Sunday, July 17, 2011

പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധി

സ്വതന്ത്രവും നിയന്ത്രണങ്ങളില്ലാത്തതുമായ കമ്പോളത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ശക്തമായ പ്രത്യയശാസ്ത്രം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ നാശത്തിന്റെ വക്കിലേക്കെത്തിച്ചു. എണ്‍പതുകളുടെ തുടക്കം മുതല്‍ 2007 വരെയുള്ള നല്ലകാലത്തുപോലും അമേരിക്കന്‍ മാതൃകയിലുള്ള നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ഏറ്റവും സമ്പന്നര്‍ക്കു മാത്രമെ കൂടുതല്‍ ഭൗതികക്ഷേമം പ്രദാനം ചെയ്തിരുന്നുള്ളു. ഈ പ്രത്യയശാസ്ത്രത്തിന്റെ ഉയര്‍ച്ചയുടെ മുപ്പത് വര്‍ഷങ്ങളില്‍ മിക്ക അമേരിക്കക്കാരും അവരുടെ വരുമാനങ്ങള്‍ വര്‍ഷം കഴിയുംതോറും കുറഞ്ഞുവരികയോ സ്തംഭനാവസ്ഥയിലാവുകയോ ചെയ്യുന്നതാണ് കണ്ടത്. അതിനുപുറമെ അമേരിക്കയിലെ ഉല്‍പ്പാദന വളര്‍ച്ച സാമ്പത്തികമായി സുസ്ഥിരതയുള്ളതായിരുന്നില്ല. അമേരിക്കയുടെ ദേശീയ വരുമാനത്തില്‍ വലിയ ഭാഗം ഏറ്റവും ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഉപഭോഗത്തിനു കുന്നുകൂടിവരുന്ന കടത്തെ ആശ്രയിച്ചുകൊണ്ടു മാത്രമെ വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാവൂ.

ധനകാര്യ പ്രതിസന്ധി കൂടുതല്‍ സമത്വത്തിന്റെയും ശക്തമായ നിയന്ത്രണങ്ങളുടെയും കമ്പോളവും സര്‍ക്കാരും തമ്മിലുള്ള മെച്ചപ്പെട്ട സന്തുലനത്തിന്റെയും ആവശ്യകത അമേരിക്കക്കാരെ (മറ്റുള്ളവരെയും) പഠിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരിലൊരാളാണ് ഞാന്‍. എന്നാല്‍ അത് സംഭവിച്ചില്ല. മറിച്ച് വലതുപക്ഷ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ഒരിക്കല്‍കൂടി ആഗോള സമ്പദ്ഘടനയെ, ഏറ്റവും ചുരുങ്ങിയത് യൂറോപ്പിന്റെയും അമേരിക്കയുടെയും സമ്പദ്ഘടനകളെ ഭീഷണിപ്പെടുത്തുകയാണ്. പ്രത്യേക താല്‍പര്യങ്ങളും അതിന്റെ പ്രത്യയശാസ്ത്രവുമാണ് വലതുപക്ഷ സാമ്പത്തികശാശ്ത്രത്തെ നയിക്കുന്നത്. ഈ ആശയങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും തഴച്ചുവളരുകയാണ്.

സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളെ ചോദ്യം ചെയ്യുന്ന വലതുപക്ഷം അമേരിക്ക ദേശീയ കടബാധ്യത തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്താന്‍ നിര്‍ബന്ധിക്കുകയാണ്. വരുമാനത്തില്‍ അധികം ചെലവിനു അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയാല്‍ കമ്മിയുണ്ടാകും. കമ്മി നികത്താന്‍ പണം കണ്ടെത്തണം. ഗവണ്‍മെന്റിന്റെ ഓരോ ചെലവിന്റെയും നേട്ടത്തെ അതിനു പണം കണ്ടെത്തുന്നതിനു നികുതി ഉയര്‍ത്തുന്നതുമായി ബന്ധിപ്പിക്കുന്നതിനു പകരം വലതുപക്ഷം ശ്രമിക്കുന്നത് നികുതി പരിമിതപ്പെടുത്താനാണ്. ഏതു ചെലവുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന പ്രശ്‌നം ഇതു ഉയര്‍ത്തുന്നു. ദേശീയ കടത്തിനുള്ള പലിശ നല്‍കുന്നതിനു മുന്‍ഗണന നല്‍കിയില്ലെങ്കില്‍ കടം തിരിച്ചടക്കുന്നതില്‍ അനിവാര്യമായും വീഴ്ച സംഭവിക്കും. തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്കിടയില്‍ ചെലവ് വെട്ടിക്കുറക്കമുന്നത് അനിവാര്യമായും മാന്ദ്യം നീണ്ടുപോകാന്‍ ഇടയാക്കും. ഇപ്പോഴത്തെ പ്രതിസന്ധി സ്വതന്ത്ര കമ്പോള പ്രത്യയശാസ്ത്രം സൃഷ്ടിച്ചതാണ്.

