Thursday, July 7, 2011

`മാറുന്ന ഇന്ത്യയ്‌ക്ക്‌ വേണ്ട സാമൂഹ്യസുരക്ഷ'': ലോകബാങ്കിന്റെ നിര്‍ദേശങ്ങള്‍

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതു-സ്വകാര്യ-പങ്കാളിത്ത മോഡല്‍ നിര്‍ദേശിക്കുന്നതാണ്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ നാം ഒരു കാര്യം ഗഹനമായിചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ഇന്ത്യയില്‍ സ്റ്റേറ്റ്‌ എന്ന പ്രതിഭാസം ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ വന്നതോടുകൂടി ഇന്നിപ്പോള്‍ സ്റ്റേറ്റ്‌ എന്ന ശക്തി തദ്ദേശതലത്തിലെത്തിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ ദാരിദ്ര്യനിര്‍മാര്‍ജന -സാമൂഹ്യസുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ നല്‍കിക്കൂടാ.അവയല്ലെ ജനങ്ങളുടെ അടുത്ത്‌ നില്‍ക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയുന്നതും.അധികാര വികേന്ദ്രീകരണം ഇന്ന്‌ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പകരം നാമെല്ലാ ഇടപെടലുകളുംസന്നദ്ധസംഘടനകളെയും ``കാര്യക്ഷമതയ്‌ക്ക്‌ പേര്‍കേട്ടവ'' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത്‌ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്‌.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയെ സംബന്ധിച്ച്‌ ആസൂത്രണ കമ്മിഷന്‍ തയ്യാറാക്കുന്ന സമീപനരേഖ അധികം താമസിയാതെ സംസ്ഥാനങ്ങള്‍ക്ക്‌ പരിശോധിക്കാന്‍ നല്‍കും. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും അത്‌ വിശദമായ ചര്‍ച്ചയ്‌ക്ക്‌ ഇടനല്‍കും. പന്ത്രണ്ടാം പദ്ധതിയുടെ സമീപനം ഈ ചര്‍ച്ചകള്‍ക്ക്‌ മുമ്പ്‌ തന്നെ ഭരണകൂടം തീരുമാനിച്ചുറച്ചമട്ടിലാണ്‌. കാരണം ഇതിനകം തന്നെ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ആവശ്യപ്രകാരം ലോകബാങ്ക്‌ ഇന്ത്യയുടെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെക്കുറിച്ചുള്ള ഒരു പഠനവും അതിനടിസ്ഥാനമാക്കി പന്ത്രണ്ടാം പദ്ധതിയില്‍ ഇന്ത്യ എന്ത്‌ ചെയ്യണമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനം, സാമൂഹ്യസുരക്ഷ എന്നീ നിര്‍ണായകമേഖലകളില്‍ നിന്നും സ്റ്റേറ്റിനെ പിന്‍വലിച്ച്‌ സ്വകാര്യമേഖലയ്‌ക്കും സ്വകാര്യമൂലധനത്തിനും ശക്തമായ പങ്കാളിത്തവും നടത്തിപ്പധികാരവും നല്‍കുന്ന ഒരു നിര്‍ദേശമാണ്‌ ലോകബാങ്ക്‌ ആസൂത്രണ കമ്മിഷന്‌ നല്‍കിയിരിക്കുന്നത്‌. ഈ സമീപനം തന്നെ ഒരു മാറ്റവും വരുത്താതെ നടപ്പാക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാകുമെന്ന കാര്യം തീര്‍ച്ചയാണ്‌. ഈ നിലപാട്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. ലോക്‌പാല്‍ ബില്ലിന്റെ ചര്‍ച്ചകളില്‍ പൊതുസമൂഹത്തിന്‌ മുന്തിയ പ്രാധാന്യം നല്‍കുന്നതുപോലെ ദാരിദ്ര്യനിര്‍മാര്‍ജനം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിലും പൊതുസമൂഹത്തിന്റെ പേര്‌ പറഞ്ഞ്‌ സ്വകാര്യ നോണ്‍ ഗവര്‍മെന്റല്‍ ഏജന്‍സികള്‍ക്ക്‌ (NGOs) മുന്‍കൈ നല്‍കുന്നതിനുള്ള ഒരു നീക്കമാണിത്‌. സ്റ്റേറ്റിനെ പിന്‍നിരയിലേയ്‌ക്ക്‌ തള്ളാനുള്ള ഈ തന്ത്രം ലോകബാങ്ക്‌ പലരാജ്യങ്ങളിലും പരീക്ഷിച്ച്‌ അവിടങ്ങളിലെ ദാരിദ്ര്യവും സാമൂഹ്യസുരക്ഷയും വഷളാക്കിയതായി അനുഭവമുണ്ട്‌.

