Friday, July 22, 2011

ധവളപത്രത്തിന്റെ രാഷ്ട്രീയ ധനശാസ്ത്രം

യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയിലവതരിപ്പിച്ച ധവളപത്രം മൂന്ന് കാര്യങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ്. ഒന്ന്: മുമ്പ് തങ്ങള്‍തന്നെ കൈക്കൊണ്ട നിലപാടുകളിലൂടെ കേരളത്തിന് വരുത്തിവച്ച ഭീമമായ നഷ്ടത്തെ അത് തമസ്കരിക്കുന്നു. രണ്ട്: യുഡിഎഫിന്റെ അതിരുകവിഞ്ഞ കേന്ദ്രവിധേയത്വംമൂലം കേന്ദ്രത്തിന് കവര്‍ന്നെടുക്കാന്‍ കഴിഞ്ഞ സംസ്ഥാന വിഭവസ്രോതസ്സുകളെക്കുറിച്ച് അത് നിശബ്ദതപാലിക്കുന്നു. മൂന്ന്: സംസ്ഥാനത്ത് തുടര്‍ന്നുപോരുന്ന സാമൂഹ്യക്ഷേമനടപടികള്‍ക്ക് നേര്‍ക്ക് അത് വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നു. ഒന്ന്: റവന്യുകമ്മിയെക്കുറിച്ച് ധവളപത്രം വലിയ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. വര്‍ഷങ്ങളായുള്ള പൊതുപ്രവണത റവന്യുകമ്മി കാര്യമായി കുറഞ്ഞുപോരുന്നതാണ് എന്നതും 2014-15 ഓടെ മീഡിയം ടേം ധനകാര്യതിരുത്തല്‍ പരിപാടികളിലൂടെ റവന്യുകമ്മി പൂജ്യമാക്കാന്‍ പാകത്തിലുള്ള ധനമാനേജ്മെന്റ് നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുപോന്നത് എന്നതും മറച്ചുവച്ചുകൊണ്ടാണ് ഈ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കല്‍ എന്നതിരിക്കട്ടെ.

റവന്യൂകമ്മിയെക്കുറിച്ച് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കാന്‍ യുഡിഎഫ് മന്ത്രിസഭയ്ക്കും അതിന്റെ ധനമന്ത്രി കെ എം മാണിക്കും ധാര്‍മികമായി എന്ത് അവകാശമാണുള്ളത് എന്ന ചോദ്യത്തെ പ്രസക്തമാക്കുന്നതാണ് 80കളില്‍ യുഡിഎഫ് മന്ത്രിസഭയും അതിന്റെ ധനമന്ത്രി കെ എം മാണിയും കൈക്കൊണ്ട ഒരു നടപടി. അന്ന് ഇതേ ധനമന്ത്രി ചില തന്ത്രങ്ങളിലൂടെ കമ്മിയാകെ മൂടിവച്ച് "മിച്ചം" എന്ന അവകാശവാദത്തോടെ ഒരു ബജറ്റ് അവതരിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ കമ്മി ബജറ്റാണത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ , മിച്ച ബജറ്റാണെന്ന് മാണി സമര്‍ഥിച്ചു. തൊട്ടടുത്ത ദിവസമാണ് ധനകമീഷന്‍ കേരളം സന്ദര്‍ശിച്ചത്. സഭയില്‍ പറഞ്ഞതിന് വിരുദ്ധമായി അവരോട് പറയാനൊക്കുമോ? അവരോടും പറഞ്ഞു മിച്ചബജറ്റാണെന്ന്. ആ വര്‍ഷം, ധനകകമീഷനാകട്ടെ, കമ്മി സംസ്ഥാനങ്ങള്‍ക്ക് കമ്മി നികത്താനായി പ്രത്യേക സാമ്പത്തികസഹായം അതിന്റെ അവാര്‍ഡിലൂടെ അനുവദിച്ചു. ആയിരം കോടി രൂപയിലേറെയാണ് അന്ന് കമ്മി