87-ാം വയസ്സിലും ഇന്നലെകള്‍ പോലെ എല്ലാം ഓര്‍മയിലുണ്ട് കമലമ്മ പൊലീസിന്. ഓര്‍മകള്‍ തുടങ്ങുന്നത് പഴയ തിരുവതാംകൂറില്‍ നിന്നാണ്. തിരുവിതാംകൂറിലെ രാജഭരണകാലത്ത് നിലവിലുണ്ടായിരുന്ന വനിതാ പൊലീസിലെ 20 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് തിരുവനന്തപുരം അമ്പലത്തറയിലെ കമലമ്മ. പൊലീസുകാരനായ അച്ഛന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് കമലമ്മ. അച്ഛന്റെ രണ്ടാം വിവാഹത്തോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറി. അവിടെനിന്ന് എങ്ങനെയും രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. 1942-1943 കാലത്ത് പൊലീസില്‍ സ്ത്രീകളെ എടുക്കുന്നു എന്നത് അച്ഛന്‍ പറഞ്ഞാണ് അറിഞ്ഞത്. കമലമ്മയ്ക്ക് അന്ന് പ്രായം 19. സ്വപ്നങ്ങളുടെ കാലം. മകള്‍ പൊലീസുകാരിയാവണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു.
രാജഭരണകാലത്ത് പൊലീസിനെ കണ്ടാല്‍ നാട്ടുകാര്‍ തോളില്‍ കിടക്കുന്ന മുണ്ടെടുത്ത് അരയില്‍ കെട്ടി മുട്ടുവിറച്ച് ആദരവോടെ സംസാരിക്കുന്ന കാലം. തിരുവനന്തപുരത്ത് ഇന്നത്തെ എസ് എം വി സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തായിരുന്നു അന്നത്തെ പൊലീസ് കമീഷണര്‍ ഓഫീസ്. 200 അപേക്ഷകരില്‍നിന്ന് 20പേരെ തെരെഞ്ഞെടുത്തു. അവരില്‍ ഒരാളായി കമലമ്മയും. ശ്രീ പത്മനാഭന്റെ കാശും കിട്ടിത്തുടങ്ങി. അന്ന് സ്ത്രീകള്‍ക്ക് സ്റ്റേഷനില്‍ താമസിക്കാന്‍ സൗകര്യമില്ല. വീടെടുത്ത് എവിടെയെങ്കിലും താമസിക്കാനും അനുവാദമില്ല. അധികൃതര്‍ പ്രത്യേകം വീടെടുത്ത് മൂന്നും നാലും പേരെ വീതം ഓരോ സ്ഥലത്ത് ക്യാമ്പ് ചെയ്യിക്കും. ക്യാമ്പില്‍നിന്നും വെളിയിലേക്ക് ഇറങ്ങാന്‍ പറ്റില്ല. താമസസ്ഥലത്ത് സൗകര്യങ്ങള്‍ ഉണ്ടോ എന്നൊന്നും അവര്‍ നോക്കാറേയില്ല. ഇവിടെ താമസിച്ചോ എന്ന് കല്‍പ്പിച്ചാല്‍ അവിടെ താമസിക്കണം. അതാണ് ഉത്തരവുകളുടെ ശക്തി. ആരോടെങ്കിലും പരാതി പറയാനുള്ള സ്വാതന്ത്ര്യംപോലുമുണ്ടായിരുന്നില്ല. പാവാടയും ഷര്‍ട്ടുമാണ് അന്നത്തെ പോലീസുകാരിയുടെ വേഷം. പ്രതികളെ കൊണ്ടുപോകേണ്ടിവരുമ്പോള്‍ വനിതാ പൊലീസുകാര്‍ക്ക് വണ്ടി കൊടുക്കാറില്ല. ഡിപ്പാര്‍ട്മെന്റിനകത്തെ ചില സൗന്ദര്യപ്പിണക്കങ്ങളാണ് കാരണം. വണ്ടികൊടുക്കാത്തതെന്താണെന്ന് എസ്ഐ ചോദിച്ചാല്‍ എന്തെങ്കിലും കാരണം പറഞ്ഞ് പൊലീസുകാര്‍ ഒഴിഞ്ഞുമാറും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസറ്റ് ചെയ്തുകൊണ്ടുവരുന്ന പ്രതികളുടെ കൂടെ ചിലപ്പോള്‍ സ്ത്രീകളും ഉണ്ടാകും. സ്ത്രീകുറ്റവാളികള്‍ക്ക് കാവല്‍ നില്‍ക്കുന്ന ജോലി വനിതാ പൊലീസുകാര്‍ക്കുള്ളതാണ്. പിന്നെ ചില സ്പെഷ്യല്‍ ഡ്യൂട്ടികളുണ്ട്്. അമ്മ മഹാറാണിയുടെ യാത്രകള്‍ക്ക് അകമ്പടി പോകണം. ഇന്നുള്ളവരെപ്പോലെ ജോലിഭാരം അന്നുണ്ടായിരുന്നില്ലെങ്കിലും വനിതാ പൊലീസിനോട് വിവേചനം അന്ന് പ്രബലമായിരുന്നു. ഡിപ്പാര്‍ട്മെന്റിലും സമൂഹത്തിന്റെ കണ്ണിലും അവര്‍ ഒരുതരം മോശപ്പെട്ടവരും കാഴ്ചവസ്തുക്കളും, മനോവൈകല്യമുള്ള ചിലര്‍ പറഞ്ഞു പരത്തുന്ന കഥകളിലെ നായികമാരുമാകും.
