Friday, July 29, 2011

'ആരുടേതാണ് ഈ ഭൂമി?'

ഈയിടെ ഞാന്‍ ഉദ്ഘാടകനായി പങ്കെടുത്ത ഒരു പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ ഒരു സുഹൃത്തു പറഞ്ഞ അനുഭവകഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
നാട്ടിന്‍പുറത്തെ ഒരു സ്‌കൂള്‍ കാണിച്ച മാതൃകയെക്കുറിച്ചാണ്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി അവളുടെ സ്വന്തം നിരീക്ഷണത്തില്‍ ഒരു കാര്യം കണ്ടെത്തി. പ്രതിദിനം നൂറുകണക്കിന് ഡോട്ട് പോയിന്റ് പേനകളാണ് സ്‌കൂള്‍ പറമ്പില്‍ വലിച്ചെറിയപ്പെടുന്നത്. അജൈവ മാലിന്യമായി അവ മണ്ണിനെ അതിവേഗം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡോട്ട് പോയിന്റ് പേനകള്‍ക്കുപകരം മഷിപ്പേനകളുപയോഗിച്ചാലോ?

പ്ലാസ്റ്റിക് മാലിന്യങ്ങളെ വലിയതോതില്‍ കുറയ്ക്കാം. പ്രതിവര്‍ഷം വലിയ സാമ്പത്തിക ലാഭവും ഉണ്ടാക്കാം. സ്‌കൂളിലെ ഹരിതപദ്ധതിയില്‍ ആ വിദ്യാര്‍ഥിനി അവതരിപ്പിച്ച ഈ ആശയം വിദ്യാലയത്തെ മുഴുവനായി ഒറ്റവര്‍ഷം കൊണ്ട് മഷിപ്പേനയിലേയ്ക്കു മാറുവാന്‍ പ്രേരിപ്പിച്ചു എന്നതാണ് സുഹൃത്തു പറഞ്ഞ അനുഭവം.

ചെറിയ കുട്ടികള്‍ക്ക് നമ്മുടെ മണ്ണിനെക്കുറിച്ചുള്ള ഈ ഉത്കണ്ഠയും കരുതലും പോലും മുതിര്‍ന്നവരെന്ന് ഭാവിക്കുന്ന നമുക്കില്ലാതെ പോവുന്നതിനെക്കുറിച്ചാണ് ഞാനപ്പോള്‍ വിഷാദിച്ചുപോയത്.

ആധുനിക മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ന് മണ്ണിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. അളവില്ലാത്ത വിധത്തിലുള്ള രാസമാലിന്യങ്ങളും ഖരമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും നിമിഷം പ്രതി നാം അധിവസിക്കുന്ന ഈ കൊച്ചുഭൂമിയില്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജലബ്ധിക്കുവേണ്ടി നാം ഒരു കഷണം കല്‍ക്കരിയോ ഒരു ഗ്യാലന്‍ പെട്രോളോ ഒരു ഘനയടി വാതക ഇന്ധനമോ കത്തിക്കുമ്പോള്‍ പോലും അന്തരീക്ഷത്തിലെ പ്രാണവായുവില്‍ അളവില്‍ക്കവിഞ്ഞ അംഗാരാമ്ലവാതകം (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്) കലരുന്നു എന്നതാണ് കണക്ക്. അപ്പോള്‍പ്പിന്നെ ഉത്തരാധുനിക കാലത്തെ കണക്കാക്കാനാവാത്ത ഊര്‍ജ്ജോല്‍പ്പാദന പ്രക്രിയകള്‍ എത്രമാത്രം കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പ്രാണവായുവില്‍ കലര്‍ത്തുന്നുണ്ടാവും!

