Wednesday, July 27, 2011

ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍

സിപിഐ എമ്മിന്റെ വെബ്സൈറ്റില്‍ ബംഗാളിലെ രക്തസാക്ഷികള്‍ എന്ന ചെറിയ തലക്കെട്ടുണ്ട്. അതില്‍ മൗസ് അമര്‍ത്തിയാല്‍ പടിഞ്ഞാറന്‍ ബംഗാളിലെ ഇന്നത്തെ അവസ്ഥയുടെ ചെറിയ ചിത്രം കിട്ടും. ഇടതുപക്ഷഭരണം അവസാനിപ്പിച്ച് തൃണമൂല്‍ വിജയമുറപ്പിച്ച മെയ് 13 നുശേഷം ജൂലൈ അഞ്ചു വരെ 24 ഇടതുപക്ഷ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തൃണമൂലിന്റെ ഒഴുക്കിലും പിടിച്ചുനിന്ന നിയമസഭാമണ്ഡലങ്ങളില്‍ ഒന്നായ ഗാര്‍ബാറ്റയില്‍ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏരിയാകമ്മിറ്റി അംഗം ജിതന്‍ നന്ദിയെ പാര്‍ടി ഓഫീസില്‍നിന്ന് പിടിച്ചിറക്കിയാണ് വെട്ടിനുറുക്കിയത്. അധ്യാപകനായിരുന്ന അദ്ദേഹം പൊതുവെ സമൂഹത്തില്‍ സ്വീകാര്യനായിരുന്നു. നന്ദി കൊല്ലപ്പെട്ട അതേ മെയ് 13നുതന്നെയാണ് മധ്യവയസ്കയായ പൂമിന ഗോരൈയെയും തൃണമൂല്‍ സംഘം കൊലപ്പെടുത്തിയത്.

മുര്‍ഷിദാബാദില്‍ ഇരുപതുകാരി ദീപറാനിഖഡലിനെയും ഈ സംഘം കൊലപ്പെടുത്തി. ഓരോ സംഭവങ്ങത്തിന്റെയും വിവരങ്ങള്‍ വായിക്കുന്നതിനിടയില്‍ കണ്ണുകള്‍ മഹബൂല്‍ ഷെയ്ഖിന്റെയും മകന്റെയും ദാരുണ കൊലപാതകവാര്‍ത്തയില്‍ തടഞ്ഞുനിന്നു. മുംബൈയിലാണ് മകന്‍ മുഷറാഫ് ഷെയ്ഖിനു ജോലി. അവിടെ നിന്ന് വീട്ടിലെത്തിയതാണ്. തെരഞ്ഞെടുപ്പ് സമയത്ത് മഹബൂല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ പ്രതികാരം തീര്‍ക്കാനാണ് തൃണമുല്‍ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. പുറത്തിരുന്ന മഹബൂലിനെ വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദിച്ചു. ഇതു കണ്ട് മുഷറാഫ് ബാപ്പയെ രക്ഷിക്കാന്‍ ഓടിയെത്തി. ആയുധങ്ങളേന്തിയ സംഘം അയാളെ കെട്ടിയിട്ട് മര്‍ദിച്ചു. അതിനുശേഷം വീടിനു തീ കൊടുത്തു. ആളിക്കത്തുന്ന വീട്ടിലേക്ക് പച്ചയോടെ മുഷറാഫിനെ വലിച്ചെറിഞ്ഞു. മരണത്തിന്റെ നിലവിളിയെ ചുറ്റം കൂടിനിന്ന തൃണമൂല്‍ ഗുണ്ടാസംഘം അട്ടഹാസത്തില്‍ മുക്കിക്കളഞ്ഞു. വന്ദ്യവയോധികനായ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ഷെയ്ഖ് ഇസ്രേല്‍ , ഗട്ടാനില്‍ ജില്ലാ അധികാരികള്‍ വിളിച്ച സമാധാനയോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ തെരുവിലിട്ടാണ് ഈ സംഘം ആക്രമിച്ചത്. ക്യാന്‍സര്‍ ബാധിതന്‍കൂടിയായ അദ്ദേഹം മരണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തൃണമൂല്‍ വിജയിച്ചിടത്തെല്ലാം മറ്റുള്ളവര്‍ക്ക് ജീവിക്കണമെങ്കില്‍ നിശ്ചിത പണം അവര്‍ക്ക് ഫീസായി നല്‍കേണ്ട സ്ഥിതിയാണുള്ളത്. പലയിടങ്ങളില്‍നിന്നും പാര്‍ടി പ്രവര്‍ത്തകര്‍ ആട്ടിയോടിക്കപ്പെടുന്നു. അവരുടെ വീടുകള്‍ തകര്‍ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നു. ആയിരക്കണക്കിനു വീടുകളാണ് ഒരു മാസത്തിനുള്ളില്‍ തകര്‍ക്കപ്പെട്ടത്. പുരുഷന്മാര്‍ ഒളിവില്‍ പോയ വീടുകളില്‍ സ്ത്രീകളെ ഇക്കൂട്ടര്‍ കൈകാര്യം ചെയ്യുന്നു. പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലും ബര്‍ദ്വാനിലും നിരവധി പേരെ മാനഭംഗപ്പെടുത്തി. നൂറുകണക്കിന് സിപിഐ എം ഓഫീസുകളാണ് തകര്‍ത്തുകളഞ്ഞത്. ഇതു തന്നെയാണ് ട്രേഡ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഓഫീസുകളുടെ സ്ഥിതിയും. പാര്‍ടി ഓഫീസുകളില്‍ ആയുധം ശേഖരിച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇല്ലാക്കഥകള്‍ സൃഷ്ടിച്ച് പോലീസിനെ ഉപയോഗിച്ച് ഓഫീസുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. ബംഗാളിലെയും രാജ്യത്തെയും മാധ്യമങ്ങളില്‍ ഇതൊന്നും വാര്‍ത്തയേയല്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പോയിരുന്നു. ഇപ്പോള്‍ മാധ്യമരംഗത്തും സാംസ്കാരിക മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില മുന്‍കാല വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകരെ കണ്ടിരുന്നു. ഇല്ലാക്കഥകള്‍ പെരുപ്പിച്ച് ഇടതുഭരണകാലത്ത് നുണപ്രചാരവേല നടത്തിയിരുന്ന മാധ്യമങ്ങളും അതിനെ പിന്തുടര്‍ന്ന് പ്രതിഷേധിച്ചിരുന്ന ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതിന്റെ തിരക്കിലാണെന്ന് അവര്‍ പറഞ്ഞു.

രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. 1972-77ലെ അര്‍ധ ഫാസിസ്റ്റ് വാഴ്ചയെ ഓര്‍മിപ്പിക്കുന്നതാണ് പല സംഭവങ്ങളും. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ച നൂറുകണക്കിനു കുടുംബങ്ങളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കുന്നു. ആ ഭൂമിയെല്ലാം തൃണമൂല്‍ സംഘം പിടിച്ചെടുക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ഇടതുപക്ഷം മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച ഒരു സംസ്ഥാനത്ത് ഇങ്ങനെയെല്ലാം നടക്കാന്‍ പാടുള്ളതാണോ? പല ചോദ്യങ്ങളും ഉയരുന്നുണ്ട്. വിപ്ലവാനന്തര റഷ്യയില്‍ വര്‍ഗസമരം ശക്തിപ്പെടുമോ ഇല്ലയോ എന്ന ചോദ്യം ഉന്നയിച്ച ലെനിന്‍ അതിനു മറുപടി പറയുകയുണ്ടായി. അധികാരം നഷ്ടപ്പെട്ട ബൂര്‍ഷ്വാസി നൂറുമടങ്ങ് കരുത്തോടെ തിരിച്ചടിക്കാന്‍ ശ്രമിക്കുമെന്നും അതുകൊണ്ട് വര്‍ഗസമരം സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ ഘട്ടത്തില്‍ കൂടുതല്‍ ശക്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നൂറ്റാണ്ടുകളിലെ ആധിപത്യത്തിന്റെ ഭാഗമായി ഭരണകൂട ഉപകരണങ്ങളിലും പൊതുബോധത്തിലും ഭരണവര്‍ഗത്തിനുള്ള സ്വാധീനത്തെ കുറച്ചു കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബംഗാളില്‍ അങ്ങനെ വിപ്ലവവമൊന്നും നടന്നില്ല. തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അധികാരത്തില്‍ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന്റെ ഭാഗം തന്നെയായിരുന്നു ബംഗാളും. ഭരണകൂടം ഇന്ത്യന്‍ സവിശേഷതകളില്‍ മുതലാളിത്തം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതു തന്നെയാണ്. സംസ്ഥാനത്തെ ബ്യൂറോക്രസിയും പൊലീസുമെല്ലാം അതിന്റെ ഭാഗംതന്നെ.