നികത്താനായി കമ്മിയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. യഥാര്‍ഥത്തില്‍ കമ്മി ആയിരുന്നിട്ടുകൂടി ആ ആനുകൂല്യം, യുഡിഎഫ് മന്ത്രിസഭയുടെ നിലപാടുമൂലം കേരളത്തിന് നിഷേധിക്കപ്പെട്ടു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം കമ്മി മിക്കവാറും പരിഹരിച്ചപ്പോള്‍ കേരളം വന്‍ കമ്മിയോടെ തുടര്‍ന്നു. വര്‍ഷാവസാനം സഭാതലത്തില്‍വച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടടക്കം എല്ലാ രേഖകളും മിച്ച ബജറ്റ് എന്ന് കെ എം മാണി അവകാശപ്പെട്ടത് യഥാര്‍ഥത്തില്‍ കമ്മി ബജറ്റായിരുന്നുവെന്നത് സ്ഥിരീകരിച്ചു. കണക്കില്‍ കള്ളം കാട്ടിയതുകൊണ്ടുണ്ടായ അനര്‍ഥം എത്ര കനത്തതായിരുന്നുവെന്നോര്‍ക്കണം. അന്ന് ആ കള്ളം കാട്ടിയിരുന്നില്ലെങ്കില്‍ , 2014-15 ഘട്ടത്തില്‍ കേരളത്തിന് നേടാനാകുമെന്ന് ഇപ്പോള്‍ കണക്കുകൂട്ടുന്ന സീറോ ഡഫിസിറ്റ് അവസ്ഥ അന്നുതന്നെ കൈവരിക്കാനാകുമായിരുന്നു. അന്ന്, അതായത് 80കളില്‍ അര്‍ഹതപ്പെട്ട കേന്ദ്രസഹായം നഷ്ടപ്പെടുത്തിയതുവഴി കമ്മി സംസ്ഥാനമായി തുടരേണ്ടിവന്ന കേരളത്തിന് പില്‍ക്കാലത്തെന്നും സാമ്പത്തിക വിഷമതകളിലൂടെതന്നെ സഞ്ചരിക്കേണ്ടിവന്നു.

ഇന്ന് റവന്യൂ ഡഫിസിറ്റിനെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ , ഇത് ഇങ്ങനെ ആയതിന്റെ യഥാര്‍ഥ ഉത്തരവാദി താന്‍തന്നെയാണെന്ന് ധവളപത്രത്തില്‍ ഏറ്റുപറയണമായിരുന്നു കെ എം മാണി. ഇന്ന് വീണ്ടും സര്‍ക്കാരിന്റെ ധവളപത്രത്തില്‍ കള്ളക്കണക്കുകളാണ് കാണുന്നത് എന്ന് ടി എം തോമസ് ഐസക് പറയുമ്പോള്‍ , പഴയതുപോലെ ഇതിനും ഭാവിയില്‍ കേരളം വില നല്‍കേണ്ടിവരുമോ എന്ന ചിന്തയാകും ഏത് ധനതത്വശാസ്ത്രവിദ്യാര്‍ഥിയുടെയും മനസ്സിലുദിക്കുക. റവന്യൂചെലവുകള്‍ തട്ടിക്കിഴിച്ചാല്‍ പദ്ധതി നടത്തിപ്പിന് പണമില്ലെന്ന് സര്‍ക്കാര്‍ ധവളപത്രം പറയുന്നതുതന്നെ അടിസ്ഥാനരഹിതമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ഫണ്ട് മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി 2006-07 മുതല്‍ പദ്ധതിയിതര ഗ്രാന്റായാണ് നല്‍കുന്നത്. അത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കണക്കാക്കാവുന്നതാണ്. അങ്ങനെയാണ് മുമ്പൊക്കെ ചെയ്തിരുന്നത്. അത് ആ നിലയ്ക്കുകാണാന്‍ മാണി തയ്യാറാകാത്തത് കണക്കുകളെ തന്റെ രാഷ്ട്രീയസൗകര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യാനാണ്. മറിച്ച് ഒരു സമീപനം സ്വീകരിച്ചാല്‍ റവന്യൂ വരുമാനത്തില്‍നിന്ന് പദ്ധതിക്ക് മിച്ചം കണ്ടെത്താന്‍ കഴിയുന്നെന്ന യാഥാര്‍ഥ്യത്തിലേക്ക് കെ എം മാണിക്കും യുഡിഎഫിനും കണ്ണുതുറക്കാനാകും. തന്റെ രാഷ്ട്രീയസൗകര്യത്തിനനുസരിച്ച് കണക്കുകളെ തള്ളുകയും കൊള്ളുകയും ചെയ്യുന്ന സമീപനംകൊണ്ടാണ് 2009-10ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വരവുചെലവു കണക്കുകള്‍ ധവളപത്രത്തില്‍ പരാമര്‍ശിക്കാതെ വിടുന്നത്. മികച്ച ധനമാനേജ്മെന്റിന്റെ ഫലം കണ്ട ആ വര്‍ഷത്തെ പരിഗണിച്ചാല്‍ കെ എം മാണിക്ക് തന്റെ രാഷ്ട്രീയനിറമുള്ള വാദങ്ങള്‍ തകരുന്നതിന് സാക്ഷിയാകേണ്ടിവരും. അതുകൊണ്ട് അത് ഉപേക്ഷിച്ചു! മുന്‍വര്‍ഷങ്ങളിലെ ബാക്കിയായിവരുന്ന ബാധ്യതകള്‍ കണക്കാക്കിയാല്‍ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ മിച്ചം, മിച്ചമല്ല എന്നാണ് മാണി പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച് 31ന് ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചമുണ്ടായിരുന്നുവെന്ന റിസര്‍വ് ബാങ്കിന്റെ രേഖയെ മാണിക്ക് തള്ളിക്കളയാനാകുന്നതല്ല. യുഡിഎഫ് മുമ്പ് ഭരണമൊഴിഞ്ഞപ്പോള്‍ , എല്‍ഡിഎഫിന് കൈമാറിയത് ട്രഷറിയിലെ കമ്മിയും കൊടുത്തുതീര്‍ക്കാനുള്ള വന്‍ ബാധ്യതയുമായിരുന്നുവെന്ന കാര്യവും മാണിക്ക് വിസ്മരിക്കാനാകുന്നതല്ല. അന്ന് പൊതുമരാമത്തുകരാറുകാര്‍ക്കടക്കം കൊടുത്തുതീര്‍ക്കാനുള്ള വന്‍കുടിശ്ശികബാധ്യതകള്‍ ഒരുവശത്ത്, കൊടുക്കാന്‍ ഒരു പൈസപോലും ബാക്കിയില്ലാത്ത ട്രഷറി മറുവശത്ത്. ഇതായിരുന്നു അവസ്ഥ. ഭരണമെന്നത് സാമ്പത്തികവര്‍ഷാവസാനം അവസാനിക്കാത്ത തുടര്‍ പ്രക്രിയയാണെന്നതുകൊണ്ടുതന്നെ ചില ഡ്രാഫ്റ്റുകള്‍ അടുത്ത സാമ്പത്തികവര്‍ഷം ട്രഷറിയില്‍ വരാം. അതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ , അതായിരുന്നില്ല യുഡിഎഫ്, എല്‍ഡിഎഫിന് ഖജനാവുമാറുമ്പോഴത്തെ സ്ഥിതി. ക്ഷേമപെന്‍ഷനുകള്‍ മുതല്‍ പൊതുമരാമത്തുകരാര്‍ കുടിശ്ശികകള്‍വരെ ആയിരക്കണക്കിനുകോടികള്‍ കൊടുത്തുതീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഏല്‍പ്പിച്ചുകൊണ്ടാണ് യുഡിഎഫ് പടിയിറങ്ങിയത്. അതെല്ലാം കൊടുത്തുതീര്‍ത്ത്, 3881 കോടിയുടെ മിച്ചം ബാക്കിവച്ചുകൊണ്ട് എല്‍ഡിഎഫ് പടിയിറങ്ങി. വൈകിവരുന്ന ഡ്രാഫ്റ്റുകള്‍ക്കായി ഉദാരമായി പണം നീക്കിവച്ചാലും 2500 കോടിയുടെ മിച്ചം അവശേഷിക്കും എന്നത് ഭദ്രമായ സാമ്പത്തികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കെ എം മാണിയാകട്ടെ, വരാനിരിക്കുന്ന ചെലവുകളെയാകെ ഭാവനയിലൂടെ പൊലിപ്പിച്ചെടുത്തിട്ടും മിച്ചമുണ്ട് എന്നത് ധവളപത്രത്തില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അത് അത്രത്തോളം നന്ന്. വരാനിരിക്കുന്ന ഘട്ടത്തിലെ ശമ്പളപരിഷ്കരണത്തിനുള്ള ചെലവിനത്തില്‍പ്പോലും 6518 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ക്ഷാമബത്താ വര്‍ധന പ്രകാരമുള്ള ചെലവുകൂടി കൂട്ടിയാലും ഈ തുകയ്ക്ക് അടുത്തെത്തില്ല. ഇത്തരം ചെലവുകളാകട്ടെ, അടുത്ത വര്‍ഷമേ വരുന്നുള്ളൂവെന്നതും ഓര്‍ക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷത്തേക്കുവരുന്ന ചെലവുതുകപോലും എല്‍ഡിഎഫ് അതിന്റെ ബജറ്റില്‍ നീക്കിവച്ചിരുന്നുവെന്നര്‍ഥം. അതിനുശേഷവും 2500 കോടിയുടെയെങ്കിലും മിച്ചം. ഇതില്‍പ്പരം എന്താണ് കെ എം മാണിക്ക് വേണ്ടത്? രണ്ട്: കേന്ദ്രവുമായി നേരിടല്‍നയമില്ല എന്ന് ധവളപത്രത്തില്‍ പറയുന്നു. കേന്ദ്രവുമായി യുഡിഎഫ് പുലര്‍ത്തിയ അനുനയനയം നഷ്ടപ്പെടുത്തിയത് എന്താണെന്നുകൂടി ധവളപത്രത്തില്‍ പറയണമായിരുന്നു. സംസ്ഥാനത്തിന് ചുമത്താവുന്ന വില്‍പ്പനനികുതിയുടെ പട്ടികയിലെ അഞ്ച് ഇനങ്ങളെ കേന്ദ്രത്തിന് നികുതി ചുമത്താവുന്ന അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയുടെ പട്ടികയിലേക്ക് കേന്ദ്രം മുമ്പ് മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ വലിയ വരുമാന സ്രോതസ്സാണ് ഇങ്ങനെ അടഞ്ഞുപോയത്. യുഡിഎഫ് അനുനയനയംമൂലം എതിര്‍ത്ത് ഒരു വാക്കുപറഞ്ഞില്ല. പതിനയ്യായിരത്തില്‍പ്പരം കോടിയുടെ നഷ്ടമാണ് കേരളഖജനാവിന് ഇതുമൂലമുണ്ടായത്. നഷ്ടപരിഹാരം തരാമെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞു. വാക്കുപാലിച്ചില്ല. കേരളത്തില്‍നിന്ന് കുറെ മന്ത്രിമാര്‍ കേന്ദ്രം ഭരിക്കുന്നുണ്ട്. അവര്‍ കേരളത്തിന്റെ ആവശ്യത്തിനായി ചെറുവിരല്‍ അനക്കുന്നില്ല.

1976-77ല്‍ കേന്ദ്ര വില്‍പ്പനനികുതി നിയമത്തിന്റെ അഞ്ചാംവകുപ്പ് കേന്ദ്രം ഭേദഗതി ചെയ്തു. കയറ്റുമതിചെയ്യുന്ന സാധനങ്ങളുടെ അവസാനഘട്ടത്തിലെ നികുതി ഒഴിവാക്കുന്നതായിരുന്നു ഭേദഗതി. മലഞ്ചരക്ക്, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റിയയക്കുന്ന കേരളത്തിന് അന്നുതന്നെ പ്രതിവര്‍ഷം 23 കോടിയുടെ നഷ്ടമുണ്ടായി. ഇക്കാര്യത്തിലും യുഡിഎഫ് ഒരക്ഷരം എതിരായി ഉരിയാടിയിട്ടില്ല. ഇക്കാര്യത്തിലെ നഷ്ടപരിഹാരവാഗ്ദാനവും പാര്‍ലമെന്റിന്റെ രേഖകളില്‍ അനാഥമായി