``മാറുന്ന ഇന്ത്യയ്‌ക്ക്‌ വേണ്ട സാമൂഹ്യസുരക്ഷ'' (Social protection for a changing India) എന്നാണ്‌ലോകബാങ്ക്‌ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്‌. ഇതിന്റെ ഒന്നാം വാല്യത്തിലാണ്‌ എക്‌സിക്യുട്ടീവ്‌ സംഗ്രഹവും നിര്‍ദേശങ്ങളും. രണ്ടാം വാല്യമാണ്‌ പൂര്‍ണമായ റിപ്പോര്‍ട്ട്‌. ഇവ രണ്ടും ലോകബാങ്ക്‌ വെബ്‌സൈറ്റായ www.worldbank.org ല്‍ ലഭ്യമാണ്‌. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേയ്‌ക്കും നിര്‍ദേശങ്ങളിലേയ്‌ക്കും കടക്കുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ലോകബാങ്കിനെ ഈ പഠനം ഏല്‍പ്പിച്ചത്‌ കേന്ദ്ര ആസൂത്രണ കമ്മിഷനാണ്‌ എന്നതാണ്‌. എന്ത്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാലും ഞങ്ങള്‍ തൃപ്‌തരാണെന്ന്‌ ആസൂത്രണ കമ്മിഷന്‍ തന്നെ മുന്‍കൂറായി സൂചിപ്പിച്ചിരിക്കണം. ലോകബാങ്കിലെ ഇന്ത്യാക്കാരല്ലാത്ത വിദഗ്‌ധരേക്കാളും വൈദഗ്‌ധ്യമുള്ളവര്‍ നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം കമ്മിഷന്‍ വിസ്‌മരിച്ചു. ലോകബാങ്ക്‌ തന്നെ ജനാധിപത്യതത്വം പാലിക്കാത്ത, ജനാധിപത്യമര്യാദകള്‍ക്ക്‌ വിലകല്‍പ്പിക്കാത്ത ഒരു സ്ഥാപനമാണെന്നുള്ള കാര്യവും വിസ്‌മരിച്ചു. ലോകബാങ്ക്‌ എവിടെയൊക്കെ കടന്ന്‌ ചെന്നിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടങ്ങളുടെ നയങ്ങള്‍ അട്ടിമറിക്കാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്‌. ഇത്‌ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്‌ഡങ്ങളിലെ ജനങ്ങളുടെമേല്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്‌. ഇന്ത്യയില്‍ ഇന്നേവരെ ലോകബാങ്ക്‌, ഐ എം എഫ്‌ എന്നീ സ്ഥാപനങ്ങളുടെ മേല്‍ക്കോയ്‌മ ഇടതുപക്ഷ പാര്‍ട്ടികളുടെയും ജനമുന്നേറ്റങ്ങളുടെയും സമീപനംമൂലം പൂര്‍ണമായി നടപ്പാക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. രണ്ടാം യു പി എ സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ ലോകബാങ്കിന്റെ മുന്‍കൈയും മേല്‍ക്കോയ്‌മയും എളുപ്പമായിട്ടുണ്ട്‌. ഇത്‌ പ്രവചനാതീയമായ ഭവിഷ്യത്തുകള്‍ ഇന്ത്യയിലുണ്ടാക്കും. പ്രത്യേകിച്ചും ഇന്ത്യയില്‍ ഇന്ന്‌ നിലവിലുള്ള ദാരിദ്ര്യനിര്‍മാര്‍ജന - സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഉടച്ചുവാര്‍ക്കാനുള്ള പുതിയ നീക്കങ്ങള്‍.