ഇത്തരത്തില്‍ പുറം തള്ളപ്പെടുന്ന അംഗാരാമ്ലവാതകങ്ങളാണ് അന്തരീക്ഷത്തിലെ ചൂടുവര്‍ധിപ്പിച്ച് ആഗോളതാപനം വര്‍ധിപ്പിക്കുന്നത്. ഭൂമിയുടെ താപം വര്‍ധിക്കുന്നതിന്റെ ഫലമായി ഹിമാനികള്‍ പോലും ഉരുകുകയും സമുദ്രനിരപ്പുകള്‍ ഉയരുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നു. ഭൂമിയില്‍ അപ്രതീക്ഷിതമായ ആഘാതങ്ങള്‍ക്ക് അതു വഴിവെയ്ക്കും. സുനാമികളും കൊടുങ്കാറ്റുകളും മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആഗോളതാപനം മൂലമുണ്ടാവുന്ന മാരക രോഗങ്ങള്‍ മൂലം കോടിക്കണക്കിനാളുകള്‍ക്ക് ജീവഹാനി വരുത്തുന്ന മഹാവിപത്തുക്കളുമുണ്ടാവും എന്ന് പുതിയ ശാസ്ത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പെരുകിവരുന്ന വ്യവസായശാലകള്‍ പുറംതള്ളുന്ന ജീര്‍ണിക്കാത്ത മാലിന്യങ്ങളുടെ അളവ് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. അതിനും പുറമെയാണ് 'ഇ' വേസ്റ്റുകള്‍. അത് ഭൂമിയുടെ ഫലപുഷ്ടിയെ നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു സഹായകമായിട്ടുള്ള അന്തരീക്ഷത്തെ പാടെ ഇല്ലായ്മ ചെയ്യുക കൂടിയാണ്. ഒരു വശത്ത് അന്തരീക്ഷത്തിലുള്ള ഭൂമിയുടെ രക്ഷാകവചം ഇല്ലാതാവുകയും മറുവശത്ത് മണ്ണാവുന്ന ഭൂമിയുടെ ശരീരം വിഷമയമായിത്തീരുകയുമാണ്. മാരകമായ റേഡിയേഷന്‍ അന്തരീക്ഷത്തെ ഇഞ്ചിഞ്ചായി വാസയോഗ്യമല്ലാതാക്കുന്നുണ്ട്. ആരുടേതാണ് ഈ ഭൂമി?

അനന്ത സഹസ്രാബ്ദങ്ങളില്‍ കോടാനുകോടി ജീവാംശങ്ങള്‍ ജീവിച്ചുപോന്ന മണ്ണിന്റെ ജൈവത്തുടര്‍ച്ച, മനുഷ്യന്റെ ദുരമൂലം ഒരൊറ്റ നൂറ്റാണ്ടുകൊണ്ട് ഇല്ലാതായാലോ?
ഭൂമിയുടെ അവകാശി മനുഷ്യന്‍ മാത്രമല്ല. അനന്തകോടി സസ്യ-ജീവ ജാലങ്ങള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. മനുഷ്യന്റെ അജ്ഞതയും അഹങ്കാരവും അവസാനിക്കാത്ത ആര്‍ത്തിയും മൂലം ഭൂമി നശിക്കാനിടവരുന്ന സാഹചര്യം ഏതുവിധത്തിലും തടയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ജന്തുലോകമൊന്നാകെ മനുഷ്യനു നേരെ തിരിഞ്ഞു നില്‍ക്കുന്ന ഒരവസ്ഥയുണ്ടാവും.

മഹാത്മജി ഒരിക്കല്‍ പറഞ്ഞു:

''ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാന്‍ പ്രകൃതിക്കു കഴിയും. പക്ഷേ ഒരൊറ്റ മനുഷ്യന്റെ ആര്‍ത്തിപോലും നിറവേറ്റുവാന്‍ ഭൂമിക്കു കഴിയുകയില്ല''.
ക്രാന്തദര്‍ശിയായ ഒരു കുട്ടിയെക്കുറിച്ചുള്ള കഥ ഈ വിധത്തില്‍ എന്റെ മനസ്സില്‍ കുറേ വിഹ്വലതകളും ഒരുപാട് ഉല്‍ക്കണ്ഠകളും സൃഷ്ടിച്ചു. ചെറിയ ഒരു പ്രത്യാശയും.
'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍'' എന്ന് വൈലോപ്പിള്ളി പാടിയതെത്രശരി!

നാം കുട്ടികളില്‍ നിന്നുപലതും പഠിക്കേണ്ടിയിരിക്കുന്നു.

