Sunday, July 10, 2011

രണ്ടു കൃഷിപാഠപരമ്പരകള്‍

കൃഷിയുടെ വിജ്ഞാനകോശമാണ് ഗാന്ധിപാര്‍ക്കിലെ കൃഷ്ണന്‍ വൈദ്യര്‍ . 85-ാം വയസ്സിന്റെ അവശതകള്‍ക്കിടയിലും ഇദ്ദേഹത്തിന്റെ മനസില്‍ നിന്നും മണ്ണും ചെടിയും ഇലകളും മാഞ്ഞ നേരമില്ല. ദിവസവും പാര്‍ക്കിലെത്തി വിവിധതൈകളെക്കുറിച്ചും വളപ്രയോഗവും കൃഷിരീതികളുമൊക്കെ വിശദീകരിക്കുന്ന കൃഷ്ണന്‍നായരുടെ നാവില്‍ ഏതു കൃഷിചോദ്യത്തിനുമുത്തരമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ടതയും ഗുണവുമെല്ലാം നശിപ്പിക്കുന്ന അമിതവളവും കീടനാശിനിയുമെല്ലാം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് കൃഷ്ണന്‍നായര്‍ സാക്ഷ്യപ്പെടുത്തുന്നു 1983ല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറായി വിരമിച്ച ശേഷമാണ് ഗാന്ധി പാര്‍ക്കില്‍ ഗാര്‍ഡന്‍ ഇന്‍ ചാര്‍ജ്ജായി ചുമതലയേല്‍ക്കുന്നത്. ഗാന്ധി പാര്‍ക്കില്‍ ഇന്നുള്ള പത്തോളം മാവുകളില്‍ ഒന്‍പതും വൈദ്യര്‍ നട്ടു വളര്‍ത്തിയതാണ്. ഉഷടൈറ്റസ് കലക്ടറായിരുന്നപ്പോള്‍ നട്ടു പിടിപ്പിച്ച മാവ് മാത്രമാണ് പാര്‍ക്കില്‍ വൈദ്യരുടേതല്ലാത്തത്. വ്യത്യസ്ത ഇനം മാവുകളായ നാസി പസന്ത്, കാലപ്പാടി, വെങ്ങനപ്പള്ളി, നീലം, അല്‍ഫോന്‍സ, പ്രിയോര്‍ എന്നിവയാണ് പെട്ടന്ന് കായ്ക്കുന്നതും കൂടുതല്‍ മാങ്ങ തരുന്നതെന്നും വൈദ്യര്‍ പറയുന്നു. ഈ മാവുകളെല്ലാം രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. ഇതില്‍ ഇലകളാല്‍ സമൃദ്ധമായ നാസി പസന്തിന്റെ ചുവടെയിരുന്നാല്‍ ഉറങ്ങിപ്പോകുന്ന തരത്തിലാണ് അവയുടെ ഘടനയെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീടുകളിലും മറ്റും അലങ്കാരത്തിന് ഇവ നട്ടു വളര്‍ത്താറുണ്ട്.