അവശേഷിക്കുന്നു. കേരളത്തിലെ ഖജനാവിലേക്കുള്ള നികുതിവരുമാനം കുറഞ്ഞതിനു പിന്നിലെ മറ്റൊരു ഘടകം കേന്ദ്ര ഇറക്കുമതി നയംമൂലം റബര്‍ , കൊപ്ര തുടങ്ങിയവയുടെ വില കുറഞ്ഞതാണ്. വില കുറഞ്ഞതനുസരിച്ച് കേരളത്തിന്റെ നികുതിവരുമാനവും കുറഞ്ഞു. ഈ സ്ഥിതി വരുത്തിവച്ചതും കേന്ദ്രത്തോടുള്ള യുഡിഎഫിന്റെ അനുനയനയംതന്നെ. കേന്ദ്രത്തിന്റെ പക്കലുള്ള വലിയ ഒരു വരുമാനമേഖലയാണ് കോര്‍പറേറ്റ് ടാക്സ്. ആദായനികുതിയുടെ 77 ശതമാനവും എക്സൈസ് ഡ്യൂട്ടിയുടെ 47.5 ശതമാനവും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന കേന്ദ്രം 3, 4, 5, 6 ധനകമീഷനുകള്‍ തുടരെ ശുപാര്‍ശചെയ്തിട്ടും കോര്‍പറേറ്റ് ടാക്സില്‍നിന്ന് ഒരു പൈസ സംസ്ഥാനവിഹിതമായി നല്‍കാന്‍ തയ്യാറായിട്ടില്ല. ക്രമസമാധാനപാലനം, വിദ്യാഭ്യാസം തുടങ്ങി പണച്ചെലവുള്ള ചുമതലകളെല്ലാം സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രനികുതിയില്‍നിന്നുള്ള വിഹിതം തുച്ഛമായ 29 ശതമാനമായി തുടരുന്നു. ഇത് 50 ശതമാനമെങ്കിലും ആക്കണമെന്ന് കേരളം ആവശ്യപ്പെട്ടുപോരുന്നു. ഈ ആവശ്യം ഉപേക്ഷിക്കലാകും ഫലത്തില്‍ അനുനയം. കേന്ദ്രപദ്ധതി സഹായത്തിന്റെ 70 ശതമാനം ലോണും 30 ശതമാനം ഗ്രാന്റുമാണ്. സംസ്ഥാന കടഭാരത്തിന്റെ വലിയ ഒരു ഭാഗം കേന്ദ്രത്തിലടയ്ക്കേണ്ട മുതലും പലിശയുമാണ്. ഇതില്‍ ഒരു പൈസയെങ്കിലും എഴുതിത്തള്ളാന്‍ സംസ്ഥാനത്തിന്റെ വിഭവങ്ങളെല്ലാം കവരുന്ന കേന്ദ്രവും തയ്യാറാകുന്നില്ല. തരാനുള്ള നഷ്ടപരിഹാരത്തുകകളില്‍ തട്ടിക്കിഴിക്കാനും തയ്യാറല്ല. ഇതിനൊക്കെ വഴങ്ങിക്കൊടുക്കലാണോ അനുനയനയം? മൂന്ന്: കെ എം മാണിയുടെ ധവളപത്രത്തില്‍ പ്രത്യുല്‍പ്പാദനക്ഷമമല്ലാത്ത ചെലവുകള്‍ എന്ന് ആക്ഷേപമുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസംപകരുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതുമായ സമതുലിത സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇത് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് ഈ ആക്ഷേപം ഉയര്‍ത്തുന്നത്. ക്ഷേമപെന്‍ഷനുകള്‍മുതല്‍ കാര്‍ഷിക കടാശ്വാസംവരെയുള്ള കാര്യങ്ങള്‍ പ്രത്യുല്‍പ്പാദനപരമല്ല എന്ന ആക്ഷേപത്താല്‍ ഇല്ലായ്മചെയ്യപ്പെടുമോ എന്നത് കേരളം ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. കടബാധ്യതയെക്കുറിച്ചാണ് കെ എം മാണിയുടെ ധവളപത്രം മറ്റൊരിടത്ത് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നത്.