ഭൂപരിഷ്കരണത്തിലൂടെ ഭൂമി നഷ്ടപ്പെട്ട ജന്മിമാര്‍ അരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മിക്ക തെരഞ്ഞെടുപ്പുകളിലും എതിരാളികള്‍ ഒത്തുചേര്‍ന്നാല്‍ ഭൂരിപക്ഷമാകുമായിരുന്നുവെന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം കൂട്ടി വായിക്കണം. ഭരണപരവും രാഷ്ട്രീയപരവുമായ ചില പാളിച്ചകളെ സമര്‍ഥമായി ഉപയോഗിച്ച് വലതുപക്ഷശക്തികളും ഇടതുപക്ഷ തീവ്രശക്തികളും മാധ്യമങ്ങളും നടത്തിയ പ്രവര്‍ത്തനം വഴി ശക്തിപ്പെടുത്തിയ ഇടതുപക്ഷ വിരുദ്ധപൊതുബോധവും പ്രസക്തം. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് വിവിധതരത്തിലുള്ള ലക്ഷ്യങ്ങളുണ്ട്. അധികാരം നഷ്ടപ്പെട്ടെങ്കിലും ഇടതുപക്ഷത്തിനു അവിടെ 44 ശതമാനം വോട്ടു ലഭിച്ചിരുന്നു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന യുപിഎ സഖ്യത്തിനും പല സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഉള്ളതിനേക്കാളും വലിയ പിന്തുണയാണിത്. ഈ ജനപിന്തുണ വരുംകാല പ്രതിഷേധങ്ങളില്‍ പ്രതിഫലിക്കരുതെന്ന് വലതുപക്ഷശക്തികള്‍ ആഗ്രഹിക്കുന്നു. അവര്‍ ശ്രമിക്കുന്നത് ബംഗാളില്‍ നടപ്പിലാക്കിയ ജനപക്ഷ നടപടികള്‍ തകര്‍ക്കാനാണ്. മമതയുടെ ധനമന്ത്രി മുതലാളിമാരുടെ സംഘടനയായ ഫിക്കിയുടെ മുന്‍പ്രസിഡന്‍റാണ്. നവ ലിബറല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കാനാണ് ഇവരുടെ ശ്രമം. അതിനെതിരായി ഉയര്‍ന്നുവരാനുള്ള പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്താനും നിശബ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബംഗാളില്‍ ഇടതുപക്ഷത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയാല്‍ ദേശീയമായി തങ്ങള്‍ക്ക് കുറെക്കൂടി സൗകര്യമുണ്ടാകുമെന്ന് കോണ്‍ഗ്രസും കരുതുന്നു. അതുതന്നെയാണ് ആഗോള മൂലധനത്തിന്റെ താല്‍പര്യവും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് ബംഗാളിലെ ഇടതുപക്ഷത്തോട് ഐക്യപ്പെടേണ്ടത് ജനാധിപത്യസംരക്ഷണ സമരത്തിന്റെ കൂടി ഭാഗമാണ്.

*
പി രാജീവ് ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എമ്മിന്റെ വെബ്സൈറ്റില്‍ ബംഗാളിലെ രക്തസാക്ഷികള്‍ എന്ന ചെറിയ തലക്കെട്ടുണ്ട്. അതില്‍ മൗസ് അമര്‍ത്തിയാല്‍ പടിഞ്ഞാറന്‍ ബംഗാളിലെ ഇന്നത്തെ അവസ്ഥയുടെ ചെറിയ ചിത്രം കിട്ടും. ഇടതുപക്ഷഭരണം അവസാനിപ്പിച്ച് തൃണമൂല്‍ വിജയമുറപ്പിച്ച മെയ് 13 നുശേഷം ജൂലൈ അഞ്ചു വരെ 24 ഇടതുപക്ഷ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തൃണമൂലിന്റെ ഒഴുക്കിലും പിടിച്ചുനിന്ന നിയമസഭാമണ്ഡലങ്ങളില്‍ ഒന്നായ ഗാര്‍ബാറ്റയില്‍ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏരിയാകമ്മിറ്റി അംഗം ജിതന്‍ നന്ദിയെ പാര്‍ടി ഓഫീസില്‍നിന്ന് പിടിച്ചിറക്കിയാണ് വെട്ടിനുറുക്കിയത്. അധ്യാപകനായിരുന്ന അദ്ദേഹം പൊതുവെ സമൂഹത്തില്‍ സ്വീകാര്യനായിരുന്നു. നന്ദി കൊല്ലപ്പെട്ട അതേ മെയ് 13നുതന്നെയാണ് മധ്യവയസ്കയായ പൂമിന ഗോരൈയെയും തൃണമൂല്‍ സംഘം കൊലപ്പെടുത്തിയത്.

guru said...

വാളെടുക്കുന്നവര്‍ വാളാല്‍ എന്ന ചൊല്ലുണ്ടാക്കിയത് ചരിത്രമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കം.കൊടുത്താല്‍ കൊല്ലത്തും കിട്ടും.