ഒരു ദശകം മുമ്പ് സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തില്‍ അമേരിക്ക ദേശീയ കടബാധ്യത തുടച്ചുനീക്കാന്‍ കഴിയുന്നത്ര വലിയ മിച്ചമുണ്ടാക്കിയിരുന്നു. എന്നാല്‍ നികുതികള്‍ ഗണ്യമായി വെട്ടിക്കുറച്ചതും യുദ്ധച്ചെലവും വലിയൊരു മാന്ദ്യവും ഔഷധവില നിശ്ചയിക്കാന്‍ ഔഷധനിര്‍മാണ കമ്പനികളെ ബുഷ് ഭരണം കയറൂരിവിട്ടതിന്റെ ഫലമായി ആരോഗ്യപരിപാലന ചെലവ് കുതിച്ചുകയറിയതും ഭീമമായ മിച്ചത്തെ സമാധാനകാലത്തെ റിക്കാര്‍ഡ് കമ്മിയാക്കിമാറ്റി.

അമേരിക്കയുടെ കമ്മിക്കുള്ള പ്രതിവിധികള്‍ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുകയും വിവേകശൂന്യമായ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സൈനിക ചെലവും ഔഷധചെലവും നിയന്ത്രിക്കുകയും നികുതികള്‍, ഏറ്റവും സമ്പന്നരുടെമേലുള്ളതെങ്കിലും, ഉയര്‍ത്തുകയുമാണ്. എന്നാല്‍ വലതുപക്ഷം ഇതിനൊന്നും തയ്യാറല്ല. കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും നികുതികളില്‍ കൂടുതല്‍ വെട്ടിക്കുറവു വരുത്താനും നിക്ഷേപങ്ങളിലും സാമൂഹ്യസുരക്ഷക്കുള്ള ചെലവിലും കുറവുവരുത്താനുമാണ് അവര്‍ നിര്‍ബന്ധിക്കുന്നത്. ഇത് അമേരിക്കന്‍ സമ്പദ്ഘടനയുടെ ഭാവി അപകടത്തിലാക്കും. അതെസമയം അമേരിക്കന്‍ ധനകാര്യമേഖല നിയന്ത്രണങ്ങളില്‍ നിന്നെല്ലാം വിമുക്തമാക്കുന്നതിനുവേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തുന്നു. അങ്ങിനെവന്നാല്‍ അവര്‍ക്ക് മുന്‍കാലത്തെ വിനാശകരമായ തോന്നുംപടിയുള്ള വഴിയിലൂടെ നീങ്ങാം.

യൂറോപ്പിലെ സ്ഥിതിയും മെച്ചമല്ല. ഗ്രീസും മറ്റു രാജ്യങ്ങളും പ്രതിസന്ധികളെ നേരിടുമ്പോള്‍ ചെലവു ചുരുക്കല്‍ പാക്കേജുകളും സ്വകാര്യവല്‍ക്കരണവുമാണ് നിര്‍ദേശിക്കപ്പെടുന്ന പ്രതിവിധികള്‍. ഇത് ആ രാജ്യങ്ങളെ കൂടുതല്‍ ദരിദ്രവും ദുര്‍ബലവുമാക്കുകയെ ചെയ്യൂ. കിഴക്കന്‍ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും മറ്റ് എല്ലായിടത്തും ആ പ്രതിവിധി പരാജയപ്പെട്ടതാണ്. ഇത്തവണ യൂറോപ്പിലും അതു പരാജയപ്പെടും. അയര്‍ലന്റിലും ലാത്‌വിയയിലും ഗ്രീസിലും അതു ഇതിനകം പരാജയപ്പെട്ടു കഴിഞ്ഞു,. ഒരു ബദല്‍ മാര്‍ഗമുണ്ട്. യൂറോപ്യന്‍ യൂണിയന്റെയും ഐ എം എഫിന്റെയും പിന്തുണയോടുകൂടിയ സാമ്പത്തിക വളര്‍ച്ചയുടെ തന്ത്രം. വളര്‍ച്ച ഗ്രീസിന് അതിന്റെ കടം തിരിച്ചടക്കാന്‍ കഴിയുമെന്ന വിശ്വാസം വളര്‍ത്തും. വളര്‍ച്ച നികുതി വരുമാനം വര്‍ധിപ്പിക്കും. തൊഴിലില്ലായ്മാ അലവന്‍സ്‌പോലുള്ള സാമൂഹ്യ ചെലവുകള്‍ കുറക്കാനും അത് സഹായിക്കും. എന്നാല്‍ ധനകാര്യ വിപണികളും വലതുപക്ഷ സാമ്പത്തിക വിദഗ്ധരും നേരെ മറിച്ചാണ് പ്രശ്‌നത്തെ കാണുന്നത്. ചെലവുചുരുക്കല്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും അത് വളര്‍ച്ചയുണ്ടാക്കുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ ചെലവുചുരുക്കല്‍ വളര്‍ച്ചയെ തുരങ്കം വയ്ക്കും. സര്‍ക്കാരിന്റെ ധനകാര്യസ്ഥിതി വഷളാക്കും. ഇതെല്ലാം ആത്മവിശ്വാസം തകര്‍ക്കും.