ആരോഗ്യവും യൗവനവും സല്‍പ്പേരുപോലും നഷ്ടപ്പെടുത്തിയിട്ട് കിട്ടുന്നതാണല്ലൊ ഈ പ്രതിഫലം എന്നോര്‍ത്ത് കമലമ്മ കരയാത്ത ദിവസങ്ങള്‍ ഉണ്ടാകാറില്ല. വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ട് എല്ലാം സഹിച്ചു. ഒരു മോഷണം തെളിയിച്ചത് കമലമ്മക്ക് ഓര്‍മയുണ്ട്. പുനലൂരില്‍നിന്നും ഒരു സ്ത്രീയെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. എത്ര ചോദിച്ചിട്ടും അവര്‍ കുറ്റം സമ്മതിച്ചില്ല. അന്ന് അവരെ സ്റ്റേഷനിലിട്ടു. പിറ്റേന്ന് പുഴക്കരയില്‍ കുളിക്കാന്‍ കൊണ്ടുപോയി. കുളിച്ചു കയറിയപ്പോള്‍ ഒതുക്കുകല്ലില്‍ എന്തോ വീഴുന്ന ഒച്ച. എന്താണെന്ന് ചോദിച്ചപ്പോള്‍ സ്ത്രീ മൗനമായി നിന്നു. പിടിച്ചുമാറ്റി നോക്കിയപ്പോള്‍ കാല്‍ക്കീഴില്‍ ഒരു കിഴി. മോഷ്ടിച്ചെടുത്ത മാല ഒരു ചെറിയ തുണിക്കീറില്‍ കെട്ടി ദേഹത്ത് ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ദേഹപരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ഈ കേസ് തെളിയിച്ചതിനു കമലമ്മക്കും സഹപ്രവര്‍ത്തകര്‍ക്കും അഞ്ചു രൂപ പ്രതിഫലം കിട്ടി.
അക്കാലത്ത് വനിതാപൊലീസിന് കുടുംബജീവിതം സ്വപ്നം കാണാന്‍ കഴിയില്ല. വിവാഹം കഴിച്ചാല്‍ ജോലിയില്‍നിന്നും പിരിഞ്ഞുപോവുകയോ രാജിവയ്ക്കുകയോ ചെയ്യണം. ജോലി ഉപേക്ഷിച്ചാല്‍ത്തന്നെ പൊലീസുകാരിയായിരുന്ന സ്ത്രീയെ വിവാഹം കഴിക്കില്ല. പ്രസവം പൊലീസുകാരികളുടെ ശാരീരികശേഷി ദുര്‍ബലമാക്കുമെന്നായിരുന്നു അമ്മ മഹാറാണിയുടെ വിശ്വാസം. അതുകൊണ്ടാണ് ജോലിയില്‍ തുടരണമെങ്കില്‍ പൊലീസുകാരികള്‍ വിവാഹിതരാകാന്‍ പാടില്ലെന്ന് അവര്‍ ഉത്തരവിറക്കിയത്. കമലമ്മ ആലപ്പുഴയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരിക്കല്‍ കെ ആര്‍ ഗൗരിയെ അറസറ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. ചോദ്യം ചെയ്യാന്‍ രണ്ടുമൂന്നു ദിവസം അവരെ സ്റ്റേഷനിലിട്ടു. സ്റ്റേഷനില്‍ മറ്റാരുമില്ലാത്തപ്പോള്‍ അവര്‍ വനിതാപൊലീസുകാരോട് ജോലിയെപ്പറ്റി കൂടുതല്‍ ചോദിച്ചറിയും. അക്കാലത്ത് പൊലീസ് സ്റ്റേഷനില്‍ കുളിക്കാനും, ഭക്ഷണത്തിനും മറ്റും സൗകര്യങ്ങളില്ലായിരുന്നു.
