ഇങ്ങനെയൊന്ന് എഴുതണം എന്നു ഞാനാഗ്രഹിച്ചതല്ല. ദൈനംദിന വാര്‍ത്തയും അനുഭവവും അതിനു പ്രേരിപ്പിക്കുകയാണ്. ഒരിടയ്ക്ക് ചാനല്‍ക്കാരന്‍മാര്‍ സ്ത്രീസംബന്ധ ചര്‍ച്ചകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇപ്പോള്‍ എല്ലാ രംഗത്തും പ്രകടമായിരിക്കുന്നത് റിയാലിറ്റിയല്ല റിയാലിറ്റി ഷോ മാത്രമാണ്. സിനിമയെല്ലാം പുരുഷന്‍മാരുടെ വീരശൂരപരാക്രമ നാട്യപ്രധാനമായിത്തീര്‍ന്നു. ഈയിടെ അറുപതെഴുപതുകളില്‍ (കഴിഞ്ഞ നൂറ്റാണ്ടിന്റെ) സ്‌ക്രീനിലെ മലയാളിയുടെ ഇഷ്ട നടി കേരളം സന്ദര്‍ശിച്ചു. മനംകുളുര്‍പ്പിച്ചാണ് അവര്‍ കടന്നുപോയത്. അവരുടെ ഓരോ വാക്കിലും നോക്കിലും സംസ്‌കാര സമ്പന്നരായ മലയാളിയുടെ കലാസപര്യയെക്കുറിച്ചുള്ള ആദരവ് സ്പഷ്ടമായിരുന്നു. ഇന്നത്തെ മലയാള സിനിമയെക്കുറിച്ചും നാടകത്തെ (ഉണ്ടെങ്കില്‍) ക്കുറിച്ചും സഹൃദയത്വത്തെക്കുറിച്ചും അവരുടെ ധാരണ അമ്പേ വ്യത്യസ്തമാണ്. തീര്‍ച്ച. അത്ര കടന്നു ചിന്തിക്കാന്‍ അവര്‍ക്ക് സമയം കിട്ടിയിരിക്കുകയില്ല. തീര്‍ച്ചയായും അവര്‍ മലയാള പത്രങ്ങളൊന്നും വായിക്കുന്നില്ല. വായിക്കാന്‍ അന്നു പഠിക്കാതിരുന്നത് നന്നായി.
കഴിഞ്ഞൊരു ദിവസം ഒരു പ്രമുഖ മലയാള പത്രം സ്ത്രീപീഡനവാര്‍ത്തയ്ക്കു ഒരു പേജ് സമ്പൂര്‍ണ അര്‍ച്ചന നടത്തിയിരിക്കുന്നതു കണ്ടു. ഞെട്ടിപ്പോയി. ഇതും പത്രധര്‍മം തന്നെയോ! കേരളീയര്‍ നല്ല പത്രപ്രിയരാണ്. അദ്യാവസാനം അക്ഷരം വിടാതെ വായിക്കുന്നവരും. കുറേസമയം അതിന്നു ചെലവാക്കുന്നവരും ഇന്നുമുണ്ട്. പ്രധാന വാര്‍ത്തകളിലൂടെ കണ്ണോടിച്ചു മറ്റു കാര്യങ്ങള്‍ക്കു ഇടം തേടുന്നവരാണ് കൂടുതല്‍. പെണ്ണു പത്രമേ വായിക്കയില്ല എന്ന്, നമ്മുടെ സാമൂഹ്യസേവകരായ സംഘടനാ പ്രവര്‍ത്തകര്‍ പരസ്യമായി പറയുകയും വ്യംഗ്യമായി കളിയാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുമ്പെ ബാനര്‍ പിടിച്ച് പാതയുടെ ഇരു ഓരവും ചേര്‍ന്നു നടക്കാനും, തന്റെ രണ്ടിരട്ടി നീളമുള്ള കൊടിമരം പിടിച്ച് ആഘോഷിക്കാനും അവര്‍ക്കു സ്ത്രീ സാന്നിധ്യം കിട്ടി. സ്‌കൂളിലെ പെണ്‍കിടാങ്ങള്‍ സ്‌കൂള്‍ വിട്ടാല്‍ വീട്, വീട് വിട്ടാല്‍ സ്‌കൂള്‍. ഉദ്യോഗസ്ഥകളും അങ്ങനെതന്നെ. നമ്മുടേത് പൂര്‍ണമായും അടഞ്ഞൊരു സമൂഹമായി നൂറ്റാണ്ടുകളോളം തുടര്‍ന്നു. വീട്ടമ്മമാരില്‍ പകല്‍വെളിച്ചം കാണാത്തവരും ഉണ്ടായിരുന്നു. കാശും സമയവും കുറവ് സ്വാതന്ത്ര്യത്തിന് അന്നേ നല്ല വില കൊടുക്കേണ്ടിയിരുന്നു.
