രൂപപ്പെട്ട രൂക്ഷമായ തര്‍ക്കങ്ങളും വിഭാഗീയതയും തന്നെയാണെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.

നൂറുദിവസം കൊണ്ട് അതിവേഗം ബഹുദൂരം വികസനമുന്നേറ്റം നടത്തുമെന്ന് കൊട്ടിഘോഷിച്ച സര്‍ക്കാരിന്റെ തനിനിറം വ്യക്തമാകാന്‍ പരിഷ്കരിച്ച ബജറ്റും അതില്‍ നടന്ന ചര്‍ച്ചയും സഹായകമായി. ചര്‍ച്ചയുടെ എല്ലാഘട്ടത്തിലും പ്രതിരോധത്തിലായിരുന്നു യുഡിഎഫ്. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച പ്രശ്നങ്ങള്‍ , അക്കാര്യത്തില്‍ സാമൂഹ്യനീതിക്കും മെറിറ്റിനുമെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ ശത്രുസൈന്യത്തെയെന്നപോലെ നേരിട്ടത്, കോഴ വാങ്ങിയ മാനേജ്മെന്റിനെ തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് തല്ലിച്ചതച്ചത്, തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം പ്രതിരോധത്തിലായിരുന്നു ഭരണപക്ഷം. പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുന്നതിനുള്ള കേന്ദ്രനിര്‍ദേശത്തിനെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നപ്പോള്‍ ഗത്യന്തരമില്ലാതെ അംഗീകരിക്കാന്‍ ഭരണപക്ഷം നിര്‍ബന്ധിതമായി. പ്രതിപക്ഷത്തുനിന്ന് എളമരം കരീം അവതരിപ്പിച്ച അടിയന്തരപ്രമേയം അടിയന്തരമായി പരിഗണിച്ച്, അന്നുതന്നെ ചര്‍ച്ച ചെയ്തില്ലെങ്കിലും രണ്ടുദിവസം കഴിഞ്ഞ് പ്രമേയം ചര്‍ച്ചചെയ്യാമെന്ന് സമ്മതിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം ഭക്ഷ്യമന്ത്രി ഔദ്യോഗികപ്രമേയമായി അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കുകയുമായിരുന്നു.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നതിനിടയാക്കുന്നതാണ് കേന്ദ്രനയങ്ങളെന്ന് ഭരണപക്ഷവും സമ്മതിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടിയതിലൂടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും യാത്രക്കൂലി വര്‍ധനയ്ക്കുമിടയാക്കിയിരിക്കുകയാണെന്നും സമ്മതിച്ചു. പാചകവാതകത്തിന് 57 രൂപയോളം വര്‍ധിപ്പിച്ചതിന് പുറമെ സിലിണ്ടര്‍ വര്‍ഷത്തില്‍ നാലായി ചുരുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സാധാരണ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം വിജയിച്ചു. അതോടൊപ്പംതന്നെ റബറിന്റെ ഇറക്കുമതി തീരുവ ഇരുപതില്‍നിന്ന് ഏഴര ശതമാനമായി വെട്ടിച്ചുരുക്കി. നാല്‍പ്പതിനായിരം ടണ്‍ ഇറക്കുമതിചെയ്യാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരം ദുരഭിമാനം മൂലമോ സ്ഥാപിത താല്‍പ്പര്യാര്‍ഥമോ ഭരണപക്ഷം നഷ്ടപ്പെടുത്തി. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും കേരളത്തില്‍നിന്നാണ്. റബര്‍ ഇറക്കുമതിയുടെ തീരുവ കുറയ്ക്കുന്നതിനെതിരെയും കേരളം ഒറ്റക്കെട്ടായി നിലപാടെടുത്താല്‍ പുനരാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും.

