Saturday, July 16, 2011

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമം: കര്‍ശന നടപടി വേണം

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ നിക്ഷിപ്ത താല്‍പര്യക്കാരും പൊലീസും കായികമായി ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് എല്‍ എം എസ് കോമ്പൗണ്ടില്‍ നടന്നത്. ആക്രമണങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങളും തിരുവനന്തപുരത്ത് കണ്ടു. കാരക്കോണം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് തലവരി പണം വാങ്ങിയത് തുറന്നുകാട്ടിയ ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടാണ് മാനേജ്‌മെന്റിന്റെ പിണിയാളുകളെ പ്രകോപിപ്പിച്ചത്. തലവരി പണം വാങ്ങുന്നതിനെക്കുറിച്ച് സി എസ് ഐ ബിഷപ്പിന് പരാതി നല്‍കാന്‍ വന്ന രക്ഷിതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനെയും ക്യാമറാമാന്‍ അയ്യപ്പനെയും ക്രൂരമായി മര്‍ദ്ദിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐയായ റസലയ്യനും യൂത്ത്‌കോണ്‍ഗ്രസ് നേതാവായ എഡ്വിന്‍ ജോര്‍ജുമായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യാവിഷന്‍ ലേഖകനായ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തലയ്ക്കു പൊലീസിന്റെ ലാത്തിയടിയില്‍ ഗുരുതരമായി പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. അക്രമികള്‍ തട്ടിയെടുത്ത മര്‍ദ്ദന ദൃശ്യങ്ങളടങ്ങിയ ടേപ്പ് തിരിച്ചുകിട്ടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തേണ്ടിവന്നു. ടേപ്പ് പൊലീസ് കണ്ടെടുത്തെങ്കിലും അതിലെ മര്‍ദ്ദന ദൃശ്യങ്ങളെല്ലാം മായ്ച്ചുകളഞ്ഞിരുന്നു.

മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന്റെ വാര്‍ത്ത നല്‍കിയതിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനായ അനീഷിനെ ഒരു സംഘം അക്രമികള്‍ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. പത്രപ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാനാണ് ഭൂമികയ്യേറ്റക്കാരും അഴിമതിക്കാരും മറ്റ് നിക്ഷിപ്ത താല്‍പര്യക്കാരും മുന്നോട്ടുവരുന്നത്. ഇതു തടയുകയും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുകയും ചെയ്യേണ്ട പൊലീസുകാര്‍ അക്രമികള്‍ക്ക് ഒപ്പം ചേരുകയാണ് ചെയ്യുന്നത്.

മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെതിരായി നടന്ന നിഷ്ഠൂരമായ ആക്രമണം മാഫിയ സംഘങ്ങളും പൊലീസും തമ്മിലുള്ള അവിശുദ്ധ സഖ്യം ഏതറ്റം വരെ പോകാനും മടിക്കില്ലെന്നതിന്റെ തെളിവാണ്. മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഉണ്ണിത്താന്‍ രക്ഷപ്പെട്ടത്. ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഏര്‍പ്പാടുചെയ്ത ക്വട്ടേഷന്‍ സംഘമാണ് ഉണ്ണിത്താനെ വകവരത്തുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയത്. ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്. ഗവണ്‍മെന്റ് കര്‍ശനമായ നടപടികളെടുത്തു. ഡി വൈ എസ് പിയെ ഉള്‍പ്പെടെ അറസ്റ്റുചെയ്തു. ആക്രമണത്തിനു നേതൃത്വം നല്‍കിയ ക്വട്ടേഷന്‍ സംഘത്തിന്റെ തലവനെയും പിടികൂടി. ഭരണം മാറിയതോടെ കേസ് അന്വേഷണം മന്ദഗതിയിലായി. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ചില പ്രമുഖരെ രക്ഷിക്കാന്‍ യു ഡി എഫ് മന്ത്രിസഭയിലെ ഒരംഗം ചരടുവലിക്കുന്നതായി ഉണ്ണിത്താന്‍ തന്നെ ആരോപിക്കുകയുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നത് തടയാന്‍ ഈ കേസ് സി ബി ഐക്ക് വിടേണ്ടതാവശ്യമാണ്. യു ഡി എഫ് സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണമാണ് അഭികാമ്യം.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള ഒരു കാരണം. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സമരം നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് അക്രമം നടത്തുമ്പോള്‍, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനും എത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ആക്രമണത്തില്‍ പരിക്കുപറ്റി. മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൈകാര്യം ചെയ്യുന്ന പൊലീസുകാര്‍ കുറവല്ല. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുന്ന പൊലീസുകാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പത്രങ്ങളും ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്ന വാര്‍ത്തകളെ ചോദ്യം ചെയ്യാനും എതിര്‍ക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. കോടതിയെയും പ്രസ് കൗണ്‍സിലിനെയും പൊലീസിനെയുമെല്ലാം സമീപിക്കാം. അതാണ് ജനാധിപത്യ വ്യവസ്ഥയില്‍ അവലംബിക്കേണ്ട മാര്‍ഗം അതിനുപകരം മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുന്നതും ഭീഷണിപെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. ഈ പ്രവണത ജനാധിപത്യ വ്യവസ്ഥ ദുര്‍ബലമാക്കാനെ വഴിവെക്കുകയുള്ളു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയാനും അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാനും ഗവണ്‍മെന്റ് തയ്യാറാകണം.

*
മുഖപ്രസംഗം ജനയുഗം 16 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...