Thursday, July 28, 2011

മര്‍ഡോക്ക് സാമ്രാജ്യത്തിന്റെ പ്രതിസന്ധിയും ഇന്ത്യന്‍ മാധ്യമങ്ങളും

റുപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടനിലെ മാധ്യമ സ്ഥാപനങ്ങളിലൊന്നില്‍ തുടങ്ങിയ പരിമിതമെന്നു തോന്നിയ പ്രതിസന്ധി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമസാമ്രാജ്യത്തെ പിടിച്ചുലച്ച കൊടുങ്കാറ്റായി വളര്‍ന്നിരിക്കുകയാണ്. ഇതിനകം പത്തു അറസ്റ്റുകള്‍ നടന്നു. ന്യൂസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റബേക്കാ ബ്രൂക്‌സ്, ഡൗജോന്‍സിന്റെ മേധാവി ലെസ് ഹില്‍ട്ടണ്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. വാള്‍സ്ട്രീറ്റ് ജേണലിന്റെ നടത്തിപ്പ് ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയായ ഡൗജോന്‍സിനാണ്. ലണ്ടന്‍ പൊലീസ് കമ്മിഷണര്‍ രാജിവെച്ചതും മര്‍ഡോക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ്.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പറേഷനാണ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. ന്യൂസ് ഓഫ് ദ വേള്‍ഡാണ് ന്യൂസ് കോര്‍പ്പറേഷന്റെ മറ്റൊരു പ്രധാന പ്രസിദ്ധീകരണം. വാര്‍ത്തകള്‍ കിട്ടാന്‍ പൊലീസിന് കൈക്കൂലി കൊടുത്തതും നിരവധി ആളുകളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ന്യൂസ് ഓഫ് ദ വേള്‍ഡിനെതിരെ ഉയര്‍ന്നത്.

പ്രശസ്തരുടെ മാത്രമല്ല, യുദ്ധത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളുടെവരെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതും വ്യക്തികളുടെ ദുരന്തങ്ങളെ വാണിജ്യക്കണ്ണോടുകൂടിയ വാര്‍ത്തകളാക്കി മാറ്റുന്നതും ബ്രിട്ടനിലെ ജനങ്ങളെ രോഷാകുലരാക്കി.

ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനു നേതൃത്വം നല്‍കിയ ആന്‍ഡെ കൗള്‍സനെയാണ് പ്രധാനമന്ത്രി കാമറോണ്‍ തന്റെ വാര്‍ത്താ വിനിമയ തലവനാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അദ്ദേഹവും ഉള്‍പ്പെടും. പത്രത്തിന്റെ ഒരു മുന്‍ ഡപ്യൂട്ടി എഡിറ്ററായ നില്‍ വാലിസിനെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പൊലീസിന്റെ പബ്ലിക് റിലേഷന്‍സ് ഉപദേശകനായി നിയമിച്ചിരുന്നു.

ഇപ്പോള്‍ അദ്ദേഹവും അറസ്റ്റു ചെയ്യപ്പെട്ടു. നീല്‍ വാലിസിനെ നിയമിച്ചതിന്റെ പേരിലാണ് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പൊലീസ് മേധാവി പോള്‍ സ്റ്റീഫന്‍സണ്‍ രാജിവെച്ചത്. കൗള്‍സനെ നിയമിച്ച പ്രധാനമന്ത്രി കാമറോണ്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാകാത്തതിനെ സ്റ്റീഫന്‍സണ്‍ വിമര്‍ശിച്ചിരുന്നു. കൗള്‍സനുമായി മാത്രമല്ല റബേക്കാ ബ്രൂക്കുമായും പ്രധാനമന്ത്രി കാമറോണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ അടുപ്പക്കാരുടെയും നില കൂടുതല്‍ പരുങ്ങലിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അടുത്ത നാളുകളില്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ഡോക്കിന്റെ സാമ്രാജ്യത്തിന്റെ ഉന്നതങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. റബേക്കാ ബ്രൂക്ക് സാധാരണക്കാരിയല്ല. മര്‍ഡോക്കിന്റെ ഏറ്റവും വിശ്വസ്തയായ സഹായിയാണ്. 2000-2003 കാലത്ത് ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്ററായിരുന്നു അവര്‍. അവരുടെ കീഴില്‍ ജോലി ചെയ്ത പത്രപ്രവര്‍ത്തകര്‍ പറയുന്നത്, എന്തു മാര്‍ഗം ഉപയോഗിച്ചും പ്രത്യേക വാര്‍ത്തകളുണ്ടാക്കാന്‍ അവര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ്. പത്രത്തിലെ സഹപ്രവര്‍ത്തകരുമായി അനാരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം അതു സൃഷ്ടിച്ചു. സ്ഥിരം കുറ്റവാളികളുമായി വാര്‍ത്തകള്‍ക്കായി ബന്ധപ്പെടാന്‍ പത്രപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി.