എന്തിനാണ്‌ ഇന്ത്യയിലെ കേന്ദ്രഭരണകൂടം ലോകബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ ചെവി കൊടുക്കുന്നത്‌? ലോകബാങ്കില്‍ നിന്നും വായ്‌പകള്‍ എടുത്തതുകൊണ്ട്‌ മാത്രം ഈ വിധേയത്വം കാണിക്കണമോ? ലോകബാങ്ക്‌ ഒരു വെറും ബാങ്ക്‌ മാത്രമല്ലെ? ?After all it is a bank?. ഈ ബാങ്കില്‍കൂടെ ലോക ജനതയുടെ ശബ്‌ദമല്ലാ കേള്‍ക്കുന്നത്‌, മറിച്ച്‌ അധിനിവേശത്തിന്റെ ഹുങ്കാരമല്ലേ മുഴങ്ങിക്കേള്‍ക്കുന്നത്‌? ഏതായാലും മേല്‍സൂചിപ്പിച്ച ലോകബാങ്ക്‌ റിപ്പോര്‍ട്ടിലെ കാതലായ കാഴ്‌ചപ്പാടും നിര്‍ദേശങ്ങളും എന്തൊക്കെയെന്ന്‌ പരിശോധിക്കാം.

ലോ-മിഡില്‍ ഇംകം വിഭാഗത്തില്‍വരുന്ന ഇന്ത്യയില്‍ മിഡില്‍ ഇംകം വിഭാഗത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. എന്നാല്‍ ഇത്‌ നേടാനുള്ള കഴിവ്‌ ഇന്ത്യയ്‌ക്കില്ല. സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നേടാതെ വിപുലമായ സാമൂഹ്യസുരക്ഷാവലയം സൃഷ്‌ടിക്കുക എളുപ്പമല്ല. ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷാ നടപടികള്‍ താഴെ പറയുന്നവയാണ്‌. പൊതുവിതരണ ശൃംഖല, ദേശീയ തൊഴിലുറപ്പ്‌ പദ്ധതി, എസ്‌ ജി എസ്‌ വൈ, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ സ്‌കീം, ഇന്ദിരാ ആവാസ്‌ യോജന, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, സ്‌കൂള്‍ സ്റ്റൈപ്പന്റ്‌, ആര്‍ എസ്‌ ബി വൈ, ആംആദ്‌മി ബിമായോജന, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ ഇന്‍ഷ്വറന്‍സ്‌, നഗര ദാരിദ്ര്യനിര്‍മാര്‍ജന നടപടികള്‍. മേല്‍ സൂചിപ്പിച്ച പദ്ധതികളും നടപടികളും അവയുടെ ഡിസൈന്‍ വീഴ്‌ചകള്‍ മൂലം പരാജയത്തിന്റെ വക്കിലാണ്‌. സ്റ്റേറ്റ്‌ നേരിട്ട്‌ സൃഷ്‌ടിച്ച്‌ നടപ്പാക്കുന്ന സുരക്ഷാവലയം അവയില്‍ ഉള്‍പ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനാവശ്യമായ കയറോ ഏണിപ്പടിയോ നല്‍കുന്നില്ല. ജി ഡി പിയുടെ രണ്ട്‌ ശതമാനത്തിലേറെ ഇപ്പറഞ്ഞ സുരക്ഷാവലയത്തിന്റെ നിലനില്‍പ്പിനും നടത്തിപ്പിനും ചെലവിട്ടിട്ട്‌പോലും ഇനി ഈ സുരക്ഷാവലയം വേണ്ട. തങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശക്തരായി എന്ന്‌ സധൈര്യം പറയാന്‍ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. പല ഇടപെടലുകളും പരാജയവക്കിലാണ്‌. ഇതിന്‌ കാരണം സ്റ്റേറ്റിന്റെ കെടുകാര്യസ്ഥതയും ഭരണനിര്‍വഹകരുടെ അഴിമതിയും ആണ്‌. പി ഡി എസ്‌ ഉണ്ടായിട്ടും ഭക്ഷ്യധാന്യങ്ങള്‍ ലക്ഷ്യത്തിലെത്തുന്നില്ല. ഇതൊരു ഉദാഹരണം മാത്രം. പട്ടിണി, തൊഴിലിലില്ലായ്‌മ, അനാരോഗ്യം, അനാഥത്വം എന്നിവ രൂക്ഷമായ ആദിവാസിമേഖലകളിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും സാമൂഹ്യസുരക്ഷാ വലയം നാമമാത്രമായ ചലനങ്ങളേ സൃഷ്‌ടിട്ടുള്ളൂ. ദാരിദ്ര്യനിര്‍മാര്‍ജന-സാമൂഹ്യസുരക്ഷാ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന്‌ ചില മാറ്റങ്ങളും നിര്‍ദേശങ്ങളും ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌ മുന്നോട്ട്‌ വയ്‌ക്കുന്നു.

