Sunday, July 10, 2011

വീണ്ടും സാമ്പത്തികക്കുഴപ്പമോ?

മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ അനിവാര്യമായ രോഗങ്ങളിലൊന്നാണ് സാമ്പത്തികക്കുഴപ്പം, അല്ലെങ്കില്‍ പ്രതിസന്ധിയെന്ന് കാള്‍ മാര്‍ക്സ് പണ്ടേ സ്ഥാപിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കാലശേഷം സാമ്രാജ്യത്വം ധനമൂലധനത്തിന്റെ (ഫിനാന്‍സ് ക്യാപ്പിറ്റല്‍) പിന്തുണയോടെ ലോകമെങ്ങും വ്യാപിക്കുകയും സാമ്പത്തികപ്രതിസന്ധികള്‍ ആഗോളപ്രതിസന്ധികളായി മാറുകയും ചെയ്തു. സാമ്രാജ്യത്വം പരാന്നഭോജിയാണ്. ധനമൂലധനം അഥവാ മൂലധനം ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക വ്യവസ്ഥയെ അല്ല പ്രതിനിധാനംചെയ്യുന്നത്, ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാതെ വ്യക്തികളുടെ ശേഖരണത്തിലും ബാങ്ക്, ഇന്‍ഷുറന്‍സ് മുതലായവയിലും ഉള്ള പണത്തെയും പണമിടപാടുകളെയുമാണ്.

ലോകത്തിലെ ഏറ്റവും കടുത്ത മുതലാളിത്തപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് 1929ലാണ്. അമേരിക്കയില്‍ ആരംഭിച്ച ഈ പ്രതിസന്ധി ലോകമെങ്ങും വ്യാപിക്കുകയും വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും ബാങ്കുകള്‍ പാപ്പരാവുകയും ലക്ഷക്കണക്കിനു തൊഴിലാളികള്‍ വഴിയാധാരമാവുകയുംചെയ്തു. പിന്നീട് ആസന്നമായ രണ്ടാംലോകമഹായുദ്ധത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി വളര്‍ന്നുവന്ന ആയുധനിര്‍മാണത്തിന്റെ വ്യാപ്തി കൊണ്ടും സൈന്യങ്ങളില്‍ കൂടുതല്‍ ആളുകളെ എടുത്തും മറ്റും പരിഹരിക്കുകയുണ്ടായി. ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സിന്റെ സിദ്ധാന്തപ്രകാരമുള്ള ക്ഷേമരാഷ്ട്രനയങ്ങള്‍ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുകയും പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുംചെയ്തു.

സോഷ്യലിസവും പ്രതിസന്ധിയും 1929ന് ശേഷവും പല കാരണങ്ങളാല്‍ മുതലാളിത്തലോകത്ത് സാമ്പത്തികപ്രതിസന്ധികള്‍ പൊട്ടിപ്പുറപ്പെടുകയും പരിഹരിക്കപ്പെടുകയുംചെയ്തു. ഈ കുഴപ്പങ്ങളൊന്നും സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിന്നിരുന്ന സോവിയറ്റ് യൂണിയനെ ബാധിച്ചിരുന്നില്ലെന്നത് സോഷ്യലിസത്തിന്റെ ഭദ്രതയെയും മുതലാളിത്തത്തിന്റെ ദൗര്‍ബല്യത്തെയും കാണിക്കുന്നു. ഏകദേശം 1929ലെ സാമ്പത്തികത്തകര്‍ച്ചയോട് താരതമ്യപ്പെടുത്താവുന്ന വലിയ തകര്‍ച്ചയാണ് 2008ല്‍ അമേരിക്കന്‍ ഐക്യനാട്ടില്‍ പുറപ്പെട്ടത്. ബാങ്കുകള്‍ തകരുകയും വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു. അതിന്റെ പ്രതികരണങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ അതിരുകടന്നാശ്രയിക്കുന്ന രാജ്യങ്ങളിലൊക്കെ അനുഭവപ്പെട്ടു. 1929ല്‍ സോവിയറ്റ്യൂണിയനില്‍ എന്നപോലെ 2008ല്‍ ചൈനയിലും ഈ സാമ്പത്തികത്തകര്‍ച്ച ബാധിച്ചില്ല. അമേരിക്ക സാവധാനമെങ്കിലും 2008ല്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിയെ മറികടക്കു എന്ന ഒരു പ്രതീതി സൃഷ്ടിച്ചിരുന്നു. അതില്‍ കുറച്ചൊക്കെ വാസ്തവവുമുണ്ടായിരുന്നു. അതെങ്ങനെ പരിഹരിക്കാന്‍ തുടങ്ങിയിരുന്നു എന്നൊന്നും ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ , ഇപ്പോള്‍ യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വീണ്ടും സാമ്പത്തികത്തകര്‍ച്ച തലപൊക്കിയിരിക്കുന്നു എന്നതാണ്. അമേരിക്കന്‍ ഐക്യനാടിനെയും യൂറോപ്പിനെയും ചേര്‍ത്ത് അറ്റ്ലാന്റിക് സമൂഹം എന്നാണ് മാധ്യമങ്ങള്‍ വിളിച്ചുവരുന്നത്.

ഈ അറ്റ്ലാന്റിക് സമൂഹം ആകെത്തന്നെ ഗുരുതരമായ സാമ്പത്തികത്തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ബാങ്കുകളുടെ അടച്ചുപൂട്ടല്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഗ്രീസില്‍ നടക്കുന്ന പൊതുപണിമുടക്കുകളും പ്രക്ഷോഭങ്ങളും ഈ തകര്‍ച്ചയുടെ ഫലമാണ്. യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ യൂറോ വാങ്ങാന്‍ മറ്റുപല രാഷ്ട്രങ്ങളും തയ്യാറല്ല. ഫ്രാന്‍സില്‍ ഏതാനും മാസംമുമ്പ് ഈ തകര്‍ച്ചമൂലം പൊതുപണിമുടക്കുകളും പ്രതിഷേധപ്രകടനങ്ങളും നടക്കുകയുണ്ടായി. ഈ സാമ്പത്തികത്തകര്‍ച്ചയെ നേരിടാന്‍ യൂറോപ്യന്‍ സര്‍ക്കാരുകള്‍ ആശ്രയിക്കുന്ന ഒരേ ഒരു മാര്‍ഗം ആസ്റ്റിരിറ്റി അഥവാ ചെലവുചുരുക്കല്‍ പരിപാടിയാണ്. ഈ പരിപാടിപ്രകാരം ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചെലവ് വെട്ടിച്ചുരുക്കുമ്പോള്‍ അതിന്റെ പ്രഹരമേല്‍ക്കുന്നത് സാധാരണക്കാര്‍ക്കാണ്. അതുപോലെ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സഹായധനവും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ മത്സരിക്കാന്‍ കഴിവുനല്‍കുന്ന സഹായധനവ്യവസ്ഥകളും വെട്ടിച്ചുരുക്കുന്നു. അങ്ങനെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയും ക്രയശക്തി ഗണ്യമായി കുറയുകയുംചെയ്യുന്നു. അത് പൊതുപണിമുടക്കുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവയ്ക്കുന്നു. ഫ്രാന്‍സില്‍ ഏതാനും മാസംമുമ്പും ഗ്രീസിലും ബ്രിട്ടനിലും ഇപ്പോഴും പ്രതിഷേധത്തിന്റെ ജ്വാല ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വികസ്വരരാഷ്ട്രങ്ങള്‍ വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ ഈ പ്രതിസന്ധി വികസ്വരരാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്നതിന്റെ ഒരു തെളിവ് ഇന്ത്യതന്നെയാണ്. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധനവിലവര്‍ധനയും ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ള ഉപഭോഗവസ്തുക്കള്‍ക്കുള്ള സഹായധനം വെട്ടിക്കുറയ്ക്കുന്നതും ഇന്ത്യക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും അനിയന്ത്രിതമാകുന്നു. പണപ്പെരുപ്പം കുറയ്ക്കാനുള്ള ചില കുറുക്കുവഴികളിലൊന്നാണ് കഴിഞ്ഞ രണ്ടുമൂന്നുദിവസത്തിനുള്ളില്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം അസ്തമിച്ച പഴയ കോളനിവാഴ്ച പ്രച്ഛന്നവേഷത്തില്‍ പുനഃസ്ഥാപിക്കാനുള്ള ലോകസാമ്രാജ്യത്തിന്റെ കാര്യപരിപാടിയാണല്ലോ ആഗോവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും. വന്‍കിട കോര്‍പറേഷനുകള്‍ക്ക് നികുതിയിളവും മറ്റു സൗജന്യങ്ങളും അനുവദിക്കുകയും വിദേശസ്വകാര്യമൂലധനത്തിന് നിര്‍ബാധം ചുവടുറപ്പിക്കാന്‍ അനുവാദം നല്‍കുന്നതും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായാണ്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് ചൂണ്ടിക്കാണിക്കുന്നതുപോലെ ഇന്ന് സാര്‍വത്രികമായിത്തീര്‍ന്നിട്ടുള്ള അഴിമതി ഇന്ത്യയുടെ ഈ കോര്‍പറേറ്റ് അനുകൂലനയങ്ങളുടെ അനിവാര്യഫലമാണ്.