മര്‍ഡോക്ക് കെട്ടിപ്പൊക്കിയ ആഗോള മാധ്യമസാമ്രാജ്യത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന സംസ്‌കാരം ഇത്തരത്തിലുള്ളത്. മര്‍ഡോക്കിന്റെ സാമ്രാജ്യത്തിന്റെ വാര്‍ഷിക വിറ്റുവരവ് 3280 കോടി ഡോളറാണ് (1459960 കോടി രൂപ). മര്‍ഡോക്കലൈസേഷന്‍ പ്രക്രിയയുടെ അവിഭാജ്യ ഭാഗമാണ് ഈ സംസ്‌കാരം. ഇതിന് മൂന്നു ഘടകങ്ങളുണ്ട്. പത്രത്തിന്റെ എഡിറ്റോറിയല്‍ പ്രക്രിയ പൂര്‍ണമായും മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാക്കുകയാണ് ഇതില്‍ ഒന്ന്. പത്രാധിപസ്വാതന്ത്ര്യം പൂര്‍ണമായും നഷ്ടപ്പെടും. അഭിപ്രായപ്രകടന സ്വാതന്ത്ര്യം, പത്രാധിപസമിതിയുടെ സ്വതന്ത്ര വിലയിരുത്തല്‍ തുടങ്ങിയവകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന പക്ഷക്കാരനാണ് മര്‍ഡോക്ക്.

മര്‍ഡോക്കലൈസേഷന്റെ രണ്ടാമത്തെ ഘടകം സത്യസന്ധതയോടുള്ള കടുത്ത അവജ്ഞയാണ്. ഹിറ്റ്‌ലറുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ച ഡയറിയുടെ കാര്യം ഒരു തെളിവാണ്. ഡയറി വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മര്‍ഡോക്ക് ഇതിനു മുതിര്‍ന്നത്. ഇക്കാര്യം പലരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ ''നാം എന്റര്‍ടൈന്‍മെന്റ് ബിസിനസ്സിലല്ലെ'' എന്നായിരുന്നു മര്‍ഡോക്കിന്റെ പ്രതികരണം.

മര്‍ഡോക്കലൈസേഷന്റെ മൂന്നാമത്തെ ഘടകം കമ്പോളത്തിലെ തിരിമറികളും വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കലുമാണ്. കമ്പോളം കയ്യടക്കുന്നതിനായി പ്രസിദ്ധീകരണങ്ങളുടെ വില ഉല്‍പ്പാദന ചെലവിലും കുറച്ചു നിശ്ചയിക്കുകയായിരുന്നു ഒരടവ്. കമ്പോളവ്യവസ്ഥയിലെ മത്സര തത്വത്തിന് എതിരാണിത്. രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് ഒരു നാണവുമില്ലാതെ മര്‍ഡോക്ക് പണം നല്‍കി. വാര്‍ത്ത ലഭിക്കാന്‍ പണം നല്‍കി ആളുകളെ സ്വാധീനിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മര്‍ഡോക്ക് വാദിച്ചു.
മര്‍ഡോക്കിന്റെ മാധ്യമ നടത്തിപ്പ് ശൈലിയുടെ നല്ല തെളിവാണ് ന്യൂസ് അമേരിക്ക. പോള്‍ കര്‍ലുസിയാണ് ന്യൂസ് അമേരിക്കയുടെ മേധാവി. ചാരപണി തുടങ്ങിയ കുറ്റങ്ങള്‍ നേരിട്ട ന്യൂസ് അമേരിക്ക ഈയിടെ 65.5 കോടി ഡോളറാണ് ആരോപണങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ചെലവഴിച്ചത്.

മര്‍ഡോക്കലൈസേഷന്‍ ഇപ്പോള്‍ ലോകവ്യാപകമായ ഒരു പ്രതിഭാസമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ദിനപത്രങ്ങളെയും മാസികകളെയും ടി വി ചാനലുകളെയും ഇത് നല്ലതോതില്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല പ്രധാന മാധ്യമഗ്രൂപ്പുകളും മര്‍ഡോക്കിന്റെ മാതൃകയാണ് പ്രവര്‍ത്തനത്തില്‍ പകര്‍ത്തുന്നത്. പത്രാധിപസമിതിയുടെയും ബിസിനസ് വിഭാഗത്തിന്റെയും കടമകള്‍ തമ്മിലുള്ള അന്തരം അവ ഇല്ലാതാക്കുന്നു. പത്രത്തിന്റെ ഉള്ളടക്കം അപ്രസക്തമായ കാര്യങ്ങള്‍കൊണ്ട് നിറക്കുന്നു. സമൂഹത്തെയും ലോകത്തെയും മനസ്സിലാക്കാന്‍ സഹായകമായ വാര്‍ത്തകളും വീക്ഷണങ്ങളും ഒഴിവാക്കുന്നു.