എന്നാല്‍, റബര്‍ കര്‍ഷകരെക്കുറിച്ച് വിലപിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് ടയര്‍ നിര്‍മാണ ലോബിയെ കൈയൊഴിയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എതിര്‍ത്തത്. റബര്‍ ഇറക്കുമതിയെക്കുറിച്ച് നിയമസഭയില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷമുണ്ടായിട്ടും മൗനം ഭഞ്ജിക്കാന്‍ ധനമന്ത്രി കെ എം മാണി സന്നദ്ധമായില്ലെന്നത് ശ്രദ്ധേയമാണ്. തീരുവ മൂന്നിലൊന്നോളമായി വെട്ടിച്ചുരുക്കി ഇറക്കുമതി നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത് തിങ്കളാഴ്ചയാണ്. അതേദിവസം ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ കെ എം മാണി ഹാജരുണ്ടായിരുന്നു. അദ്ദേഹം പങ്കെടുത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ വച്ചോ അതല്ലെങ്കില്‍ കേന്ദ്രധനമന്ത്രിയോട് നേരിട്ടോ റബര്‍ ഇറക്കുമതിക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ മന്ത്രി തയ്യാറായില്ല. ഡല്‍ഹിയില്‍ മറ്റ് ചില അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു മാണി. സംസ്ഥാന ധനമന്ത്രിമാരുടെ അഖിലേന്ത്യാ സമിതിയുടെ മേധാവിയായി തെരഞ്ഞെടുക്കപ്പെടാന്‍ താനാണ് യോഗ്യന്‍ എന്നതില്‍ മാണിക്ക് സംശയമില്ല. അതിനായി അപേക്ഷയും ബയോഡാറ്റയുമെല്ലാം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാകാം മാണിയുടെ ലക്ഷ്യം സഫലമായില്ല. ബിഹാര്‍ ധനമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോഡിയാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. അതെന്തായാലും മാണി കേന്ദ്ര ധനമന്ത്രാലയത്തിലുണ്ടായിരുന്ന സമയത്താണ് റബര്‍ ഇറക്കുമതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയതെന്ന് വ്യക്തമാണ്. വാസ്തവത്തില്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും സ്വീകരിച്ചത്.

രാസവളങ്ങളുടെ വിലവര്‍ധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ഭരണപക്ഷത്തിന് നില്‍ക്കക്കള്ളിയില്ലാതായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയതുപോലെ വളത്തിന്റെ വില നിശ്ചയിക്കാന്‍ രാസവളനിര്‍മാണ കമ്പനികള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടാണ് വളത്തിന്റെ വില വന്‍തോതില്‍ വര്‍ധിക്കാനിടയാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാസവളത്തിന്റെ വിലനിയന്ത്രണം സര്‍ക്കാര്‍തന്നെ ഏറ്റെടുക്കണമെന്നും വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി അയക്കണമെന്ന് പ്രതിപക്ഷം നിര്‍ദേശിച്ചപ്പോള്‍ ഭഭരണപക്ഷം മുടന്തന്‍ ന്യായങ്ങളുമായി മുന്നോട്ടുവന്നു. പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതുപോലെ ഇക്കാര്യത്തിലും പ്രമേയം വേണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. അതംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ഫെബ്രുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് മാറ്റിമറിച്ച് യുഡിഎഫ് നയങ്ങള്‍ക്കനുസൃതമായ ബജറ്റ് പാസാക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ നിയമസഭാസമ്മേളനം ചേര്‍ന്നത്. മാണിയുടെ പരിഷ്കരിച്ച ബജറ്റിലെ രണ്ട് നിര്‍ദേശങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതിനാല് പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരു വിഭാഗവും അതിനെ എതിര്‍ത്തു. തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റുമായി തരംമാറ്റാമെന്നതും കശുമാവ് കൃഷിയെയും ഭൂപരിധി ഇളവനുവദിക്കാവുന്ന തോട്ടവിളയായി അംഗീകരിക്കാമെന്നതുമായ മാറ്റമാണ് മാണി കൊണ്ടുവന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉള്‍പ്പെടെ ഇതിനെ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ചേര്‍ത്തതെന്ന് മാണി വ്യക്തമാക്കി. 2005ല്‍ തോട്ടങ്ങളുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ബില്‍ പ്രതിപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഭൂപരിഷ്കരണത്തെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയും മാണിയും ഗൂഢാലോചന നടത്തുകയാണെന്ന് നിയമസഭയിലെ ചര്‍ച്ച വ്യക്തമാക്കി. ഈ ഘട്ടത്തില്‍ സഭാചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഭൂപരിഷ്കരണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ എല്ലാവരുമായി ചര്‍ച്ച നടത്തി സമവായമുണ്ടായാലേ നടപ്പാക്കൂ എന്നാണ്. 2005ലെ ബില്‍ കൊണ്ടുവന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴെന്നും അതുകൂടി പരിഗണിച്ച് വിശദമായ ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. അതായത് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ പിന്തുണയോടെ ഭഭൂപ്രഭുക്കന്മാര്‍ക്കും റിയല്‍എസ്റ്റേറ്റുകാര്‍ക്കും വേണ്ടി മാണി കൊണ്ടുവന്ന പരിഷ്കാരത്തെ തുറന്നുകാണിക്കാനും ഒരു പരിധിവരെ പരാജയപ്പെടുത്താനും ഈ ഹ്രസ്വകാല സമ്മേളനത്തിലൂടെ കഴിഞ്ഞു.