കുറെ ദൂരം നടന്ന് ഏതെങ്കിലും ഹോട്ടലില്‍ പോയി ഭഭക്ഷണം വാങ്ങിവരണം. ഈ ക്ലേശം സ്ഥിരമായി കണ്ടപ്പോള്‍ സഹപ്രവര്‍ത്തകനായ ഒരു പൊലീസുകാരന്റെ മനസ്സലിഞ്ഞു. അദ്ദേഹം പിറ്റേദിവസം മുതല്‍ കമലമ്മക്ക് സ്വന്തം വീട്ടില്‍നിന്നും പൊതിച്ചോറ് കൊണ്ടുവരാന്‍ തുടങ്ങി. സ്വീകരിച്ചില്ലെങ്കില്‍ സ്നേഹപൂര്‍വം ശാസിക്കും. ഈ പതിവ് തുടര്‍ന്നു. എന്തിനേറെ അദ്ദേഹത്തിന് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. അച്ഛനുമായി ആലോചിച്ച് വിവാഹം നടത്തി. അതീവരഹസ്യമായി. പുറത്തറിഞ്ഞാല്‍ ജോലിപോകുമല്ലോ. ആ രഹസ്യം ആറുവര്‍ഷം നിലനിന്നു. ആറാംവര്‍ഷം ഗര്‍ഭിണിയായി. മറച്ചുവയ്ക്കാന്‍ വയ്യല്ലോ. പൊലീസുകാരിക്ക് പ്രസവിക്കാന്‍ അവകാശമില്ല. ജോലി വേണോ, കുടുംബജീവിതം വേണോ? വല്ലാത്ത വൈകാരിക സംഘര്‍ഷം. ഒടുവില്‍ ജോലി രാജിവച്ചു. രാജിക്കത്തെഴുതുമ്പോള്‍ കാരണം കാണിച്ചില്ല.
ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നുമാത്രം എഴുതി. പ്രസവിച്ചു എന്ന ഒറ്റ കുറ്റത്തിന് ശ്രീപത്മനാഭന്റെ നാലു ചക്രം കിട്ടുന്നത് നഷ്ടപ്പെട്ടല്ലോ എന്ന് തോന്നാതിരുന്നുമില്ല. പ്രസവിച്ചതുകൊണ്ട് ജോലിയില്‍നിന്നു പിരിഞ്ഞു. മറ്റൊരു വരുമാനമാര്‍ഗവുമില്ല. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭഭവിവാഹംമൂലമോ പ്രസവംമൂലമോ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ഉത്തരവിട്ടു. കമലമ്മ വീണ്ടും സര്‍വീസിലെത്തി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നും 1983ല്‍ വിരമിച്ചു. അവിടത്തെ വനിതാ പ്രവര്‍ത്തകരോടുള്ള അടുപ്പം ഇന്നും നിലനില്‍ക്കുന്നു. അവരോടുള്ള കടപ്പാടും സ്നേഹാദരങ്ങളും ഈ വാര്‍ധക്യത്തിലും സൂക്ഷിക്കുന്നു.ഭഭര്‍ത്താവ് ഭഭാസ്കരന്‍നായര്‍ വൈക്കത്തുകാരനാണ്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ആറുമക്കളുണ്ട്. അഞ്ചാണും ഒരു പെണ്ണും. മകളുടെ കൂടെ ഇപ്പോള്‍ മാവേലിക്കരയില്‍ താമസിക്കുന്നു
*
സഹപ്രവര്‍ത്തകരായ പുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ല. സംസാരിച്ചെന്നറിഞ്ഞാല്‍ ശിക്ഷ ഉറപ്പ്. വീട്ടിലേക്കു പോലും കത്തയച്ചുകൂടാ. അത്യാവശ്യമാണെങ്കില്‍ കമാന്‍ഡന്റിന്റെ അനുവാദത്തോടെ എസ്ഐയുടെയോ മറ്റോ കൈയില്‍ കത്തുകൊടുക്കാം. വായിച്ചു നോക്കിയശേഷം തോന്നിയാല്‍ അയച്ചു, ഇല്ലെങ്കില്‍ ചവറ്റുകൊട്ടയില്‍ . വീട്ടില്‍നിന്നും വരുന്ന കത്തുകളുടെയും ഗതി ഇതു തന്നെ. വായിച്ചു നോക്കിയതിനുശേഷമേ കൈയില്‍ കത്തു തരൂ. സന്ദര്‍ശകര്‍ വന്നുകൂടാ. അച്ഛനോ മറ്റോ വന്നാല്‍ കമാന്‍ഡന്റിനോട് മുന്‍കൂട്ടി അനുവാദം വാങ്ങണം. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ.