കൃഷിയെക്കുറിച്ചുള്ള സംശയങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് രാസവളങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കാറില്ല. അടുക്കള കൃഷിയ്ക്കും മറ്റും രാസവളങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. രാസവളങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ചീരയുടേയും മറ്റും ഇലകളുടെ പതിവില്‍ കവിഞ്ഞ വളര്‍ച്ച പെട്ടന്നുതന്നെ തിരിച്ചറിയാനാകും. കീടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വെളുത്തുള്ളി ചതച്ച് തളിക്കാനാണ് അദ്ദേഹം കര്‍ഷകരോട് പറയുന്നത്. ഗാന്ധിപാര്‍ക്കില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചുള്ള നടീല്‍ വസ്തുക്കളുടെ വിപണന മേളയില്‍ വൈദ്യര്‍ കണ്ടുബോധ്യപ്പെട്ട തൈകള്‍ മാത്രമേ പ്രദര്‍ശനത്തിനെത്തിക്കാറുള്ളൂ. സ്കൂളുകളിലും കുടുംബശ്രീകളിലും കൃഷിയെക്കുറിച്ച് ക്ലാസെടുക്കാറുണ്ട്. കൂടാതെ പഴയകാല ഫുട്ബോള്‍ കളിക്കാരനും കോച്ചുമൊക്കെയായിരുന്നു. വെള്ളിമാടുകുന്ന് സ്വദേശിയാണ്. മകനോടും കുടുംബത്തോടുമൊപ്പം ബേബി മെമ്മോറിയല്‍ ആശുപത്രിക്കു സമീപത്താണ് താമസിക്കുന്നത്. ഇക്കണോമിക്സില്‍ ഡിഗ്രിയും സോഷ്യല്‍ സര്‍വീസില്‍ ഡിപ്ലോമയും നേടി. പിന്നീട് മൂന്നു വര്‍ഷത്തെ അഗ്രികള്‍ച്ചറല്‍ ട്രെയിനിങ്ങും പാസായതിനു ശേഷമാണ് അഗ്രികള്‍ച്ചറല്‍ ഓഫീസറായി ജോലിയ്ക്ക് കയറിയത്. അന്നുതൊട്ടിന്നോളം ചെടികള്‍ക്കും മരങ്ങള്‍ക്കും കൂട്ടായി അവയിലെ മാറ്റങ്ങളെ നിമിഷനേരത്താല്‍ തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് വൈദ്യര്‍ .