ഇങ്ങനെയെല്ലാം നന്നായും തീയതായും ജീവിച്ച പെണ്‍മലയാളത്തിന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ കണികാണാന്‍ കഴിയുന്ന പീഡന വാര്‍ത്തയും ചാനല്‍ക്കഥയും അദ്ഭുതകരമായ ഒരു രാസപ്രക്രിയയിലൂടെയാണ് അവരെ കടത്തിവിടുന്നത്. കേരളം, പ്രത്യേകിച്ചും സ്ത്രീജനം ഒരു ഗ്രഹണകാലത്തിലൂടെ നീങ്ങുന്നു. നിത്യഗ്രഹണത്തിലവസാനിച്ചുപോകുമോ എന്നും ഭയക്കണം.
ചാനലുകള്‍ ഈയിടെ സ്ത്രീകാര്യത്തില്‍ അല്‍പം ചുവടുമാറിയിട്ടുണ്ട്. സ്ത്രീപ്രശ്‌നത്തില്‍ പ്രശ്‌നോത്തരിയും സിമ്പോസിയവും ചര്‍ച്ചയും താരതമ്യേന കുറച്ചിരിക്കുന്നു. റിയാലിറ്റി ഷോകളില്‍ ജനത്തെ രമിപ്പിച്ചാല്‍, സാംസ്‌കാരികരംഗവും രാഷ്ട്രീയരംഗവും അടങ്ങിയിരിക്കും എന്ന ഒരു പുതിയ കണ്ടുപിടിത്തം അവര്‍ നടത്തിയിട്ടുണ്ടെന്നും തോന്നുന്നു. ഇവിടെയാണ് ദിനപ്പത്രങ്ങള്‍ അവരുടെ നിത്യനൂതനമായ സ്‌പേസ് കണ്ടെടുക്കുന്നത്. പെണ്‍വിഷയം പോലെ വായനക്കാരെ വീശിപ്പിടിക്കാന്‍ ഇതില്‍പരം എന്തു വലയുണ്ട്! സ്ത്രീവാണിഭക്കാരുടെയും പീഡകരുടെയും സ്ഥിതിവിവരക്കണക്ക് അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലെ നേട്ടങ്ങളെ പ്രകാശിപ്പിക്കുന്ന വൈഭവത്തോടെയാണ് സ്‌കോര്‍ ബോര്‍ഡില്‍ പത്രം പ്രസിദ്ധീകരിക്കുക.
ഇന്ന് ഇന്ന പീഡനത്തിന്റെ പേരില്‍ ഇത്ര പ്രതികളെ പിടിച്ചു കൂട്ടിലടച്ചു. അതിലൊരെണ്ണം ചാടിപ്പോയാലെന്താ, നാളെ മറ്റൊരിടത്തുനിന്ന് ഇതിലിരട്ടി ''പിടികൂടപ്പെടും''. എന്തൊരു സര്‍ഗവാസന! ഇവിടെ പെണ്ണിന്റെ നാണം നശിപ്പിച്ചവര്‍, സ്വയം നാണം കെട്ടും, കെടുത്തിയും പാപകാലത്തെ ആഘോഷിക്കുന്നു. ഒരു ദിവസം ഒന്നല്ല, പല പീഡനക്കഥകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിലുള്ള സാമര്‍ഥ്യത്തെ സ്വയം അഭിനന്ദിക്കുന്നു.
നമ്മുടെ നാട്ടില്‍ പുരുഷന്‍മാരുടെ വ്യവഹാര ചിന്താപ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളം അധഃപതിച്ച മറ്റൊരു കാലമുണ്ടായിട്ടുണ്ടോ! വക്കീലന്‍മാര്‍ക്കും പൊലീസുകാര്‍ക്കും സമാധാനവാഴ്ച നടപ്പാക്കേണ്ടവര്‍ക്കും പിടിപ്പതു ജോലി. ഏതു ജോലിക്കും ഒരു 'വരായ' ഇന്നത്തെ നിരക്കില്‍ കൂടുതലുണ്ടാവും.