അന്യ സംസ്ഥാന ലോട്ടറി മാഫിയകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി നികുതി ഭേദഗതി ഓര്‍ഡിനന്‍സും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരായ നിയമത്തിലെ ഭേദഗതിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും നിയമമാക്കി എന്നതാണ് ബുധനാഴ്ച സമാപിച്ച ഹ്രസ്വകാലസമ്മേളനത്തിന്റെ ശ്രദ്ധേയമായ സംഭാവന. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത അതേ രൂപത്തില്‍ത്തന്നെ നിയമമാക്കാന്‍ കഴിഞ്ഞു. രണ്ടു ബില്ലുകളുടെയും ചര്‍ച്ച യുഡിഎഫിന്റെ ഈ കാര്യങ്ങളിലുള്ള കാപട്യം തുറന്നുകാണിക്കാന്‍ സഹായിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കി എന്ന കുപ്രചാരണത്തിനാണ് ഈ നിയമസഭാസമ്മേളനത്തിലുടനീളം യുഡിഎഫ് മുതിര്‍ന്നത്. നയപ്രഖ്യാപനപ്രസംഗത്തിലും ബജറ്റിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുമെല്ലാം ഊന്നല്‍നല്‍കിയത് കടത്തെക്കുറിച്ചുള്ള പരത്തിപ്പറയലിനാണ്. പ്രതിപക്ഷം അതിനെ ശക്തിയുക്തം നേരിട്ടപ്പോള്‍ കടക്കെണി പ്രചാരണം ഏശുന്നില്ലെന്ന് മനസ്സിലായ മാണി സഭതീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ധവളപത്രവുമായി അവതരിച്ചു. വാസ്തവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നെന്ന് ഭംഗ്യന്തരേണ സമ്മതിക്കുന്നതാണ് മാണിയുടെ ധവളപത്രം. യുഡിഎഫ് സര്‍ക്കാരിന്റെ പൊയ്മുഖം അതിവേഗം അഴിഞ്ഞു വീണെന്നതാണ് പതിമൂന്നാം നിയമസഭയുടെ ഒന്നാംസമ്മേളനത്തിന്റെ സവിശേഷത.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 21 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യ ജനാധിപത്യമുന്നണി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്-ലീഗ്-മാണി മുന്നണിയുടെ നയവൈകല്യങ്ങളും ജനവിരുദ്ധനയങ്ങളും കേവലം രണ്ട് മാസം കൊണ്ടുതന്നെ തുറന്നുകാട്ടപ്പെടാന്‍ പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനം ഉപകരിച്ചു. യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളും ഈ സമ്മേളനത്തിലുണ്ടായി. ധനവിനിയോഗബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് സമയത്ത് 62 യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് സഭയില്‍ ഉണ്ടായിരുന്നത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ ചട്ടവിരുദ്ധമായി ധനമന്ത്രിയെ വീണ്ടും സംസാരിക്കാന്‍ ക്ഷണിക്കുകയും അരമണിക്കൂര്‍ നീട്ടിക്കൊടുക്കുകയുമാണ് സ്പീക്കര്‍ ചെയ്തത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ്ങില്‍ ഭഭരണപക്ഷം കൃത്രിമം കാട്ടുകയും ചെയ്തു. എന്നിട്ടും 67 വോട്ട് മാത്രമാണ് ബില്ലിന് അനുകൂലമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. വാസ്തവത്തില്‍ ധനവിനിയോഗബില്‍ പരാജയപ്പെടുകയായിരുന്നു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷമുണ്ടെന്ന് വരുത്തി ബില്‍ പാസായതായി പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുകയുമായിരുന്നു സ്പീക്കര്‍ . യുഡിഎഫ് സര്‍ക്കാരിന് ധാര്‍മികമായോ ഭരണഘടനാപരമായോ മുന്നോട്ടുപോകാന്‍ അവകാശമില്ലെന്നാണ് ഒന്നാംസമ്മേളനത്തിന്റെ ഒടുവിലത്തെ അജന്‍ഡ തെളിയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഈ പതനത്തില്‍ എത്തിച്ചത് യുഡിഎഫിനകത്ത് രൂപപ്പെട്ട രൂക്ഷമായ തര്‍ക്കങ്ങളും വിഭാഗീയതയും തന്നെയാണെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.