Wednesday, July 27, 2011

പച്ചക്കള്ളം പാഠപുസ്തകമാക്കിയാല്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് എഴുതിയ ഒരു ലേഖനത്തിന്റെ ചെറിയ ഭാഗം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐസിഎസ്ഇ പാഠ്യപദ്ധതിയില്‍ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ആറാം പാഠത്തില്‍ ചേര്‍ത്തിട്ടുണ്ട്. "മുരിക്കന്‍" എന്നാണ് പാഠത്തിന്റെ പേര്. അതിന്റെ ഉള്ളടക്കം ഇതാണ്. "ഔത എന്ന പേരിലറിയപ്പെട്ടിരുന്ന ജോസഫ് മുരിക്കന്‍ എന്ന സുറിയാനി ക്രിസ്ത്യാനി കര്‍ഷകന്‍ കുട്ടനാട്ടില്‍ 900, 652, 600 എന്നീ ക്രമത്തില്‍ വിസ്തീര്‍ണമുള്ള മൂന്ന് പാഠശേഖരങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കി നെല്ല് വിളയിച്ചു. പക്ഷേ ഇ എം എസ് സര്‍ക്കാര്‍ ആ ഭൂമി മുരിക്കനില്‍നിന്ന് പിടിച്ചെടുത്ത് പാര്‍ടി അംഗങ്ങള്‍ക്ക് വീതിച്ചുകൊടുത്തു. ഭൂപരിഷ്കാരത്തിന്റെ പേരിലാണ് അത് ചെയ്തത്. കൃഷിയറിയാത്ത പാര്‍ടി അംഗങ്ങള്‍ അവിടം കൃഷിചെയ്തില്ല. ദരിദ്രനായിപ്പോയ മുരിക്കന്‍ ഹൃദയംപൊട്ടി മരിച്ചു. പ്രായോഗികബുദ്ധിയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ നാടിന് ദോഷംചെയ്തു."

ഇത് പച്ചക്കള്ളമാണെന്ന് കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ചരിത്രമറിയുന്ന ആര്‍ക്കുമറിയാം. ഈ പച്ചക്കള്ളം പാഠപുസ്തകമാക്കിയവര്‍ ആരായിരുന്നാലും വൃത്താന്തപത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായിരുന്ന സ്വദേശാഭിമാനിയുടെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍ , അവരെ "പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചികൊണ്ടടിക്കണം." മുതിര്‍ന്നവര്‍ക്ക് പച്ചക്കള്ളമെന്ന് അറിയാവുന്ന കാര്യം കുട്ടികള്‍ പഠിക്കുന്നത് സത്യമെന്ന വിശ്വാസത്തിലാണ്. അവര്‍ ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റുകാര്‍ പരമദുഷ്ടന്മാരാണെന്ന വിശ്വാസത്തിലായിരിക്കും പെരുമാറുന്നത്. കേരളത്തിന്റെയും ഭാരതത്തിന്റെയും പൊതുജീവിതത്തില്‍ ജനപ്രതിനിധികളായും ഭരണകര്‍ത്താക്കളായും പ്രവര്‍ത്തിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ . അവരെ പച്ചക്കള്ളം പഠിപ്പിക്കാമോ?

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ എന്തു നടക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. എന്താണ് നടക്കുന്നതെന്നതിന്റെ തെളിവാണ് "മുരിക്കന്‍". മേല്‍പ്പറഞ്ഞതരം വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വെമ്പല്‍ക്കൊള്ളുന്നതിന്റെ രഹസ്യം ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. അവിടേക്ക് കുട്ടികളെ അയക്കാന്‍ തിടുക്കംകൂട്ടുന്ന രക്ഷിതാക്കളുടെ മനോഭാവവും വ്യക്തമാകുന്നുണ്ട്.

