Monday, July 18, 2011

ആര്‍ത്തിയുടെ സൂര്യന് അസ്തമയം

ധനുഷ് അഭിനയിച്ച വേങ്കൈ എന്ന തമിഴ് ചിത്രവും സ്പെക്ട്രം അഴിമതിയും തമ്മില്‍ ബന്ധമെന്തെന്ന് ചോദിച്ചാല്‍ മോരും മുതിരയും പോലെയെന്നാകും ആദ്യ ഉത്തരം. പക്ഷേ, കരിന്തൊലിയില്‍നിന്നും കാതലോളം കടന്നാല്‍ ഇതിന് മതിയായ ഉത്തരം,തമിഴ് തിരുപടങ്ങളുടെ പരിസരങ്ങളിലും അരസിയലിന്റെ അടുക്കളകളിലും രഹസ്യം നാണിക്കും വിധം പരസ്യമാണ്. ഡപ്പാംകുത്തും സ്റ്റണ്ടും കുടിപ്പകയും പ്രണയുമൊക്കെയുള്ള പതിവ് തമിഴ് സിനിമയെന്നതിനപ്പുറം സമകാലിക തമിഴ്സിനിമയുടെ ചരിത്രത്തില്‍ വേങ്കൈക്ക് ഇടമില്ല. പക്ഷേ, സൂര്യന്‍ വിളറുന്നുവെന്ന് ഉച്ചത്തിലുയര്‍ന്ന ശബ്ദവും പിന്നെ അതിന്റെ പ്രതിധ്വനികള്‍ക്കും നിമിത്തമായത് ഈ ചിത്രമായിരുന്നുവെന്നതാകും ചരിത്രം ഓര്‍മിപ്പിക്കുക. തമിഴക അരശിയല്‍ , തിരൈപ്പട ഉലകങ്ങളെ ഒരു വിളയാട്ടുബൊമ്മെയെപ്പോലെ പന്താടിയ കലൈഞ്ജര്‍ കുടുംബത്തിന്റെ പ്രത്യേകിച്ച് സണ്‍ നെറ്റ്വര്‍ക്കിന്റെ പിന്മടക്കത്തിന്റെ ആരംഭംക്കുറിച്ചാണ് വേങ്കൈ കാഴ്ചക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത്. പണമുള്ളിടത്തെല്ലാം ആര്‍ത്തിയോടെ എത്തിയ ദുരയുടെയും അഴിമതിയുടെയും സൂര്യചിഹ്നം അസ്തമിക്കുകയാണ്. അഴിമതിയുടെ ഗ്രഹണത്തില്‍ കുടുങ്ങിയ സണ്‍ നെറ്റ് വര്‍ക്ക് ഇനി വിസ്മൃതമാകും. മറ്റുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചു തിന്നുന്ന മൃഗമെന്നാണ് വേങ്കൈ എന്ന തമിഴ്വാക്കിനര്‍ഥം. തമിഴനാട്ടിലെന്നല്ല, തെക്കെ ഇന്ത്യയിലെ ടെലിവിഷന്‍ , സിനിമാ വ്യവസായത്തിലെ ചെറുകിടക്കാരെ മുഴുവന്‍ വേട്ടയാടിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത സണ്‍നെറ്റ്വര്‍ക്കിന് വേങ്കൈയുടെ വിതരണം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നത് സണ്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ ആദ്യചുവട്. ആടുകളം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ധനുഷിന്റെ വേങ്കൈയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ വിതരണാവകാശം തേടി നിര്‍മാതാക്കളായ വിജയ പ്രൊഡക്ഷന്‍സിന് സണ്‍ പിക്ചേഴ്സ് ഉടമയും സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ അനന്തരവന്റെ മകനുമായ കലാനിധി മാരന്റെ വിളി വന്നു. ഒമ്പതുകോടി രൂപയ്ക്ക് വിതരണം ഏറ്റെടുക്കാമെന്ന് ഉറപ്പിച്ചു.