പദ്ധതികളുടെ ഡിസൈന്‍ തയ്യാറാക്കുന്നതിലും അവയുടെ നടത്തിപ്പിലും പൊതുസമൂഹസംഘങ്ങളെ മുന്‍നിരയില്‍ നിര്‍ത്തി ചുമതലകള്‍ ഏല്‍പ്പിക്കണം. പൊതുസമൂഹസംഘത്തിന്റെ സ്വഭാവം അത്‌ നിയന്ത്രിക്കുന്നവരുടെ കൈയ്യിലാണ്‌. സ്വയംസഹായ ഗ്രൂപ്പുകള്‍ മുതല്‍ എന്‍ ജി ഒ വരെ, ലാഭം ലക്ഷ്യമിടുന്ന സ്വകാര്യമേഖലയെ വരെ പദ്ധതികളുടെ നടത്തിപ്പില്‍ മുഖ്യ പങ്കാളികളാക്കണം. സ്വകാര്യമേഖലയ്‌ക്ക്‌ ഇന്ന്‌ സ്റ്റേറ്റിനും ബ്യൂറോക്രസിക്കുമില്ലാത്ത ``നടത്തിപ്പ്‌ കഴിവുകള്‍'' ഉണ്ട്‌. രാജ്യത്തിലെ ധാന്യശേഖരണത്തിലും അതിന്റെ പൊതുവിതരണ നടത്തിപ്പിലും സ്വകാര്യമേഖലയ്‌ക്ക്‌ മുഖ്യ പങ്കാളിത്തം നല്‍കണം. പദ്ധതികളുടെ നടത്തിപ്പിലെ നട്ട്സും ബോള്‍ട്ട്സും ഇളക്കി പുനബന്ധിക്കണം. സ്റ്റേറ്റിനെയും ബ്യൂറോക്രസിയെയും പരമാവധിയകറ്റിനിര്‍ത്തണം. വിവരങ്ങള്‍ അറിയാനുള്ള അവകാശം പ്രാവര്‍ത്തികമായതുപോലെ ഭക്ഷണത്തിനുള്ള അവകാശം ഉപജീവനത്തിനുള്ള അവകാശം എന്നിവകൂടി അതിവേഗം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്‌. ഇതൊക്കെ സാധ്യമാകണമെങ്കില്‍ സ്വകാര്യ-എന്‍ ജി ഒ മേഖലകളെകൂടി പങ്കാളികളാക്കണം.

ചുരുക്കത്തില്‍ ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്‌. സ്റ്റേറ്റിനെ പിന്‍നിരയിലും സ്വകാര്യ-എന്‍ ജി ഒ-പൊതുസമൂഹ സന്നദ്ധസംഘടനകളെ മുന്‍നിരയിലും നിര്‍ത്തി ഇനിയങ്ങോട്ട്‌ പന്ത്രണ്ടാം പദ്ധതി മുതല്‍ ദാരിദ്ര്യനിര്‍മാര്‍ജന-സാമൂഹ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പില്‍ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണകൂടങ്ങള്‍ അധികം ഇടപെടാതിരിക്കുക. ഇത്‌ ഇന്ത്യയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും നല്ലതേ വരുത്തുകയുള്ളൂ!!!