ആവര്‍ത്തിച്ചു പരാജയപ്പെട്ട ആശയങ്ങളുടെ വലിയ വില കൊടുക്കേണ്ടിവരുന്ന പരീക്ഷണം നമുക്ക് ആവശ്യമുണ്ടോ? അതിനു നാം മുതിരരുത്.

മെച്ചപ്പെട്ട വളര്‍ച്ചയിലേയ്ക്ക് തിരിച്ചുവരുന്നതില്‍ അമേരിക്കയും യൂറോപ്പും പരാജയപ്പെടുന്നത് ആഗോള സമ്പദ്ഘടനക്ക് ദോഷകരമാണ്. ഉയര്‍ന്നുവരുന്ന പ്രമുഖ കമ്പോള രാജ്യങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന വളര്‍ച്ച നിലനിര്‍ത്തിയാല്‍ പോലും അമേരിക്കയുടെയും യൂറോപ്പിന്റെയും പരാജയം വിനാശകരമായിരിക്കും. ബന്ധപ്പെട്ടവര്‍ക്ക് സല്‍ബുദ്ധി തോന്നിയില്ലെങ്കില്‍ ലോകം ആ ദിശയിലേക്കാണ് നീങ്ങുന്നത്.

*
ജോസഫ് സ്റ്റിഗ്‌ളിസ് ജനയുഗം 17 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്രവും നിയന്ത്രണങ്ങളില്ലാത്തതുമായ കമ്പോളത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ശക്തമായ പ്രത്യയശാസ്ത്രം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ നാശത്തിന്റെ വക്കിലേക്കെത്തിച്ചു. എണ്‍പതുകളുടെ തുടക്കം മുതല്‍ 2007 വരെയുള്ള നല്ലകാലത്തുപോലും അമേരിക്കന്‍ മാതൃകയിലുള്ള നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ഏറ്റവും സമ്പന്നര്‍ക്കു മാത്രമെ കൂടുതല്‍ ഭൗതികക്ഷേമം പ്രദാനം ചെയ്തിരുന്നുള്ളു. ഈ പ്രത്യയശാസ്ത്രത്തിന്റെ ഉയര്‍ച്ചയുടെ മുപ്പത് വര്‍ഷങ്ങളില്‍ മിക്ക അമേരിക്കക്കാരും അവരുടെ വരുമാനങ്ങള്‍ വര്‍ഷം കഴിയുംതോറും കുറഞ്ഞുവരികയോ സ്തംഭനാവസ്ഥയിലാവുകയോ ചെയ്യുന്നതാണ് കണ്ടത്. അതിനുപുറമെ അമേരിക്കയിലെ ഉല്‍പ്പാദന വളര്‍ച്ച സാമ്പത്തികമായി സുസ്ഥിരതയുള്ളതായിരുന്നില്ല. അമേരിക്കയുടെ ദേശീയ വരുമാനത്തില്‍ വലിയ ഭാഗം ഏറ്റവും ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഉപഭോഗത്തിനു കുന്നുകൂടിവരുന്ന കടത്തെ ആശ്രയിച്ചുകൊണ്ടു മാത്രമെ വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാവൂ.