Wednesday, July 20, 2011

ഭൂപരിഷ്കരണ നിയമഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ കേരളഭൂപരിഷ്കരണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഭേദഗതികളെ സംബന്ധിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റ് ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും എന്നാണ് പ്രസ്താവിച്ചത്. തോട്ടങ്ങളില്‍ 5 ശതമാനംവരെ ഭൂമി കാര്‍ഷികവിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി/പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടൊപ്പം തോട്ടങ്ങള്‍എന്ന നിര്‍വചനത്തില്‍ കശുമാവ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കശുമാവ് കൃഷിചെയ്യുന്ന പ്രദേശങ്ങളെക്കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കുമെന്നും പറഞ്ഞു. കേരള ഭൂപരിഷ്കരണ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് ഇതുവഴി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ , ഇതേ ഉദ്ദേശ്യത്തോടെ 2005ല്‍ കേരള ഭൂപരിഷ്കരണ(ഭേദഗതി) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മുഖവിലക്കെടുക്കാതെ പാസാക്കിയെടുത്തിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ല് അയച്ചുകൊടുക്കുകയും ചെയ്തു. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ബില്ലിനെ സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്ത ശേഷം ബില്ലിന് അംഗീകാരം നല്‍കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഇതോടെ ഭൂപരിഷ്കരണ(ഭേദഗതി)ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയില്ല. ഈ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

1957ല്‍ ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 1959 ജൂണ്‍ 10നാണ് കേരള ഭൂപരിഷ്കരണ നിയമം പാസാക്കിയത്. പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തമായ ഭേദഗതികള്‍ കൊണ്ടുവന്ന് നിയമത്തില്‍ ഇടപെടുകയുണ്ടായി. മിച്ചഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ക്കും വിതരണംചെയ്ത് കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. കൃഷിഭൂമി കര്‍ഷകന്, കുടികിടപ്പവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ , കേരള കോണ്‍ഗ്രസിനും മുസ്ലീംലീഗിനും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ഭൂ ഉടമസ്ഥരെ സംരക്ഷിക്കാനും ഭൂപരിഷ്കരണ നടപടികള്‍ തകിടംമറിക്കാനുമുള്ള ഇടപെടലുകളാണ് നടത്തിയത്. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നവരുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതനുസരിച്ച് ഇന്ന് മിച്ചഭൂമിയായി കണക്കാക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് കശുമാവ് കൃഷിചെയ്താല്‍ ആ ഭൂമി തോട്ടമായി പരിഗണിക്കപ്പെടുകയും മിച്ചഭൂമി അല്ലാതാവുകയും ചെയ്യുമെന്ന നിയമഭേദഗതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. ഇതോടെ അവശേഷിക്കുന്ന മിച്ചഭൂമി മുഴുവന്‍ ഇല്ലാതാകുകയും പണമുള്ളവന് എത്രവേണമെങ്കിലും ഭൂമി വാങ്ങിക്കൂട്ടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. വിദേശപണം വന്‍തോതില്‍ ഒഴുകി വരുന്ന കേരളത്തില്‍ ചില വ്യക്തികളുടെ കൈയിലേക്ക് ഭൂമിയുടെ കേന്ദ്രീകരണമുണ്ടാവുകയും വന്‍കിട ഭൂഉടമകള്‍ കാര്‍ഷികമേഖലയെ കൈയടക്കി വാണിരുന്ന പഴയകാലം തിരിച്ചുവരികയുംചെയ്യും.

കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ അനുമതി നല്‍കണമെന്ന സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയം കേരളത്തില്‍ നടപ്പാകാനും ഇത് ഇടവരുത്തും. കേരള ഭൂപരിഷ്കരണ നിയമത്തില്‍ 81-ാം വകുപ്പില്‍ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടങ്ങള്‍ എന്ന നിര്‍വചനത്തില്‍ കശുമാവിന്‍ തോട്ടങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ആ തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണ് 81-ാം വകുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്. ഇത് നിയമമാകുമ്പോള്‍ ഒരു ഹെക്ടറില്‍ 150 കശുമാവിന്‍ തൈകള്‍ നട്ടാല്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒവിവാക്കപ്പെടും. കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് യുഡിഎഫ് ഈ ഭേദഗതി നടപ്പാക്കുന്നത്. മുമ്പ് കശുമാവ് കൃഷിചെയ്തിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ അത് ലാഭകരമല്ലെന്ന് കണ്ട് വെട്ടിമാറ്റിയ അനുഭവങ്ങള്‍ കേരളത്തിനുണ്ട്. കശുമാവ് കൃഷിയുടെ പ്രോത്സാഹനത്തിന്റെ മറവില്‍ ഭൂപരിധി നിയമത്തില്‍നിന്ന് കൈവശഭൂമിക്ക് ഇളവ് ലഭിച്ചുകഴിഞ്ഞാല്‍ അത്തരം പ്രദേശങ്ങളിലെ 5 ശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്ക് ഉപയോഗിക്കാമെന്ന ഭേദഗതികൂടി നിര്‍ദേശിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ വാങ്ങിക്കൂട്ടി അവിടെ കുറച്ച് കശുമാവിന്‍തൈകള്‍ നട്ടു പിടിപ്പിച്ചാല്‍ , ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ വരുന്ന വന്‍കിട റിസോര്‍ട്ട് കമ്പനികള്‍ക്ക് കാലക്രമേണ ആരുമറിയാതെ ഭൂമി സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. അതുതന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യവും. പുഷ്പകൃഷി, വാനില കൃഷി, ഔഷധ സസ്യകൃഷി, നെല്‍കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്ന പേരില്‍ നിലവിലുള്ള ഭൂപരിഷ്കരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഭൂപരിധി നിയമത്തിന്റെ ഘടനയെ അട്ടിമറിക്കുന്നതിലും ഗൂഢോദ്ദേശ്യമാണുള്ളത്. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിലുണ്ടായ പോരായ്മയാണ് കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിലുണ്ടായിട്ടുള്ള പ്രധാന പ്രശ്നം. ഇതിന് പരിഹാരം കാണുന്നതിനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷംകൊണ്ട് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഭൂമി നല്‍കി.