ഇവിടെയും യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് പലയിരട്ടിയായി വര്‍ധിച്ച കടഭാരത്തിന്റെ കണക്ക് തമസ്കരിച്ചിരിക്കുന്നു. എടുത്ത കടംതന്നെ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനായി നിക്ഷേപിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കടത്തിന്റെ പലമടങ്ങ് ലാഭവും നേട്ടവുമുണ്ടാക്കുകയാണ് ചെയ്തത് എന്ന കാര്യവും മറച്ചുവച്ചിരിക്കുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ കടത്തിന്റെ വര്‍ധനനിരക്ക് 12.17 (2009-10) ശതമാനമായിരുന്നെന്നു പറയുന്ന കെ എം മാണി, യുഡിഎഫ് ഭരണത്തില്‍ ഉണ്ടായിരുന്ന 20.58ന്റെ (2003-2004) റെക്കോഡ് നിരക്കില്‍നിന്ന് മികച്ച ധനമാനേജ്മെന്റിലൂടെ 12.17 ശതമാനമായി കട വര്‍ധനനിരക്ക് താഴ്ത്തുകയാണ് ചെയ്തത് എന്നതുകാണാന്‍ തയ്യാറാകുന്നില്ലെന്നതും വിചിത്രമാണ്. എല്‍ഡിഎഫ് ഭരണത്തില്‍ തുടര്‍ച്ചയായി മൂലധനച്ചെലവ് വര്‍ധിച്ചുപോന്നു. മൂലധനച്ചെലവാണ് വികസനത്തിന്റെ സൂചകം. ഈ മൂലധനച്ചെലവ് യുഡിഎഫ് ഭരണത്തില്‍ പല വര്‍ഷങ്ങളിലും പോയവര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറയുകയായിരുന്നു. ആ അവസ്ഥയ്ക്ക് അറുതിവരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മൂലധനച്ചെലവ് വെട്ടിച്ചുരുക്കിയ കാലത്തില്‍നിന്നു വര്‍ധിക്കുന്ന കാലത്തിലേക്ക്. പദ്ധതി വെട്ടിക്കുറച്ചു നടപ്പാക്കിയിരുന്നകാലത്തില്‍നിന്ന് പദ്ധതി പൂര്‍ണമായി നടപ്പാക്കിയകാലത്തേക്ക്. നിത്യേന ട്രഷറി പൂട്ടിക്കൊണ്ടിരുന്നകാലത്തുനിന്ന് ട്രഷറി ഒരു നാളും പൂട്ടാതിരുന്നകാലത്തേക്ക്. ഈ വിധത്തിലുള്ള ഗുണാത്മകമായ ഒരു മാറ്റമാണ് കേരളത്തില്‍ എല്‍ഡിഎഫ് ഭരണഘട്ടത്തിലുണ്ടായത്. അത് മറച്ചുവയ്ക്കാന്‍ കെ എം മാണിയുടെ ധവളപത്രത്തിനാകുന്നതല്ല.

*
പ്രഭാവര്‍മ ദേശാഭിമാനി 22 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയിലവതരിപ്പിച്ച ധവളപത്രം മൂന്ന് കാര്യങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ്. ഒന്ന്: മുമ്പ് തങ്ങള്‍തന്നെ കൈക്കൊണ്ട നിലപാടുകളിലൂടെ കേരളത്തിന് വരുത്തിവച്ച ഭീമമായ നഷ്ടത്തെ അത് തമസ്കരിക്കുന്നു. രണ്ട്: യുഡിഎഫിന്റെ അതിരുകവിഞ്ഞ കേന്ദ്രവിധേയത്വംമൂലം കേന്ദ്രത്തിന് കവര്‍ന്നെടുക്കാന്‍ കഴിഞ്ഞ സംസ്ഥാന വിഭവസ്രോതസ്സുകളെക്കുറിച്ച് അത് നിശബ്ദതപാലിക്കുന്നു. മൂന്ന്: സംസ്ഥാനത്ത് തുടര്‍ന്നുപോരുന്ന സാമൂഹ്യക്ഷേമനടപടികള്‍ക്ക് നേര്‍ക്ക് അത് വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നു. ഒന്ന്: റവന്യുകമ്മിയെക്കുറിച്ച് ധവളപത്രം വലിയ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. വര്‍ഷങ്ങളായുള്ള പൊതുപ്രവണത റവന്യുകമ്മി കാര്യമായി കുറഞ്ഞുപോരുന്നതാണ് എന്നതും 2014-15 ഓടെ മീഡിയം ടേം ധനകാര്യതിരുത്തല്‍ പരിപാടികളിലൂടെ റവന്യുകമ്മി പൂജ്യമാക്കാന്‍ പാകത്തിലുള്ള ധനമാനേജ്മെന്റ് നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുപോന്നത് എന്നതും മറച്ചുവച്ചുകൊണ്ടാണ് ഈ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കല്‍ എന്നതിരിക്കട്ടെ.