"മുരിക്കന്‍" വായിച്ചാല്‍ മനസിലാകാത്ത ചില കാര്യങ്ങളുണ്ട്. പഴയ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന കുട്ടനാട്ടിലെ കായല്‍നിലം മുരിക്കന് ലഭിച്ചതെങ്ങനെ? അയാള്‍ സര്‍ക്കാരില്‍നിന്ന് വിലയ്ക്കു വാങ്ങിയതാണോ? അതോ നെല്‍കൃഷിയെ പ്രോത്സാഹിപ്പിച്ച് പട്ടിണി അകറ്റുന്നതിനു വേണ്ടി പാട്ടത്തിന് നല്‍കിയതോ? സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുക്കുകയും പിന്നീട് പട്ടയം സമ്പാദിച്ച് സ്വന്തമാക്കുകയുംചെയ്തതാണ് എന്നതാണ് സത്യം. അത് ടി ജെ എസ് ജോര്‍ജ് പറയുന്നില്ല.

1957ല്‍ അധികാരത്തിലെത്തിയ ഇ എം എസ് സര്‍ക്കാരല്ല മുരിക്കന്റെ ഭൂമി മിച്ചഭൂമിയാക്കിയത്. പാട്ടക്കുടിയാന്മാരെ ജന്മിമാരുടെ ഒഴിപ്പിക്കലില്‍നിന്ന് രക്ഷിക്കുകയും അവര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നതുമായ നിയമം നടപ്പാക്കുകയാണ് ഇ എം എസ് സര്‍ക്കാര്‍ ചെയ്തത്. മുരിക്കന്‍ പാട്ടക്കുടിയാനായിരുന്നില്ല. അയാള്‍ പട്ടയമുടമസ്ഥനായിരുന്നു. 1967ല്‍ അധികാരത്തില്‍ വന്ന രണ്ടാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമപ്രകാരമാണ് കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി കുടികിടപ്പുകാരന് വീതിച്ചുകൊടുക്കുകയും ചെയ്തത്. 900 ഏക്കറുള്ള ചിത്തിരക്കായലും 652 ഏക്കറുള്ള മാര്‍ത്താണ്ഡന്‍ കായലും 600 ഏക്കറുള്ള റാഞ്ചിക്കായലും (ആകെ 2152 ഏക്കര്‍) മുരിക്കനും കുടുംബത്തിനും കൈവശം വയ്ക്കാന്‍ കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്കരണ നിയമപ്രകാരം സാധ്യമല്ല. ആ നിയമം പാസാക്കിയ നിയമസഭയില്‍ അനുകൂലമായി വോട്ടുചെയ്തവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗുകാരും കേരള കോണ്‍ഗ്രസുകാരും ആര്‍എസ്പിക്കാരും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. നിയമം നിലവില്‍ വന്ന 1972ല്‍ മുഖ്യമന്ത്രിയായിരുന്നത് സി അച്യുതമേനോനായിരുന്നുവെങ്കിലും ഭരണം നിയന്ത്രിച്ചിരുന്നത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. ആ സര്‍ക്കാരിനെക്കൊണ്ട് നിയമനിര്‍മാണം നടത്തിക്കാന്‍ എ കെ ജിയുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം ചെയ്യേണ്ടിവന്നു.

"ചിത്തിരക്കായലില്‍ ചിറകറ്റുവീഴുന്ന
പട്ടിണിപ്പാവങ്ങള്‍ ഞങ്ങള്‍",
"മാര്‍ത്താണ്ഡന്‍ കായലിന്‍ കൈതവരമ്പത്തു
നാട്ടിയ കൊടി ഞങ്ങള്‍ മാറ്റുകയില്ലൊരുനാളും"

എന്നുമൊക്കെ തൊണ്ടപൊട്ടിപ്പാടിയ കര്‍ഷകത്തൊഴിലാളികള്‍ നിഷ്ഠുരമായ പൊലീസ് മര്‍ദനം സഹിച്ചിട്ടാണ് ഒരു തുണ്ട് ഭൂമിയില്‍ അവകാശം നേടിയെടുത്തത്.