മെയ് മാസത്തില്‍ റിലീസ് പ്രതീക്ഷിച്ചെങ്കിലും സ്പെക്ട്രം അഴിമതിക്കേസില്‍ ദയാനിധി മാരന്‍ രാജിവച്ചതോടെ അതുമുടങ്ങി. കച്ചവടത്തില്‍നിന്ന് സണ്‍പിക്ചേഴ്സ് നാടകീയമായി പിന്മാറി. പിന്നെ മൂന്നുവിതരണക്കാര്‍ക്കായി വീതിച്ചു നല്‍കിയാണ് വേങ്കൈയുടെ റിലീസ് സാധ്യമായത്. സ്പെക്ട്രം കേസിലെ എ രാജയുടെയും അറസ്റ്റും ജയില്‍വാസവും ഡിഎംകെയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറ മാന്തിക്കഴിഞ്ഞു. രാജ ജയിലിലായപ്പോള്‍ പോലും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ ആരും എഴുതിത്തള്ളിയിരുന്നില്ല. ഒട്ടേറെ ജനപ്രിയനടപടികളുടെ ബലത്തില്‍ വലിയൊരു പരിക്കില്ലാതെ ജയിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍ . എന്നാല്‍ , മുതലമൈച്ചറുടെ മകള്‍ കനിമൊഴിയുടെ അറസ്റ്റ് അടുത്തെത്തിയതോടെ ഡിഎംകെയുടെ പ്രതീക്ഷ മുച്ചൂടും തകര്‍ന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ കേന്ദ്രസര്‍ക്കാര്‍ അത് വൈകിപ്പിച്ചത് ഡിഎംകെയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു. പക്ഷേ, അനിവാര്യമായ പതനം ദ്രാവിഡ മുന്നേറ്റ കഴകത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപാടെ കനിമൊഴി അറസ്റ്റിലായി. ലോകത്തുതന്നെ ഒരുകവി ആദ്യമായി അഴിമതിക്കേസില്‍ ജയില്‍പൂകിയെന്ന ചീത്തപ്പേരും ഇതോടെ കനിമൊഴി ക്കായി. വിമോചനപ്പോരാട്ടങ്ങളുടെ പേരില്‍ തുറങ്കിലടക്കപ്പെട്ട കവികളുള്ള നാട്ടില്‍ ആദ്യമായി ഒരു കവി അഴിമതിക്കേസില്‍ ഇരുമ്പഴിക്കുള്ളിലായി. കരുണാനിധി കുടുംബത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിക്ക് 2ജി അഴിമതിയിലുള്ള പങ്കുവെളിപ്പെട്ടതോടെ തകര്‍ച്ച പൂര്‍ണമായി. തേര്‍തല്‍ കാലത്ത് തമിഴകത്തിന്റെ മുക്കിലും മൂലയിലും അഴിമതി ചര്‍ച്ചയായതോടെ തെരഞ്ഞെടുപ്പില്‍ തി മു ക ഉപ്പുവച്ച കലംപോലെയായി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങള്‍ പയറ്റുമ്പോള്‍ എന്നും വെറ്റിക്കൊടി പറപ്പിച്ച കലൈഞ്ജര്‍ പതിറ്റാണ്ടുകളായി മാറിമാറി കാത്തുസൂക്ഷിച്ച മുഖ്യമന്ത്രിപദവും പ്രതിപക്ഷനേതൃപദവും നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്കസേരയില്‍ ജയലളിത. പ്രതിപക്ഷ നേതൃപദവിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുമാത്രം ഉദിച്ച നക്ഷത്രം- വിജയകാന്ത്.