*
അക്കാലത്ത് പരേഡ് കഠിനംതന്നെ. ഹാജര്‍ നിര്‍ബന്ധം. സ്ത്രീകള്‍ക്ക് ചില പ്രയാസങ്ങള്‍ സ്വാഭാവികമാണല്ലോ. മാസമുറക്കാലത്ത് പരേഡിനിറങ്ങുക എന്നത് എത്രയോ പ്രയാസകരം. ആരോടു പറയും?. എല്ലാമാസവും മെഡിക്കല്‍ ചെക്കപ്പ് എന്ന ഗുലുമാല് വേറെ. തൈക്കാട് സ്ത്രീകളുടെ ആശുപത്രിയില്‍ വച്ചായിരുന്നു ചെക്കപ്പ്. അന്നത്തെ പൊലീസ് ഐജി ഗോപാലന്റെ ഭാര്യ ഡോ. ചിത്രാ ഗോപാലനായിരുന്നു മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരുന്നത്. ഒരിക്കല്‍ അവരുടെ അടുത്ത് സങ്കടം പറഞ്ഞു. അവര്‍ തന്റെ ഭര്‍ത്താവായ ഐജിയെ കാര്യം പറഞ്ഞ് മനസ്സിലാക്കി. അങ്ങനെയാണ് സ്ത്രീപൊലീസുകാര്‍ക്ക് മാസത്തില്‍ നാലുദിവസം പരേഡില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള അനുവാദം കിട്ടിയത്. എന്നാലും യൂണിഫോം അണിഞ്ഞ് പരേഡ് ഗ്രൗണ്ടില്‍ പോയി നില്‍ക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു.
*
സ്ത്രീകളായ കുറ്റവാളികളെ അന്ന് വിലങ്ങു വച്ചിരുന്നില്ല. വിലങ്ങുവയ്ക്കാത്ത പ്രതികളെയുംകൊണ്ട് കോടതിവരെ നടന്നുപോകണം. അത്ഭുതം തോന്നുന്നത് ഒരു കാര്യത്തിലാണ്. ഇന്നത്തെപ്പോലെ സ്ത്രീകള്‍ക്കെതിരെ അന്ന് അതിക്രമങ്ങള്‍ നടന്നിരുന്നില്ലെന്നാണ് തോന്നുന്നത്. അപൂര്‍വമായിട്ടാണെങ്കിലും രാത്രി വളരെ വൈകിയും സ്ത്രീകള്‍ നിര്‍ഭയരായി സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്.
*
കൊച്ചുവേളിയില്‍ സുഖവാസത്തിനു വരുമ്പോള്‍ മഹാറാണിയെ കൈ പിടിച്ച് ബോട്ടില്‍ കയറ്റാനും ഇറക്കാനും രണ്ടുപേരെ അയക്കും. പിന്നെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് മഹാരാജാവ് എഴുന്നള്ളുമ്പോള്‍ അകമ്പടി സേവിക്കുന്ന കുതിരപൊലീസുകാരുടെ കൂടെ അകമ്പടി നടക്കണം. .
*
ഗാഥ സി എന്‍ എസ് താര ദേശാഭിമാനി
Wednesday, July 27, 2011
Subscribe to:
Post Comments (Atom)
1 comment:
87-ാം വയസ്സിലും ഇന്നലെകള്‍ പോലെ എല്ലാം ഓര്‍മയിലുണ്ട് കമലമ്മ പൊലീസിന്. ഓര്‍മകള്‍ തുടങ്ങുന്നത് പഴയ തിരുവതാംകൂറില്‍ നിന്നാണ്. തിരുവിതാംകൂറിലെ രാജഭരണകാലത്ത് നിലവിലുണ്ടായിരുന്ന വനിതാ പൊലീസിലെ 20 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് തിരുവനന്തപുരം അമ്പലത്തറയിലെ കമലമ്മ. പൊലീസുകാരനായ അച്ഛന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് കമലമ്മ. അച്ഛന്റെ രണ്ടാം വിവാഹത്തോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറി. അവിടെനിന്ന് എങ്ങനെയും രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. 1942-1943 കാലത്ത് പൊലീസില്‍ സ്ത്രീകളെ എടുക്കുന്നു എന്നത് അച്ഛന്‍ പറഞ്ഞാണ് അറിഞ്ഞത്. കമലമ്മയ്ക്ക് അന്ന് പ്രായം 19. സ്വപ്നങ്ങളുടെ കാലം. മകള്‍ പൊലീസുകാരിയാവണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു.
Post a Comment