സാമ്രാജ്യ വികസനത്തിന്റെ രണ്ടാംഘട്ടത്തില്‍ സിയാറ്റിലെ ആദിവാസി മൂപ്പനോട് ഭൂമി വില്‍ക്കുവാനാവശ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന് നിരക്ഷരനായ സിയാറ്റില്‍ മൂപ്പന്‍ എഴുതിയ പ്രശസ്തമായ കത്തുണ്ടല്ലോ. അതില്‍ അദ്ദേഹം കുട്ടികളെയാണ് പ്രകൃതി സാക്ഷരതയ്ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്.

''ഞങ്ങളുടെ കുട്ടികള്‍ക്ക് ഈ ഭൂമിയിലെ ചെടികളും മരങ്ങളും പുഴകളും അരുവികളും പക്ഷിമൃഗാദികളും സഹോദരരാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക്, ഭൂമി തന്നാല്‍, അതുപോലെ ഈ ഭൂമിയെ കണക്കാക്കാന്‍ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം''.

'ആകാശവും ഭൂമിയും വില്‍ക്കാന്‍ ഞാനാരാണ്?' എന്നുകൂടി നിരക്ഷരനായ ആ ഗോത്രത്തലവന്‍ ചോദിക്കുന്നുണ്ട്.

ആധുനിക മനുഷ്യന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഭൂമിയെ അമ്മയെന്നു വണങ്ങിപ്പോന്ന ഒരു സംസ്‌കൃതി പഴങ്കഥയാവുകയാണ്. അറിയാതെ ജനനിയെപ്പരിണയിച്ച യവന തരുണന്‍ പക്ഷേ പുതിയ കഥകളില്‍ പുനര്‍ജ്ജനിക്കുകയുമാണ്.

അവിടെ ഭൂമിയെ സ്‌നേഹിക്കുന്ന പുതിയ കുട്ടികള്‍ ഉണ്ടാവുന്നു എന്ന വാര്‍ത്ത എത്ര അപൂര്‍വമായാലും ഒരു വലിയ പ്രത്യാശയും വെളിച്ചവുമാവുന്നു.

*
ആലങ്കോട് ലീലാകൃഷ്ണന്‍ ജനയുഗം 29 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈയിടെ ഞാന്‍ ഉദ്ഘാടകനായി പങ്കെടുത്ത ഒരു പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ ഒരു സുഹൃത്തു പറഞ്ഞ അനുഭവകഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
നാട്ടിന്‍പുറത്തെ ഒരു സ്‌കൂള്‍ കാണിച്ച മാതൃകയെക്കുറിച്ചാണ്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി അവളുടെ സ്വന്തം നിരീക്ഷണത്തില്‍ ഒരു കാര്യം കണ്ടെത്തി. പ്രതിദിനം നൂറുകണക്കിന് ഡോട്ട് പോയിന്റ് പേനകളാണ് സ്‌കൂള്‍ പറമ്പില്‍ വലിച്ചെറിയപ്പെടുന്നത്. അജൈവ മാലിന്യമായി അവ മണ്ണിനെ അതിവേഗം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡോട്ട് പോയിന്റ് പേനകള്‍ക്കുപകരം മഷിപ്പേനകളുപയോഗിച്ചാലോ?

പ്ലാസ്റ്റിക് മാലിന്യങ്ങളെ വലിയതോതില്‍ കുറയ്ക്കാം. പ്രതിവര്‍ഷം വലിയ സാമ്പത്തിക ലാഭവും ഉണ്ടാക്കാം. സ്‌കൂളിലെ ഹരിതപദ്ധതിയില്‍ ആ വിദ്യാര്‍ഥിനി അവതരിപ്പിച്ച ഈ ആശയം വിദ്യാലയത്തെ മുഴുവനായി ഒറ്റവര്‍ഷം കൊണ്ട് മഷിപ്പേനയിലേയ്ക്കു മാറുവാന്‍ പ്രേരിപ്പിച്ചു എന്നതാണ് സുഹൃത്തു പറഞ്ഞ അനുഭവം.