തമിഴകരാഷ്ട്രീയത്തിന്റെ മലക്കം മറിച്ചിലുകള്‍ സിനിമാരംഗത്തുള്ളവരെ ആഹ്ലാദിപ്പിച്ചതില്‍ അത്ഭുതമില്ല. തെക്കേ ഇന്ത്യന്‍ തമിഴ്സിനിമാ ലോകം മുഴുവന്‍ കുത്തകവല്‍ക്കരിച്ച മുന്‍ മുഖ്യമന്ത്രിയുടെ കുടുംബങ്ങള്‍ക്കേറ്റ തിരിച്ചടി ആഘോഷിക്കുന്നവരാണ് സംവിധായകരും നിര്‍മാതാക്കളും. മുന്‍കാല നടിയും സിനിമാ നിര്‍മാതാവും റാദാന്‍ മീഡിയവര്‍ക്സ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണുമായ രാധിക ശരത്കുമാര്‍ പ്രതികരിച്ചത്, ഒരുകുത്തക അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നാണ്. സണ്‍ കുത്തകയുടെ ആട്ച്ചിയില്‍ ഞെരിഞ്ഞമര്‍ന്ന സിനിമാപ്രവര്‍ത്തകര്‍ ഡിഎംകെ സര്‍ക്കാരിന്റെ തകര്‍ച്ചയെ ഏകസ്വരത്തിലാണ് സ്വാഗതംചെയ്തത്. വേങ്കൈയുടെ വിതരണക്കരാറില്‍നിന്ന് പിന്മാറിയതുപോലൊരു അനുഭവം രണ്ടുമാസംമുമ്പ് ചിന്തിക്കാന്‍ പോലുമാകില്ലെന്നാണ് നിര്‍മാതാക്കള്‍ നെടുവീര്‍പ്പിടുന്നത്. സണ്‍നെറ്റ്വര്‍ക്കിന്റെ ഏകഛത്രാധിപത്യം എന്ന് അവസാനിക്കുമെന്ന് നിര്‍ണയിക്കുക അസാധ്യം. ടൈറ്റാനിക്കിനെപ്പോലെ മുങ്ങിത്താഴാനുമെടുക്കും ഏറെനാള്‍ . അത്രയേറെ സമ്പത്താണ് അവര്‍ അഴിമതിയിലൂടെയും സിനിമാ ടെലിവിഷന്‍ രംഗത്തെ മാഫിയാ പ്രവര്‍ത്തനത്തിലൂടെയും സ്വന്തമാക്കിയത്. നിര്‍മാണം, വിതരണം, പ്രദര്‍ശനാവകാശം, സാറ്റലൈറ്റ് അവകാശത്തിന്റെ വില്‍പ്പന തുടങ്ങി തിരൈപ്പട ഉലകത്തിന്റെ എല്ലാ പകുതികളിലും പിരിവുകളിലും കലൈഞ്ജര്‍ കുടുംബത്തിന്റെ വാഴ്ച്ച ആണ്ടുകളായുണ്ട്. സണ്‍ടിവി നെറ്റ്വര്‍ക്കിന്റെ ഒരുഭാഗം മാത്രമാണ് സണ്‍ പിക്ചേഴ്സ്. കരുണാനിധിയുടെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്, മുന്‍ കേന്ദ്രമന്ത്രിയും കലൈഞ്ജരുടെ മകനുമായ അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയുടെ ക്ലൗഡ് നയണ്‍ തുടങ്ങിയ കമ്പനികളുടെ ആധിപത്യമായിരുന്നു തമിഴ് തിരൈകാച്ചിയില്‍ . ഉദയനിധി സ്റ്റാലിനും ദയാനിധി അഴഗിരിയും മാരന്‍ സഹോദരങ്ങളായ കലാനിധിയും ദയാനിധിയുമെല്ലാം ഉള്‍പ്പെട്ടതാണ് സണ്‍നെറ്റ്വര്‍ക്ക്. ഇതിന്റെ സമഗ്രാധിപത്യം ശക്തമായിരുന്ന കഴിഞ്ഞ മൂന്നുനാലുവര്‍ഷങ്ങളില്‍ ലോ ബജറ്റ് ചിത്രങ്ങള്‍ റിലീസുചെയ്യുക ഏറെ പ്രയാസമായിരുന്നു. ഇടത്തരം നിര്‍മാതാക്കള്‍ പോട്ടെ, ഒരു കാലത്ത് മുടിചൂടാമന്നന്മാരായിരുന്ന എവിഎമ്മിനുപോലും സണ്‍ നെറ്റ്വര്‍ക്കിന്റെ പ്രതാപത്തിനുമുമ്പില്‍ കാലിടറി.