വാര്‍ത്തകള്‍ ഇക്കിളിപ്പെടുത്തുന്നതാണെങ്കില്‍ അവ വില്‍ക്കാന്‍ എളുപ്പമാണ്. സാധാരണ മാര്‍ഗങ്ങളിലൂടെ വില്‍പന നടക്കുന്നില്ലെങ്കില്‍ വില വെട്ടിക്കുറച്ച് എതിരാളികളെ നിലംപരിശാക്കും. പത്തു രൂപ ഉല്‍പ്പാദനച്ചെലവു വരുന്ന പത്രം രണ്ട് രൂപക്ക് വില്‍ക്കും. പല വന്‍കിട പത്രഗ്രൂപ്പുകളും അവലംബിക്കുന്ന മാര്‍ഗമാണിത്. പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ക്ക് താല്‍പര്യമില്ല. വരിക്കാരെ ആകര്‍ഷിക്കാന്‍ വാര്‍ത്തകളല്ല മറിച്ച് പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളുമാണ് നല്‍കുന്നത്.
നമ്മുടെ മാധ്യമങ്ങളില്‍ വലിയൊരു പങ്ക് ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് അവ മുഖം തിരിച്ചുനില്‍ക്കുന്നു.

മര്‍ഡോക്കിന്റെ സാമ്രാജ്യത്തെ ഗ്രസിച്ച പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. മര്‍ഡോക്കലൈസേഷന്‍ ഒരു ഘട്ടം വരെ മാത്രമേ വിജയിക്കുകയുള്ളു. മര്‍ഡോക്കലൈസേഷന്‍ തകര്‍ക്കുക വിശ്വാസ്യതയെയാണ്. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ സത്യസന്ധത, കൃത്യത, സാമൂഹ്യപ്രതിബന്ധത തുടങ്ങിയവക്ക് പകരം വെയ്ക്കാവുന്ന ഒന്നുമില്ല.

ബ്രിട്ടനില്‍ മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്റെ തെറ്റായ ചെയ്തികള്‍ക്ക് എതിരെ ശക്തമായ പൊതുജനപ്രതിഷേധം വളര്‍ന്നുവന്നു. എന്നാല്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇടത്തരക്കാരുടെ മനസാക്ഷിയെ അത്ര കാര്യമായി സ്വീധീനിച്ചില്ല.

നിരാ റാഡിയ ടാപ്പ് ഈ അവിശുദ്ധ സഖ്യം പുറത്തുകൊണ്ടുവന്നതാണ്. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ ഏറിയ പങ്കും യാഥാസ്ഥിതികവും പിന്തിരിപ്പനുമായ സ്വഭാവം വെച്ചുപുലര്‍ത്തുന്നതാണ്. ഗൗരവമേറിയ വിശ്വാസ്യതാ പ്രതിസന്ധി ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ നേരിടുന്നുണ്ട്. സ്വയം പരിഷ്‌കരിക്കാന്‍ അവ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് അവ നീങ്ങും. അതു ജനാധിപത്യത്തിനും ഗുണകരമാവില്ല.

*
പ്രഫുല്‍ ബിദ്വായ് ജനയുഗം 27 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റുപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടനിലെ മാധ്യമ സ്ഥാപനങ്ങളിലൊന്നില്‍ തുടങ്ങിയ പരിമിതമെന്നു തോന്നിയ പ്രതിസന്ധി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമസാമ്രാജ്യത്തെ പിടിച്ചുലച്ച കൊടുങ്കാറ്റായി വളര്‍ന്നിരിക്കുകയാണ്. ഇതിനകം പത്തു അറസ്റ്റുകള്‍ നടന്നു. ന്യൂസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റബേക്കാ ബ്രൂക്‌സ്, ഡൗജോന്‍സിന്റെ മേധാവി ലെസ് ഹില്‍ട്ടണ്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. വാള്‍സ്ട്രീറ്റ് ജേണലിന്റെ നടത്തിപ്പ് ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയായ ഡൗജോന്‍സിനാണ്. ലണ്ടന്‍ പൊലീസ് കമ്മിഷണര്‍ രാജിവെച്ചതും മര്‍ഡോക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ്.