ഇങ്ങനെയൊരവസ്ഥയില്‍ നമ്മുടെ ഫെമിനിസ്റ്റുകളും അല്ലാത്ത ഫീമെയില്‍ വര്‍ഗവും പ്രവര്‍ത്തനനിരതമാകുമോ? അതിനുള്ള സ്വാതന്ത്ര്യം ഈ നൂറ്റാണ്ടിലും അവര്‍ ആര്‍ജിച്ചിട്ടില്ല. അടുത്ത നൂറ്റാണ്ടാവുമ്പോള്‍ ആര്‍ജിക്കുമെന്ന പ്രതീക്ഷ പുലരുകയുമില്ല. അതിനുമുമ്പ് സ്ത്രീസമൂഹത്തെ ഉന്‍മൂലനാശം വരുത്താനുള്ള പല പദ്ധതികള്‍ ഈ രാജ്യത്ത് പരസ്യമായിത്തന്നെ നടക്കുന്നുണ്ട്. 'വാണിഭം' മാത്രമല്ല, 'സ്ത്രീ ചികിത്സ'യും തഴച്ചുവളരുന്നു.
എത്തിക്‌സ് പറയുന്നു, ഞങ്ങള്‍ ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ലിംഗമെന്തെന്ന് വെളിപ്പെടുത്താനുള്ള ശാസ്ത്രീയ രീതികണ്ടെത്തിയിരിക്കുന്നു. കാശുണ്ടാക്കാനോ പ്രയോഗത്തില്‍ വരുത്തി കാശില്ലാതെ നിര്‍വൃതി അടയാനോ അല്ല. ചുമ്മാ, പ്രകൃതിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന ഒരു വെറും ആഹ്ലാദത്തിന്. ആശുപത്രിക്കണക്കും കാനേഷുമാരിയും പറയുന്നു, സ്ത്രീകള്‍ എണ്ണത്തില്‍ കുറഞ്ഞുവരുന്നു. കാരണം നമുക്കെല്ലാം അറിയാം. സ്ത്രീഭ്രൂണഹത്യാകേന്ദ്രങ്ങള്‍, ആരോഗ്യകരമല്ലാത്ത കിടപ്പറകളും അടുക്കളകളും അമ്മായി അമ്മമാരും അപ്പന്‍മാരും എന്നല്ല, പിതാവും സഹോദരന്‍മാരും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും അയല്‍ക്കാരും വരത്തന്‍മാരുമെല്ലാമടങ്ങുന്ന ആണ്‍ലോകം സ്ത്രീലോകത്തെ ഇരുട്ടടഞ്ഞതും ചൈതന്യമില്ലാത്തതുമാക്കുന്നതില്‍ ഓരോ പങ്ക് വഹിക്കുന്നു.
പഴയ മുറയനുസരിച്ച് ഇന്ത്യയില്‍ ഒരു പുരുഷന്റെ ജീവിതകാലത്ത് ഒരു വിധവയെ പട്ടടയിലിട്ടു ചുട്ടുകൊന്നിരുന്നു. ജാതി-മതങ്ങള്‍ മറന്നു ഇണയെത്തേടിയ പെണ്ണിനെ പടിയടച്ചു പുറത്താക്കി പിണ്ഡം വച്ചിരുന്നു. ഇപ്പോള്‍ ക്രിമിനലായ ഒരു പുരുഷന്‍ ടീനേജ് പ്രായമാവും മുമ്പെ തുടങ്ങി, മരണപ്പെടുംവരെ, എത്ര സ്ത്രീജന്‍മത്തെ നശിപ്പിച്ചിരിക്കാം. കുറേചിലരെങ്കിലും അങ്ങനെ ഈ സമൂഹത്തിലുണ്ടല്ലോ.
കേരളീയാവസ്ഥയില്‍ ഈ ഭീകരമായ അവസ്ഥയ്‌ക്കെന്തു കാരണം?
ഒന്ന്, ഇരുട്ടറകളില്‍ അടച്ചുപൂട്ടിയിട്ട പെണ്‍സമൂഹത്തെ അധ്വാനിക്കാനും ജീവിക്കാനും കുടുംബം പുലര്‍ത്താനും വീട്ടുപടിക്കു പുറത്തേയ്ക്ക് നയിച്ചപ്പോള്‍ നാം ഓര്‍ത്തില്ല, പെണ്ണിനെ പകല്‍വെളിച്ചത്തില്‍ കണ്ടാല്‍ കാമമിളകുന്നവര്‍ മദയാനകളായി മാറുമെന്ന്,
രണ്ട്, പരസ്യമായി പടിഞ്ഞാറിനെ അനുകരിച്ചു. മദ്യശാലകളുടെ എണ്ണം കൂട്ടുകയും മോടി കൊഴുപ്പിക്കയും ചെയ്തു. പണം പൊലിക്കാന്‍ വെമ്പുന്ന സര്‍ക്കാരുകളും അതിന്റെ പിണിയാളന്‍മാരും മദ്യവ്യാപാരവും ലഹരിവില്‍പനയും പെണ്‍വാണിഭം പോലെത്തന്നെയുള്ള ഒരധര്‍മമാണെന്നും അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ സമൂഹത്തെ സംബന്ധിച്ച് മാരകമായ രോഗാവസ്ഥയും മരണം തന്നേയും ഉളവാക്കുമെന്ന് ഓര്‍ത്തില്ല.