ഇതിനകം തന്നെ മേല്‍ സൂചിപ്പിച്ച ലോകബാങ്ക്‌ റിപ്പോര്‍ട്ടിനെതിരെ ചില പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്‌. ഇതിന്‌ ചുക്കാന്‍ പിടിച്ചിട്ടുള്ളത്‌ മേധ പട്‌ക്കര്‍, അരുണ റോയ്‌ എന്നിവര്‍ നയിക്കുന്ന ഒരുസംഘം സാമൂഹ്യപ്രവര്‍ത്തകരാണ്‌, അവരും പൂര്‍ണമായും സ്റ്റേറ്റിന്റെ പിന്നില്‍ അണിനിരക്കുന്നവരല്ല. എന്നാല്‍ തട്ടിപ്പ്‌ എന്‍ ജി ഒ സംഘടനകളുമായി ബന്ധം പുലര്‍ത്താത്തവരാണവര്‍. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ ഇനിയും ശക്തമായി രേഖപ്പെടുത്തിയിട്ടില്ല. അരാഷ്‌ട്രീയ കണ്ണോടെ വിശകലനത്തോടെ സമീപിക്കേണ്ട പ്രശ്‌നങ്ങളല്ല ദാരിദ്ര്യവും സാമുഹ്യസുരക്ഷയും. ദാരിദ്ര്യത്തിന്‌ അതിന്റേതായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മനസ്സിലാക്കാതെയുള്ള സമീപനവും വിശകലനവും സ്ഥിതി വഷളാക്കുകയേയുള്ളു.

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതു-സ്വകാര്യ-പങ്കാളിത്ത മോഡല്‍ നിര്‍ദേശിക്കുന്നതാണ്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ നാം ഒരു കാര്യം ഗഹനമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ഇന്ത്യയില്‍ സ്റ്റേറ്റ്‌ എന്ന പ്രതിഭാസം ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ വന്നതോടുകൂടി ഇന്നിപ്പോള്‍ സ്റ്റേറ്റ്‌ എന്ന ശക്തി/പ്രതിഭാസം തദ്ദേശതലത്തിലെത്തിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ ദാരിദ്ര്യനിര്‍മാര്‍ജന-സാമൂഹ്യസുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ നല്‍കികൂടാ.അവയല്ലെ ജനങ്ങളുടെ അടുത്ത്‌ നില്‍ക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയുന്നതും. അധികാര വികേന്ദ്രീകരണം ഇന്ന്‌ അട്ടിമറിയ്‌ക്കപ്പെട്ടിരിക്കുന്നു. പകരം നാമെല്ലാ ഇടപെടലുകളും സന്നദ്ധസംഘടനകളെയും ``കാര്യക്ഷമതയ്‌ക്ക്‌ പേര്‍കേട്ടവ'' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത്‌ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്‌.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 07 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതു-സ്വകാര്യ-പങ്കാളിത്ത മോഡല്‍ നിര്‍ദേശിക്കുന്നതാണ്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ നാം ഒരു കാര്യം ഗഹനമായിചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ഇന്ത്യയില്‍ സ്റ്റേറ്റ്‌ എന്ന പ്രതിഭാസം ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ വന്നതോടുകൂടി ഇന്നിപ്പോള്‍ സ്റ്റേറ്റ്‌ എന്ന ശക്തി തദ്ദേശതലത്തിലെത്തിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ ദാരിദ്ര്യനിര്‍മാര്‍ജന -സാമൂഹ്യസുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ നല്‍കിക്കൂടാ.അവയല്ലെ ജനങ്ങളുടെ അടുത്ത്‌ നില്‍ക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയുന്നതും.അധികാര വികേന്ദ്രീകരണം ഇന്ന്‌ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പകരം നാമെല്ലാ ഇടപെടലുകളുംസന്നദ്ധസംഘടനകളെയും ``കാര്യക്ഷമതയ്‌ക്ക്‌ പേര്‍കേട്ടവ'' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത്‌ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്‌.