എ എസ് സൗമ്യ

കൃഷിശാസ്ത്രജ്ഞരെ വെല്ലുന്ന കര്‍ഷകന്‍

പത്താംക്ലാസുമാത്രം വരെ പഠിച്ച ഒരാള്‍ കാര്‍ഷികശാസ്ത്രജ്ഞരെ വെല്ലുന്നകണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.ഗവേഷണഫലങ്ങള്‍ കണ്ടുപഠിക്കാന്‍ വിദ്യാര്‍ഥികള്‍ വരുന്നു.ദേശീയ സാര്‍വദേശീയതലത്തില്‍ അംഗീകാരങ്ങളെത്തുന്നു. എടവകയിലെ കമ്മന അമ്പിളി ബാലകൃഷ്ണന്‍ എന്ന കര്‍ഷകനാണിതെന്നോര്‍ക്കുക. ബാലകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത അശ്വതിയും സുവര്‍ണയും കുരുമുളക് ഉല്‍പ്പാദനരംഗത്ത് തന്നെ മുതല്‍ക്കൂട്ടായി .മഞ്ഞളില്‍ തനിതങ്ക (916), കാട്ടുചുണ്ടയില്‍ നാടന്‍വഴുതിന ചേര്‍ത്ത ഒരു കി.ഗ്രാം അധികം വരുന്ന വഴുതിനങ്ങ, പുത്തന്‍ കാപ്പിയിനം, 12 നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ എന്നിവയെല്ലാം ബാലകൃഷ്ണന്റെ നേട്ടങ്ങള്‍ . മാനന്തവാടിക്കടുത്ത കമ്മനയില്‍ മൂന്നേക്കര്‍ ഭൂമിയില്‍ കുരുമുളക് കൃഷി ചെയ്തു തുടങ്ങി.കരിങ്കോട്ട, ബാലന്‍കോട്ട, ചെറുവള്ളി, കല്ലുവള്ളി തുടങ്ങി 250 കുരുമുളകിന്‍ ചെടികള്‍ നട്ടു. ജൈവവളപ്രയോഗത്തിലൂടെ 30 സെന്റില്‍ നിന്നും അഞ്ചര കിന്റല്‍ കുരുമുളക് പറിച്ചു. അക്കാലത്ത് ഒരു കൊടിയില്‍ നിന്നും മൂന്ന് ദിവസം മുളക് പറിച്ചിട്ടുണ്ട്! ആകാശവാണി കൃഷിപാഠ പരമ്പരയിലെ പാഠഭാഗങ്ങള്‍ കേട്ട് പഠിക്കുന്ന ശീലവും തുടങ്ങി. സംശയങ്ങള്‍ ചോദിച്ചെഴുതും. കുരുമുളക് ചെടികളെ സസൂക്ഷ്മം നിരീക്ഷിച്ച് ആണ്‍ -പെണ്‍പൂക്കളെയും കേസരവും പൂമ്പൊടിയും നിരീക്ഷിച്ചറിഞ്ഞു. ഉതിരന്‍കോട്ട മാതൃവള്ളിയും ചെറുവള്ളി പിതൃവള്ളിയുമായി പരാഗണം നടത്തി അശ്വതി ഇനത്തെ ആദ്യമായി കണ്ടെത്തി. അശ്വതിക്ക് 20 സെന്റി. മീറ്റര്‍ നീളവും നല്ല കായ്പിടുത്തവുമുണ്ട്. 1992 ല്‍ വയനാട്ടില്‍ ദ്രുതവാട്ടം വന്നപ്പോള്‍ അശ്വതി പിടിച്ചുനിന്നു. ദേശീയശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധ നേടി പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം അശ്വതിയെ ഔദ്യോഗികമായി അംഗീകരിച്ചു. തുടര്‍ന്ന് അംഗീകാരങ്ങളുടെ പെരുമഴയായിരുന്നു. കാര്‍ഷിക ശാസ്ത്രജ്ഞന്‍ അവാര്‍ഡ് കൃഷി വകുപ്പ് ഡയറക്ടറില്‍നിന്നും നേടി. 2009 നവംബറില്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി പ്രതിഭാപട്ടീല്‍ പങ്കെടുത്ത ചടങ്ങില്‍ അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. 63 ഇനം ഔഷധസസ്യങ്ങള്‍ , 14ഇനം ഔഷധസസ്യങ്ങള്‍ , 14 ഇനം കുരുമുളക് വള്ളികള്‍ , നാലിനം തെങ്ങുകള്‍ , മൂന്നിനം കാപ്പികള്‍ , 11 ഇനം പഴവര്‍ഗ ചെടികള്‍ , ഏഴിനം മാവ്, അഞ്ചിനം പ്ലാവ്, 12 തരം ചെമ്പരത്തി ചെടികള്‍ എന്നിവയെല്ലാം കൃഷിയിടത്തില്‍ വിളയുന്നതിന്റെ സംതൃപ്തിയിലാണ് ഈ കര്‍ഷകന്‍ .

ഒ എന്‍ രാജപ്പന്‍

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൃഷിയുടെ വിജ്ഞാനകോശമാണ് ഗാന്ധിപാര്‍ക്കിലെ കൃഷ്ണന്‍ വൈദ്യര്‍ . 85-ാം വയസ്സിന്റെ അവശതകള്‍ക്കിടയിലും ഇദ്ദേഹത്തിന്റെ മനസില്‍ നിന്നും മണ്ണും ചെടിയും ഇലകളും മാഞ്ഞ നേരമില്ല. ദിവസവും പാര്‍ക്കിലെത്തി വിവിധതൈകളെക്കുറിച്ചും വളപ്രയോഗവും കൃഷിരീതികളുമൊക്കെ വിശദീകരിക്കുന്ന കൃഷ്ണന്‍നായരുടെ നാവില്‍ ഏതു കൃഷിചോദ്യത്തിനുമുത്തരമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ടതയും ഗുണവുമെല്ലാം നശിപ്പിക്കുന്ന അമിതവളവും കീടനാശിനിയുമെല്ലാം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് കൃഷ്ണന്‍നായര്‍ സാക്ഷ്യപ്പെടുത്തുന്നു