14,658 പേര്‍ക്ക് മിച്ചഭൂമി വിതരണംചെയ്തു. 14,048 ആദിവാസികള്‍ക്ക് കൈവശാവകാശരേഖ നല്‍കി. ഇരുപത്തൊന്നായിരത്തോളം ആദിവാസികള്‍ക്ക് വനാവകാശ രേഖകള്‍ കൈമാറി. അനധികൃതമായി ഭൂമി കൈവശംവച്ച 9,965 കൈയേറ്റം കണ്ടെത്തി. അതില്‍ 4,020 എണ്ണം ഒഴിപ്പിച്ചു. 13,153 ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്ന് ഒഴിപ്പിച്ചെടുത്തു. ഇങ്ങനെ കൂടുതല്‍ പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയാകെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ധനമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ നയം മാത്രമല്ല മുഖ്യമന്ത്രി അംഗീകരിച്ച കാര്യം കൂടിയാണ്. മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിയാമെന്ന് ധനമന്ത്രിയും പ്രഖ്യാപനത്തിന് തന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രിയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ , ഈ കാര്യം റവന്യൂവകുപ്പിനോട് ആലോചിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രിയുടെ അഭിപ്രായത്തില്‍നിന്ന് വ്യക്തമാവുന്നു. നയപരമായ ഇത്തരം പ്രഖ്യാപനങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. സാമ്പത്തികബാധ്യത വരുന്ന ധനപരമായ കാര്യങ്ങളാണ് സാധാരണഗതിയില്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. ബജറ്റ് പ്രസംഗം മന്ത്രിസഭ ചര്‍ച്ചചെയ്ത് തയ്യാറാക്കുന്നതല്ല. ധനമന്ത്രിയൊഴിച്ച് മുഖ്യമന്ത്രിമാത്രമേ ഇതിന്റെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയുകയുള്ളൂ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണെങ്കില്‍ മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതാണ്. നയപരമായ ഈ പ്രശ്നം മന്ത്രിസഭയിലോ യുഡിഎഫിലോ ചര്‍ച്ചചെയ്യാതെ പ്രഖ്യാപിച്ച ധനമന്ത്രി കെ എം മാണിക്കും അതിന് രഹസ്യ അനുമതി നല്‍കിയ ഉമ്മന്‍ചാണ്ടിക്കും ഇക്കാര്യത്തില്‍ ഹിഡന്‍ അജന്‍ഡകളുണ്ട് എന്നതാണ് ഇപ്പോഴത്തെ വിവാദത്തില്‍ക്കൂടി പുറത്തുവന്നിരിക്കുന്നത്. കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏതൊരു ശ്രമവും വളരെ അവധാനതയോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ. കേരളത്തിലെ ഭൂവ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഇടയാക്കുന്ന ഭേദഗതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഭൂരഹിതരായ പാവപ്പെട്ട ജനങ്ങളും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങളും അതിശക്തമായി പ്രതികരിക്കുമെന്നതില്‍ സംശയം വേണ്ട. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ ത്യാഗോജ്വല പോരാട്ടങ്ങളുടെ ഫലംകൂടിയാണ് ഭൂപരിഷ്കരണം. ഇതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അഭിപ്രായ സമന്വയത്തില്‍ക്കൂടി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2005ല്‍ നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരത്തിനു വേണ്ടിയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. കേന്ദ്രത്തിലുള്ള ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ട് ഇത് നടപ്പാക്കാനാണ് ശ്രമമെങ്കില്‍ കേരളത്തിലെ കാര്‍ഷിക മേഖല പോര്‍ക്കളമായി മാറും.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 20 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ കേരളഭൂപരിഷ്കരണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഭേദഗതികളെ സംബന്ധിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടവിളകളില്‍ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റ് ചില സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും എന്നാണ് പ്രസ്താവിച്ചത്. തോട്ടങ്ങളില്‍ 5 ശതമാനംവരെ ഭൂമി കാര്‍ഷികവിളകള്‍ക്കോ, ഔഷധ സസ്യകൃഷിക്കോ, പച്ചക്കറി/പൂന്തോട്ട കൃഷിക്കോ, വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടൊപ്പം തോട്ടങ്ങള്‍എന്ന നിര്‍വചനത്തില്‍ കശുമാവ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കശുമാവ് കൃഷിചെയ്യുന്ന പ്രദേശങ്ങളെക്കൂടി തോട്ടങ്ങളായി പ്രഖ്യാപിക്കുമെന്നും പറഞ്ഞു. കേരള ഭൂപരിഷ്കരണ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് ഇതുവഴി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തം.