മാധ്യമങ്ങളുടെമേലും രാഷ്ട്രീയകക്ഷികളുടെമേലും സര്‍ക്കാരിന്റെമേലും കോര്‍പറേറ്റ് ശക്തികള്‍ പിടിമുറുക്കുമ്പോള്‍ അതോടൊപ്പം പെരുകുന്ന അഴിമതികള്‍ തടയാനാകില്ല. ചില അഴിമതിക്കേസുകള്‍ പുറത്തുവരുമ്പോള്‍ മന്ത്രിമാര്‍ രാജിവയ്ക്കുന്നു. അവര്‍ക്കെതിരെ കേസെടുക്കുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന എ രാജയുടെയും ദയാനിധിമാരന്റെയും ഡിഎംകെ നേതാവ് കനിമൊഴി എംപിയുടെയും മറ്റും അഴിമതി കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും പണ്ടേ അറിവുള്ളതായിരുന്നു. മാധ്യമങ്ങള്‍ ഇവ പുറത്തുകൊണ്ടുവന്നപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. മുരളി ദേവ്റ എന്ന കേന്ദ്രമന്ത്രി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച അഴിമതിയില്‍ കുടുങ്ങിയാണ് രാജിവച്ചത്. കറുത്താടുകള്‍ എത്രപേര്‍ ഇനിയും കേന്ദ്രമന്ത്രിസഭയിലും സംസ്ഥാനമന്ത്രിസഭകളിലും അവശേഷിക്കുന്നുണ്ടെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം. ആഗോളസാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍നിന്ന് ആരംഭിച്ച് അറ്റ്ലാന്റിക് സമൂഹത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാംലോകരാജ്യങ്ങളിലെ അവസ്ഥ ഇതാണ്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 09 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ അനിവാര്യമായ രോഗങ്ങളിലൊന്നാണ് സാമ്പത്തികക്കുഴപ്പം, അല്ലെങ്കില്‍ പ്രതിസന്ധിയെന്ന് കാള്‍ മാര്‍ക്സ് പണ്ടേ സ്ഥാപിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കാലശേഷം സാമ്രാജ്യത്വം ധനമൂലധനത്തിന്റെ (ഫിനാന്‍സ് ക്യാപ്പിറ്റല്‍) പിന്തുണയോടെ ലോകമെങ്ങും വ്യാപിക്കുകയും സാമ്പത്തികപ്രതിസന്ധികള്‍ ആഗോളപ്രതിസന്ധികളായി മാറുകയും ചെയ്തു. സാമ്രാജ്യത്വം പരാന്നഭോജിയാണ്. ധനമൂലധനം അഥവാ മൂലധനം ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക വ്യവസ്ഥയെ അല്ല പ്രതിനിധാനംചെയ്യുന്നത്, ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാതെ വ്യക്തികളുടെ ശേഖരണത്തിലും ബാങ്ക്, ഇന്‍ഷുറന്‍സ് മുതലായവയിലും ഉള്ള പണത്തെയും പണമിടപാടുകളെയുമാണ്.