പടിഞ്ഞാറിന്റെ ജീവിതശൈലി അപ്പാടെ പകര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ പെണ്ണെന്ന ചരക്ക് കണ്ടെത്തുകയും അതിലൂടെ കൊള്ളവ്യാപാരം ഉണ്ടാക്കുകയും ചെയ്യാമെന്നു കണക്കുകൂട്ടുന്നു. ടൂറിസം സമം പെണ്‍വേട്ടയും ഉപഭോഗവും എന്നുവരെയെത്തി അതിനു ചുക്കാന്‍ പിടിക്കുന്നവരുടെയും സഹായികളുടെയും ചിന്ത. ടൂറിസം സമം പ്രകൃതിനാശം എന്നായിരുന്നു ആദ്യം നമ്മുടെ ഭയം. അതേ ഭയമാണ് സ്ത്രീനാശത്തിന്റെ തുടക്കവും പരിണാമവും. പ്രകൃതിതന്നല്ലോ സ്ത്രീ.
ചാനല്‍ സംസ്‌കാരത്തിന്റെ ഇരകളാണ് ഇന്ന് ജനത്തില്‍ മുക്കാല്‍ പങ്കും. അമ്പത്തഞ്ചു വയസ്സുവരെ ജോലി ചെയ്ത് പലരും പിരിയുന്നത് ശമ്പളവും കിമ്പളവും കൂടി ഒരു വലിയ പണ്ടാരം വക പണക്കിഴിയുമായിട്ടാണ്. കിമ്പളമാണ് പല പുരുഷന്‍മാരെയും അപൂര്‍വമായി ചില സ്ത്രീകളെയും മദ്യത്തിന് അടിമകളാക്കിയത്. ഇവരില്‍ പലര്‍ക്കും വീട്ടില്‍ ചാനലുകള്‍ വിളമ്പിക്കൊടുക്കുന്ന 'സ്‌ത്രൈണസദ്യ' കാമകാരിയുമാണ്. സ്ത്രീയെ ഏതെല്ലാം തരത്തില്‍ ചവുട്ടിത്തേയ്ക്കാമെന്നു പരീക്ഷണം നടത്തുന്ന സീരിയലുകള്‍ മിക്കവാറും ചാനലുകളില്‍ നിത്യസദ്യയാണ്. സ്ത്രീ പീഡനരീതികള്‍ ആവുന്നത്ര പരിഷ്‌കരിച്ച് അതതുകാലത്തിന്റെ ഉത്തേജന സാമഗ്രികളുടെ സഹായത്തോടെ സ്‌ക്രീനിലേക്കു വിടുമ്പോള്‍ അതുളവാക്കുന്ന വൈകാരിക പ്രത്യാഘാതം ചിലപ്പോള്‍ ഇങ്ങനെയും പരിണമിക്കുന്നു. പത്തു വയസ്സുകാരന്‍ പതിഞ്ഞിരുന്നു പിതാവു കാണാറുള്ള സെക്‌സ് നാടകങ്ങള്‍ കാണുന്നു; ബാല്യത്തിലേ കാമക്കോലിളകി കിന്റര്‍ഗാര്‍ട്ടണില്‍ പോകുന്ന അഞ്ചുവയസ്സുകാരിയെ പരീക്ഷണവിധേയമാക്കുന്നു. കുളത്തിലേയ്ക്ക് തള്ളിയിട്ട് മരണത്തിലേക്ക് നയിക്കുന്നു. ഇതിന്നുത്തരവാദി ആര്? അഞ്ചു വയസ്സുകാരിയോ, പത്ത് വയസ്സുകാരനോ, പിതാവെന്നു പറയപ്പെടുന്ന യോഗ്യനോ? അവന്റമ്മ ഒരു പക്ഷേ ദൂരെയൊരിടത്തു ജോലിയിലായിരിക്കാം, കാമകിങ്കരന്‍മാര്‍ ഉള്ള ഏതെങ്കിലുമൊരു വണ്ടിയില്‍ വീട്ടിലേയ്ക്കു കുതിക്കുകയുമാവാം.