രാഷ്ട്രീയാധിപത്യവും കരുത്തുറ്റ സാമ്പത്തികാടിത്തറയും അതിലേറെ മസില്‍പവറുമുള്ള ഈ ഗ്രൂപ്പിന്റെ ആധിപത്യത്തെക്കുറിച്ചുള്ള വിമര്‍ശങ്ങളെ തികഞ്ഞ അവജ്ഞയോടെയാണ് മുഖ്യമന്ത്രിയായിരിക്കെ കലൈഞ്ജര്‍ നേരിട്ടത്. ഹിന്ദിയില്‍ രാജ്കപൂറിന്റെയും തമിഴില്‍ ശിവാജി ഗണേശന്റെയും കുടുംബം ഇങ്ങനെ സിനിമയില്‍ ആധിപത്യം പുലര്‍ത്തിയതായിരുന്നില്ലേ എന്ന മറുചോദ്യം കൊണ്ടാണ് കരുണാനിധി ഇത്തരം ചോദ്യങ്ങളുടെ മുനയൊടിച്ചത്. രാജ്കപൂര്‍ , ശിവാജി ഗണേശന്‍ എന്നിവരുടെ സിനിമാനിര്‍മാണവുമായി കലൈഞ്ജറുടെ സാമ്രാജ്യത്തെ ഒരുകാലത്തും താരതമ്യപ്പെടുത്താനാവില്ല. രാഷ്ട്രീയത്തില്‍ കലൈഞ്ജറെ തറപറ്റിക്കാറുള്ള ജയലളിതയ്ക്കുപോലും ടെലിവിഷന്‍ വ്യവസായത്തില്‍ അടിയറവ് പറയേണ്ടിവന്നു. സണ്‍ നെറ്റ്വര്‍ക്കായി ജയളിതയുടെ ജയാ ടിവിക്ക് താരതമ്യമേയില്ല. എംഡിഎംകെയുടെ രാജ് ടിവി തമിഴില്‍ ദുര്‍ബലമായ സാന്നിധ്യം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 20 ടെലിവിഷന്‍ ചാനലുകള്‍ , 64 ലക്ഷം വരിക്കാരുള്ള വിപുലമായ ഡിടിഎച്ച് ശൃംഖല, രാജ്യമൊട്ടുക്ക് 45 റേഡിയോ സ്റ്റേഷനുകള്‍ , രണ്ട് ദിനപത്രങ്ങള്‍ (ദിനകരന്‍ , തമിഴ് മുരശ്), നാല് മാസികകള്‍ (കുങ്കുമം, മുത്താരം, വണ്ണത്തിരൈ, കുങ്കുമച്ചിമിഴ്) എന്നിവ സ്വന്തമായുണ്ട് സണ്‍നെറ്റ്വര്‍ക്കിന്. കരുണാനിധിക്ക് മാത്രമായി കലൈഞ്ജര്‍ ടിവിയും. എന്നാല്‍ , അഴിമതിയുടെ കരുക്കു ഇവയ്ക്കുമേല്‍ മുറുകുമ്പോള്‍ , ദയാനിധി മാരന്‍ ഏതുസമയവും തിഹാറിലേക്കുള്ള വെയ്റ്റിങ് ലിസ്റ്റില്‍ എത്തിയ സാഹചര്യത്തില്‍ ഒരു ചില്ലുകൊട്ടാരംപോലെ എല്ലാം തകര്‍ന്നുവീണേക്കാം. കരുണാനിധിയോടുള്ള കുടിപ്പക തീര്‍ക്കാന്‍ ജയലളിത ഭരണസംവിധാനം ഉപയോഗിക്കുക കൂടി ചെയ്താല്‍ സൂര്യാസ്തമയത്തിന് അധികം കാത്തിരിക്കേണ്ടിവരില്ല. വേങ്കൈയുടെ വിതരണത്തില്‍നിന്ന് പിന്മാറിയതുപോലെ ഇനി പലതും കേള്‍ക്കാം, തമിഴകത്തുനിന്ന്.