ഹനുമാന്‍ മരുത്വാമല പൊക്കിയെടുത്ത കഥ പോലെ ഔത മുരിക്കന്‍ വെള്ളത്തില്‍ കിടന്ന കായല്‍നിലത്തെ ഒറ്റയ്ക്ക് പൊക്കിയെടുക്കുകയായിരുന്നില്ല. 2152 ഏക്കര്‍ കായല്‍നിലം ചക്രം ചവിട്ടി വെള്ളം മാറ്റി കൃഷിചെയ്യാന്‍ പതിനായിരക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ ആവശ്യമായിരുന്നു. അവരുടെ സേവനത്തെ അവഗണിച്ച് മുരിക്കന്‍ എന്ന ഒറ്റയാന്‍ നേടിയെടുത്തതിനെ കമ്യൂണിസ്റ്റുകാര്‍ തകര്‍ത്തുകളഞ്ഞെന്നു പറയുന്നത് ചരിത്രനിഷേധമാണ്. ആ കര്‍ഷകത്തൊഴിലാളികളുടെ പിന്മുറക്കാര്‍ ഇന്നും കുട്ടനാട്ടില്‍ ജീവിച്ചിരിപ്പുണ്ട്. അവരുടെ അനുഭവങ്ങളെയും ഓര്‍മകളെയും അവഹേളിക്കുന്നതാണ് ഈ പാഠപുസ്തകം.

പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയില്‍ നടന്ന ആഭ്യന്തര കലാപത്തെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചതിനെതിരെ ചെറുന്യൂനപക്ഷത്തിന്റെ പ്രേരണയാല്‍ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തെ നിരോധിച്ചു. പുറത്തുനിന്നുള്ളവര്‍ നിയന്ത്രിക്കുന്ന യുഡിഎഫ് ഭരണത്തില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. എന്നാല്‍ , പച്ചക്കള്ളം പാഠപുസ്തകത്തില്‍ ചേര്‍ക്കുന്ന അക്കാദമിക് സമിതികളും (എന്‍സിഇആര്‍ടി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവ) ഇത് പച്ചക്കള്ളമാണെന്ന് അറിഞ്ഞുതന്നെ പഠിപ്പിക്കുന്ന അധ്യാപകരും മക്കള്‍ പഠിക്കുന്നത് പച്ചക്കള്ളമാണെന്ന് തിരിച്ചറിയുന്ന/തിരിച്ചറിയാത്ത രക്ഷിതാക്കളും കൂടി ഭാവിതലമുറയെ വഴിതെറ്റിക്കുകയാണെന്ന സത്യം തിരിച്ചറിയുന്ന കേരളസമൂഹം പ്രതികരിച്ചേ മതിയാകൂ. ചമല്‍ക്കാര ചാതുരിയോടെ കള്ളം സത്യമാണെന്ന തോന്നലുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന വലതുപക്ഷ മാധ്യമപ്രവര്‍ത്തകന്റെ സത്യസന്ധതയും ധാര്‍മികതയും ചോദ്യംചെയ്യപ്പെടണം.


*****

പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട്:ദേശാഭിമാനി

1 comment:

satyan said...

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാലോചിക്കുന്നവര്‍ക്ക് ഒരു പ്രചരണോപാധിയായി ടി.ജെ.എസ് ജോര്‍ജിന്റെ ഉപയോഗിക്കാം.ഇത് പാഠ പുസ്തകത്തില്‍ ചേര്‍ത്തതു തന്നെ ഈ ഉദ്ദേശം മനസ്സില്‍ വെച്ചുകൊണ്ടാണെന്നത് വ്യക്തം .ഇപ്പോള്‍ ശ്രീ.കെ.എം.മാണി കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കന്‍ വാദിക്കുന്നതും .സെസ്സിന്റെ പേരില്‍ ഭൂനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതും എല്ലാം തന്നെ സാമൂഹ്യ സമ്പത്ത് കൈയ്യേറാനുള്ള മൂലധന ശക്തികളുടെ വ്യഗ്രതയെയാണു കാണിക്കുന്നത് .
കായല്‍ നിലങ്ങള്‍ സ്വാഭാവികമായും മുരിക്കന്റെ കുത്തകയാണെന്നു മാത്രമല്ല അത് അങ്ങനെ തന്നെ ആയിരിക്കണം എന്നും സ്ഥാപിക്കാനുള്ള വളരെ ലളിതമായ യുക്തിയുടെ കൗശലം മാതെമാണ് ടി.ജെ.എസ് ജോര്‍ജിന്റെ ലേഖനം.