വളരെ സങ്കീര്‍ണവും കുരുക്കഴിച്ചാലും മാറാത്തതുമായ ഒരു രോഗമാണ് ഇന്ന് നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്നത്. സമൂഹം കാട്ടാളത്തിലേയ്ക്കുള്ള അധോഗമനം തുടങ്ങിക്കഴിഞ്ഞു. തടഞ്ഞുനിര്‍ത്താനോ ചികിത്സിച്ചു മാറ്റാനോ കുറുക്കുവഴിയൊന്നുമില്ല. മനുഷ്യന്റെ സഹൃദയത്വത്തെ ഉണര്‍ത്തി,. വികാര വിമലീകരണാര്‍ഥമാണ് അതത് കാലത്ത് ദൃശ്യ-ശ്രവ്യ-ശബ്ദകലകള്‍ കൂട്ടായി വളര്‍ന്നു വന്നത്. ഇന്ന് അവയില്‍ നിന്ന് പ്രസരിക്കുന്നത് ജൈവോന്‍മുഖമായ ചൈതന്യമായിരിക്കുന്നത് നന്ന് എന്നു നാം പ്രത്യാശിക്കണം. പ്രത്യാശ അടയാനുള്ള വഴികളുടെ പ്രവണതയെ മാറ്റണം. വെളിച്ചം വിളക്കന്വേഷിക്കുന്ന ഒരു കാലത്തിലേക്കു കടക്കേണ്ടിയിരിക്കുന്നു. എളുപ്പവഴി ഇല്ല. സംഘശക്തിയില്‍ മാത്രം വിശ്വസിച്ച ഒരു കാലഘട്ടം കടന്നുപോയി. വ്യക്തിയെക്കാണാത്ത സമഷ്ടിസ്‌നേഹം അസ്തിവാരമില്ലാത്തതെന്ന് പാഠം.
*
പി വത്സല ജനയുഗം 13 ജൂലൈ 2011
Wednesday, July 13, 2011
Subscribe to:
Post Comments (Atom)
1 comment:
ഇങ്ങനെയൊന്ന് എഴുതണം എന്നു ഞാനാഗ്രഹിച്ചതല്ല. ദൈനംദിന വാര്‍ത്തയും അനുഭവവും അതിനു പ്രേരിപ്പിക്കുകയാണ്. ഒരിടയ്ക്ക് ചാനല്‍ക്കാരന്‍മാര്‍ സ്ത്രീസംബന്ധ ചര്‍ച്ചകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇപ്പോള്‍ എല്ലാ രംഗത്തും പ്രകടമായിരിക്കുന്നത് റിയാലിറ്റിയല്ല റിയാലിറ്റി ഷോ മാത്രമാണ്. സിനിമയെല്ലാം പുരുഷന്‍മാരുടെ വീരശൂരപരാക്രമ നാട്യപ്രധാനമായിത്തീര്‍ന്നു. ഈയിടെ അറുപതെഴുപതുകളില്‍ (കഴിഞ്ഞ നൂറ്റാണ്ടിന്റെ) സ്‌ക്രീനിലെ മലയാളിയുടെ ഇഷ്ട നടി കേരളം സന്ദര്‍ശിച്ചു. മനംകുളുര്‍പ്പിച്ചാണ് അവര്‍ കടന്നുപോയത്. അവരുടെ ഓരോ വാക്കിലും നോക്കിലും സംസ്‌കാര സമ്പന്നരായ മലയാളിയുടെ കലാസപര്യയെക്കുറിച്ചുള്ള ആദരവ് സ്പഷ്ടമായിരുന്നു. ഇന്നത്തെ മലയാള സിനിമയെക്കുറിച്ചും നാടകത്തെ (ഉണ്ടെങ്കില്‍) ക്കുറിച്ചും സഹൃദയത്വത്തെക്കുറിച്ചും അവരുടെ ധാരണ അമ്പേ വ്യത്യസ്തമാണ്. തീര്‍ച്ച. അത്ര കടന്നു ചിന്തിക്കാന്‍ അവര്‍ക്ക് സമയം കിട്ടിയിരിക്കുകയില്ല. തീര്‍ച്ചയായും അവര്‍ മലയാള പത്രങ്ങളൊന്നും വായിക്കുന്നില്ല. വായിക്കാന്‍ അന്നു പഠിക്കാതിരുന്നത് നന്നായി.
Post a Comment