(എന്‍ എസ് സജിത്)

തകര്‍ന്ന സിംഹാസനത്തിന്റെ ശേഷിപ്പ്

ടി ഡി രാമകൃഷ്ണന്‍ (നോവലിസ്റ്റ്, വിവര്‍ത്തകന്‍)

അധികാരത്തിന്റെ ധനസാധ്യതകളും പ്രലോഭനങ്ങളുമാണ് കരുണാനിധി നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തെ ഈയൊരു ജീര്‍ണതയിലെത്തിച്ചത്. കരുണാനിധിയുടെ ധനസമ്പാദനം എണ്‍പതുകളുടെ ആദ്യംതന്നെ കേട്ടുതുടങ്ങിയതാണ്. ഡിഎംകെ നേതൃത്വത്തിന്റെ ധനാര്‍ത്തിയെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേട്ടുതുടങ്ങിയ മര്‍മരങ്ങള്‍ ഇപ്പോള്‍ 2ജി സ്പെക്ട്രത്തിലൂടെയും മറ്റും കൂടുതല്‍ ഉച്ചത്തിലായിരിക്കുന്നു. അണ്ണാദുരൈ മന്ത്രിസഭയില്‍ 1967-69കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു കരുണാനിധി. കാര്യക്ഷമതയുള്ള മന്ത്രിയായിരിക്കെത്തന്നെ കരാര്‍ നല്‍കിയതിന്റെയും കമീഷന്‍ പറ്റിയതിന്റെയും പേരില്‍ നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഈ പ്രായത്തിലും ഡിഎംകെയുടെയും സണ്‍ നെറ്റ്വര്‍ക്കിന്റെയും കാര്യങ്ങള്‍ ജാഗ്രതയോടെ ആസൂത്രണം ചെയ്യുന്നതില്‍ കരുണാനിധിക്ക് പ്രധാനപങ്കെന്ന് വിശ്വസിക്കേണ്ടിയിരുന്നു.

തമിഴ് രാഷ്ട്രീയം ദ്രാവിഡവികാരത്തിലൂന്നിയാണ് നിലനില്‍ക്കുന്നതെങ്കിലും വ്യക്തിപൂജയുടെ വള്‍ഗാരിറ്റി അതിനെ വല്ലാതെ നശിപ്പിക്കുകയാണ്. പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെയും അണ്ണാദുരൈയുടെയും പ്രത്യയശാസ്ത്രംതമിഴ്രാഷ്ട്രീയത്തില്‍ കാലഹരണപ്പെട്ടു കഴിഞ്ഞു. അധികാരമെന്നാല്‍ പണം എന്ന സമവാക്യം രണ്ടു പ്രമുഖപാര്‍ടികളും പ്രധാന അജന്‍ഡയായി. പുതിയകാലത്തെ മുതലാളിത്ത, പോപ്പുലിസ്റ്റ് സംസ്കാരവും അധികാര പ്രലോഭനവും കോര്‍പറേറ്റ് മാഫിയയുടെ സ്വാധീനവുംകൂടിച്ചേര്‍ന്നപ്പോള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തവണ്ണം ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ഇല്ലാതായിക്കഴിഞ്ഞു. അധികാരത്തെയും വിനോദവ്യവസായത്തിലുള്ള സ്വാധീനത്തെയും വിലകുറഞ്ഞ പോപ്പുലാരിറ്റിക്കു വേണ്ടി ഉപയോഗിക്കുന്നതിന്റെ ദുരന്തംകൂടിയാണിത്.

കഴിഞ്ഞ തവണത്തെ ഡിഎംകെ സര്‍ക്കാര്‍ അത്രമോശമൊന്നും ആയിരുന്നില്ല. രണ്ടുരൂപയുടെ അരിയും സൗജന്യ ടെലിവിഷനുമെന്ന വാഗ്ദാനം പാലിക്കാന്‍ കരുണാനിധി ശ്രദ്ധിച്ചു. എന്നാല്‍ , ദയാനിധി മാരനില്‍ വിശ്വാസം നഷ്ടപ്പെട്ട കരുണാനിധി കനിമൊഴിയെ രാഷ്ട്രീയത്തിലിറക്കിയപ്പോള്‍ പിഴച്ചു. കോര്‍പറേറ്റ് മാഫിയയും നിര റാഡിയയെപ്പോലുള്ള ഇടനിലക്കാരും സൃഷ്ടിച്ച ചുഴിയില്‍ രാജയും കനിമൊഴിയും മുങ്ങി. ലോകം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ അവര്‍ പങ്കാളികളുമായി. കരുണാനിധിയുടെ കുടുംബത്തിലെ തൊഴുത്തില്‍കുത്തിന്റെ ഇരകളാകാം അവര്‍ . ഒരിക്കല്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ കനിമൊഴി പറഞ്ഞത് രാഷ്ട്രീയം വേണ്ട. സാഹിത്യം മാത്രം മതി എന്നാണ്. കുടുംബത്തില്‍ നിറയെ രാഷ്ട്രീയക്കാരുണ്ടല്ലോ എന്നാണതിന് കാരണം പറഞ്ഞത്. എന്നാല്‍ , ദേശീയ രാഷ്ട്രീയത്തിലെത്തിയതോടെ കനിമൊഴി തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയി. തമിഴ് പെണ്ണെഴുത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനമുള്ള കവിയാണ് അവര്‍ . "പാപമോചനത്തിനായി രാമനെ കാത്തുനില്‍ക്കാതെ/ അവന്‍ സീതയുടെ അഗ്നിപ്രവേശത്തിന്റെ തിരക്കിലായിരിക്കും" എന്ന് എഴുതിയ അവര്‍ ഇന്ന് ജാമ്യം കാത്ത് തിഹാര്‍ ജയിലിന്റെ അഴികളെണ്ണുകയാണ്.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ധനുഷ് അഭിനയിച്ച വേങ്കൈ എന്ന തമിഴ് ചിത്രവും സ്പെക്ട്രം അഴിമതിയും തമ്മില്‍ ബന്ധമെന്തെന്ന് ചോദിച്ചാല്‍ മോരും മുതിരയും പോലെയെന്നാകും ആദ്യ ഉത്തരം. പക്ഷേ, കരിന്തൊലിയില്‍നിന്നും കാതലോളം കടന്നാല്‍ ഇതിന് മതിയായ ഉത്തരം,തമിഴ് തിരുപടങ്ങളുടെ പരിസരങ്ങളിലും അരസിയലിന്റെ അടുക്കളകളിലും രഹസ്യം നാണിക്കും വിധം പരസ്യമാണ്. ഡപ്പാംകുത്തും സ്റ്റണ്ടും കുടിപ്പകയും പ്രണയുമൊക്കെയുള്ള പതിവ് തമിഴ് സിനിമയെന്നതിനപ്പുറം സമകാലിക തമിഴ്സിനിമയുടെ ചരിത്രത്തില്‍ വേങ്കൈക്ക് ഇടമില്ല. പക്ഷേ, സൂര്യന്‍ വിളറുന്നുവെന്ന് ഉച്ചത്തിലുയര്‍ന്ന ശബ്ദവും പിന്നെ അതിന്റെ പ്രതിധ്വനികള്‍ക്കും നിമിത്തമായത് ഈ ചിത്രമായിരുന്നുവെന്നതാകും ചരിത്രം ഓര്‍മിപ്പിക്കുക.